മഞ്ഞു പെയ്യുമ്പോൾ…
Story written by AMMU SANTHOSH
“എനിക്ക് ഡിവോഴ്സ് വേണം. ഇനി ഒരു നിമിഷം നിങ്ങളുടെ കൂടെ ജീവിക്കാൻ എന്നെ കിട്ടുകേല “
മനു പെട്ടെന്ന് തിരിഞ്ഞു ഷെൽഫിൽ തിരയുന്നത് കണ്ടു അഞ്ജലി അവനെ തനിക്കഭിമുഖമായി നിർത്തി.
“എന്തോന്നാ അവിടെ നോക്കുന്നത് ?”
“നീ ചോദിച്ച സാധനം ഇവിടെയെവിടെയോ വെച്ചാരുന്നു “
“എന്തെന്ന് ?
“എടി ഡിവോഴ്സ് ..ഡിവോഴ്സ് ” അവൾ അവന്റ നെഞ്ചിൽ ഒറ്റ ഇടി ഇടിച്ചു .
“അമ്മോ എടി സത്യത്തിൽ ഞാൻ അല്ലെ അത് ചോദിക്കേണ്ടത്? എന്ത് ഇടിയാണ് പെണ്ണെ ഓരോ ദിവസവും ഞാൻ കൊള്ളുന്നത് ?”
“അത് കയ്യിലിരുപ്പിന്റെ അല്ലെ ?നോക്ക് ഇപ്പൊ എനിക്ക് ഈ താലിമാല മാത്രമേയുള്ളു. ഈ ഒരു മാലയുമിട്ട് ഞാൻ എന്റെ അനുജന്റെ കല്യാണനിശ്ചയത്തിനു എങ്ങനെ പോകും? അവർ ചോദിക്കില്ലേ സ്വര്ണമെല്ലാം എവിടെ എന്ന് ?””എല്ലാം നിങ്ങൾ കൊണ്ട് പോയി പണയം വെച്ചിരിക്കുവാ എന്ന് എങ്ങനെയാ പറയുക? ദൈവമേ എനിക്ക് മടുത്തു ഇങ്ങേരെ “
“അച്ചോടാ എന്റെ കൊച്ചിന് എന്നെ മടുത്തു തുടങ്ങിയോ? സാരമില്ലാടി നമുക്ക് വഴിയുണ്ടാക്കാമെന്നു “അവനവളുടെ ഇടുപ്പിൽ ചേർത്തടുപ്പിച്ചു.
“ദേ ഞാൻ കൊല്ലും കേട്ടോ ..എനിക്കൊരു മാല എങ്കിലും എടുത്തു തരാമെന്ന് പറഞ്ഞിട്ട് ?”അവൾ അവനെ തള്ളി മാറ്റി ചോദിച്ചു
“അത്രേയുള്ളു ?നാളെ നീ മാല ഇട്ടോണ്ട് പോകും. എന്റെ വാക്കാണ് “
“ഉവ്വ “
“പുചിച്ചോ പുചിച്ചോ ..മാല കൊണ്ട് വരുമ്പോളും വേണം ഈ പുച്ഛം “നീ നോക്കിക്കോ നീ നാളെ ഒരു നെക്‌ളേസ് ഇട്ടോണ്ട് ആണ് പോകുക അല്ലെങ്കിൽ എന്റെ പേര് മാറ്റിക്കോ “
“അതല്ലെങ്കിലും ഞാൻ പലതവണ മാറ്റി “അവൾ പിറുപിറുത്തു
“അത് ഞാൻ ഇടയ്ക്കിടയ്ക്ക് കേൾക്കാറുണ്ട് ..എടി നിനക്കെവിടുന്നു കിട്ടും ഇത്രേം സ്നേഹമുള്ള ഒരു ഭർത്താവിനെ? ക്യാഷ് ഇച്ചിരി കുറഞ്ഞാലെന്താ? പൊന്നു പോലല്ലേ നോക്കുന്നെ ..ഓരോ ആണുങ്ങളെ കാണണം കൊതി തോന്നും എന്തോരം സെറ്റഅപ്പ…”
“ഓ പിന്നെ താലി കെട്ടിയ പെണ്ണിനെ പോറ്റാൻ ലോൺ എടുക്കണ്ട ഗതികേട് ഉള്ള മനുഷ്യനാ അപ്പോഴാ സെറ്റപ്പ് ..ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ട്ടോ എന്റെ കഴുത്തിലിടാൻ ഒരു മാല. അത് കൊണ്ട് വന്നില്ലെങ്കിൽ ഞാൻ എന്റെ വീട്ടിൽ നിന്ന് ഇങ്ങോട്ടു വരികേല. നോക്കിക്കോ “
“ഏറ്റു”
കടും പച്ച പട്ടു സാരി ഉടുത്തു തല നിറയെ പൂവ് വെച്ച് അവൾ മുന്നിൽ വന്നു നിൽക്കുമ്പോൾ അവൻ കണ്ണിമയ്ക്കാതെ നോക്കി നിന്ന് പോയി
“അപ്സരസ്സ് ” അവനാ ചുണ്ടിൽ ഒന്ന് തൊട്ടു. ഒറ്റത്തട്ട് കൊടുത്തു അഞ്ജലി.
“കുന്തം എന്റെ മാല എടുക്ക് ” അവൾ കൈ നീട്ടി.
“നീ ഒട്ടും റൊമാന്റിക് അല്ല കേട്ടോ കൊച്ചെ ..ദേ മാല “
“ഇതേതാ ഈ മാല ?” അവൾ തിരിച്ചും മറിച്ചും നോക്കി.
“വല്ലയിടത്തും നിന്നും മോഷ്ടിച്ചോണ്ടു വന്നതാണോ മനുഷ്യ”
“ദേ പിന്നേം പുച്ഛം. എടി ഇത് നമ്മുടെ സഹീറിന്റ ഫാൻസിക്കടയിൽ നിന്ന് കടം പറഞ്ഞു എടുത്തോണ്ട് വന്നതാ. നാനൂറ്റിഅമ്പതു രൂപ “
“എനിക്കെങ്ങും വേണ്ട കൊണ്ട് പോ “അവൾ അത് നീട്ടി.
“എന്റെ പൊന്നല്ലെ? നോക്ക് ഇത് കണ്ടാലാരെങ്കിലും പറയുമോ സ്വർണമാല അല്ലെന്ന്? ഒന്ന് അഡ്ജസ്റ്റ് ചെയ്യ് പ്ലീസ് “ചേട്ടന്റ കയ്യിൽ കാശില്ലാഞ്ഞിട്ടല്ലേ? “
“നോക്കിക്കോ ഞാൻ ഇനി ഇങ്ങോട്ട് വരുന്നില്ല. അവിടെ തന്നെ നില്ക്കാൻ പോവാ. “അവൾ ഒരു നുള്ള് വെച്ചു കൊടുത്തു.
അച്ഛനെയും അമ്മയെയും ബന്ധുക്കളെയുമൊക്കെ കണ്ട സന്തോഷത്തിൽ അവളോടി നടക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു .ചിലപ്പോൾ ഒക്കെ അവൾ തന്റെ പങ്കാളി ആകേണ്ട ഒരു പെണ്ണല്ല എന്ന് അവനു തോന്നും .താൻ ഒരു പരാജയപ്പെട്ടവനാണ് എന്ത് ചെയ്താലും അതിൽ ഒരു തോൽവിയുണ്ടാകും. അത് എന്താണ് എന്ന് അവൻ ദൈവത്തോട് ചോദിക്കാറുണ്ട് ദൈവം മറുപടി ഒന്നും കൊടുക്കാറില്ലെങ്കിലും
“ഇത് ഏതാ പുതിയത് ?’ ചടങ്ങൊക്കെ കഴിഞ്ഞു അവർ മാത്രമായപ്പോൾ അമ്മ അവളുട മാലയിൽ തൊട്ടു ചോദിച്ചു.
“പിന്നേ? പുതിയത് .ആ ബാങ്ക് മാനേജരെ ഞാൻ ഇന്നലെ കണ്ടാരുന്നു .ആ വീടും ഇങ്ങനെ ആണെങ്കിൽ ഉടനെ ബാങ്ക് കൊണ്ട് പോകും ..കച്ചവടമൊക്കെ നഷ്ടം ആയി ഇല്ലേ മനു ?ഇനി വേറെ എന്തെങ്കിലും നോക്ക് “അച്ഛൻ പറഞ്ഞത്. മനു തലതാഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ “അഞ്ജലി യുടെ ഉള്ള് ഒന്ന് പിടഞ്ഞു.
“ഇവൾ കുറച്ചു നാൾ ഇവിടെ നിൽക്കട്ടെ കടങ്ങളെല്ലാം തീർത്തിട്ട് വന്നു വിളിക്ക് ..ഇനി അവിടെ പട്ടിണി ആണോന്നു ആർക്കറിയാം ?”
“അച്ഛാ മതി “അഞ്ജലി പെട്ടെന്ന് പറഞ്ഞു
“നീ ഇവിടെ നില്ക്. ഇനി ഉടനെ അങ്ങോട്ട് പോകണ്ട. അപ്പോഴേ ഇവൻ പഠിക്കു ” അമ്മ.
“അങ്ങനെയായിക്കോട്ടെ .ശരി എന്നാൽ “മനു പെട്ടെന്ന് പറഞ്ഞു. പിന്നെ വിളറി ചിരിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി. തിരിഞ്ഞു പെട്ടെന്ന് മുന്നോട്ട് നടന്നു.
“മനുവേട്ടൻ ഒന്ന് നിന്നെ ” അവളോടി വന്നാ കൈ പിടിച്ചു
“അച്ഛനോടും അമ്മയോടും ഞാൻ നൂറു വട്ടം പറഞ്ഞു എനിക്കൊരു ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് കേട്ടില്ല. ഇത് ഞാൻ കണ്ടു പിടിച്ച ബന്ധം അല്ല. നിങ്ങൾ ആലോചിച്ചു നടത്തി തന്നത് ആണ് “
“അതെ ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി. അതല്ല തിരുത്തുന്നതും? വേണ്ടാത്തത് വേണ്ട എന്ന് വെയ്ക്കണം. ” അമ്മ വാശിയോടെ പറഞ്ഞു
“അങ്ങനെ തോന്നുമ്പോൾ വേണ്ടന്ന് വെയ്ക്കാൻ എന്റെ മനുവേട്ടൻ എന്താ പൊട്ടിയ കളിപ്പാട്ടമോ മറ്റൊ ആണോ അമ്മേ ?”എന്ത് കുറവുണ്ടെങ്കിലും ഒന്നിച്ചായാൽ പിന്നെ, സ്നേഹിച്ചു തുടങ്ങിയാ പിന്നെ, അത് ഒന്നും കാണാൻ പറ്റുകേല. അല്ലെങ്കിൽ എനിക്ക് ആ കുറവൊന്നും കാണണ്ട ..അത്രയ്ക്ക് ഇഷ്ടം ആണ് എനിക്ക് എന്റെ മനുവേട്ടനെ ..ഉപേക്ഷിക്കാൻ പോയിട്ട് ഒരു ദിവസം എനിക്ക് കാണാതെ ഇരിക്കാൻ കഴിയുകേല “
മനു സ്തംഭിച്ചു നിൽക്കുകയായിരുന്നു ..അവളൊരിക്കല് പോലും അത്രേമേൽ വികാരാധീനയായി അവൻ കണ്ടിട്ടില്ല. സദാ കുസൃതിയും തമാശയും അടി കൂടലും അങ്ങനെ ഒക്കെ ആയിരുന്നു ഇത് വരെ.
“ഈ രണ്ട് വര്ഷത്തിനിടക്ക് എന്റെ കണ്ണ് നിറച്ചിട്ടില്ല. സങ്കടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇല്ലെന്നല്ല പക്ഷ എന്നെ വേദനിപ്പിച്ചിട്ടില്ല ..എന്നെ ജീവനാ അല്ലെ മനുവേട്ടാ ?അവൾ കണ്ണുനീരോടെ ചോദിച്ചു.
പിന്നെ മുഖം തുടച്ചു തുടർന്നു “അങ്ങനെയുള്ള ഒരാളെ വിട്ടിട്ട് ഇവിടെ നിന്നാ എനിക്ക് സന്തോഷം കിട്ടുവോ? എന്റെ ദൈവം എന്നോട് ക്ഷമിക്കുമോ ?ഞങ്ങൾക്കും ഒരു നല്ല കാലം വരും ..അന്ന് മാത്രേ ഇനി ഞങ്ങൾ ഇങ്ങോട്ട് വരൂ ..”
“മോളെ നിന്റെ നന്മക്കല്ലേ അച്ഛനും അമ്മയും.. ?”അമ്മ അവളുടെ കയ്യിൽ പിടിച്ചു
“ഭർത്താവില്ലാതെ പിന്നെ എന്ത് നന്മയാ അമ്മേ ഒരു ഭാര്യക്കുള്ളത് ?പിന്നെ എന്ത് കിട്ടിയിട്ടെന്താ ?”ഒരു ഭാര്യക്കും സഹിക്കാൻ ആവില്ലമ്മേ സ്വന്തം ഭർത്താവ് മറ്റുള്ളവരുടെ മുന്നിൽ തല കുനിക്കുന്നത്. അതിനി സ്വന്തം അച്ഛന്റെയും അമ്മയുടെയും മുന്നിൽ ആണെങ്കിൽ പോലും “
അവളവന്റെ കയ്യും പിടിച്ചു ഇറങ്ങി നടന്നു
“രാത്രി
മനു അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിലൂട വിരലോടിച്ചു കൊണ്ടിരുന്നു
“അച്ഛനങ്ങനെ പറഞ്ഞപ്പോൾ എന്താ എന്നെ വിട്ടിട്ടു പോകാൻ പോയെ ?” അവൾ ചോദിച്ചു
“ശരിക്കും ഞാൻ നിന്നെ അർഹിക്കുന്നില്ല. എനിക്ക് യോഗ്യത ഇല്ല “അവന്റ തൊണ്ട ഇടറി
“ഇന്ന് ഏത് സീരിയൽ ആണ് കണ്ടേ? “അവൾ കുസൃതിയിൽ ചോദിച്ചു.
“പോടീ കുരങ്ങേ “അവൻ അവളെ കെട്ടിപ്പുണർന്നു
അവൾ മുഖം ഉയർത്തി ആ കണ്ണിൽ നോക്കി
“മനുവേട്ടാ പ്രിയചേച്ചിയുടെ കമ്പ്യൂട്ടർ സെന്ററിൽ ഒരാളെ വേണം. മാസം എണ്ണായിരം രൂപ കിട്ടും. ഞാൻ പോവാ അടുത്ത മാസം മുതൽ “
“വേണ്ട കൊച്ചെ “അവൻ സങ്കടത്തോടെ പറഞ്ഞു
“വേണം ..ലോൺ അടയ്ക്കാൻ കിട്ടുംന്നു ..പിന്നേ നമുക്ക് ചെറിയ കച്ചവടം മതി മനുവേട്ടാ. കൊച്ചു കൊച്ചു സാധനങ്ങളുടെ ..അത് മതി “
അവനൊന്നു മൂളി
“നമ്മുടെ സങ്കടങ്ങളെല്ലാം മാറും പണയം വെച്ചത് വേണമെങ്കിൽ എടുത്തു നമുക്ക് വിൽക്കാം ..കുറച്ചു കൂടി കാശു കിട്ടും അപ്പൊ സ്വന്തം ആയി ഒരു കട നടത്താൻ ആകും . ബാക്കിയുള്ള ലോണും അടഞ്ഞു തീരും “
“നീ മിണ്ടാതിരിക്ക് “
അവനൊരു കരച്ചിൽ വന്നു മുട്ടി നെഞ്ചിൽ. ഒന്നും പറയാൻ വയ്യ.
“ഞാൻ വെറുതെ വഴക്കുണ്ടാക്കുന്നതല്ലേ? എന്റെ ഈ പൊന്നിനേക്കാൾ വലുതാണോ എനിക്ക് ആ ആഭരണങ്ങളൊക്കെ ?ഉം ?”
നെഞ്ചിൽ ചേർന്ന് കിടന്ന അവളുടെ മുഖത്തിന് പൂര്ണചന്ദ്രന്റെ ശോഭയുണ്ടായിരുന്നു ..ആ കണ്ണുകൾക്ക് നക്ഷത്ര തിളക്കവും .
.മനു അവളുടെ നിറുകയിൽ ചുണ്ടമർത്തി .പിന്നെയവളുടെ ഉടലിലിനെ തന്റെയുടൽ കൊണ്ട് പൊതിഞ്ഞു പിടിച്ചു.
ഉള്ളിൽ മഞ്ഞു പെയ്യുന്നത് പോലെ …അല്ല മഞ്ഞു പെയ്യുക തന്നെയാണ്. ഉടലിലും. ഉയിരിലും.