ഫീലിംഗ് ഹാപ്പി
Story written by PRAVEEN CHANDRAN
“ഇരുപത്തിനാല് മണിക്കൂറും ഫേസ്ബുക്കില് കുത്തിപ്പിടിച്ചിരുന്നാ ആര് ജോലി തരാനാ.. അതിനേ ടൈയും കെട്ടി പുറത്തേക്കിറങ്ങണം.. ആ ജോസഫിന്റെ മോനെ കണ്ടില്ലേ.. ? മെഡിക്കൽ റപ്പല്ലേ അവൻ.. നിന്റെ പ്രായമല്ലേ ഉള്ളൂ അവനും.. അവനെത്രയാ ശമ്പളംന്ന് നിനക്കറിയോ? ഇരുപത്തയ്യായിരം രൂപ.. നിനക്കോ? “
അച്ഛന്റെ ആ ചോദ്യം എന്നെ നന്നായിട്ടൊന്ന് ഇരുത്തിയെങ്കിലും തൽക്കാലം തിരിച്ച് പറയാൻ ഡയലോഗൊന്നുമില്ലാത്തതോണ്ട് ഒരക്ഷരം പോലും മിണ്ടിയില്ല…
അല്ലേലും മറ്റുള്ളവരുടെ മക്കളെ നോക്കി പഠിക്കാൻ എന്നുള്ളത് കാലാകാലങ്ങളായി മാതാപിതാക്കൾ പിന്തുടർന്ന് വരുന്ന കാര്യമാണല്ലോ? അതിന് ന്യൂ ജെൻന്നോ ഓൾഡ് ജെൻന്നോ ഇല്ലല്ലോ…
“എന്താടാ നിന്റെ നാവിറങ്ങിപ്പോയോ? ഇവിടെ ഇങ്ങനെ കുത്തിയിരുന്നാ നിന്റെ ഫേസ്ബുക്ക് കൊണ്ട് തരോ ജോലി.. ഇന്നാ ഇത് ഇന്നത്തെ പത്രാ.. ഇതില് കുറെ വേക്കൻസികള് കാണാണ്ട്.. ഇതിനെങ്കിലും ഒന്ന് അപേക്ഷിച്ച് പോയി നാല് കാശ് സംമ്പാദിക്കാൻ നോക്ക്.. ഇനീം നിന്നെ തീറ്റിപ്പോറ്റാൻ എന്നെക്കൊണ്ടാവില്ല..”
ഞാൻ മിണ്ടാതിരിക്കുന്നത് കൊണ്ടാവണം മൂപ്പര് ഒന്നൂടെ മൂപ്പിച്ചത്.. ചിലപ്പോഴൊക്കെ എന്റെ ദേഷ്യം മുഴുവൻ ഞാൻ സ്റ്റാറ്റസ് ഇട്ടാണ് തീർക്കാറ്..
“ഫീലിംഗ് ആംഗ്റി”..”ഫീലിംഗ് ഇറിറ്റേറ്റഡ്” “ഫീലിംഗ് സാഡ്” ഇങ്ങനെയല്ലാതെ ഇത് വരെ ഒരു “ഫീലിംഗ് ഹാപ്പി” പോസ്റ്റിടാൻ എനിക്കിത് വരെ ആയിട്ടില്ല…
പിന്നെ ഞാനൊന്നും നോക്കിയില്ല പത്രത്തിൽ വന്ന വേക്കൻസികൾക്കെല്ലാം ചറപറാന്ന് അപേക്ഷകൾ അയച്ചു..
ഇനിയും ഇങ്ങനെ ഇരുന്നാ ശരിയാവില്ലാ എന്നെനിക്കും തോന്നി…
സത്യം പറഞ്ഞാ ഇത് വരെ നാൽപത്തിയെട്ട് ഇന്റർവ്യൂകൾ ഞാനറ്റന്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട് ട്ടോ…
അപ്പോ നിങ്ങള് വിചാരിക്കും എന്നിട്ടും ഇവനൊരു പണിയെന്തേ കിട്ടാഞ്ഞത് എന്ന്..
“വിറയൽ”
അത് തന്നെ കാരണം.. ഇന്റർവ്യൂവിന് പേര് വിളിക്കും മുന്നേ ആ വിറയൽ തുടങ്ങും.. കൈകളാണെങ്കിൽ വെള്ളത്തില് മുക്കിയപോലെ ആവും വിയർത്തിട്ട്…
എത്ര തവണ പ്രാക്ടീസ് ചെയ്ത് പോയാലും അവര് ചോദിക്കുന്നതിന് മര്യാദയ്ക്ക് ഒരുത്തരം പോലും പറയാൻ എന്റെ ആ വിറയൽ സമ്മത്തിക്കില്ല..
അപ്പോൾ തന്നെ ഞാൻ ഫേസ്ബുക്കിൽ സ്റ്റാറ്റസും ഇടാറുണ്ട്… എന്താന്നല്ലേ?
“ഫീലിംഗ് വിറയൽ…”
അതിന്റെ ഗുട്ടൻസ് എന്താന്ന് അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയൂ…
എ.സി. റൂം ആണെങ്കിൽ മൂലമറ്റം വരെ അങ്ങ് വിറക്കുന്നുണ്ടാവുമെന്നേ..
അതും അവര് ചോദിക്കുന്നത് ഇംഗ്ലീഷിലാണെങ്കി ൽ അതോടെ തീർന്നു.. ഈസും വാസും ഒക്കെ വച്ച് ആകെ ഒരു അഴകൊഴമ്പാക്കി കളയും..
ഇത് വരെയായിട്ടും സെൽഫ് ഇൻഡ്രോഡക്ഷൻ പോലും മര്യാദയ്ക്ക് പറയാൻ എനിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം..
അവസാനം പുറത്തിറങ്ങുമ്പോഴാണ് സമാധാനമാ കുക… ജോലികിട്ടില്ലാന്ന് ഉറപ്പല്ലേ? പിന്നെ എന്തിന് പേടിക്കണം…
ഇതൊക്കെയാണ് കാരണം എന്ന് അച്ഛനോടോ മറ്റുള്ളവരോടോ പറയാൻ പറ്റില്ലല്ലോ? നാണക്കേടല്ലേ?
എന്തായാലും വല്ല കൂലിപ്പണിക്ക് പോയെങ്കിലും നാല് കാശ് സംമ്പാദിച്ചിട്ട് തന്നെ കാര്യം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു…
പിറ്റെ ദിവസം മെയിൽ ചെക്ക് ചെയ്തപ്പോൾ അടുത്ത വിറയലിനുള്ള ചാൻസ് ഒത്തിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി…
ഒരു പ്രമുഖ മെഡിക്കൽ കമ്പനിയിൽ നിന്നാണ്.. നാല്പതിനായിരം ശമ്പളവും ഓഫർ ചെയ്തിട്ടുണ്ട്.. അത് കണ്ടപ്പോഴേ എനിക്ക് വിറയൽ തുടങ്ങി..
ഇത്രയും വലിയ കമ്പനിയുടെ ഇന്റർവ്യൂ ഊഹിക്കാമല്ലോ?
മൂന്നാല് പേരിരുന്ന് അറഞ്ചം പുറഞ്ചം വെടിവെപ്പാ ണ്…
ഈശ്വരാ ഇന്ന് ബോധം കെട്ട് വീഴാഞ്ഞാ എന്റെ ഭാഗ്യം.. എന്ത് വന്നാലും ഇന്ന് നേരിടുക തന്നെ… ഇനി ഒന്നും നോക്കാനില്ല… ഈ ഇന്റർവ്യൂ പാസ്സായേ പറ്റൂ…
വിറയൽ മാറാൻ പണ്ട് യോഗയ്ക്ക് പോയപ്പോൾ പഠിച്ച അഭ്യാസങ്ങളൊക്കെ ഞാനൊന്ന് പയറ്റിനോക്കി..
മനസ്സിന് ധൈര്യം വരാൻ ഈശ്വരന്മാർക്ക് വിളക്ക് വച്ച് നന്നായൊന്ന് പ്രാർത്ഥിച്ചു…
കുളിച്ചൊരുങ്ങി നല്ല ലൈറ്റ് കളർ ഷർട്ടുമിട്ട് ടൈംയും കെട്ടി അമ്മയുടെ കാൽക്കൽ തൊട്ട് വന്ദിച്ച് ഞാൻ പുറത്തേക്കിറങ്ങി..
ആ സമയം അച്ഛൻ കാല് ചാരുകസേരയിൽ കയറ്റി വച്ച് ഇരിക്കുന്നുണ്ടായിരുന്നു… അച്ഛന്റെ അനുഗ്രഹം അച്ഛനറിയാതെ തന്നെ ഞാൻ വാങ്ങിയിരുന്നു…
ബസ് ഇറങ്ങി ഇന്റർവ്യൂ സ്ഥലത്തേക്ക് റോഡിലൂടെ നടക്കുന്നതിനിടയിലാണ് പെട്ടെന്ന് അത് സംഭവിച്ചത്…
റോഡിനപ്പുറത്ത് ഒരു കുട്ടി നടക്കുന്നതിനിടയിൽ റോഡിലെ സ്ലാബ്ബ് ഇളകി കുഴിയിലേക്ക് വീണിരിക്കുന്നു..
കൂടെ വന്ന അമ്മൂമ്മയുടെ പെട്ടെന്നുള്ള കരച്ചിൽ കേട്ടാണ് എന്റെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞത്…
ഞാനുടനെ അങ്ങോട്ടേക്ക് ഓടി…
കുഴിക്കടുത്ത് എത്തിയതും ദുർഗന്ധം സഹിക്കാനാവുമായിരുന്നില്ല… മഴപെയ്ത് ഡ്രൈനേജും വിസർജ്യങ്ങളും കൂടികുഴഞ്ഞ് കിടക്കുന്ന ചാലിലേക്കാണ് സ്ലാബ് അടർന്ന് കുട്ടി വീണിരിക്കുന്നത്..
അത്യാവശ്യം വലിയ കുഴിൽ കുട്ടിയുടെ അരക്കൊപ്പം ചളിയുണ്ടായിരുന്നു..
കുറച്ച് പേർ അപ്പോഴേക്കും ഓടിക്കൂടിയെങ്കിലും ചാലിലേക്കിറങ്ങാൻ പലരും മടിച്ചു നിന്നു..
ആ കുട്ടിയുടെ കരച്ചിൽ എനിക്ക് സഹിക്കാനാവു ന്നതിലും അപ്പുറമായിരുന്നു..പിന്നെ ഒന്നും ഞാൻ നോക്കിയില്ല.. ഷൂസും ബാഗും ഊരിവച്ച് എക്സിക്യൂട്ടീവ് വേഷത്തിൽ തന്നെ ചാലിലേക്ക് എടുത്ത് ചാടി…
കുട്ടിയെ ചളിയിൽ നിന്നും വലിച്ചെടുത്ത് തോളത്ത് വച്ചു.. പുറത്ത് കൂടിയിരുന്ന ചിലർ സഹായത്തിനെത്തിയതോടെ കുട്ടിയെ പുറത്തെത്തിക്കാനായി…
ഒരു കണക്കിന് ഞാനും പുറത്തേക്ക് വലിഞ്ഞ് കയറിയെങ്കിലും എന്റെ കോലം കണ്ട് അവിടെയുള്ള പലരും മൂക്കുപൊത്തുകയാണ് ചെയ്തത്..
അസഹ്യമായ ദുർഗന്ധം സഹിക്കാനാവാതെ ഞാനും പാടുപെട്ടു…
പലരും എന്റെ അവസ്ഥ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു..
കുട്ടിയെ ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ച് മനുഷ്വത്ത്വമുള്ള ചിലർ എന്റെ അരികിലെത്തി…
“ചേട്ടാ വായോ എന്റെ ഷോപ്പിന്റെ വാഷ്റൂം തൊട്ടടുത്താണ്.. അവിടെപോയി നമുക്ക് വൃത്തിയാക്കാം…”
അയാൾ പറഞ്ഞപ്പോഴാണ് എന്റെ കോലം ഞാൻ ശരിക്കും നോക്കിയത്…
“ഈശ്വരാ എന്റെ ഇന്റർവ്യൂ.. “
ആ അത് പോണേൽ പോട്ടെ… അതല്ലേലും അവിടെപോയ് നാണം കെടാനുള്ളതായിരു ന്നില്ലേ?
അങ്ങനെ വസ്ത്രമെല്ലാം വൃത്തിയാക്കി കടക്കാരൻ തന്ന ഷർട്ടും മുണ്ടും ഇട്ട് ഞാൻ വീട്ടിലേക്ക് വച്ചുപിടിച്ചു…
അച്ഛന്റെ ക്ഷോഭിച്ചു നിൽക്കുന്ന മുഖമായിരുന്നു മനസ്സ് മുഴുവൻ…
ഇന്റർവ്യൂവിന് കഴിഞ്ഞാ പിന്നെ അച്ഛന്റെ മുന്നിലേക്ക് പോകുമ്പോ മാത്രമാണ് എനിക്ക് ആ വിറയൽ വരാറുള്ളത്…
“ഫീലിംഗ് വറീഡ് ” വീട്ടിലേക്ക് കയറും മുന്നേ ഞാൻ പോസ്റ്റിട്ടു…
വീട്ടിൽ വന്ന് കയറിയതും എന്റെ കോലം കണ്ട് അച്ഛൻ കാര്യമന്വേഷിച്ചു..
ഞാൻ കാര്യം പറഞ്ഞതും കാത് പൊട്ടണ ചീത്തയായിരുന്നു പിന്നെ..
“നിന്നെയൊക്കെ ഉണ്ടാക്കിയ നേരം വല്ല വാഴയും വച്ചാ മതിയായിരുന്നു”
ഞാനൊന്നും മറുത്തു പറഞ്ഞില്ല…
“ഫീലിംഗ് ബ്രോക്കൺ” പോസ്റ്റുമിട്ട് ഞാൻ കിടന്ന് നന്നായൊന്ന് ഉറങ്ങി…
അന്ന് വൈകീട്ടോടെയാണ് എന്റെ ഫോണിലേക്ക് കൂട്ടുകാരുടെ ഫോണുകൾ വരാൻ തുടങ്ങിയത്..
“എടാ നീ ഹീറോ ആയല്ലോ? കൺഗ്രാറ്റ്സ് മാൻ”
അവൻ പറഞ്ഞത് കേട്ട് കാര്യമറിയാതെ ഞാൻ അമ്പരന്നു..
“നീ ആ ഫേസ് ബുക്ക് ഒന്ന് തുറന്ന് നോക്ക്..നീ ആ കുട്ടിയെ ചളിയിൽ ചാടി രക്ഷിച്ചതിന്റെ വീഡിയോ എത്രയാളാ കണ്ടതെന്ന് കണ്ണ് തുറന്ന് കാണ്… എത്ര ഷെയറാ പോയിരിക്കുന്നത്.. നീ എന്റെ സുഹൃത്തായതിൽ ഞാൻ അഭിമാനിക്കുന്നു ബ്രോ..”
അവൻ പറഞ്ഞത് കേട്ടപ്പോഴാണ് ഫേസ്ബുക്കി ന്റെ കാര്യം തന്നെ ഓർമ്മ വന്നത്..
ആകെ മൂഡോഫ് ആയതിനാൽ ഇന്ന് ഫോൺ തുറന്ന് നോക്കിയിട്ടേയില്ലായിരുന്നു…
ആകാംക്ഷയോടെ ഫേസ്ബുക്ക് ഓപ്പൺ ചെയ്ത ഞാൻ കോരിത്തരിച്ചിരുന്നുപോയി…
പലരും പുകഴ്ത്തുന്നത് കണ്ട് എനിക്ക് തന്നെ അതിശയമായി…
“ഫീലിംഗ് വിറയൽ” പോയി “ഫീലിംഗ് വൈറൽ ആയപ്പോലെ എനിക്ക് തോന്നി..
അതിനിടയിലാണ് ഏതോ ഒരു പത്രക്കാരൻ വീട്ടിലേക്ക് വന്നത്…
അയാൾ കുറച്ച് ചോദ്യങ്ങൾ ചോദിച്ചതിന് ഉത്തരം പറയുന്നതിനിടയിൽ ഇന്റർവ്യൂവിന് പോകാനിറ ങ്ങിയതിനെകുറിച്ചും പറയാനിടയായി..
അയാളതെല്ലാം കുറിച്ചെടുത്ത് പോകുകയും ചെയ്തു..
അച്ഛനിതൊക്കെ കണ്ട് അതിശയത്തോടെ എന്നെ നോക്കുകയായിരുന്നു…
ഇതിന് മാത്രം ഇവനെന്താ ഈ ചെയ്തത് എന്ന് ആലോചിച്ചായിരുന്നു ആ നോട്ടം…
“ഫീലിംഗ് എക്സൈറ്റ്ഡ്” അപ്പോ തന്നെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനും ഞാൻ മറന്നില്ല…
അപ്പോഴാണ് അനിയത്തി ഫേസ്ബുക്കിൽ വന്ന വീഡിയോ അച്ഛന് കാണിച്ച് കൊടുത്തത്..
അത് കണ്ട് അച്ഛൻ ഒന്ന് അമ്പരന്നെങ്കിലും എന്നോട് അതിനെക്കുറിച്ച് ഒന്നും സംസാരിച്ചത് പോലുമില്ലായിരുന്നു…
പക്ഷെ രണ്ട് ദിവസം കഴിഞ്ഞ് ആണ് കാര്യങ്ങൾ വീണ്ടും ഒന്നുകൂടെ മാറിമറഞ്ഞത്…
അന്ന് ഞാൻ അച്ഛന്റെ മുന്നിൽ നിവർന്ന് തന്നെ പറഞ്ഞു..
” അച്ഛാ എനിക്ക് ജോലി കിട്ടി… മെഡിക്കൽ റപ് ആയി തന്നെ.. അന്ന് ഞാൻ ഇന്റർവ്യൂവിന് പോയ അതേ കമ്പനിയിൽ.. നാല്പതിനായിരം ശമ്പളം.. ഇതാ ഓഫർ ലെറ്റർ.. “
അത് കേട്ട് അച്ഛൻ ഇതെങ്ങനെ സംഭവിച്ചു മനസ്സിലാവാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു..
അതെങ്ങനാണെന്ന് നിങ്ങൾക്കും അറിയണ്ടേ?
ആ പത്രക്കാരൻ ഏത് കമ്പനിയുടെ ഇന്റർവ്യൂവിന് ആണ് പോയതെന്ന് എന്നോട് അന്ന് ചോദിച്ചിരുന്നു… കമ്പനിയുടെ പേര് അടക്കം ആണ് അയാൾ അന്ന് പത്രത്തിൽ കൊടുത്തത്…
അത് കണ്ട കമ്പനിയുടെ ജി.എം ആണ് പരസ്യമായി എനിക്കാ ജോലി വാഗ്ദാനം ചെയ്തത്…
അവർക്ക് ഒരു ക്രഡിറ്റും ആകും ചുളുവില് നല്ല പരസ്യവും എന്ന് ജി.എം ചിന്തിച്ചതിൽ തെറ്റ് പറയാനൊക്കില്ലല്ലോ? ഇപ്പോ ഒക്കെ അങ്ങനെ അല്ലേ ഒരാളെ ജോലിക്ക് എടുക്കാനും ജോലി കളയാനും സോഷ്യൽമീഡിയ വിചാരിച്ചാ മതിയെന്നതിന് എത്രയോ ഉദാഹരണം…
എന്തായാലും അത് കൊണ്ട് എനിക്ക് “വിറയൽ” ഇല്ലാതെ ഒരു ജോലി അങ്ങട് കിട്ടി.. നമ്മളൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ നന്മചെയ്താ ദൈവം നമ്മൾ പ്രതീക്ഷിക്കാതെയായിരിക്കും അത് തിരിച്ച് തരുക…
അച്ഛന്റെ മുന്നിൽ “ഫീലിംഗ് പ്രൗഡ്” ഓടെ നിന്ന് ഞാനൊരു ഡയലൊഗ് കാച്ചി…
“അച്ഛനല്ലേ ചോദിച്ചത് ഫേസ്ബുക്ക് എനിക്ക് ജോലി വാങ്ങിച്ച് തരോന്ന്? ഇതാ ഇതാണ് അതിനുത്തരം.. ഈ ജോലി എനിക്ക് വാങ്ങി തന്നത് ഫേസ്ബുക്ക് തന്നെയാണ്.. അച്ഛനെന്നെ അനുഗ്രഹിക്കണം..”
അച്ഛന്റെ അനുഗ്രഹം വാങ്ങി പുറത്തേക്കിറങ്ങു ന്നതിനിടയിൽ ഞാൻ സ്റ്റാറ്റസിടാനും മറന്നില്ല..
“ഫീലിംഗ് ഹാപ്പി”
പ്രവീൺ ചന്ദ്രൻ
17.01.2020