അവളെ എനിക്ക് ജീവനായിരുന്നു, അതുകൊണ്ടാണ് നിനക്കും അവളുടെ പേര് തന്നെ വിളിച്ചത്…

പ്രണയാഗ്നി

Story written by NISHA L

സമയം രാത്രി 1 ആയതിന്റെ അലാറം കേട്ടു കട്ടിലിൽ കൈ കുത്തി ഒന്നു ദീർഘനിശ്വാസം എടുത്തു, മുൻപേ റെഡി ആക്കി വെച്ച തന്റെ കോളേജ് ബാഗ് എടുത്തു, അധികം ഒന്നും ഈ വീട്ടിൽനിന്ന് എടുത്തിട്ടില്ല, തനിക്ക് ഉടുത്തു മാറാനുള്ളത് മാത്രം. ഒന്നും മറന്നിട്ടില്ലല്ലോ, ആപ്പിളിന്റെ ലാപ്ടോപ്പും, തന്റെ ഐഫോണും ഫോർമാറ്റ് ചെയ്ത് ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്. കാതിലും കഴുത്തിലും തന്റെ കഴിഞ്ഞ പിറന്നാളിന് വാങ്ങിത്തന്ന സ്വർണാഭരണങ്ങൾ എല്ലാം ഊരി വച്ചിട്ടുണ്ട്.

മെല്ലെ വാതിൽ തുറന്നു ശബ്ദമുണ്ടാക്കാതെ നീങ്ങി. ഗേറ്റിൽ സെക്യൂരിറ്റി കാവലുണ്ട് പിന്നെ വീട്ടിൽ വളർത്തുന്ന രണ്ടു വലിയ പട്ടികളും, അവയെ കടന്നു പോകണമെങ്കിൽ പിറകുവശത്തെ വലിയ മതിൽ ചാടി കടക്കണമെന്ന് അറിയാമായിരുന്നു. അടുക്കളയിൽ രണ്ടു ജോലിക്കാർ ഉറങ്ങുന്നുണ്ട്, അവർ കാണാതെ വേണം പോകാൻ, അവരുടേയും കണ്ണുവെട്ടിച്ച് ശബ്ദമുണ്ടാക്കാതെ അടുക്കള വാതിൽ തുറന്നപ്പോൾ പെട്ടെന്ന് പുറത്തെ ലൈറ്റ് തെളിഞ്ഞു.

നോക്കുമ്പോൾ മുറ്റത്ത് ഒരു ചാരുകസേരയിൽ വാപ്പച്ചി, രണ്ട് ഇക്കമാരും, അവളുടെ മനസ്സിൽ ഒരു വെള്ളിടി മിന്നി

“ഡി ” ആമിനയെ കണ്ടതും മൂത്ത ഇക്ക ചീറി മുന്നോട്ടാഞ്ഞു.

“വേണ്ട “

പെട്ടെന്ന് വാപ്പച്ചി കൈ കൊണ്ട് തടഞ്ഞു. ഒരു ദീർഘനിശ്വാസം എടുത്തതിനുശേഷം, കണ്ണടയൂരി ഒന്ന് തുടച്ചു.

” നിനക്ക് എന്നല്ല നമുക്ക് ആർക്കും അവളുടെ നേരെ കൈ ഉയർത്താൻ അവകാശമില്ല, ഇവൾ ഈ അടുക്കളവാതിൽ തുറക്കുന്നതുവരെ നിന്റെ കുഞ്ഞുപെങ്ങൾ ആയിരുന്നു, എന്റെ കുഞ്ഞുമോൾ ആയിരുന്നു, ആ പട്ടം ഇനി അവൾക്ക് വേണ്ട എന്നതിനുള്ള തെളിവാണ് ഈ ഒളിച്ചോട്ടം”

അവൾ പെട്ടെന്ന് എന്ത് പറയണം എന്നറിയാതെ ഉഴറി, ഇക്കാക്ക മാരുടെ മുഖത്തേക്ക് നോക്കുമ്പോൾ അവർ രണ്ടുപേരും പല്ലു ഉറുമ്മുന്നു, വാപ്പച്ചി കസേരയിൽ നിന്ന് എഴുന്നേറ്റു ഇരുട്ടിന്റെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നു. കുറച്ചു ദൂരെ സൈഡിലായി സെക്യൂരിറ്റി കളും പിന്നെ രണ്ടു മൂന്നു പേരും.

“നിനക്ക് ഒരു വയസ്സുള്ളപ്പോഴാണ് നിന്റെ ഉമ്മച്ചി ആമിന നമ്മളെ വിട്ടു പോകുന്നത്. അവസാനം അവൾ പറഞ്ഞത് ഒരു കാര്യം മാത്രം ആയിരുന്നു, മോളെ പൊന്നുപോലെ നോക്കണം എന്ന്.

അവളെ എനിക്ക് ജീവനായിരുന്നു, അതുകൊണ്ടാണ് നിനക്കും അവളുടെ പേര് തന്നെ വിളിച്ചത്. അവളുടെ മരണശേഷം പലരും നിർബന്ധിച്ചു വേറൊരു കല്യാണം കഴിക്കാൻ, പക്ഷേ അവൾക്ക് പകരം വേറൊരാൾ അത് എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല, ഇനി വരുന്നവർ നിന്നെ ഒരു അന്യയായി കണ്ടാൽ എനിക്കത് സഹിക്കാൻ കഴിയില്ല. എന്നിട്ടും മോളെ നീ…. ഇങ്ങനെ “

അയാളുടെ സംഭാഷണം ഒരു വിതുമ്പലിൽ അവസാനിച്ചു, കരയാതിരിക്കാൻ അയാൾ പാടുപെടുന്നുണ്ടായിരുന്നു.

ഇത് കണ്ടതും മൂത്ത ഇക്കയുടെ ദേഷ്യം ഇരട്ടിച്ചു.

“നിനക്ക് എന്തിന്റെ കുറവാണ് പുന്നാര മോളെ ഇവിടെയുള്ളത്…നിന്റെ ഇക്കാക്കമാരുടെ കാര്യം വിട് ഈ നിൽക്കുന്ന മനുഷ്യൻ ഉണ്ടല്ലോ നമ്മുടെ വാപ്പച്ചി, ഇന്നുവരെ ഞങ്ങളുടെ ഇഷ്ടം എന്താണെന്ന് അദ്ദേഹം ചോദിച്ചിട്ടില്ല, ഈ വീട്ടിൽ നിരന്നു നിൽക്കുന്ന ഈ അഞ്ചോളം കാറുകൾ, വീടിന്റെ മുൻപിൽ നട്ടുപിടിപ്പിച്ച ചുവന്ന റോസ ചെടികൾ, എന്തിന് ഈ വീട്ടിൽ വാങ്ങുന്ന എല്ലാ സാധനവും അദ്ദേഹം ഞങ്ങളോട് നിനക്ക് ഇഷ്ടപ്പെടുമോ എന്ന് ചോദിച്ചിട്ടാണ് വാങ്ങുന്നത്, നിനക്ക് ഇഷ്ടം ഉള്ളതുകൊണ്ട് മാത്രമാണ് ഇവിടെ നിന്നും മോഷണം നടത്തിയിട്ടും ആ ആയയെ ഇപ്പോഴും ഇവിടെ പിടിച്ചു നിർത്തുന്നത്. എന്നിട്ടും ചോർന്നൊലിക്കുന്ന ഒരു കൂരയുള്ള ഒരു ക്രിസ്ത്യാനി ചെക്കന്റെ കൂടെ ഒളിച്ചോടാൻ നിനക്ക് എങ്ങനെ തോന്നി.”

” ഇത് തിന്നിട്ട് എല്ലിനിടയിൽ കുത്തിയിട്ട് ആണ് ഇക്കാ, “

രണ്ടാമത്തെ ഇക്കാ ഇടയിൽ കയറി. “നീ ഈ കാണുന്നതൊന്നും ഒരു ദിവസം പറമ്പ് കുഴിച്ചപ്പോൾ കിട്ടിയ നിധിയല്ല, വാപ്പച്ചി ചോരയും നീരും ഉറക്കവും ഒക്കെ കളഞ്ഞു ഉണ്ടാക്കിയെടുത്തതാണ്, അതൊക്കെ അദ്ദേഹത്തിന് കൂടെ കൊണ്ടുപോകാൻ വേണ്ടിയല്ല നിനക്ക് വേണ്ടി, നമുക്കുവേണ്ടി. കഴിഞ്ഞ രണ്ടുമാസമായി ഞങ്ങളും വാപ്പച്ചിയും നിന്നെയും അവന്റെയും കളികൾ നിരീക്ഷിച്ചു വരികയായിരുന്നു”

” നിർത്ത്”

പെട്ടെന്ന് അവളുടെ ശബ്ദം ഉയർന്നു. അതുകേട്ട് ഇക്കാക്കമാരും വാപ്പച്ചിയും ഞെട്ടി. അവളുടെ മുഖത്തേക്ക് തന്നെ നോക്കി.

“നിങ്ങൾക്കൊക്കെ എന്ത് യോഗ്യതയാണ് ഉള്ളത് ഇങ്ങനെ സംസാരിക്കാൻ, എനിക്കു മുമ്പ് ജനിച്ചതുകൊണ്ട് നിങ്ങൾ എന്റെ ഇക്കാക്കമാരായി എനിക്ക് ജന്മം നൽകിയത് കൊണ്ട് വാപ്പച്ചിയും. അല്ലാതെ നിങ്ങൾക്ക് സംസാരിക്കാൻ ഒരു യോഗ്യതയും ഇല്ല. നിങ്ങൾക്കുവേണ്ടി നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാൻ നിങ്ങളുടെ ജോലിക്കാരി അല്ല ഞാൻ. മൂത്ത ഇക്കാ പറഞ്ഞല്ലോ ഇവിടെയുള്ള എല്ലാ സാധനങ്ങളും എന്റെ ഇഷ്ടത്തിനാണ് വാങ്ങിയത് എന്ന്, വാപ്പച്ചി എനിക്കിഷ്ടം ആണോ എന്ന് എന്നോട് ആണോ അതോ നിങ്ങളോട് ആണോ ചോദിക്കേണ്ടത്. ഇനി അഥവാ നിങ്ങളോട് ചോദിച്ചാലും നിങ്ങൾ എന്നോട് ചോദിച്ചിട്ടുണ്ടോ എനിക്ക് ഇഷ്ടം ആണോ അല്ലയോ എന്ന്.

മുറ്റത്ത് നിറയെ ചുവന്ന റോസാപ്പൂ ചെടികളുണ്ട്, പക്ഷേ എനിക്ക് അതിനേക്കാൾ പതിന്മടങ്ങ് ഇഷ്ടം മുല്ലപ്പൂവിനോട് ആണ്. എന്റെ ഇഷ്ടം എന്താണെന്ന് എന്നോട് ചോദിച്ചാൽ അല്ലേ നിങ്ങൾക്ക് അറിയൂ. എന്റെ ഇഷ്ടം അതാണ് എന്ന് നിങ്ങൾ തന്നെ തീരുമാനിച്ചാൽ…….

നിങ്ങൾ പറഞ്ഞ ആ ആയ ഉണ്ടല്ലോ. അവരുടെ കണ്ണിൽ മാത്രമാണ് ഞാൻ സ്നേഹം കണ്ടത്. ചെറുപ്പത്തിൽ ഒന്നുകൂടെ കളിക്കാൻ പോലും ഇക്കാക്കമാർക്ക് സമയമില്ല, ഇപ്പോഴും അച്ഛന്റെ കൂടെ വണ്ടിയിൽ പോകണം അല്ലെങ്കിൽ ഡ്രൈവിംഗ് പഠിക്കണം അല്ലെങ്കിൽ ക്രിക്കറ്റുകളി. ഒരിക്കൽപോലും കളിക്കാൻ കൂടുന്നോ എന്ന് പോലും ചോദിച്ചില്ല.

വലിയ ബിസിനസ് യാത്ര കഴിഞ്ഞു വാപ്പച്ചി വരുമ്പോൾ ഓടിപ്പോയി കെട്ടിപ്പിടിക്കാൻ ശ്രമിക്കും. അപ്പോൾ തന്നെ വാപ്പച്ചി ആയയെ വിളിക്കും മോൾക്ക് ഭക്ഷണം കൊടുക്കു, മോളെ കുളിപ്പിക്കു, മോൾക്ക് വേണ്ടതെല്ലാം കൊടുക്കൂ. ആദ്യമായി ഒരു കവിത പഠിച്ചു കേൾപ്പിക്കാൻ വാപ്പച്ചിയുടെ അടുത്തേക്ക് വന്നപ്പോൾ വാപ്പച്ചി പറഞ്ഞു അത് ആയയെ പാടി കേൾപ്പിക്കാൻ. എനിക്ക് കുറേ കാറുകളോ, ആപ്പിളിന്റെ ലാപ്ടോപ്പ് , ഐഫോൺ ഇവയൊന്നും വേണ്ട. സ്നേഹത്തോടെ കുറച്ചുനേരം എന്റെ അടുത്ത് ഇരുന്നെങ്കിൽ. അത്രയേ ഞാൻ ആശിച്ചുള്ളൂ”.

ആർക്കും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. എല്ലാവരുടെയും തല കുറ്റബോധത്താൽ
താണിരുന്നു.

” എനിക്കറിയാം റോഷൻ നിങ്ങളുടെ കൈയിൽ ഉണ്ടെന്നു”

” ഡാ അവനെ കൊണ്ടുവാ”

ഇളയ ഇക്ക ഇരുട്ടിൽ നിന്ന് അവനെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. അടി കൊണ്ട് ആകെ അവശനായിരുന്നു അവൻ, മുഖത്ത് ചോര ഒലിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടതും ആമിനയുടെ നെഞ്ചൊന്നു പിടഞ്ഞു.

” നിങ്ങൾ ചോദിച്ചില്ലേ ചോർന്നൊലിക്കുന്ന വീടുള്ള ഈ ക്രിസ്ത്യാനി ചെക്കനോട് എന്താണ് ഇത്ര ഇഷ്ടം തോന്നാൻ കാരണം എന്ന്. ഞാൻ നന്നായി ചിത്രം വരയ്ക്കും എന്നും പാട്ടുപാടും എന്നും നിങ്ങൾക്കറിയാമോ, എനിക്ക് തന്നെ മനസ്സിലാക്കി തന്നത് ഇവനാണ്. എന്താണ് എന്റെ ഇഷ്ടങ്ങൾ എന്ന് മനസ്സിലാക്കിയത് ഇവൻ മാത്രമാണ്. കോളേജിൽ ചിത്രരചനയും പാട്ടുപാടി അതിനു ഒന്നാം സമ്മാനം എനിക്ക് ആയിരുന്നു അത് നിങ്ങളിൽ ആരെങ്കിലും അറിഞ്ഞോ. ഞാൻ അത് പറയാൻ വന്നപ്പോഴും അതൊന്നു കേൾക്കേണ്ട സന്മനസ്സ് പോലും നിങ്ങൾ കാണിച്ചില്ല. എനിക്ക് കുഞ്ഞുകുഞ്ഞു ഇഷ്ടങ്ങൾ മാത്രമേ ഉള്ളൂ, അത് മനസ്സിലാക്കാൻ പറ്റാത്ത നിങ്ങളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് അവന്റെ കൂടെ എവിടെയാണെങ്കിലും മതി എന്ന് എനിക്ക് തോന്നി.”

പതിയെ റോഷന്റെ അടുത്തേക്ക് ചെന്ന് റോഷനോടായി പറഞ്ഞു.

” ഇനി എനിക്ക് നിന്റെ കൂടെ ജീവിക്കാൻ സാധിക്കില്ല, ഇവർ കണ്ടുപിടിക്കരുത് എന്നായിരുന്നു എന്റെ ആഗ്രഹം അത് നടന്നില്ല. കുടുംബത്തിലെ ഏക അത്താണിയായ നിന്നെ,, എന്നെ കൊണ്ടു പോയാൽ അവർ ബാക്കി വയ്ക്കില്ല. എന്നോട് ക്ഷമിക്കണം, എല്ലാറ്റിനും മാപ്പ്. ഇനിയുള്ള കാലം ജീവിക്കാൻ എനിക്ക് ഈ ഓർമ്മകൾ മാത്രം മതി. ” അതും പറഞ്ഞു തിരിഞ്ഞു നടന്ന അവൾ വാപ്പച്ചിയോടായി പറഞ്ഞു.

” ഇനി വാപ്പച്ചി പറയുന്നതിനനുസരിച്ച് ഞാനിവിടെ ജീവിച്ചോളാം പക്ഷേ ഈ നാട്ടിലെ ഏറ്റവും വലിയ ബിസിനസ്കാരനായ, തൊട്ടതെല്ലാം വിജയം കണ്ടെത്തിയ ഏറ്റവും വലിയ സക്സസ്ഫുൾ മാൻ എന്നറിയപ്പെടുന്ന മിസ്റ്റർ അബ്ദുൽ വഹാബ്. എന്റെ മുമ്പിൽ ഒരു പരാജയം മാത്രമാണ്. “

അതും പറഞ്ഞു അവൾ കരഞ്ഞുകൊണ്ട് തിരിഞ്ഞുനടന്നു.

” നിക്ക്, ” വാപ്പച്ചി വിളിച്ചത് കേട്ട് അവൾ ഒരു നിമിഷം നിന്നു

“എന്റെ വാപ്പ മരിച്ചപ്പോൾ നിന്റെ ഉമ്മുമ്മയെയും എന്നെയും ഉപ്പാന്റെ ബന്ധുക്കൾ ഇറക്കിവിട്ടു, അന്ന് എന്റെ കയ്യിൽ ചുരുട്ടി പിടിച്ച ഒരു 10 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെനിന്ന് ഇവിടം വരെ എത്തിയത് നല്ലോണം കഷ്ടപ്പെട്ട് തന്നെയാണ്. പരാജയം എന്ന വാക്ക് ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല. അതിപ്പോൾ ബിസിനസ്സിൽ ആയാലും കുടുംബത്തിൽ ആയാലും….. “

ഒരു നിമിഷം നിർത്തിയിട്ട രണ്ടാൺ മക്കളെയും നോക്കിയിട്ട് അയാൾ പറഞ്ഞു.

” രണ്ടുപേരെയും അവരുടെ പാട്ടിന് വിട്ടേക്ക്”

“വാപ്പ “

“വേണ്ട ഒന്നും പറയണ്ട ഇതാണ് എന്റെ തീരുമാനം, ഇവളുടെ കാര്യത്തിൽ ഒരു പ്രാവശ്യമെങ്കിലും എനിക്ക് ഒരു വാപ്പച്ചി ആയി ജയിക്കണം. അവർ പൊക്കോട്ടെ”

റോഷന്റെ കൈപിടിച്ച് അവിടെ നിന്നിറങ്ങുമ്പോൾ അവൾ കാണാൻ ആഗ്രഹിച്ച ആ സ്നേഹം വാപ്പച്ചിയുടെ കണ്ണിൽ അവൾ കണ്ടു.

കടപ്പാട് : സുന്ദരനും സുമുഖനും പല്ലു തേക്കാത്തവനും ആയ പ്രിയ കൂട്ടുകാരൻ Neduvott Nannooran.. ജോലിയുടെ ഇടവേളയിൽ കിട്ടുന്ന സമയം തരുണീമണികളോട് chat ചെയ്യാനും,, കഥ എഴുതാനും തികയുന്നില്ല എന്ന് പറഞ്ഞു എന്നെകൊണ്ട് എഴുതിച്ചു (വയസ്സ് 27, കല്യാണം നോക്കുന്നുണ്ട്… ചുമ്മാ ഇതും കൂടി കിടന്നോട്ടെ ?)