എഴുത്ത്: മിഴി മാധവ്
“നിനക്ക് കുട്ടിയെ ഇഷ്ടപ്പെട്ടോ?”
സരസുവേടത്തി അയാളോട് മാറി നിന്നു ചോദിക്കുന്നത് ഞാൻ കേട്ടു. എന്താണ് മറുപടിയെന്നറിയാൻ എനിക്കും ആകാംക്ഷയുണ്ട്. എങ്ങനെ ഉണ്ടാവാതിരിക്കും ആദ്യത്തെ പെണ്ണുകാണൽ ചടങ്ങെന്നു പറയാം ഇതിനെ.
മഴ പെയ്തു തീർന്ന തണുപ്പുള്ള അന്തരിക്ഷമാണെങ്കില്ലും ഞാൻ വിയർത്തു. അമ്പലമുറ്റത്തെ ആൽമരത്തിൽ നിന്നും മഴത്തുള്ളികൾ ഇടക്കിടക്ക് ഇറ്റുവീണു കൊണ്ടിരുന്നു.
വീട്ടിൽ എനിക്ക് കല്യാണമാലോചിക്കാൻ അച്ഛൻ തീരുമാനിച്ചപ്പോഴാണ്.അമ്മയുടെ കളികൂട്ടുകാരിയും അയൽവാസിയുമായ സരസുവേട്ത്തി ഒരു പയ്യനെ പറ്റി പറയുന്നത്.പയ്യന്റെ വർണനങ്ങൾ കേട്ടാൽ ഏത് പെണ്ണും വീണുപോകും. അപ്പോ പിന്നെ ഞാനും വീണുപോകില്ലേ. സരസുവേട്ത്തിയുടെ ബന്ധുകൂടിയാണത്രെ.
അങ്ങനെ സരസുവേടത്തി രാവിലെ അമ്പലത്തിൽ വെച്ച് പയ്യനോട് എന്നെ കാണാൻ പോരേന്ന്. ചെറുക്കനാണേൽ വീട്ടുകാരെ കാണിക്കുന്നതിനു മുമ്പ് തനിച്ചൊന്ന് കാണണമെന്ന്.അതാണിപ്പോ അരങ്ങേറികൊണ്ടിരിക്കുന്നത്. ആളൊരു സുന്ദരനാണ്. നല്ല ഭവ്യതയൊള്ള പെരുമാറ്റമാണ്. എനിക്കെന്തോ ഇഷ്ടമായ്.
ചെറിയൊരു കാറ്റ് വീശി.കാറ്റിൽപ്പെട്ട മുടിയൊതുക്കി വെയ്ക്കുമ്പോൾ. സരസുവേട്ത്തിയോട് എന്തക്കെയോ സംസാരിച്ചതിനു ശേഷം എന്നരികിലേക്ക് വന്നു. ദൈവമേ എന്നിലൊരു വിറയൽ. ആള് എന്റെടുത്തെത്തിയതും.
“കുട്ടി ക്ഷമിക്കണം എനിക്ക് കുട്ടിയെ ഇഷ്ടപ്പെട്ടില്ലാ.”
ഞാൻ ഞെട്ടിപ്പോയ്.എത്ര ശ്രമിച്ചിട്ടും കണ്ണ് ചതിച്ചു.
എന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ
കുട്ടിക്ക് വിഷമമായോ? കുട്ടിക്ക് ഞാൻ കരുതിയതിലും നിറം കുറവാണ് പിന്നെ മുടിയും പോരെ.. അതുകൊണ്ടാണ് “
ഹൊ ഇയാള് എന്തക്കെയാ പറയുന്നത് ഇഷ്ടമല്ലങ്കിൽ അത് പറഞ്ഞാൽ പോരെ, പിന്നെ വിവരിക്കണോ…ഞാനതും മനസ്സിൽ പറഞ്ഞു കൊണ്ട് വേഗം തിരികെ നടന്നു..
“കമലേ.. നിൽക്ക് കുട്ടി ഞാനും വരണു “
സരസുവേട്ത്തി ഒപ്പമെത്തിയപ്പോൾ ഞാൻ പറഞ്ഞു. ”എനിക്കും ഇഷ്ടപ്പെട്ടില്ല. ചെറുക്കന്റെ ചെവിക്ക് വലുപ്പകൂടുതലുണ്ട്. പിന്നെ ഒരു കള്ളലക്ഷണവും.”
ഇത് കേട്ട് സരസുവേട്ത്തി പറഞ്ഞു.
“ചെറുക്കനും ഇങ്ങനെയൊക്കെ തന്നെയാ പറഞ്ഞത്. നിറം കുറവാണെന്നും, മുടി അത്ര പോരാന്നും.”
അതും കൂടി കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു. കാലമാടൻ ഇനിയെങ്ങാനും എന്റെ കൺമുന്നിൽ വന്നാൽ ചെവി പൊട്ടുന്ന ചീത്ത പറയണം. ഇഷ്ടപ്പെട്ടില്ലങ്കിൽ അത് പറഞ്ഞ പോരേ.
വീട്ടിലേക്ക് ചെല്ലുമ്പോൾ അമ്മ മുറ്റത്ത് നിൽപ്പുണ്ട്. അമ്മയെ കണ്ടപ്പോൾ അത്രയും നേരത്തേ എന്റെ തന്റെടം ചോർന്നുപോകുംപോലെ.
സരസുവേട്ത്തിയും അമ്മയും സംസാരം തുടങ്ങിയപ്പോഴെക്കും ഞാൻ അകത്തേക്ക് വലിഞ്ഞു..
കുറച്ചു കഴിഞ്ഞപ്പോ അമ്മ അകത്തേക്ക് വന്നു.. കൂടെ സരസുവേട്ത്തിയും
അപ്പോഴാണ് സരസുവേട്ത്തിയുടെ ഫോൺ ബെല്ലടിച്ചത്. ഫോൺ എനിക്കു നേരെ നീട്ടികൊണ്ട് പറഞ്ഞു.
“ഈ കോൾ നിനക്കുള്ളതാണ്.”
എനിക്കുള്ളതോ അതും പറഞ്ഞ് ഞാൻ ഫോൺ ചെവിയോട് ചേർത്തപ്പോൾ അപ്പുറത്ത്..
“എന്റെ ചെവിയുടെ വലിപ്പവും കള്ള ലക്ഷണവുംഅഡ്ജസ്റ്റ് ചെയ്യുമെങ്കിൽ തന്റെ മുടിയും നിറവും ഞാനും അഡ്ജസ്റ്റ് ചെയ്യാം “
മറുപടി പറയാൻ കഴിയാതെ ഞാൻ സരസുവേട്ത്തിയെനോക്കിയപ്പോൾ പുള്ളിക്കാരി ചിരിച്ചു കൊണ്ട് പറഞ്ഞു.
“എടി പൊട്ടികാളി നിന്നെ അവൻ പറ്റിച്ചതാ ഞാൻ കൂട്ടും നിന്നു.അവന് നിന്നെ മതിയെന്ന് “