സഹനം.
Story written by PANCHAMI SATHEESH
ഉറക്കമുണരുമ്പോൾ നേരം നന്നേ വെളുത്തിരുന്നു…
“നീരൂ……. ചായ ” പതിവു ചായക്കായി നീട്ടി വിളിച്ച് കമിഴ്ന്നു കിടന്നു.
“ദാ മോനേ ചായ ” ടേബിളിൽ വച്ചിട്ടുണ്ട്.
അവളുടെ അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് ഭാര്യവീട്ടിലാണ് കിടക്കുന്നതെന്ന് ഓർമ വന്നത്. പതിയെ എണീറ്റ് ബാത്റൂമിൽ പോയി വന്ന് ചായയുമായി റൂമിന് പുറത്തിറങ്ങി.
ഹാളിലെ സോഫയിൽ ചുരുണ്ടു കൂടി കിടക്കുന്നു പ്രിയതമ. അത് ശരി അപ്പോ ഇന്നലെ ഇവള് ഇവിടെ കിടന്നാണുറങ്ങിയതല്ലേ.
തട്ടി വിളിക്കാൻ നോക്കിയപ്പോഴേക്കും അമ്മായിയപ്പൻ ലാൻ്റ് ചെയ്തു.
“അവളവിടെ കിടന്നോട്ടെ മോനേ ഇന്നലെ വൈകിയാണ് കിടന്നത്. “
ഭവ്യതയോടെ ഇളിച്ചു കാട്ടി മെല്ലെ റൂമിലേക്ക് തന്നെ വലിഞ്ഞു. ഫോണിൽ തോണ്ടിയിരുന്നു.
നേരം പത്തു മണിയോടടുത്തപ്പോൾ….
” അമ്മേ …..ചായ ” എന്ന അവൾടെ അലർച്ച കേട്ടു . ചെന്നു നോക്കിയപ്പോ തലയും ചൊറിഞ്ഞ് ഉറക്കച്ചടവിലിരിക്കുന്നുണ്ട്.
ഞാനിങ്ങനൊരാള് കൂടെയുണ്ടായിരുന്നത് ഓർമ പോലും ഇല്ലെന്നു തോന്നുന്നു.
“ഡീ’ വിളി കേട്ട് ഏതാ ഈ അലവലാതി എന്ന മട്ടിൽ ഒരു നോട്ടം നോക്കി.
പിന്നെ വീണ്ടും ഉറക്കം തൂങ്ങിയിരിപ്പായി.
“ദേ വേഗം റെഡിയാവാൻ നോക്ക് പോകണ്ടേ “
“നാളെ പോയാ പോരേ അളിയാ ” ഓ ദേ വന്നൂ അളിയൻ കുരിപ്പ്
” നാളെയോ എനിക്കവിടെ ചെന്ന് കുറെ പരിപാടികളുള്ളതാ” അവളെന്നെ ഒന്ന് കൂർപ്പിച്ച് നോക്കി
അനിയൻ്റെ മടിയിൽ തലയും വച്ച് വീണ്ടും കിടപ്പായി. “എന്നാ ഏട്ടൻ പൊക്കോ ഞാൻ നാളെ ഇവൻ്റെ കൂടെ വന്നോളം “
“അതു പറ്റില്ല നീ പോയ് റെഡിയാവാൻ നോക്ക്.”
ഇവളെ ഇവിടാക്കിയിട്ടു പോയാൽ വീണ്ടും രണ്ടു ദിവസം കഴിഞ്ഞേ വരൂ. അതു കൊണ്ട് കയ്യോടെ പിടിച്ചു കൊണ്ടു പോണം.
” നാളെ പോവാം അളിയാ “
ദേ ചെക്കൻ കൊഞ്ചാൻ നിക്കുന്നു.
“കണ്ടില്ലേ അവൻ പറയണത് ‘ നാളെ പോവാം ഏട്ടാ പ്ലീസ്…. അല്ലേൽ അവന് വിഷമമാവും ല്ലേടാ’
അയ്യ ചേച്ചീംമോനും കൂടെ എന്താ സോപ്പിംഗ് അതങ്ങ് മനസ്സിലിരിക്കത്തേയുള്ളൂ മോളേ…
” ന്നാ പിന്നെ അനിയനേം കെട്ടിപ്പിടിച്ച് ഇവിടത്തന്നെ ഇരുന്നോ ” “രണ്ടു ദിവസോ രണ്ടു വർഷോ കഴിഞ്ഞ് വന്നാ മതി. ” ലേശം കുറുമ്പോടെ പറഞ്ഞു.
അവനൊന്നു വല്ലാതായി അവളെ നോക്കി.
അവളെന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്. നോട്ടം കണ്ട് ഒന്ന് വിരണ്ടെങ്കിലും ഭാവം മാറ്റാതെ നിന്നു.
“എന്നാ പിന്നെ നിങ്ങള് പൊക്കോ ഞാൻ വന്നോളം “
ദൈവമേ പണി പാളിയാ കലിപ്പായല്ലോ പെണ്ണ്.
“നീ പൊക്കോടീ അളിയനെന്തെങ്കിലും തിരക്ക് കാണും.”
അളിയൻ ചെക്കൻ എന്നെ ന്യായീകരിക്കാൻ നോക്കി. ഓ അവൻ്റെ ഒരു ശുപാർശ എൻ്റെ പെണ്ണ് ഞാൻ പോകുമ്പോ എൻ്റെ കൂടെ വരും.( ആത്മഗതം)
“പോണേൽ പോട്ടെടാ കെട്ട്യോൻ ഒന്നു പോയാൽ വേറെ കിട്ടും. കൂടപ്പിറപ്പിനെ ഒരിക്കലേ കിട്ടു… ” അവളെന്നെ നോക്കി ഇളിച്ചു കാട്ടി.
ദുഷ്ട ഞാൻ പോയാലും വേറെ കെട്ടുമെന്ന്. അളിയൻ ചെക്കൻ്റെ മുഖത്തൊരു വിജയച്ചിരിയുണ്ടോ? ഇല്ല വെറും നിസ്സഹായ ഭാവം
ദേഷ്യം ഉള്ളിലൊതുക്കി പതുക്കെ അവൾടെ അടുത്തിരുന്നു.
“ഡീ ഇപ്പത്തന്നെ ഉച്ചയായി ഇനി നിൻ്റെ ചത്തേ ചതഞ്ഞേന്നനെയുള്ള ഒരുക്കം കൂടി കഴിഞ്ഞ് വരുമ്പോ വൈകുന്നേരമാവും. അപ്പ പൂവാം”
” ആ എന്നാ ഒരഞ്ചു മിനുറ്റുകൂടി കിടക്കട്ടെ.”
വീട്ടിലാരുന്നേൽ കരണത്തിട്ട് ഒന്നു പൊട്ടിക്കാരുന്നു. ഇതിപ്പോ വൈകുന്നേരം വരെ സഹിക്ക തന്നെ.
വീട്ടിലെത്തി ദേഷ്യം കൂടിയൊന്നു പൊട്ടിക്കാൻ തോന്നിയാലും സഹിക്കണം. അല്ലേൽ അപ്പ എടുക്കും ബാഗും പെട്ടീം.
സഹനം പെണ്ണിൻ്റെ മാത്രം കുത്തകയല്ല, ഇടയ്ക്ക് ആണുങ്ങളും വല്ലാണ്ട് സഹിക്ക്ണ്ട്.
~ പഞ്ചമി