Story written by SAJI THAIPARAMBU
നിൻ്റെ വെപ്രാളം കണ്ടാൽ നിനക്കാണ് പ്രസവവേദനയെന്ന് തോന്നുമല്ലോ? ആ ബെഞ്ചിലെങ്ങാനുമൊന്ന് അടങ്ങിയിരിക്കടാ ചെറുക്കാ
എന്നെ നോക്കി അച്ഛനങ്ങനെ പറഞ്ഞപ്പോൾ ,മനസ്സില്ലാ മനസ്സോടെ ഞാൻ ചാര്ബഞ്ചിൻ്റെ ഒരറ്റത്ത് ചന്തിയുറപ്പിക്കാതെ ഇരുന്നു.
അച്ഛന് അങ്ങനെയൊക്കെ പറയാം, പണ്ട് അമ്മ, അഞ്ച് മക്കളെ പ്രസവിച്ചതും, വീട്ടിലായിരുന്നത് കൊണ്ട് ,അച്ഛനിങ്ങനെ ലേബർ റൂമിൻ്റെ വാതില്ക്കൽ ഉള്ള് പിടഞ്ഞ് നില്ക്കേണ്ടി വന്നിട്ടില്ലല്ലോ?
ലേബർ റൂമിൻ്റെ അടഞ്ഞ് കിടക്കുന്ന വാതിലിൽ തന്നെയായിരുന്നു, എൻ്റെ നോട്ടം, ഓരോ പ്രാവശ്യവും വാതിൽ തുറക്കുമ്പോൾ, ഞാനറിയാതെ എഴുന്നേറ്റ് പോകും, പക്ഷേ വേറെ ആരുടെയെങ്കിലും ബന്ധുക്കളെ അന്വേഷിച്ചിട്ട് വാതിലടയുമ്പോൾ, നിരാശയോടെ ഞാൻ വീണ്ടുമിരിക്കും.
രമ്യയെ അകത്തോട്ട് കൊണ്ട് പോയതിൻ്റെ പുറകെ അച്ഛൻ്റെ വെള്ളമുണ്ടും, ഖദർ ഷർട്ടുമിട്ടോണ്ട് അമ്മയും കൂടെ പോയിട്ടുണ്ട്
അവരെങ്കിലുമൊന്ന് ഇറങ്ങി വന്നിരുന്നെങ്കിൽ, എന്തായെന്ന് ഒന്നറിയാമായിരുന്നു.
ചിന്തിച്ച് തീർന്നില്ല , അപ്പോഴേക്കും ശുഭ്രവസ്ത്രധാരിയായ എൻ്റ അമ്മ വാതില്ക്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ,ഞാൻ ചാടിയെഴുന്നേറ്റ് അങ്ങോട്ട് ചെന്നു
എന്തായമ്മേ പ്രസവിച്ചോ?
ഓഹ് എവിടെ ?ആ കൊച്ചിന് നല്ല വേദനയുണ്ട്, പക്ഷെ പ്രസവം നടക്കുന്നില്ല,
ഡോക്ടർമാര് എന്ത് പറഞ്ഞമ്മേ..
അവരെന്തോ പറയാനാ ,അവൾക്ക് ഭയങ്കര പേടിയാണെന്നാ പറയുന്നത്, ങ്ഹാ പിന്നെ ,മോൻ വല്ലതും കഴിച്ചോ?
ഓഹ് ഇല്ലമ്മേ.. എനിക്ക് വിശപ്പൊന്നുമില്ല
രമ്യയുടെ ബെസ്റ്റാൻ്റർ ആരാ?
പെട്ടെന്നൊരു നഴ്സ് വന്ന് ചോദിച്ചപ്പോൾ ഞാൻ ഉത്ക്കണ്ഠാകുലനായി
അമ്മയേം കൂട്ടി അവരകത്തേയ്ക്ക് കയറിപ്പോയപ്പോൾ എൻ്റെ നെഞ്ച് പടാപടാ മിടിച്ചു, അവള് പ്രസവിച്ച് കാണുമോ?
ജിജ്ഞാസയോടെ, ഇരിപ്പുറയ്ക്കാതെ ഞാൻ ആ വാതിലിന് മുന്നിൽ തെക്ക് വടക്ക് നടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ ,മണിക്കൂറുകൾക്ക് മുൻപ് ,വേദന കൊണ്ട് പുളഞ്ഞ് അകത്തേക്ക് കയറിപ്പോയ രമ്യ , കണ്ണീരുണങ്ങിയ മുഖവുമായി എൻ്റെ മുന്നിൽ വന്ന് നില്ക്കുന്നത് കണ്ട് ഞാനമ്പരന്നു.
ഇതെന്താ നീ പ്രസവിച്ചില്ലേ?
ഇല്ലേട്ടാ.. പ്രസവിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല
ങ്ഹേ, എന്താ രമ്യേ… ഈ പറയുന്നത് ,നീയൊന്ന് ആത്മാർത്ഥമായി ശ്രമിച്ചാൽ നടക്കാവുന്ന കാര്യമല്ലേയുള്ളു
അതിന് ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ ഏട്ടാ .. പ്രസവിക്കാത്തത് എൻ്റെ കുറ്റമാണോ ?
പിന്നല്ലാതെ ,നീ നന്നായിട്ടൊന്ന് ശ്രമിച്ചാൽ പ്രസവിക്കുമെന്നാണല്ലോ അമ്മ പറഞ്ഞത്
പിന്നേ … ഇതിൽ കൂടുതലൊന്നും എന്നെക്കൊണ്ട് പറ്റത്തില്ല, ഞാൻ പറഞ്ഞതല്ലേ? എനിക്ക് വുമൺ കെയർ ഹോസ്പിറ്റലിൽ പോയാൽ മതിയെന്ന്, അവിടെയാകുമ്പോൾ ഒന്നുമറിയാതെ കാര്യം നടന്നേനെ
ഉം ചുമ്മാതല്ല, അപ്പോൾ അതാണ് കാര്യം ,മുമ്പവൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയപ്പോൾ വേദന രഹിത പ്രസവത്തിൻ്റെ ബോർഡ് കണ്ടിരുന്നു, അന്ന് മുതൽ പറയുന്നതാണ് ,അവൾക്കാ ഹോസ്പിറ്റലിൽ പോയാൽ മതിയെന്ന് ,പക്ഷേ, വെറുമൊരു പെയിൻ്റ് പണിക്കാരനായ എനിക്ക്, അതും ഈ കോവിഡ് കാലത്ത്, വരുമാനമൊന്നുമില്ലാതിരിക്കുമ്പോൾ, പതിനായിരങ്ങൾ മുടക്കാൻ നിർവ്വാഹമില്ലാത്തത് കൊണ്ടാണ്, സർക്കാരാശുപത്രിയിൽ തന്നെ വന്നത്, ഞാനവളെ പ്രണയിച്ച് വിളിച്ചിറക്കി കൊണ്ട് വന്നത് കൊണ്ട് ,അവളുടെ വീട്ടിൽ നിന്നും യാതൊരു സഹായവും കിട്ടിയിട്ടുമില്ല
ഇനിയെങ്ങനാ ഇവളെയൊന്ന് പറഞ്ഞ് സമ്മതിപ്പിക്കുന്നത് ,ഞാൻ തല പുകഞ്ഞാലോചിച്ചു.
ങ്ഹാ എന്ത് ചെയ്യാം , സർക്കാരിൻ്റെ ന്യൂ ഇയർ ഗിഫ്റ്റ് വാങ്ങാനുള്ള ഭാഗ്യം നിനക്കില്ലെന്ന് കരുതി സമാധാനിക്കാം
ഞാൻ നിരാശയോടെ അവളോട് പറഞ്ഞു
അതെന്താ ഏട്ടാ.. ന്യൂ ഇയർ ഗിഫ്റ്റ് ?
ഓഹ്, ഒരു പവൻ്റെയൊരു നെക്ലസ്, രാത്രി പന്ത്രണ്ട് മണിക്ക് ശേഷം കേരളത്തിലെ സർക്കാരാശുപത്രികളിലെ ലേബർ റൂമിലുള്ള ഗർഭിണികളിൽ, ഏറ്റവും ആദ്യം പ്രസവിക്കുന്ന സ്ത്രീയ്ക്കായിരിക്കും, ആ സമ്മാനം കിട്ടുന്നത് ,ഇനി പറഞ്ഞിട്ട് കാരുമില്ലല്ലോ? നിനക്കിപ്പോൾ വേദന പോലുമില്ലല്ലോ?
ങ് ഹേ നേരാണോ ഏട്ടാ ..?
പിന്നെ ഞാനെന്തിനാ കളവ് പറയുന്നത്
അയ്യോ ,എങ്കിൽ ഞാൻ ലേബർ റൂമിലേക്ക് പോകുവാ, വേദന പോയെന്ന് ഞാൻ വെറുതെ പറഞ്ഞതാ ,ഇവിടുന്ന് തിരിച്ച് നിങ്ങളെന്നെ പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോകുമെന്ന് കരുതിയാ ഞാനങ്ങനെ പറഞ്ഞത് ,ഏട്ടൻ നോക്കിക്കോ? സർക്കാരിൻ്റെ ആ ഒന്നര പവൻ, എത്ര ശ്രമിച്ചിട്ടാണേലും ഞാൻ തന്നെ വാങ്ങും
എൻ്റെ ഐഡിയ ഫലിച്ചെന്ന് ,അവളുടെ ആ പോക്ക് കണ്ടപ്പോൾ എനിക്ക് മനസ്സിലായി .
അപ്പോൾ വാച്ചിൽ മണി പതിനൊന്നായിരുന്നു.
അവൾ പറഞ്ഞത് പോലെ നടക്കുമെങ്കിൽ ,ഇനി ഒരു മണിക്കൂറ് കൂടി കാത്തിരുന്നാൽ മതിയാകും
പിന്നിൽ കൂർക്കംവലി കേട്ട് ഞാൻ തിരിഞ്ഞ് നോക്കി ,പാവം അച്ഛൻ ശരീരമാസകലം കൊതുക് വളഞ്ഞിട്ട് കുത്തുന്നുണ്ടെങ്കിലും, യാതൊന്നുമറിയാതെ സുഖസുഷുപ്തിയിലാണ്ട് കിടക്കുന്ന ആ മനുഷ്യനോട് എനിക്കസൂയ തോന്നി
ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ, ഒരു ഉഗ്രശബ്ദം കേട്ട് ഞാൻ ഞെട്ടി, ഹോസ്പിറ്റലിൻ്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, വർണ്ണങ്ങൾ വാരി വിതറിക്കൊണ്ട് വിശാലമായ ബീച്ചിൽ വെടിക്കെട്ട് നടക്കുന്നു.
ഞാൻ വീണ്ടും വാച്ചിൽ നോക്കി.
കൃത്യം പന്ത്രണ്ട് മണി ,
ഹിപ്പി ന്യൂ ഇയർ
എൻ്റെ അടുത്തിരുന്നയാൾ മൊബൈലിലൂടെ ആരോടൊക്കെയോ പുതുവത്സരാശംസകൾ പറയുന്നു.
ലേബർ റൂമിനകത്തെ വിശേഷമറിയാൻ , എൻ്റെ ഹൃദയം വെമ്പൽ കൊണ്ടു .
അൽപസമയം കഴിഞ്ഞപ്പോൾ, വാതിൽ തുറന്ന്, അമ്മ എൻ്റെ മുന്നിലേക്ക് ചിരിച്ച് കൊണ്ട് വന്നു.
മോനേ … ഡാ അവള് പ്രസവിച്ചെടാ…പുതുവർഷത്തിൽ ഈ ആശുപത്രിയിൽ ആദ്യം പ്രസവിച്ചത് അവളാടാ..
അത് കേട്ട് സന്തോഷം കൊണ്ട് ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു.
പെട്ടെന്നാണ്, അവളോട് പറഞ്ഞ നുണയെക്കുറിച്ച് എനിക്ക് ഓർമ്മ വന്നത്
അപ്പോഴേക്കും അവളിനി ചോദിക്കുമ്പോൾ പറയാനുള്ള, അടുത്ത നുണയെക്കുറിച്ച് ഞാൻ ആലോചന തുടങ്ങിയിരുന്നു.