മഴനിലാവ് ~ ഭാഗം 03, എഴുത്ത്: സജി തൈപ്പറമ്പ്

ഭാഗം 02 വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

കുളിമുറിയിൽ നിന്നുമിറങ്ങി ഡ്രസ്സിങ്ങ് റൂമിൽ വന്ന് ഈറൻ മാറുമ്പോൾ, അങ്ങോട്ട് കയറി വന്ന സിജോ, റോസിലിയെ പെട്ടെന്ന് കടന്ന് പിടിച്ചു.

അപ്രതീക്ഷിതമായ അയാളുടെ പെരുമാറ്റത്തിൽ ,റോസിലി പകച്ച് പോയി.

അയ്യോ സർ, എന്താ ഈ കാണിക്കുന്നത്, എന്നെ വിടൂ…

റോസേ..പ്ളീസ്, എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്, നിന്നെ ഞാൻ വിവാഹം കഴിച്ച് കൊള്ളാം നീയെന്നെ എതിർക്കരുത്

ഇല്ല സാർ, എനിക്കതിന് കഴിയില്ല, ഞാനൊരു ഭാര്യയാണ്, എൻ്റെ ഭർത്താവിനെ വഞ്ചിക്കാൻ എനിക്ക് കഴിയില്ല

പക്ഷേ സിജോ ,അതൊന്നും കേട്ട ഭാവം നടിക്കാതെ അവളെ കൂടുതൽ വരിഞ്ഞ് മുറുക്കി.

സർവ്വ ശക്തിയുമെടുത്തവൾ അയാളെ തള്ളി മാറ്റിയിട്ട് പുറത്തേയ്ക്കോടി.

തൊട്ട് പിന്നാലെ, കൂട് തുറന്ന് വിട്ടിരുന്ന അൾസേഷൻ നായ, കുരച്ച് കൊണ്ട് അവളെ പിൻതുടർന്നു.

പേടിച്ചരണ്ട റോസിലി, കട്ടപിടിച്ച ഇരുട്ടിലൂടെ ലക്ഷ്യമില്ലാതെ പാഞ്ഞു.

പെട്ടെന്നവളൊരു അഗാധഗർത്തത്തിലേക്ക് കാല് തെറ്റി വീണു.

അമ്മേ…..

അലർച്ചയോടവൾ കണ്ണ് തുറന്നപ്പോഴാണ് താനിത് വരെ കണ്ടത് ഒരു ദു:സ്വപ്നമായിരുന്നെന്ന് അവൾക്ക് ബോധ്യമായത്.

അവളെഴുന്നേറ്റ് ലൈറ്റിട്ടു.

പാവം ,ഒന്നുമറിയാതെ അദ്ദേഹം കട്ടിലിൽ കിടന്ന് ശാന്തമായുറങ്ങുന്നു.

ആദ്യമായി വീട് വിട്ട് നിന്നതിൻ്റെയും, നിലത്ത് പായ പിരിച്ചിട്ടാണെങ്കിൽ പോലും, ഒരു അന്യപുരുഷനോടൊപ്പം, ഒരേ മുറിയിൽ തന്നെ കിടന്നുറങ്ങിയത് കൊണ്ട് , തൻ്റെ ഉപബോധമനസ്സിലുണ്ടായ, അകാരണമായ ഭയം കൊണ്ടുമാവാം, താൻ ദു:സ്വപ്നം കാണാനിടയായതെന്ന്, അവൾക്ക് മനസ്സിലായി.

ലൈറ്റ് ഓഫ് ചെയ്തിട്ട് വീണ്ടുമവൾ നിലത്ത് പായയിൽ കിടന്നു.

കണ്ണടച്ചപ്പോൾ, സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ അവളോർത്തെടുത്തു.

എന്തിനാണ് താൻ തൻ്റെ ഭർത്താവിനെ കുറിച്ച് സംസാരിച്ചത് ,തന്നെ അയാൾ ഉപേക്ഷിച്ച് പോയിട്ട് പത്ത് പന്ത്രണ്ട് വർഷങ്ങളായി ,എന്നിട്ടും തനിക്കയാളെ വഞ്ചിക്കാൻ മനസ്സ് വരുന്നില്ലെന്നല്ലേ സ്വപ്നത്തിൽ താൻ പറഞ്ഞത് ,അതിനർത്ഥം ജോസൂട്ടിയെ താനിപ്പോഴും ഭർത്താവായി മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടെന്നല്ലേ? എന്തിന്? എന്തിനാണ് താൻ അയാൾക്ക് വേണ്ടി സംസാരിക്കുന്നത്, അയാളിപ്പോൾ തൻെറയാരുമല്ല, ഇനി അയാൾ ,എല്ലാ കുറ്റങ്ങളും ഏറ്റ് പറഞ്ഞ്, തൻ്റെ കാല് പിടിച്ചാലും, ഒരു തരി പോലും തൻ്റെ മനസ്സിളകാൻ പോകുന്നില്ല

അല്ല, താനെന്തിനാണിപ്പോൾ ഇങ്ങനൊക്കെ ചിന്തിക്കുന്നത്, അയാൾ ദൂരെയെവിടെയോ കാമുകിയുമൊത്ത് സുഖമായി ജീവിക്കുന്നുണ്ടാവാം ,വെറുമൊരു ദുഃസ്വപ്നം കണ്ടെന്ന് വച്ച്, താൻ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടിക്കോളും ഛെ!

അവൾ സ്വയം തലക്കടിച്ചു.

എന്ത് കൊണ്ടോ അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ അടർന്ന് വീണു.

പിന്നെയവൾ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല

മൊബൈലിൽ ,കൃത്യം അഞ്ച് മണിയായപ്പോൾ സെറ്റ് ചെയ്ത അലാറം മുഴങ്ങി

അവൾ വേഗമെഴുന്നേറ്റ് ബാത്റൂമിൽ കയറി ഫ്രഷായി വന്നപ്പോൾ അയാൾ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു

ഗുഡ് മോർണിങ്ങ് സാർ

ഗുഡ് മോർണിങ്ങ് റോസ് , ഇന്നലെ വരെ ഗ്രേസിനെ ഞാൻ വിളിച്ചുണർത്തുകയായിരുന്നു, എന്നാലും അവൾക്കെഴുന്നേല്ക്കാൻ മടിയായിരിക്കും, ഇന്നിപ്പോൾ റോസ് ഞാൻ പറയാതെ തന്നെ സ്വയമെഴുന്നേറ്റല്ലോ? സന്തോഷമായി ,ശരീരത്തിന് ഒന്നുമറിയാൻ കഴിയില്ലെങ്കിലും, ഒരു സമയം കഴിഞ്ഞാൽ പിന്നെ , എൻ്റെ അരയ്ക്ക് താഴെ മലിനമായിട്ടുണ്ടെന്ന് മനസ്സ് പറയും, അപ്പോൾ മുതൽ വല്ലാത്തൊരു ഇറിറ്റേഷനാണ് ,എത്രയും പെട്ടെന്ന് നാ പ്കിൻ മാറ്റാൻ മനസ്സിനകത്തൊരു വെമ്പലുണ്ടാകും, ഇത്ര രാവിലെ തന്നെ അത്തരമൊരു പ്രവൃത്തി ചെയ്യുന്നത്, റോസിന് ബുദ്ധിമുട്ടാണെന്നറിയാം, എന്നാലും ..

എന്താ സാറിത്, അതെൻ്റെ ജോലിയല്ലേ അതിനല്ലേ എനിക്ക് ശബ്ബളം തരുന്നത് ,സാറതിനെക്കുറിച്ചൊന്നും ചിന്തിക്കണ്ട

അതും പറഞ്ഞവൾ കുളിമുറിയിൽ പോയി പാത്രത്തിൽ ചൂട് വെള്ളവും കോട്ടൺ തുണിയുമെടുത്ത് കൊണ്ട് വന്നിട്ട് അയാളുടെ മുഷിഞ്ഞ വേഷ്ടിയും നാ പ്കിനും അഴിച്ച് മാറ്റി, ശരീരമാസകലം തുടച്ച് വൃത്തിയാക്കി.

ഇനി ഞാനൊന്ന് പോയി കുളിച്ചിട്ട് സാറിന് ബ്രേക്ക് ഫാസ്റ്റുമായി വരാം, അത് വരെ സാറ് ഒന്ന് മയങ്ങിക്കോളു

ഓക്കേ റോസ്

അയാൾ നന്ദിയോടെ അവളെ നോക്കി പുഞ്ചിരിച്ചു.

****

എത്ര നാളായെന്നറിയുമോ ?ഞാൻ പുറം ലോകം കണ്ടിട്ട് ,ഇപ്പോൾ നീയൊന്ന് ശ്രമിച്ചത് കൊണ്ട്, എനിക്ക് നമ്മുടെ തൊടിയും പൂന്തോട്ടവുമൊക്കെ കാണാൻ കഴിഞ്ഞു

റോസിലി ,രാമേട്ടനെയും ,മേരി ചേച്ചിയെയും കൂടി സഹായത്തിന് വിളിച്ചിട്ടാണ്, നാല് കാലിലും വീല് ഘടിപ്പിച്ച അയാൾ കിടക്കുന്ന കട്ടിലുമായി മുറ്റത്തെത്തിയത്

ഏറെ ശ്രമകരമായ ഒരു ദൗത്യമായിരുന്നിട്ട് കൂടി, ആ പ്രവൃത്തിയിലൂടെ, സിജോയുടെ മുഖത്ത് ആഹ്ളാദം വിരിഞ്ഞത് കണ്ടപ്പോൾ, റോസിലിക്ക് ചാരിതാർത്ഥ്യം തോന്നി.

ഇനി സാറിന് താമസിയാതെ പുറം ലോകവും കാണാൻ കഴിയും ,എൻ്റെ ഗ്രാമത്തിൽ ഒരു നാട്ട് വൈദ്യനുണ്ട്, അലോപ്പതിയും ആയുർവ്വേദവുമൊക്കെ കൈയ്യൊഴിഞ്ഞ പല കേസുകളും, അദ്ദേഹം ചില പച്ചമരുന്നുകൾ കൊണ്ടുള്ള ചികിത്സയാൽ ഭേദമാക്കിയിട്ടുണ്ട് ,അദ്ദേഹം തന്നെ ഉൾക്കാടുകളിൽ പോയി, നേരിട്ട് ഔഷധ സസ്യങ്ങൾ പറിച്ചെടുത്തുണ്ടാക്കുന്ന ഒരു പ്രത്യേകതരം കൂട്ടാണ്, താമസിയാതെ നമുക്ക് അവിടെ പോകാം ,ഞാൻ എൻ്റെ ഒരു കൂട്ടുകാരിയെ വിളിച്ച് അദ്ദേഹത്തെ പോയി കാണാനുള്ള ടോക്കൺ ബുക്ക് ചെയ്യാൻ പറഞ്ഞിട്ടുണ്ട്

ആങ്ഹാ, റോസ് അപ്പോൾ കരുതി കൂട്ടിയാണല്ലേ?

അതേ സാർ, എന്നെ കൊണ്ട് കഴിയാവുന്നിടത്തോളം ഞാൻ സാറിന് വേണ്ടി കഷ്ടപ്പെടും, സാറിനെ എഴുന്നേല്പിച്ച് നടത്തിയിട്ടേ ഞാനിവിടുന്ന് പോകു…

അത് വേണോ ?ഞാനെഴുന്നേറ്റ് നടന്ന് തുടങ്ങിയാൽ പിന്നെ റോസിൻ്റെ ഇവിടുത്തെ ജോലി നഷ്ടപ്പെടില്ലേ? പിന്നെ ശബ്ബളം കിട്ടില്ലല്ലോ ?

എന്നാലും സാരമില്ല സാർ, ഇവിടുന്ന് എനിക്കൊരു തൊഴില് പഠിച്ചെടുക്കാൻ കഴിഞ്ഞല്ലോ? അത് കൊണ്ടിനി എതെങ്കിലും ഹോംനഴ്സിങ്ങ് ഏജൻസിയിൽ പോയി, പേര് രജിസ്റ്റർ ചെയ്താൽ, അവരെവിടെയെങ്കിലും ജോലി ശരിയാക്കി തന്ന് കൊള്ളും, എൻ്റെയിപ്പോഴത്തെ ലക്ഷ്യം ,സാറിനെ പൂർണ്ണാരോഗ്യവാനായി തിരിച്ച് കൊണ്ട് വരുക എന്നുള്ളതാണ്, മറ്റൊന്നിനെ കുറിച്ചും, ഞാനിപ്പോൾ ചിന്തിക്കുന്നില്ല

തനിക്ക് പഴയത് പോലെ എഴുന്നേറ്റ് നടക്കണമെന്നുള്ളത് അടങ്ങാത്ത ത്വരയാണെങ്കിലും അത് കഴിഞ്ഞാൽ റോസി പിന്നിവിടെയുണ്ടാവില്ലല്ലോ എന്നോർത്തപ്പോൾ അയാൾക്ക് വിഷമം തോന്നി

കാരണം, അവൾ വന്നതിന് ശേഷം ജീവിതത്തിന് എന്തൊക്കെയോ അർത്ഥമുണ്ടായെന്ന് അയാൾക്ക്തോന്നിത്തുടങ്ങിയിരുന്നു

മടുത്ത് തുടങ്ങിയ ജീവിതത്തോടുള്ള അഭിവാഞ്ജ വീണ്ടുമയാൾക്കുണ്ടായത് അവളുടെ സാമീപ്യം മൂലമുണ്ടായ പുതുപ്രതീക്ഷകളായിരുന്നു

നെഗറ്റീവായ തൻ്റെ ചിന്തകൾക്ക് ഊർജ്ജം പകരുന്നതായിരുന്നു, അവളുടെ ചില നേരത്തെ പോസിറ്റീവായ ഉപദേശങ്ങൾ

അതെല്ലാം തൻ്റെ ഉയിർത്തെഴുന്നേല്പോടെ അവസാനിക്കുമെന്ന് നിരാശയോടെ അയാളോർത്തു

അല്ലെങ്കിലും എക്കാലവും തനിക്കവളെ തടഞ്ഞ് വക്കാനാവില്ലല്ലോ?അവൾക്കുമുണ്ടാവില്ലേ? ഒരു കുടുബവും കുട്ടികളും ഭർത്താവുമൊക്കെ

അല്ല ,താനെന്തേ ഇത് വരെ അതിനെക്കുറിച്ചവളോട് തിരക്കിയില്ല എന്ന് അയാൾ ചിന്തിച്ചു.

എന്താ സാർ ആലോചിക്കുന്നത്?

അല്ല റോസ്, തൻ്റെ കുടുംബത്തെക്കുറിച്ചൊന്നും എന്നോടിത് വരെ പറഞ്ഞിട്ടില്ലല്ലോ? തൻ്റെ ഭർത്താവ് എന്ത് ചെയ്യുന്നു, എത്ര കുട്ടികളുണ്ട്?

ആ ചോദ്യം അപ്രതീക്ഷിതമായിരുന്നത് കൊണ്ട് പെട്ടെന്നവൾക്ക് ഉത്തരം നല്കാൻ കഴിഞ്ഞില്ല

എന്താ റോസ്? എന്താ ഒന്നും മിണ്ടാത്തത്?

ഒന്നുമില്ല സാർ ,ഒരു വിധത്തിൽ പറഞ്ഞാൽ ഞാനും സാറിനെപ്പോലെ വഞ്ചിക്കപ്പെട്ട ഒരാളാണ് ,എനിക്കൊരു മകനെ സമ്മാനിച്ചിട്ട് അദ്ദേഹം ഇഷ്ടപ്പെട്ട മറ്റൊരുത്തിയുമായി നാട് വിട്ടു, ഇപ്പോൾ പന്ത്രണ്ട് വർഷത്തോളമായി എനിക്ക് മോനും അവന് ഞാനും മാത്രമേയുള്ളു

റോസിലി, തൻ്റെ ജീവിത ചരിത്രങ്ങളൊക്കെ സിജോയോട് പറഞ്ഞു.

***

സാർ പുറത്ത് ആംബുലൻസ് വന്നിട്ടുണ്ട് ,നമുക്കിറങ്ങാം ദൈവത്തോടൊന്ന് പ്രാർത്ഥിച്ചിട്ട് അച്ഛനോട് യാത്ര ചോദിച്ചോളു അദ്ദേഹത്തിൻ്റെ ആത്മാവ് സാറിനൊപ്പമുണ്ടാവും

കട്ടിലിൽ നിന്നും സെട്രക്ചറിലെടുത്ത് സിജോയെ ആംബുലൻസിലേക്ക് കയറ്റി

രാമേട്ടനോടും, മേരിയേച്ചിയോടും യാത്ര പറഞ്ഞ്, റോസിലിയും അയാളോടൊപ്പം പുറകിൽ കയറിയിരുന്നു

സൈറൺ മുഴക്കി കൊണ്ട് വനാതിർത്തിയിലുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് ആംബുലൻസ് ചീറിപ്പാഞ്ഞു.

***

മൂന്ന് മാസത്തെ തുടർച്ചയായ ചികിത്സയാണ് വൈദ്യൻ പറഞ്ഞിരുന്നതെങ്കിലും അതിന് മുമ്പ് തന്നെ സിജോയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റങ്ങളുണ്ടായത്, അവരെ അത്ഭുതപ്പെടുത്തി .

മരുന്ന് മാത്രമല്ല ,കൂടെ നില്ക്കുന്നവരുടെ ആത്മാർത്ഥമായ പരിചരണം കൊണ്ട് കൂടിയാണ് സിജോയ്ക്ക് ഇത്രവേഗം പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധിച്ചത്, അതിന് താൻ ആ കുട്ടിയോട്, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

അവിടുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ സിജോയോട് വൈദ്യൻ പറഞ്ഞു.

നന്ദി മാത്രമല്ല വൈദ്യരെ.. അവൾക്ക് ഞാനൊരു ജീവിതം കൂടി കൊടുക്കാനാണ് ആഗ്രഹിക്കുന്നത് ,വീട്ടിൽ തിരിച്ചെത്തിയിട്ട് വേണം അവളോടത് പറയാൻ

എങ്കിൽ നല്ലത്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

ആംബുലൻസിൽ കിടത്തിക്കൊണ്ട് വന്ന സിജോയെ, നടത്തി കാറിൽ കയറ്റി വീട്ടിലേക്ക് തിരിച്ച് കൊണ്ട് പോകാനായതിൽ റോസിലിക്ക്, ചാരിതാർത്ഥ്യവും ഒപ്പം സന്തോഷവും തോന്നി.

ഇരുവശവും ചെറുവനങ്ങൾ അതിർത്തി പങ്കിടുന്ന വളഞ്ഞ് പുളഞ്ഞ റോഡിലൂടെ കാറ് വീശിയെടുക്കുമ്പോൾ ബാലൻസില്ലാതെ റോസിലി തൻ്റെ ദേഹത്തേക്ക് വന്ന് വീഴുന്നത് സിജോ വല്ലാതെ ആസ്വദിച്ചു.

അയാൾ അവളോടൊത്തുള്ള ജീവിതം ,സ്വപ്നം കണ്ടിരുന്നപ്പോൾ അവൾ പുറത്തെ പ്രകൃതി ഭംഗിയിലേക്ക് കണ്ണോടിച്ചു.

കാറ് കട്ടപ്പനയിലെത്തിയപ്പോൾ നിരത്തിലൊരു ആൾക്കൂട്ടം കണ്ട് റോസിലി അങ്ങോട്ട് നോക്കി

ഒരാൾ മൈക്കിലൂടെ സിനിമാ ഗാനം പാടുന്നു മറ്റൊരാൾ ബക്കറ്റുമായി കൂടി നില്ക്കുന്നവരുടെ മുന്നിൽ ചെല്ലുകയും ഓരോരുത്തരും തങ്ങളുടെ പോക്കറ്റിൽ നിന്നും അഞ്ചും പത്തുമൊക്കെ ഇട്ട് കൊടുക്കുകയും ചെയ്യുന്നു

തിരക്ക് കൊണ്ട് വണ്ടി സ്ളോ ആയപ്പോൾ ബക്കറ്റ് പിടിച്ചിരുന്നയാൾ കാറിനടുത്തേക്ക് വന്നു.

ഇതെന്തിന് വേണ്ടിയുള്ള പിരിവാണ്?

റോസിലി, ജിജ്ഞാസയോടെ ചോദിച്ചു.

ഇതൊരു പാവപ്പെട്ട യുവാവിന് കിഡ്നി മാറ്റി വയ്ക്കുന്ന ചികിത്സാ ഫണ്ടിലേക്കുള്ള പിരിവാണ് മേഡം, നല്ലൊരു തുക വേണം ,കഴിയുമെങ്കിൽ അദ്ദേഹത്തെ ഒന്ന് സഹായിക്കണം,ദാ ഇതിൽ അയാളുടെ ഫോട്ടോയും ബാങ്ക് ഡീറ്റൈൽസുമുണ്ട് , ആരോരുമില്ലാത്തൊരാളാണ് , ഞങ്ങൾ കുറച്ച് പേർ ചേർന്ന് ഒന്ന് സഹായിക്കാമെന്ന് കരുതിയിട്ടാണ്

നോട്ടീസ് വാങ്ങിയിട്ട് റോസിലി ബക്കറ്റിലേക്ക് അൻപതിൻ്റെ ഒരു നോട്ട് ഇട്ട് കൊടുത്തു

അപ്പോഴേക്കും കാറ് മുന്നോട്ടെടുത്തു

അവൾ വെറുതെയൊന്ന്, നോട്ടീസ് നിവർത്തി നോക്കി

അതിലുള്ള യുവാവിൻ്റെ ഫോട്ടോ കണ്ടവൾ ഞെട്ടിത്തരിച്ചിരുന്നു പോയി

തൻ്റെ ജോസൂട്ടി….

അവളുടെ വിറയാർന്ന ചുണ്ടുകൾ മന്ത്രിച്ചു.

തുടരും