ചില കമന്റുകൾ
Story written by Bradley Bibin
” ടെക്സ്റ്റൈയിൽ ജീവനക്കാരി കൂട്ട ബ ലാൽസംഘത്തിനിരയായി “
മാളവിക രാവിലെ ഉറക്കം ഉണർന്നതു tv യിൽ നിന്നുള്ള ഈ ന്യൂസ് കേട്ടുകൊണ്ടാണ്. ഉറക്കച്ചടവോടെ ഹാളിലേക്ക് ചെന്നതും അമ്മയും അച്ഛനും മുത്തശ്ശിയും എല്ലാം tv യ്ക്ക് മുന്നിൽ തന്നെ ഉണ്ട്. തൊട്ടടുത്ത നാട്ടിൽ നടന്ന സംഭവം ആയതിനാലും ആ പെൺകുട്ടിയെ കണ്ടു പരിചയം ഉള്ളതിനാലും മാളവികയും അമ്പരപ്പോടെ ന്യൂസ് കണ്ടുകൊണ്ടിരുന്നു.
” ജോലി കഴിഞ്ഞു തിരികെ വരും വഴി ജനവാസം ഇല്ലാത്ത ഇടത്തു വെച്ചാണ് ബലാത്സംഘം നടന്നത്..രാത്രി 9 മണിയോട് അടുത്തായിരുന്നു സംഭവം.ജോലി കഴിഞ്ഞു തിരികെ വരും വഴി സുഹൃത്തിന്റെ വീട്ടിൽ കയറുകയും ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. തുടർന്നു വീട്ടിലേക്ക് വരും വഴിയാണ് യുവതി കൂട്ട ബ ലാൽസംഘത്തിന് ഇരയായത്… “
ന്യൂസ് റീഡർ പറയുന്നതിനോടൊപ്പം സ്ക്രീനിനു താഴെ വാർത്ത ബ്രേക്കിങ് ന്യൂസ് ആയി എഴുതിവരുന്നുമുണ്ട്.
” കഷ്ടം തന്നെ ആ കുട്ടിയുടെ കാര്യം..ദിവസവേധനത്തിന് പണിയെടുത്താ ആ കുടുംബം നോക്കിക്കൊണ്ട് ഇരുന്നത്.. Textile ഷോപ്പിലെ പണി കഴിഞ്ഞു രാത്രി വൈകിയും ഒന്ന് രണ്ടു ഇടത്തു ചെന്നു കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചുമൊക്കെയാ ആ കുട്ടി കുടുംബം നോക്കിയിരുന്നത്… അതിനു ഇടയിൽ ആരാണോ അതിനോടീ മഹാപാപം ചെയ്തത്…. ” അമ്മ tv കണ്ടുകൊണ്ട് പുലമ്പികൊണ്ടിരുന്നു.
മുത്തശ്ശിയും അച്ഛനും അമ്മ പറയുന്നത് ശെരി എന്ന രീതിയിൽ ഇരുന്നു.
മാളവികയും വിഷമത്തോടെ അവർ പറയുന്നത് ശെരി ആണല്ലോ എന്നോർത്തു. പലപ്പോഴും കണ്ടിട്ടുണ്ട് ആ കുട്ടിയെ… ഒരു സമയം പോലും വെറുതെ ഇരിക്കില്ല.. പറ്റുന്ന പണിയ്ക്ക് എല്ലാം പോകും, BA വരെ പഠിച്ചതാണ്. നല്ലൊരു ജോലി കിട്ടാത്തത് കൊണ്ടും വീട്ടിലെ സാഹചര്യം ഓർത്തും textile ഷോപ്പിൽ സെയിൽസ്ഗേൾ ആയി കയറി. കൂടെ ട്യൂഷനും മറ്റും ഉള്ളതോടൊപ്പം തുടർ പഠനവും കൊണ്ടു പോകുന്നുണ്ട്.. അവൾ കഠിനമായി അധ്വാനിക്കുന്നത് പോലും ആ കുടുംബത്തെ ഓർത്തു മാത്രമാണ്..”.. ആ കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ മാളവികയ്ക്ക് വല്ലാത്ത വിഷമം ഉണ്ടായി.
രാവിലെ റെഡി ആയി കോളേജിലേക്ക് പോകുമ്പോഴും അവളുടെ മനസ് മുഴുവൻ ആ പെൺകുട്ടിയ്ക്ക് ഒപ്പം ആയിരുന്നു. തിരക്കുള്ള ബസിൽ ഒരു സീറ്റ് കിട്ടിയപ്പോൾ മാളവിക അവിടെ ഇരുന്നു.. വെറുതെ ഫോൺ ഓൺ ചെയ്തു ഫേസ്ബുക്കിലൂടെ സ്ക്രോൾ ചെയ്യുമ്പോഴാണ് അവളാ ന്യൂസ് കണ്ടത്..
” രാത്രിയിൽ birthday party കഴിഞ്ഞ വരുന്ന വഴി യുവതിക്ക് ക്രൂരബ ലാൽസംഘം..” എന്ന ഹെഡ്ലൈനോട് കൂടി ആ വാർത്ത കിടക്കുന്നു. മൂവായിരത്തിലധികം ആളുകൾ ആ വാർത്തയോട് react ചെയ്തിട്ടുമുണ്ട്. വെറുതെ ന്യൂസിലൂടെ കണ്ണോടിച്ച ശേഷം അവൾ കമന്റ്സ് ഓപ്പൺ ആക്കി.. അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിപ്പോയി.
പല രീതിയിലുള്ള കമന്റ്സ് ആയിരുന്നു അവിടെ അവൾക്ക് കാണാൻ കഴിഞ്ഞത്.
” ഇവൾക്കൊക്കെ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു… അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാതെ രാത്രിയിൽ party കൂടി നടക്കുന്നു “
ഒരു സ്ത്രീയുടെ കമന്റ് ആണ്.
” ഇപ്പോഴത്തെ പെണ്ണുങ്ങളെ പറഞ്ഞാൽ മതിയല്ലോ.. സ്ത്രീ സ്വാതന്ത്ര്യം എന്നും പറഞ്ഞു പാതിരാത്രി ഇറങ്ങി നടന്നോളും.. അതല്ലേ ഇങ്ങനെ വന്നത്.. ” ഒരു ചേട്ടന്റെ കമന്റ്.. രാത്രി 9 മണി എന്ന് മുതലാണ് പാതിര ആയതെന്ന് മാളവിക മനസിലോർത്തു.
“ആ കുട്ടിയ്ക്ക് സംഭവിച്ചതിൽ സങ്കടം ഉണ്ട്… സ്വയം സൂക്ഷിക്കേണ്ടത് ആയിരുന്നു. രാത്രി പുറത്ത് ഇറങ്ങേണ്ടുന്ന ആവിശ്യം ഉണ്ടെങ്കിൽ പെൺകുട്ടികൾക്ക് അച്ഛനെയോ അങ്ങളെയോ ഒപ്പം കൂട്ടാമല്ലോ… അല്ലാത്തത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്..” മറ്റൊരു സ്ത്രീ അഭിപ്രായം പറഞ്ഞു. അപ്പൊ അച്ഛനും ആങ്ങളയും ഇല്ലാത്ത പെൺകുട്ടികൾക്ക് രാത്രി അത്യാവശ്യമായി പുറത്ത് പോകേണ്ടി വന്നാൽ എന്ത് ചെയ്യും..!! മാളവിക ചിന്തിച്ചു.
” ആ പെണ്ണിന്റെ അഹങ്കാരം ഇതോടെ തീർന്നു കാണും… ” വേറൊരു ആളുടെ കമന്റ് ആണ്.
“പെണ്ണിന്റെ അഹങ്കാരം തീർക്കാനുള്ള ഉപാധി ആണോ ബ ലാത്സംഘം… ” മാളവിക പല്ല് ഞെരിച്ചു.
“ഇവൾക്കൊക്കെ ഇതൊന്നും പുത്തരി ആയിരിക്കില്ലന്നെ.. സ്ഥിരം രാത്രി ജോലി കഴിഞ്ഞു വരുന്നവളുമാർ അല്ലെ..ഇതല്ല ഇതിനപ്പുറം ദിവസവും നടക്കുന്നത് ആകും.. ഇതിപ്പോ വാർത്ത ആയപ്പോ നാലാൽ അറിഞ്ഞു.. അത്ര തന്നെ..” മുഖം ഇല്ലാത്ത ഐഡിയിൽ നിന്ന് വന്ന മറ്റൊരു കമന്റ്… ആ കംമെന്റിനു ലൈക് ചെയ്യാനും മറ്റു ചില ആളുകൾ. സത്യത്തിൽ ആ കമന്റ് കണ്ടതോടെ മാളവികയുടെ സകല നിയന്ത്രണവും വിട്ടു..
“മര്യാദയ്ക്ക് വസ്ത്രം ധരിച്ചു നടന്നാൽ ഒരു പെണ്ണിനേയും ആരും ഒന്നും ചെയ്യില്ല.. ഇത് ആണുങ്ങളെ മോഹിപ്പിക്കുന്ന രീതിയിൽ വേഷംകെട്ടി നടന്നിട്ടാകും ഇതൊക്കെ സംഭവിച്ചത്…അവന്മാരെയും കുറ്റം പറയാൻ പറ്റില്ല.” മറ്റൊരാളുടെ കമന്റ് കൂടി കണ്ടതോടെ മാളവികയുടെ ചെന്നിയിലൂടെ വിയർപ്പ് ഒഴുകി..
” വസ്ത്രധാരണം ആണോ പീ ഡനത്തിനുള്ള criteria..മാന്യമായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ ആരും റേപ്പ് ചെയ്യില്ലേ.” ..? അവൾ താഴേക്ക് കമന്റ് സ്ക്രോൾ ചെയ്തു.
” പെണ്ണിന്റെ ശരീരഭാഗങ്ങൾ കാണുമ്പോ ആണുങ്ങൾക്ക് വികാരം ഉണ്ടാകുക സ്വാഭാവികം.. അത് സൂക്ഷിക്കേണ്ടത് പെണ്ണിന്റെ കടമ ആണ്.. ” മറ്റൊരു ചേട്ടന്റെ കമന്റ്.
അപ്പോൾ ഒരു വയസുള്ള പെൺകുഞ്ഞിനെ പീ ഡിപ്പിച്ചവന്മാർക്കൊക്കെ വികാരം ഉണ്ടാകാൻ മാത്രം എന്താണാവോ ആ കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്..അവൾ ആലോചിച്ചു.
കുറെയേറെ പേര് ആ പെൺകുട്ടിയെ അനുകൂലിച്ചും മറ്റും കമന്റ് ഇട്ടിട്ടുണ്ട്. എന്നാൽ ഏറെയും പ്രതികൂലിച്ചാണ്. അവൾക്ക് നേരെ പീ ഡനം ഉണ്ടായതിനേക്കാളും ആളുകളെ ചൊടിപ്പിച്ചത് രാത്രിയിൽ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുത്തു എന്നറിഞ്ഞതിലാണ്.
മാളവിക തന്റെ അക്കൗണ്ടിൽ നിന്ന് ഒരു കമന്റ് type ചെയ്തു.
” മുകളിലുള്ള കമന്റ് കണ്ടപ്പോൾ ഒരു കാര്യം മനസിലായി..മലയാളികൾ ഒരിക്കലും മാറില്ലന്ന്.. ഒരു പെൺകുട്ടി എന്ത് വസ്ത്രം ധരിക്കണം എന്നതും, ഏത് സമയത്ത് എവിടെയൊക്കെ പോകണം എന്നുള്ളതും അവളുടെ മാത്രം സ്വാതന്ത്ര്യം ആണ്.. അത് ഒരു അവസരമായി കണ്ടു അവളെ കൈ വെക്കുന്ന ആണുങ്ങളെ എന്തുകൊണ്ടാണ് നിങ്ങൾ ഓരോരുത്തരും സൗകര്യപൂർവ്വം മറക്കുന്നത്… എല്ലാ കുറ്റവും ആ പീ ഡിപ്പിക്കപ്പെട്ട പെൺകുട്ടിയിൻമേൽ ആരോപിക്കുമ്പോൾ നിങ്ങൾ സൗകര്യപൂർവ്വം ആ ബ ലാത്സംഘം ചെയ്ത ആളുകളെ സപ്പോർട്ട് ചെയ്യുകയല്ലേ…ഞങ്ങൾ ആണുങ്ങൾ ഇങ്ങനെ ആണ്.. നിങ്ങൾ പെണ്ണുങ്ങൾ വേണേൽ സൂക്ഷിക്കണം എന്നൊക്കെ പറയാനുള്ള നമ്മുടെയൊക്കെ മനോഭാവം ഇനി എന്ന് മാറും..”!
ഇത്രയും കമന്റ് ചെയ്തെങ്കിലും മാളവികയുടെ ഉള്ളിലെ രോഷം അടങ്ങിയിരുന്നില്ല..
എന്നാൽ ഈ കമന്റ് ഇട്ടത് കൊണ്ടു തന്നെ മറ്റു ചില വിരുതന്മാർ മാളവികയ്ക്ക് ഫെമിനിച്ചി പട്ടം ചാർത്തികൊടുക്കുകയും ചെയ്തു. നിനക്കും ഇതേ പോലെ രാത്രിയിൽ ഇറങ്ങി നടക്കാനുള്ള മോഹം കൊണ്ടാണെന്നും നിനക്കും ഈ അവസ്ഥ വരുമ്പോൾ പഠിച്ചോളുമെന്നും പറഞ്ഞു മറ്റു ചിലർ അവൾക്ക് റിപ്ലൈയും നൽകി.
ഉള്ളിൽ നുരഞ്ഞു പൊങ്ങി വന്ന ദേഷ്യത്തെ അമർത്തി അവൾ ഫോൺ off ചെയ്തു വെച്ചു. പിന്നീട് കോളേജിലേക്ക് പോയി.
കൂടെ ജോലി ചെയുന്ന സ്ത്രീയുടെ മകന്റെ പിറന്നാൾ ആയതുകൊണ്ട് ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച തുക കൊണ്ട് ആ പെൺകുട്ടി ഒരു ചെറിയ സമ്മാനം വാങ്ങിയിരുന്നത്രെ.. ആ സമ്മാനം കുട്ടിയെ നേരിട്ട് കണ്ടു നൽകി തിരികെ വരും വഴിയാണ് ഈ അതിക്രമം ഉണ്ടായത്. ക്ലാസ്സിൽ ഉള്ള മറ്റൊരു പെൺകുട്ടിയാണ് പറഞ്ഞത്..
അതിനെയാണ് ബർത്ത്ഡേ പാർട്ടിയും ആഘോഷവും എന്ന ലേബലിൽ സോഷ്യൽ മീഡിയ ആഘോഷിച്ചത് എന്നോർത്തപ്പോൾ മാളവികയ്ക്ക് വെറുപ്പ് തോന്നി.
സ്പെഷ്യൽ ക്ലാസും മറ്റും കഴിഞ്ഞു വൈകിട്ടു അല്പം late ആയാണ് അവൾ വീട്ടിലെത്തിയത്. കുറച്ചു assignment വർക്കും മറ്റും തീർത്ത ശേഷം അവൾ വീണ്ടും ഫോൺ ഓൺ ചെയ്തു.. ഓൺലൈനിൽ മറ്റൊരു ന്യൂസ് കണ്ടതും അവളുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി.
” ഇന്നലെ കൂട്ടബ ലാത്സംഗതിനു ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു “
ഒരു വിറയലോടെയാണ് അവൾ ആ ന്യൂസ് വായിച്ചത്..കുറച്ചു നേരത്തേക്ക് അവൾ മറ്റേതോ ലോകത്തിൽ ആയിപോയി. അവൾ വെറുതെ ആ കമന്റ് ഒന്ന് ഓപ്പൺ ചെയ്തു നോക്കി..
കമന്റ്സ് മുഴുവൻ ആ പെൺകുട്ടിയോടുള്ള അനുശോചനവും മറ്റുമാണ്.. “എന്തിനാ മോളെ നീ ആത്മഹത്യ ചെയ്തത്.. ജീവിച്ചു കാണിക്കാമായിരുന്നില്ലേ ” എന്ന് ചിലർ.
“അവളോടീ ക്രൂരത ചെയ്തവരെ വെടിവെച്ചു കൊല്ലണമെന്ന്” വേറെ ചിലർ
” അതിനിടയിലും sarcasm കമന്റ്സ് ആയി മറ്റു ചിലർ. “
രാവിലെ അവളെ കുറ്റം പറഞ്ഞവർ പോലും മലക്കം മറിഞ്ഞു ഇന്ന് അവളെ സപ്പോർട്ട് ചെയ്യുന്ന കമെന്റ്സ് ആയിട്ട് എത്തിയിരിക്കുന്നു… അതിൽ നിന്നും മാളവികയ്ക്ക് ഒരു കാര്യം ബോധ്യമായി..
” ഒരു പെൺകുട്ടിയ്ക്ക് നീതി ലഭിക്കണമെങ്കിൽ… അവൾ തെറ്റ് ചെയ്തിട്ടില്ല എന്ന് സമൂഹം അംഗീകരിക്കണമെങ്കിൽ അവൾ ജീവൻ വെടിയണം.. അല്ലാത്ത പക്ഷത്തോളം അവൾ സമൂഹത്തിനു മുന്നിൽ തെറ്റുകാരി ആയിരിക്കും…സോഷ്യൽ മീഡിയയും ആൾക്കാരും അവളെ പിച്ചിചീന്തും… വായിൽ വരുന്നതെന്തും പറയും… എന്നാൽ അവൾ ഇതിൽ മനംനൊന്ത് ജീവൻ ഒടുക്കിയാലോ… അവളുടെ ഫോട്ടോ വെച്ചു സാഡ് BGM ഇട്ട് മാലാഖകുട്ടിയാക്കി സ്റ്റാറ്റസ് ഇട്ട് വാഴ്ത്തുകയും ചെയ്യും..”
അല്ലെങ്കിലും ഒരു കാര്യത്തിന്റെ യഥാസ്ഥിതികത അറിയാതെ ആളുകളെ കുറ്റം പറയാനും അവരുടെ സ്വകാര്യതയിൽ കൈ കടത്താനും അഭിപ്രായം പറയാനും തെറി വിളിച്ചു ആക്ഷേപിക്കാനും നമ്മൾ മലയാളികളെ കഴിഞ്ഞേ മറ്റാരും ഉള്ളല്ലോ…സോഷ്യൽ മീഡിയ അതിനു പറ്റിയ ഇടവും…
മാളവിക ഫോൺ off ചെയ്ത് ബെഡിലേക്ക് കിടന്നു.. ആ കുട്ടിയെക്കുറിച്ച് ഒന്നും അറിയാതെ കമന്റ് ചെയ്തവരോട് അവൾക്ക് ഉള്ളിൽ പുച്ഛം തോന്നി.നഷ്ടം ഇവർക്കാർക്കും അല്ലല്ലോ… അവളുടെ വീട്ടുകാർക്ക് മാത്രമാണ്… അതെ..,അവർക്ക് മാത്രം..
അപ്പോഴേക്കും ഈ കമന്റ് ചെയ്തവരൊക്കെ അന്യനെ വിധിക്കാനും മാർക്ക് ഇടാനുമായി സോഷ്യൽ മീഡിയയിൽ വന്ന മറ്റൊരു ന്യൂസിന്റെ പിന്നാലെ പോയിരുന്നു…