തനിക്ക് പറയാനുള്ളത്, ശ്രീദേവിയല്ലാതെ മറ്റൊരാളും കേൾക്കരുതെന്ന്, അയാൾക്ക് നിർബന്ധമുണ്ടായിരുന്നു…

Story written by SAJI THAIPARAMBU

“കൃഷ്ണാ.. നീ ഉറങ്ങിയില്ലേ?

മട്ടുപ്പാവിൽ നിന്ന് സിഗററ്റ് വലിച്ച് കൊണ്ടിരുന്ന കൃഷ്ണൻ, അമ്മയുടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി.

“വയ്യാത്ത അമ്മയെന്തിനാപ്പോ ഗോവണി കേറി വന്നത്, അവിടുന്ന് വിളിച്ചിരുന്നേൽ, ഞാനങ്ങോട്ട് വരില്ലേ?

അമ്മ കാണാതിരിക്കാൻ സിഗരറ്റ് കുത്തിക്കെടുത്തി താഴേക്കെറിഞ്ഞിട്ട്, കൃഷ്ണൻ ചോദിച്ചു.

“നിക്ക് കിടന്നിട്ട് ഉറക്കം വരണില്ലാ, അദാ ഞാനിങ്ങോട്ട് വന്നേ ,നീ ഞാൻ പറഞ്ഞതിനെക്കുറിച്ചാലോചിച്ചോ?

“ഇദാപ്പോ നന്നായേ ,അമ്മേ എനിക്കിപ്പോ പ്രായം എന്തായീന്നാ അമ്മേടെ വിചാരം ,മുടിയൊക്കെ നരച്ച് തുടങ്ങിയത്, അമ്മേം കണ്ടതല്ലേ?

“ഒക്കെ എനിക്കറിയാം ,കൃഷ്ണാ ,നിൻ്റെ ഇളയതുങ്ങളുടെ കാര്യങ്ങള് നോക്കി, അവരുടെ ജീവിതം ഭദ്രമാക്കിയപ്പോ, നിൻ്റെ പ്രായം കടന്ന് പോയത്, നീയും ഞാനും ശ്രദ്ധിച്ചില്ലാ, അതല്ലേ കാര്യം ,എന്ന് വച്ച് നിനക്ക് പല്ല് കൊഴിയാറായിട്ടൊന്നുമില്ലല്ലോ?വരുന്ന ചിങ്ങത്തിലേ , നിനക്ക് നാല്പത്തിയഞ്ചാവൂ ,ഇതിലും പ്രായോള്ള എത്ര പേരാ കല്യാണം കഴിക്കുന്നേ”

“അതൊന്നും ശരിയാവില്ലമ്മേ .. അല്ലെങ്കിൽ എന്തിനാപ്പോ, ഞാൻ കല്യാണം കഴിക്കുന്നത് ,എനിക്കിവിടെ കൂട്ടായി എൻ്റമ്മയില്ലേ?

കട്ടിലിലിരുന്ന അമ്മയെ ചേർത്ത് പിടിച്ച്, ആശ്ളേച്ചി കൊണ്ട് കൃഷ്ണൻ പറഞ്ഞു.

“ഞാനിനി എത്ര കാലമുണ്ടാവുമെന്നാ, എനിക്കും തീരെ വയ്യാണ്ടായി ,എൻ്റെ കാലം കഴിഞ്ഞാൽ, നീ തനിച്ചായിപ്പോകുമെന്ന ആശങ്കയാണെനിക്കീയിടെയായിട്ട്, അമ്മ പറയുന്നത് മോനൊന്ന് കേൾക്ക്, എന്നോട് നിനക്ക് സ്നേഹമുണ്ടെങ്കിൽ, നീയൊരു കല്യാണം കഴിക്കണം ,എന്നാലേ എനിക്ക് മനസ്സമാധാനത്തോടെ മരിക്കാൻ കഴിയൂ”

“അമ്മേ ..എന്നെ ധർമ്മസങ്കടത്തിലാക്കല്ലേ?

“ഞാൻ പറയാനുള്ളത് പറഞ്ഞു ,നാളെ എനിക്കെന്തങ്കിലും സംഭവിച്ചാൽ, നിനക്ക് പിന്നെ കുറ്റബോധം തോന്നാനിടയാകരുത്, പറഞ്ഞില്ലെന്ന് വേണ്ടാ , ഇനി നീ കിടന്നോളു ,ഞാൻ താഴേക്ക് പോകുവാ”

കൃഷ്ണൻ്റെ നെഞ്ചിലേക്ക് ഒരു വലിയ ഭാരമെടുത്ത് വച്ചിട്ട്, അമ്മ താഴേക്ക് പോയി.

പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടെങ്കിലും, കൃഷ്ണൻ്റെ നെഞ്ചിൽ പുകച്ചിലായിരുന്നു.

“അമ്മയാണ് ഓർമ്മ വെച്ച കാലം മുതൽ തനിക്കെല്ലാം ,നാട്ടിലെ അറിയപ്പെടുന്ന തറവാട്ടിലെ കേശവൻ്റെയും, ഭാനുമതിയുടെയും നാല് മക്കളിൽ, മൂത്തവനായി പിറന്ന് വീണ തനിക്ക്, ഒന്നിനും ഒരു കുറവുമില്ലായിരുന്നു ,പൂർവ്വികരായിട്ട് സമ്പാദിച്ച് കുട്ടിയ ഭൂസ്വത്തുക്കൾ ധാരാളമുണ്ടായിരുന്നു ,അത് കൊണ്ട് തന്നെ ,തൻ്റെ താഴെയുള്ള മൂന്ന് സഹോദരിമാരുടെയും വിവാഹം, ആർഭാടപൂർവ്വം നടത്തിയതിന് ശേഷമാണ്, അച്ഛൻ തങ്ങളെ വിട്ട് പോയത്.

മൂന്നാമത്തെ സഹോദരിയുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ, അഞ്ച് വർഷമാകുന്നു ,അന്ന് മുതൽ, തൻ്റെ വിവാഹത്തെക്കുറിച്ച്, അമ്മ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു.

പക്ഷേ ,തനിക്കൊരു നല്ല ഭർത്താവാകാൻ കഴിയില്ല എന്നുള്ള തിരിച്ചറിവ് ,ഒരു വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനുള്ള ആത്മവിശ്വാസം ,ഇല്ലാതാക്കിയിരുന്നു.

തൻ്റെ കുറവ് ,ആരോടും തുറന്ന് പറയാൻ കഴിയാതെ, ഉള്ളിലടക്കി വച്ച് സ്വയമെരിഞ്ഞടങ്ങാൻ തീരുമാനിച്ചതും ,കല്യാണത്തെക്കുറിച്ച് പറയുന്നവരോടൊക്കെ, പ്രായമേറിപ്പോയെന്ന കാരണം പറഞ്ഞ്, ഒഴിഞ്ഞ് മാറുന്നതും അത് കൊണ്ടാണ്.

പക്ഷേ, ഇപ്പോൾ അമ്മ പറഞ്ഞിട്ടു പോയ കാര്യങ്ങൾ? ചെവിയിൽ മുഴങ്ങുമ്പോൾ, മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു, താൻ കാരണം അമ്മയുടെ ആഗ്രഹം സാധിക്കാതെ പോയാൽ, അത് തനിക്കെന്നും തീരാവേദനയായിരിക്കും.

ഒരു പോംവഴി ആലോചിച്ച് കിടന്ന്, അവസാനം അയാൾ ഉറക്കത്തിന് വഴങ്ങി.

“മരിച്ച് പോയ, നമ്മുടെ പഴയ കാര്യസ്ഥൻ ശങ്കുണ്ണിയെ ,നിനക്കറിയാല്ലോ?

പ്രാതല് കഴിച്ച് കൊണ്ടിരുന്നപ്പോൾ, അമ്മയുടെ ചോദ്യം കേട്ട് ,കൃഷ്ണൻ തല ഉയർത്തി നോക്കി.

“ഉവ്വമ്മേ.. എന്താപ്പോ ചോദിക്കാൻ?

“ഞാൻ രാവിലെ അമ്പലത്തിൽ പോയപ്പോൾ, അയാളുടെ മൂത്ത മകൾ ശ്രീദേവിയെ കണ്ടിരുന്നു ,പേര് പോലെ തന്നെ നല്ല ശ്രീത്വമുള്ള പെൺകുട്ടി ,അവൾക്ക് വയസ്സ് മുപ്പത് കഴിഞ്ഞിരിക്കുണു, ഇത് വരെ ആ കുട്ടീടെ കല്യാണം കഴിഞ്ഞിട്ടില്ല, മാത്രമല്ല ,അതിൻ്റെ ഇളയ രണ്ട് പെൺകുട്ടികളും, കല്യാണപ്രായം കഴിഞ്ഞ് നില്ക്കുവാ ,കാരണം ചോദിച്ചപ്പോ കുട്ടി പറഞ്ഞത്, സാമ്പത്തികമില്ലായ്മയെക്കുറിച്ച് തന്നെയാ, ശങ്കുണ്ണി മരിക്കുമ്പോൾ കുറെ കടങ്ങൾ ബാക്കി വച്ചിട്ടാ പോയത് ,ഞാനാലോചിച്ചപ്പോൾ, അയാള് കുറെ നാള് നമ്മുടെ കൂടെ ഉണ്ടായിരുന്നതല്ലേ? ആ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത നമുക്കുണ്ട് ,മോൻ ആ കുട്ടിയെ ഒന്ന് പോയിക്കാണ് ,നിനക്കിഷ്ടപ്പെട്ടാൽ, ഒരാളുടെ ജീവിതമെങ്കിലും നിനക്ക് ഭദ്രമാക്കാൻ കഴിയുമല്ലോ?

അമ്മ പറഞ്ഞത് കേട്ട് ഒന്നും മിണ്ടാതെ ,അയാൾ എഴുന്നേറ്റ് കൈകഴുകി.

പിറ്റേ ആഴ്ച, അമ്മാവൻമാരോടൊപ്പം ശ്രീദേവിയുടെ വീട്ടിൽ, പെണ്ണ് കാണാൻ പോയി.

“അവർക്ക് തമ്മിൽ എന്തേലും ചോദിക്കാനും പറയാനും ഉണ്ടാവൂലോ ,നമുക്ക് പുറത്തേക്കിറങ്ങാം”

ചൂട് ചായകപ്പ്, ചുണ്ടോട് ചേർത്ത് വയ്ക്കുമ്പോൾ, കൃഷ്ണന് അമ്മാവൻ പറഞ്ഞത് കേട്ട് ആശ്വാസം തോന്നി.

താനും അതാഗ്രഹിച്ചാണല്ലോ വന്നത്, ചിലതൊക്കെ ശ്രീദേവിയോട് തുറന്ന് പറയാനുണ്ട്.

“വേണ്ട ,ഞങ്ങൾ പുറത്ത് പോയി സംസാരിച്ച് കൊള്ളാം”

കൃഷ്ണൻ അമ്മാവനോട് പറഞ്ഞു.

തനിക്ക് പറയാനുള്ളത്, ശ്രീദേവിയല്ലാതെ മറ്റൊരാളും കേൾക്കരുതെന്ന്, അയാൾക്ക് നിർബന്ധമുണ്ടായിരുന്നു.

തൊടിയിലെ പൂത്തുലഞ്ഞ് നില്ക്കുന്ന വാകമരത്തിൻ്റെ ചുവട്ടിൽ ,നമ്രമുഖിയായി നില്ക്കുന്ന ശ്രീദേവിയുടെ അടുത്തേക്ക് നെഞ്ചിടിപ്പോടെ അയാൾ ചെന്നു.

“എനിക്ക് ശ്രീദേവിയോട് ചിലത് പറയാനുണ്ട് ,ഞാൻ പറയുന്ന കാര്യങ്ങൾ ശ്രീദേവിക്ക് ഉൾക്കൊള്ളാൻ പറ്റുമെങ്കിൽ, മാത്രമേ നമ്മുടെ കല്യാണം നടക്കു”

ആകാംക്ഷയോടെ, അയാളുടെ മുഖത്തേയ്ക്ക് ശ്രീദേവി നോക്കി.

“വിവാഹമേ വേണ്ടെന്ന് കരുതിയിരുന്ന ഞാൻ, ഇപ്പോൾ അതിനൊരുങ്ങിയത്, അമ്മയുടെ ആഗ്രഹസാഫല്യത്തിന് വേണ്ടി മാത്രമാണ് ,ഞാൻ വിവാഹം ചെയ്യുന്ന സ്ത്രീയോട് എനിക്കൊരിക്കലും നീതി പുലർത്താൻ കഴിയില്ലെന്നുള്ള, ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ്, ഞാനിത് ശ്രീദേവിയോട് തുറന്ന് പറയുന്നത് ,എന്നെ വിവാഹം കഴിച്ചാൽ, എനിക്ക് ശ്രീദേവിയെ തൃപ്തിപ്പെടുത്താനോ, എന്നിൽ നിന്നും തനിക്കൊരു അമ്മയാകാനോ ഒരിക്കലും കഴിയില്ല ,പക്ഷേ കുറച്ച് നാൾ എൻ്റെ ഭാര്യയായിട്ട് ,മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചാൽ, ശ്രീദേവിയുടെ രണ്ട് അനുജത്തിമാരുടെയും, വിവാഹം നമുക്ക് മംഗളമായി നടത്താം ,അത് കഴിഞ്ഞ് ,എൻ്റെ അമ്മയുടെ കാലശേഷം, ശ്രീദേവിക്ക് എന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കാനുള്ള സ്വത്ത് വകകൾ, ഞാൻ ശ്രീദേവിയുടെ പേരിലെഴുതിത്തരികയും ചെയ്യാം, അത് വരെ ശ്രീദേവിയുടെ വിരൽത്തുമ്പിൽ പോലും തൊട്ട് ,തന്നെ ഞാൻ അശുദ്ധയാക്കില്ല, ഇതൊന്നും ഒരു സ്ത്രീക്കും അംഗീകരിക്കാനാവില്ലെന്ന് എനിക്കറിയാം ,പക്ഷേ, ഇതൊന്നും പറയാതെ ,ഞാൻ ശ്രീദേവിയെ വിവാഹം ചെയ്താൽ, അത് ഒരു സത്രീയോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും”

അമ്പരപ്പോടെയാണ്, അയാൾ പറഞ്ഞത് ശ്രീദേവി കേട്ട് നിന്നത്, അയാൾ പറഞ്ഞത് പോലെ അനുസരിച്ചാൽ, തൻ്റെ അനുജത്തിമാരുടെ ഭാവി ഭദ്രമാകും, അതിന് പക്ഷേ, തൻ്റെ ജീവിതം കുറച്ച് നാളത്തേക്ക് ബലികഴിക്കേണ്ടി വരും, അത് കഴിയുമ്പോൾ, ഒരു പക്ഷേ തൻ്റെ സാമ്പത്തിക അടിത്തറ കണ്ടിട്ട്, തനിക്ക് യോജിച്ച ഒരു പുരുഷനെ കിട്ടുമായിരിക്കും.

ഒരു തീരുമാനത്തിലെത്താൻ അവൾക്ക് ഏറെ നേരം ആലോചിക്കേണ്ടി വന്നെങ്കിലും, താനൊന്ന് താഴ്ന്ന് കൊടുക്കുന്നതിലൂടെ, തൻ്റെ കുടുംബം ഒന്നാകെ രക്ഷപെടുമെന്നുള്ള ചിന്തയിൽ, അവൾ സമ്മതം മൂളി.

താമസിയാതെ അവരുടെ വിവാഹം കഴിഞ്ഞു.

“കൃഷ്ണന് ഇച്ചിരി പ്രായക്കൂടുതലുണ്ടെങ്കിലെന്താ, അവളും അവളുടെ കുടുംബവും രക്ഷപ്പെട്ടില്ലെ?

“പിന്നല്ലേ? പുളിങ്കമ്പിലല്ലേ പെണ്ണിന് പിടുത്തം കിട്ടിയത് ,അത് കൊണ്ടെന്താ, അനുജത്തിമാരെയൊക്കെ നല്ല തറവാട്ടിലേക്കല്ലേ കെട്ടിച്ചയച്ചത്”

നാട്ടുകാരിപ്പെണ്ണുങ്ങളൊക്കെ, ഇങ്ങനെ കുശുമ്പും ,കുന്നാഴ്മയും പറഞ്ഞ് നടന്നു.

അവരുടെ വിവാഹം കഴിഞ്ഞ്, രണ്ട് വർഷം കഴിഞ്ഞപ്പോൾ, ഒരു പാട് സംഭവ വികാസങ്ങളുണ്ടായി.

ശ്രീദേവിയുടെ അനുജത്തിമാരെ, ഇഷ്ടം പോലെ സ്വത്തും, പണ്ടങ്ങളും നല്കി വിവാഹം കഴിച്ചയച്ചു.

തറവാട് നില്ക്കുന്ന അൻപത് സെൻ്റൊഴിച്ചുള്ള ബാക്കി ഭൂസ്വത്തുക്കളെല്ലാം, ശ്രീദേവിയുടെ പേർക്ക്, കൃഷ്ണൻ വാക്ക് പറഞ്ഞത് പോലെ രജിസ്റ്റർ ചെയ്ത് കൊടുത്തു.

അതൊക്കെ ശ്രീദേവിയെ സന്തോഷിപ്പിച്ചെങ്കിലും, അവൾക്കേറെ ബഹുമാനം തോന്നിയ മറ്റൊരു കാര്യമുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞ നാള് മുതൽ ഒരു മുറിയിൽ, നിലത്തും കട്ടിലിലുമായി അന്തിയുറങ്ങിയിട്ടും, ഒരിക്കൽ പോലും കൃഷ്ണൻ്റെ ഭാഗത്ത് നിന്ന്, മോശമായ ഒരു പെരുമാറ്റവും അവൾക്ക് നേരിടേണ്ടി വന്നിട്ടില്ല.

അയാൾ വാക്ക് പറഞ്ഞത് പോലെ, തൻ്റെ വിരൽത്തുമ്പിൽ പോലും തൊട്ടശുദ്ധമാക്കിയില്ല ,ഭാര്യ എന്ന പദവിയിലിരുന്നിട്ടും, ഒരു ചെറിയ കാര്യത്തിന് പോലും തന്നെ ബുദ്ധിമുട്ടിച്ചില്ല.

കർക്കിടകം തകർത്ത് പെയ്യുമ്പോൾ, വരാന്തയിലെ അരമതിലിൽ, പിശറൻ കാറ്റടിച്ച് അകത്തേക്ക് തെറിക്കുന്ന മഴത്തുള്ളികളേറ്റ്, കൃഷ്ണനിരിക്കുമ്പോൾ, അമ്മയുടെ മുറിയിൽ നിന്നും ,കൃഷ്ണാന്നുള്ള വിളി കേട്ട് അയാൾ വേഗം അങ്ങോട്ട് ചെന്നു.

അയാൾ ചെല്ലുമ്പോൾ, അമ്മയുടെ വായ തുറന്നിരിക്കുന്നതും, കൺപീലികൾ ചലിക്കാതെയിരിക്കുന്നതുമാണ് കണ്ടത്.

അയാൾ ചെന്ന് പിടിച്ചില്ലായിരുന്നെങ്കിൽ, നിശ്ചലമായ അമ്മയുടെ കൈകൾ, കട്ടിലിൽ നിന്ന് താഴേക്ക് ഈർന്ന് വീഴുമായിരുന്നു.

അമ്മയുടെ ശവമടക്കും,അടിയന്തിരവുമൊക്കെ കഴിഞ്ഞപ്പോൾ, കൃഷ്ണൻ ശ്രീദേവിയെ സമീപിച്ചു.

“നമ്മുടെ എഗ്രിമെൻ്റിൻ്റെ കാലാവധി തീരുകയാണ് ,ശ്രീദേവിക്കിനി സ്വന്തം ജീവിതം നോക്കി പോകാം, നാട്ടുകാർക്ക് പറഞ്ഞ് നടക്കാൻ കുറച്ച് നാളത്തേക്ക് നമ്മുടെ ജീവിതവർ വിഷയമാക്കും ,പുതിയതൊന്ന് കിട്ടുമ്പോൾ, അവരതിലേക്ക് മാറും, നാളെത്തന്നെ എടുക്കാനുള്ളതൊക്കെ എടുത്തിട്ട് പോകാൻ തയ്യാറായിക്കോ ,ഞാൻ വീട്ടിൽ കൊണ്ട് ചെന്ന് വിടാം”

അതും പറഞ്ഞ്, കൃഷ്ണൻ ഒരു സിഗരറ്റിന് തീ കൊളുത്തി മട്ടുപ്പാവിലേക്ക് നടന്നു.

“എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.”

പിന്നിൽ ശ്രീദേവിയുടെ ശബ്ദം കേട്ടയാൾ തിരിഞ്ഞ് നിന്നു.

“കഴിഞ്ഞ രണ്ട് വർഷമായി മറ്റുള്ളവരുടെ മുന്നിൽ അഭിനയിക്കുകയായിരുന്നെങ്കിലും, നിങ്ങളോടൊപ്പം ആ മുറിയിൽ ഞാനൊരു ഭാര്യയായി ജീവിക്കുകയായിരുന്നു, നിങ്ങൾ തൊട്ടടുത്ത് കിടക്കുമ്പോൾ, മാനം കവരാനായി മറ്റാരും വരില്ലെന്ന ഉറപ്പിൽ ,സമാധാനത്തോടെ ഞാൻ കഴിഞ്ഞ രണ്ട് വർഷവും നന്നായുറങ്ങി ,നിങ്ങളുടെ ഭാര്യയായി ഈ വീട്ടിൽ വന്നതിന് ശേഷമാണ്, മൂന്ന് നേരവും ഞാൻ വയറ് നിറച്ചുണ്ടത്, നിങ്ങളെനിക്ക് പുടവ തന്നതിന് ശേഷമാണ് ,കീറിപ്പിഞ്ചിയ പഴന്തുണികൾ ഞാനുപേക്ഷിച്ചതും ,പുതുമണമുള്ള വിലയേറിയ വസ്ത്രങ്ങളണിഞ്ഞതും ,നിങ്ങളുടെ ഭാര്യയായ ഒറ്റക്കാരണത്താലാണ് ,പുശ്ചിച്ച് തള്ളിയവർ പോലും, എൻ്റെ മുന്നിൽ ഓശ്ചാനിച്ച് നിന്നത് ,ഒരു പക്ഷേ ,നിങ്ങൾ ആദ്യമേ എല്ലാം തുറന്ന് പറഞ്ഞത് കൊണ്ടാവാം, ഞാനൊന്നും പ്രതീക്ഷിക്കാതിരുന്നതും ,എനിക്കിത് വരെ കുറവുകളൊന്നും തോന്നാതിരുന്നതും ,പക്ഷേ ചിലപ്പോഴൊക്കെ ,നിങ്ങളുടെ ഒരാലിംഗനം ഞാൻ ആഗ്രഹിച്ചിരുന്നു. നിലത്ത് കിടക്കുമ്പോൾ, തൊട്ടടുത്ത് കട്ടിലിൽ കിടക്കുന്ന നിങ്ങളുടെ നെഞ്ചിലെ ചൂട് പറ്റി കിടക്കാനും, കൊതി തോന്നിയിട്ടുണ്ട് ,അതിനപ്പുറത്തേക്കൊന്നും എനിക്കുമാഗ്രഹമൊന്നുമില്ല, കുട്ടികളില്ലാത്ത എത്രയോ ദമ്പതികൾ സുഖമായി ജീവിക്കുന്നു ,ഒരു സത്രീയും പുരുഷനും വിവാഹം കഴിക്കുന്നത്, ലൈം ഗിക സുഖത്തിനും, കുട്ടികളുണ്ടാകുന്നതിനും മാത്രമാണെന്ന്, ഞാൻ വിശ്വസിക്കുന്നില്ല, പരസ്പരം തുണയാകാനും കൂടിയാണ് വിവാഹം കഴിക്കുന്നത് എന്നാണ് ഞാൻ കരുതുന്നത് ,എനിക്കിനി മറ്റൊരു പുരുഷനെ എൻ്റെ ജീവിതത്തിലേക്ക് കൂട്ടാൻ കഴിയില്ല ,ഇനി മുതൽ ,എന്നെ നിലത്ത് കിടത്താതെ ,നിങ്ങളുടെയരികിൽ കിടക്കാനുള്ള അനുവാദം മാത്രം തന്നാൽ മതിയെനിക്ക് ,എൻ്റെ മരണം വരെ, ഞാൻ നിങ്ങളുടെ ഭാര്യയായി കഴിഞ്ഞോളാം, പ്ളീസ്, എന്നെ പറഞ്ഞ് വിടരുത്

തൻ്റെ മുന്നിൽ കൈകൂപ്പിനില്ക്കുന്ന ശ്രീദേവിയോട്, അന്നാദ്യമായി അയാൾക്ക് പ്രണയം തോന്നി.

കൈയ്യിലെരിയുന്ന സിഗരറ്റ് കുറ്റി, ദൂരേക്ക് വലിച്ചെറിഞ്ഞ്, അയാൾ ശ്രീദേവിയെ വാരിപ്പുണർന്നു.

NB : ഇത് കുറേ വർഷങ്ങൾക്ക് മുമ്പുള്ള കഥയായി മാത്രം എല്ലാവരും കാണുക