നോമ്പോർമ്മ
Story written by SHABNA SHAMSU
നവയ്തു സൗമ അദിൻ അൻ അദാഇ…. നോമ്പിൻ്റെ തലേ ദിവസം ഇശാ നിസ്ക്കാരം കഴിഞ്ഞ് ഉപ്പ നിയ്യത്ത് വെച്ച് തരും…നോമ്പ് നോൽക്കാനുള്ള ഭയങ്കര അവേശത്തില് വേഗം കിടന്നുറങ്ങും…അത്താഴത്തിന് ഒറ്റ വിളിക്ക് തന്നെ ചാടി എണീക്കും…
വെണ്ടക്ക മുളകിട്ടതും, ചീര ഉപ്പേരീം, തൊറമാങ്ങയും, പപ്പടോം കൂട്ടി പള്ള നെറച്ച് ചോറ് തിന്നും..
ചൂടുള്ള കട്ടൻ ചായ ഊതിയൂതി കുടിക്കുമ്പളേക്കും ബാങ്ക് കൊടുക്കും…..
അന്ന് രാവിലെ സ്ക്കൂളിൽ പോവാൻ ഭയങ്കര ആവേശായിക്കും…ജംഷിയും സൂറാബിയും റാബിയേം ഫാത്തിമേം എന്നും നോമ്പ് നോൽക്കും…
എനിക്ക് വിശപ്പിൻ്റെ അസുഖം കൂടുതലായോണ്ട് എന്നും എടുക്കൂല…
ഉച്ച വരെ വല്യ കൊയപ്പല്ലാണ്ട് ഒപ്പിക്കും…ഉച്ചക്ക് കഞ്ഞിൻ്റെം ചെറുപയറിൻ്റെം മണം വരുമ്പോ വായില്‍ വെറുതെ തുപ്പല് നിറയും…
തുപ്പലിറക്കിയാ നോമ്പ് മുറിയുംന്ന് പറഞ്ഞ് ജംഷി പിന്നേം പിന്നേം തുപ്പിക്കൊണ്ടിരിക്കും…
സിയാമുട്ടിക്കാൻ്റെ വീട്ടിലെ കല്ലൊരല് പോലെ ഒരു കുലുക്കവും ഇല്ലാണ്ട് നിക്കുന്ന ജംഷിയെ നോക്കി വാടിത്തളർന്ന് നാവും പുറത്തിട്ട് ഡെസ്ക്കില്‍ തല വെച്ച് കിടക്കുന്ന എന്നോട് എനിക്ക് തന്നെ പുഛം തോന്നും…സ്ക്കൂള് വിട്ട് വേച്ച് വേച്ച് ഒരു വിധത്തില്‍ വിട്ടിലെത്തും…
പത്തിരിച്ചട്ടീല് വെച്ച് ചുട്ടെടുക്കുന്ന ഉമ്മാൻ്റെ കട്ടിപ്പത്തിരീൻ്റെം നേന്ത്രക്കായ ഇട്ട ഇറച്ചിക്കറിൻ്റെം ( വാപ്പാക്ക് വാഴക്കുല കച്ചോടം ആയോണ്ട് നേന്ത്രക്കായ ദേശീയ ഭക്ഷണം ആണ്..) മണം വീട് മുഴുവൻ പരന്ന് കിടക്കും…അടുക്കളേല് ഉമ്മാനെ ചുറ്റിപ്പറ്റി വായില്‍ വെള്ളം നിറച്ച് നിക്കുമ്പോ വാപ്പ മെല്ലെ കൂട്ടിക്കൊണ്ടോവും….
” മൂന്ന് യാസീൻ ഓത്… അപ്പളേക്കും ബാങ്ക് കൊടുക്കും..”
ഒന്നും രണ്ടും മുക്കി മൂളി ഓതും…അടുക്കളേലന്നേരം ഇറച്ചിക്കറി മണം മാറി ഉന്നക്കായ പൊരിക്കുന്ന മണം ആയിറ്റുണ്ടാവും…മൂന്നാമത്തെ യാസീൻ ഗട്ടർ റോഡിലൂടെ പോണ ഓട്ടോറിക്ഷ പോലെ മുക്കി മുരണ്ടാണ് ഓതാ….
ന്നാലും ബാങ്ക് കൊടുക്കാൻ പിന്നേം സമയം ബാക്കിയായിക്കും…പിന്നെ സ്വലാത്ത് ചൊല്ലിക്കും…പുറത്ത് മെല്ലെ ഉയിഞ്ഞ് തരും…
ബാങ്ക് കൊടുത്തതേ ഓർമ ണ്ടാവുള്ളൂ….പിന്നെ ഒരു ആക്രമണമാണ്….
കാലം കുറേ കഴിഞ്ഞു…അന്നത്തെ എട്ട് വയസ്കാരിയുടെ എട്ടും പന്ത്രണ്ടും വയസുള്ള മക്കൾക്ക് ഇന്ന് നോമ്പായിരുന്നു…
അസർ ബാങ്ക് കൊടുത്ത് കഴിഞ്ഞപ്പോ, ഇറച്ചിക്കറി മണം പരന്നപ്പോ ,പത്തിരി പൊള്ളിയപ്പോ,, എന്നെ ചുറ്റിപ്പറ്റി രണ്ടാളും അടുക്കളേലെത്തി..
മെല്ലെ കൂട്ടിക്കൊണ്ടോയി ഖുറാൻ കൈയിൽ കൊടുത്തു…
” മൂന്ന് യാസിൻ ഓതിക്കാളി…. അപ്പളേക്കും ബാങ്ക് കൊടുക്കും… “
നിസ്ക്കാര റൂമിന്ന് മുക്കി, മൂളി ഒടുവിൽ ഗട്ടർ റോഡിലെത്തിച്ച ഒച്ച കേട്ടപ്പോ എനിക്കെൻ്റെ ഉമ്മാനെ ഓർമ വന്നു….അരികുകള്‍ ഞൊറിവിട്ട നടുഭാഗം പൊള്ളി പൊങ്ങി വരുന്ന ഉമ്മാൻ്റെ പത്തിരി ഓർമ വന്നു….കഫം തിങ്ങിയിട്ടും നിർത്താതെ സ്വലാത്ത് ചൊല്ലുന്ന ശ്വാസം മുട്ടുള്ള ,നിറയെ രോമങ്ങളുള്ള ,ഉപ്പാൻ്റെ നെഞ്ചിൻ കൂടോർമ വന്നു….
Shabna shamsu❤️