നാലാളെക്കൊണ്ട് നല്ലത് പറയിക്കടാ എന്ന് അമ്മയുടേയും ചേട്ടനാണത്രേ ചേട്ടൻ എന്ന് അനിയത്തിയുടേയും വക പുച്ഛിക്കൽ…

ആഭാസൻ

Story written by PRAVEEN CHANDRAN

നടുറോട്ടിൽ വെറും ഷർട്ടും ജ ട്ടിയുമിട്ട് നെഞ്ചും വിരിച്ച് നിൽക്കണ എന്റെ നിൽപ്പ് കണ്ട് കാര്യമറിയാത്ത അമ്മപെങ്ങമാർ മൂക്കത്ത് വിരൽ വച്ചു… ചിലകാരണവന്മാർ ഇവന് വട്ടാണെന്ന് പറഞ്ഞ് പുറം തിരിഞ്ഞ് നടന്നു.. ചില പെണ്ണുങ്ങൾ എന്നെ വൃത്തികെട്ടവൻ എന്ന് പറഞ്ഞ് കാർക്കിച്ച് തുപ്പി..സദാചാര ചേട്ടന്മാർ എനിക്ക് നേരെ വാളോങ്ങാനൊരുങ്ങി…

പക്ഷെ ഉള്ളിന്റെ ഉള്ളിൽ സൂപ്പർമാന് ശേഷം ജ ട്ടിയിട്ട് ഹീറോ ആയ ഒരാളുടെ ഭാവമായിരുന്നു എനിക്ക്..

നാടിനും വീടിനും കൊള്ളാത്തവൻ എന്ന അച്ഛന്റെ പരിഹാസം.. നാലാളെക്കൊണ്ട് നല്ലത് പറയിക്കടാ എന്ന് അമ്മയുടേയും ചേട്ടനാണത്രേ ചേട്ടൻ എന്ന് അനിയത്തിയുടേയും വക പുച്ഛിക്കൽ.. ഇതിന് നടുവിൽ കിടന്ന് ഒരു ഗതിക്ക് പരഗതിയില്ലാതെ നട്ടം തിരിഞ്ഞിരുന്ന ഞാൻ…

“ഷമ്മി” എന്ന ഊളപേരിട്ടതിന് അച്ഛനോട് എനിക്ക് കടുത്ത ദേഷ്യമുണ്ടായിരുന്നു… ” എന്തൊരു ഊളപേരാടാ നിന്റെ” എന്ന് പറഞ്ഞ് സ്ഥിരം കളിയാക്കുമായിരുന്ന സുഹൃത്തുക്കൾ…

ഇവരുടെയെല്ലാം ഇടയിൽ പെട്ട് ജീവിച്ച് പോകാനായി കഷ്ടപെട്ടിരുന്ന ഞാൻ…

ഇന്ന് രാവിലെ പതിവ് പോലെ ഷർട്ടും മുണ്ടും തേച്ച് അമ്പലത്തിലേക്കിറങ്ങിയതായിരുന്നു ഞാൻ.. അപ്പോഴാണ് ആ പിശാച് കൂടെ ഉണ്ടെന്ന് പറഞ്ഞത്.. ശത്രുവായാലും അനിയത്തി ആയിപ്പോയില്ലേ… അത് കൊണ്ട് കൂടെ കൂട്ടി.. ചേട്ടനോടൊപ്പം പുറത്തിറങ്ങാൻ തന്നെ നാണക്കേട് ആണെന്ന് പറഞ്ഞ മുതലാണ്..

അല്ല് അതിന് മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടുമില്ല.. അവളുടെ കൂട്ടുകാരി ആണെന്ന് അറിയാതെ ഞാനൊരുത്തിക്ക് ഒരു പൂ കൊടുത്തു അതിനാണ് ഈ ദേഷ്യം…

ആ ആരുമില്ലാത്തവർക്ക് ഈശ്വരൻ തുണയുണ്ടെന്നല്ലേ പറച്ചിൽ… അത് കൊണ്ടാണ് മുടങ്ങാതെ അമ്പലത്തിൽ പോകുന്നത്.. അല്ലാതെ വായ്നോക്കാനല്ലാട്ടോ…

പോകുന്ന വഴിയാണ് ഇന്നത്തെ സംഭവത്തിനാസ്പദമായ സംഭവം നടന്നത്…

ഞങ്ങൾക്കെതിരെ അകലെ നിന്നായി ഒരു സ്ത്രീ നടന്ന് വരുന്നുണ്ടായിരുന്നു… ടോപ്പും ലെഗ്ഗിൻസുമാണ് വേഷം.. .. അടുത്ത് വന്നപ്പോഴാണ് അത് ഞങ്ങളുടെ അയൽ പക്കത്തുള്ള രാജി ചേച്ചി ആണെന്ന് മനസ്സിലാവുന്നത്.. അത് കണ്ടതും എനിക്കാകെ അങ്കലാപ്പായി…

“എവിടേക്കാ രണ്ട് പേരും കൂടെ?” ചേച്ചി ചോദിച്ചു..

“അമ്പലത്തിലേക്കാ ചേച്ചി” അനിയത്തി ആണ് അതിന് മറുപടി പറഞ്ഞത്..

ചേച്ചി എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..

ചമ്മൽ കാരണം ഞാൻ മുഖം വെട്ടിച്ച് കളഞ്ഞു..

ചേച്ചിയുടെ മകൾക്ക് പണ്ട് ഞാനൊരു ലൗ ലെറ്റർ കൊടുത്തതിന്റെ ചമ്മലിത് വരെ മാറിയില്ലായിരുന്നു എനിക്ക്..

“ഇയാൾക്ക് ജോലിയൊന്നുമായില്ലേ ഇത് വരെ?”

ശവത്തിൽ കുത്താനെന്നോണം ചേച്ചി ചോദിച്ചു..

“ഇല്ല” എന്ന ഭാവത്തിൽ ഞാൻ തല കുലുക്കിയതേയുള്ളൂ..

“എന്നാ ശരി.. ഞാൻ പോട്ടെ.. ദീപുവേട്ടന് ഓഫീസിൽ പോകാറായിട്ടുണ്ടാവും.. എന്നെ കണ്ടില്ലേൽ പിന്നെ അത് മതി…”

അവരോട് യാത്ര പറഞ്ഞ് ഞങ്ങൾ നടന്നതേയുള്ളൂ… പെട്ടെന്നാണ് അത് സംഭവിച്ചത്…

ബൈക്കിൽ വന്ന രണ്ട് പേർ ചേച്ചിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചു.. ചേച്ചി മാലയിൽ പിടി മുറുക്കിയതോടെ അതിലൊരുത്തൻ ചേച്ചിയുടെ ടോപ്പ് വലിച്ച് കീറി.. അതോടെ ചേച്ചി പിടി വിട്ടു..

നിമിഷങ്ങൾക്കകം അവർ ബൈക്കിൽ കയറി..

എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന ഞാൻ നിലത്ത് കിടന്ന കരിങ്കല്ലെടുത്ത് പുറകിലിരിക്കുന്നവന്റെ പുറം ലക്ഷ്യമാക്കി എറിഞ്ഞു..

നല്ല ഉന്നം ആയത് കൊണ്ട് അവന്റെ തലക്കിട്ടാണ് കല്ല് കൊണ്ടത്.. വാഴ വെട്ടിയിട്ടത് പോലെ അവൻ ദാ നിലത്ത്…

ഉടനെ എനിക്ക് ബാഹുബലിയിലെ ഡയലോഗ് ആണ് ഓർമ്മ വന്നത് അത് ഞാൻ അവനോട് വച്ച് കാച്ചി..

“സ്ത്രീകളുടെ ദേഹത്ത് തൊട്ടവന്റെ കൈയ്യല്ല അരിയേണ്ടത്”

മാല അവന്റെ കയ്യിലായിരുന്നു… മറ്റവൻ അത് കണ്ടതും അവനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു… ഞാനുടൻ ഓടി വന്ന് അവന്റെ കയ്യിൽ നിന്നും മാല പിടിച്ച് വാങ്ങിച്ചു…

മാല ഞാൻ കൈക്കലാക്കിയെങ്കിലും ചോരവാർന്ന തല വകവയ്ക്കാതെ അവൻ എന്നെ തള്ളിമാറ്റി ഓടിക്കളഞ്ഞു..

“ഏട്ടാ” അപ്പോഴാണ് അനിയത്തിയുടെ വിളി …

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ചേച്ചി രണ്ട് കൈ കൊണ്ടും മാറ് പൊത്തിയിരിക്കുന്നു.. ടോപ്പ് മുഴുവനായും കീറിയിരുന്നു…

വഴിയിലുള്ള ചില ഊളകൾ ആ അവസരവും മുതലെടുത്ത് ചേച്ചിയെ തന്നെ നോക്കി നിൽക്കുന്നുണ്ട്..

ചേച്ചി കരയുകയായിരുന്നു അപ്പോൾ..

പണത്തിനേക്കാളും പണ്ടത്തിനേക്കാളും സ്ത്രി സ്വന്തം മാനത്തിനാണ് വിലകൊടുക്കുന്നതെന്ന് എനിക്ക് ബോധ്യമായ നിമിഷം…

നടുറോഡാണ് എന്ന് പോലും ആലോചിക്കാതെ സ്പടികത്തിൽ ലാലേട്ടൻ മുണ്ട് പറിക്കുന്ന പോലെ സ്വന്തം മുണ്ട് അഴിച്ചെടുത്ത് ചേച്ചിയെ പുതപ്പിച്ചു… അത് കണ്ട് അനിയത്തി പോലും ഞെട്ടിപ്പോയി..

ഉടൻ അടുത്ത ഓട്ടോയ്ക്ക് കൈകാട്ടി വിളിച്ച് അവരെ ഓട്ടോയിൽ വീട്ടിലേക്ക് പറഞ്ഞയച്ചു… അവരുടെ കൂടെ ജ ട്ടിയിലിരിക്കാൻ മടിയായത് കാരണം ഞാൻ പിന്നെ വന്നോളാം എന്ന് ഒരു കാച്ചും…

അവർ പോയശേഷമുള്ള സൂപ്പർമാൻ നിൽപ്പാണ് എന്റെ ഇപ്പോഴത്തേത്… അപ്പോഴത്തെ ആവേശത്തിൽ അവരോട് പോകാൻ പറഞ്ഞെങ്കിലും പിന്നീടാണ് ആണുങ്ങളുടെ മാനത്തിന് സമൂഹം കൊടുക്കുന്ന വില എനിക്ക് മനസ്സിലായത്..

സംഭവം കണ്ട് നിന്നവർ പോലും അത് കണ്ട് ചിരിച്ചു.. ഒരാളും എന്റെ മാനം മറയ്ക്കാൻ സഹായിച്ചില്ല.. ഒരു വാഹനം പൊലും എന്നെ കയറ്റിയതുമില്ല… ഒരു സഹോദരിപോലും ഒരു ഷാൾ പോലും തന്നില്ല..

അങ്ങനെ ആ സിറ്റിക്ക് നടുവിൽ നാണം കെട്ട് ഞാൻ നിന്നു… അവസാനം എനിക്ക് വേണ്ടി ഒരു വാഹനം വന്നു… പക്ഷെ ആ വാഹനം കണ്ട് എനിക്കത്ര സന്തോഷം തോന്നിയില്ല…

വന്നതും മുഖമടച്ച് ഒരടിയാണ് എനിക്ക് കിട്ടിയത്.. ഒരു സ്ത്രീയുടെ മാനം രക്ഷിച്ചതിലുള്ള പ്രതിഫലം… പിന്നെ നേരെ ജീപ്പിലേക്കെടുത്തിട്ടു…

“വഴിയരികിലാണോടാ നിന്റെ ആഭാസം”

പക്ഷെ എനിക്ക് വിഷമം ഒന്നും തോന്നിയില്ല.. കാരണം കുറച്ച് കഴിഞ്ഞാൽ ഇവർ നടന്നതെന്തെന്ന് അറിയും.. ഞാൻ നെഞ്ചും വിരിച്ച് പുറത്തിറങ്ങും.. പത്രക്കാർ എന്നെ വളയും.. പിന്നീട് നാഴികയ്ക്ക് നാല്പത് വട്ടം എന്നെ കുറ്റം പറഞ്ഞ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിലൂടെ നെഞ്ചും വിരിച്ച് ഞാൻ നടക്കും എന്നിട്ട് ഉറക്കെ വിളിച്ച് പറയും…

“ഷമ്മി ഹീറോ ആടാ ഹീറോ”

പ്രവീൺ ചന്ദ്രൻ