എനിക്ക് കൂട്ടായി ഓർമ്മ വെച്ച നാൾ തൊട്ടു നിഴലു പോലെ ഒരാൾ കൂടിയുണ്ട് മെഹ്ജബിൻ എന്ന എന്റെ മെഹ്‌ജു…

“എയ്ഡ്സ്”

എഴുത്ത്: അനു സാദ്

പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയും സസൂക്ഷ്മം വീക്ഷിച്ചു അവൻ ആ ജനൽ കമ്പിയിൽ തല ചേർത്തങ്ങനെ കിടന്നു. തണുത്ത കാറ്റിന്റെ ശീല്ക്കാരം ശരീരത്തിന്റെ ഓരോ അണുവിലും തട്ടി തഴുകി കൊണ്ടിരുന്നു. അതവനെ വല്ലാത്തൊരു അനുഭൂതിയിലെത്തിച്ചു.. ചുണ്ടിലൊരു കള്ളച്ചിരി ഒളിപ്പിച്ചു വെച്ച്.. മനസ്സ് മുഴുവൻ അങ്ങകലെ വട്ടമിട്ടു പറക്കുവാണ് എന്റെ പെണ്ണിന് ചുറ്റും… ബസ്സിന്റെ വേഗതക്കൊപ്പം എന്റെ മനസ്സും താണ്ടി പോയി പിന്നിട്ട ദൂരങ്ങൾ…

ഞാൻ ആദി എന്ന ആദിൽ…

ഉപ്പയുടേം ഉമ്മയുടേം ഒരേ ഒരു ആണ്തരി. എനിക്ക് മുന്നേ ഉള്ളത് ഇത്തയാണ് ആലിയ.ഞാനിപ്പോ എംകോം ൽ പിജി അവസാന വർഷം ചെയ്യുന്നു. പിന്നെ കുറച് പാർട്ട് ടൈം ജോബ്സ് മ് കുറച്ചു കൂടുതൽ ആതുര സേവനും ആയി നടക്കുന്നു.. ഞങ്ങളുടെ നാട്ടിലെ ബ്ലഡ് ആൻഡ് ഓർഗൻ ഡോണർസ് അസോസിയേഷൻ ന്റെ മുഖ്യ പങ്കു വഹിക്കുന്ന വ്യെക്തിയാണ് ഞാൻ..

എനിക്ക് കൂട്ടായി ഓർമ്മ വെച്ച നാൾ തൊട്ടു നിഴലു പോലെ ഒരാൾ കൂടിയുണ്ട് മെഹ്ജബിൻ എന്ന എന്റെ മെഹ്‌ജു… ഒരു കയ്യകലത്തിൽ എപ്പോഴും വിളിപ്പുറത്തുണ്ടാവുന്ന എന്റെ പ്രിയപ്പെട്ടവൾ… ആൾ ഇപ്പൊ സൈക്കോളജി ൽ പിജി ചെയ്യുന്നു. ചെറുപ്പത്തിലേ ഉമ്മ നഷ്ടപ്പെട്ട അവൾ വളർന്നതും പഠിച്ചതും എല്ലാം ഉമ്മമ്മാടെ കൂടെന് ഉപ്പ സ്റ്റേറ്റ്സ് ലാണ്. എന്റെ ഇടവും വലവും അവളും കാണും കൂടേ..

ആഴത്തിൽ വേരിറങ്ങിയ സൗഹൃദം.. എന്ന് പറയുമ്പോൾ പക്ഷെ എന്റെ നെഞ്ചിലെ താളം ഒരു നിമിഷം തെറ്റിപ്പോവാറുണ്ട് … അതിലെ പിടപ്പ്‌ മുമ്പെങ്ങുമില്ലാത്ത വിധം ഉയർന്നു താഴാറുണ്ട്… കള്ളമെന്ന് പലയാവർത്തി എന്നിൽ മൊഴിയാറുണ്ട്..

അതെ.. എനിക്കവളോട് പ്രണയമാണ്… ഞാൻ പോലുമറിയാതെ എന്റെയുള്ളിൽ എപ്പോഴോ പൂവിട്ടൊരു പ്രണയം.. കാലം കൂടുന്തോറും എന്നെ പൂർണ്ണമായും അവളിലേക്ക് കടമെടുത്ത പ്രണയം… ഒരുമിച്ചിരിക്കുമ്പോഴുള്ള അവളുടെ ഓരോ നോട്ടവും.. അതെന്റെ ഇടനെഞ്ചു തറച്ചു അങ്ങ് അറ്റത്തേയ്ക്കെത്തുന്നത് ഞാൻ അറിയാറുണ്ട്… അവളുടെ ഓരോ ചിരിയിലും എനിക്ക് ചുറ്റും ഒരു കാന്തിക വലയം തീർക്കുന്നത് ഞാൻ നോക്കി നിൽക്കാറുണ്ട്… അവളുടെ ഓരോ സ്പര്ശനും എന്റെ ഉള്ളൊന്നു പിടിച്ചൂലകാറുണ്ട്… എന്റെ ഹൃദയമാണെന്ന അവകാശ വാദം മാത്രമേ എന്നിലുള്ളു… അതിലെ മിടിപ്പ് നിയന്ത്രിക്കുന്നത് പോലും പലപ്പോഴും അവളാണെന്ന് എനിക്ക് തോന്നി പോവാറുണ്ട്…

തുറന്നു പറയാൻ പലവട്ടം ഒരുങ്ങിയപ്പോഴും അകാരണമായ എന്തോ ഒന്ന് എന്നെ വരിഞ്ഞു മുറുക്കും.. ഒരുപക്ഷെ അവളെ എനിക്ക് നഷ്ടപ്പെടുമോ എന്ന ഭയം എന്റെ മനസ്സിനൊരു കടിഞ്ഞാണ് പണിതു.. അത്കൊണ്ട് തന്നെ അവൾക്കു മുന്നിലെത്തുമ്പോൾ എന്റെ ഉള്ളു വാചാലമാകുമ്പോഴും പുറമേക്ക് ഞാൻ മൗനമായി പോകും…

അവള്കെന്നിൽ കണ്ടൂടാത്ത ഒരേയൊരു കാര്യം ഞാൻ കുറച്ചധിക സമയം നാടിനും നാട്ടുകാർക്കും വേണ്ടി നടക്കുന്നതാണ്.ഇപ്പൊ പ്രൊജക്റ്റ് സംബന്ധമായി ഒരു പേപ്പർ വർക് ന് വേണ്ടി ഇവിടെ തിരുവനന്തപുരം വരെ വന്നപ്പോഴും അത്യാവശ്യമായി കുറച് ബ്ലഡ് ഒരാൾക്കു വേണ്ടി വന്നതോണ്ട് മെഡിക്കൽ കോളേജ് വരെ പോവേണ്ടി വന്നു.അതറിഞ്ഞപ്പഴും അവൾ വഴക്കിട്ടു

“ഉള്ള ചോര മുഴുവൻ ഊറ്റി കൊടുക്കാതെ കുറച്ചെങ്കിലും ബാക്കി വെക്കടോ ന്ന്” അവളെ കാണുമ്പഴാ എന്റെ ഉള്ള ചോര മുഴുവൻ വറ്റി പോവുന്നതെന്ന് അവൾകറീലല്ലോ..!!

തിരക്കിട്ട പരിപാടികൾ വെൽഫേർ വർക്കുകൾ കോളേജ് ലെ അവസാനത്തെ എണ്ണപ്പെട്ട ദിനങ്ങൾ.. പിന്നെ മെഹ്‌ജുവിനോടൊത്തുള്ള കുറച് മധുരമൂറും നിമിഷങ്ങൾ.. അവളോടുള്ള എന്റെ ഇഷ്ടം അറിയിക്കാൻ പറ്റിയൊരു സമയും നോക്കി ദിവസങ്ങളിങ്ങനെ കൊഴിഞ്ഞു പോയി…

രണ്ടാഴ്ച്ചയായുള്ള പനിയും തലവേദന മ് പിടിവിടാതെ ചുറ്റി പറ്റി നിന്നു.. മാസം ഒന്ന് കഴിഞ്ഞിട്ടും ബുദ്ധിമുട്ടുകളൊക്കെ അസഹ്യമായതല്ലാതെ എനിക്ക് കുറവൊന്നും ആയില്ല.. പല ടെസ്റ്റ് കളും ചെയ്തു നോക്കി അവസാനം എന്റെ യാത്ര യെ കുറിച്ചറിഞ്ഞപോ ഒരു സംശയം തീർക്കാനെന്നോണം ഡോക്ടർ എലിസ ടെസ്റ്റിനും(എയ്ഡ്സ് ടെസ്റ്റ്) എഴുതി കൊടുത്തു..

ഒരു കാരിരുമ്പിന്റെ കാഠിന്യം കണകെ ഹൃദയമൊന്നിരമ്പി.. എന്ത് കൊണ്ടോ ദിവസങ്ങൾക്കു മുന്നേ ന്യൂസിൽ കണ്ട വാർത്ത “മെഡിക്കൽ കോളേജ് ൽ യുവാവിന് എച് ഐ വി സ്ഥിരീകരിച്ചു” എന്നത് എന്നിൽ ഒരു ആന്തലുണ്ടാക്കി.. ഹോസ്പിറ്റൽ ജീവനക്കാരുടേം ലാബ് ജീവനക്കാരുടേം കൈപ്പിഴവ് മൂലം സംഭവിച്ചു പോയ പല വാർത്തകളും പെട്ടെന്ന് എന്റെ ഓർമ്മയിൽ ഒരു തിരമാല കണക്കെ ഇരച്ചാർത്തു വന്നു… ഇരുട്ടറയിലായി പോയ പല ജീവിതങ്ങളും കണ്മുന്നിൽ നിറഞ്ഞു നിന്നു…

ടെസ്റ്റ്‌ ന്റെ റിസൾട്ട് കാത്തിരുന്നു വീട്ടിൽ തന്നെ കൂനികൂടിയിരുന്ന ദിവസങ്ങൾ..നിമിഷങ്ങൾ മണിക്കൂറുകളായി രൂപാന്തരപ്പെട്ട പോലെ.. ഒന്നിലും ശ്രദ്ധ ചെലുത്താൻ കഴിയാതെ പല ചിന്തകളും എന്നെ മൂടപ്പെട്ടിരുന്നു.. എന്റെ മെഹ്‌ജുവിന്റെ കോളിനോ മെസ്സേജിനോ ഒന്നും ഞാൻ അകപ്പെട്ടു പോയ മൂഢ ധാരണകളിൽ നിന്നും എന്നെ പിന്തിരിക്കാൻ ആയില്ല…

അവസാനം അതെന്നെ തേടിയെത്തി…

“എച് ഐ വി പോസിറ്റീവ് “!!

ഒരു തുണ്ടു കടലാസിൽ അച്ചടിച്ചാ കറുപ്പക്ഷരങ്ങൾക്കു എന്റെ ജീവിതം മുഴുവൻ ഇരുട്ടിലാഴ്ത്താൻ ശേഷിയുണ്ടായിരുന്നു…! എന്റെ കൈകളോടൊപ്പം മനസ്സും വിറകൊണ്ടു..! ശരീരം തിരിച്ചെടുക്കാനാവാത്തൊരു തളർച്ചയിലേക്കു എന്നെ കീഴ്‌പ്പെടുത്തി കളഞ്ഞു.. എങ്ങും ഇരുൾ മൂടിയ പുകമയം മാത്രം നിറഞ്ഞു കവിഞ്ഞു…!! മനസ്സ് കൈവിട്ടു താനേ ഭാരം ഇല്ലാതാവുന്നത് ഞാനറിഞ്ഞു..!!

തളർച്ചയിലെപ്പഴോ ഒരു കാറിന്റെ ശബ്ദം എന്റെ കാതിൽ തെല്ലൊന്നു കടന്നു പോയി..പിന്നെ വന്ന ശബ്ദം എന്റെ പ്രാണനിൽ വിളക്കിച്ചേർത്തതായിരുന്നു..എന്റെ മെഹ്‌ജു…കുറച്ച് നേരം എന്നെ ഒന്ന് നോക്കി നിന്ന ശേഷം അവൾ ഒന്ന് മാത്രം പറഞ്ഞു ” ഇന്ന് പോവാണ് സ്റ്റേറ്റ്സ് ലേക്ക് ന്ന് “

കേട്ടതൊക്കെയും നിർജീവമായ പോലെ.. പഠിത്തം കഴിഞ്ഞു സ്റ്റേറ്റ്സ് ൽ പോയി ഉപയോടൊപ്പം സെറ്റിൽ ആവുന്ന് പണ്ടൊരിക്കൽ അവൾ പറഞ്ഞത്‌ ഞാൻ ഓർമിച്ചു.. ഉള്ളിൽ ഒരു തേങ്ങൽ തികട്ടി വന്നു.

ഹൃദയം ഒരായിരം ആവർത്തി അവളോട് മനസ്സ് തുറക്കാൻ വെമ്പൽ കൊണ്ടു..ഉള്ളിൽ ഇരുന്നാരോ നിര്ബന്ധിക്കുംപോലെ..പക്ഷെ എനിക്ക് വന്നു ഭവിച്ച സത്യത്തെ ഉൾകൊള്ളാതിരിക്കാൻ എനിക്കാവില്ലല്ലോ…!! നീണ്ട മൗനം കൊണ്ടു ഞാൻ അവൾക്കു മറുപടി കൊടുത്തു… അതിന്റെ ആഴം അളന്നെന്നവണ്ണം അവൾ എന്റെ മുറിവിട്ടു പോയി..

ഒരു തരം നിർവികാരത വന്ന് എന്നെ പൊതിഞ്ഞു…! ഈ ഭൂമിയിൽ മറ്റെന്തിനേക്കാളും കൂടുതൽ ഞാൻ ആഗ്രഹിച്ചത് പോലും കയ്യെത്തും ദൂരത്തുണ്ടായിട്ടും ഒന്ന് ചേർത്ത് പിടിക്കാനാവാതെ നഷ്ടപ്പെടുത്തി കളഞ്ഞ എന്റെ നിസ്സഹായാവസ്ഥ…! ഇനിയൊരു ആത്മാവെന്നിൽ തുന്നിച്ചേർക്കേണ്ടിയിരിക്കുന്ന പോലെ… കണ്ണീര് പോലും എന്നെ നോക്കി പല്ലിളിച്ച നിമിഷം… ഹൃദയം വെന്തുരുകി ആവിയാകുന്നത് ഞാനറിഞ്ഞു..!!

കുറച് കഴിഞ്ഞപ്പോൾ ഒരു നനുത്ത തലോടൽ അനുഭവപ്പെട്ടു.. കണ്മുന്നിൽ മെഹ്‌ജു.. സത്യമോ സ്വപ്നമോ??

“ആദി നീ എത്ര മറച്ചു പിടിച്ചാലും ഈ കണ്ണിൽ നിന്ന് ഞാൻ വായിച്ചെടുത്തിട്ടുണ്ട് നിന്റെയുള്ളിലെ ഇഷ്ടം”

ആ ഹൃദയത്തിൽ ഒരൊറ്റ പേരെ എഴുതി ചേർത്തിട്ടുള്ളുന്നെനിക്കറിയാം… അതീ മെഹ്‌ജുവിന്റെയ…അതൊന്നു കേൾക്കാൻ ഈ നിമിഷം വരെയും ഞാൻ കാത്തിരുന്നു.. അതുണ്ടായില്ല എന്നു വെച്ച് ഇത്രയും കാലം എന്റെ മനസ്സിൽ ഞാൻ കൊണ്ട് നടന്ന എന്റെ ഇഷ്ടത്തെ തട്ടി തെറിപ്പിച്ചു പോവാൻ എനിക്ക് പറ്റില്ലാലോ”! ഈ ജീവിതം ഞാൻ ഉഴിഞ്ഞു വെച്ചത് നിന്നോടോപ്പമ അത്‌ മാറ്റിവെക്കാൻ എനിക്ക് കഴിയില്ല ആദി..”

എന്റെ കയ്യിൽ നിന്നും ചുരുട്ടി പിടിച്ച ആ കടലാസ് തുണ്ട്‌ ഉതിർന്നു വീണു…

അതെടുത്തു വായിച്ചതും മെഹ്‌ജുവെന്റ കണ്ണിലേക്കു ഉറ്റു നോക്കിയതും ഞാൻ തളർന്നു പോയിരുന്നു… സ്വയം നഷ്ടപ്പെട്ടു ഞാൻ അവൾക്കു മുന്നിൽ തല കുനിച്ചു… അവൾ എന്നോട് ചേർന്ന് വന്ന് എന്റെ കൈപിടിച്ചു..

“മെഹ്‌ജു..ഞാൻ..എനിക്കൊന്നും അറിയില്ല.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എവിടെയോ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട്!!

“,ആദി… ഇതിനാണോ നീയെന്നെ വേണ്ടെന്ന് വെച്ചത്?? ഞാൻ നിന്നെ സ്നേഹിച്ചത് ഒരിക്കലും ഒന്നിനു വേണ്ടിയും നിന്നെ വിട്ടു പോവാനല്ല.. മരണത്തിൽ പോലും നിന്റെ കൂടെ നിൽകാനാ..!”

“മെഹ്‌ജു.. എത്ര തന്നെ കാരണങ്ങൾ നിരത്തിയാലും സമൂഹം ഈ അസുഖത്തിനെ ഒരൊറ്റ കണ്ണിലൂടെ മാത്രമേ കാണു!! അതാണെനിക് സഹിക്കാൻ കഴിയാത്തത്…

“ആദി.. ഞാൻ വിശ്വസിക്കുന്നത് നിന്നിലാണ്.. നിന്നെ മാത്രം…” ആ വാക്കിനു മുന്നിൽ എന്റെ കണ്ണീര് ചിന്നി ചിതറി.. അവളുടെ സ്നേഹത്തിനു മുന്നിൽ എന്റെ ഒരു നോവും കൈപ്പുള്ളതല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു…!

അവളായിരുന്നെന്റെ ധൈര്യം.. മറ്റു പല ടെസ്റ്റ് കൾക്കും അവൾ തന്നെ മുൻകൈയെടുത്തു.. ഒരു റിപ്പോർട്ട് കൊണ്ട് മാത്രം ഒന്നും വിശ്വസിക്കാൻ പറ്റില്ലെന്ന് അവൾ തീർച്ചപ്പെടുത്തി.. എനിക്ക് അങ്ങനൊരു അസുഖം തന്നെയില്ലെന്ന് അവൾ അടിയുറച്ചു വിശ്വസിച്ചു..!! പലപ്പോഴും എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയാതിരുന്നപ്പോ അവൾ എന്നെ താങ്ങി നിർത്തി..!! ഒടുവിൽ വെസ്റ്റേൺ ബ്ലോട് ടെസ്റ്റ് ന് (എയ്ഡ്സ് ന്റെ കണ്ഫര്മേഷൻ ടെസ്റ്റ്) അവൾ എന്നെ സജ്ജമാക്കി..ഏകദേശം ഒന്നര മാസത്തോളം റിസൾട്ട് ന് വേണ്ടി കാത്തിരുന്നു. ആ ഓരോ സെക്കന്റ് മ് എന്റെ ജീവന് വിലയിടുന്നതായിരുന്നു…! എന്റെ മെഹ്‌ജു രാവും പകലും ഒരുകൈപിടിയിൽ എന്നെ നെഞ്ചേറ്റിയിരുന്നു..

ഒടുവിൽ റിസൾട്ട് വന്നു.. എന്നെ വിട്ടുകൊടുക്കില്ലെന്ന അവളുടെ തീരുമാനത്തിനുമ് പ്രാർത്ഥനയ്ക്കും മുമ്പിൽ പടച്ചവൻ വഴങ്ങി തന്നു.. “അവൾ എപ്പോഴും പറയും പോലെ ഹൃദയത്തിലേക്കാണ് പടച്ചവന്റെ നോട്ടം എന്ന് അവിടം ഉരുവിടുന്ന പ്രാർത്ഥന റബ്ബ് കാണാതിരിക്കില്ല ന്ന്..!”

“എച് ഐ വി നെഗറ്റീവ്”

മരണ മുഖത്തു നിന്നും ഞാൻ ഉയർന്നെഴുന്നേറ്റു വന്ന പോലെ… സന്തോഷം കൊണ്ട് കണ്ണീര് എന്റെ വാക്കുകൾക്കു കൂച്ചുവിലങ്ങിട്ടിരുന്നു.. ഇന്ന് എന്നിൽ ഒരു ജീവൻ തുടിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ മെഹ്‌ജു മാത്രമാണ്… അത്രമേൽ ഭയം എന്നെ തളർത്തിയിരുന്നു….! ആരുടെയോ അശ്രദ്ധ മൂലം എന്നെന്നേക്കും നഷ്ടപ്പെട്ടു പോവുമായിരുന്ന എന്റെ ജീവിതത്തെ അവൾ അവൾക്കു വേണ്ടി തന്നെ തിരിച്ചു പിടിച്ചു.. പ്രണയം എന്ന വാക്കിനു പുതിയൊരർത്ഥം രചിച്ചു കൊണ്ട്..! “

നിറഞ്ഞ മനസ്സോടെ ഞാൻ അവളോട് ചോദിച്ചു

“അപ്പൊ തുടങ്ങുവല്ലേ?”

“എന്ത്?”

“ഉയിരും മനസ്സും ജീവനും കാർന്നു തിന്നുന്ന നമ്മുടെ പ്രണയം.. എയ്ഡ്സ് പോലെ..!”

മറുപടിയായി നിറഞ്ഞ പുഞ്ചിരിയോടെ അവളെന്റെ കൈ ചേർത്തങ്ങു പിടിച്ചു..! അമ്പത്തിയൊന്നക്ഷരങ്ങളിൽ പൂർത്തിയാകാനാവാത്ത അവളുടെ ഏറ്റവും വലിയ വാക്ക്…!