എഴുത്ത്: മിഴി മാധവ്
അമ്മാവന്റെ മകൾ നീതുവിനൊപ്പം ആദ്യമായി കോളേജിന്റെ പടി കയറുമ്പോൾ ചങ്ക് ഇടിക്കുന്നുണ്ട്. കാരണം ടൗണിലേക്കു തന്നെ വല്ലപ്പോഴുമാണ് വരാറുള്ളത് ഇതിപ്പോ ടൗണിലെ മികച്ച കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി.
കുത്തിയിരുന്ന് പഠിച്ചു ഉയർന്ന മാർക്കു തന്നെ വാങ്ങിയതുകൊണ്ടാണ് ട്ടോ. അങ്ങനെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും വാങ്ങി കോളേജിലേക്ക്. ഇനി ടൗണിൽ അമ്മാവന്റെ വീട്ടിലാണ് താമസം. അമ്മാവന്റെ മകൾ നീതു കൂടെയുള്ളതാണ് ഏക ആശ്വാസം. ഞങ്ങൾ ഒരേ ക്ലാസിലാണ് പഠിക്കുന്നതും.
പക്ഷേ നീതു എന്നെപ്പോലെയല്ലാ നല്ല വെളുത്ത് മുടിയൊക്കെ ഷാംബുവിട്ട് പാറിപറിപ്പിച്ച് കളർഫുൾ ചുരിദാറൊക്കെയിട്ട്. ഞാനണെങ്കിലോ ഇരുനിറകാരി പിന്നെ എണ്ണ തേച്ച് പിന്നിയിട്ട മുടിയും. പട്ടുപാവടയും ബ്ലൗസുമിട്ട തനി നാട്ടുപുറത്തുകാരിയും.
“അവിടെ നിന്നേ രണ്ടാളും എങ്ങോട്ടാ ഇത്ര ധൃതിയിൽ.. ?”
ഈ പറഞ്ഞതൊക്കെ എന്റെ ചിന്തകളായിരുന്നല്ലോ. അവറ്റകളെ ഓടിച്ചു കൊണ്ടൊരു ചോദ്യം. ഞാൻ നോക്കുമ്പോൾ കുറെ ചേട്ടൻമാർ ബൈക്കിനു മുകളിലും അരികെയായും ഇരിക്കുന്നു.
“രണ്ടാളും ഇങ്ങോട്ട് വന്നേ”
കൂട്ടത്തിൽ കട്ടി മീശക്കാരൻ ചേട്ടൻ ഞങ്ങളെ വിളിച്ചു. നീതുവിനോട് ഒട്ടിചേർന്ന് ഞാനും അവളുടെ കൂടെ ചെന്നു.
ഒരു ചേട്ടൻ മസില് പിടിച്ച് ചോദിച്ചു.
“എന്താ പേര്?”
നീതു അവളുടെ പേര് പറഞ്ഞു അടുത്തത് എന്നോടായിരുന്നു. ഞാൻ വിക്കി വിക്കി പറഞ്ഞു.
“കാർത്തു “
പെട്ടെന്ന് അവിടെ പൊട്ടിച്ചിരി മുഴങ്ങി. അതു കണ്ട് ഞാൻ അന്തം വിട്ടു. അതിലൊരു ചേട്ടൻ
“എന്തൂട്ട് കാർത്തുവോ? അതൊ ശരിക്കും കാർതുമ്പിയെന്നങ്ങാനും ആണോ?
പിന്നെയും കൂട്ടചിരി.
ഞാൻ പറഞ്ഞു ശരിക്കും കാർത്തിക കാർത്തികേയൻ എന്നാണ്. കാർത്തൂന്ന് വീട്ടിൽ വിളിക്കുന്ന പേരാണ്.
തല നിറച്ചും എഴുന്നേറ്റ് നിൽക്കുന്ന മുടിയുള്ളൊരു ചേട്ടൻ ദേഷ്യത്തിൽ
“ചെല്ലപേരൊന്നും ഇങ്ങോട്ട് പറയണ്ട “
അതും പറഞ്ഞ് ആ മുടിയൻ ചേട്ടൻ എന്റെ അടുത്തേക്ക് വന്നതും ഞാൻ പേടിച്ച് അയ്യോന്നും പറഞ്ഞ് പിറകോട്ട് മാറി.
അതു കണ്ട് ആ ചേട്ടന്റെ കൂട്ടുകാർ ഉച്ചത്തിൽ ചിരിച്ചു. അത് മുടിയൻ ചേട്ടന് നാണക്കേടായിന്ന് തോന്നി.
കട്ട മീശക്കാരൻ ചേട്ടൻ മുടിയനെ മാറ്റി കൊണ്ട് പറഞ്ഞു.
“ദേ ഈ പെൺക്കുട്ടികളെ കണ്ടോ.. ഇവരെപോലെ മോഡേണായിട്ട് കോളേജിലേക്ക് വരാൻ പറ്റുമെങ്കിൽ വന്നാ മതി.”
അപ്പോഴെക്കും ചുറ്റും കൂടിയ കുട്ടികളെ ഞാൻ ശ്രദ്ധിച്ചു.എല്ലാവരും ഭയങ്കര മോഡേൺ ആണ്. ചിലരാണെങ്കിൽ എന്നെയൊരു അത്ഭുത ജീവിയെപ്പോലെ നോക്കുന്നതു കൂടി കണ്ടപ്പോൾ എനിക്ക് വയ്യതെയായി. ഞാൻ അറിയാതെ നീതുവിന്റെ കൈയ്യിൽ മുറുക്കെ പിടിച്ചു.
പെട്ടെന്നാണ് അത് സംഭവിച്ചത്. അവരുടെ കൂട്ടത്തിലൊരു ചേട്ടൻ പിടച്ചു നിലത്തേക്കു വീണു. എല്ലാവരും ചിതറി മാറി. അപസ്മാരമാണത്.
നോക്കി നിൽക്കുന്നതല്ലാതെ ആരും അനങ്ങുന്നില്ല. ഞാൻ പെട്ടെന്ന് ബാഗ് തുറന്ന് കയ്യിലുണ്ടായിരുന്ന താക്കോൽ കൂട്ടമെടുത്ത് നിലത്തു വീണു കിടക്കുന്ന ചേട്ടന്റെ കയ്യിൽ ബലമായി പിടിപ്പിച്ചു.
കുറച്ച് കഴിഞ്ഞ് പിടച്ചിൽ നിന്ന് ആ ചേട്ടൻ നോർമലായി. ഞാൻ എഴുനേറ്റു. കട്ടി മീശക്കാരൻ ചേട്ടൻ എന്നോട് നന്ദി പറയുമ്പോൾ എവിടെന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു.
”ചേട്ടാ ഈ മോഡേൺ വേഷത്തിലൊന്നും ഒരു കാര്യവുമില്ല. സഹായിക്കാനൊരു മനസ്സുണ്ടായാൽ മതി. എന്നാ ഞങ്ങള് പൊയ്ക്കോട്ടെ.”
കൂടി നിന്ന മോഡേൺകുട്ടികൾക്കിടയിലൂടെ ഞാൻ മുന്നോട്ട് നടന്നു…