അച്ഛനെയാണെനിക്കിഷ്ടം…
Story written by MANJU JAYAKRISHNAN
“അമ്മേ ചോറെടുത്തു വയ്ക്കൂ. ഇറങ്ങാൻ നേരായി ” …
പതിവുപോലെ ഞാൻ കിടന്നു കൂവാൻ തുടങ്ങി…അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദം അമ്മ അടുക്കളയിൽ തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചു…
പക്ഷെ എന്റെ നോട്ടം അടച്ചുറപ്പിലാത്ത അലമാരയിൽ വച്ച സർട്ടിഫിക്കറ്റിൽ ആയിരുന്നു…..
അതിൽ കൈ വച്ച നിമിഷം അച്ഛനെ ഓർമ്മ വന്നു..
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയതിനുള്ള അനുമോദന യോഗത്തിൽ ഒളിച്ചു വന്നു ദൂരെ നിന്നു നോക്കിയ അച്ഛനെ, സിമന്റ്കറകൾ തീർത്ത മുഷിഞ്ഞ മുണ്ടും, കമ്പികൾ കൊണ്ടു മാത്രം നേരെ നിർത്തിയിരുന്ന പാരഗൺ ചെരുപ്പും കാരണം അച്ഛൻ ദൂരെ നിന്നു…
അങ്ങനെ പലയിടങ്ങളിൽ അച്ഛൻ വെറും കാഴ്ചക്കാരൻ മാത്രം ആയി…..
എന്തെങ്കിലും ഒക്കെ പറയുവെങ്കിലും അമ്മയും പാവമാണ്.. തന്റെ കണ്ണൊന്നു നിറഞ്ഞാൽ ആഹാരം പോലും അമ്മ കഴിക്കാറില്ല..
പക്ഷെ അമലേട്ടൻ….
അമലേട്ടൻ പറഞ്ഞിരിക്കുന്നത് സർട്ടിഫിക്കറ്റ് ഒക്കെ ഇന്ന് അമലേട്ടന്റെ കയ്യിൽ കൊടുക്കണം എന്നാണ്… ഒരുമിച്ചുള്ള ജീവിതത്തിന്റെ ആദ്യ പടിയെന്നോണം താൻ അവിടെ നിന്നും ഒരാഴ്ചക്കകം ഇറങ്ങേണ്ടതാണ്…
അമലേട്ടന്റെ അച്ഛനും അമ്മയും കല്യാണത്തിന് സമ്മതിക്കില്ല..അവർ സർക്കാർ ജോലിക്കാർ ആണ്.. കൂലിപ്പണിക്കാരന്റെ മോളേ ഒന്നും അവർ സ്വീകരിക്കില്ല … മാത്രവുമല്ല തന്നെ കറവപ്പശു ആക്കാൻ ആണ് തന്റെ വീട്ടുകാർ ശ്രമിക്കുന്നത്..
താനും കേട്ടതാണ് അമ്മ പറയുന്നത്..
“അവൾക്കു കൂടി എന്തെങ്കിലും കിട്ടി തുടങ്ങിയാൽ കഷ്ടപ്പാട് മാറുമെന്ന്.. .കൂടാതെ എന്നാണ് ശമ്പളം കിട്ടുക? എന്നും “
അവർ പഠിപ്പിച്ചാലും പഠിച്ചത് താൻ അല്ലേ?…. അച്ഛന്റെയും അമ്മയുടെയും കടമയല്ലേ മക്കളെ പഠിപ്പിക്കുക എന്നത്…
തന്നെ ഒരു വരുമാന മാർഗം ആയി കണ്ടാൽ തന്റെ സ്വപ്‌നങ്ങൾ നടക്കില്ല..
ആലോചനക്കൊടുവിൽ അമ്മ അവിടെയെത്തി..
ഓഹ്…..
ഇന്നെന്തായാലും ഒന്നും നടക്കില്ല എന്നും പറഞ്ഞു ഞാൻ ഇറങ്ങി…
അമലേട്ടൻ ഒരുപാട് ദേഷ്യപ്പെട്ടു… ആദ്യമായി കിട്ടിയ ശമ്പളം ആ കയ്യിൽ വച്ചു കൊടുത്തപ്പോൾ ആ പരിഭവം മാറി…
അന്ന് വീട്ടിൽ ചെന്നപ്പോൾ അച്ഛൻ ഉമ്മറത്തു ഉണ്ടായിരുന്നു.. തലയിൽ എന്തോ കെട്ടുണ്ട്..
എന്തു പറ്റി അച്ഛാ…
ഒന്നാം നിലയിൽ നിന്നും വീണു… കുഴപ്പമില്ല മോളേ… നീ വൈകിയോ എന്നു ചോദിച്ചു?
അടുക്കളയിൽ പുറത്തു വരാത്ത കരച്ചിൽ കേട്ടു…
“കാശ് ഇല്ലാത്തതു കൊണ്ട് നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങി അങ്ങേര്.. ഒരാഴ്ച എങ്കിലും അവിടെ കിടക്കാൻ പറഞ്ഞതാ… കേൾക്കേണ്ട “
ഒഴിഞ്ഞ ബാഗിൽ താൻ തപ്പി…. ആ കാശ് ഉണ്ടായിരുന്നു എങ്കിൽ….
പുറത്ത് നിന്നും കഴിച്ചതു കൊണ്ട് വിശപ്പ് ഇല്ലായിരുന്നു.. ” മീൻ ഇല്ലാത്തതു കൊണ്ട് കൊച്ച് ചോറു കഴിച്ചില്ല എന്ന് അമ്മ അച്ഛനോട് പറയുന്നതു കേട്ടപ്പോൾ നെഞ്ചു പിടഞ്ഞു…. “
രാവിലെ എണീക്കുമ്പോൾ അച്ഛൻ പോയിരുന്നു…അമ്മയെന്തിനാ അച്ഛനെ പോകാൻ സമ്മതിച്ചേ?.. എന്നുള്ള ചോദ്യത്തിന് അമ്മ മറുപടി പറഞ്ഞു
ഇവിടെ ഒന്നും ഇല്ല മോളേ.. ഒരു മണി അരി പോലും…
അന്ന് അമലേട്ടനെ കണ്ട ഉടനെ വീട്ടിലെ കാര്യമെല്ലാം പറഞ്ഞു…
പുച്ഛത്തോടെയുള്ള നോട്ടം ആയിരുന്നു ഫലം..
ഇതാണ്.. ഈ ദരിദ്രവാസികളെ കൂട്ടിയാൽ ഉള്ള ഫലം.. തന്ന കാശ് ഒരു ഉളുപ്പും ഇല്ലാതെ തിരിച്ചു ചോദിക്കും..
താൻ ആകെ തകർന്നു പോയി..
എനിക്ക് ആ കാശ് വേണം…. മറ്റൊന്നും എനിക്ക് പറയാൻ ഇല്ല….
ഒടുവിൽ കിട്ടിയ കാശും കൊണ്ട് വീട്ടിലേക്കു ഓടുവായിരുന്നു..
വീട്ടിൽ ചെന്നപ്പോൾ മീനുമായി അച്ഛൻ നില്കുന്നു…
ആ കാലിൽ വീണു കയ്യിൽ കാശ് കൊടുത്തപ്പോൾ , ആ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു…
“അഴുക്കാ മോളേ.. എന്നു പറഞ്ഞു അച്ഛൻ പതിവുപോലെ മാറി… “
കാശ് തിരികെ തന്റെ കയ്യിൽ തന്നു… “നല്ല രണ്ടു കുപ്പായം മേടിക്കു “… എന്നും പറഞ്ഞു നടന്നു.. അമ്മയും കാശ് വാങ്ങിച്ചില്ല.. മോളിവിടെ കാശ് ഒന്നും തരേണ്ട.
മോളേ ഇവിടുത്തെ കാര്യമൊക്കെ അച്ഛൻ നോക്കും.. നീ കിട്ടണ കാശ് സൂക്ഷിക്കാൻ നോക്കണം… കല്യാണപ്രായം ആയി വരുവാ.. അച്ഛനെ കൊണ്ടു കൂട്ടിയാൽ എത്ര കൂടാനാ…
നിന്നോട് കാശ് മേടിക്കണം എന്നു പറഞ്ഞപ്പോ അച്ഛൻ എന്നെ തിന്നാൻ വന്നു…
ഓഹ്…………
അപ്പോൾ ആ ഭാഗം തനിക്ക് നഷ്ടമായി… അതാണ് താൻ പോലും അങ്ങനെ ചിന്തിച്ചു പോയത്…
അന്ന് ഞാൻ നന്നായി ഉറങ്ങി…. അമ്മയെ കെട്ടിപിടിച്ചു ഒരു കുഞ്ഞിനെ പോലെ…
നന്നായി ഉറങ്ങിയതു കൊണ്ട് നേരത്തെ എണീറ്റു…
അപ്പുറത്തു നിന്നും കൊണ്ടു വന്ന പത്രത്തിൽ ആ വാർത്ത ഉണ്ടായിരുന്നു..
“ക ഞ്ചാവും സംഘം കൊച്ചിയിൽ പിടിയിൽ…. നാലു യുവാക്കൾ അറസ്റ്റിൽ “..
ഒന്നേ നോക്കിയുള്ളൂ…. അതിലൊരാൽ അമലേട്ടൻ ആയിരുന്നു…
തന്നെ രക്ഷിച്ച ദൈവത്തിനു നന്ദി പറഞ്ഞു താൻ ജോലിക്ക് പോകാൻ തയ്യാറായി..
“എടാ രാമാ നീയറിഞ്ഞോ അവന്മാരെ പിടിച്ചു ” … എന്നും പറഞ്ഞു ജോസേട്ടൻ സൈക്കിളിൽ പാഞ്ഞെത്തി…
ക ഞ്ചാവിന്റെ ലഹരിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ ഇരുന്നവരെ ചോദ്യം ചെയ്യാൻ എത്തിയപ്പോൾ അവർ തള്ളിയിട്ടതായിരുന്നു അച്ഛനെ…
പിള്ളേരല്ലേ എന്നോർത്തു അച്ഛൻ ക്ഷമിച്ചു…..ആരോടും ഒന്നും പറഞ്ഞതും ഇല്ല…
എല്ലാം കേട്ടോണ്ട് ഞാൻ ഇറങ്ങി…
മനസ്സാലെ പറഞ്ഞു.. “അച്ഛാ രക്ഷപെട്ടത് ഞാൻ ആണ്.. എന്റെ ജീവിതം ആണ്..ജയിച്ചത് ആ മനസ്സിന്റെ നന്മയും”..