?മല്ലിപ്പൂവ്?
Story written by NIDHANA S DILEEP
“”മല്ലിപ്പൂവേയ്…..ഞാനീ ചുരമിറങ്ങുമ്പോ നീയും പോരുന്നോടീ…എന്റെ കൂടെ..”” ചെമ്പൻ മീശ പിരിച്ചു കൊണ്ടുള്ള അനന്തന്റെ ചോദ്യം കേട്ട് കൂർപ്പിച്ചൊരു നോട്ടം നോക്കി..
“” ആഹ്…ചങ്കില് കുപ്പിച്ചില്ല് തറിക്കും പോലുണ്ടല്ലോടീ..പെണ്ണേ നിന്റെ നോട്ടം…”” നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. അതു കേട്ടപ്പോൾ നോട്ടം ഒന്നു കൂടി കൂർപ്പിച്ചു.
“” ചങ്കീന്ന് ചോര പൊടിയുന്നു പെണ്ണേ നിന്റെ നോട്ടം കൊണ്ട്…””
ദേഷ്യം കൊണ്ട് അവളുടെ മൂക്കും ചുണ്ടും വിറയ്ക്കുന്നത് ഒരു ചിരിയോടെ അവൻ നോക്കി നിന്നു. വെയിലത്ത് നാസികതുമ്പിലെ വിയർപ്പുതുള്ളികൾ വൈഡ്യൂര്യം പോലെ തിളങ്ങി. ചൂടു പൊടിക്കാറ്റേറ്റിട്ടും പെണ്ണിന്റെ സൗന്ദര്യം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞില്ല. ക്രഷറിൽ നിന്നും മെഷിൻ കല്ലു മുറിക്കുന്ന ശബ്ദത്തിൽ അനന്തന്റെ സ്വരം ലയിച്ചില്ലാവുന്നുണ്ട്…അവൾക്ക് കേൾക്കാനായി ഉച്ചത്തിലാണവൻ പറയുന്നത്.
എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഇരു കൈയിലുമായി തൂക്കു പാത്രങ്ങളുമെടുത്ത് അവന്റെ മല്ലിപ്പൂവ് വെട്ടിത്തിരിഞ്ഞു നടന്നു.
“” പേര് മല്ലികാന്നാണേലും തണ്ടില് നല്ല കൂർത്ത മുള്ളുള്ള പനിനീർപ്പൂവിന്റെ സ്വഭാവാ പെണ്ണിന്..”” പ്രണയത്തോടെ ഉള്ള ചിരി തൂകികൊണ്ട് അവൻ അവനോട് തന്നെ പറഞ്ഞു.
“” പോരുന്നോടീ പെണ്ണേ…എന്റെ കൂടെ..””
വീടിനു മുന്നിലായി കമ്പ് കൊണ്ട് കെട്ടിയ വേലിയിൽ കൈ മുട്ട് താങ്ങി കൊണ്ട് അവൻ ചോദിച്ചു.
“” ഇയാള് കൊറേ ആയല്ലോ…തൊടങ്ങീട്ട്…ഇതു മാതിരി വേഷം കെട്ടലുമായി എന്റെടുത്ത് വന്നാ..ഇനി ഞാൻ മുറ്റത്ത് തളിക്കാൻ വെച്ച ചാണക വെള്ളം കൊണ്ടായിരിക്കും മറുപടി പറയ്ക..”‘” അനന്തനോടുള്ള ദേഷ്യം മുഴുവൻ ചൂലിന്റെ മണ്ടക്ക് തല്ലി തീർത്തു അവൾ.
ഗ്ലാസ് കൈയിലിട്ട് തിരിച്ചു കൊണ്ട് ഒരു മൂളിപ്പാട്ടോടെ കസേരയിലേക്ക് ചാഞ്ഞിരുന്നു.
“” മല്ലിപ്പൂവേ…..”” മദ്യത്തിന്റെ ചൂട് തലയ്ക്ക് പിടിക്കുമ്പോഴും അവൻ മൊഴിഞ്ഞു കൊണ്ടിരുന്നു.
“” അനന്തേട്ടാ…മല്ലിയെ വെറുതേ വിട്ടേക്ക്..നിങ്ങളുടെ തമാശ അവളോട് കാണിക്കല്ലേ..പാവം അതൊരുപാട് അനുഭവിച്ചതാ…”” ആകാശത്തെ നക്ഷത്ര തിളക്കം നോക്കി അരവി കസേരകാലിൽ ചാരിയിരുന്നു. ക്വാറിലെ ശബ്ദകോലാഹലങ്ങളൊക്കെ സന്ധ്യ കഴിഞ്ഞാൽ അടങ്ങും..കാറ്റിൽ തണുപ്പ് കലരാൻ തുടങ്ങും…പകൽ എത്ര ശബ്ദ കോലാഹലങ്ങളാണോ അത്രയും നിശബ്ദമായിരിക്കും രാത്രി..പന്നിയേയും മറ്റും ഓടിക്കാനായി താഴേ പുഴയുടെ തീരത്തെ കൃഷിയിടങ്ങളിൽ കെട്ടിയ മണികൾ കാറ്റിൽ മുഴങ്ങുന്നത് മാത്രം കേൾക്കാം..അതും താളിത്മകമായ്….്
“” അനന്തേട്ടാ ദൂരകാഴ്ചയിൽ ഈ മേട് കാണാൻ നല്ല രസാ..നല്ല പച്ചപ്പ്..കാറ്റ്..മേട്ടിലേക്ക് വരുമ്പോഴേ ഇവ്ടെത്തെ ക്വാറീം അതീന്നുള്ള ചൂട് പൊടിക്കാറ്റുമൊക്കെ അറിയൂ…അത് പോലെയാ ഇവ്ടെ ഞങ്ങളുടെ ജീവിതം…”” അനന്തൻ അരവി പറയുന്ന ഓരോ കാര്യവും ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്.
“” അനന്തേട്ടൻ കേട്ടിട്ടുണ്ടോ..ഭദ്രനെ പറ്റി…”” അനന്തൻ ഇല്ലായെന്നു തലയാട്ടി
“‘ഈ മേട് ഭരിച്ചിരുന്നത് അവനായിരുന്നു…ഭദ്രനെ ആരേലും എതിർത്താ..പിന്നെ അവരുടെ ശവം താഴത്തേ പൊഴയിൽ പൊങ്ങും..അത് ഇപ്പോ പെണ്ണായാലും ശരി ആണായാലും ശരി..ശരിക്കും അസുര ജന്മാ..ചെയ്യാത്ത വൃത്തികേടുകളില്ല. സീതാക്കയൊക്കെ വേ ശ്യയാക്കി മാറ്റിയത് അയാളാ…””
“”എന്നിട്ട്…””
“‘ ഈ ഭദ്രന്റെ വകേലേതോ ബന്ധമാ മല്ലി…അവളെ അവനു കെട്ടണമെന്നു പറഞ്ഞു നടക്കുവായിരുന്നു.ഭദ്രന് മേടിന് പുറത്ത് കൊട്ടേഷൻ കിട്ടാറുണ്ട് അതോണ്ട് ഇടക്കേ ഇങ്ങോട്ട് വരൂ..അങ്ങനെ അവനില്ലാത്ത ഒരു ദിവസം മല്ലി .., മല്ലിക്കാകെ ഉണ്ടായിരുന്നത് ഒരു വയസത്തി തള്ളയാ…അവരെയും കൂട്ടി ഇവിടുന്നു രക്ഷപെടാൻ നോക്കി.കഷ്ടക്കാലത്തിന് നേരെ ചെന്നു പെട്ടത് ഭദ്രന്റെ മുന്നിൽ…പറയണോ പിന്നത്തെ കാര്യം…കൊറേ തല്ലി ചതച്ചു അതിനെ നടു റോട്ടിലിട്ട്…എന്നിട്ടും കല്യാണത്തിന് സമ്മതിക്കാഞ്ഞിട്ട് ആ വയസത്തി തള്ളേടെ കഴുത്തിൽ കത്തി വെച്ച് അവരെ കൊല്ലുംന്നു പറഞ്ഞു.ആകെ മല്ലിക്ക് സ്വന്തമെന്നു പറയാൻ അവരല്ലേ ഉള്ളൂ…അവർക്കു വേണ്ടി അവസാനം കല്യാണത്തിന് സമ്മതിച്ചു..””
അടുക്കിവെച്ച ചിത്രങ്ങൾ പോലെ അവ ഓരോന്നും അനന്തന്റെ ഉള്ളിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു..എന്റെ മല്ലിപ്പൂവ്…..അവനുരുവിട്ട് കൊണ്ടിരുന്നു. അരവി ഓരോന്നു പറയുമ്പോഴും അവൻ കലി പൂണ്ട് മുഷ്ഠി ചുരുട്ടി വിരലുകൾ ഞെരിച്ചു കൊണ്ടിരുന്നു.
“” ഭദ്രൻ അതിനെ നല്ലോണം ഉപദ്രവിക്കും..അതിന്റെ കരച്ചില് കേട്ട് സഹിക്കാഞ്ഞിട്ട് ചെവി പൊത്തി നിന്നിട്ടുണ്ട് ഞാനൊക്കെ..ആർക്കെങ്കിലും അവനെ തടയാൻ പറ്റ്വോ..പിന്നെ തടഞ്ഞവന്റെ ശവം പൊഴേ പൊന്തും…വീട്ട്കാർക്ക് പിന്നെ ആളുണ്ടാവ്വോ..”‘
“”നാണമില്ലേടാ…നിനക്കൊക്കെ ആണാന്നു പറയാൻ…എല്ലാവരും കൂടി ഒരുത്തനെ പേടിച്ച് ജീവിക്കുന്നു..””
“‘ സാറിന് ഭദ്രനെ അറിയാൻ പാടില്ലാഞ്ഞിട്ടാ..ഉള്ള പാർട്ടിക്കാരും പോലീസുകാരുമെല്ലാം അവന്റെ ഭാഗത്താ..അവനെ കൊണ്ട് അവർക്ക് ആവിശ്യങ്ങളുണ്ട്..അതു കൊണ്ട് അവനെന്തു ചെയ്താലും അവരനങ്ങില്ല. അനന്തേട്ടൻ പറഞ്ഞ പോലെ ഭദ്രനെ എതിർത്തതാ സീതാക്കേടെ ഭർത്താവ്…അയാളെ കൊന്ന് സീതാക്കേ ഈ അവസ്ഥേലും ആക്കി.പിന്നെ ആർക്കും ധൈര്യം വന്നിട്ടില്ല…സ്വന്തം വീട്ടിലുള്ള പെണ്ണുങ്ങൾ ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്ന അവസ്ഥ അനന്തേട്ടൻ ഓർത്തു നോക്കിയേ…””
“” മ്ഹും…”” അനന്തൻ കണ്ണുകളടച്ചു കിടന്നു
“”അതാ ഞാൻ പറഞ്ഞത് മല്ലിയെ വെറുതേ വിട്ടേക്ക്…കഷ്ടാ അതിന്റെ കാര്യം…രണ്ടു മാസം മുൻപ് ആ വയസത്തി തള്ളേം മരിച്ചു..””
“” ഭദ്രനിപ്പോ എവ്ടെ ണ്ട്…????””
“” ആ പെണ്ണിന്റെ പ്രാർത്ഥനയാന്നോ അതോ നാട്ടുകാരുടെ പ്രാക്കാണോന്നറീല ആറു മാസം മുൻപ് അവനെ ആരോ കൊന്നു.ഒരു ദിവസം ആരോ പറഞ്ഞു…താഴേ പൊഴേൽ ശവം പൊങ്ങിയെന്നു എല്ലാവരും വിചാരിച്ചത് ഭദ്രൻ കൊന്ന ആരെങ്കിലുമായിരിക്കുംന്നു.നോക്കിയപ്പോഴോ ഭദ്രൻ തന്നെ…..എന്തായാലും കൊന്നയാൾക്ക് നല്ല പകയ്ണ്ട് ഭദ്രനോട്…ഓഹ്…കണ്ണൊക്കെ മീൻ തിന്നതാണോ അല്ലേ അല്ലേ കുത്തി പൊട്ടിച്ചതാണോന്നറീല…ശരീരൊക്കെ വെള്ളം കേറി ചീർത്ത്..ഓഹ്..ഒറ്റ ഒരു നോട്ടമേ ഞാൻ നോക്കിയുള്ളൂ…ഒരാഴ്ചയാ ഞാൻ പനിച്ചു കിടന്നത്..””‘ അരവിയുടെ മുഖത്ത് അറപ്പ് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
“” കേസൊന്നും ഉണ്ടായിരുന്നില്ലേ…”” അനന്തന്റെ കൈയിലിരുന്ന മൂന്നാമത്തെ സിഗരറ്റും എരിഞ്ഞടങ്ങിയിരുന്നു.അവനത് നിലത്ത് കുത്തി കെടുത്തി.
“” ആർക്കാ ഇത്ര തിരക്ക് അതൊക്കെ അന്വേഷിക്കാൻ..ഈ ഭദ്രനെ പോലുള്ളവരെയൊക്കെ ആരോഗ്യമുളെളപ്പോഴല്ലേ വേണ്ടൂ…കേസിന്റെ പെറകേ ആരു തൂങ്ങാൻ…കൊന്നവനെ കിട്ടിയാ ഞങ്ങളൊക്കെ മാലയിട്ട് പൂജിക്കും..അവൻ ചത്തതോടെ നല്ല സമാധാനംണ്ട്..ഇവ്ടെ..അല്ലേ അവൻ വന്നൂന്നറിഞ്ഞാ കുഞ്ഞു മക്കളേ പോലും പൊറത്തെറക്കാതെ മുറീലിട്ട് പൂട്ട്വാ ചെയ്യാറ്…ഇനി എപ്പോഴാണാവോ വേറെ ഭദ്രൻ വരണത്…””
“” അരവീ…പേടിക്കാൻ ആളുണ്ടേ…പേടിപ്പിക്കാനും ആളുണ്ടാവും..””
“” ആഹ്….ഭദ്രനെ പോലൊരാളെ നേരിട്ട് കാണുമ്പോഴും ഇത് തന്നെ പറയാണേ..വല്യ വർത്തമാനം പറയാൻ ആരെ കൊണ്ടും പറ്റും…””അപ്പോഴേക്കും അരവിയുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു.
“” ടാ…നീ അത് വിട് മല്ലിയെ പറ്റി പറയ്…””
“” ടാ…അരവീ…അരവീ…നാശം..””
“”മല്..മല്ലീ…”” പിറുപിറുത്തു കൊണ്ട് അരവി നിലത്ത് കിടന്നു.എത്ര തട്ടിവിളിച്ചിട്ടും എഴുന്നേറ്റില്ല.
രാവിലെ പീടീകയിലിരുന്നു ചായ കുടിക്കുമ്പോഴാണ് മല്ലിയും കുറേ സ്ത്രീകളും തൂക്കു പാത്രവുമെടുത്ത് പോവുന്നത് കണ്ടത്.
“” മല്ലീം കൊറേ പെണ്ണുങ്ങളും കൂടി ഒരു വനിതാ ഹോട്ടൽ നടത്തുന്ന്ണ്ട്…ക്വാറീലേക്കുള്ള ഭക്ഷണമൊക്കെ അവ്ടുന്നാ…”” മല്ലിയെ തന്നെ അനന്തൻ നോക്കിയിരിക്കുന്നത് കണ്ട് അരവി പറഞ്ഞു.
“” മല്ലീ…”” അനന്തന്റെ ശബ്ദം കേട്ടപ്പോൾ മല്ലി നിന്നു.അപ്പോഴേക്കും കൂടെ ഉള്ളവർ നടന്നു അവരെ കടന്നു പോയി.
“” എന്താ..നിങ്ങൾക്ക് വേണ്ടത്…എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത്…”‘ നോട്ടത്തെക്കാൾ മൂർച്ച ഉണ്ടായിരുന്നു ശബ്ദത്തിന്….
“” എന്റെ പെണ്ണായി കൂടെ പോന്നൂടെ…””
മൂർച്ചയേറിയ വാക്കിനേയും നോട്ടത്തേയും പ്രണയത്തിന്റെ മൃദുലത കൊണ്ട് നേരിട്ടു
“” മറ്റൊരുത്തന്റെ വിധവേ തന്നേ വേണോ നിങ്ങൾക്ക് പെണ്ണായിട്ട്…”” വീറോടെ അവനോട് ചോദിച്ചു..കൂടെ തീ പാറും പോലുള്ള നോട്ടവും..
“” നീയാ ചത്തവനെ പുണ്യാളനാക്കല്ലേ….”” ഒട്ടും വിട്ടു കൊടുത്തില്ല അനന്തനും……
“” എന്തായാലും നിങ്ങളെ പോലെ കണ്ട വേശ്യകളുടെ വിയർപ്പ് പറ്റാൻ പോയ്ട്ടില്ല ഭദ്രൻ….”‘ ആ സ്വരത്തിലെ പരിഹാസം അവനെ ചൊടിപ്പിച്ചു.
“” എന്താടീ നീ പറഞ്ഞത്..ഞാൻ വേ ശ്യേടെ വിയർപ്പ് പറ്റീന്നോ..അരവി സർപ്പസൗന്ദര്യംന്നൊക്കെ പറഞ്ഞപ്പോൾ കള്ളിന്റെ പുറത്ത് …എന്നാ.. അവളെ ഒന്നു കാണണമെന്നു പറഞ്ഞ് സീതാക്കേടെ വീട്ടിന്റെ മുന്നിൽ പോയി ബഹളം വെച്ചത് സത്യാ..പക്ഷേ ഒരുത്തീടെം വെയർപ്പ് പറ്റീട്ടില്ല അനന്തൻ ഇത് വരെ…”” പോവാൻ തുനിഞ്ഞ അവളെ കൈയിൽ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു
“” കൈയോണ്ട് സംസാരിക്കാതെ വായോണ്ട് സംസാരിക്കടാ…”” അനന്തനെ പിറകിലേക്ക് തള്ളി. പിന്നോട്ടേക്കാഞ്ഞപ്പോഴും അനന്തൻ മല്ലിയുടെ കൈയിലെ പിടി വിട്ടില്ല..ഒരു നിമിഷം കൊണ്ട് ബാലൻസ് ചെയ്തു നിന്നു..
“” ഇല്ലേല് നീ എന്ത് ചെയ്യും…”” കുസൃതി തിളക്കം അവന്റെ കണ്ണിൽ തിരിച്ചു വന്നിരുന്നു.
“” ഇതിലെ കഞ്ഞി തല വഴി ഒഴിക്കും ഞാൻ…”” കൈയിലെ തൂക്കു പാത്രം ഉയർത്തി കാണിച്ചു കൊണ്ട് അനന്തനോട് ചീറി..
“” നിന്റെ ഈ..ഉശിരും നോട്ടവുമാണെടി പെണ്ണേ എന്നെ കൊല്ലുന്നത്….”” അവനെ തള്ളിമാറ്റി കൊണ്ട് അവൾ നടന്നകന്നു.
“” മല്ലീ …എനിക്ക് നിന്നോട് സംസാരിക്കണം…”‘ അവൻ പറയുന്നത് കേൾക്കാത്ത പോലെ ഒഴിഞ്ഞ തൂക്കു പാത്രവുമായി അവൾ നടന്നു.
“” എനിക്ക് നിന്നോട് സംസാരിക്കണം…അത് നീ കേൾക്കാതേ ഞാനിവ്ടുന്നു പോവില്ല…”” അവളുടെ വീടിന്റെ ഇറയത്തേക്കവൻ കേറിയതും മല്ലി അകത്ത് കേറി വാതിലടക്കാൻ നോക്കി. അപ്പോഴേക്കും അനന്തൻ അവളെ അകത്തേക്ക് നടന്ന അവളെ പുറത്തേക്ക് വലിച്ചു.
“”കേട്ടിട്ട് പോയാ മതി…””
“” എനിക്കൊന്നും കേൾക്കേണ്ട …നിങ്ങളേക്കാൾ ഭേദാ..ഭദ്രൻ..”” അപ്പോഴേക്കും അവളുടെ കൈയുടെ പിടി മുറുകി.
“” എങ്ങനാടീ…അവൻ എന്നെക്കാൾ ഭേദാവുന്നേ…”” അവനത് പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും എളിയിൽ എന്നും ഒളിപ്പിച്ചു വെക്കാറുള്ള പേനകത്തി കൊണ്ട് അവന്റെ കൈയിൽ വരഞ്ഞു.
“” ആഹ്…”” അവൻ അറിയാതെ കൈ വലിച്ചു. തൽക്ഷണം തന്നെ അവളെ ഇടുപ്പിലൂടെ ചുറ്റി അടുപ്പിച്ചു. “” എങ്ങനെയാന്നു പറയെടീ….”” ഇടുപ്പിൽ ചുറ്റിയ കൈയിൽ നിന്നും ചോര ഒലിച്ചിറങ്ങി ദാവണി നനയ്ക്കുന്നത് അവളറിയുന്നുണ്ടായിരുന്നു..ഒപ്പം ചോരയുടെ ഗന്ധവും…..
“” നിങ്ങളെ പോലെ പെണ്ണ് പിടിയനല്ല ഭദ്രൻ..”” അവനെ ചൊടിപ്പിക്കാൻ തന്നെയായിരുന്നു വീറോടെ അവളത് പറഞ്ഞത്…
“” പിന്നവനെങ്ങനെയാടീ…അവൻ ചത്തത്…”” അനന്തൻ അവളെ പിന്നിലേക്ക് തള്ളിയതും മല്ലി ഭിത്തിയിലിടിച്ച് നിന്നു.”” ബുദ്ധി ഉറക്കാത്ത എന്റെ അനിയത്തി കൊച്ചിനേയാ…അവൻ…”” മുഴുവിക്കാതെ നിർത്തി..
“” പതിനെട്ട് വയസിൽ എട്ടു വയസിന്റെ ബുദ്ധിപോലുമുണ്ടായിരുന്നില്ല എന്റെ മോൾക്ക്…എങ്ങനെ വളർത്തിയതാ ഞാനവളെന്നറിയോ…”” അനന്തന്റെ സ്വരം ഇടറി..””ആ പ്രായത്തിൽ ഒരു പെൺകൊച്ച് അറിഞ്ഞിരിക്കേണ്ട ഒരു കാര്യവും അവൾക്കറീലായിരുന്നു…ഏതോ കൊട്ടേഷനായി വന്നതാ അവൻ ഞങ്ങളുടെ നാട്ടിൽ…ഞാൻ ജോലിക്ക് പോയതായാ…വന്നപ്പോ അപ്പുവിനെ കാണുന്നില്ല….സാധാരണ അടുത്ത വീട്ടിലെ ചേച്ചിയെ ഏൽപിച്ചാ ജോലിക്ക് പോവാറ്…അവരും കണ്ടില്ലാന്നു പറഞ്ഞു..പിന്നെ കിട്ടിയത് ആറ്റിന്നാ…”” അനന്തൻ കണ്ണുകടച്ച് ചാരി നിന്നു.
“” എന്റെ അപ്പു അനുഭവിച്ചതിനേക്കാൾ വേദന അനുഭവിച്ചിട്ടാ ഞാനവനെ കൊന്നത്…””ഭദ്രനെ ഒന്നു കൂടി കൊല്ലാനുള്ള വെറി അവനിലുണ്ടായിരുന്നു.
“”പറയെടീ…അവനെങ്ങനെയാടീ എന്നെക്കാൾ ഭേദമാവുന്നേ…”” പിന്നെ അവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ അവിടെ നിന്നും ഇറങ്ങി പോയി.മല്ലി തരിച്ച പോലെ നിൽക്കുകയായിരുന്നു. ഭദ്രനെ കൊന്നത് ഏതോ ഗുണ്ടകളായിരിക്കുമെന്നാണ് മേട്ടിലെ സംസാരം
ആസ്പറ്റോസിൽ മഴത്തുള്ളികൾ താളം പിടിക്കുന്നുണ്ട്. ഒരു ടോർച്ചിന്റെ മിന്നായത്തിൽ അനന്തൻ താമസിക്കുന്ന ഔട്ട്ഹൗസിലേക്ക് നടന്നു.ഒരു മുറിയും അടുക്കളയുമുള്ള ഒരു കെട്ടിടം.ക്വാറീടെ ആവശ്യത്തിനായ് ഉണ്ടാക്കിയതാണത്. വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അകത്തേക്ക് കടന്നു.
കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു അനന്തൻ..മുറിഞ്ഞ കൈ കട്ടിലിന് താഴേക്ക് തൂങ്ങി കിടക്കുന്നുണ്ട..ചോര നിലത്തേക്ക് ഉറ്റു വീഴുന്നുണ്ട്. ആ കൈയിലാരോ സ്പർശിച്ചതറിഞ്ഞതും കണ്ണുകൾ തുറന്നു…മുഖമുയർത്തി നോക്കിയപ്പോൾ മല്ലിപ്പൂവ്…മല്ലി അവനെ നോക്കാതെ മുറിവ് കെട്ടുകയായിരുന്നു
“” ചാവുമ്പോ അവൻ ഒരുപാട് കരഞ്ഞിരുന്നോ…””
“” മ്ഹ്…അവന്റെ കണ്ണിൽ ശൗര്യമല്ലായിരുന്നു…ചാവാൻ പോകുന്നവന്റെ ഭയമായിര്ന്നു..”‘ അവന്റെ വിരലുകൾ ചുരുക്കി ദേഷ്യം നിയന്ത്രിച്ചു.പിന്നെ കണ്ണുകളടച്ചു കിടന്നു.കുറേ നേരം അവളും മിണ്ടിയില്ല.
“” സോറീ….”” കുപ്പി ഗ്ലാസിൽ പച്ച വെള്ളം കൊണ്ടു കൊടുത്തു അവന്..
“” ഓഹ്…”” അവളെ കളിയാക്കും പോലെ പറഞ്ഞു..
“” ഇതേതാ ഈ വെള്ളത്തുണി..”” കൈയിൽ കെട്ടുന്ന വെള്ളത്തുണി നോക്കി കൊണ്ട് പറഞ്ഞു. മുഖം ഉയർത്തി താടി കൈയിൽ ഊന്നി കിടന്നു
“” അതാണോ ഇവ്ടെ കാര്യം…”” കപട ദേഷ്യത്തിൽ ആ കൈയിൽ തന്നെ കൊടുത്തു ഒരു കുഞ്ഞടി.
“” ആഹ്…എന്ത് ജന്മമാടീ നീ…”” എഴുന്നേറ്റിരുന്നു കൈ കുടഞ്ഞു.എന്തോ വീണ്ടും പറയാനായി നോക്കിയപ്പോഴാണ് മല്ലി മുഖം താഴ്ത്തിയിരിക്കുന്നത് കണ്ടത്
‘”” അനന്തന്റെ ഉശിരുള്ള മല്ലിപ്പൂവിനിതെന്തു പറ്റി..”” അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി.നനവാർന്ന കണ്ണുകളോടെ അവനെ നോക്കി
“” ഈ നനഞ്ഞ കണ്ണുകളല്ല എനിക്ക് ഇഷ്ടം…അനന്തന്റെ നെഞ്ചിൽ തുളച്ച് കയറുന്ന നോട്ടം തൊടുത്തു വിടുന്ന കണ്ണുകളാണ്..”” നനവ് പറ്റിയ കൺപോളകളുടെ അരികിലൂടെ അവൻ ചൂണ്ടുവിരൽ ഓടിച്ചതും കൺപോളകൾ കൂമ്പിയവൾ പ്രതിരോധിച്ചു.
“” ദ്രോഹിച്ചിട്ടുണ്ട് അവൻ …പക പോലായ് രുന്നു…എങ്ങനെയൊക്കെ ദ്രോഹിക്കാമോ അങ്ങനെയൊക്കെ…സീതാക്കേടെ വീട്ടീന്ന് രാവിലെ പുച്ഛച്ചിരിയോടെ രാവിലെ ഇറങ്ങി വരും..എ..എന്നിട്ട്…”” പൂർത്തിയാക്കാനാവാതെ അവൾ ഏങ്ങലടിച്ചു..അവന്റെ മടിയിൽ
“” സാരല്ല..കഴിഞ്ഞില്ലേ…തീർന്നില്ലെ അവൻ…””
“” അവന്റെ വെറിപിടിച്ച നോട്ടം സ്വപ്നം കണ്ട് എത്ര പ്രാവിശ്യം ഞെട്ടിയെഴുന്നേറ്റിട്ടുണ്ടെന്നോ…”” മല്ലി കരഞ്ഞു കൊണ്ടിരുന്നു്.
“” അവനോടുള്ള പക അടങ്ങാഞ്ഞിട്ടാ ഞാനിങ്ങോട്ട് വന്നത്…ക്വാറിയിലെ ലോറി ഡ്രൈവറായിട്ട്…അവനെ കൊന്നിട്ട പുഴ കാണാനായ്…പിന്നെ അവന്റെ കേസെന്തായി എന്നറിയാനുംം…ഇവ്ടെ വന്നപ്പോഴാ നിന്നെ കണ്ടത്…അരവിയാ നിന്നെ പറ്റി പറഞ്ഞു തന്നത്…””
“” മല്ലി …പോയ് കിടന്നോ…നേരം കൊറേ ആയില്ലേ….”” കണ്ണുകൾ തുടച്ച് അവൾ എഴുന്നേറ്റു
“” മല്ലിപ്പൂവേ…നാളെ ഞാനീ ചുരമിറങ്ങും…”” അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയായിരുന്നു അവനുള്ള മറുപടി.
പൊടിക്കാറ്റിനേയും ക്വാറിയുടെ ശബ്ദ കോലാഹലത്തേയും പിൻന്തള്ളി അവന്റെ ലോറി ചുരമിറങ്ങവേ അനന്തന്റെ തോളിൽ കണ്ണുകളടച്ച് ചാരി അവന്റെ മല്ലിപ്പൂവുമുണ്ടായിരുന്നു
????????