ട്വിസ്റ്റ്….
Story written by VijayKumar Unnikrishnan
ആശാ ഇന്ന് രാത്രിയിൽ ഞാൻ ഹോസ്റ്റൽ ഗേറ്റിനു പുറത്തു വരും താൻ ഇറങ്ങി വരണം…….
എന്താ അരവിന്ദ്. പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം..
അതൊക്കെ നേരിൽ കാണുമ്പോൾ പറയാം എന്തായാലും നാളെ തന്നെ നമുക്ക് വിവാഹം രജിസ്റ്റർ ചെയ്യണം എന്നിട്ട് ആ ദേവീക്ഷേത്രത്തിൽ വെച്ചു തന്റെ കഴുത്തിൽ മാലയിടണം..
ബാക്കിയൊക്കെ പിന്നെ പറയാം ഞാനും അനൂപും കൂടെ അവന്റെ ഭാര്യയും ഉണ്ടാകും ഞങ്ങൾ രാത്രിയിൽ അവിടെയെത്തും. താൻ റെഡിയായി നിൽക്കണം …
ഇത് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു… പാവം ആശ അവൾക്ക് ഒരുപാട് ടെൻഷൻ ആയിക്കാണും ഞാനിപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ….
സാരമില്ല നാളെ മുതൽ ഒരുമിച്ചു ജീവിക്കേണ്ടതല്ലേ ടെൻഷനൊക്കെ താനെ മാറിക്കോളും. ഇനിയും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ താമസിച്ചാൽ അവളെ എനിക്ക് നഷ്ടമാകും. …
ആരുമില്ലാത്ത പാവം പെണ്ണിനെ കൈവിടാൻ എനിക്ക് കഴിയില്ല….
ജീവിതത്തിൽ മറ്റെന്തിനെക്കാളും വലുതാണ് അവളെന്ന ചിന്ത ഉള്ളതിനാൽ ആ നഷ്ടം എന്നെ ആകെ തളർത്തുമെന്നുറപ്പാണ്,… അതിനാൽ അവൾക്കൊപ്പം ജീവിയ്ക്കാൻ അല്പം റിസ്ക് എടുത്തേ പറ്റൂ…
പറഞ്ഞ സമയത്തു തന്നെ ഞങ്ങളെയും കാത്തു ആശ ഹോസ്റ്റലിനു പുറത്തു കാത്തു നിൽപ്പുണ്ടായിരുന്നു.. ഫോൺ ചെയ്തപ്പോൾ ഉണ്ടായിരുന്ന ടെൻഷനൊന്നും അവളുടെ മുഖത്തുണ്ടായിരുന്നില്ല…
ഒരു പക്ഷേ പ്രാണന് തുല്യം സ്നേഹിയ്ക്കുന്ന പുരുഷനുമായി ഈ രാത്രിയ്ക്കപ്പുറം ഒരുമിച്ചു ജീവിയ്ക്കാൻ പോകുന്നതിലുള്ള സന്തോഷമാകാം,..
എനിക്കൊപ്പം വണ്ടിയിൽ തോളുരുമ്മി ഇരിയ്ക്കുമ്പോൾ അവൾ മെല്ലേ പറഞ്ഞു.. അരവിന്ദ് ഞാൻ ഏറെ ആഗ്രഹിച്ച ദിവസമായിരുന്നു ഇത്..
പക്ഷേ ഓരോ തവണയും നീ വീട്ടുകാരുടെ സമ്മതം വാങ്ങി വന്നു എന്നേക്കൂടെ കൂട്ടമെന്നാണ് പറഞ്ഞിരുന്നത്….
ശരിയാണ്.. ഇപ്പോഴും വീട്ടുകാർ സമ്മതിച്ചിട്ടില്ല…
എന്നിട്ടും നീയെന്തിനാ അരവിന്ദ് എന്നേക്കൂടെ കൂട്ടുന്നത്….
നിനക്ക് ഭയമുണ്ടോ കൂടെ വരാൻ എനിക്കൊപ്പം ജീവിയ്ക്കാൻ.
ഒരിയ്ക്കലുമില്ല നീ എവിടേയ്ക്ക് വിളിച്ചാലും ഞാൻ കൂടെ വരും കൈക്കരുത്തും മനക്കരുത്തുമുള്ള ആണൊരുത്തൻ കൂടെയുള്ളപ്പോൾ ഏത് പെണ്ണാണ് പേടിയ്ക്കുക…
പക്ഷേ നീ ഇത്രയും പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ എന്തോ ഒരു കാരണമുണ്ട്… അതെന്നോട് പറഞ്ഞൂടെ…..?
എനിക്ക് ഇഷ്ടമില്ലാത്ത ഒരു പെൺകുട്ടിയുമായി ജീവിയ്ക്കുവാൻ ഒരിയ്ക്കലും കഴിയില്ല…..
അടുത്തയാഴ്ച്ച പെൺകുട്ടിയെ ചെന്ന് കാണണം എന്ന് അമ്മ പറഞ്ഞിരുന്നു… അവർ ഏതാണ്ട് ആ ബന്ധം ഉറപ്പിച്ചത് പോലെ എനിക്ക് തോന്നുന്നു…. അതാണ് ഈ തീരുമാനം പെട്ടെന്ന് എടുക്കാൻ കാരണം..
അരവിന്ദ്. ഇവൾക്കൊരു താലി വാങ്ങാനുള്ള കാശെങ്കിലും നിന്റെ പഴ്സിലുണ്ടോ.. പെട്ടെന്നായിരുന്നു അനൂപിന്റെ ചോദ്യം..
അത് പിന്നെ …
ഇല്ല എന്ന് എനിക്കറിയാം നിനക്ക് വീട്ടിലെ കടങ്ങളും പ്രാരാബ്ദങ്ങളും തീർത്തിട്ട് സമ്പാദിക്കാൻ സമയം വേണ്ടേ…
എന്തായാലും നീ ടെൻഷൻ ആവേണ്ട നിന്റെ അക്കൗണ്ടിലേയ്ക്ക് ആവശ്യത്തിനുള്ള തുക ഞാൻ അയച്ചിട്ടുണ്ട്.. ഇനി വേഗം നിങ്ങൾ ഒന്നിക്കണം…..
കൂടെ നിന്ന് കൂടെപ്പിറപ്പിനെ പോലെ സ്നേഹിയ്ക്കുന്നവൻ അതാണ് അനൂപ്…………
അങ്ങനെ അനൂപും ആരതിയും സാക്ഷിയായി ഞങ്ങൾ ഒരുമിച്ചു.. പിന്നെ ദേവീക്ഷേത്രത്തിൽ വെച്ചുള്ള ചടങ്ങും കഴിഞ്ഞു ഞങ്ങൾ വീട്ടിലേയ്ക്ക് യാത്രയായി..
വീടിന്റെ പടിപ്പുരയിൽ വണ്ടി നിർത്തി അകത്തു പോയി പ്രതികരണം അറിഞ്ഞു വരാമെന്ന് കരുതി ഞാൻ ആദ്യം പടിപ്പുര കടന്നു ചെന്നു…..
പൂമുഖത്ത് നിന്നും എന്നെ കണ്ട അച്ഛൻ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു……….
ശാന്തേ ദാ മോൻ വരുന്നുണ്ട്…
അച്ഛന്റെ വിളി കേട്ടു പുറത്തേയ്ക്ക് വന്ന അമ്മ എന്റെ മുഖത്ത് നോക്കി ചോദിച്ചു…….
ഡാ അരവിന്ദേ.. എന്താ നിന്റെ തീരുമാനം… എനിക്കിപ്പോൾ അറിയണം…
എന്താ അമ്മേ കാര്യം..?
അല്ല നിന്റെ പെണ്ണിനെ കാറിൽ ഇരുത്തിയിട്ട് നീ തന്നെ ഇങ്ങോട്ട് കയറി വന്നതെന്തിനാണെന്നു……
കൈ പിടിച്ചു കൂടെ വന്ന പെണ്ണിനെ ചേർത്ത് പിടിച്ചു വീട്ടിലേയ്ക്ക് കൂട്ടാതെ അവൻ വന്നിരിയ്ക്കുന്നു…..പോയി അവളെ കൂട്ടി വാടാ ..
അമ്മ എല്ലാമറിഞ്ഞട്ടാണോ.. പറയുന്നത്…
സ്വന്തം മോന്റെ ഇഷ്ടങ്ങൾ അറിയാൻ കഴിയാത്തവരാണ് ഞാനും നിന്റെ അച്ഛനുമെന്ന് നീ കരുതിയല്ലോ മോനെ…
നിനക്ക് ഒരു പെണ്ണ് വന്നു കാണണം എന്നെ ഞങ്ങൾക്ക് ആഗ്രഹമുള്ളയിരുന്നു…പക്ഷേ നിന്റെ മനസ്സിലെ ഇഷ്ടം ഒരിയ്ക്കൽ പോലും നീ ഞങ്ങളോട് പറഞ്ഞില്ലല്ലോ…..
അത് കൊണ്ടാണ് നിനക്ക് ഇഷ്ടമില്ലാഞ്ഞിട്ടും ഒരു കല്യാണ ആലോചനയുമായി ഞങ്ങൾ മുന്നോട്ട് പോയത് നിന്റെ മനസ്സറിയാൻ വേണ്ടി മാത്രം……
നിന്നെ ഇങ്ങനെയൊരു പെണ്ണ് കാത്തിരിക്കുന്നുവെന്ന് കഴിഞ്ഞയാഴ്ച്ചയാണ് ഞങ്ങൾ മനസ്സിലാക്കിയത് അതും നിനക്ക് വന്ന ഫോൺ കാളിൽ നിന്നും ….
അന്ന് നീ തിരിച്ചു പോയ ദിവസം തന്നെ അച്ഛൻ മറ്റേ പെൺകുട്ടിയുടെ വീട്ടിൽ ചെന്നു കാര്യങ്ങൾ പറഞ്ഞു ആലോചനയിൽ നിന്നും ഒഴിവായി…
ഇനിയുള്ള കാര്യങ്ങൾ നിന്റെ കൂട്ടുകാരൻ പറയും..
ഡാ അരവിന്ദേ നിന്റെ പെണ്ണിനേയും വിളിച്ചു അകത്തു പോകാൻ ഇതിലും നന്നായി എങ്ങനെ പറയണം ഇവർ….
നിന്റെ കല്യാണ ആലോചന മുതൽ നീ ഇന്നലെ ആശയെ വിളിച്ചിറക്കി കൊണ്ട് വരാൻ തീരുമാനിച്ചതും.. ഞങ്ങൾ സപ്പോർട്ട് ചെയ്തതും എല്ലാം നിന്റെ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെയായിരുന്നു…
പിന്നെ ഇന്നലെ ഞാൻ നിന്റെ അക്കൗണ്ടിലേയ്ക്കിട്ട തുകയും നിന്റെ അച്ഛൻ നൽകിയതായിരുന്നു…..
ഭാഗ്യം ചെയ്തവനാണ് നീ മകനെ ഇത്രയധികം സ്നേഹിയ്ക്കുന്ന അച്ഛനമ്മമാരെയും.. കൂടെ ചങ്ക് പറിച്ചു നൽകാൻ വരെ തയ്യാറായി നിൽക്കുന്ന ഒരു ഭാര്യയെയും കിട്ടിയതിൽ….
ഇനി ഇവരുടെ രണ്ടു പേരുടെയുംഅനുഗ്രഹം വാങ്ങി നല്ലൊരു ജീവിതം തുടങ്ങൂ…..
അമ്മ കത്തിച്ചു വെച്ച നിലവിളക്ക് അവൾക്ക് നൽകി അകത്തേയ്ക്ക് സ്വീകരിച്ചു…..
അമ്മേ. അച്ഛാ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു സമ്മാനം…
ശകാരവും വീടിന്റെ പുറത്തേയ്ക്കുള്ള വഴിയും പ്രതീക്ഷിച്ചു വന്ന ഞങ്ങൾക്ക് രണ്ടാളും കരുതി വെച്ചിരുന്ന ട്വിസ്റ്റ് ..എന്താ പറയുക. അപാരം തന്നെ
ഒരുപാട് കടപ്പെട്ടിരിക്കുന്നു ഞാൻനിങ്ങളോട്……