ദൈവമായി കയ്യിൽ കൊണ്ട് തന്ന അവസരമാണ്. കാത്തിരിക്കുക ആയിരുന്നു ഇതിന് വേണ്ടി….

❤️അനുരാഗം❤️ (ചെറുകഥ)

എഴുത്ത്: ശ്രാവണ മോൾ ❤️

“മേലിൽ ഇമ്മാതിരി തോന്ന്യാസം കൊണ്ടെന്റെ മുന്നിൽ കണ്ട് പോകരുത്.. ” മുഖമടച്ചൊരു അടിക്ക് പുറമെ വൈശാഖിന്റെ ആക്രോശമായിരുന്നു. ഒരു നിമിഷം അവിടമൊക്കെ നിശ്ചലമായി.

“കുറെ നാളായി ക്ഷമിക്കുന്നു. പാവങ്ങളല്ലേന്ന് ഓർത്തപ്പോ തലയിൽ കേറി നിരങ്ങുന്നോ? നിന്നോട് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിരുന്നോ ഇഷ്ടമാണെന്ന്?പറഞ്ഞോന്ന്? ” രണ്ട് തോളിലുമായി അവന്റെ കൈ മുറുകിയപ്പോ ലക്ഷ്മിക്ക് വേദന സഹിക്കാൻ കഴിഞ്ഞില്ല. അതിലുപരി അവനിൽ നിന്ന് ഉയരുന്ന ഒച്ചയും.

നിറഞ്ഞ മിഴികൾ തുളുമ്പി അവൾ ഇല്ലെന്ന് തലയനക്കി.

“നിന്നെ കെട്ടി കൂടെ പൊറുപ്പിച്ചോളാമെന്ന് എവിടെയാടി ഞാൻ പറഞ്ഞേ..? “

പറയെടി?”

“അങ്ങ… അങ്ങനെ.. പറഞ്ഞിട്ടില്ല…” ദയനീയമായിരുന്നു അവളുടെ ശബ്ദം.. ചുറ്റും കൂടി നിന്ന കണ്ണുകളിൽ ഞെട്ടലും അനുതാപവും കണ്ട് അവളുടെ ശിരസ്സ് കുനിഞ്ഞു പോയി..

“പിന്നെയെന്തിനാടി നാട് മുഴുവൻ നീ കൂവിക്കൊണ്ട് നടക്കുന്നത്.. ങേ..?”

അവളെ പിന്നിലേക്ക് തള്ളിയിട്ട് വൈശാഖ് അവൾക്ക് നേരെ ചീറി..

“മതി! നിർത്തു വൈശാഖ്. ഇത് പൊതു സ്ഥലമാണ് നിനക്ക് ബോധമില്ലേ..?”

“എനിക്കാണോ മധുവേട്ട ബോധമില്ലാത്തെ ഇത് പൊതു സ്ഥലമാണെന്ന് ഇവൾക്ക് അറിയാഞ്ഞിട്ടാണോ താന്തോന്നിത്തരം കാണിച്ചു നടക്കുന്നത്..കെട്ടി കൊണ്ട് പോകാൻ പറ്റിയ വസ്തു..”

“നിന്നോട് നിർത്താനാ പറഞ്ഞത്..” മധു അലറി.

അവന്റെ പെരുമാറ്റത്തിൽ നിഴലിച്ച വെറുപ്പ് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായപ്പോ ലച്ചു വായനശാലയിൽ നിന്നും ഇറങ്ങിയോടി..

“ഇത്രേം വേണ്ടായിരുന്നു വൈശാഖേ..”

വൈശാഖിനെ പിടിച്ചു വച്ച കൈ അയച്ചു കൊണ്ട് മധു പറഞ്ഞു.

“എന്ത് വേണ്ടെന്ന മധുവേട്ട.. ഇപ്പൊ തന്നെ ഇത്രേം ആയി ഇനീം ഞാൻ മിണ്ടാതെ ഇരിക്കണോ..എല്ലാറ്റിനും ഒരു പരിധി ഇല്ലേ..”

“എന്തോ എനിക്കറിയില്ല.. ലച്ചുനേ ഈ നാട്ടിൽ ആർക്കാ അറിയാത്തത്.. നീ ഇങ്ങനെ ആയിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നത്”

“എനിക്കറിയാം നിങ്ങൾ ഒക്കെ അവൾക്ക് വേണ്ടിയെ നിക്കുള്ളൂ ന്ന്. ഞാൻ പോവാണ് “

വൈശാഖും ഇറങ്ങി പോയതിന് പിന്നാലെ ഗിരിയും കണ്ണനും കൂടി ഇറങ്ങി. മധു തിരികെ കസേരയിൽ വന്നിരുന്നപ്പോ വായനശാലയിൽ ഉണ്ടായിരുന്നവർ പുസ്തകം തിരയാൻ തുടങ്ങി..

“ഡാ വൈശാഖേ നിക്കെടാ..”

അവൻ നിക്കാതെ നിവർന്ന് നടന്നത് കൊണ്ട് അവനൊപ്പം അവന്മാർ ഓടി എത്തി.

“എടാ.. ..”

“വേണ്ട ഗിരി ഞാനൊന്ന് ഒറ്റയ്ക്കിരിക്കട്ടെ.. “

പിന്നെ അവർ അവനെ തടഞ്ഞില്ല. അല്ലെങ്കിലും ഈ ഗ്രാമം മുഴുവൻ അവൾക്ക് വേണ്ടിയെ നിക്കു. അവൾക്ക് വേണ്ടി നിൽക്കാനേ പാടുള്ളൂ.

നീലമല ഗ്രാമം ഇന്നീ കാണുന്ന വിധം ഉയർത്തി എടുക്കാൻ അവളുടെ അച്ഛൻ കുറെ കഷ്ടപ്പെട്ടതാണ്. ഒടുവിൽ ജീവത്യാഗം തന്നെ ചെയ്തതാണ് .അമ്മയില്ലാത്ത കൈക്കുഞ്ഞുമായി വന്ന് ഒരു നാടിനെ തന്നെ ചേർത്തു നിർത്തിയ അദ്ദേഹത്തിന്റെ മകളെ ഈ ഗ്രാമമാണ് സംരക്ഷിക്കേണ്ടതും.

വായനശാലയും യുപി സ്കൂളും ചെറിയ കാത്തിരിപ്പ് കേന്ദ്രവും ട്രാൻസ്‌പോർട്ട് സൗകര്യം ഒക്കെ വാസുദേവന്റെ പിടിയാൽ ഈ ഗ്രാമത്തിന് കിട്ടിയ നേട്ടങ്ങളാണ്.

ആ ഇഷ്ടവും സ്നേഹവും ബഹുമാനവും ഒക്കെ കൊണ്ടാണ് ഈ നാട്ടിലെ ഓരോ വീട്ടിലും മകളെന്ന സ്ഥാനം കൈവാങ്ങി ലക്ഷ്മി വളർന്നത്.

കുറുമ്പും കുസൃതിയും നേരും നെറിയുമുള്ള പെണ്ണ്. അവളെ എല്ലാർക്കും ഇഷ്ടമാണ്.
വായനശാലയിൽ കൂടുന്ന കൂട്ടായ്മകളിൽ ഒക്കെ മുൻപന്തിയിൽ നിന്ന് നടത്തിക്കുന്ന പുതുതായി വന്ന കണക്ക് മാഷിനെ അവൾക്ക് അന്നേ ബോധിച്ചിരുന്നു.

ഉള്ളിൽ കള്ളമില്ലാത്തത് കൊണ്ടും എന്തും വെട്ടി തുറന്ന് പറയുന്ന കൂട്ടത്തിലും ഉള്ള അവൾ വായനശാലയിൽ വച്ച് ഒരുനാൾ പറയുകയും ഉണ്ടായി വൈശാഖ് മാഷിനെ അവൾക്ക് ഇഷ്ടമാണെന്ന്. അതിനും ആ ഗ്രാമത്തിലെ ഓരോ ആളും സാക്ഷിയാണ്.

തീപ്പൊരി പോലെയുള്ള പെണ്ണിനെ അവനും ഇഷ്ടമായിരുന്നു എന്ന് തന്നെയാണ് ഇന്ന് വരെ ഓരോരുത്തരും കരുതിയത്.

“പെട്ടെന്ന് എന്തേ വൈശാഖിന് പറ്റിയത്.. “

“അതിന് മാഷ് എന്നോട് ഇഷ്ടം ഒന്നും പറഞ്ഞില്ലല്ലോ ! ഞാൻ അല്ലെ വെറുതെ ഓരോന്ന് വിളിച്ചു കൂവി ആളെ മുഷിപ്പിച്ചത്..മാഷ് ചെയ്തത് തന്നെയാ ശരി..ഇങ്ങനെ വല്ലപ്പോഴും തല്ലും വഴക്കും ഒക്കെ കിട്ടിയാലേ ഞാൻ നന്നാവു ഗിരിയേട്ട..”

കാവിന് മുന്നിലെ ആൽത്തറയിൽ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു ലക്ഷ്മി. ഗിരിയും കൂട്ടരും അത് കണ്ട് അടുത്തേക്ക് ചെന്നതായിരുന്നു ആശ്വസിപ്പിക്കാൻ..

എല്ലാ സങ്കടവും സ്വയം പറഞ്ഞു കുറ്റം സ്വയം ഏറ്റെടുത്തു വിങ്ങൽ ഉള്ളിൽ ഒതുക്കി ഒരു ചിരിയോടെ നടന്നു പോകുന്ന അവളെ ഗിരി നിർവികരതയോടെ നോക്കി..

“പാവം പെണ്ണ്..” കണ്ണൻ ആരോടൊന്നില്ലാതെ പറഞ്ഞു.

തകർത്തു പെയ്യുന്ന മഴ അവളുടെ ദുഃഖമായിരുന്നു എന്ന് അവർക്ക് തോന്നി.

……………..

നാട്ടിലെ ഏത് പരിപാടിക്കും അച്ഛനെ പോലെ ഓടി നടക്കുന്ന കുറുമ്പി പെണ്ണിനെ പിന്നെ ഒന്നിനും കിട്ടാതെയായി. വൈശാഖിനെ അബദ്ധത്തിൽ കണ്ടാൽ ഒഴിഞ്ഞു നടക്കാൻ തുടങ്ങി. അവനത് കൂടുതൽ ആശ്വാസം ഉള്ളതായി തോന്നിയത് കൊണ്ട് ഗിരിയും കണ്ണനും നിർബന്ധിച്ചതുമില്ല. എന്നാൽ വൈശാഖും പിന്നെ വരാതെ ആയി. വായനശാലയിൽ ലച്ചു പോകാതെ ആയപ്പോ മധു അവളെ കാണാൻ ചെന്നു.

“അവൻ അന്നേരത്തിന്റെ ദേഷ്യത്തിന് ഓരോന്ന് പറഞ്ഞിട്ടാണോ മോളെ നീ പിന്നെ ഒന്നിനും വരാത്തത്?”

“ഏയ് ഇല്ല മധുവേട്ട..ഫൈനൽ ഇയർ ആയില്ലേ അതിന്റെ തിരക്ക്.. മാത്രമല്ല ആരെങ്കിലും ഒക്കെ കരുണ കാട്ടി പഠിക്കുന്നതല്ലേ നല്ലോണം പഠിച്ചില്ലേൽ നന്ദികേട് ആവും.. ” അവൾ ചിരിക്കാൻ ശ്രമിച്ചു.

“ആരാ മോളെ ഈ ആരെങ്കിലും ഒക്കെ ഈ ഞങ്ങളാണോ..”

മധു ദയയോടെ ചോദിച്ചു..”അയ്യോ മധുവേട്ട ഞാൻ അങ്ങനെ ഒന്നും കരുതിയല്ല..”

“പകരത്തിന് പകരമൊന്നുമല്ല നിന്നെ ഞങ്ങളുടെ മകളെ പോലെയാണ് സ്നേഹിക്കുന്നത്.. അവനും ഞങ്ങൾക്ക് അങ്ങനെ തന്നെ എന്ന് കരുതി രണ്ടിനെയും കളയാൻ ഉദ്ദേശിക്കുന്നില്ല.. “

“എന്റെ പരീക്ഷ കഴിയട്ടെ ഏട്ടാ അതിന് ശേഷം ഞാൻ വന്നോളാം.”

“നല്ലോണം പഠിക്കണം എട്ടാനാണ് പറയുന്നത് നിന്റെ സ്വന്തം ഏട്ടൻ. എന്ന് കരുതി അതൊരു ബാധ്യത ആക്കരുത്.നീ ഞങ്ങൾക്ക് ഒക്കെ നിധിയാണ്…”

അയാൾ ഇറങ്ങി നടക്കുന്നത് നിറഞ്ഞ മിഴിയോടെ അവൾ നോക്കി നിന്നു. മഴ അപ്പോഴും അവൾക്ക് മുന്നിൽ ആടി തിമിർക്കുകയായിരുന്നു.

മധുവേട്ടൻ പറഞ്ഞത് ശരിയാണ് അച്ഛനുള്ളപ്പോഴും താൻ ഇവരുടെ ഒക്കെ കയ്യിൽ തൂങ്ങിയാണ് നടക്കാൻ പഠിച്ചതും അക്ഷരം എഴുതി തുടങ്ങിയതും ഒക്കെ.അച്ഛന് ശേഷവും ആ കുറവ് നികത്തിയത് ഇവരൊക്കെ തന്നെയാണ്. എന്തിനും ഏതിനും ഏത് നേരത്തും തനിക്ക് ചുറ്റിനും ഒരുപാട് കൈകൾ ഉണ്ടായിരുന്നു.

പുതുതായി രണ്ട് വർഷങ്ങൾക്ക് മുന്നേയാണ് പണ്ട് ഈ നാട്ടിൽ താമസിച്ചിരുന്ന കൃഷ്ണൻ കുട്ടി മാഷിന്റെ മകൻ സ്കൂളിൽ പഠിപ്പിക്കാൻ വരുന്നത്. നല്ല മാഷും നല്ല കൂട്ടുകാരനും പ്രാസംഗകനും ഒക്കെയായി മനസ്സിൽ കയറാൻ ഒത്തിരി നാളുകൾ വേണ്ടി വന്നില്ല.

ഏത് കാര്യത്തിനും ഉത്സാഹിച്ചു നിക്കുന്ന തന്റെ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്ന തന്നെ പോലെ ഒത്തിരി വായിക്കുന്ന മാഷിനെ നെഞ്ചിൽ കയറ്റി വെച്ചത് പോലും സ്വയം അറിഞ്ഞില്ല.

മൂടിവെക്കാൻ രഹസ്യങ്ങൾ ഒന്നും അതുവരെ ഇല്ലാത്തത് കൊണ്ട് തന്നെ ആ ഇഷ്ടവും മൂടി വെക്കാൻ കഴിഞ്ഞില്ല. ഒരു കുഞ്ഞ് കുസൃതി ചിരിയോടെ തന്റെ ചൊല്ലുകൾ കേട്ടിരിക്കുന്ന മാഷിനും ഇഷ്ടം ഉണ്ടാകുമെന്ന് കരുതി..

റീനയും ജ്യോതിയും ഒക്കെ കല്യാണത്തെ പറ്റി പറഞ്ഞപ്പോ മറുത്തൊന്നും ആലോചിക്കാതെ ഞങ്ങൾ കെട്ടാൻ പോകുന്നു എന്ന് പറഞ്ഞതും അതുകൊണ്ടാണ്.

അമ്മൻ കോവിലിൽ താലി പൂജിച്ചു വാങ്ങിയതും അത് കാട്ടി വായനശാലയിൽ വീമ്പ് പറഞ്ഞതും ഒക്കെ ഇഷ്ടം കൊണ്ടാണ്. അന്നുവരെ നടക്കാതെ പോയ ഒരു മോഹവും ഇല്ല. എല്ലാം ഞാനറിയാതെ നടത്തി തരാൻ ഒരു ഗ്രാമം തന്നെ ഉണ്ടായിരുന്നത് കൊണ്ടാകും.

നിറഞ്ഞു തുളുമ്പുന്ന മിഴികൾ തുടച്ച് കൊണ്ട് ലച്ചു അകത്തേക്ക് കയറിപ്പോയി. അച്ഛന്റെയും അമ്മയുടെയും ഫോട്ടോക്ക് പിന്നിൽ അന്ന് പൂജിച്ചു വച്ച താലി എടുത്തു നോക്കി. പരിഹാസം കലർത്തിയ മങ്ങിയ ചിരി ആ ചുണ്ടിൽ ഉണ്ടായി.

ആദ്യമായി അച്ഛനും അമ്മയും ഇല്ലാത്തതിനാൽ അവൾക്ക് ദുഃഖം തോന്നി..

……………….

അന്ന് നല്ല മഴയുള്ള ദിവസമായിരുന്നു. കോളേജിൽ പ്രോജക്ട് സബ്മിറ്റ് ചെയ്തു വരുന്ന വഴിയായിരുന്നു. മഴയത്ത് ബസ് കിട്ടാതെ സ്റ്റാൻഡിൽ വന്നാണ് ഗ്രാമത്തിലേക്ക് ബസ് കിട്ടിയത്.. അത് പോകാനായി സ്റ്റാർട്ട് ആക്കി നിക്കുന്നത് കണ്ട് നനഞ്ഞ ബാഗും ഷാളും ഒക്കെ ചുരുട്ടി പിടിച്ച് ഓടി കയറുക ആയിരുന്നു.

അകത്തേക്ക് കയറി ഡോർ അടച്ചു ബസിന് അകം നോക്കുമ്പോ എല്ലാ സീറ്റും നിറഞ്ഞിരുന്നു. ഏറ്റവും മുന്നിലായി രണ്ടുപേർക്ക് ഇരിക്കാൻ പറ്റുന്ന ഒന്നിൽ മാത്രം ഒരു സീറ്റ് ഒഴിഞ്ഞു കിടന്നു. അവൾ ഓടി മുന്നിൽ വന്ന് ഇരിക്കാൻ നോക്കിയപ്പോ ആണ് അടുത്തിരിക്കുന്ന ആളെ കണ്ടത്..

“മാഷ്..” ഒന്ന് പതറി എങ്കിലും അവൾ അവിടെ ഇരിക്കാതെ കുറച്ചു പിന്നിലായി നിന്നു. ഇട്ടിരുന്ന ചുരിദാർ ദേഹത്ത് ആകെ നനഞ്ഞൊട്ടി കിടന്നത് കൊണ്ട് തന്നെ അങ്ങനെ നിക്കാൻ മനസ്സ് വന്നില്ലേൽ പോലും മാഷിനെ കാണാതെ അവൾ പിന്നിലായി തന്നെ നിന്നു.

“അങ്ങോട്ട് എവിടെയെങ്കിലും ഒന്നിരിക്ക് കൊച്ചേ..”

കണ്ടക്ടറുടെ ശബ്ദം കേട്ട് ഏതാണ്ട് ആ ഭാഗത്തെ എല്ലാരും തിരിഞ്ഞു നോക്കി. വൈശാഖും നോക്കിയപ്പോ തന്നെ നോക്കി പകപ്പോടെ നിക്കുന്ന ലച്ചുവിനെയാണ് കണ്ടത്..

കണ്ടക്ടറും ബസിലെ ഏതാനും യാത്രക്കാരും ഒരുമാതിരി പന്തിയല്ലാതെ നോക്കുന്നത് കണ്ട വൈശാഖ് അവളെ അവിടെ ഇരിക്കാൻ പറഞ്ഞു.

സാഹചര്യം മോശമായത് കൊണ്ട് അവൾ അവിടെ മനസ്സില്ലാമനസ്സോടെ ഇരുന്നു.

“ഇനി എങ്ങോട്ടാ ?”

കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോ അവൾക്ക് മുന്നേ മറുപടി വന്നത് വൈശാഖിൽ നിന്നായിരുന്നു.

“രണ്ട് നീലമല..”

“അങ്ങാടിയോ ? പാലത്തുകടവോ?”

“പാലത്തുകടവ്”

അയാൾ ടിക്കറ്റും തന്ന് പോയി. രണ്ടും വാങ്ങി വൈശാഖ് പോക്കറ്റിൽ വച്ചു.

ലച്ചുവിന് ആകെ പരിഭ്രമം തോന്നി. അന്നത്തെ സംഭവത്തിന് ശേഷം ഇങ്ങനെ ഒരു കാഴ്ച ഇപ്പോഴാണ്. നനഞ്ഞ ശരീരം അവൾ ഷാള്കൊണ്ട് പുതച്ചു.

“നീ കോളേജിൽ നിന്നെ നനഞ്ഞോ?” ഓടുന്ന ബസിന്റെ ഇരമ്പലിന് ഒപ്പം ആ ശബ്ദം കാതിൽ മുഴങ്ങി.. അവൾ നോക്കുമ്പോ റോഡിലെ കാഴ്ചളിലേക്കാണ് നോട്ടം.

“അതുപിന്നെ ബസ് ഒന്നും കിട്ടിയില്ല. “

“കുടയില്ലേ കയ്യിൽ..”

“എടുക്കാൻ മറന്നു.” അവൾ അലസമായി പറഞ്ഞു മുന്നിലേക്ക് നോക്കി…

പാലത്തുകടവ് എത്തും വരെയും പിന്നെ ബസിന്റേ കടകട ശബ്ദമായിരുന്നു അവർക്ക് ഇടയിൽ ഉണ്ടായിരുന്നത്…

നനവോടെ ഇറങ്ങി നടക്കുന്ന അവൾക് പിന്നാലെ അവൻ കുടയുമായി നടന്നു.

വായനശാല വഴി വീട്ടിലേക്ക് പോകാൻ തുനിഞ്ഞ അവളെ വൈശാഖ് തടഞ്ഞു.

“ഈ കോലത്തിൽ കവല വഴി പോകണ്ട. ബാ കാവ് വഴി കൊണ്ടാക്കി തരാം..”

കയ്യകലം നിന്ന അവളെ കുടയ്ക്ക് കീഴിൽ ആക്കി അവൻ നടന്നു.

ഉള്ളിൽ പെരുമ്പറ മുഴങ്ങുകയിരുന്നു ലച്ചുവിന് എന്താണ് സംഭവിക്കുന്നത്..അവൾ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി. മഴത്തുള്ളി മുഖത്ത് ചാറ്റൽ അടിച്ചു നീരൊഴുക്ക് പോലെ ഒഴുകി താഴേക്ക് വീഴുന്ന കാഴ്ച മനസ്സിൽ ഒപ്പിവച്ചു.

കാവ് എത്തിയതും അവനൊന്നു നിന്നു. ആൾസഞ്ചാരം തീരെ ഇല്ലാത്ത വഴി അവൾക്ക് പരിഭ്രമം ആയി…

“ഈ കാവിൽ അല്ലെ നീ താലി പൂജിച്ചത്?”

ഇടിമുഴക്കം പോലെ എന്തോ ഒന്ന് ഉള്ളിൽ വീണ് പൊട്ടിയത് അവൾ അറിഞ്ഞു.

അവൻ കുട മടക്കി അവളെ പാറയുടെ നേർക്ക് കൊണ്ട് ചാരി നിർത്തി.

മഴയുടെ തണുപ്പിൽ വിറച്ചു കൊണ്ടിരുന്ന ദേഹം ഒന്നുകൂടി തളരുന്നത്പോലെ അവൾ ചുറ്റും നോക്കി…

“എന്താ പേടിയാണോ തീപ്പൊരി പെണ്ണിന്..” മുണ്ടു മടക്കി കെട്ടി അവൻ കൂടുതൽ അടുത്തായി അവൾക്ക് നേരെ ചേർന്ന് നിന്ന് ചോദിക്കുമ്പോ അവൾക്ക് അതിശയവും ഭയവും തോന്നി..

നനവുള്ള കൈത്തലം പൊക്കി അവളുടെ ഇടത് കവിളിൽ പിടിച്ചു.

“ഇവിടെയാണോ അടിച്ചത് ?”

“ദൈവമായി കയ്യിൽ കൊണ്ട് തന്ന അവസരമാണ്. കാത്തിരിക്കുക ആയിരുന്നു ഇതിന് വേണ്ടി..”

ലച്ചു കരയും എന്നായി എങ്കിലും തലയനക്കി ആണെന്ന് കാട്ടി.

അവൻ അല്പം കൂടി ചേർന്ന് നിന്ന് ആ കവിളിൽ നനഞ്ഞ ചുണ്ടുകൾ അമർത്തി..

ഉള്ളിന്റെയുള്ളിൽ നിന്നും ശരീരം മുഴുവൻ വൈദ്യുതി കടന്ന് വന്നത് പോലെ അവളൊന്ന് ഞെട്ടി വിറച്ചു.

“നിനക്ക് എന്നെ കെട്ടണോ..”

ആ സമയത്തെ പരിഭ്രാന്തിയിൽ അവൾ വേണമെന്ന് തന്നെ തലയാട്ടി…

വൈശാഖ് അല്പം കൂടി കുനിഞ്ഞു വന്ന് അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി.

ശേഷം അവളെ വാരി പുണർന്നു

“ഇഷ്ടമാടി എനിക്കും നിന്നെ..പക്ഷെ അത് നീ അന്ന് നാട്ടിൽ കൊട്ടി ഘോഷിച്ചത് പോലെ അല്ല പറയാൻ ആഗ്രഹിച്ചത്…അത് ഇഷ്ടമാകാത്തത് കൊണ്ടുമല്ല, എല്ലായിടത്തും എനിക്ക് മുന്നേ ജയിക്കുന്ന നിന്നെ ഇവിടെ ഈ സ്നേഹത്തിന് മുന്നിൽ എങ്കിലും തോൽപിക്കണം എന്ന് കരുതി. പക്ഷെ അവിടെയും നീയെന്നെ അന്ന് തോല്പിച്ചപ്പോ തോന്നിയ ദേഷ്യംപക്ഷെ അതിന് ശേഷം അറിയുകയായിരുന്നു നിന്നോട് എനിക്ക് ഉണ്ടായിരുന്ന ഇഷ്ടത്തിന്റെ ആഴം..നീ ഒഴിഞ്ഞു മാറുമെന്ന് കരുതിയില്ല. വീണ്ടും എന്റെ അടുക്കൽ ഓടി എത്തുമെന്ന് കരുതി. ആ അകൽച്ച എന്നെ വല്ലാതെ തളർത്തി പെണ്ണേ..ഞാൻ ഇല്ലാതെ ആയി. നിന്നെ കാണാൻ വരുമ്പോ ഒക്കെ നീ അകന്ന് പോയപ്പോ എന്തെന്നില്ലാത്ത വേദന ഇവിടെ .. “

നെറുകയിൽ ഒന്ന് കൂടി മുത്തി അവളെ അടർത്തി മാറ്റുമ്പോൾ ലച്ചു കരയുകയായിരുന്നു.

“ഏയ് എന്തിനാ എന്റെ കാന്താരി കരയുന്നത്…ഞാൻ ഒരു കുഞ്ഞു കുറുമ്പ് കാണിച്ചതല്ലേ…മാപ്പ് ഇനി ഒരിക്കലും ആവർത്തിക്കില്ല.ഞാൻ വരുന്നുണ്ട് നീ പൂജിച്ചു വച്ച താലി കെട്ടി തരാൻ, ഈ നാട്ടിലെ ഓരോ കുരുന്നിനെയും കൊണ്ട് അവരുടെ ഒക്കെ ഈ തീപ്പൊരി പെണ്ണിനെ എനിക്ക് തരുവോ എന്ന് ചോദിക്കാൻ..”

അവൾ ഒന്നും പറയാതെ അവന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു. അവളെ അവനും ചേർത്തു പിടിച്ചു…

അവൾ നിവർന്ന് നോക്കി ഒന്ന് ഉയർന്ന് അവന്റെ കവിളിൽ ഒന്ന് മുത്തി..ശേഷം ഓടാൻ തുനിഞ്ഞ അവളെ അവൻ പിടിച്ചു പാറയിൽ അമർത്തി നിർത്തി.

വിറക്കുന്ന അധരങ്ങൾ മഴയിൽ ഒന്ന് കൂടി മധുരം നുണഞ്ഞു.. തെന്നി മാറുന്ന കൈകളെ പിടിച്ചു വച്ചവൾ അവനെ ഉന്തി മാറ്റി..കണ്ണുകൊണ്ട് എന്തൊക്കെയോ പരസ്പരം കൈമാറുമ്പോൾ ഇനി ഒരു നിമിഷം അകന്നിരിക്കാൻ ആവില്ലെന്ന് തിരിച്ചറിയുകയായിരുന്നു.

“പോടാ ദുഷ്ടാ…”

“നിന്നെ ഞാൻ എടുത്തോളാ “

വീണ്ടും അവളിലേക്ക് അടുത്ത അവനെ തള്ളി മാറ്റി ചിരിയോടെ ഓടുന്ന ലച്ചുവിനെ നോക്കി അവനാ പാറയിൽ തന്നെ ചാരി നിന്നു…

“ഇനി ഒരിക്കലും വിട്ട് കൊടുക്കില്ല നിന്നെ.. മാപ്പ് എന്റെ കാന്താരി ..”

മഴ ആ കാവിനുള്ളിൽ നിന്ന് അവരിലേക്ക് പെയ്യുകയായിരുന്നു ഒരു പ്രണയമഴയായി…

അവസാനിച്ചു