മനം പോലെ മംഗല്യം…
Story written by KALYANI NAVANEETH
അഞ്ചു ……, എന്തുപറ്റിയെടാ ഈയിടെയായി എപ്പോഴും എന്തോ ആലോചനയിൽ ആണല്ലോ …
ഏയ് ഒന്നൂല്ലേട്ടാ .. ഞാൻ വെറുതെ ഓരോന്നങ്ങനെ ആലോചിച്ചു ഇരുന്നതാ….
അത് കള്ളം …അവളുടെ മുഖം കയ്യിൽ എടുത്തോണ്ട് സിദ്ധാർഥ് പറഞ്ഞു… നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് ആറു വര്ഷം ആയില്ലേ പെണ്ണെ …. ഈ മുഖമൊന്നു വാടിയാൽ എനിക്കറിയാതിരിക്കുമോ ….? ഇനി പറ…. സ്കൂളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ ..?
ഒന്നൂല്ലെൻറെ പൊന്നെ …. അവൾ പെട്ടെന്നെഴുന്നേറ്റു അവനെ കെട്ടിപിടിച്ചു….ഇങ്ങനെ കുറച്ചുനേരം നിന്നാൽ എനിക്ക് എന്ത് സങ്കടം ഉണ്ടായാലും മാറും ന്നു അറിയില്ലേ …ചേർന്ന് നിൽക്കുമ്പോൾ നെഞ്ചിടിപ്പിന്റെ വേഗം സിദ്ദുവേട്ടൻ അറിയില്ലേ ന്നു അവൾ പ്രാർത്ഥിച്ചു ……
മനസ്സ് കൊണ്ട് പിറകോട്ടു നടക്കാൻ എത്ര എളുപ്പം … ഓരോ ദിവസവും ഇന്നലെ കഴിഞ്ഞ പോലെ ….. ആ ഓർമകളുടെ പടിമേൽ ഒരു കള്ള ചിരിയുമായി ഇപ്പോഴും ഹരീഷേട്ടൻ താൻ വരുന്നത് നോക്കി നിൽക്കുന്ന പോലെ…….
പതിനേഴു വർഷങ്ങൾക്ക് മുൻപ് ഒരു ജനുവരി മാസമാണ് അടുത്ത വീട്ടിൽ പുതിയ താമസക്കാർ വന്നത് ….അവരുടെ തറവാട് തിരുവന്തപുരത്തു ഇവിടെ കൊച്ചിയിൽ ബാങ്ക് ജീവനക്കാരനായിരുന്നു അവിടത്തെ ചേട്ടൻ…. ഭാര്യ റിദ ചേച്ചിയും മോൻ അച്ചുവും അതായിരുന്നു അവരുടെ കുടുംബം
അന്ന് താൻ പത്താം ക്ലാസ്സിലായിരുന്നു …അവിടത്തെ ചേട്ടന്റെ അനിയൻ ആയിരുന്നു ഹരീഷേട്ടൻ….
ഷിപ്യാഡിൽ ജോലി കിട്ടി ഹരീഷേട്ടനും അവരുടെ കൂടെ വന്നപ്പോൾ … എവിടെയോ എന്തോ ഒരു ആകർഷണീയത ,
കണ്ണുകൾ എപ്പോഴോ ഒന്നുടക്കി… കാണുമ്പോൾ തമ്മിൽ ഒരു പുഞ്ചിരി…അതിനപ്പുറത്തേക്ക് ഒരു വാക്ക് പോലും മിണ്ടിയില്ല … മിണ്ടാൻ അവസരം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി … കാരണം പുതിയ താമസക്കാർ എത്തിയതോടെ മുറ്റമടിക്കാൻ ഒടുക്കത്തെ മടിയായിരുന്ന ഞാൻ ഡെയിലി രണ്ടുനേരം മുറ്റമടിക്കൽ തുടങ്ങിയതോടെ അമ്മയ്ക്കൊരു കണ്ണ് എന്നിൽ എപ്പോഴും ഉണ്ടായി ….
വർഷങ്ങൾ കടന്നു പോയപ്പോൾ ഒരു നോട്ടം കൊണ്ട് ഇത്രയേറെ സ്നേഹിക്കാൻ കഴിയുമെന്നു ഞാൻ അറിയുകയായിരുന്നു …..
മനസ്സുകൾ പരസ്പരം അറിഞ്ഞ പോലെ … എന്നും സന്ധ്യാ ദീപം കൊളുത്തുന്നത് കാണാനും നാമം ജപം കേൾക്കാനും ഹരീഷേട്ടൻ ആ വാതിലിൽ ചാരി നിൽക്കുന്നുണ്ടാകും ….
പ്ലസ് ടു ആയപ്പോൾ തുടങ്ങി എല്ലാ ആഴ്ചകളിലും മുടങ്ങാതെ നോയമ്പ് , കണ്ണന് തുളസിമാല ഒക്കെ ആയി ഒരു സമ്പൂർണ ഭക്ത ആയി മാറി …
ഓരോ വട്ടവും വീട്ടിലെ കൃഷ്ണ വിഗ്രഹത്തിൽ തുളസി മാല അണിയിക്കുമ്പോൾ കണ്ണന്റെ ചെവിയിൽ പറയും ആ ചെറുക്കനെ എനിക്ക് തന്നേക്കണേ …. തരാം എന്ന് സമ്മതിച്ച മട്ടിൽ കൃഷ്ണൻ പുഞ്ചിരിക്കുന്നുണ്ടാവും അപ്പോൾ ……
ഡിഗ്രി ഫസ്റ്റ് ഇയർ ആയപ്പോൾ ഹരീഷ് നു ബഹ്റിനിൽ ജോലി കിട്ടി …. പോകാൻ നേരം ആയപ്പോൾ വീട്ടിൽ വന്നു അമ്മയോട് പറയുന്നത് കേട്ടപ്പോഴാണ് ഞാനും അറിയുന്നത് …
ഇനി എങ്ങനെ കാണും …? വിശേഷങ്ങൾ ഒക്കെ എങ്ങനെ അറിയും ..? നെഞ്ച് പൊട്ടിപ്പോയി ….
എന്നാലും ബഹറിനിൽ നിന്നും വരുമ്പോൾ വീട്ടിൽ വന്നു എന്നെ കല്യാണം കഴിപ്പിച്ചു തരുമോ ന്നു അച്ഛനോട് ഹരീഷേട്ടൻ ചോദിക്കുന്ന സ്വപ്നം കണ്ടു ദിവസവും ഉറങ്ങി ….
ആളുടെ വിശേഷങ്ങൾ അറിയാൻ ഒരു വഴിയും മുന്നിൽ ഉണ്ടായില്ല …ആൾടെ ചേച്ചിയോട് ചോദിച്ചാൽ എന്നെ കുറിച്ച് എന്ത് വിചാരിക്കും എന്നൊരു പേടിയും..അതുകൊണ്ടു പ്രാർത്ഥിച്ചു ദിവസങ്ങൾ പോക്കി….
അങ്ങനെയിരിക്കെ കോളേജിലെ സ്റ്റഡി ടൂർ വന്നത് … വീട്ടിൽ നിന്ന് അനുവാദം കിട്ടിയ സന്തോഷത്തിൽ നാലു ദിവസം മതി മറന്നു കൂട്ടുകാരോടൊപ്പം ഊട്ടി കൊടൈക്കനാൽ ഒക്കെ പോയി വന്നു….
തിരിച്ചു വന്നപ്പോൾ ഒരു കിറ്റ് നിറയെ ചോക്കലേറ്റ് ഫ്രിഡ്ജിൽ കണ്ടപ്പോഴാണ് ‘അമ്മ പറഞ്ഞത് അപ്പുറത്തെ വീട്ടിലെ ഹരീഷ് ലീവ് നു വന്നിട്ടുണ്ടായി ….
ചിക്കൻ പോക്സ് ആയിരുന്നു അതുകൊണ്ട് തിരുവന്തപുരത്തെ തന്നെ നിന്നു….ഇവിടെ കുട്ടി ഉള്ളതല്ലേ ഇപ്പൊ ലീവ് തീരാറായപ്പോഴാണ് ഇവിടേയ്ക്ക് വന്നത്… ഇന്നലെ വൈകിട്ട് പോയി …. നാളെ ബഹ്റൈനിലേക്കു പോകുമെന്നാണ് പറഞ്ഞത് ….
ആദ്യമായി റിദ ചേച്ചിയോട് ദേഷ്യം തോന്നി … ടൂർ പോകുന്നതിനു മുന്നേ പോലും ആ ചേച്ചിയോട് സംസാരിച്ചതാ ഇങ്ങനെ ഒരാൾ വന്നു ന്നു വെറുതെയെങ്കിലും തന്നോട് ഒന്ന് പറയായിരുന്നില്ലേ …. തന്നെ അന്വേഷിച്ചോ ന്നു അമ്മയോട് ചോദിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും നാവു പൊങ്ങിയില്ല … മനസ്സിലെ ഇഷ്ടം ‘അമ്മ അറിയണ്ട … ഇവിടെ വന്നു ഹരീഷേട്ടൻ ആലോചിക്കുമ്പോൾ അറിയുന്നതാവും നല്ലതെന്നു തോന്നി …. പരിഭവമെല്ലാം കണ്ണന്റെ മുന്നിൽ കരഞ്ഞു തീർത്തു ….
ഡിസംബറിൽ ആരോ വരുന്നതിനെ കുറിച്ച് റിദ ചേച്ചി അമ്മയോട് പറയുന്നത് കേട്ടു… അത് ഹരീഷേട്ടൻ തന്നെ ആയിരിക്കും അല്ലാതെ ആരാ… മനസ്സ് പറഞ്ഞു … ഇത്തവണ കാണും….
മനസിന്റെ സന്തോഷം ആയിരിക്കും ദിവസങ്ങൾ കഴിയും തോറും താൻ കൂടുതൽ സുന്ദരിയായി വന്നു…
പതിനെട്ടിൽ നിന്ന് പത്തൊൻപത്തിലേക്കു കാലെടുത്തു വച്ച ജന്മദിനം …പായസവുമായി റിദ ചേച്ചിയുടെ വീട്ടിലെത്തുമ്പോൾ …. ആ വായിൽ നിന്നും ഹരീഷേട്ടൻ വരുന്ന ഡേറ്റും കൂടി അറിയാൻ കഴിഞ്ഞെങ്കിൽ എന്ന് പ്രാർത്ഥിച്ചിരുന്നു….
അവിടെയെത്തിയപ്പോൾ ചേച്ചി ഒരു പിങ്ക് പട്ടുസാരിക്ക് മാച്ച് ആയുള്ള കമ്മൽ തിരയുകയായിരുന്നു ….
തന്നെ കണ്ടപാടെ അഞ്ചു ഇതുനോക്കിയേ …. ഹരീഷിന്റെ കല്യാണത്തിന് ഉടുക്കാനുള്ള സാരി ആണ് എങ്ങനെ ഉണ്ട് ..?
ചേച്ചിയുടെ ചോദ്യം നെഞ്ചിലൂടെ ഇടി മുഴങ്ങിയ പോലെ കൊണ്ട് പോയി … എന്റെ ഭാവ വ്യത്യാസം കണ്ടു …ആ അഞ്ചു അറിഞ്ഞില്ലേ അമ്മയോട് പറഞ്ഞല്ലോ…..ഉള്ളിലെ ചില്ലു കൊട്ടാരം ഉടഞ്ഞു വീഴുമ്പോഴും ആണോ ..? എപ്പോ…? എന്നൊക്കെ ചോദിച്ചു മുഖത്ത് ചിരി വരുത്തി തിരിഞ്ഞു നടക്കുമ്പോൾ ആരുടെയും കണ്ണിൽ പെടാതെ എവിടെ പോയി ഞാൻ ഒന്ന് കരഞ്ഞു തീർക്കും ഈ സങ്കടം എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളു ….
ഓരോ ദിവസവും രാത്രിയാവാൻ കാത്തിരിക്കും തലയിണയിൽ മുഖമമർത്തി ഒന്ന് കരയാൻ …. പ്രാർത്ഥനകൾ ഇല്ലാതെയായി …
കൃഷ്ണ വിഗ്രത്തിലേക്കു നോക്കുമ്പോൾ എന്തിനായിരുന്നു പറ്റിച്ചേ … എന്നൊരു തേങ്ങൽ തൊണ്ടയിൽ കുടുങ്ങും ….
ആളുടെ കല്യാണ തലേന്ന് പതിവില്ലാതെ മഴ രാത്രിയും നേരം വെളുത്തിട്ടും തോരുന്നില്ല … തന്റെ സങ്കടം ആണോ ഇങ്ങനെ പെയ്യുന്നതു എന്നുപോലും തോന്നിപോയി ……
പലയിടത്തും വെള്ളം കയറുന്നു ന്നു ന്യൂസിലൊക്കെ പറഞ്ഞപ്പോഴും അതൊന്നും കേൾക്കാതെ ….ഹരീഷേട്ടൻ ഒരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നത് കാണാതെ കണ്ടു ഞാൻ വെറും നിലത്തു ഇരുന്നു ….
ഡിസംബർ 26 ആ കടലാക്രമണത്തിനു സുനാമി ന്നു പേര് വന്നത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് ….
ഓരോ കൂട്ടമായി ശവശരീരരങ്ങൾ ടിവിയിൽ കാണിക്കുമ്പോൾ ഞാൻ ഇതിൽ പെട്ടില്ലല്ലോ എന്നോർത്തു വീണ്ടും വീണ്ടും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു ….
സഹിക്കാനുള്ള ശക്തി കിട്ടാൻ ഉള്ള പ്രാർത്ഥനയും ഫലം കിട്ടിയില്ല …. ഭ്രാന്തായി പോകുമോ ന്നുള്ള ചിന്ത വന്നു തുടങ്ങിയപ്പോൾ ആണ് മരണത്തെ കുറിച്ച് ചിന്തിച്ചത്…. പിന്നെ ഒന്നും ഓർത്തില്ല ഏറ്റവും മൂർച്ചയുള്ള ബ്ലേഡ് എടുത്തു ബാത്റൂമിൽ കയറി വാതിൽ ചാരുമ്പോൾ ഒന്നുകൂടി കണ്ണനെ മനസ്സിൽ ധ്യാനിച്ച് ഈ ഒറ്റത്തവണ എങ്കിലും ഞൻ ഒന്ന് ജയിക്കട്ടെ ന്നു പറയുമ്പോൾ ചുണ്ടിൽ പുച്ഛം ആയിരുന്നു …….
ഒരു ബക്കറ്റു വെള്ളം നിറയെ ചോര നിറം ആയപ്പോഴും താൻ ജയിച്ചു എന്നുള്ള സന്തോഷം ആയിരുന്നു ….. ഓര്മ മറയുമ്പോൾ മഞ്ഞുകട്ട നെഞ്ചിലേറ്റിയ പോലെ തണുപ്പ് ആയിരുന്നു…..
മരിച്ചില്ല ന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഹരീഷേട്ടനോടുള്ള പ്രണയം എല്ലാവരും അറിഞ്ഞിരുന്നു ….. ചതിച്ചത് ഡയറി ആയിരുന്നു ന്നു പറഞ്ഞത് റിദ ചേച്ചിയാണ്…..ഇത്രയും ഇഷ്ടമായിരുന്നെങ്കിൽ എന്നോടെങ്കിലും പറയായിരുന്നില്ലേ ന്നു ചോദിച്ചപ്പോ അത് ശ്രദ്ധിക്കാതെ ദൂരെ എവിടെയോ നോക്കിയിരുന്നു …. കാഴ്ചകൾ അവ്യക്തമായിരുന്നെങ്കിലും ….
ഒരു വര്ഷം കഴിഞ്ഞു കാക്കനാട് വീട് വച്ച് റിദ ചേച്ചിയും കുടുംബവും അവിടെ നിന്ന് പോയപ്പോൾ ഒരു വാക്കു മാത്രേ പറഞ്ഞുള്ളു …,,
അഞ്ചു .. പഠിത്തം മുടക്കി ഇങ്ങനെ വീട്ടിൽ ഇരിക്കരുത് … പഠിക്കണം ഹരീഷ് ഒന്നും അറിഞ്ഞില്ല അവനോട് ഒന്നും പറയാൻ തോന്നിയില്ല … വെറുതെ എന്തിനാ അറിഞ്ഞാൽ അവന്റെ സന്തോഷം കൂടി ഇല്ലാതെ ആകും ….
“ ഹരീഷേട്ടൻ ഒന്നും അറിയണ്ട സന്തോഷമായി ജീവിക്കട്ടെ ചേച്ചി …എനിക്കും അതാണ് ഇഷ്ടം “ അത് പറയുമ്പോൾ തന്റെ തൊണ്ട ഇടറിയിരുന്നു …..ചേച്ചിയുടെയും കണ്ണുകൾ നിറഞ്ഞിരുന്നുവോ …? തിരിഞ്ഞു നോക്കാതെ ചേച്ചിയെന്നു കാറിൽ കയറുമ്പോൾ കാഴ്ചകൾക്ക് മീതെ മഴ പെയ്യുകയായിരുന്നു ….,
തുടർന്ന് പഠിക്കാൻ തന്നെ തീരുമാനിച്ചു പിജി ബി.എഡ് കഴിഞ്ഞു അടുത്തൊരു സ്കൂളിൽ ജോലി കിട്ടി ….
സ്കൂളിൽ പോകുമ്പോൾ എന്നും കാണാറുള്ള ചെക്കനാ…. സ്ത്രീധനം ഒന്നും വേണ്ട ഈ ടീച്ചർ കുട്ടിയെ തന്നെ വേണം ന്നു പറഞ്ഞു ബ്രോക്കർ അബുക്ക വീട്ടിൽ പലവട്ടം കയറി ഇറങ്ങി സിദ്ദുവേട്ടന്റെ ആലോചനയുമായി …..വിഡ്ഢിത്തം ആണെന്ന് എല്ലാവരും പറയുമെങ്കിലും ഹരീഷേട്ടനെ അത്രമേൽ ഇഷ്ടമായത് കൊണ്ടല്ലേ താൻ അങ്ങനെ മരിക്കാൻ നോക്കിയേ …. ആ സ്ഥാനത്തു ഇനി ആരും വേണ്ട…. ആരെയും സ്നേഹിക്കാൻ പറ്റില്ലാന്ന് അത്ര ഉറപ്പായിരുന്നു …..
വീട്ടുകാർ സമ്മതിച്ചിട്ടും തനിക്ക് ഇഷ്ടമല്ലന്നു അബൂക്ക സിദ്ദുവേട്ടനോട് പറഞ്ഞപ്പോൾ മുതൽ ഒരു കാവലായി പോകുന്ന വഴിയെല്ലാം സിദ്ദുവേട്ടനെ കാണാൻ തുടങ്ങി …… ഒരു ദിവസം മുന്നിൽ വന്നു നിന്നു സിദ്ദുവേട്ടൻ ഇഷ്ടമൊണോന്നു ചോദിച്ചപ്പോൾ ദേഷ്യത്തോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതായിരുന്നു ….
പക്ഷെ തന്റെ കയ്യിൽ പിടിച്ചു ആ മായാത്ത തടിച്ച മുറിപ്പാടിലേക്കു നോക്കി..ഇതാണോ ?? എന്റെ ജീവിതത്തിലേക്ക് കടന്നു വരാനുള്ള തടസ്സം ??? എന്ന് ചോദിച്ചപ്പോൾ കൈ വലിച്ചെടുത്തു മുഖത്തടിക്കണം ന്നു തോന്നിയത് മറന്നു പോയിരുന്നു …..
പൊട്ടിപ്പെണ്ണാണ് ന്നു ആദ്യമേ തോന്നിയിരുന്നു … പക്ഷെ ഇത്ര പൊട്ടിയാണെന്നു തോന്നിയില്ല … ഒരു വൺ വേ പ്രേമത്തിന് വേണ്ടി ഞരമ്പ് മുറിച്ചിരിക്കുന്നു…. അതും അയാളുടെ കല്യാണം കഴിഞ്ഞു ഒരു മാസം ആയപ്പോൾ ….. മുറിക്കാൻ തീരുമാനിച്ചെങ്കിൽ ആ കല്യാണ തലേന്ന് ചെയ്യായിരുന്നില്ലേ …എന്തെങ്കിലും ഒക്കെ നടന്നേനെ ന്നു പറയുമ്പോൾ ആ കണ്ണുകളിൽ വാത്സല്യം നിറഞ്ഞിരുന്നു ……
തന്നെ ഇത്രയേറെ മനസ്സിലാക്കിയ ആളോട് മനസ്സിലുണ്ടായ ദേഷ്യം ഒക്കെ പോയെങ്കിലും പിന്നെയും 2 വർഷം കഴിഞ്ഞാണ് കല്യാണത്തിനൊരു മനസ്സ് വന്നത് ….
തന്റെ സമ്മതം വീട്ടുകാർ ഉത്സവം പോലെ ആഘോഷിച്ചു … ആർഭാടമായി സിദ്ദുവേട്ടനുമായി വിവാഹം നടന്നു …..
സ്നേഹം കൊണ്ട് സിദ്ദുവേട്ടൻ തോൽപ്പിക്കുമ്പോൾ മനസ്സിൽ വീണ്ടും പ്രണയം തളിരിട്ടു തുടങ്ങി …
ആളോടൊപ്പം ദുബായിൽ വന്നു… ഒരു സ്കൂളിൽ ജോലിക്കും കയറി… പ്രണയം കൊണ്ട് വീർപ്പുമുട്ടിച്ചു ഓരോ നിമിഷവും സിദ്ദുവേട്ടൻ….. ഞങ്ങളുടെ ഇടയിൽ ഒരു മോൻ പിറന്നു ….ജീവിതം ഇത്രയേറെ മധുരം എവിടെ ഒളിപ്പിച്ചു വച്ചിരുന്നു ന്നു തോന്നി….. കൃഷ്ണനും, ഭക്തിയും, തുളസിമാലയും, നോയമ്പും ഒക്കെ വീണ്ടും ജീവിതത്തിന്റെ ഭാഗമായി ……
ആറാം വിവാഹ വാർഷികത്തിന്റെ ഫോട്ടോ പ്രൊഫൈൽ പിക് ആക്കിയ അന്നാണ് ആ ഫ്രണ്ട് റെക്സ്റ് വന്നത് …. ഹരീഷ് മേനോൻ … നെഞ്ചിൽ ഒരു വിങ്ങലോടെയാണ് ആ പ്രൊഫൈൽ തുറന്നു നോക്കിയത് ….. അതെ ഹരീഷേട്ടൻ….. അക്സെപ്റ്റ് ചെയ്യാതെ ലോഗ് ഔട്ട് ചെയ്തു …
തണുത്ത കൈകളിലേക്ക് നോക്കുമ്പോൾ തടിച്ച മായാത്ത മുറിപ്പാടെന്നെ നോക്കി ചിരിച്ചു ……..ദിവസങ്ങൾ കുറെ കഴിഞ്ഞാണ് ഹരീഷേട്ടന്റെ മെസ്സേജ് ഇൻബോക്സിൽ ശ്രദ്ധയിൽ പെട്ടത് … അറിയുമോ ….? സുഖമാണോ ….? രണ്ടു വരികൾ …. ഒന്നും അറിയാത്ത പോലെ സംസാരിക്കാൻ തീരുമാനിച്ചു… റിപ്ലൈ കൊടുത്തു … വീട്ടിലെ വിശേഷങ്ങൾ ഒക്കെ പരസ്പരം പറഞ്ഞു ….. വല്ലപ്പോഴും ഒരു ഗുഡ്മോർണിംഗ് മെസ്സേജ് അത്രേ ഉള്ളു …. എങ്കിലും ആ ഗുഡ്മോർണിംഗ് ടൈപ്പ് ചെയ്യുമ്പോൾ രണ്ടു തുള്ളി കണ്ണുനീർ ഫോണിലേക്കു വീഴും ….,
റിദ ചേച്ചി അഞ്ജുവിനെ അന്വേഷിച്ചു ചേച്ചിക്ക് നമ്പർ ഒന്ന് കൊടുക്കാൻ പറഞ്ഞിട്ടുണ്ട് ന്നു ഒരിക്കൽ പറഞ്ഞപ്പോൾ … പെട്ടെന്ന് തന്നെ കൊടുത്തു….
പിന്നീട് വല്ലപ്പോഴും ഹരീഷേട്ടൻ വിളിക്കും … മനസ്സിലെ രഹസ്യം ഒരിക്കലും അറിയിക്കില്ല ന്നു തീരുമാനിച്ചു ഞാൻ ഫോൺ എടുക്കും … ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി ….
സിദ്ധുവേട്ടന്റെ സ്നേഹം ഉള്ളിടത്തോളം കാലം ഒരു അവിഹിതത്തിലേക്കു പോകില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു…. ചിലപ്പോൾ ഒക്കെ ഒരു മകളുടെയോ അനിയത്തിയോടോ വാത്സല്യത്തോടെ ഹരീഷേട്ടൻ സംസാരിക്കും ….അപ്പോഴൊക്കെ കരച്ചിൽ അടക്കാൻ പാടുപെട്ടു ഞാൻ ഉച്ചത്തിൽ ചിരിക്കും …. കൊച്ചെ നീ ചിരിക്കുവാണോ കരയുവാണോ ന്നു എനിക്ക് മനസ്സിലാകുന്നില്ല ട്ടോ ന്നു പറയുമ്പോൾ താലി ഞാൻ നെഞ്ചോട് ചേർത്തു പിടിക്കും ……
ഇന്ന് സ്കൂളിൽ നിന്നു വരുമ്പോഴാണ് ഹരീഷേട്ടന്റെ കാൾ … ഞാൻ എത്താറായി വിശന്നിട്ടു വയ്യ … ചെന്നിട്ട് എന്തേലും ഉണ്ടാക്കണം … പിന്നെ വിളിക്കാട്ടോ ന്നു പറഞ്ഞു കാൾ കട്ട് ചെയ്തു…..
എന്ത് കുക്ക് ചെയ്യുമെന്ന് ആലോചിച്ചു സെറ്റിയിൽ മടി പിടിച്ചു ഇരുന്നപ്പോഴാണ് ഡോർ ബെൽ … തുറന്നപ്പോൾ പിസ്സ യുമായി ഒരാൾ മുന്നിൽ…. മാഡം ഒന്ന് സൈൻ ചെയ്തേ ന്നു പറഞ്ഞു പെൻ നീട്ടുമ്പോൾ ഫോണിൽ ഹരീഷേട്ടന്റെ കാൾ… കൊച്ചെ പിസ്സ കിട്ടിയോ …. ??? എന്താ ഹരീഷേട്ടാ ഞാൻ പറഞ്ഞോ ?? ഓർഡർ ചെയ്ത് തരാൻ…? ഈറ്റ് ഈസി പോലും … എന്താ ഇത് ?? ഞാൻ അത്ര ദരിദ്രവാസി ആണെന്ന് കരുതിയോ ???? എന്നൊക്കെ ചോദിക്കുമ്പോൾ മറുതലയ്ക്കൽ നിന്നു “ വിശന്നിട്ടു പ്രാന്ത് ആയതാ കൊച്ചെ നീ കഴിച്ചിട്ട് കുറച്ചു നേരം റിലാക്സ് ആയി ഇരിക്കൂ ന്നു പറഞ്ഞു കാൾകട്ട് ആയി…..
ബഹറിനിൽ നിന്നും ദുബായിലുള്ള എനിക്ക് ഓൺലൈൻ വഴി ഫുഡ് ഓർഡർ ചെയ്തിരിക്കുന്നു … ഈ സ്നേഹത്തിനു ഞാൻ എന്ത് പേരിട്ടു വിളിക്കും….
ഇന്ന് വരെ കഴിച്ചിട്ടുള്ളതിൽ ഏറ്റവും ടേസ്റ്റ് ഉള്ള പിസ്സ അതാണെന്ന് തോന്നി… ഏറ്റവും സംതൃപ്തിയോടെ കഴിച്ച ഭക്ഷണവും അതാവും ……രാത്രി ഉറങ്ങാൻ നേരം സിദ്ധുവേട്ടന്റെ നെഞ്ചിൽ തല ചേർത്ത് കിടന്നപ്പോഴും മനസ്സിൽ പഴയ ഓർമ്മകൾ വിങ്ങി ……
നെറുകയിൽ ചുണ്ടമർത്തി സിദ്ധുവേട്ടൻ പറഞ്ഞു….. എന്റെ പെണ്ണെ … ആ ബക്കറ്റിലെ ചോര വെള്ളം അങ്ങ് കമഴ്ത്തി കളഞ്ഞേക്ക് ട്ടോ.. ഇതല്ലേ നിന്റെ ചിന്ത…..? നാളെ ഞാൻ വാങ്ങി തരുന്നുണ്ട് പിസ്സ… ഏതിനാണ് ശരിക്കും ടേസ്റ്റ് ന്നു അപ്പൊ അറിയാട്ടോ ….
ഡയറി ആണ് വീണ്ടും ചതിച്ചതെന്നു അറിയാതെ ഞാൻ ആ കണ്ണിലേക്കു നോക്കുമ്പോൾ ചിരിച്ചു കൊണ്ട് സിദ്ധുവേട്ടൻ പറഞ്ഞു ….
“ ദൈവം അങ്ങനെ ആണ് പെണ്ണെ…. ആഗ്രഹിക്കുമ്പോൾ കൊടുക്കാത്തത് . ആഗ്രഹിക്കാതെ ഇരിക്കുമ്പോൾ വാരിക്കോരി തരും ….” സ്വീകരിക്കുന്നതൊക്കെ കൊള്ളാം തിരിച്ചു കൊടുക്കുന്നത് എന്നോട് ചോദിച്ചിട്ടു മതിട്ടോ …..
കളിയായി പറഞ്ഞു ചിരിക്കുമ്പോഴും ആ കണ്ണിലെ സ്നേഹവും വിശ്വാസവും കണ്ടു ഞാൻ ആ കഴുത്തിലെ നീല ഞരമ്പിൽ അമർത്തി ചുംബിച്ചു……