Story written by GAYATHRI GOVIND
“ഈ ആഴ്ച ഇത് എത്രാമത്തെ പെണ്ണുകാണൽ ആണ് അച്ഛാ.. എനിക്കു മടുത്തു ഓരോത്തരുടെയും മുൻപിൽ കെട്ടി ഒരുങ്ങി നിന്ന്.. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിട്ട് ഇനിയും ആളെ കൊണ്ടുവന്നാൽ മതിയെന്ന് ആ ചേട്ടനോട് പറഞ്ഞിരുന്നോ..”
“ഞാൻ അവനോട് പറഞ്ഞതാണ് മോളെ.. അവൻ പറയുന്നത് ഇവിടെ വന്ന് നിന്നെ കണ്ടു ഇഷ്ടപെട്ടാൽ പിന്നെ നിന്റെ കണ്ടിഷൻസ് ഓക്കെ അംഗീകരിക്കുമെന്നാണ്.. “
“ഉവ്വ്.. എന്നിട്ട് ഇതുവരെ ആരും ഓക്കേ പറഞ്ഞില്ലല്ലോ.. “
“ആഹ് ഇതും കൂടി വന്നിട്ട് പോകട്ടെ.. എന്നിട്ട് നമ്മുക്ക് ശങ്കരനോട് പറയാം.. എല്ലാം പറഞ്ഞു സമ്മതം ആണെങ്കിൽ മാത്രം ആളെ കൊണ്ടുവന്നാൽ മതിയെന്ന്..”
“ഹ്മ്മ്..”
“നീ പോയി റെഡിയാകു.. അവർ ഇപ്പോൾ ഇങ്ങ് വരും.. “
അഞ്ജലി അകത്തേക്ക് പോയി..
❤️❤️❤️❤️❤️
“മോളെ.. ചായ എടുത്തോളൂ.. അവർ എത്തി കേട്ടോ.. “
അഞ്ജലിയുടെ ചിറ്റ പലഹാരങ്ങൾ കൊണ്ടു വന്നു.. പിന്നാലെ അഞ്ജലി ചായയുമായി എത്തി..
“ആഹ് മോളെ.. ഇതാണ് പയ്യൻ.. വിഷ്ണു.. ഇത് കൂട്ടുകാരനാ.. ” ബ്രോക്കർ പറഞ്ഞത് കേട്ട് അഞ്ജലി രണ്ടു പേർക്കും നേർത്ത പുഞ്ചിരി നൽകി.. എല്ലാവരും കുറച്ചു നേരം സംസാരിച്ചിരുന്നു.. വിഷ്ണുവിന് അഞ്ജലിയെ ഇഷ്ടമായെന്ന് അവന്റെ മുഖത്ത് നിന്നും മനസിലാക്കാമായിരുന്നു.. അതിന്റെ ഇടയിൽ അച്ഛൻ വിഷ്ണുവിനോടായി പറഞ്ഞു
“ശങ്കരൻ പറഞ്ഞോ എന്നറിയില്ല.. മോൾക്ക് ചില കണ്ടിഷൻസ് ഉണ്ട്.. ” വിഷ്ണു ബ്രോക്കറെയൊന്നു നോക്കി..
“അത് മോള് തന്നെ പറയട്ടെ.. നിങ്ങൾ സംസാരിക്കു.. ഞങ്ങൾ ഉമ്മറത്തോട്ട് ഇരിക്കാം..” ബ്രോക്കർ എഴുന്നേറ്റു.. പിന്നാലെ വിഷ്ണുവിന്റെ കൂട്ടുകാരനും അഞ്ജലിയുടെ അച്ഛനും പോയി..
“ഇയാൾ ഇരിക്കു.. “
അഞ്ജലി വിഷ്ണുവിന് എതിർവശത്തു ഇരുന്നു..
“എന്താ തനിക്കു പറയാനുള്ളത്.. “
“ഞാൻ.. എനിക്ക് പറയാനുള്ളത്..”
“എന്താണെങ്കിലും പറഞ്ഞോളൂ..”
“ശങ്കരേട്ടൻ പറഞ്ഞോ എന്നറിയില്ല..എനിക്ക് ഒരു ചേച്ചി ഉണ്ടായിരുന്നു.. നാല് വർഷങ്ങൾക്ക് മുൻപ് ഒരു ബൈക്ക് ആക്‌സിഡന്റിൽ ചേച്ചിയും ഏട്ടനും ഞങ്ങളെ വിട്ടുപോയി.. “
“ഹ്മ്മ്..”
“അവളുടെ ഒന്നര വയസ്സുള്ള മകനെ എന്നെ നോക്കാൻ ഏൽപ്പിച്ചാണ് അന്ന് അവർ പോയത്.. അവൾക്ക് ഒരു ടെസ്റ്റ് ഉണ്ടായിരുന്നു.. അത് അറ്റൻഡ് ചെയ്യാൻ.. “
“ഓഹ്.. So sad.. എന്നിട്ട് ആ കുട്ടി എന്തിയെ?? “
“മോൻ ട്യൂഷൻ പോയതാണ് അടുത്ത വീട്ടിൽ.. അന്ന് മുതൽ അവനു ഞാൻ ആണ് അമ്മ.. എന്നെ അമ്മയെന്നു വിളിച്ചാണ് അവൻ വളർന്നത്.. “
“ഹ്മ്മ്..”
“എനിക്ക് പറയാനുള്ളത്.. അച്ഛൻ പല അസുഖങ്ങൾ ഉണ്ട്.. ഏട്ടന്റെ പേരെന്റ്സ് പ്രായമായവർ ആണ്.. മോന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ സാധിക്കില്ല അച്ഛനും അവർക്കും.. അതുകൊണ്ട് വിവാഹത്തിന് മുൻപ് ഞാൻ ഉണ്ണിയെ adopt ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്.. കല്യാണം വേണ്ട എന്ന് പല തവണ അച്ഛനോട് പറഞ്ഞതാണ് പക്ഷേ അച്ഛന് എന്നെ ആരുടെയെങ്കിലും കയ്യിൽ കൈ പിടിച്ചു നൽകിയെ മതിയാകു എന്ന വാശി.. അതുപോലെ തന്നെ എന്റെ എല്ലാ സ്വത്തിനും പകുതി അവകാശം എന്റെ ഉണ്ണിക്ക് ആകും.. നിങ്ങൾക്ക് അവനൊരു അച്ഛൻ ആകാൻ കഴിയുമെങ്കിൽ മാത്രം ഈ കല്യാണത്തിന് സമ്മതിച്ചാൽ മതി.. നാളെ നമ്മുടെ ഇടയിൽ ഒരു കുഞ്ഞ് വന്നുകഴിഞ്ഞു അവനോടുള്ള രീതി മാറാൻ പാടില്ല അതുകൊണ്ട് തന്നെയാണ് അഡോപ്ഷനെ പറ്റി ചിന്തിച്ചത്.. “
വിഷ്ണു അഞ്ജലിയെ തന്നെ നോക്കിയിരുന്നു..
“എനിക്ക് സമ്മതമാണ്..”
“മറുപടി ഇപ്പോൾ പറയണ്ട.. നന്നായി ആലോചിച്ചു സമയം എടുത്ത് പറഞ്ഞാൽ മതി…”
“ആലോചിക്കാൻ ഒന്നുമില്ല.. എനിക്ക് സമ്മതമാണ്.. ” അവൾ അത്ഭുതത്തോടെ അവനെ നോക്കി.. കുറച്ച് നേരത്തെ മൗനത്തിനു ശേഷം വിഷ്ണു പറഞ്ഞു
“താൻ ശ്രെദ്ധിച്ചോ.. എന്റെയൊപ്പം അമ്മയോ അച്ഛനോ സഹോദരിയോ ആരും വന്നിട്ടില്ല.. എല്ലാവരും ഉണ്ടെങ്കിലും ഞാനും ഒരു അനാഥൻ ആണ് അഞ്ചാം വയസ്സ് മുതൽ.. രോഗം വന്നു അമ്മ മരിച്ചപ്പോൾ അച്ഛൻ അമ്മയുടെ അനിയത്തിയെ വിവാഹം ചെയ്തു.. പക്ഷേ അവർക്ക് ഒരു കുട്ടി ഉണ്ടാകുന്നത് വരെ ഉണ്ടായിരുന്നുള്ളൂ എന്നോടുള്ള സ്നേഹവും കരുതലും.. ചെറിയമ്മ മാറിയത് സമ്മതിക്കാം.. പക്ഷേ ചെറിയമ്മയുടെ വാക്ക് കേട്ടു എന്റെ അച്ഛനും എന്നെ അന്യനായി കാണാൻ തുടങ്ങിയപ്പോൾ എനിക്ക് അന്ന് അതു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു..
സത്യം പറഞ്ഞാൽ തന്നോട് എനിക്ക് റെസ്‌പെക്ട് തോന്നുകയാണ്..ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരും സമൂഹത്തിൽ ഉണ്ടല്ലോ..ഒരുപക്ഷെ അനാഥത്വത്തിന്റെ കൈയിപ്പ് നന്നേ അറിയാവുന്നത് കൊണ്ടാവും ഞാൻ ഇതിനു സമ്മതിച്ചത്.. എന്തായാലും എനിക്ക് വേണം ഈ അമ്മയെയും അമ്മയുടെ മകനെയും… ” അവന്റെ വാക്കുകൾ ദൃഢമായിരുന്നു..
വീട്ടിൽ നിന്നും എതിർപ്പുകൾ ഉണ്ടായിട്ടും ഒന്നും വകവെയ്ക്കതെ വിഷ്ണു അഞ്ജലിയെയും മകനെയും അവന്റെ ജീവിതത്തിലേക്ക് കൂട്ടി.. ഉണ്ണിക്ക് അമ്മയെക്കാളും പ്രിയപ്പെട്ട അച്ഛനാകാൻ വിഷ്ണുവിന് വളരെ പെട്ടെന്നു കഴിഞ്ഞു…
അവസാനിച്ചു