ഉറക്കെ കരയാൻ പോലും അവൾ അശക്തയായിരുന്നു. ഒരു തൂവാല പോലും അവൾക്ക് ചോദിക്കാൻ…

സ്ത്രീ…

Story written by MANJU JAYAKRISHNAN

കല്യാണത്തിന് എടുത്ത പല ഉടുപ്പുകളും നരച്ചിരുന്നു. നരക്കാത്ത ഒരെണ്ണം അവൾ സൂക്ഷിച്ചു വച്ചിരുന്നു, സ്വന്തം വീട്ടിൽ പോകുമ്പോൾ ഇടാൻ. അമ്മയുടെ സംശയങ്ങളിൽ അവൾ പലതരം ന്യായം പറയും. കണ്ണെഴുതിയ മാൻമിഴികൾ കരഞ്ഞു വീർത്തതു സ്വന്തം വീട്ടുകാർ അറിഞ്ഞാൽ അവർ സഹിക്കില്ല എന്നതു അവൾക്കുറപ്പായിരുന്നു.

ഭർതൃവീട്ടുകാരുടെ കണ്ണുവെട്ടിച്ചു സ്വന്തം വീട്ടിൽ എത്തുമ്പോൾ ആർത്തിയോടെ അവൾ തേടിയിരുന്നത് ഭക്ഷണം ആയിരുന്നു.നല്ല ഭക്ഷണം പോലും വല്ലപ്പോഴും കിട്ടുന്ന ഒരു അപൂർവ വസ്തുവായി മാറിയിരുന്നു.

“നീ ഒന്നും കഴിക്കില്ലേ കൊച്ചേ ” എന്നു ചോദിച്ചു അമ്മ എത്തുമ്പോൾ അവൾ കണ്ണുനീർ ഒളിപ്പിക്കാൻ പാടുപെട്ടു

പണ്ടു കണ്ണെഴുതി പൊട്ടും തൊട്ടു, മുല്ലപ്പൂവും വച്ചു കൈകളിൽ ചിരിക്കുന്ന കുപ്പിവളകളുമായി നടന്നതു താൻ തന്നെയായിരുന്നോ എന്ന് അവൾ ഓർക്കും.അതൊക്കെ ഏതോ ഒരു ജന്മം മാത്രം എന്നു തോന്നിപ്പോകും വിധം അവൾ മാറിയിരുന്നു.

“തന്ത കൂലിപ്പണി എടുത്തു തന്ന സ്വർണമേ ഇടാൻ ഉള്ളതാ. നാട്ടുകാർ ഓർക്കും ഞങ്ങൾ വല്ല മുക്കും ആണോ തന്നത് എന്ന് ” പലവട്ടം അമ്മ പറഞ്ഞിട്ടും പോലും അവൾ ഒന്നും കേട്ടതായി ഭാവിച്ചില്ല . തന്റെ പിടിപ്പുകേടു കൊണ്ടു അതെല്ലാം ഭർതൃവീട്ടുകാർ പണയം വച്ചിരുന്നു എന്ന് പറയാൻ അവൾ മടിച്ചു.

അമ്മായിഅമ്മയുടെ അഭിപ്രായത്തിൽ കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ഒരുങ്ങാറില്ലത്രെ !.അതു പോലെ സ്വർണം ഒക്കെ ഇട്ടു നടന്നാൽ ഭർത്താവിനോട് സ്നേഹം ഇല്ലാത്തവർ ആണു താനും. ഒരുപാട് ആഗ്രഹിച്ചു കിട്ടിയ പൊന്നിൻ കൊലുസു കത്തിയാൽ അറക്കപ്പെടുമ്പോൾ അവൾക്ക് നോക്കുകുത്തിയായി നിൽക്കേണ്ടി വന്നു. സ്ത്രീസമത്വത്തിന്റെ ഭാഗമായി സങ്കടിപ്പിച്ച യോഗത്തിനു പോയി തിരിച്ചെത്തിയ അമ്മായിയമ്മ സമത്വം ഒക്കെ പ്രസംഗിക്കാൻ മാത്രം ആണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടേ ഇരുന്നു

പതിവില്ലാതെ ലുലുമാളിൽ പോകാം എന്നു ഭർത്താവ് പറഞ്ഞപ്പോൾ അവൾ സന്തോഷിച്ചു. “മാറുമായിരിക്കും ” എന്ന് പ്രതീക്ഷിച്ചു. എസ്കലേറ്റലിൽ അതിസാഹസികയെപ്പോലെ വലിഞ്ഞു കേറി. കണ്ണഞ്ചിപ്പിക്കുന്ന പലതരം ഉടുപ്പുകൾ, ചെരിപ്പുകൾ. അവിടെ നിന്നും ഡ്രസ്സ്‌ നോക്കാൻ ഭർത്താവ് തുടങ്ങിയപ്പോൾ അവളും ഒന്നു രണ്ടെണ്ണം നോക്കി വച്ചു. അതിൽ നിന്നും ഒരുപാട് ഇഷ്ടപ്പെട്ട ഒരെണ്ണത്തിൽ കൈ പിടിച്ചു ഭർത്താവിനെ കാണിക്കാൻ നിന്നു.ട്രയൽ റൂമിൽ നിന്നും തിരിച്ചു വന്ന ഭർത്താവ് ആ ഡ്രസ്സ്‌ ഒന്നു നോക്കുക പോലും ചെയ്യാതെ അതു തിരിച്ചു വയ്ക്കാൻ ആവശ്യപ്പെട്ടു.എങ്കിലും അതു പിടിച്ചു അവൾ വീണ്ടും നിന്നു.ഒടുവിൽ ബലം പ്രയോഗിച്ചു അയാൾ അതു സാധിച്ചു.

ആ വലിയ ജനസഞ്ചയത്തിൽ അവൾ ഒറ്റപ്പെട്ടു. ഉറക്കെ കരയാൻ പോലും അവൾ അശക്തയായിരുന്നു. ഒരു തൂവാല പോലും അവൾക്ക് ചോദിക്കാൻ പേടി തോന്നി. അന്യയാക്കപ്പെട്ടവളെപ്പോലെ അവൾ പടിയിറങ്ങി.

തിരിച്ചു പോരും വഴി കൈകളിലെ ആകെയുണ്ടായിരുന്ന ആ കാൽപവൻ മോതിരത്തിൽ അയാൾ പിടിമുറുക്കി. തന്നെ കൂട്ടിയതിന്റെ ലക്ഷ്യം അവൾക്കപ്പോൾ മനസ്സിലായി.ചെറുതായതിന്റെ പേരിൽ ഊരാൻ പറ്റാതെ കിടന്ന മോതിരം കിട്ടാൻ ജൂവലറിയിൽ കൊണ്ടു പോയി മുറിക്കുക എന്ന വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ജീവിതത്തിന്റെ പ്രതീക്ഷകളിൽ നിന്നും നടന്നകലുമ്പോൾ അവൾ കേട്ട വാചകങ്ങൾ ആയിരുന്നു മനസ്സിൽ “ചെറുക്കൻ പാവമാ. പെണ്ണിനെ പോന്നു പോലെ നോക്കും. ആ അമ്മയാണെങ്കിലോ ഒരുപാട് അമ്മായിയമ്മപ്പോരു അനുഭവിച്ചതാ. നമ്മടെ കൊച്ചിനോട് വേർതിരിവ് കാണിക്കില്ല . ഈ ബന്ധം ഭാഗ്യമാ”

ആ ഷാളിൽ പിടി മുറുക്കി ഫാനിലേക്കു നോക്കുമ്പോൾ വിയർത്തൊലിച്ചു “മോളെ” എന്നു വിളിച്ചു വരുന്ന അച്ഛനെ അവൾ കണ്ടു. അമ്മേടെ കുഞ്ഞിപെണ്ണേ എന്നു വിളിക്കുന്ന ഒരു അമ്മയെ, അവളുടെ കൂടപ്പിറപ്പിനെ. നഷ്ടം അവർക്കു മാത്രം എന്നു അവൾ തിരിച്ചറിഞ്ഞു. വാതിലിന്റെ വിടവിൽ ഒളിഞ്ഞു നിന്നു നോക്കുന്ന അമ്മായിഅമ്മയുടെ കണ്ണുകളെ അവൾ തിരിച്ചറിഞ്ഞു. ശബ്ദമുണ്ടാക്കാതെ അവരെ അനുഗമിച്ച അവൾ അതു കേട്ടു. “ഇൻഷുറൻസ് പോളിസിയിൽ അനന്തരവകാശി നീ അല്ലേ ” ഉടനെ ഭർത്താവ് പറഞ്ഞു. “കെട്ടിത്തുങ്ങി ചത്താ ഒന്നും കിട്ടില്ല തള്ളേ”.ഉടുതുണിയായി പടിയിറങ്ങുമ്പോൾ അവൾ തിരിഞ്ഞു നോക്കിയില്ല.

——————————

വർഷങ്ങൾക്കിപ്പുറം ഒരു ബിരുദധാന ചടങ്ങ് ടീവിയിൽ .ആരോരുമില്ലാത്ത ഈ കുട്ടികളുടെ വിദ്യാഭ്യാസം സ്പോൺസർ ചെയ്ത, പേര് വെളിപ്പെടുതാൻ ആഗ്രഹിക്കാത്ത ആ നന്മമരത്തിനു നന്ദി പറയുമ്പോൾ അവൾ ഉള്ളാലെ ചിരിച്ചു. സ്ത്രീപീഡനം മൂലം കരഞ്ഞു തളർന്ന സ്ത്രീ അവളുടെ അനുഭവങ്ങൾ പങ്കുവയ്ക്കപെടുമ്പോൾ അവളിലെ വക്കീൽ അതിന് നിയമത്തിലൂടെ പരിഹാരം കാണുകയായിരുന്നു.