Story written by Saji Thaiparambu
ഭർത്താവ് മരിച്ച് ആറ് മാസം കഴിഞ്ഞപ്പോഴാണ് ,ഹൗസ് ഓണർ പെട്ടെന്ന് വീട്ടിലേക്ക് കയറി വരുന്നത്, റസിയ കണ്ടത്
ഒന്നര വയസ്സുള്ള മകളെ പാല് കൊടുത്ത് തൊട്ടിലിൽ കിടത്തിയുറക്കിയിട്ട്, കുളിക്കാനായി തയ്യാറെടുക്കുമ്പോഴാണ്, തീരെ നിനച്ചിരിക്കാതെ അബുട്ടി മുതലാളിയുടെ കടന്ന് വരവ്.
നൈറ്റി മാത്രമിട്ടോണ്ട് നിന്ന റസിയ, പെട്ടെന്ന് തന്നെ കുഞ്ഞിനെ കിടത്താറുള്ള ഷാളെടുത്ത്, താലയും മാറും ,മറയുന്ന രീതിയിൽ പുതച്ചിട്ട് ,വാതിലിനരികിൽ ഒതുങ്ങി നിന്നു.
ഉമ്മയിവിടെയില്ല ,ചന്തേൽ പോയിരിക്കുവാ ,വരുമ്പോൾ ഞാൻ പറയാം, വാടക ചോദിക്കാൻ മുതലാളി വന്നിരുന്നെന്ന്
അയ്യോ, ഞാൻ വാടക ചോദിക്കാൻ വന്നതല്ല ,ഉമ്മയില്ലെന്ന് അറിഞ്ഞോണ്ട് തന്നെയാ വന്നതും, എനിക്ക് റസിയയോട് മാത്രമായി ഒരു കാര്യം പറയാനുണ്ട്
അത് കേട്ടപ്പോൾ, അവളുടെ ചങ്കിടിക്കാൻ തുടങ്ങി ,വിധവകളായ പെണ്ണുങ്ങളെ വശീകരിക്കാൻ, ചില മുതലാളിമാർ തക്കം നോക്കി ചെല്ലാറുള്ളത്, സിനിമയിലൊക്കെ കണ്ടിട്ടുള്ളത് കൊണ്ട്, അബുട്ടി മുതലാളിക്ക് അങ്ങനെയൊരു ദുരുദ്ദേശമുണ്ടോ, എന്നവൾ, സംശയിച്ചു,
ഉത്ക്കണ്ഠയോടെ അയാളുടെ മുഖത്തേക്കവൾ ,ഉറ്റ് നോക്കി നിന്നു.
ഈ വീട്ടിൽ ആകെ ഉണ്ടായിരുന്ന ഒരു ആൺതുണയാണ് നിങ്ങൾക്ക് നഷ്ടമായിരിക്കുന്നത് ,ഇപ്പോഴിവിടെ രണ്ട് പെണ്ണുങ്ങൾ മാത്രം താമസിക്കുന്നത് അത്ര സുരക്ഷിതമല്ല ,മാത്രമല്ല, ഇത് വരെയുള്ള നിങ്ങളുടെ ചിലവുകളൊക്കെ നാട്ടുകാര് നോക്കിയിരുന്നു ,അതിനി എത്ര കാലം ഉണ്ടാവുമെന്ന് പറയാൻ കഴിയില്ല ,അപ്പോൾ ഞാൻ പറഞ്ഞ് വന്നത് ,നിങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കി, നിങ്ങളെ സംരക്ഷിക്കാൻ ഈ വീട്ടിൽ ഒരു പുരുഷൻ്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്
മുതലാളിയുടെ പോക്ക് വേറെ ലെവലിലേക്കാണെന്ന് റസിയയ്ക്ക് മനസ്സിലായി ,അഞ്ചാറ് കൊല്ലം മുമ്പ് അയാളുടെ ഭാര്യ, എന്തോ അസുഖം വന്ന് മരിച്ചിരുന്നു, പിന്നെ രണ്ട് പെൺകുട്ടികളുണ്ടായിരുന്നതിനെ, നല്ല നിലയിൽ കെട്ടിച്ചയക്കുകയും ചെയ്തു ,ഇപ്പോൾ മുതലാളിക്ക് പത്തൻപത് വയസ്സായെങ്കിലും, നല്ല ആരോഗ്യവാനാണ് , പക്ഷേ അയാളെക്കാൾ പത്തിരുപത്തിയഞ്ച് വയസ്സ് പ്രായക്കുറവുള്ള തനിക്ക്, ഒരിക്കലും അയാളുടെ ബീവിയാകാൻ താത്പര്യമില്ല, താൻ നന്നേ ചെറുപ്പമാന്നെന്നും തൻ്റെ ജീവിതം തുടങ്ങിയിട്ടേയുള്ളെന്നും ബോധ്യമുള്ളതിനാൽ, ഒരു പുനർവിവാഹം ആവശ്യമാണെന്ന് തനിക്ക് നന്നായറിയാം ,കാരണം രണ്ട് സ്ത്രീകളും ഒരു പിഞ്ച് കുഞ്ഞുമായി തനിച്ച് താമസിച്ചാൽ, ഈ സമൂഹത്തിൽ നിന്നും ഒരു പാട് വെല്ല് വിളികളെ അതിജീവിക്കേണ്ടി വരും ,പക്ഷേ ഒരു പുനർവിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ട സമയമായിട്ടില്ല
റസിയ എന്താ ആലോചിക്കുന്നത്?
മുതലാളിയുടെ ചോദ്യം, അവളെ ചിന്തകളിൽ നിന്നുണർത്തി.
അല്ലാ ..മുതലാളി എന്താ ഉദ്ദേശിക്കുന്നത്?
വേറൊന്നുമല്ല, ആമിന മരിച്ചിട്ടും ഒരു പുനർവിവാഹന്നെക്കുറിച്ച് ഞാൻ ചിന്തിക്കാതിരുന്നത്, മക്കളുടെ ഭാവി ഓർത്തിട്ടായിരുന്നു, ഇപ്പോൾ അവരുടെ കാര്യമൊക്കെ ഹൈറാക്കി, ഇനി എനിക്കൊരു കൂട്ട് വേണമെന്ന് കുറച്ച് ദിവസമായിട്ട് ഒരാലോചന
മതി നിർത്തു, ആദ്യമേ എനിക്ക് തോന്നിയിരുന്നു ,മുതലാളി ഇത് തന്നെയാണ് പറഞ്ഞ് വരുന്നതെന്ന് ,തുറന്ന് പറയുന്നത് കൊണ്ടൊന്നും തോന്നരുത് ,ഞങ്ങളുടെ കാര്യത്തിൽ മറ്റുള്ളവർക്കില്ലാത്ത ഉത്ക്കണ്ഠ, മുതലാളിക്കും വേണ്ട, ഞങ്ങളിവിടെ എങ്ങനെയെങ്കിലും ജീവിച്ചോളാം, ഇനി ഈ പേരും പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ വരരുത്
അയാൾ പിന്നെ അവിടെയിരുന്നില്ല, കുനിഞ്ഞ ശിരസ്സോടെ അബൂട്ടി മുതലാളി ഇറങ്ങി പോകുന്നത്, പുച്ഛത്തോടെ അവൾ നോക്കി നിന്നു.
കുളികഴിഞ്ഞ് റസിയ പുറത്തിറങ്ങി വരുമ്പോൾ, കുഞ്ഞു ഉണർന്നു കരയുന്നുണ്ടായിരുന്നു, കുഞ്ഞിനെ എടുത്തു മടിയിൽ ഇരുത്തി അവൾക്ക് പാല് കൊടുക്കുമ്പോഴാണ്, ചന്തയിൽ പോയിരുന്ന ജമീല, തിരിച്ചു വന്നത്.
അടുക്കള പടിയിൽ ഇരുന്നുകൊണ്ട്, ജമീല മീൻ വെട്ടി കഴുകുമ്പോൾ, റസിയ കുഞ്ഞിനേയും എടുത്തുകൊണ്ട് അവിടേക്ക് വന്നു.
അബൂട്ടി മുതലാളി വന്നതും, പറഞ്ഞതുമായ കാര്യങ്ങളൊക്കെ റസിയ ,ജമീലയെ പറഞ്ഞുകേൾപ്പിച്ചു.
എന്നിട്ട് നീ എന്തു പറഞ്ഞു?
ജമീല, ഉദ്വോഗത്തോടെ ചോദിച്ചു.
ഞാൻ പറഞ്ഞു , ഈ പേരും പറഞ്ഞു ,ഇനി മേലാൽ ഈ വഴിക്ക് കണ്ടു പോകരുത് എന്ന്
എന്ത് മണ്ടത്തരമാണ് മോളെ.. നീ പറഞ്ഞത്, ഇനി നാളെ എന്തെന്ന ചിന്തയിൽ പകച്ചു നിൽക്കുന്ന നമ്മുടെ മുന്നിലേക്ക് ,അള്ളാഹു ആയിട്ട് ഒരു വഴി കാണിച്ചു തന്നതാണ്, നീ അടച്ചു കളഞ്ഞത്
നമ്മൾ ഇനി എങ്ങനെ ജീവിക്കും, എന്ന് ഓർത്തിട്ട് ആണോ ഉമ്മ ഇത് പറയുന്നത്, ഉമ്മ നോക്കിക്കോ ?നാളെ മുതൽ എൻ്റെ കുഞ്ഞിനെ ഉമ്മയെ ഏല്പിച്ചിട്ട്, ഞാൻ ഏതെങ്കിലും ഒരു കടയിൽ സെയിൽസ് ഗേൾ ആയിട്ട് പോകും, അവിടുന്ന് കിട്ടുന്ന ശമ്പളം മാത്രം മതി, നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ
പിന്നെ.. നിനക്ക് വേണ്ടി എല്ലാവരും സെയിൽസ് ഗേളിൻെറ ജോലി എടുത്തു വച്ച് ,നിന്നെയും കാത്തിരിക്കുവല്ലേ? നീ അങ്ങോട്ട് ചെന്നാൽ ഉടനെ, എടുത്തു തരാനായിട്ട്, പിന്നെ ഈ ജോലി തരുന്ന മുതലാളിമാരൊക്കെ, എങ്ങനെയുള്ളവരാണെന്ന് ആർക്കറിയാം, നിനക്ക് ജോലി തന്നതിൻ്റെ പേരിൽ, വിധവയും ചെറുപ്പവുമായ ,നിന്നെയവർ ബ്ബാക്ക് മെയില് ചെയ്യില്ലെന്ന് എന്താ നിനക്കുറപ്പ്
പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു, കിളവനായ മുതലാളിയുടെ ഭാര്യയാകാൻ സമ്മതമാണെന്ന് പറയണമായിരുന്നോ ?
മോളെ.. നീ ഒരു കാര്യം മനസ്സിലാക്കണം, പള്ളിക്കമ്മിറ്റി കാര് ഒരു സമൂഹ വിവാഹം നടത്തിയത് കൊണ്ട് മാത്രമാണ് ,നിനക്ക് അന്നൊരു ജീവിതം ഉണ്ടായത്, അന്ന് നീയുമായിട്ട് വലിയ പ്രായ വ്യത്യാസമില്ലാത്ത ഒരു ചെറുക്കനെയാണ് ,അവർ നിനക്ക് കണ്ടെത്തി തന്നത് ,എന്നിട്ടോ? രണ്ടുവർഷം അവനോടൊപ്പം നീ കഴിഞ്ഞിട്ട്, എപ്പോഴെങ്കിലും മനസ്സമാധാനത്തോടെ നീ ജീവിച്ചിട്ടുണ്ടോ? അവസാനം കുടിച്ചു കുടിച്ചു, കരള് നശിപ്പിച്ചവൻ ജീവിതം കളയു വല്ലായിരുന്നോ…? എനിക്കറിയാവുന്നിടത്തോളം, അബൂട്ടി മുതലാളി നല്ലൊരു മനുഷ്യനാണ്, ഇഷ്ടം പോലെ സ്വത്തുമുണ്ട് ,പത്തൻപത് വയസ്സുണ്ടെങ്കിലും ,അയാള് നല്ല ആരോഗ്യവാനാണ് ,അയാൾ നിന്നെ വിവാഹം കഴിച്ചാൽ ,നിനക്ക് നല്ലൊരു ജീവിതം കിട്ടുമെന്ന് മാത്രമല്ല ,കണ്ടവൻമാരൊക്കെ അസമയത്ത് വന്ന് വാതിലിൽ മുട്ടുമെന്ന ഭയമില്ലാതെ, മനസ്സമാധാനത്തോടെ നിനക്കെന്നും ജീവിക്കാനും കഴിയും
വെട്ടി വൃത്തിയാക്കിയ നെയ്മത്തി, ചട്ടിയിൽ പരലുപ്പ് ചേർത്ത് ചിതമ്പല് കളഞ്ഞു കൊണ്ട് ,ജമീല അകത്തേയ്ക്ക് കയറുമ്പോഴും റസിയ ,ഉമ്മ പറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ആലോചനയിലായിരുന്നു.
പിറ്റേന്ന് ഗേറ്റ് തുറന്ന് വരുന്ന ജമീലയെ കണ്ട്, ബർമുഡയിട്ടോണ്ട് മുറ്റത്തുനിന്ന് വ്യായാമം ചെയ്തു കൊണ്ടിരുന്ന അബൂട്ടി, വേഗം വരാന്തയിലേക്ക് കയറി, കൈലി മുണ്ടെടുത്ത് അരയിൽ ചുറ്റി.
അല്ലാ ഇതാര്, ജമീലയോ ? തീരെ പ്രതീക്ഷിച്ചില്ല കേട്ടോ? വരൂ അകത്തേക്ക് കയറി ഇരിക്കൂ
ഞാൻ ഇവിടെ നിന്നോളാം, ഇന്നലെ മുതലാളി വീട്ടിൽ വന്നിരുന്ന കാര്യം മോള് പറഞ്ഞിരുന്നു, അവളൊരു എടുത്തു ചട്ടക്കാരി ആണ്, ആരോട് എന്ത് എങ്ങനെ പറയണമെന്ന് അവൾക്ക് അറിയില്ല, ഞാൻ അവളെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിച്ചിട്ടുണ്ട് , എപ്പോഴാണെന്ന് പറഞ്ഞാൽ മതി, എൻറെ മോളെ ,നിങ്ങൾക്ക് നിക്കാഹ് ചെയ്തു തരാൻ, ഞാൻ തയ്യാറാണ്
തെല്ല് മടിയോടെ ആണെങ്കിലും ജമീല, അബൂട്ടി മുതലാളിയോട് മുഴുവൻ പറഞ്ഞൊപ്പിച്ചു.
ങ്ഹേ ,എന്തൊക്കെയാണ് ജമീല നിങ്ങൾ പറയുന്നത്, റസിയക്ക് എൻ്റെ മൂത്ത മകളുടെ പ്രായമല്ലേ യുള്ളൂ, അവളെ കല്യാണമാലോചിക്കാൻ ഞാൻ വരുമെന്ന് ,നിങ്ങൾക്ക് തോന്നുന്നുണ്ടോ? എൻ്റെ ഭാര്യ മരിച്ച് ,മക്കളുടെ വിവാഹവും കഴിഞ്ഞപ്പോൾ ,ഒറ്റപ്പെട്ട എനിക്ക് ജീവിതത്തിൽ ,ഒരു കൂട്ട് വേണമെന്ന് തോന്നി, അങ്ങനെയാണ് ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത് , വിവാഹം കഴിക്കുകയാണെങ്കിൽ, അതിന് അർഹതയുള്ള ഒരാളെ തന്നെ കഴിക്കണമെന്നും, ഞാൻ തീരുമാനിച്ച് ഉറപ്പിച്ചു ,അപ്പോഴാണ് ആരും തുണയില്ലാതെ ജീവിക്കുന്ന, രണ്ട് വിധവകളുള്ള നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ഞാനാലോചിച്ചത് ,ജമീലയുടെ ഭർത്താവും, ചെറുപ്പത്തിലേ മരിച്ച് പോയതല്ലേ ?എന്നിട്ടും നിങ്ങൾ ജീവിതത്തിൽ ലഭിച്ചേക്കാവുന്ന, എല്ലാ സുഖങ്ങളും ത്യജിച്ച് ,മോൾക്ക് വേണ്ടി ജീവിച്ചു, എന്നിട്ടും നിങ്ങൾക്ക്, മകളെ ഒരു സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞില്ല, അതിന് പ്രധാന തടസ്സം, സാമ്പത്തിക ബുദ്ധിമുട്ടാണെന്നറിയാം ,കുറച്ച് കാശ് തന്ന്, റസിയയെ പുനർവിവാഹം കഴിപ്പിക്കാൻ എനിക്ക് കഴിയാഞ്ഞിട്ടല്ല, അപ്പോഴും പാഴ്ജന്മമായിത്തീരുന്ന ജമീലയെക്കുറിച്ചായിരുന്നു, എൻ്റെ ചിന്ത , അങ്ങനെയാണെങ്കിൽ ജമീലയെ ഞാൻ നിക്കാഹ് ചെയ്താൽ, നിങ്ങൾക്ക് ഒരു ജീവിതം തരുന്നതിനോടൊപ്പം , റസിയയ്ക്കും നല്ലൊരു പുതിയാപ്ളയെ കണ്ടെത്താമല്ലോ, എന്ന് ഞാൻ കണക്ക് കൂട്ടി,ജമീലയോട് എനിക്ക് നേരിട്ട് വിവാഹമലോചിക്കാനുള്ള മടി കൊണ്ടാണ് ,റസിയ വഴി ഞാനൊരു ശ്രമം നടത്തിയത്, പിന്നെ ,ഇപ്പോൾ ഇത് തുറന്ന് പറഞ്ഞത്, നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനാണ്
ജാള്യതയോടെ അബൂട്ടിയത് പറഞ്ഞത് കേട്ട്, ജമീലയുടെ നുണക്കുഴികൾ ലജ്ജയാൽ നിറഞ്ഞു.
ജമീല ,സമാധാനമായി പൊയ്ക്കൊള്ളു ,മക്കളുമായി ഞാൻ ഉടനെ വീട്ടിലേക്ക് വരുന്നുണ്ട് ,ഔദ്യോഗികമായി തന്നെ എൻ്റെ ബീവിയാക്കാൻ
നാണം കൊണ്ട് പൂത്തുലഞ്ഞ ശരീരവുമായി ,അബൂട്ടിയുടെ ഉമ്മറപ്പടിയിറങ്ങുമ്പോൾ, ജമീലയ്ക്ക് ഭാവിയെക്കുറിച്ച്, ഒരു ദിശാബോധം തോന്നി തുടങ്ങിയിരുന്നു.