Story written by SRUTHI KISHAN KURUVI
ഓട്ടമത്സരം, തവള ചാട്ടം, പുന്നായ്ക്ക പറക്കൽ , ലളിതഗാനം ഉൾപ്പെടെ എല്ലാറ്റിലും പങ്കെടുത്തു അടപടലം 3G ആയി ഒന്നാം ക്ലാസ്സ് ദേ വന്നു ധാ പോയി.
ഒരേ ബെഞ്ചിൽ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പിള്ളേരെല്ലാംസ്കൂൾ വാർഷികത്തിനു ഓടിപ്പോയി ഗ്ലാസും കിണ്ണവും ഒക്കെ സമ്മാനം വാങ്ങി കൂട്ടിയപ്പോൾ ഇത്രേം മത്സരങ്ങളിൽ ഒന്നുവിടാതെ എല്ലാറ്റിനും പങ്കെടുത്തു തേഞ്ഞ എനിക്ക് ഒരു സ്പൂണെങ്കിലും പ്രോത്സാഹനം സമ്മാനമായി കിട്ടാത്തത്തിൽ മനം നൊന്തു അടുത്ത വർഷം കലാ കായിക പരമായ ഒന്നിലും കൈ വെക്കൂല എന്ന് എന്റെ തന്നെ ഉച്ചിയിൽ അടിച്ചു ഞാൻ സത്യം ചെയ്തു
പിറ്റേവർഷം… രണ്ടാം ക്ലാസിൽ വെച്ചു ക്ലാസ്സ് ടീച്ചർ ആയിരുന്ന ശൈലജ ടീച്ചർ പറഞ്ഞതുകൊണ്ട് സംഘ ഗാനത്തിന് പേര് കൊടുത്തു.
സെലഷൻ ടൈമിൽ പാടികേൾപ്പിച്ച പാട്ട് പകുതിവെച്ചു മറന്നുപോയതോണ്ട് ക്ലാസ്സിലേക്ക് പോകാനുള്ള വഴി മറക്കാതിരിക്കാൻ കൂടെ ഒരു കൊച്ചിനേം ടീച്ചർമാർ വിട്ടുതന്നു.
അല്ലേലും എനിക്ക് ഈ കൂട്ട് കൃഷിയോട് പണ്ടേ താല്പര്യം ഇല്ല. “ഒറ്റയ്ക്ക് ഞാൻ ഒരു മൈക്കിൽ” അതാണ് ഞമ്മന്റെ പോളിസി. (അല്ലാതെ സെലെക്ഷൻ കിട്ടാത്തതിന്റെ നാണക്കേട് മറയ്ക്കാൻ പറഞ്ഞതല്ല )
കഥാരചനക്ക് തള്ളിയുന്തി വിട്ടതും അതേ ടീച്ചറാണ്. ഒരു ചിത്രം. “കാട്ടു തീയിൽ അകപ്പെട്ടുപോയ മൃഗങ്ങൾ” അത് നോക്കി കഥ വികസിപ്പിച്ചെഴുതണം.
സകലമാന അയൽക്കൂട്ടം പെണ്ണുങ്ങളെയും മനസ്സിൽ ധ്യാനിച്ചു ഞാൻ കഥ മെനയാൻ തുടങ്ങി.
മാനിനും പുലിയ്ക്കും അവിഹിതം ആണെന്ന് പറഞ്ഞു കഥയ്ക്ക് തീ പിടിപ്പിക്കാം എന്നല്ലാതെ ഈ കാട്ടുതീ അണയ്ക്കാൻ ഒരു വഴിം കിട്ടണില്ല.
ഒടുവിൽ “മാൻ കുട്ടിയുടെ ബുദ്ധി ” എന്ന് ക്യാപ്ഷൻ കൊടുത്തിട്ട് ആരും നോക്കി എഴുതാതിരിക്കാൻ കൈകൊണ്ട് മറച്ചു പിടിച്ചു.
മാൻ കുട്ടി അച്ഛനോടും അമ്മയോടും പിണങ്ങി വീട് വീട്ടിറങ്ങുന്നു. മനസ്സുമാറി തിരികെ പോരാൻ നേരം വഴി തെറ്റുന്നു. അന്നേരം കാട്ടുതീ പടരുന്നു. മൃഗങ്ങളെല്ലാം തെക്കുവടക്കേ നിലവിളിച്ചുകൊണ്ട് ഓടുന്നു. ഇത്രയും വിശദീകരിച്ചു എഴുതി വെച്ചു.
ഇനി തീയണയ്ക്കണം. “ആരെങ്കിലും വെള്ളം കോരി അണയ്ക്കെടേയ്” എന്ന് മാൻ കുട്ടി കൺഡ്രാക്ക് വിട്ടാൽ വെള്ളം കോരി ഒഴിക്കാനും ആള് വേണമല്ലോ. മല്ലന്മാരായ ആനകൾ പോരട്ടെ തുമ്പികയ്യിൽ വെള്ളവും നിറച്ചു കൊണ്ട്.
അങ്ങനെ അടുത്തുള്ള കുളം വറ്റിച്ചു തുമ്പി കയ്യിൽ നിറച്ചു കാട്ടാനക്കൂട്ടം തീയണയ്ക്കുന്നു. ബുദ്ധി ഉപദേശിച്ച മാൻ കുട്ടിയെ എല്ലാവരും അഭിനന്ദിക്കുന്നു. മാൻകുട്ടിക്ക് അച്ഛനമ്മമാരെ ആ കൂട്ടത്തിൽ കാണാൻ കഴിയുന്നു.
കഥ അത്രയും എഴുതി മൂന്നു നാല് തവണ വായിച്ചിട്ട് രോമാഞ്ച കുഞ്ചുകം നിറഞ്ഞ് ഞാൻ തന്നെ എന്റെ തോളിൽ തട്ടി അഭിനന്ദിച്ചു. വെൽഡൺ my girl എന്ന്.
നാളുകൾ കഴിഞ്ഞു. കഥയെഴുത്തും മത്സരവും എല്ലാം ഞാൻ മറന്നു.
സ്കൂൾ വാർഷികത്തിനു കഥയെഴുത്തിന് രണ്ടാം സ്ഥാനം കിട്ടിയതിനു ഒരു സ്ഥീൽ ഗ്ലാസും കാട്ടി HM സ്റ്റേജിലേക്ക് വിളിച്ചപ്പോഴാണ് സെക്കണ്ടുകൾ കൊണ്ട് ഞാൻ ചന്ദ്രനിൽ പോയി തിരിച്ചു വന്നത്.
സ്കൂൾ വിട്ടു വരുന്ന വഴിക്ക് അമ്മൻ കുടം പോലെ തലയിൽ സ്റ്റീൽ ഗ്ലാസ്സും കമഴ്ത്തി പോകുന്നോരോടും വരുന്നോരോടും സമ്മാനം കിട്ടിയ കഥ നാവിലെ വെള്ളം വറ്റുവോളം പറഞ്ഞു. വീട്ടിൽ എത്തി അമ്മയ്ക്ക് ഗ്ലാസും കാണിച്ചുകൊടുത്തു. രാത്രി അതിൽ നിറയെ ചായയും കുടിച്ചു ഞാൻ വിജയമാഘോഷിച്ചു ഗ്ലാസും കെട്ടിപിടിച്ചു കിടന്നുറങ്ങി.
അന്ന് ഞാൻ തള്ളി തള്ളി മറിച്ച കഥയ്ക്ക് സമ്മാനം തന്നു സ്കൂളുകാര് എന്നെ പ്രോത്സാഹിപ്പിച്ചു വിട്ടതിന്റെ ക്ഷീണം മുഴുവൻ ഇന്ന് നാട്ടാര് അനുഭവിക്കുന്നുണ്ട്