എഴുത്ത്: മനു പി എം
ജോലിയില്ലാത്തോണ്ട് വൈകി എഴുന്നേറ്റ് മുറ്റത്ത് പല്ലു തേച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അളിയനും ചേച്ചിയും കരറി വരുന്നത്..
തേച്ചു കൊണ്ടിരുന്ന വിരൽ വായേൽ ഇട്ടു ഞാനവളെ നോക്കി ..കണ്ണുമിഴിച്ചു നിൽക്കുമ്പോൾ ..
ന്താട നോക്കുന്നേന്ന്… പറഞ്ഞു ൻെറ കൈയ്യിൻെറ തൊടയിൽ നുള്ളിയിട്ടവൾ വീട്ടിലേക്ക് കയറിയത്…
പിന്നാലെ വന്ന അളിയൻ ചിരിച്ചു കൊണ്ട് ഇന്ന് ജോലിയില്ലെ ചോദിച്ചു…
ഇല്ലെന്ന് പറഞ്ഞു. അളിയനെ അവിടെ പിടിച്ചു നിർത്തി .
എന്തളിയ പറയാതെ ഒരു വിരുന്നു വരവ്.. വല്ലതും സംഭവിച്ചോ.അവളെന്തെങ്കിലും ചെയ്തോ…..
അത് എന്നോട് പറഞ്ഞ എനിക്ക് അറിയില്ല ഭീക്ഷണി ഉണ്ടായിരുന്നു അവളിന്നലെ തൊട്ടു പറയാണ് നമ്മുക്ക് ഒന്ന് വീട്ടിൽ പോയാലോ ഏട്ടാന്ന്. .
അപ്പോൾ ഞാനവളോട് പറഞ്ഞതാണ് വിളിച്ച് പറഞ്ഞിട്ട് ഒരു ദിവസം നമ്മുക്ക് പോയാൽ മതിയല്ലോന്ന്..
അപ്പോഴവള പറഞ്ഞു അതു വേണ്ട പറയാതെ പോയാൽ മതിയെന്ന്..
അതും പറഞ്ഞു അളിയെനെൻെറ തോളിൽ തട്ടി ..
തട്ട് കൊണ്ട് അഴിഞ്ഞു വീഴാൻ പോയ മുണ്ട് ഒന്ന് കേറ്റി കുത്തി അളിയനൊന്നും കണ്ടില്ലെന്ന് ഉറപ്പായ്..
അളിയൻ ചെല്ല് വന്ന കാലിൽ നിൽക്കാതെ ഒരു രണ്ടു മിനിറ്റ് കഴിഞ്ഞ ഞാനിപ്പോൾ വരാന്ന് പറഞ്ഞു മെല്ലെ കിണറ്റിൻ കരയിലേക്ക് നടന്നു…
രണ്ടു ദിവസം മുന്നെ എൻറെ നെഞ്ചിൽ മാന്തി പൊളിച്ചു പോണില്ലാട പറഞ്ഞു മോങ്ങിയിട്ടു പോയവള…
ഇന്നലെയൊന്നും സംഭവിച്ചില്ല ഭാവത്തിൽ കയറി വന്നേക്കുന്ന്…
കിണറിന്റെ അടുത്ത് നിൽക്കുമ്പോൾ അവള് വസ്ത്രം മാറി എൻറെ അടുത്ത് വന്നത്..
ആദ്യം കണ്ടാപ്പോൾ മനസ്സൊന്നു നീറി ഇന്നലെ വരെ എൻറെ ജീവനിൽ അലിഞ്ഞവൾ ഇന്നെനിക്കു എന്നിൽ നിന്നും ഒരുപിടി അകലേക്ക് അകന്ന പോലെ ..
നിറഞ്ഞു വന്ന കണ്ണുകൾ അവളറിയേണ്ട വച്ചു ഒരു കോപ്പ വെള്ളമെടുത്ത് മുഖത്തൊഴിച്ചു മുഖം കഴുകി പക്ഷേ മുഖത്തെ വെള്ളം തുടക്കാൻ തോന്നിയില്ല കണ്ണുനീര് ഒഴുകുമെന്ന് അറിയുന്നു കൊണ്ട് നനഞ്ഞ മുഖവും വച്ചു അവളെ നോകിയങ്ങനെ നിന്നു..
ടീ.. നീ ഇപ്പോൾ അമ്മച്ചിയായ പോലെ ആയിട്ടാ .രണ്ടു ദിവസം കൊണ്ട് ആകെ മാറിയെടി..
ഹോ..ടാ ചെക്കാ നിനക്ക് സുഖല്ലെ ഞാനില്ലാത്ത് കൊണ്ട്ണ്ട് എൻറെ ഭാഗവും ഇരുന്നു തിന്നാലോ …
ഞാൻ ഒന്നും പറഞ്ഞില്ല…
അല്ലെങ്കിൽ എടിയെന്ന് പറഞ്ഞു ഞാനവളെ തല്ലാൻ നോക്കും പക്ഷെ ആ നിമിഷം എന്തോ മനസ്സു വന്നില്ല .. .
പക്ഷെ സത്യമായിട്ടും അവള് പോയതിന് ശേഷം ഞാൻ അങ്ങനെ രുചിയോടെ ഒന്നും കഴിച്ചിട്ടില്ല.. ചിലപ്പോൾ രുചിയുണ്ടെങ്കിലും ചങ്കിലൊരു കൈപ്പു ഉണ്ടെന്ന് ചില ദിവസങ്ങളിൽ ചോറിറങ്ങുമ്പോൾ തോന്നും..
നനഞ്ഞ കൈയ്യ് മുണ്ടിൽ തുടച്ചു ഞാനവളെ എന്നോട് ചേർത്ത് ..പിടിച്ച്ചോദിച്ചു..
എങ്ങനെ ഉണ്ട് അവിടെ ഒക്കെ..
കുഴപ്പമില്ലെടാ.. നിനക്ക് പണിയില്ലെ..
ഇല്ലാ..ഇല്ലാഞ്ഞത് ഭാഗ്യം എന്നാലും നീ വരുന്നുണ്ടെങ്കിൽ ഒന്നു വിളിച്ചു പറയാമായിരുന്നില്ലെ ചേച്ചി..
എനിക്ക് അതിനു ഒന്നും നേരം കിട്ടിയില്ല നീയില്ലാത്ത വീടായോണ്ട് ഒരു സന്തോഷം തോന്നിയില്ല അതാ ഇങ്ങോട്ട് ഓടി വന്നു ചെക്കാ…
അപ്പോഴേക്കും അളിയൻ ആരോടൊ ഫോണിൽ സംസാരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി വന്നു അതു കണ്ടു അവൾ. അളിയനു അടുത്തേക്ക് നടന്നു പോകുമ്പോൾ നെഞ്ചിലൊന്നു പൊള്ളി… .
എവിടെ പോയാലും എന്നോട് ചേർന്നു എന്നിൽ നിന്നും മറ്റൊരാളുടെ അടുത്തേക്ക് മാറാതെ നിന്നവൾ ഇന്നിപ്പോൾ ഒരു വാക്കു പോലും പറയാതെ അകന്നു പോകുന്നു…
വേഗം വീടിനുള്ളിലേക്ക് കയറി അമ്മയോട് വേണ്ട സാധനങ്ങളുടെ ലീസ്റ്റ് വാങ്ങി ഒരു ഷർട്ടെടുത്ത് .. ഇറങ്ങി ..കൂടെ വരാമെന്ന് പറഞ്ഞ അളിയനോട് അളിയനിവിടെ നിന്നോ പറഞ്ഞു തീരന്നാപ്പോഴേക്കും അളിയൻ കൈ മടക്കി മറുകൈ കൈ മുട്ടിനു താഴെ പിടിച്ചു എനിക്ക് സിഗ്നൽ തന്നു കഴിഞ്ഞിരുന്നു…
ഉച്ചയ്ക്ക് ഒന്നിച്ചു ചോറുണ്ണുമ്പോൾ .. ചേച്ചിയെ ഞാൻ പറഞ്ഞു ഇപ്പോഴ ഇത്രയും ചോറും കറിയും രുചിയോടെ തിന്നുന്നെന്ന്. ..
അതെന്താ.. നീ പട്ടിണി കിടക്കായിരുന്നോ…
അതല്ലെടി നീ പോയതിന് ശേഷം ഞാൻ ഇവിടെ ഇരുന്നു ചോറുണ്ടിട്ടില്ല .. ചിലപ്പോൾ നീയില്ലാത്തോണ്ട് ഇതിനുള്ളിലേക്ക് നേരത്തെ കയറി വരാനും തോന്നിയില്ല. ..
അതു കേട്ടതും ചോറ് വാരി കൊണ്ടിരുന്ന അവളുടെ കൈ തളർന്നു വീണ പോലെ പിടിവിട്ടു വറ്റുകൾ പ്ലേറ്റിലേക്ക് വീണു …
തേങ്ങി കരഞ്ഞു കൊണ്ട് അവൾ അളിയനെ നോക്കിയിട്ട് പറഞ്ഞു ..നോക്കേട്ടാ ഈ തെണ്ടി എന്നെ എപ്പോഴും ഇങ്ങനെ കരയിക്കുന്നു പറഞ്ഞു കൊണ്ട് മുഖം കുമ്പിട്ടു കരയുമ്പോൾ…
അയ്യേ ഞാൻ വെറുതെ പറഞ്ഞതാന്ന് പോത്തെന്ന് പറഞ്ഞവളുടെ അടുത്തേക്കിരുന്നു അവൾക്കിത്തിരി ചോറു വാരി കൊടുക്കുമ്പോൾ കറി പുരണ്ട കൈൾ കൊണ്ടവൾ എത്ര തവണയാണ് എൻറെ നെഞ്ചിൽ തല്ലിയതെന്ന് എനിക്കറിയില്ല…
അന്ന് രാത്രി അളിയനൊത്ത് സങ്കടം കൊണ്ട് കൊണ്ട് വന്ന കുപ്പിയിലെ മൂക്കാലു ഭാഗവമെടുത്ത് നന്നായ് വീശിയിട്ട്. അളിയനോട് പറഞ്ഞു.
എൻറെ ജീവനെ അളിയനെങ്ങാനും നുള്ളി നോവിച്ച മുട്ടുക്കാല് തല്ലിയൊടിക്കും കെട്ടല്ലോ..അളിയാ…
ബോധമില്ലാത്ത് കൊണ്ട് അളിയൻ പറഞ്ഞു നീ പേടിക്കേണ്ട അവളെ ഇടവലം നടന്ന് പൊന്നു പോലെ നോക്കൂന്ന് …
അതും പറഞ്ഞ് അളിയനന്ന് കിടക്കാൻ നേരത്ത് ഗുഡ് നൈറ്റ് പറഞ്ഞു മുറിയിലേക്ക് പോയത്….
നിമിഷ നേരത്തിൻെറ ആയുസ്സെ ആ പോക്കിന് ഉണ്ടായിരുന്നൊള്ളു പോയ പോക്കിന് അളിയൻ തിരിച്ചു വന്നു ഇടന്നാഴികയിൽ കിടന്ന്. ഞാൻ ഇടത്തോട്ടും അളിയൻ വലത്തോട്ടുമായ് നോക്കിയിട്ട കിടന്നുറങ്ങിയത്…
പിറ്റേന്ന് പോകാൻ ഒരുങ്ങിയ അവളുടെ മനസ്സ് പോകാനക്കാതെ എന്നോട് എന്തല്ലാമോ പറയാൻ കൊതിച്ചു കരഞ്ഞു കണ്ടവൾ എന്നെ മുറുകെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ സങ്കടം കൊണ്ട് അളിയനെ നോക്കി….
അന്നവൾ കതിർ മണ്ഡവത്തിൽ നിന്നും ഇറങ്ങി പോകുമ്പോൾ കരയാൻ പോലും ആകാതെ നിന്നു പോയ ഞാൻ ആ നിമിഷം ഉള്ളിൽ നെഞ്ചു പൊട്ടി കരഞ്ഞു കഴിഞ്ഞിരുന്നു.
പടി കെടന്ന് പോകുന്നവൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു വേദനയോടെ അമ്മയെ ചോദിച്ചു..
അവൾ പോയി …അല്ലെ….