കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല, രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു…

ഇത്രയും മതി…

Story written by AMMU SANTHOSH

“കുക്കിംഗ് എനിക്കിഷ്ടമല്ല കേട്ടോ, ഞാൻ ചെയ്യാറില്ല.പക്ഷെ വീടൊക്കെ വൃത്തിയാക്കാൻ വലിയ ഇഷ്ടമാണ്. ഇന്റീരിയർ ഡിസൈനർ ആയതു കൊണ്ടാകും ..പിന്നെ കല്യാണം ..നിറയെ ആഭരണം ഇട്ട് പട്ടുസാരി ഉടുത്ത് മുടി നീട്ടിപ്പിന്നി നിറയെ മുല്ലപ്പൂ ഒക്കെ വെച്ച് .മേക്കപ്പ് ഒക്കെ ഇട്ട് ഈശ്വര .ഓർക്കാൻ കൂടി വയ്യ എനിക്കെന്നെ ആ വേഷത്തിൽ. ഒരു ജീൻസും കുർത്തയും സിമ്പിൾ.. അതാണ്‌ ഇഷ്ടം “

മഹേഷ് അങ്കിൾ കൊണ്ട് വന്ന കല്യാണാലോചന ആയിപ്പോയി അല്ലെങ്കിൽ ഞാൻ വല്ലതും വിളിച്ചു പറഞ്ഞേനെ

“കല്യാണം ഒരു ഉത്സവം ആക്കുന്നതിനോട് എനിക്കൊട്ടും യോജിപ്പില്ല ..രണ്ടു പേര് ജീവിക്കാൻ തുടങ്ങുന്നു ..അമ്പലത്തിന്റെ നടയിൽ വെച്ച് ഒരു താലി നിർബന്ധം ഉണ്ടെങ്കിൽ ആവാം. അല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ പോകുക. ഒരു ഒപ്പ്. തീർന്നു “അവൾ മെല്ലെ ചിരിച്ചു

‘ഇതിപ്പോ സിനിമയിലും കഥകളിലുമൊക്കെ പറ്റുമായിരിക്കും ..എനിക്ക് പറ്റില്ല “ഞാൻ പെട്ടെന്ന് പറഞ്ഞു “ഞാൻ ഒരു മകനേയുള്ളു അമ്മയ്ക്ക്.. എനിക്ക് സ്ത്രീധനമൊന്നും വേണ്ട. പക്ഷെ നിറയെ ആൾക്കാരൊക്കെ ഉള്ള ഒരു കല്യാണം എന്റെ അമ്മയുടെ സ്വപ്നമാണ് ..എന്റെ സങ്കല്പം സാധാരണ ഒരു മലയാളി യുവാവിന്റേതാണ്…ഓണത്തിന് സെറ്റുമുണ്ടുമൊക്കെ ഉടുക്കുന്ന, സദ്യ ഒക്കെ ഉണ്ടാക്കി തരുന്ന, . നല്ല പോലെ പാചകം ചെയ്യുന്ന അങ്ങനെ ഒക്കെ “

“ഓ കൊള്ളാല്ലോ. പക്ഷെ ഞാൻ വേറെ മാതിരി ആണ് ..അപ്പൊ നിങ്ങള്ക്ക് അങ്ങനെ തന്നെ ഒരാളെ കിട്ടട്ടെ കേട്ടോ ഞാൻ പ്രാർത്ഥിക്കാം “അവൾ മെല്ലെ ചിരിച്ചു

“സോറി “ഞാൻ മെല്ലെ പറഞ്ഞു

“എന്തിനാ സോറി. അതൊന്നും സാരോല്ല. എനിക്ക് വരുണിനെ ഇഷ്ടായി… പക്ഷെ തിരിച്ചില്ലല്ലോ..”അവൾ കുസൃതി യോടെ പറഞ്ഞു

അവിടുന്ന് പോരുമ്പോൾ അവ്യക്തമായ ഒരു നൊമ്പരമുണ്ടായിരുന്നു മനസ്സിൽ .അവൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. ഗുഡ് ഗേൾ ..അങ്ങനെ തോന്നുകയും ചെയ്തു.

പാർവതിയെ അമ്മയാണ് കണ്ടു പിടിച്ചത് ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു ..വെളുത്ത് മെലിഞ്ഞു നല്ല നീണ്ട മുടിയൊക്കെ ഉള്ള സുന്ദരിക്കുട്ടി .

അവൾ നന്നായി പാചകം ചെയ്യും. പുലർച്ച അവൾ തരുന്ന ചായയിലാണ് എന്റെ ഒരു ദിവസം ആരംഭിക്കുക തന്നെ . പാർവതി അമ്മയ്ക്ക് നല്ല മരുമകളും എനിക്ക് നല്ല ഭാര്യയുമായിരുന്നു, അവളെ തേടി അവളുട പൂർവ്വകാമുകൻ വരുന്നത് വരെ.

.തലേന്ന് വരെ എന്റെ കൂടെ കിടന്നുറങ്ങിയ പെണ്ണാണ് അന്ന് അവൻ വിളിച്ചപ്പോ അവന്റെ കയ്യും പിടിച്ചു എന്റെയും അമ്മയുടെയും മുന്നിലൂടെ ഒരു കൂസലുമില്ലാതെ ഇറങ്ങി പോയത്.

വല്ലാത്ത ഒരു അവസ്ഥയായിരുന്നത്. അപമാനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയ കുറെ ദിവസങ്ങൾക്കൊടുവിൽ അമ്മയും ഞാനും ആ നഗരത്തിൽ നിന്ന് മറ്റൊരിടത്തേക്ക് പോയി .കമ്പനിയുടെ പുതിയ ഓഫീസിലേക്ക്. ഒരു ചോദിച്ചു വാങ്ങിച്ച ട്രാൻസ്ഫർ.

പുതിയ ഓഫീസൊക്കെ ഫർണിഷ് ചെയ്തു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു ഞാൻ അല്പം നേരെത്തെ പോന്നതാണ്.

“വരുൺ” ഒരു വിളിയൊച്ച.

അവളായിരുന്നു അത്. അഞ്ജലി. ഞാൻ ആദ്യം പെണ്ണ് കാണാൻ പോയ പെൺകുട്ടി.

“എന്റെ കമ്പനിയാണ് ഇവിടെ ഇന്റീരിയർ “

“ഓ ” അവൾ പഴയത് പോലെ തന്നെ. നരച്ച ജീൻസ്, ഒരു ബ്ലാക്ക് കുർത്ത.തോളൊപ്പം മുറിച്ചിട്ട മുടി ഉയർത്തിക്കെട്ടി നിറഞ്ഞ ചിരിയോടെ.

“വരുൺ എവിടെയാ താമസം ?”

“അടുത്താണ് ” ഞാൻ മെല്ലെ പറഞ്ഞു

കുറച്ചു ദിവസങ്ങൾ അവൾ ഉണ്ടായിരുന്നു അവിടെ.

“എന്നെ വീട്ടിലേക്കു ക്ഷണിക്കുന്നില്ലേ ?അവസാന ദിവസമവൾ ചോദിച്ചു. ഞാൻ അനുകൂല ഭാവത്തിൽ തലയാട്ടി.

അത് ഒരു പതിവായി. ഇടക്കൊക്കെ അവൾ വീട്ടിലേക്കു വരും .എന്റെ കല്യാണം കഴിഞ്ഞതും അതിനു ശേഷം ഉള്ള കാര്യങ്ങളുമൊക്കെ മഹേഷ് അങ്കിൾ പറഞ്ഞവൾ അറിഞ്ഞു കാണണം. പക്ഷെ ഒറ്റ വാക്ക് പോലും അവൾ ചോദിച്ചില്ല.

വീട്ടിൽ വന്നാൽ അമ്മയ്‌ക്കൊപ്പമാണ്. വീടൊക്കെ അലങ്കരിച്ച്, ചെടികളൊക്കെ നട്ടുകൊണ്ട് അങ്ങനെ ..ഇടക്കൊക്കെ അവൾ ഡിസൈൻ ചെയ്ത സാരികൾ അമ്മയ്ക്ക് കൊണ്ട് കൊടുക്കും ..അമ്മയ്‌ക്കൊപ്പം പുറത്തൊക്കെ പോകും. ഞങ്ങളുടെ വാടക വീടിന്റെ പറമ്പിൽ നല്ല പേരയുടെയും മാവിന്റെയും ഒക്കെ തൈകൾ കൊണ്ട് വന്നു നടും .ചിലപ്പോൾ .

“നല്ല വീടല്ലേ ഇത്? ഇതിന്റ ഓണർ ഇത് വിൽക്കാൻ ഇട്ടിരിക്കുവാ. വാങ്ങിക്കൂടെ? ഒരു ദിവസം അവൾ ചോദിച്ചു

“അത്രയ്ക്ക് പൈസ ഒന്നുമില്ല” “ഞാൻ ചിരിച്ചു

“ഞാൻ സഹായിക്കാം ..കടമായിട്ട് മതി വീടൊക്കെ ആയാൽ നിങ്ങൾ ഈ നാട്ടിൽ നിന്ന് പോകില്ലല്ലോ “

“പോവാതെ പിന്നെ ഇവിടെ എന്ത് ചെയ്യാൻ ?”

“നമുക്കിവിടെ ജീവിക്കാമെന്ന് “അവൾ കണ്ണിറുക്കി ചിരിച്ചു.

“അഞ്ജലിക്ക് എന്റെ കാര്യങ്ങളൊക്കെ അറിയുമോ ?”ഞാൻ മടിയോടെ ചോദിച്ചു

“ഓ യെസ്, അറിയാമല്ലോ. “

“പിന്നെ എന്നെ കളിയാക്കാൻ ചോദിച്ചതാണോ ?”

“ഹേയ് നോ ..എനിക്ക് വരുണിനെ അന്നേ ഇഷ്ടമായതാ .ഞാൻ പറഞ്ഞില്ലായിരുന്നോ .ഇഷ്ടങ്ങൾ ചിലപ്പോൾ അങ്ങനെ അല്ലെ? പക്ഷെ ഞാൻ ഇപ്പോളും പഴയ അതെ സ്റ്റാൻഡിൽ തന്നെയാ. കല്യാണം ഉത്സവമാക്കാനൊന്നും വയ്യ കുക്കിംഗ് വയ്യ ..സാരി വയ്യ ..ഓണത്തിന് സെറ്റും മുണ്ടും ഉടുക്കാം കേട്ടോ. വർഷത്തിൽ ഒരിക്കലല്ലേ? അവൾ ഒരു കണ്ണിറുക്കി

“പിന്നെ അമ്മയ്ക്കെന്നെ ഇഷ്ടമാണ് കേട്ടോ അമ്മയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. വരുണിനു ഇഷ്ടം ആണെങ്കിൽ മതി. അല്ലെങ്കിൽ നമ്മൾ ഇത് പോലെ നല്ല കൂട്ടുകാർ തന്നെ ‘

അവൾ ചിരിയോടെ കൈ വീശി കാണിച്ചു അവളുടെ ബുള്ളറ്റ് ഓടിച്ചു പോയി.

പാർവതി എന്ന അധ്യായം അഞ്ജലിയെ ബാധിച്ചില്ല.

അവൾ കുക്കിംഗ് ചെയ്യാറില്ല.

ഒരു പൊട്ടുകമ്മല് അല്ലതെ ഒരാഭരണവും ധരിക്കാറില്ല

മെലിഞ്ഞ ഉടലളവുകളുമല്ല.

വെളുത്തു ചുവന്ന നിറവുമല്ല.

പക്ഷെ അവൾ ഉഗ്രൻ പ്രണയിനിയാണ്..

അവളെന്റെ അമ്മക്ക് നല്ല ഒരു മകളാണ്.

എന്റെ വീടിനെ ഏറ്റവും സുന്ദരമാക്കിയ ഇന്റീരിയർ ഡിസൈനർ ആണ്.

എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഒരു അമ്മയാണ്.

ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയവൾ.

അപ്പോൾ നിങ്ങൾ ചോദിക്കും പാർവതി അങ്ങനെ അല്ലായിരുന്നു എങ്കിൽ അഞ്ജലി വരുമായിരുന്നോ എന്ന്?

അഞ്ജലി വരും. കാരണം അതിനെയാണ് നാം വിധി എന്ന് വിളിക്കുന്നത്.

ഞാൻ ഒരു നല്ല പുരുഷനല്ലായിരിക്കാം.

പക്ഷെ അഞ്ജലി ഒരു നല്ല പെണ്ണാണ്.

നല്ല പെണ്ണിന് പ്രത്യേകിച്ച് നിർവ്വചനങ്ങൾ ഒന്നും വേണ്ട.

സത്യമുള്ളവൾ ആയിരുന്നാൽ മതി.

സ്നേഹമുളളവൾ ആയിരുന്നാൽ മതി.

പുരുഷന് ഇത് രണ്ടും മതി …