സുറുമി…
Story written by SHABNA SHAMSU
കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി ഒരു മാസം വീട്ടിൽ നിന്നും മാറി നിക്കേണ്ടി വന്നു…രാവിലെ 8 മണി തൊട്ട് 3 വരെയാണ് ഡ്യൂട്ടി….താമസം അവിടെ അടുത്തുള്ള ഒരു റിസോർട്ടിലാണ്..
എൻ്റെ റൂമിൽ വേറെ രണ്ട് പേരൂടിയുണ്ട്. സുറുമിയും മീനുവും (പേര് സാങ്കൽപ്പികം ആണ് ട്ടോ) ഇരുപത് വയസ്സ്ണ്ട് രണ്ടാൾക്കും..ഞങ്ങള് അന്ന് ആദ്യമായിട്ടാണ് കാണുന്നത്. പക്ഷേ ഒരു ദിവസം കൊണ്ട് തന്നെ ഒരു പാട് കാലം പരിചയമുള്ള ആളുകളെ പോലെ ഞങ്ങൾ നല്ല കൂട്ടായി .
എൻ്റെ ഇത്താത്താൻ്റെ മക്കൾക്ക് അവരുടെ അതേ പ്രായമാണ്. അതോണ്ട് എനിക്കാ കുട്ടികളോട് പ്രത്യേക ഒരു ഇഷ്ടം തോന്നി. രാത്രി കുറേ സമയം ഞങ്ങള് സംസാരിച്ചിരുന്നു.
അപ്പളാണ് സുറുമിക്ക് ഒരു ഫോൺ വന്നത്. അല്ലെങ്കിലേ മൊഞ്ചത്തിയായ ഓൾടെ മുഖം ആ ഫോണില് സംസാരിച്ചോണ്ട് നിക്കുമ്പോ ചോന്ന് തുടുക്ക്ണത് കണ്ടപ്പോ തന്നെ അതാരായിരിക്കും വിളിക്കണത് എന്ന് ഞാനൂഹിച്ചു. പിന്നീടെപ്പളോ ഞാൻ ഉറങ്ങുന്ന വരെയും പ്രാവ് കുറുകുന്ന പോലെ അപ്പുറത്തെ ബെഡിന്ന് ഓള് കുറുകി കൊണ്ടിരുന്നു.
അത് കഴിഞ്ഞ് പുലർച്ചെ നിസ്ക്കരിക്കാനായി ഞാൻ എഴുന്നേറ്റപ്പോ രണ്ട് ചെവീലും കുത്തി തിരുകിയ ഹെഡ്സെറ്റും കൈയ്യില് മുറുക്കി പിടിച്ച ഫോണുമായി അവൾ നല്ല ഉറക്കത്തിലായിരുന്നു. ഇതൊക്കെ ആയിക്കും ലേ ന്യൂ ജനറേഷൻ…
ഇരുപത്തി ഒമ്പതാമത്തെ വയസ്സിലാണ് എനിക്ക് ആദ്യമായിട്ട് ഫോണ് കിട്ടണത്….റോഡ് സൈഡിലെ ട്രാൻസ്ഫോർമറ് പോലെ ഒരു മാറ്റവുമില്ലാതെ ആ സാധനം തന്നെയാണ് ഇപ്പളും എൻ്റെ കയ്യിലുള്ളത്. പെണ്ണ് കാണാൻ വന്ന അന്ന് ഷംസുക്കാൻ്റെ മുമ്പില് നിന്ന് പേരും പഠിച്ച കോളേജും വയസും പറഞ്ഞ് കഴിഞ്ഞ് പിന്നെ മുണ്ട് ണത് ആദ്യരാത്രീല് പാലും വെള്ളത്തിൻ്റെ പകുതി കുടിച്ചപ്പ ളാണ്…യോഗം മാണം.
ഒരു പതിനഞ്ച് കൊല്ലം കൂടി കയിഞ്ഞിട്ട് ൻ്റെ മ്മാക്ക് ന്നെ പെറ്റാ മതിയായ്നു…എന്നാ ഇമ്മായിരി ഹെഡ്സെറ്റൊക്കെ ചെവീല് തിരുകി ഗുമ്മില് കിടക്കായ്നു….ഇനീപ്പോ പറഞ്ഞ്ട്ട് കാര്യല്ല….
ഏതായാലും നല്ലൊരു പ്രേമക്കഥ കേൾക്കാനുള്ള യോഗണ്ട്.. സുറുമിയോട് എല്ലാം ചോദിക്കണം. ഡ്യൂട്ടി കഴിഞ്ഞ് വന്നാ വേറെ പണിയൊന്നൂല്ലാലോ…അങ്ങനെ അന്ന് വൈകുന്നേരം കട്ടൻ ചായയും മിച്ചറും തിന്നോണ്ട് ക്കുമ്പളാണ് അവളാ കഥ പറഞ്ഞ് തുടങ്ങിയത്….
കോട്ടയത്താണ് സുറുമിയുടെ വീട്….ജോലി വയനാട്ടിലും..ഉപ്പയും ഉമ്മയും ഒരു ഇത്തയും… ഒരു സാദാ ഫാമിലി .
നാല് മാസങ്ങൾക്ക് മുമ്പ് ഒരു ലീവിന് അവള് നാട്ടിലേക്ക് പോവുമ്പോ ഷെഫിൻ എന്നൊരു ചെറുപ്പക്കാരനെ കണ്ടു. ബസിൽ അവളുടെ സീറ്റിലായിരുന്നു അവനും. വീട് തൃശൂരാണ്. എന്തോ ആവശ്യത്തിന് കോട്ടയത്തിന് പോവുന്നു…അവളെക്കാൾ പ്രായം കുറഞ്ഞ കാഴ്ചയിൽ ഒരു സാധു എന്ന് തോന്നിക്കുന്ന അവനുമായി കോട്ടയം എത്തുന്ന വരെ സംസാരിച്ചിരുന്നു.
ഒരു പ്രശ്നക്കാരനല്ലാ എന്നും ഇത്താത്താ ന്നുള്ള അവൻ്റെ വിളിയും കാരണം അവൾ ഷെഫിന് അവൾടെ ഫോൺ നമ്പർ കൊടുത്തു.
രണ്ട് ദിവസം കഴിഞ്ഞപ്പോ ഷെഫിൻ അവൾക്ക് മെസേജ് അയച്ചു.
ഇത്താത്താക്ക് കല്യാണം നോക്കുന്നുണ്ടോ., എൻ്റെ ഒരു കസിൻ ഉണ്ട്. ദുബായിൽ ഡോക്ടറാണ്. ഞാൻ ഇത്താത്തയെ കുറിച്ച് അവരോട് പറഞ്ഞു…സമ്മതമാണ്. ഞാനൊന്ന് നമ്പർ കൊടുക്കട്ടെ…ഇത്ത സംസാരിക്കോന്ന് ചോദിച്ചു.
അങ്ങനെയാണ് ഡോക്ടർ റിൻഷാദ് അവളെ വിളിക്കുന്നത്….
ഷെഫിൻ്റെ ഫോണിന്ന് സുറുമീടെ ഫോട്ടോ കണ്ടെന്നും ഒരു പാട് ഇഷ്ടായെന്നും പറഞ്ഞു. അവൾക്ക് റിൻഷാദിൻ്റെ ഫോട്ടോ കാണണമെന്ന് പറഞ്ഞപ്പോ ഷെഫിൻ്റെ ഫോണിന്ന് അയക്കാൻ പറയാമെന്നും അയാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാറില്ലെന്നും പറഞ്ഞു.
അങ്ങനെ അവൾ ഫോട്ടോ കണ്ടു. അവൾക്കും ഇഷ്ടായി. അന്ന് തുടങ്ങിയ ഫോൺ വിളിയാണ്. വാട്ട്സപും ഫേസ് ബുക്കും ഒന്നും ഇല്ലാത്തോണ്ട് തമ്മില് കാണാതെ ഫോട്ടോ അയക്കലൊന്നും ഇല്ലാതെ നേരം വെളുക്കോളം സംസാരിച്ചോണ്ടുള്ള പ്രേമം ആണ്.
അവൾടെ വീട്ടിലവൾ കാര്യം പറഞ്ഞു. ദുബായിലെ ഒരു ഹോസ്പിറ്റലിൽ ആണ് റിൻഷാദ് വർക്ക് ചെയ്യുന്നത്..ഇപ്പോ കോവിഡായപ്പോ നാട്ടിലുണ്ട്. ഇനി ഒന്നൂടെ ദുബായില് പോയി വന്ന്ട്ട് അടുത്ത കൊല്ലം കല്യാണം കഴിക്കുളളൂ….
” പാവാ ഇത്താ….എന്നെ ഒരു പാട് ഇഷ്ടവാ…”
ഇതായിരുന്നു സുറുമിയുടെ അവസാനത്തെ ഡയലോഗ്….എനിക്ക് പക്ഷേ ഈ പ്രേമക്കഥ കേട്ടപ്പോ എന്തോ ഒരു പൊരുത്തക്കേട്…അല്ലേലും എൻ്റെ ഷംസുക്ക പറയാറുണ്ട്.,,,
അൻ്റെ വാപ്പാക്ക് അന്നെ പഠിപ്പിക്ക്ണ കാര്യത്തില് തെറ്റ് പറ്റീക്ക്ന്ന്….വല്ല പോലീസോ CBI യോ ആവേണ്ടതാണ്. 1 വീതം 3 നേരം ന്ന് എഴുതാൻ ഇത്രക്ക് കുനിട്ട് ബുദ്ധീൻ്റെ ആവശ്യല്ലാന്ന്.,,,,അത് സത്യാണ്… ഈ കഥയില് എവിടൊക്കെയോ കൊഴപ്പണ്ട്.,,ദുബായില് വർക്ക് ചെയ്യുന്ന സുന്ദരനായ ഒരു ഡോക്ടർ സോഷ്യൽ മീഡിയ ഒന്നും ഉപയോഗിക്കുന്നില്ലാന്ന് പറഞ്ഞാ ശരിക്കും എന്തോ കുഴപ്പല്ലേ…..
ഞാൻ അവളോട് ചോദിച്ചു. “മോളെ…. നിന്നോടവൻ പൈസ വല്ലതും ചോദിച്ചിരുന്നോ”
“ആ …. ഇത്താ… ദുബയില് ഇക്കാൻ്റെ പുതിയ ഹോസ്പിറ്റൽ ൻ്റെ വർക്ക് നടന്നോണ്ടിരിക്കാ….കൊറോണ ആയോണ്ട് കയ്യില് ഇപ്പോ കാശൊന്നും ഇല്ല….കുറച്ച് പൈസ എൻ്റെ ട്ത്ത് ചോദിച്ചിരുന്നു…. ഈ മാസത്തെ ശമ്പളം കൂടി കിട്ടീട്ട് ഇക്കാൻ്റെ ഫ്രണ്ടിൻ്റെ അക്കൗണ്ടിലേക്ക് അയക്കാന്ന് വിജാരിച്ചിരിക്കാ.,, “
ഐവ…. അപ്പോ ഇത് അതെന്നെ….. ഇമോഷണൽ ബ്ലാക്ക് മെയിലിംഗ്…ഈ ഒരു കാലഘട്ടത്തില് ഇനിയും നേരം വെളുക്കാത്തൊരു പെണ്ണ്,,,,പക്ഷേ അവളൊരു പാവം പൊട്ടത്തിയാണ്….എന്തൊക്കെയോ കാര്യങ്ങള് പറഞ്ഞ് അവനവളെ വിശ്വസിപ്പിച്ചിരിക്കാണ്.
പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല. അന്തവും കുന്തവും ഒന്നും ണ്ടാവൂലാന്ന് എനിക്ക് മനസിലായത് അന്നാണ്.
ആ ഡ്യൂട്ടി കഴിയുന്നതിന് മുമ്പ് ഇതൊന്ന് തെളിയിക്കണംന്ന് എൻ്റെ മനസ് പറഞ്ഞു…ഇത് കഴിഞ്ഞാ ഒരു പക്ഷേ ഞാൻ അവരെയൊന്നും കാണില്ലായിരിക്കും,…വളർന്ന് വരുന്ന എൻ്റെ മൂന്ന് പെൺ കുട്ട്യോളും എൻ്റെ ഇത്താൻ്റെ മക്കളും ഒക്കെക്കൂടി ആ സമയത്ത് മനസിൽ കിടന്ന് വീർപ്പ് മുട്ടി….
മീനുവിനോട് ഈ കാര്യം അവതരിപ്പിച്ചപ്പോ, ഇത്താ… നമുക്കെങ്ങനേലും ഇതിൻ്റെ സത്യാവസ്ഥ കണ്ട് പിടിക്കണം… ഞാനുണ്ട് ഇത്താൻ്റെ കൂടെ എന്ന് പറഞ്ഞു…
അന്ന് രാത്രി സുറുമിൻ്റെ ഫോണിന്ന് ഡോക്ടർ റിൻഷാദിൻ്റെ നമ്പർ ഞാൻ എൻ്റെ ഫോണിലേക്ക് സെൻ്റ് ചെയ്തു….ശേഷം ബാങ്കില് വർക്ക് ചെയ്യുന്ന എൻ്റെ ഒരു ഫ്രണ്ടിനെ ഫോൺ വിളിച്ച് ഈ കാര്യങ്ങളൊക്കെ സംസാരിച്ചു…എന്നിട്ട് പുതിയ വണ്ടി വാങ്ങുന്നതിന് ബാങ്ക് പലിശ രഹിത ലോൺ കൊടുക്കുന്നുണ്ടെന്നൊക്കെ പറഞ്ഞ് ബാങ്ക് കാരുടെ ഭാഷയിൽ സംസാരിച്ച് അവൻ്റെ ഡീറ്റയിൽസ് എടുക്കാൻ പറഞ്ഞു….
എല്ലാ തെളിവും കിട്ടിയിട്ടേ സുറുമിയുടെ മുമ്പില് അവതരിപ്പിക്കാൻ പറ്റുള്ളൂ…കണ്ണും മൂക്കും ഇല്ലാത്ത പ്രേമത്തിൻ്റെ ചതിക്കുഴീല് മുങ്ങി നീന്തുന്നവരോട് ഉപദേശമോ ശാസനയോ വിലപ്പോവില്ലെന്ന് ഞമ്മക്കറിയാ….
അങ്ങനെ പിറ്റേ ദിവസം എൻ്റെ ഫ്രണ്ടിൻ്റെ കോൾ വന്നു. അവൻ്റെ സകല ഡീറ്റയിൽസും കിട്ടി…പേരും വയസും ഉപ്പാൻ്റെ പേരും സ്ഥലവും എന്തിനേറെ പറയുന്നു, പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡിൻ്റെ ഫോട്ടോയും റേഷൻ കാർഡിൻ്റെ കോപ്പിയുമടക്കം എല്ലാം കിട്ടി.,,
പേര് ഷെഫിൻ..വയസ് 19, സ്ഥലം..ത്യശൂര്
അന്ന് അവൾടെ കൂടെ ബസില് യാത്ര ചെയ്ത കാഴ്ചയിൽ പാവം പോലെ തോന്നിയ ആ മൊതല്… വല്യ ഡോക്ടറാ… ദുബായിക്കാരനാന്നൊക്കെ പറഞ്ഞാലെ അവള് വീഴുള്ളൂന്ന് തോന്നീട്ട് ചെക്കനെടുത്ത പരിപാടിയാ ഇത്….
എല്ലാ തെളിവുകളും കൊണ്ട് അവൾടെ കൂടെ ഇരുന്ന് സമാധാനത്തില് പറഞ്ഞ് മനസിലാക്കിയപ്പോ തലതല്ലി നെഞ്ച് പൊട്ടി കരഞ്ഞ അവൾടെ മുഖം ഒരു കാലത്തും മനസ്ന്ന് പോവൂല..
ഏതോ നാട്ടിലുള്ള ഒരു മോള് …. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുള്ള പരിചയം.. എൻ്റെ മടിയിൽ കിടന്ന് പറ്റിക്കപ്പെട്ടതോർത്ത് കരഞ്ഞപ്പോ അവൾടെ മുടിയിഴകൾ തഴുകി കുറേ സമാധാനിപ്പിച്ചതും അവളെന്തേലും കടുംകൈ ചെയ്യോ ന്നോർത്ത് ഉറങ്ങാതെ നേരം വെളുക്കോളം കാവലിരുന്നതും ഓരോരോ നിമിത്തം കാരണമാണ്…
ഒരു മാസം കഴിഞ്ഞ് അവിടുന്ന് പോരുമ്പോ എന്നെ കെട്ടിപ്പിടിച്ച് കണ്ണില് വെള്ളം നിറച്ച് അവള് പറഞ്ഞു…. “ഒരിക്കലും മറക്കൂല ഇത്താ.. എന്നെ ഈ ഒരു ചതീന്ന് കര കയറ്റാൻ ഇത്ത കാണിച്ച മനസിനെ അള്ളാഹു അനുഗ്രഹിക്കും..”
ആ കുട്ടികളോട് അന്ന് യാത്ര പറഞ്ഞ് പിരിഞ്ഞപ്പോ ഞാൻ മനസിലോർത്തു… ചില ബന്ധങ്ങൾ ഇങ്ങനെയാണ്….ഒരു മാന്ത്രിക നൂലിനാൽ മനസുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നത്…..
(ഈ ഓർമക്കുറിപ്പ് എന്നോട് എഴുതാൻ ആവശ്യപ്പെട്ടത് സുറുമി തന്നെയാണ് ട്ടോ…..അവളെപ്പോലെ ആരെങ്കിലും ഇത് പോലുള്ള ചതിയിൽ പെട്ട് പോയിട്ടുണ്ടെങ്കിൽ ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉപകാരപ്പെട്ടാലോ…. )
shabna shamsu❤️