ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് ഭിത്തിയിലേക്കു ചാരി, വർഷങ്ങളായി ഹൃദയത്തിൽ അടക്കി വെച്ചതൊക്കെയും പുറത്തേക്കൊഴുകി…

അന്നൊരു നാൾ…

Story written by AMMU SANTHOSH

ആനന്ദിനെ മുപ്പത്തിമൂന്നാം നമ്പർ മുറിയിലെ ബെഡിൽ ഒരു രോഗിയായി കണ്ടപ്പോൾ ഞാൻ ആദ്യം സ്തംഭിച്ചു പോകുകയാണുണ്ടായത്. അയാളുടെ കിടക്കയുടെ അരികിൽ ഭാര്യയും അമ്മയും ഉണ്ടായിരുന്നു . ആ നിമിഷത്തെ ഞാനെങ്ങനെ അതിജീവിച്ചു എന്ന് റൂമിലെത്തും വരെ എനിക്ക് അറിയുമായിരുന്നില്ല . ആനന്ദ് എന്നെ ഉപേക്ഷിച്ചു പോയ നിമിഷത്തേക്കാളും ഭയവും നടുക്കവും തോന്നിയത് ആനന്ദിന് ബ്രെയിൻ ടൂമർ ആണെന്നറിഞ്ഞപ്പോളായിരുന്നു . ഒരു വാക്ക് പറയാതെ എന്നെ ഉപേക്ഷിച്ചു പോയതെന്തിനാണെന്ന്, ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന് വീണ്ടുമെന്നെങ്കിലും കാണുമ്പോൾ ആർത്തലയ്ക്കണമെന്നുണ്ടായിരുന്നു. പക്ഷെ മരണാസന്നനായ ഒരു രോഗിയുടെ രൂപത്തിൽ ആനന്ദിനെ ദൈവം എന്റെ മുന്നിലെത്തിച്ചപ്പോൾ എന്റെ മനസ്സ് ശൂന്യമായി .

ആനന്ദിനെ പരിശോധിക്കുന്നത് ഡോക്ടർ മനോജാണ് .അത് പക്ഷെ ഡോക്ടർ അലക്സ് ജേക്കബ് ആയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. അലക്സ് കേരളത്തിലെ ഏറ്റവും നല്ല ന്യൂറോസർജന്മാരിൽ ഒരാളാണ്. പക്ഷെ ഹോസ്പിറ്റലിൽ അയാൾക്ക്‌ നല്ല പേരല്ല . കേസുകൾ ഏറ്റെടുക്കാൻ മടിയനുമാണ് .ഒരു ഡോക്ടർ ആകാൻ ഒരു യോഗ്യതയുമില്ലെന്നു തോന്നിപ്പിക്കുന്ന തെമ്മാടിയും ആണ് .എന്നിട്ടും ഹോസ്പിറ്റൽ മാനേജ്‌മന്റ് അയാളെ പിരിച്ചു വിടാത്തത് അയാളുട പിതാവ് ട്രസ്റ്റികളിൽ ഒരാൾ ആയത് കൊണ്ടാണ് എന്ന് എല്ലാവർക്കും അറിയാം

ആനന്ദിന്റെ കണ്ണുകളിലെ ദീനതയും മാപ്പപേക്ഷയും ഞാൻ കണ്ടില്ല എന്ന് നടിച്ചു .അല്ലെങ്കിലുംഅതൊന്നും ഇനി ഞാൻ നോക്കേണ്ട കാര്യമല്ല. എന്നിട്ടും ഒരു രാത്രിയിൽ അയാൾ ശ്വാസത്തിന് വേണ്ടി പിടഞ്ഞപ്പോൾ ഞാൻ ഡോക്ടർ അലക്സിന്റെ മുറിയിലേക്കോടി ,

അലക്സിന്റെ മുന്നിലെ പാതി നിറഞ്ഞ മ ദ്യ ഗ്ലാസ് കണ്ടപ്പോൾ ഒരു വല്ലായ്മയോടെ ഞാൻ പിന്തിരിയാൻ ഒരുങ്ങിയതാണ് .

“കാര്യം പറ കൊച്ചെ ഇത് കണ്ടു പേടിക്കണ്ട “

ഞാൻ വിക്കിയും മൂളിയും വല്ല വിധേനയും കാര്യം പറഞ്ഞു തീർത്തു

” വെറും പരിചയക്കാരൻ മാത്രമാണോ ?”

ഞാൻ തലയാട്ടി

“അത് നുണ അല്ലെ കൊച്ചെ? തന്റെ കാമുകൻ അല്ലെ ?”

ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് ഭിത്തിയിലേക്കു ചാരി ,വർഷങ്ങളായി ഹൃദയത്തിൽ അടക്കി വെച്ചതൊക്കെയും പുറത്തേക്കൊഴുകി ..എത്ര നേരം ആ നിൽപ് തുടർന്നുവെന്നറിയില്ല .ഒടുവിൽ തിരിച്ചു പോകാൻ നേരം അലക്സ് എന്റെ മുഖത്തെക്ക് നോക്കി

“മനോജിന്റെ പേഷ്യന്റ് ആണ് ..മെഡിക്കൽ എത്തിക്സ് എന്നൊന്നുണ്ട് “

“അപ്പോൾ ഇതോ ? ” ഞാൻ ഗ്ലാസ് ചൂണ്ടി

ആ ചുണ്ടിൽ ഒരു ചിരി വന്നു

“കൊച്ചു പോയെ ..വേഗമായിക്കോട്ടെ ” അലക്സ് ഗ്ലാസ്‌ എടുത്തു ബാക്കിയുള്ളത് കുടിക്കുന്നത് കണ്ടു ഞാൻ മുറിയിലേക്ക് പോരുന്നു

എന്റെ കണ്ണീരു കണ്ടിട്ടാണോ ദയനീയത കണ്ടിട്ടാണോ എന്നറിയില്ല അലക്സ് ആ കേസ് ഏറ്റെടുത്തു .അതിനു മുന്നേ എന്നെ അറിയുക പോലുമില്ലായിരുന്നു എന്ന് അലക്സ് എന്നോട് പറഞ്ഞു .അല്ലെങ്കിലും ഒരു നഴ്സിനെ പരിഗണിക്കേണ്ട കാര്യമൊന്നും അലക്‌സിനില്ല .. ഞാൻ ആര് ?ഡോക്ടർ അലക്സ് ജേക്കബ് ആര്?

അലക്സ് ഏറ്റെടുത്ത എല്ലാ കേസുകളും വിജയിച്ചിട്ടുണ്ട് അതായിരുന്നു എന്റെ സമാധാനവും .പക്ഷെ ഇത് പ്രയാസകരമാവുമെന്നു അലക്സ് എന്നോട് പറഞ്ഞു ,സർജറിയുടെ തലേ ദിവസം

“എന്റെ മെഡിക്കൽ ജീവിതത്തിലെ തന്നെ ഏറ്റവും കോംപ്ലിക്കേറ്റഡ് കേസ് ആണിത്..ചാൻസ് കുറവാ കൊച്ചെ …ജീവിച്ചിരുന്നാലും ചിലപ്പോൾ പാരലൈസ്‌ഡ്‌ ആകാൻ ആണ് ചാൻസ് .പതിവില്ലാതെ ഒരു ടെൻഷൻ ..ഇതിനു മുന്നേ ഞാൻ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോയത് ഒരേ ഒരു പ്രാവശ്യമാണ് .എന്റെ അമ്മച്ചി മരിച്ച ദിവസം ” അലക്സ് ഒരു സിഗരറ്റ് ചുണ്ടിൽ വെച്ച് കൊളുത്തി

“ഇതിപ്പോൾ നിനക്ക് വേണ്ടിയാ ഞാൻ ഇത് ചെയ്യുന്നേ …പകരം നീ എനിക്ക് എന്ത് തരും ?”

ഞാൻ നടുക്കത്തോടെ അലക്സിനെ നോക്കി ആ മുഖത്ത് ഗൗരവം

” എന്റെ കൈയിൽ ഒന്നൂല്ല “ഞാൻ ഇടർച്ചയോടെ പറഞ്ഞു

” ആലോചിച്ചു നോക്ക് ” അലക്സ് പുക ഊതി വിട്ടു

“ഞാൻ ഞാൻ അങ്ങനെ ഡോക്ടർ ഉദ്ദേശിക്കുന്ന തരം ആളല്ല “എന്ന് പറഞ്ഞപ്പോളേക്കും ഞാൻ കരഞ്ഞു പോയി

പെട്ടെന്ന് അലക്സ് പൊട്ടിച്ചിരിച്ചു

“തന്നെ കൊണ്ട് തോറ്റല്ലോ …കരച്ചിൽ നിർത്തി റൂമിൽ പൊക്കോ. സർജറി കഴിഞ്ഞു കാണാം “

ഞാൻ ശ്വാസമെടുത്തു ഒറ്റ ഓട്ടമായിരുന്നു

സർജറി വിജയം ആയിരുന്നു. ആനന്ദ് കൈകാലുകൾ അനക്കിയപ്പോൾ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു .എന്റെ മനസ്സിൽ ആ നേരത്തു ഒരു നേർത്ത പരിഭവം പോലും ഉണ്ടായിരുന്നില്ല .

“ലഡ്ഡു ” ഞാൻ നീട്ടിയ ലഡ്ഡു പൊട്ടിച്ചു അലക്സ് തിന്നു തുടങ്ങി

“താങ്ക്സ് “ഞാൻ വീണ്ടും പറഞ്ഞു

“ഇനിയുമുണ്ടോ ഇത് പോലെ ?”

“എന്ത് ?”

“അല്ല കാമുകന്മാരെ ..?ഞാൻ ഇവിടെ ഉണ്ടല്ലോ ..ഇനിം വരുമോ ആരെങ്കിലും ?”

“അയ്യേ ഒന്നേ ഉണ്ടായിരുന്നുള്ളു ഒറ്റ ഒന്ന്” ഞാൻ ചൂണ്ടു വിരൽ ഉയർത്തി കാണിച്ചു

അലക്സ് ഉറക്കെ പൊട്ടിചിരിച്ചപ്പോൾ ഞാൻ അറിയാതെ ആ വാ പൊത്തി.

“ആരെങ്കിലും കേൾക്കും “

അലക്‌സ് എന്റെ കൈയെടുത്തു സ്വന്തം കൈയിൽ ചേർത്ത് പിടിച്ചു. എന്റെ ശരീരത്തിന് ഒരു തളർച്ച വന്നു

“ഞാൻ ക്രിസ്ത്യാനിയാണ് “

ഞാൻ ഒന്ന് മൂളി

“തെമ്മാടി ആണ് “

ഞാൻ മെല്ലെ കൈ വലിച്ചെടുക്കാൻ ശ്രമിച്ചു

“കല്യാണം കഴിച്ചിട്ടില്ല ” എനിക്ക് ചിരി പൊട്ടി

“കല്യാണം കഴിച്ചാൽ ചിലപ്പോ നന്നാകുംന്നാ തോന്നുന്നേ.. റിസ്ക് ആണ് ..എന്നാലും കൊച്ച്‌ ഒന്ന് ശ്രമിക്കുന്നോ?നമ്മൾ തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസമുണ്ട് എന്നാലും…..? ഉം ?”

ദൈവം എന്നെയിട്ട് കളിപ്പിക്കുകയാണ് .ഞാൻ എന്താണ് ചെയ്യുക ?ഞാനും അലക്‌സും തമ്മിലുള്ള പ്രായവ്യത്യാസമല്ല …അലക്‌സ് ഒരു രാജകുമാരനാണ് ഞാൻ ഒരു ദരിദ്രയും .എനിക്ക് സിൻഡ്രല്ലയുടെ കഥ ഓർമ വന്നു എന്റെ കണ്ണ് നിറഞ്ഞു

“കരയണ്ട. നിന്റെ കണ്ണീരാണ് കൊച്ചേ എന്നെ തളർത്തുന്നെ ..മറ്റാര് പറഞ്ഞിരുന്നെങ്കിലും അതെന്റെ അപ്പച്ചൻ ആയിരുന്നെങ്കിൽ കൂടി ഞാൻ ആനന്ദിന്റെ കേസ് ഏറ്റെടുക്കുമായിരുന്നില്ല. നീ അന്ന് കരഞ്ഞ കരച്ചിലുണ്ടല്ലോ? അതെന്റെ ഉള്ളിൽ വന്നങ്ങനെ.. വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു ..നിനക്കുണ്ടല്ലോ എന്റെ അമ്മച്ചിയുടെ ഛായ ആണ്. ഏതാണ്ട് ആ സ്വഭാവവും .തൊട്ടാവാടി .”

ഞാൻ മെല്ലെ ചിരിച്ചു പോയി. അലക്സിനെന്നോട് ഒരിഷ്ടമുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷെ അത്‌ ഇത്രത്തോളം ആത്മാർത്ഥമാണെന്ന് അറിയുമായിരുന്നില്ല. ഞാൻ കുസൃതിയിൽ അലക്സിനെ നോക്കി.

“ഞാൻ മതം മാറുവൊന്നുമില്ല” ഞാൻ മെല്ലെ പറഞ്ഞു

“അതെന്നാ കൊച്ചെ നീ വർഗീയവാദിയായത് പെട്ടെന്ന് ..?”

ഞാൻ പൊട്ടിച്ചിരിച്ചു പോയി ..ഏറെ കാലത്തിനു ശേഷം ….

നിന്റെ ചിരി കാണാൻ ഞാൻ എന്ത് വേണേൽ ചെയ്യാം “

അലക്സ് താഴ്ന്ന സ്വരത്തിൽ പറഞ്ഞു. ഞാൻ അമ്പരപ്പോടെ ആ മുഖത്തു നോക്കി.

“സത്യം “അലക്സ് പുഞ്ചിരിച്ചു.