ഈ നിമിഷമാണെന്റെ സ്വർഗം ❤❤
Story written by BINDHYA BALAN
” ഇച്ഛാ നാളെ വാലന്റൈൻസ് ഡേ ആണ്.. എനിക്കെന്താ തരാൻ പോണത് എന്റെ വാലന്റൈൻ? “
രാത്രി അത്താഴത്തിന് ചപ്പാത്തിക്ക് മാവ് കുഴച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രണയദിനത്തെക്കുറിച്ചു ഞാൻ ഇച്ഛനെ ഓർമിപ്പിച്ചത്.എന്റെ ചോദ്യം കേട്ട്, നുറുക്കി കൊണ്ടിരുന്ന ഉരുളക്കിഴങ് കട്ടിങ് ബോർഡിൽ നിന്ന് പാനിലേക്ക് ഇട്ടുകൊണ്ട് നെറ്റി ചുളിച്ചു എന്നെയൊന്നു നോക്കിയിട്ട് ഇച്ഛൻ പറഞ്ഞു
“ഏതോ ഒരു രാജ്യത്ത് ജനിച്ചു മരിച്ച ഒരാൾ.. അയാളുടെ ഡെത് ഡേ പിന്നീട് പ്രണയദിനമായി.. നമ്മൾ മലയാളികൾക്കെന്തിനാ പൊന്നുവേ ഈ വാലന്റൈൻസ് ഡേ..പിന്നേ, കെട്ടിപ്പിടിക്കാൻ ഒരു ദിനം,ചോക്ലേറ്റ് കൊടുക്കാൻ ഒരു ദിനം, ഉമ്മ വയ്ക്കാൻ വേറൊരു ദിനം ഇതൊന്നും പോരാഞ്ഞിട്ട് പ്രണയിക്കാനും ഒരു ദിനം.. ഓരോ എടപാട്.. “
“ഞാൻ അതൊന്നുമല്ലല്ലോ ചോദിച്ചത്.. ഈ വാലന്റൈൻ ഡേയ്ക്ക് എനിക്കെന്താ തരണേന്ന് ചോദിച്ചതിനാണോ ഇത്രേം വലിയ ഡയലോഗ്..? “
ചുണ്ട് കോട്ടി ചോദിച്ചു കൊണ്ട് ഞാൻ ചപ്പാത്തി മാവ് സർവ്വ ശക്തിയുമെടുത്ത് കുഴച്ചു.
“എന്തേ ഞാൻ പറഞ്ഞത് കാര്യമല്ലേടി.. എടി പരസ്പരം റിയൽ ആയിട്ട് പ്രണയം തോന്നിക്കഴിഞ്ഞാൽ ലൈഫിലെ എല്ലാ ഡേയും പിന്നേ വാലന്റൈൻസ് ഡേ അല്ലേ.
എന്റെയൊരു കാഴ്ചപ്പാട് അങ്ങനെയാണ്. പ്രണയദിനത്തിൽ സ്പെഷ്യൽ ആയിട്ടെന്തെങ്കിലും ഗിഫ്റ്റ് തരണോ എന്റെ പ്രണയം നിനക്ക് മനസ്സിലാവാൻ. ഞാൻ നിനക്ക് വാങ്ങി തരുന്ന ഓരോന്നും എന്റെ പ്രണയത്തിന്റെ കരുതലുകളാണ് പൊന്നുവേ. നീയില്ലാതെ ഒരു നിമിഷവും എന്നിലില്ല എന്ന് എന്നേക്കാൾ നന്നായി നിനക്ക് അറിയാം. അതിൽ കൂടുതൽ എന്താ വേണ്ടത്. ശരി, നാളെ ഒരു ഗിഫ്റ്റ് തന്നാൽ നീ ഹാപ്പി ആകുമെങ്കിൽ അതാണ് ഇച്ഛനു ഏറ്റവും വലുത് “
എന്റെ മുഖം വീർപ്പിക്കൽ കണ്ട് എന്നെ സമാധാനിപ്പിച്ചു കൊണ്ട് അത് പറഞ്ഞിട്ട് എന്നെ നോക്കി ചിരിക്കുന്ന ഇച്ഛനെ കണ്ടപ്പോൾ അറിയാതൊരു ചിരിയെന്റെ ചുണ്ടിൽ നിറഞ്ഞു. കിച്ചൺ സ്ലാബിൽ ഇരുന്ന് കൊണ്ട് എനിക്കേറെ പ്രിയപ്പെട്ട കവിത മൂളുന്ന ഇച്ഛന്റെ അരികിലേക്ക് ചേർന്ന് നിന്ന് ആ ഒറ്റനുണക്കുഴി കവിളിലൊരുമ്മ കൊടുത്തിട്ട് ഞാൻ ചോദിച്ചു
“എന്നെ അത്ര ഇഷ്ട്ടാണോ? “
“നിനക്കെന്താ തോന്നുന്നത്..? “
ഉത്തരം മറ്റൊരു ചോദ്യം ആയിരുന്നു. അത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട്, ഇച്ഛന്റെ മീശ രണ്ടും പിരിച്ചു വച്ച് ഞ്ഞാൻ പറഞ്ഞു
“അല്ലേലും ഈ കോട്ടയംകാരോട് എന്തെങ്കിലും ചോദിച്ചാൽ മറുപടി തിരിച്ചൊരു ചോദ്യം ആയിരിക്കുമെന്ന് എവിടെയോ മുൻപ് വായിച്ചിട്ടുണ്ട്.. വായിച്ചത് എത്ര കറക്റ്റ് ആണ്. ഒരു മാറ്റവുമില്ല “
“ആ ഉവ്വെടി.. ഇങ്ങനെ ഒരുത്തനെ കിട്ടിയത് നിന്റെ ഭാഗ്യം.. വേറേ എവിടെ കിട്ടൂടി ഇത്യപോലൊരുത്തനെ… സത്യത്തിൽ പൊന്നുവെ നമ്മുടെ വാലന്റൈൻസ് ഡേ ഫെബ്രുവരി പതിനാല് അല്ല.. ശരിക്കും ആ ഡേ ഏപ്രിൽ ഇരുപതാണ്.. നിന്നെ ആദ്യമായി കണ്ട ദിവസം… നിന്നോട് പ്രണയം തോന്നിയ ദിവസം “
ഒരു കള്ളച്ചിരിയോടെ അത്രയും പറഞ്ഞിട്ട് ഇടം കൈ കൊണ്ട് ഒന്നുകൂടി ആ മീശ പിരിച്ച് എന്നെ നോക്കുന്ന ഇച്ഛന്റെ കണ്ണിലെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട് തെല്ലൊരു അത്ഭുതത്തോടെ ഞാൻ ചോദിച്ചു
“ആഹാ എന്റെ രാവണന് ആ ഡേറ്റ് ഓർമ്മയുണ്ടോ….”
“പിന്നെ നീയെന്നാടി വിചാരിച്ചേ.. ഇതൊന്നുമോർമ്മയില്ലാത്തൊരു അൺറോമാന്റിക് മൂരാച്ചിയാണ് ഞാനെന്നോ.. നിന്നെ കണ്ടത് മുതൽ ദേ ഒരു നിമിഷവും മറവിക്ക് വിട്ടു കൊടുക്കാതെ ദേ ഈ ചങ്കിനകത്ത് എടുത്തു വച്ചിട്ടുണ്ട് ഞാൻ.. “
നെഞ്ചത്തു തട്ടിക്കാണിച്ചു കൊണ്ടാണ് ഇച്ഛൻ പറഞ്ഞത്. ഞാൻ വെറുതെ ചിരിച്ചു..
“അപ്പൊ ഇച്ഛനെന്നോട് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നോ? “
കുഴച്ച മാവിൽ നിന്നൊരു ഉരുളയെടുത്ത് പരത്തിക്കൊണ്ട് ഞാൻ ചോദിച്ചു.
“നോ… നമ്മൾ തമ്മിൽ കണ്ട് പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴാണ് എനിക്ക് നിന്നോട് പ്രേമം പൊട്ടിമുളച്ചത്.. “
ലൈറ്റർ എടുത്ത് ഗ്യാസ് കത്തിച്ചു, പാനെടുത്തു അടുപ്പിൽ ഇച്ഛനെന്നെ നോക്കി ചിരിച്ചു. പിന്നെ അതിന്റെ ബാക്കി പോലെ പറഞ്ഞു
“നിന്നെ കാണാൻ നിന്റെ കൊച്ചിയിൽ ഞാൻ വന്ന അന്ന്, റോഡ് സൈഡിൽ നിന്ന് കുറച്ചു നേരം മിണ്ടിയിട്ട് ഓരോ കോഫി കഴിക്കാനായി നിന്റെ ഫേവറേറ്റ് റസ്റ്റോറന്റിലേക്ക് നീയെന്നെ കൊണ്ട് പോയി. നിനക്ക് പരിചിതമായ ആ റോഡ് ക്രോസ്സ് ചെയ്യുമ്പോ നീയെന്റെ കയ്യില് മുറുകെ പിടിച്ച്, നോക്കണേ ഇച്ചായാ എന്ന് പറഞ്ഞ ആ നിമിഷമാണ് ചങ്കിനകത്തൊരു പിടച്ചിൽ അന്നാദ്യമായി ഉണ്ടായത്. അതിന് മുൻപ് വരെ എന്റെ അമ്മയിൽ മാത്രം ഞാൻ കണ്ടൊരു കരുതൽ നിന്റെ മുഖത്ത് ഞാൻ കണ്ടു. ആ നിമിഷമാണ് ഉള്ളിൽ ഉറപ്പിച്ചത്, ജീവന്റെ പാതി പങ്കിടാൻ പിറന്നവൾ നീയാണെന്നു. അത് വരെ സുഹൃത്തായിരുന്നവൾ ഒരൊറ്റ നിമിഷം കൊണ്ട് പ്രണയമായി മാറി… ലൈഫ് അങ്ങനെയാണ് പൊന്നുവേ.. നിനച്ചിരിക്കാത്ത നേരത്ത് മോഹിച്ചതിലും കൂടുതൽ തന്ന് വല്ലാതങ്ങു ഞെട്ടിച്ചു കളയും.. “
ഒന്നും മിണ്ടാതെ ഞാൻ ഇച്ഛന്റെ കവിളിലൊന്ന് തലോടി. എന്റെ കൈ നെഞ്ചോട് ചേർത്ത്
“നിങ്ങൾ പെൺകുട്ടികൾ കൊതിക്കുന്നത് പോലെ ഞങ്ങളും നിങ്ങളിൽ നിന്ന് എപ്പോഴും ഒരു കരുതലും ചേർത്ത് പിടിക്കലും കൊതിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം നീയെനിക്കു തരുന്ന ഏറ്റവും വലിയ ഗിഫ്റ്റ്, അത് നിനക്കെന്നോടുള്ള കരുതലാണ് പൊന്നുവേ. അങ്ങനെയുള്ള നിന്നെ എങ്ങനെ സ്നേഹിച്ചാലാണ് മതിയാവുക എന്നോർത്ത് നടക്കുമ്പോ നിനക്കെന്തെങ്കിലും ഒരു ഗിഫ്റ്റ് തരാനോ നിനക്ക് വേണ്ടി രണ്ട് വരി എഴുതാനോ എനിക്ക് പേടിയാണ് പൊന്നുവേ, കുറഞ്ഞു പോയാലോ എന്ന്.. അങ്ങനെയുള്ളപ്പോ ഞാൻ എങ്ങനാ കൊച്ചേ നിനക്ക്….. “
പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ കൈത്തലം കൊണ്ട് ഇച്ഛന്റെ വായ പൊത്തി ആ നെഞ്ചിലേക്ക് ചേർന്ന് ആ ചങ്കിലൊരുമ്മ കൊടുക്കുമ്പോൾ എനിക്ക് തോന്നി ഈ നിമിഷത്തേക്കാൾ വലുതായി ഇനിയൊന്നും എനിക്ക് കിട്ടാനില്ല…ഇത്രമേലാഴത്തിൽ സ്നേഹിക്കപ്പെടുന്നൊരുവൾക്ക് പ്രണയസമ്മാനം എന്നൊരു പ്രഹസനത്തിന്റെ ആവശ്യം ഇല്ല….
അതേ ഈ നിമിഷമാണ് സത്യം….ഇത് മാത്രമാണെന്റെ സ്വർഗം…ഈ ചേർന്ന് നിൽക്കലിലെ സ്വസ്ഥതയ്ക്കപ്പുറം മറ്റൊന്നുമെന്നെ മോഹിപ്പിക്കില്ല… ഒന്നും..