Story written by Nitya Dilshe
കെട്ട്യോൾടെ ഉറക്കെയുള്ള അലർച്ച കേട്ടാണ് ഉറക്കത്തിൽ നിന്നും പിടഞ്ഞെണീറ്റത്..മുഖം കണ്ടപ്പോഴേ മനസ്സിലായി എന്തോ വലിയ ആപത്ത് വരുന്നുണ്ടെന്ന്…
“എന്താടി..””
“”നിങ്ങളിങ്ങനെ ഒരു മണ്ണുണ്ണി ആയല്ലോ..” അതിനുള്ള മറുപടി വായിൽ വന്നെങ്കിലും അവൾടെ മുഖം കണ്ടപ്പോൾ ഞാനത് വിഴുങ്ങി…
“”ദേ…. നിങ്ങൾടമ്മ പാടുന്നു..”‘ അവൾ ഫോൺ എനിക്ക് നേരെ നീട്ടി..
ഉറക്കമത്തും അവളുടെ ചൊറിഞ്ഞുള്ള വർത്തമാനവും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു..വീണ്ടും കിടക്കാനൊരുങ്ങിയ അവൾ എന്നെ ഒറ്റനോട്ടത്തിൽ വീണ്ടും ഇരുത്തിക്കളഞ്ഞു…
“”ഒരുമൂളിപ്പാട്ടുപോലും പാടാത്ത എന്റെ അമ്മയോ..ഒന്നു പോയേ..””
വീഡിയോ നോക്കി….’വൃദ്ധസദനത്തിൽ നിന്നൊരു ദേവസംഗീതം….ഇപ്പോഴിതാ സിനിമയിലേക്കും…’എന്ന ക്യാപ്ഷനോട് കൂടി അമ്മയതാ പാടുന്നു..
ഒരു ഭജൻ ആണ് ‘അമ്മ പാടുന്നത്..ആരോ മൊബൈലിൽ പകർത്തിയ വീഡിയോ ആണ്..
“”‘അമ്മ ഇത്ര നന്നായി പാടുമായിരുന്നോ..””ഞാൻ ആത്മഗതിച്ചു…
“”നന്നായി പാടുന്നു.. ല്ലേ.???.”‘ സന്തോഷം മറച്ചുവക്കാതെ ഞാനവൾടെ മുഖത്തേക്ക് നോക്കി…അവിടെ കലി മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്നു..അതോടെ ചിരി മാഞ്ഞു..
“”നമ്മൾ മാത്രാഅറിയാൻ വൈകിയത്..നോക്ക്യേ..സനീഷും സവിതയും ഒക്കെ ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പിലും ഷെയർ ചെയ്തിട്ടുണ്ട്….ഫീലിംഗ് പ്രൗഡ്..മൈ മോം ഇസ് സിംഗിങ്..ന്നും പറഞ്ഞ്.”‘
“”ന്നാ നീയും ചെയ്തോ.. ‘അമ്മ നമ്മുടേതും കൂടിയാണല്ലോ…”‘ഞാനവളെ സമാധാനിപ്പിച്ചു..
“”അതല്ല ഇപ്പൊ വിഷയം..വേഗം നാട്ടിലേക്ക് ടിക്കറ്റ് ബുക് ചെയ്യണം. അമ്മയുടെ അടുത്ത് എത്തണം.. അവരൊക്കെ എത്തീട്ടുണ്ടാവും….എല്ലാത്തിനും ഒരു നീക്കുപോക്കുണ്ടാക്കണം..’അമ്മ ഇനി തിരക്കിലാവും.. കൂടെ നിന്ന് പറ്റിക്കാൻ കുറേപേരും കാണും..നിങ്ങൾക്ക് വല്ലതും മനസ്സിലായോ മനുഷ്യാ…””പറഞ്ഞത് മുഴുവനായി മനസ്സിലായില്ലെങ്കിലും യാന്ത്രികമായി ഞാൻ തലയാട്ടി..
****** ***** ****** ****** ******
“”അമ്മയുടെ തീരുമാനമെന്താ..??? ഞങ്ങൾക്കതാ അറിയേണ്ടത്..”” സനീഷ് തന്നെ ചോദ്യത്തിന് തുടക്കമിട്ടു..
“”ഞങ്ങൾക്കെല്ലാം സന്തോഷമാ അമ്മയുടെ ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കാൻ..അതിനു വേണ്ടിയാ ഇപ്പോൾ തിരക്കിൽ നിന്നും ഇങ്ങോട്ടു വന്നതും…അമ്മ ഞങ്ങൾടെ കൂടെ വരണം..”” സവിതയാണ്..
കെട്ട്യോൾ എന്നെ പിന്നിൽ നിന്നും കുത്തി.. “”അതെ അമ്മേ..ഞങ്ങൾ എല്ലാം അമ്മേടെ കൂടെയുണ്ട്…”” ഞാനും മൊഴിഞ്ഞു..
അമ്മയുടെ മുഖം ശാന്തമായിരുന്നു…ആ മുഖത്തായിരുന്നു ആകാംക്ഷയോടെയുള്ള ഞങ്ങളുടെ കണ്ണുകൾ..സൗമ്യതയോടെ ‘അമ്മ പറഞ്ഞു തുടങ്ങി..
“”ഞാനിതുവരെ ഒരു മൂളിപ്പാട്ടു പാടുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ..??”” ഇല്ലെന്നു ഞങ്ങളെല്ലാം തലയാട്ടി..
“”എന്റെ ഇഷ്ടങ്ങൾ ..ആഗ്രഹങ്ങൾ …അതൊക്കെ നിങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. സ്വന്തം ഇഷ്ടങ്ങളെ ഞാൻ മറന്നിരുന്നു…നമ്മുടെ വീടിന്റെ നാലു ചുമരുകൾക്കപ്പുറത്തേക്ക് എനിക്കൊരു ലോകവുമില്ലായിരുന്നു..എനിക്കായി ഞാൻ ജീവിച്ചിട്ടില്ല…വൈകിയെന്നറിയാം..ഈ അറുപത്തൊന്നാം വയസ്സിൽ ഞാൻ എനിക്കായി ജീവിച്ചു തുടങ്ങുകയാണ്…
മക്കളില്ലെന്നാണ് ഇവിടെ എല്ലാരോടും പറഞ്ഞിരിക്കുന്നത്..ഇനിയും അതുതന്നെയേ പറയു..അമ്മക്കിപ്പോൾ ഒരുപാട് മക്കളുണ്ട്.അവർ അമ്മയുടെ സുഖവിവരങ്ങൾ…വിശേഷങ്ങൾ… ചോദിച്ചു വിളിക്കുന്നുണ്ട്. ..ഇവിടെ എന്നെ സഹായിക്കാൻ ആളുകളുണ്ട്…ഇനിയുള്ള ജീവിതം നിങ്ങൾ ആഗ്രഹിച്ചപോലെ ഇവിടെ തന്നെ..എനിക്കൊന്നു കിടക്കണം…രാവിലെമുതൽ തിരക്കായിരുന്നു…””
കൺകോണിലൂറിയ നനവ് അമ്മ പുഞ്ചിരി കൊണ്ട് മായ്ച്ച് എഴുന്നേറ്റു..വിങ്ങുന്ന മനസ്സിനെ അടക്കി പതിയെ അകത്തേക്ക് നടന്നു….
സ്നേഹത്തോടെ…Nitya Dilshe