ഇപ്പൊ നീ വലിയ കുട്ടി ആയി, ഇനി മുതൽ നന്ദുന്റെ മുറിയിൽ കിടക്കേണ്ട. അതുപോലെ…

Story written by KANNAN SAJU

“പിന്നെ പെൺപിള്ളേരിനി സൈക്കിള് ചവിട്ടാത്തെന്റെ കുറവേ ഉളളൂ.. ആ അടുക്കളയിൽ എങ്ങാനും പോയി വല്ലോം വെച്ചുണ്ടാക്കാൻ പഠിക്ക്”

പത്തു വയസുകാരി നന്ദനയോടു അച്ഛൻ പറഞ്ഞു….

അവളുടെ ഇരട്ട സഹോദരൻ നന്ദു മുറ്റത്തു പുതിയ സൈക്കിൾ ചവിട്ടാൻ പഠിക്കുന്നതും കൊതിയോടെ നോക്കി അവൾ നിന്നു

“നിന്ന അവൻ പുറകിലിരുത്തി കൊണ്ട് പൊയ്‌ക്കോളില്ലേ മോളേ.. പിന്നെ എന്നാ?  ” അമ്മയും ഏറ്റു പിടിച്ചു

“തന്നെയാണോ സൈക്കിൾ ഒക്കെ ചവിട്ടിയാൽ ക ന്യാചർമ്മം പൊട്ടി പോവുന്നു കേട്ടിട്ടില്ലേ ഭാനു ഇയ്യ്‌” മുത്തശ്ശി അമ്മയോട് അടക്കം പറഞ്ഞു. സമയം കടന്നു പോയിക്കൊണ്ടിരുന്നു.

” പിന്നെ ഇപ്പൊ നീ ഓടാനും ചാടാനും പോയി സമ്മാനം മേടിച്ചിട്ട് വേണം കുടുംബത്തിന്റെ മഹിമ ഉയർത്താൻ…നല്ല അച്ചടക്കോം ഒതുക്കോം ഉള്ള പെങ്കുട്ട്യോള് വളർന്നിട്ടുള്ള വീടാ നീയായിട്ടു തുള്ളി ചാടി നടന്നു ഒന്നും നശിപ്പിക്കരുത് “

അച്ഛന്റെ വാക്കുകൾ കേട്ടു അവളുടെ മുഖം വാടി

” നന്ദു പോവണ്ടല്ലോ അച്ഛാ ?  “

”അവനൊരു ആണ്കുട്ടിയല്ലേ… “

നന്ദു ഒന്നും മിണ്ടാതെ അടുക്കളയിലേക്കു നടന്നു.  സമയം വീണ്ടും കടന്നു പോയി.

” ഇപ്പൊ നീ വലിയ കുട്ടി ആയി… ഇനി മുതൽ നന്ദുന്റെ മുറിയിൽ കിടക്കേണ്ട..അതുപോലെ ആൺപിള്ളേരോട് ഇടപഴുകുമ്പോഴും ഒരു അകലം പാലിക്കണം ” അമ്മ അവളെ പറഞ്ഞു മനസ്സിലാക്കി….

” ഇനിയാണ് സൂക്ഷിക്കേണ്ടത്….  അതും ഇതും കാട്ടി നടന്നു കുടുംബത്തിന്റെ മനം കളയരുത് “

സമയം പിന്നെയും കടന്നു പോയി. പ്ലസ്‌ടു കഴിഞ്ഞു….  നന്ദുവിനെ എഞ്ചിനീറിങ്ങിനും നന്ദനയെ ഡിഗ്രിക്കും വിടാൻ തീരുമാനിച്ചു.

” എന്നെയും എഞ്ചിനീറിംഗിനു വിടുവോ അച്ഛാ ?  ” അവൾ വാതിൽ പടിയിൽ മറഞ്ഞു നിന്നുകൊണ്ട് ചോദിച്ചു..

” വല്ലവന്റേം വീട്ടിൽ അടുക്കളപ്പണി ചെയ്യാനുള്ള നീ ഇപ്പൊ എന്തിനാ കുട്ടി എഞ്ചിനീയറിംഗ് പഠിച്ചിട്ടു ?? നിനക്ക് അത്ര നിര്ബന്ധായച്ച നഴ്സിങ്ങിന് പൊക്കോ..ന്നിട്ട് പുറത്തെവിടെലും പോയി ജോലി നോക്കി ഈ വീടൊക്കെ ഒന്ന് നന്നാക്കി സ്വന്തം ചിലവിൽ കല്ല്യാണം നടത്തിക്കോ..അല്ലാതെ നിന്നെ ഇപ്പൊ ക്യാഷ് മുടക്കി എഞ്ചിനീയറിംഗ് പഠിപ്പിച്ചിട്ടു ഇങ്ങോടൊന്നും കിട്ടാൻ ഇല്ലല്ലോ.. വല്ലവന്റേം വീട്ടിലേക്കല്ലേ “

നന്ദന ഒന്നും മിണ്ടിയില്ല… അവൾ ഡിഗ്രിക്ക് ചേർന്നു…  നന്ദുവിന്‌ ബൈക്ക് വാങ്ങി…

” അച്ഛാ ഞാൻ ജീൻസ് ഇട്ടോട്ടെ ???  “

വാതിൽ പടിയിൽ മറഞ്ഞു നിന്നു കൊണ്ട് നന്ദന വീണ്ടും ചോദിച്ചു… കയ്യിലിരുന്ന ന്യൂസ് പേപ്പർ ചുരുട്ടി കൂട്ടി എറിഞ്ഞു കൊണ്ട് അയ്യാൾ ചാടി എണീറ്റു…

” എന്നിട്ടു വേണം നാട്ടുകാര് നിന്നെ പറ്റി പറയുന്ന വൃത്തികേട് മുഴുവൻ ഞാൻ കേൾക്കാൻ….  കടന്നു പൊക്കോണം ” നന്ദന ഒന്നും മിണ്ടിയില്ല…

അച്ഛനറിയാതെ കോളേജിലെ നാടകങ്ങളിലും മറ്റും പങ്കെടുക്കാൻ തുടങ്ങി…എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു…

ചെറിയ ചെറിയ മത്സരങ്ങളിൽ ആരംഭിച്ചു… ഒടുവിൽ യൂണിവേഴ്സിറ്റി കലോത്സവത്തിന് സ്റ്റേജിൽ കയറാൻ നിൽക്കെ കൂട്ടുകാർ പറഞ്ഞറിഞ്ഞു അച്ഛൻ വന്നു…

” ഒന്നെങ്കിൽ വീട്ടിലേക്കു….  അല്ലേങ്കിൽ സ്റ്റേജിലേക്ക് “

അത്രമാത്രം പറഞ്ഞു.. സഹപാഠികളുടെ വെറുപ്പിന് പാത്രമായി അച്ഛന്റെ കയ്യും പിടിച്ചു അവൾ കോളേജിന്റെ പടിയിറങ്ങി.

”മതി നിന്റെ പഠിത്തം ഒക്കെ… ബ്രോക്കർ ദിവാകരനോട് കല്ല്യാണം ആലോചിക്കാൻ പരന്നിട്ടുണ്ട്… കേട്ടു കഴിഞ്ഞിട്ട് അവൻ സമ്മതിച്ചാൽ നീ ജീൻസ് ഇടെ തുണിയില്ലാതെ നടക്കേ എന്നാന്നു വെച്ചാ ചെയ്തോ….ഇനി നാടകത്തിൽ അല്ല സിനിമേല് ആയാലും അവൻ വിട്ടാൽ പൊയ്ക്കോ… പക്ഷെ ഞങ്ങടെ തലേന്ന് ഈ ഭാരം ഒന്ന് ഒഴിഞ്ഞിട്ട് മതി “

അപ്പോഴും നന്ദന ഒന്നും മിണ്ടിയില്ല…

”അല്ലേലും വിദ്യാഭ്യാസത്തിൽ ഒക്കെ എന്ത് കാര്യം??  ഞങ്ങക്കു വേണ്ടത് എന്റെ മോന്റെ കാര്യങ്ങൾ എല്ലാം ഭംഗി ആയി നോക്കാൻ പ്രാപ്തി ഉള്ള ഒരു പെണ്ണിനെയാ “

പെണ്ണ് കാണാൻ വന്ന അമ്മായി അമ്മ പറഞ്ഞു നിർത്തി.

” 1 2 3 4 5…  അയ്യാൾ ദീർഘമായി നിശ്വസിച്ചു കൊണ്ട് അവളുടെ ദേഹത്ത് നിന്നും മാറി കിടന്നു…  പിന്നെ അവളുടെ മുഖത്തേക്ക് നോക്കില്ല…  തിരിഞ്ഞു കിടക്കും… അവക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കുറച്ചു വേദന മാത്രം “

” ഏട്ടാ ഈ കളർ എങ്ങനുണ്ട് ??  എനിക്കിതു നന്നായി ചേരുന്നില്ലേ ?  ” തുണിക്കടയിലെ കണ്ണാടിയിൽ തനിക്കിഷ്ട്ടപ്പെട്ട സാരി ചേർത്തു പിടിച്ചു അവൾ ചോദിച്ചു

” ഏയ്‌ ഇത് കൊള്ളില്ല… എനിക്കിഷ്ടമായത് ഇതാണ്.. “

അയ്യാൾ മറ്റൊരു സാരി അവൾക്കു നേരെ നീട്ടി.. മനസ്സില്ലാ മനസ്സോടെ അവൾ സാരി വാങ്ങി.

സമയം പിന്നെയും കടന്നു പോയി….  ഝാൻസി ജനിച്ചു….. അവൾ വളർന്നു തുടങ്ങി…

അങ്ങനെ ഒരു രാത്രി.

”പ്ലീസ് നന്ദന.. ഇന്ന് ഒരു രാത്രിയുടെ കാര്യമല്ലേ ഉളളൂ.. സാറ് ഒരുപാട് പ്രതീക്ഷയോടെ ആണ് വന്നേക്കുന്നതു… നീ ഒന്ന് സഹകരിച്ചാൽ എനിക്ക് പ്രൊമോഷൻ ഉറപ്പാ…ആരും അറിയില്ല മോളേ പ്ലീസ്”

വിദേശത്ത് നിന്നും വന്ന തന്റെ ബോസിനെ ഹാളിൽ ഇരുത്തി അകത്തു വന്നു അയ്യാളുടെ കൂടെ കിടക്കാൻ പറഞ്ഞ ഭർത്താവിനോട് പക്ഷെ അവൾ പ്രതികരിച്ചു…

ജഗ്ഗിനു അയ്യാളുടെ തലക്കടിച്ചപ്പോൾ ഒലിച്ചിറങ്ങിയ ചോര ഇന്നലെ എന്ന പോലെ അവൾ ഓർത്തെടുത്തു

” അമ്മാ…  ഈ ബാറ്റു മതിയോ ???  ” ഝാൻസി ഒരു ബാറ്റുമായി വന്നു… പതിനാലു വയസ്സാവുന്നു അവൾക്കു

” മോൾക്ക് അത് ഓക്കേ ആണെങ്കിൽ അതെടുക്കാം “

” എനിക്കിതു മതി അമ്മ….  പിന്നെ ഒരു ഗ്ലൗസ് കൂടി വേണം. എടുത്തിട്ട് വരാവേ  “

അവൾ ചിരിച്ചുകൊണ്ട് തിരിഞ്ഞോടി… ഷോപ്പിന്റെ ഓണർ മിഥുല വന്നു..

”നിനക്ക് വട്ടാണോ നന്ദന.. പെൺപിള്ളേരെ ഒക്കെ ഇപ്പൊ ക്രിക്കറ്റ്‌ കളിയ്ക്കാൻ വിട്ടിട്ടു ഇപ്പൊ എന്നാ കിട്ടാനാ ?? ഇനി സെലെക്ഷൻ കിട്ടി എന്ന് തന്നെ ഇരിക്കട്ടെ അവൾ ടീമിൽ നിലനിൽക്കും എന്ന് എന്ന ഉറപ്പ് ??? “

”മിഥില മോളേ എൻട്രൻസിന് വിട്ടത് എന്നാ കിട്ടാനാ??  ഇനി അവക്കു മെഡിസിന് സീറ്റു കിട്ടി എന്ന് വെക്കട്ടെ അവൾ കൈ പുണ്യം ഉള്ള ഒരു ഡോക്ർ ആവും എന്ന് എന്താ ഉറപ്പു ?.”

”അതുപോലെ ആണോ ഇത്?  “

” എന്താ മാറ്റം മിഥിലെ ???  കാലത്തിനനുസരിച്ചു വിവാഹ മാർക്കെറ്റിൽ പെണ്ണിന് എന്ത് യോഗ്യത വേണോ അതുണ്ടാക്കി കൊടുക്കൽ തന്നെ അല്ലേ മാതാപിതാക്കൾ ചെയ്തുകൊണ്ടിരിക്കുന്നത്..പണ്ട് വിദ്യാഭ്യാസം പ്രശ്നമല്ലായിരുന്നു..ഇന്ന് കുറഞ്ഞതു ഒരു ഡിഗ്രി പോലും ഇല്ലാത്ത പെണ്ണിനെ ആരും കെട്ടില്ലാത്തോണ്ട് പഠിപ്പിക്കുന്നു..എപ്പോഴും അവരെ നിങ്ങള് വളർത്തുന്നത് അവൾ വേറെ ഏതോ വീട്ടിലേക്കു പോവാൻ ഉള്ളവൾ ആണ്, അവർക്കു ഇഷ്ട്ടപ്പെടുന്ന രീതിയിൽ അവളെ പാക പെടുത്തി കച്ചവടം ചെയ്യുക.. എത്രേം പെട്ടന്ന് ആ ഭാരം അംഗിറക്കുക അല്ലേ.. “

” അല്ലടി.. നിനക്കീ തൂപ്പു പണിയല്ലേ ഉളളൂ.. അതും വെച്ചു ഇതിനെ… “

” എനിക്ക് ഒറ്റ ആഗ്രഹമേ ഉളളൂ മിഥില.. പെണ്ണായി പിറന്നതുകൊണ്ട് മാത്രം അവളുടെ കൊച്ച് കൊച്ച് ആഗ്രഹങ്ങൾ ചവിട്ടി അരക്കപ്പെടരുത്.. മൂടി വെക്കപ്പെടരുത്….പിന്നെ സെലെക്ഷൻ കിട്ടിയാലും ടീമിൽ സ്ഥിരം അംഗം ആയാലും ആറിൽ ആറു ബോളും സിക്സെർ അടിച്ചാലും യുവരാജിനെ പോലെ എല്ലാരും അറിയണമെന്നും ആരാധിക്കണമെന്നും ഇല്ല..കാരണം പെണ്ണുങ്ങളുടെ ക്രിക്കറ്റ്‌ അല്ലേ..  എങ്കിലും എന്നെങ്കിലും ഒരുനാൾ കാലം മാറും.. മാറാതെ ഇരിക്കില്ല.. എനിക്ക് വേണ്ടത് അവളുടെ ആത്‌മസംതൃപ്തി ആണ്..

അതിൽ പരിശ്രമിച്ചു പരാജയപ്പെട്ടു അവൾ വന്നാലും പുതിയൊരു ഫീൽഡ് തിരഞ്ഞെടുക്കാനും പഠിക്കാനും ഉള്ള പ്രായവും അവക്കുണ്ട് അതിനുള്ള സാഹചര്യവും ഞാൻ ചെയ്തു കൊടുക്കും…

പെണ്ണായി പിറന്നു ഇത്രയും അനുഭവിച്ചിട്ടും ഒന്നു മാറി ചിന്തിക്കാതെ അതെ അനുഭവം തന്നെ പെൺമക്കൾക്ക് പകർന്നു നൽകുന്ന അമ്മ മാര് തന്നെയാണ് അവരുടെ യഥാർത്ഥ ശാപം..

ഞാൻ ആ പണിക്കു നിക്കില്ല മിഥില… അവളെ ഒറ്റയ്ക്ക് ജീവിക്കാൻ ഞാൻ പ്രാപ്തയാക്കും.. ബാക്കി അവൾ തീരുമാനിക്കട്ടെ.. “

ഝാൻസിയുടെ കൈ പിടിച്ചു നന്ദന നടന്നിറങ്ങുമ്പോൾ ഝാൻസിയുടെ മുഖത്തെ സന്തോഷം കണ്ടു അമ്പരന്നു മിഥില നിന്നു.