പൂവണിയാത്ത സ്വപ്നം
എഴുത്ത്: കവിത. എസ്. മേനോൻ
ഫോണിന്റെ അങ്ങേ തലക്കലുള്ള ആൾക്ക് മരണ വാർത്ത അറിയിക്കാൻ ശ്വാസം കിട്ടാത്തപോലെ ” ടീച്ചറെ, ടീച്ചറെ! നമ്മടെ സെബാസ്റ്റ്യൻ മാഷ് ” മാഷ്ക്ക് എന്ത് പറ്റി????ഇന്ന് കൂടി ക്ലാസ്സ് കഴിഞ്ഞ് ഒരുമിച്ചിറങ്ങിയതാണ്….. വീണ്ടും വീണ്ടും ചോദിക്കും തോറും ഒരു എങ്ങൽ മാത്രം….
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ രാധ ടീച്ചറിനെ തേടിപിടിച്ചു സ്കൂട്ടറിൽ മനു സർ എത്തി… ടീച്ചറെ നമ്മടെ സെബി പോയി….. എന്താ താനീ പറയണേ!!! മദ്യവയസ്കയായ ടീച്ചർക്ക് വിശ്വസിക്കാൻ കഴിയുന്നതിനപ്പുറമുള്ള പറച്ചിൽ…കാരണം ഒരു രണ്ട് മണിക്കൂറുകൾക്ക് മുന്നേ വരെ തന്നോടൊപ്പം ഒരുപാട് സ്വപ്നങ്ങൾ നെയ്തു സംസാരിച്ച മിടു മിടുക്കനായ ഫിസിക്സ് അദ്ധ്യാപകൻ…..
ഇദ്ദേഹം ഞങ്ങളുടെ സ്കൂളിൽ വന്നിട്ട് മൂന്നു വർഷം തികയുന്നെ ഉള്ളു… എങ്കിലും എല്ലാവരുടെയും മനം കവരാൻ അദ്ദേഹത്തിന് സാധിച്ചത് ഇതിനായിരുന്നോ ഈശ്വരാ ?…
സെബാസ്റ്റ്യൻ ആദ്യമായി സ്കൂളിൽ വന്നതും രാജൻ മാസ്റ്റർ പരിചയപ്പെടുത്തിയതും എല്ലാം ഒരു മിന്നായം പോലെ ടീച്ചറിന്റെ മനസിലേക്ക് കടന്നു വന്നു….
സ്ഥലകാല ബോധം വീണ്ടെടുത്തു ടീച്ചർ വീണ്ടും ചോദിച്ചു ” എങ്ങിനെ?? എവിടെ വെച്ചു?????എന്തുപറ്റി???
” ട്രെയിനിനു തലവെച്ചു എന്ന് കേൾക്കുന്നു ടീച്ചർ “
എന്ത്??????????? ടീച്ചർ ആശ്ചര്യത്തോടെ നിന്നു.
വളരെ ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ….. അദ്ദേഹം ഒരു അദ്ധ്യാപകൻ ആകേണ്ടവനല്ല എന്ന് പലപ്പോളും തോന്നിയിട്ടുണ്ട് പ്രായം ഒരു 30 കാണുമെങ്കിലും ഒരുപാട് ജ്ഞാനം ഉള്ള ഒരു ചെറുപ്പക്കാരൻ…..ISRO, VSSC പോലുള്ള സ്ഥലങ്ങളിൽ എത്താനുള്ള തല അദ്ദേഹത്തിനുണ്ട്….നർമം കലരുന്ന തൃശൂരു ഭാഷയും ഞങ്ങൾക്ക് കേൾക്കാൻ രസമുള്ളതായിരുന്നു…
ഒരിക്കൽ സംസാരിച്ച കൂട്ടത്തിൽ മനസിലാക്കിയത് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ എല്ലാം പാതിവഴിയേ ഉപേക്ഷിക്കപെടാൻ വിധിക്കപ്പെട്ടവൻ ആണെന്നാണ്…..കുടുംബ പ്രാരാബ്ദം ആണോ മാഷേ??
“ഏയ് അല്ല ടീച്ചറെ… രണ്ടു പെങ്ങന്മാരാണ്,അവരെ അപ്പൻ തന്നെ കെട്ടിച്ചു വിട്ടു….അവർക്ക് രണ്ടിനും വെറും ടി ടി സി ഉള്ളോച്ചാലും അവരും ടീച്ചേർസ് ആണ്……അപ്പൻ പറയുമ്പോൾ ചായയും ചാരായവും കൊടുക്കാൻ വിധിക്കപ്പെട്ട അമ്മച്ചിക്ക് അവിടെ അതിൽപരം റോൾ ഒന്നുല്ല്യ ടീച്ചറെ എനിക്ക് കുറേ സ്വപനങ്ങൾ ഉണ്ടാർന്നു…. ഒന്നും പറ്റിയില്ല്യാ, ഈ പണിയെങ്കിലും ഉള്ളോണ്ട് കഞ്ഞി കുടിച്ചു കഴിയാലോ????അതാണ് പിന്നേ പേപ്പറിൽ പരസ്യം കണ്ടപ്പോൾ ഇവിടെ അപേക്ഷിച്ചത്…”
എല്ലാം കേട്ട് ടീച്ചർ അങ്ങനെ ഇരുന്നു…… അല്ല മാഷ്ക്ക് പിന്നേ ആരാവാനാ ആഗ്രഹം??? എനിക്ക് NASA യിൽ പോണം അവിടെ ജോലിയെടുക്കണം….. അതാണ് ടീച്ചറെ ചെറുപ്പം തൊട്ടേ മോഹം….. ഞാൻ അപ്പനോട് ഏക്കറകണക്കിനുള്ള ഭൂമീന്നു കുറച്ചു വിറ്റ് എന്റെ തുടർപഠനം നടത്താൻ ചോദിച്ചപ്പോൾ….. നിനക്കത്ര മുട്ടുണ്ടെങ്കിൽ ” സ്ത്രീധനം വാങ്ങി പെണ്ണാ കെട്ടിക്കോ”! എന്ന് ഇങ്ങനെ പറയണോരോട് എന്തൂട്ടാ ഞാൻ പറയ്യ…..ഇതൊക്കെ കേട്ടപ്പോൾ ആകെ വിഷമം തോന്നി എത്ര പേരുണ്ട് ഈ ലോകത്ത് അല്ലെ???? സ്വപ്നങ്ങൾ സാക്ഷാത് കരിക്കാൻ പറ്റാത്തവർ…
” ഞാൻ എത്തും ടീച്ചറെ എന്നെങ്കിലും എന്റെ സ്വപ്നങ്ങളിൽ”! “ഇതായിരുന്നോ സ്വപ്നം!!!!!
ഈശ്വരാ ഈ കേട്ടതൊന്നും സത്യമാവരുതെ..?
കുട്ടികളുടെ കണ്ണിലുണ്ണിയായിരുന്നു മാഷ്….. അവർക്ക് ശാസ്ത്ര മേളക്ക് ഓരോ മോഡൽ ഉണ്ടാക്കാനും എന്തൊരു സംശയത്തിനും ഒരു കൊച്ചു എൻസൈക്കിളോപീഡിയ…..
ടീച്ചറെ 9B യിലെ മീനാക്ഷി എങ്ങന്യാ???
എന്താ മാഷേ ഏയ് ഒന്നൂല്ല്യാ ടീച്ചറെ.!.. നല്ലൊരു കുട്ടിയല്ലേ,പഠിക്കും അടക്കവും ഒതുക്കവും ഉള്ള കുട്ടി……
ടീച്ചറിതൊന്നു വായിക്കൂ….
എന്താ ഇത്?
വായിക്കൂ ടീച്ചറെ…. വായിക്കൂ….. ഇന്നാകുട്ടി സംശയം ചോദിക്കാൻ വന്നു തന്ന സമ്മാനമാണ്…..
ടീച്ചർ ഒന്നു ഞെട്ടിപ്പോയി എന്റീശ്വരാ ഇതെന്താപ്പത് കഥ……
എനിക്കറിയല്ല്യ ഞാൻ ഒരു നോക്കുകൊണ്ട് പോലും???
അറിയാം….
ടീച്ചർ ഇത് ആരോടും പറയണ്ട പിന്നേ എല്ലാരും കഥകൾ മെനയാൻ തുടങ്ങും……
ഇല്ല്യാ മാഷേ! മാഷ് പൊക്കോളു….എങ്കിലും പെൺകുട്ടിയോട് ഞാൻ ചോദിച്ചു എന്താ കുട്ടി ഇതൊക്കെ… “മാതാ, പിതാ, ഗുരു ദൈവം എന്ന് കേട്ടിട്ടില്ലേ?????
ഉവ് ടീച്ചറെ, ഞാൻ……….
ഒരു ഞാനും ഇല്ല്യാ ഇനി എനിക്കി കഥ കേൾക്കണ്ട മനസിലായില്ലേ???? ” ആ ടീച്ചറെ എന്നുപറഞ്ഞു പോയി.”…. ഇനി ഇതിന്റെ എന്തെങ്കിലും….. ഏയ് അതൊന്നും ആവില്ല്യ…
മനുഷ്യ മനസ് അങ്ങനെയാണ്…… ആവശ്യങ്ങളും അനാവശ്യങ്ങളും ചിന്തിച്ചു കൂട്ടും…. വേഗം മനു സർ നെ വിളിച്ചു….. ടീച്ചറെ കൂടുതൽ വിവരങ്ങൾ അറിവില്ല്യ…. ഞങ്ങൾ കുറച്ചു പേർ മാഷ്ടെ വീട്ടിലേക്ക് ഇപ്പോൾ പോകാം……
രാത്രി 9 മണി ആയിട്ടും വിശപ്പില്ലായ്മയോ, ദാഹമോ എന്താണെന്നറിയാത്തവണ്ണം മനസ് പിടക്കാൻ തുടങ്ങി…. കണ്ണുനീർ പുറത്ത് വരുന്നില്ല…. മക്കൾ! “അമ്മ വിഷമിച്ചു അസുഖം വരുത്തണ്ടാട്ടോ”? എന്തെങ്കിലും കഴിക്കൂ എന്ന് പറഞ്ഞിട്ടും ഒന്നും കഴിക്കാനെ ടീച്ചർക്ക് തോന്നിയില്ല ….ആറ് വർഷമായി രാധ ടീച്ചർ ആ സ്കൂളിന്റെHM ആയിട്ട്…. നാളിതുവരെ ഇങ്ങനെയൊരു ദുരന്തം ഉണ്ടായിട്ടേ ല്ല്യാ…..
നേരം പത്തു മണിയായിക്കാണും മനു സർന്റെ ഫോൺ വന്നു
“ടീച്ചറെ മനഃപൂർവം ചാടിയതാത്രേ,സ്കൂളിൽ നിന്നും വീട്ടിൽ എത്തി ബാഗ് ഒതുക്കി തിരുവനന്തപുരത്ത് ഒരു ഇന്റർവ്യൂ ഉണ്ട് പറഞ്ഞു പുറപ്പെട്ടതാണത്രേ???”
“ഇവിടൊന്നും പറഞ്ഞട്ടില്ല്യാല്ലോ മാഷ്…..”
” അങ്ങനെ ഒന്നുണ്ടങ്കിൽ അല്ലെ ടീച്ചറെ…… നേരെ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നൂത്രെ!!! അപ്പോളേ കഴിഞ്ഞൂന്ന്, ….. മൊബൈൽ ഫോൺ ബാഗിന്റെ പോക്കറ്റിൽനിന്നു കിട്ടിയതോണ്ട് കാര്യങ്ങൾ പോലീസ് കാർക്ക് എളുപ്പമായി നാളെ വൈകീട്ട് 3 മണിക്ക് പള്ളിയിൽ കൊണ്ടുപോവൂത്രെ!!! ഇപ്പോൾ മെഡിക്കൽ കോളേജിൽ ഉണ്ട്…..
നാളേക്ക് എല്ലാർക്കും പോകാനുള്ള ഏർപാടുകൾ ചെയ്യൂ മനുസാർ…… സ്കൂളിന് നാളെ അവധിയാണെന്നുള്ള മെസ്സേജ് അയക്കാൻ രാജൻ മാഷിനെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്….. ബാക്കി എല്ലാം മനു സർ നോക്കണം….. എനിക്ക് എന്താ ചെയ്യണ്ടേയ് എന്നറിയാത്ത അവസ്ഥയിൽ ആണ് ഞാൻ……
അറിയാം ടീച്ചറെ ഞങ്ങളും അതെ…… ഒരുമിച്ചു ഇരുന്നവർ ഒരുമിച്ചു നടന്നവർ ഒരു സുപ്രഭാതത്തിൽ വിടപറഞ്ഞു പോകുന്നത്…. സങ്കൽപ്പിക്കാനേ വയ്യാ?
നേരം എങ്ങനെയൊക്കെയോ വെളുപ്പിച്ചു….. രാവിലെ തന്നെ സ്കൂളിൽ എത്തി….സെബാസ്റ്റ്യൻ മാഷിന്റെ വീട്ടിലേക്കുള്ള യാത്രയിൽ മാഷ് സ്കൂളിനുവേണ്ടി ചെയ്ത ഓരോ കാര്യങ്ങളും ഓർത്തു….. എന്തിനും തയ്യാർ…. “ഇല്ല്യാ” എന്നൊരു വാക്ക് ഒരിക്കലും ഇല്ല്യാ….. മൂന്നു വർഷമേ സഹപ്രവർത്തകൻ ആയുള്ളൂ എങ്കിലും മനസിൽ തങ്ങി നിൽക്കുന്നൊരു വ്യക്തിത്വം ആയിരുന്നു മാഷിന്റേത്….
ഓരോന്ന് ആലോചിച്ചു വീടെത്തിയതറിഞ്ഞല്ല…. അലമുറയിട്ടുകരയുന്ന അമ്മച്ചിയും, പെങ്ങന്മാരും.. ഒരു കൂസൽ ഇല്ലാതെ ഇരിക്കുന്ന അപ്പച്ചനും കണ്ണിൽ തടഞ്ഞു…..”ഗുഡ് മോർണിംഗ് ടീച്ചറെ” എന്നും പറഞ്ഞു ഓടി വന്നിരുന്ന സെബാസ്റ്റ്യൻ മാഷ്.. കുട്ടികളുടെയെല്ലാം സെബി മാഷ് ചലനമറ്റു വെള്ള ഷർട്ടും പാന്റ്സും ധരിച്ചു…..ഒരുപാട് സ്വപ്നങ്ങളെയും കാറ്റിൽ പരത്തി… മോഹങ്ങളോ, സ്വപ്നങ്ങളോ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി…… പുറകിൽ ഒരുപാട് പുരോഹിതർ ഒരുമിച്ചു പാടുന്ന…
“ഒടുവിലെ യാത്രക്കായിന്ന് …..പ്രിയജനമേ ഞാൻ പോകുന്നു……മെഴുതിരിയേന്തും മാലാഖ മരണ രഥത്തിൽ വന്നെത്തി ” എന്ന ഗാനവും…..
……….. ശുഭം………