മോനേ നോക്കേ…ഈ നീല സാരിയിൽ നേരുത്തത്തെ അത്രേം വണ്ണമുണ്ടോ അമ്മയ്ക്ക്…ഇല്ലാല്ലേ…

പെണ്ണഴക്

Story written by Indu Rejith

മോനേ നോക്കേ…ഈ നീല സാരിയിൽ നേരുത്തത്തെ അത്രേം വണ്ണമുണ്ടോ അമ്മയ്ക്ക്…ഇല്ലാല്ലേ…ചിലർക്ക് അങ്ങനാ ഇല്ലെങ്കിലും വണ്ണം തോന്നിക്കും…

അമ്പലം, ടൗണ്, ആശുപത്രി, കല്യാണം, ഹോട്ടൽ എന്ന് വേണ്ടാ എവിടെ പോയാലും അമ്മയുടെ സ്ഥിരം ചോദ്യം ആണിത്…

കേട്ടില്ലെന്ന മട്ടിൽ ഫോണിലേക്ക് നോക്കിയിരുന്നാലും നീണ്ട നഖം കൊണ്ട് ഒന്ന് മാന്തിട്ട് വീണ്ടും ചോദിക്കും…

കേട്ടില്ലേ നീയ്…

പ്രായമായി വരുവല്ലേ ഇത്തിരി തടിയൊക്കെ നല്ലതാ…

നിന്നേ വയറ്റിലാരിക്കുമ്പോ എനിക്ക് ദേ ഇത്തിരി പോന്ന ഈർക്കിലു വണ്ണമേ ഉള്ളാർന്നു….പിന്നെ എപ്പോളോ ഇങ്ങനായി… വൃത്തികേടില്ലല്ലേ…

ഇല്ലമ്മേ…

ആവർത്തിച്ചാവർത്തിച്ചുള്ള ഈ നിഷ്കളങ്കമായ ചോദ്യം പിന്നെയും പിന്നെയും ഞാൻ കേട്ടു കൊണ്ടേയിരുന്നു പലസമയത്തും… പലയിടത്തും…

യാതൊരു മടുപ്പുമില്ലാതെ…

അമ്മ എല്ലാം കഴിക്കുവാണോ നിനക്കൊനും തരില്ലേ…എന്നേ പിടിച്ച് ഇടയ്ക്കിട്ട് അമ്മയ്ക്ക് കൊള്ളുന്ന രീതിയിൽ കമന്റ്‌ പാസ്സാക്കി വല്ലാത്തൊരു ആനന്ദം കണ്ടെത്തുന്ന സൈക്കോകൾ വേറെ…

എനിക്കുള്ളതൂടെ അമ്മ കഴിച്ച ഒരു കാലമുണ്ടായിരുന്നു അത്‌ കൊണ്ട് അമ്മാതിരി ചീപ്പ് നമ്പർ ഒന്നും ഇവിടിറക്കണ്ട… ഇത് ആള് വേറെയാ…അക്കുട്ടർക്കുള്ള എന്റെ മറുപടി ഇതും…

പഴയ കല്യാണബ്ലൗസ്സ് ഇടയ്ക്കിടയ്ക്ക് കൈയിലൂടെ വലിച്ചു കേറ്റിയിട്ടു പറയും…

എന്ത് മുറ്റ ഇതൊക്കെ.. അതെങ്ങനാ ഇപ്പോ ചക്ക പോത്തു പോലെ ആയി അല്ലേ…

ഹേയ് വല്യ തടിയൊന്നുമില്ലമ്മേ എന്ന് ഞാൻ പറയുന്നത് കേൾക്കാൻ വേണ്ടി മാത്രം ആവർത്തിക്കുന്ന നിഷ്കു ചോദ്യം നമ്പർ ടു…പാവം ല്ലേ…

പിന്നീട് ഒരിക്കൽ ഒരു ഇടവഴിയിലൂടെ അമ്മയും ഞാനും നടക്കുന്ന സമയം.. പുറകെ വന്ന സ്ലിം ബ്യൂട്ടി ഒരു ഡയലോഗ് പാസ്സാക്കി കുണുങ്ങി ചിരിക്കുന്നു….

റോഡ് തികഞ്ഞങ്ങു നടന്നാൽ വേറെ ആർക്കും പോകണ്ടേ…ടാ കുട്ടാ… ചത്തു കഴിഞ്ഞാൽ കുഴിയിൽ കൊണ്ടോയി കിടത്താൻ ക്രയിൻ വേണ്ടി വരൂല്ലോ…

നടന്നു പോണ എന്റെ അമ്മേടെ വായിക്കരി ഇടാൻ നീ ഏതാ….

ഞാൻ തമാശ പറഞ്ഞതാടാ…

ആ തമാശ ചാച്ചി ഒറ്റയ്ക്കു പറഞ്ഞങ്ങു ചിരിച്ചാൽ മതി….

പിന്നെയൊരു കാര്യം….ചേച്ചി ഒന്നുമോർത്തു ബിപി കൂട്ടണ്ട…

ഈശ്വരൻ വിളിക്കുമ്പോൾ എന്റെ ഈ കൈ മതിയാകും അമ്മേ എടുത്ത് തെക്കെപുറത്തു കിടത്താൻ… എന്റെ അമ്മ ഉരുളയുരുട്ടി തന്ന ചോറിന്റെ ബലം ഒന്നു മാത്രം മതി അതിന്…

പിന്നീട് പ്രായമായി വന്നപ്പോൾ അമ്മ പറയണ കേട്ടു…

നിനക്ക് ഭാരമായി ഇങ്ങനെ അധികനാൾ കിടത്തല്ലെന്ന അമ്മേടെ പ്രാർത്ഥന…

അമ്മേ ഒന്ന് തിരിച്ചു കിടത്താൻ തന്നെ മോന് വല്യ പ്രയാസം ഉണ്ടല്ലേ….വഴക്കമില്ലാത്ത ഒരു ശരീരം… പെറ്റവൾ ആയിപോയതിന്റെ പേരിൽ എന്റെ കുട്ടി ചുമക്കുവാ ഈ പർവതത്തെ അല്ലേ കുട്ടാ…

ഒരു പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് അമ്മ ആശിച്ചു പോവാ…

ഒന്ന് വസ്ത്രം മാറ്റാൻ പോലും നീ വേണ്ടേ മോനേ…അമ്മയോട് ദേഷ്യമുണ്ടോ കുട്ടിക്ക്…

അമ്മയുടെ ചോദ്യത്തിൽ ഒരിറ്റു കണ്ണീർ നനവ് പടർന്നിരുന്നു…

അത്‌ എന്താ അമ്മേ…ഈർക്കിലി ശരീരത്തിൽ പണ്ടൊരിക്കൽ കുടം പോലൊരു വയറെടുത്തു വെച്ചു നടന്നത് എനിക്കുവേണ്ടി അല്ലേ…

പെടലി ഉറയ്ക്കാത്ത എന്റെ പിഞ്ചു ശരീരത്തെ ആദ്യമായി കൈ തന്നപ്പോൾ അമ്മ കൈ പുറമോട്ട് വലിച്ചിരുന്നോ…

എന്നേ കൊണ്ടാവില്ലെന്നു പറഞ്ഞിരുന്നോ…മേല് കീറിയ നോവ് സഹിച്ചും എന്നേ ചേർത്ത് പിടിച്ചു മാറ് ചുരത്തിയില്ലേ..നാഴികയ്ക്ക് നൽപ്പത് വെട്ടം എന്റെ അപ്പിയും മൂത്രവും തുടച്ചില്ലേ…ഇളുപ്പ് തോന്നിയിരുന്നോ അപ്പോൾ..

അമ്മേ നോക്കാൻ പെൺകുട്ടികൾക്കെ പറ്റുള്ളോ….ഈ മോൻ ധാരാളമല്ലേ…

കൂടപ്പിറപ്പായി ഒരാളുടെ ഉണ്ടായിരുന്നെങ്കിൽ ഈ സുന്ദരി പാറുവിന്റെ സ്നേഹം ഒറ്റയടിക്ക് എനിക്ക് കിട്ടുമായിരുന്നോ….

എനിക്ക് ഇതൊന്നും ഒരു ഭാരമല്ല..ഞാൻ നിറഞ്ഞ മനസ്സോടെ ചെയ്യുന്ന എന്റെ കടമയാണ്…

കാലം കഴിഞ്ഞു പോയി എനിക്കും ഒരു മോൻ ജനിച്ചു…അവന്റെ അമ്മയെ അവനും കൊണ്ട് നടക്കുന്നത് കണ്ടു… എന്നേ പോലെ…

ഇടയ്ക്ക് അവളും ചോദിക്കാൻ തുടങ്ങി…നോക്കേട്ടാ എനിക്ക് നല്ല വണ്ണമുണ്ടല്ലേ….കോലം കെട്ടു ല്ലേ…

ഹേയ് പെണ്ണിന്റെ അഴക് അങ്ങനെ ഒന്നും പോകൂല്ലടി പൊട്ടി…ഇത്തിരി തടി ഉണ്ടെങ്കിലേ ഒരു ചേലുള്ളു…

അപ്പോൾ അവളിൽ ഒരു ചിരി ഉണ്ട് പണ്ടെപ്പോഴോ എന്റെ അമ്മ ചിരിക്കാറുള്ള അതേ ചിരി…

അമ്മയാകട്ടെ ഭാര്യ ആകട്ടെ അവരുടെ ശരീരത്തിൽ വീഴുന്ന ഓരോ മുറി പാടിനും…തടിപ്പിനും… ഒട്ടലിനും പോലും അറിഞ്ഞും അറിയാതെയും നമുക്കൊക്കെ പങ്കുണ്ടാകും…നാലാളു കൂടി നിന്ന് അവരെ നോക്കി പിറുപിറുക്കുമ്പോൾ കുലുക്കമില്ലാതെ അവരുടെ കൈ ചേർത്ത് നടക്കുക…

തടി വെക്കുന്നത് അഴകോ കുറവോ എനിക്ക് അറിയില്ല… പക്ഷേ അഴകെന്നെ ഞാൻ പറയു…ഉത്തരം ഇനി കള്ളമെന്നു വാദിച്ചാലും എനിക്ക് ഏറ്റവും പ്രിയപ്പെട്ട കള്ളമാണത്…ഇതെ ചോദ്യവുമായി മുന്നിൽ നിൽക്കുന്നവരുടെ കണ്ണു നിറയാതിരിക്കാനുള്ള എന്തോ ഒന്ന് ആ കള്ളത്തിൽ ഉണ്ടെന്നേ…

ഒരു കള്ളമൊക്കെ നല്ലതാ….ഒരു രൂപ ചിലവില്ലാതെ നമുക്ക് പ്രിയപ്പെട്ടവർ ഹാപ്പി ആകുമെങ്കിൽ…..

ശുഭം