Story written by Saji Thaiparambu
കഴുത്തിൽ കിടന്ന ഷോ മാലയൂരി അലമാരയിൽ വച്ചിട്ട് ,കിടക്കാൻ ഒരുങ്ങുമ്പോഴാണ്, അമ്മയുടെ ഫോൺ വന്നത്
എന്താ അമ്മേ.. രാത്രിയില്
പരിഭ്രമത്തോടെ സിന്ധു അമ്മയോട് ചോദിച്ചു.
ഒരു വിശേഷം ഉണ്ട് മോളേ.. സീതയെ കാണാൻ ഇന്നൊരു കൂട്ടര് വന്നിരുന്നു, ചെറുക്കൻ ഗൾഫുകാരനാണ് , അച്ഛൻ്റെ മരണവാർത്തയറിഞ്ഞ് പെട്ടെന്ന് നാട്ടിലേക്ക് വന്നതാണ്, ഉടനെ തിരിച്ച് പോകുകയും വേണം, അവർക്ക് രണ്ടാൺമക്കളായിരുന്നു, മൂത്തമകൻ കല്യാണം കഴിഞ്ഞ് മാറിത്താമസിക്കുകയാണ്, അച്ഛൻ മരിച്ചത് കൊണ്ട്, അമ്മയെ തനിച്ചാക്കി പോകാൻ ,ആ പയ്യനൊരു മടി ,അപ്പോൾ ബന്ധുക്കളായിട്ടെടുത്തൊരു തീരുമാനമാണ്,
അയാൾ കല്യാണം കഴിച്ച് പെൺകുട്ടിയെ അമ്മയോടൊപ്പം നിർത്തിയിട്ട്, ഗൾഫിലേക്ക് പോയാൽ മതിയെന്ന്, ഇന്ന് ഇവിടെ വന്നു സീതയെ കണ്ടപ്പോൾ, ചെറുക്കന് അവളെ ഇഷ്ടമായി, രണ്ടാഴ്ചയ്ക്കുള്ളിൽ വിവാഹം നടത്തി കൊടുക്കണമെന്നാണ്, അവർ പറയുന്നത്, അവൾക്കായി വാങ്ങി വച്ചിരിക്കുന്ന ,കുറച്ചു സ്വർണം ഇവിടെ ഇരിപ്പുണ്ട്, പക്ഷേ, ഒരു ഇരുപത്തിയഞ്ച് പവൻ എങ്കിലും ഇല്ലാതെ, എങ്ങനെയാ മോളെ, അവളെ പറഞ്ഞയക്കുന്നത്
അത് ശരിയാണമ്മേ.. എനിക്ക് തന്നത് പോലെ, അവൾക്കും കൊടുക്കണ്ടേ?
അതേ മോളേ, പക്ഷേ പെട്ടെന്ന് പത്ത് പന്ത്രണ്ട് പവൻ സ്വർണം വാങ്ങാനുള്ള നിവൃത്തിയില്ല ,ഒരു ചിട്ടി വീണത്, തല്ക്കാലം ആവശ്യമില്ലെന്ന് പറഞ്ഞ്, ബാങ്കിൽ തന്നെ നിക്ഷേപിച്ചിരിക്കുവല്ലേ? അതിനി എടുക്കണമെങ്കിൽ, ആറ് മാസം കഴിയണം
പിന്നെ എന്താ അമ്മേ.. ഒരു വഴി?
അതിനാ ഞാൻ മോളെ വിളിച്ചത്, നിൻ്റെ കയ്യിൽ ഒരു പാട് സ്വർണ്ണമുണ്ടല്ലോ? അതിൽ നിന്ന് കുറച്ച് സ്വർണ്ണം നീ അമ്മയ്ക്ക് പണയം വയ്ക്കാൻ താ ,ആറ് മാസം കഴിഞ്ഞ് ഞാൻ തിരിച്ചെടുത്ത് തന്നേക്കാം
അത് കേട്ട് സിന്ധു ഒന്ന് പകച്ചു.
അയ്യോ അമ്മേ.. സുരേഷേട്ടൻ അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല, ഞങ്ങൾക്കാണെങ്കിൽ എല്ലാ ആഴ്ചയിലും എന്തെങ്കിലുമൊക്കെ ഫംങ്ഷൻ കാണും ,അതിനൊക്കെ ചെല്ലുമ്പോൾ, മുഴുവൻ ആഭരണങ്ങളും ഇട്ട് കൊണ്ട് ചെല്ലണമെന്ന്, അദ്ദേഹത്തിന് നിർബന്ധമാണ്, കഴിഞ്ഞ പ്രാവശ്യം ഒരു വളയിടാതിരുന്നപ്പോൾ തന്നെ, അദ്ദേഹമത് എടുത്ത് ചോദിക്കുകയും ചെയ്തു.
മകളുടെ മറുപടി കേട്ട് വിജയലക്ഷ്മി അമ്പരന്നു, മകൾ അങ്ങനെ പറയുമെന്ന് അവർ സ്വപ്നേവി വിചാരിച്ചിരുന്നില്ല.
അമ്മയ്ക്കൊരു മരുമകളുണ്ടല്ലോ?കൊണ്ട് വന്ന സ്വർണ്ണം മുഴുവൻ അവളുടെ കൈയ്യിൽ തന്നെയുണ്ട്, ചേട്ടൻ ഗൾഫിലായതു കൊണ്ട്, പുറത്തു പോകേണ്ട ആവശ്യവുമില്ല, അവളോട് അമ്മയ്ക്ക് ചോദിക്കാൻ വയ്യായിരുന്നോ?
തൻ്റെ തലയിൽ നിന്ന് ഒഴിവാകാനായി, അവൾ അമ്മയ്ക്കൊരു വഴി പറഞ്ഞ് കൊടുത്തു.
ഓഹ്, അവള് തരുമെന്ന് തോന്നുന്നില്ല , സീതയും അവളും തമ്മിൽ ,എപ്പോഴും പൊരിഞ്ഞ അടിയാണ്, നാത്തൂൻ പോരിൻ്റെ കാര്യത്തിൽ, സീതയുടെ മുന്നിൽ നീ പോലും തോറ്റു പോകും
അല്ല, അത് പിന്നെ.. അമ്മയും തീരെ മോശമല്ലല്ലോ ,മത്തൻ കുത്തിയാൽ, കുമ്പളം മുളയ്ക്കില്ല, പിന്നെ എന്താണമ്മേ.. ഒരു പോംവഴി?
ങ്ഹാ, വേറെ എന്തെങ്കിലും വഴി നോക്കണം, എന്നാൽ ശരി, ഞാൻ വയ്ക്കട്ടെ
നീരസത്തോടെ, അമ്മ ഫോൺ കട്ട് ചെയ്തപ്പോൾ, പെട്ടെന്ന് തനിക്കൊരു കളവ് പറയാൻ തോന്നിയതിൽ, സിന്ധുവിന് തെല്ലാശ്വാസം തോന്നി ,ഇല്ലെങ്കിൽ ചിലപ്പോൾ, പണയം വയ്ക്കുന്ന തൻ്റെ സ്വർണ്ണം, തിരിച്ച് കിട്ടില്ലെന്ന ആശങ്ക അവൾക്കുണ്ടായിരുന്നു.
വിജയലക്ഷ്മി ,മകളുമായി സംസാരിക്കുന്നത് ,മരുമകൾ ലതിക ,മുറിയിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു, കോള് കട്ടായി എന്നറിഞ്ഞപ്പോൾ, അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി വന്നു.
വീട്ടിൽ സ്വർണം വച്ചിട്ടെന്തിനാണമ്മേ.. കെട്ടിച്ചയച്ച മകളോട് ഇരക്കുന്നത്?
ആ ചോദ്യം കേട്ട് ,വിജയലക്ഷ്മി മരുമകളെ തുറിച്ചുനോക്കി.
അമ്മേ … എനിക്ക് സ്ത്രീധനമായി തന്ന സ്വർണ്ണം മുഴുവൻ, ഇവിടെ അലമാരയ്ക്കകത്തു വെറുതെ ഇരിക്കുവല്ലേ? ആവശ്യത്തിനുള്ളത് പണയം വെച്ചിട്ട്, സീതയുടെ കല്യാണം നടത്താൻ നോക്ക്, നമുക്ക് വലുത്, അവളുടെ ഭാവി അല്ലേ?
മരുമകളുടെ ഉപദേശം കേട്ട വിജയലക്ഷ്മി, പിന്നെയും ഞെട്ടി.
അവിശ്വസനീയതയോടെ, അവർ സ്വയം കയ്യിൽ നുള്ളി നോക്കി.
എൻ്റെ പൊന്നു മോളേ… നിന്നെ ദൈവം അനുഗ്രഹിക്കും , സ്വന്തം ചേച്ചിക്കില്ലാത്ത സ്നേഹമാ, നീ അവളോട് കാണിക്കുന്നത് ,എന്നിട്ട് ഇതൊന്നും മനസ്സിലാക്കാതെയാണല്ലോ, അവൾ നിന്നോട് ഇത്രയും പോരെടുക്കുന്നത്
സാരമില്ലമ്മേ.. അവൾ കൊച്ചു കുട്ടിയല്ലേ? വിവാഹം കഴിഞ്ഞ് ചെല്ലുമ്പോൾ, അവൾക്ക് എല്ലാം മനസ്സിലാകും
പിന്നെ ഒട്ടും താമസിച്ചില്ല, രണ്ടാഴ്ച കഴിഞ്ഞ് ഒരു ശുഭമുഹൂർത്തത്തിൽ, സീതയെ ഗൾഫുകാരൻ പയ്യൻ, കല്യാണം കഴിച്ചു കൊണ്ടു പോയി .
അന്ന് രാത്രി ഗൾഫിലുള്ള ഭർത്താവ് ലതികയെ വിളിച്ചു.
എന്തുപറ്റി ലതികേ.. നിനക്ക് അവളോട് പെട്ടെന്നൊരു സ്നേഹം തോന്നാൻ, സാധാരണ നീ അവളെ കുറിച്ച് പറയുമ്പോൾ തന്നെ, വല്ലാത്ത ദേഷ്യമായിരുന്നല്ലോ? എന്നിട്ട് ഇത്രയും സ്വർണ്ണം കൊടുത്ത് , അവളെ കെട്ടിച്ചയക്കാൻ ,നീ കാണിച്ച ആ നല്ലമനസ്സുണ്ടല്ലോ? അത് ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു
എൻ്റെ ചേട്ടാ.. ഞാനിപ്പോൾ കടംകൊടുത്ത സ്വർണമുണ്ടല്ലോ? അത് ആറുമാസം കഴിയുമ്പോൾ തിരിച്ചു വാങ്ങിക്കാൻ എനിക്ക് നന്നായറിയാം , എനിക്കവളോട് സ്നേഹം തോന്നിതുകൊണ്ടൊന്നുമല്ല, ഞാനവളെ കെട്ടിച്ചു വിടാൻ മനസ്സ് കാണിച്ചത് ,അവളുടെ അമ്മായി അമ്മയുടെ പോര് സഹിക്കാൻ വയ്യാതെയാണ് മൂത്ത മകൻ, ഭാര്യയുമായി കുടുംബത്ത് നിന്ന് മാറിത്താമസിക്കുന്നതെന്ന്, സീതയെ പെണ്ണ് കാണാൻ വന്നപ്പോൾ, അവരുടെ മൂത്ത മരുമകൾ എന്നോട് പറഞ്ഞിരുന്നു , ഭർത്താവ് ഗൾഫിൽ പോയിക്കഴിയുമ്പോൾ, തനിച്ചാകുന്ന ഭാര്യ നേരിടുന്ന, മാസികാവസ്ഥ എന്താണെന്നും, അവളുടെ നേരെ പോരെടുക്കുമ്പോൾ, അവൾ എത്രത്തോളം നിസ്സഹായയായി പോകുമെന്നും, നിങ്ങളുടെ ഇളയ പെങ്ങളെ എനിക്കൊന്ന് ബോധ്യപ്പെടുത്തണമായിരുന്നു, അതിന് വേണ്ടിയാണ് ഞാനീ ത്യാഗം സഹിച്ചത്, അവളെ കൊണ്ട് ഞാൻ പൊറുതിമുട്ടി ഇരിക്കുമ്പോഴാണ്,അവളെയിവിടുന്ന് പറഞ്ഞുവിടാനുള്ള ഒരു വഴി തെളിഞ്ഞു വന്നത്, ഈയൊരവസരത്തിൽ ,അവളെ ഇവിടുന്ന് ഒഴിവാക്കാനായി ,എൻ്റെ കൈയ്യിലുള്ള മുഴുവൻ സ്വർണവും, കൊടുക്കാൻ ഞാൻ തയ്യാറാകുമായിരുന്നു ,ഇപ്പോഴാണ് ഈ വീട്ടിൽ എനിക്കൊന്ന് ദീർഘശ്വാസമയക്കാനായത് , എൻ്റെ കനിവിലാണ്, മകൾക്കൊരു ജീവിതമുണ്ടായിരിക്കുന്നത് എന്ന ബോധ്യമുള്ളത് കൊണ്ട്, എൻ്റെ അമ്മായിയമ്മയും, ഇനി കുറച്ച് നാളത്തേക്ക് പത്തി വിടർത്തില്ല,കാരണം, ഞാൻ കൊടുത്ത സ്വർണ്ണം ,എൻ്റെ നേരെ ഉയരാൻ സാധ്യതയുള്ള മൂർച്ചയേറിയ വാളുകളെ തടയാനുള്ള പരിച കൂടിയാണെന്നെനിക്കറിയാം
എന്നാലും നിന്നെ ഞാൻ സമ്മതിച്ചു, മിണ്ടാപ്പൂച്ചയെ പോലെയിരുന്ന നിൻ്റെ മനസ്സിൽ, ഇത്രയും ബുദ്ധിയുണ്ടായിരുന്നോ?
അള മുട്ടിയാൽ ചിലപ്പോൾ ചേരയും കടിക്കും ചേട്ടാ …
അത് പറയുമ്പോൾ, ഒരു മധുര പ്രതികാരം വീട്ടിയ സന്തോഷത്തിലായിരുന്നു ലതിക .