നീ കരുതുന്നപോലെ ആണ് എല്ലാ ആണുങ്ങളും എന്ന് കരുതരുത്. നമ്മുടെ അച്ഛനേയും സഹോദരന്മാരേയും നമുക്ക് അങ്ങനെ…

ചാരിത്ര്യം

Story written by PRAVEEN CHANDRAN

“നീ ഈ നൂറ്റാണ്ടിൽ തന്നെ അല്ലേ ജീവിക്കുന്നത്? ആണുങ്ങൾക്ക് ഇതൊക്കെ ആവാമെങ്കിൽ പെണ്ണുങ്ങൾക്ക് എന്ത് കൊണ്ട് ആയിക്കൂട?”

അവളുടെ ആ സംസാരം അശ്വതിക്ക് തീരെ ഇഷ്ടപെട്ടില്ല…

“എന്ത് പറഞ്ഞാലും നീ ഈ ചെയ്യുന്നതിനോട് എനിക്ക് യോചിപ്പില്ല.. പെണ്ണുങ്ങൾക്ക് അവളുടെ ചാ രിത്ര്യത്തേക്കാൾ വലുതായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.. അതവളുടെ കഴുത്തിൽ താലി കെട്ടുന്ന പുരുഷന് സമർപ്പിക്കാനുള്ളതാണ്…”

അത് കേട്ട് ജീന അവളെ കളിയാക്കാനെന്നോണം മുഖത്ത് നോക്കി ഒന്ന് ചിരിച്ചു..

“ഒന്ന് പോടി… ഒരു കുലസ്ത്രീ വന്നിരിക്കുന്നു… അതൊക്കെ പണ്ട്… അങ്ങനെ നീ ചാ രിത്ര്യം പൊക്കിപിടിച്ച് കല്ല്യാണം കഴിച്ചിട്ട് കെട്ടണവൻ അതുള്ളതാണെന്ന് നിനക്ക് വല്ല ഉറപ്പുമുണ്ടോ? അവസാനം നീ മണ്ടിയാവും.. എടീ ഇന്നത്തെ കാലത്തെ ഏതവനാ വെ ർജിനായിട്ടുള്ളത്? ഇനി ഇപ്പോ കല്ല്യാണം കഴിഞ്ഞാലും ഇവനൊക്കെ ചുമ്മാ ഇരിക്കോ? ഒരു പെണ്ണിന്റെ മണം അടിച്ചാ മതി അപ്പോ അങ്ങോട്ട് പാഞ്ഞോളും.. എടീ നിനക്കറിയോ എന്റെ കസ്റ്റമേഴ്സിൽ ഭൂരിഭാഗവും കല്ല്യാണവും കഴിഞ്ഞ് കുലപുരുഷന്മാരായി എകപത്നീവ്രതം ചമഞ്ഞ് ഇരിക്കുന്നവരാ.. “

എന്തോ പക്ഷെ ജീനയുടെ ആ അഭിപ്രായത്തോട് അശ്വതിക്ക് തീരെ യോചിക്കാനായില്ല…

“നീ കരുതുന്നപോലെ ആണ് എല്ലാ ആണുങ്ങളും എന്ന് കരുതരുത്.. നമ്മുടെ അച്ഛനേയും സഹോദരന്മാരേയും നമുക്ക് അങ്ങനെ കാണാൻ കഴിയുമോ? നീ ഒന്ന് ആലോചിച്ച് നോക്ക് നിന്റെ കല്ല്യാണം കഴിഞ്ഞ് നിനക്ക് കിട്ടുന്ന പയ്യൻ അത്തരക്കാരനല്ലെന്ന് നിനക്ക് മനസ്സിലാകുന്ന നിമിഷം.. അങ്ങനെ വന്നാൽ നീ അവനെ ചതിക്കുകയല്ലേ ചെയ്തത്…പിന്നീട് നിനക്ക് എത്രയായാലും മനസമാധാനം കിട്ടുമോ? നീ ഈ ചെയ്യുന്നത് തെറ്റാണ് ജീന”

പക്ഷെ ജീന അത് കേട്ട് മുഖം വെട്ടിച്ച് കൊണ്ട് ബാഗുമെടുത്ത് പുറത്തേക്ക് ധൃതിയിൽ പോകുക യായിരുന്നു…

എം.ബി.എ ചെയ്യാനായി ബാംഗ്ലൂർ എത്തിയതാണ് അശ്വതി… അശ്വതിയുടെ ഹോസ്റ്റൽ മേറ്റ് ആണ് ജീന.. ജീനയും അവളുടെ അതേ കോളേജിൽ തന്നെ സീനിയർ ആയിരുന്നു.. വീട്ടിലത്ര ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിലും ആർഭാടമായ ജീവിതം നയിക്കുന്നതിന് വേണ്ടി ആണ് അവൾ ഈ പരിപാടിക്കിറങ്ങുന്നത്.. ഒരു ഏജന്റ് മുഖേന ആണ് അവൾക്ക് കസ്റ്റമേഴ്സിനെ കിട്ടുന്നത്. എല്ലാം ഉന്നതന്മാർ… വലിയ വലിയ ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കുമാണ് ഏജന്റുമാർ അവളെ എത്തിച്ചിരുന്നത്.. ഉന്നതന്മാ രായത് കൊണ്ട് സുരക്ഷിതയായിരിക്കുമെന്ന് അവൾ കരുതയിരുന്നു…

ജീനയെ പോലെ കുറച്ച് പേർ ആ ഹോസ്റ്റലിൽ തന്നെ ഉണ്ടെന്ന് അശ്വതിക്ക് പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലാക്കാനായി.. അവൾക്ക് അതൊക്കെ കണ്ടപ്പോൾ ഞെട്ടലാണ് ഉണ്ടായത്.. പലരും നല്ല കുടുംബങ്ങളിൽ നിന്നും വരുന്നവർ… ജീവിത ആഘോഷമാക്കാൻ വേണ്ടി സ്വന്തം ശരീരം പോലും വിൽക്കാൻ തയ്യാറുള്ള അവരോട് അവൾക്ക് പുച്ഛമായിരുന്നു…

എല്ലാം കണ്ടും കേട്ടും അവൾക്ക് മടുത്തിരുന്നു.. വേറെ ഹോസ്റ്റലിലേക്ക് മാറാനുള്ള ശ്രമങ്ങൾ അവൾ നടത്തിയെങ്കിലും അവൾക്കെന്തോ ഒന്നിലും അത്ര തൃപ്തിയായില്ല… പിന്നെ ഈ കാര്യം ഒഴിച്ചാൽ ജീന നല്ല സ്നേഹമുള്ളവളാണ് എന്ന് അശ്വതിക്ക് തോന്നിയിരുന്നു.. ഒരു ദിവസം അവൾക്ക് വയ്യാതെ ആയപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോയതും കൂട്ടിരുന്നതും ജീനയായിരുന്നു..

ഇടക്കൊക്കെ അവളെ ഉപദേശിക്കാൻ വീണ്ടും അവൾ ശ്രമിച്ചിരുന്നെങ്കിലും അതൊന്നും അവൾ ചെവികൊണ്ടില്ല…

അതോടെ ആ ശ്രമം നിർത്തി അവൾ പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു…

ദിവസങ്ങൾ കടന്ന് പോയിക്കൊണ്ടിവരുന്നു…

ഒരു ദിവസം ജീന പതിവ് പോലെ അണിഞ്ഞൊരുങ്ങി പുറത്ത് പോയതായിരുന്നു…

പിറ്റെ ദിവസം രാവിലെ ആയിട്ടും അവളെകാണാഞ്ഞ് അശ്വതിക്ക് ആധിയായി…അവൾക്കെന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി… ഫോണിൽ കിട്ടുന്നുമില്ലായിരുന്നു…

എന്ത് ചെയ്യണമെന്നറിയാതെ അവൾ കുഴങ്ങി… പോലീസിൽ പരാതി കൊടുത്താലോ എന്ന് അവൾക്ക് ആദ്യം വിചാരിച്ചെങ്കിലും പിന്നീട് അത് പ്രശ്നമാവുമെന്ന് അവൾക്ക് തോന്നി…

അവളുടെ കോളേജിലെ അടുത്ത സുഹൃത്തായ ഗ്രീഷ്മയെ വിളിച്ച് അവൾ കാര്യം അവതരിപ്പിച്ചു…

“നീ പേടിക്കാതിരിക്ക് നമുക്ക് അരുണിനോട് പറയാം.. അവൻ എന്തെങ്കിലും പോം വഴി കാണാതിരിക്കില്ല…”

“അവനോട് പറയണോ? ആൺപിള്ളേരല്ലേ? അവരറിഞ്ഞാ പിന്നെ ഇതൊക്കെ കോളേജ് മുഴുവൻ പാട്ടാകും… നമ്മളെ പോലും ചിലപ്പോൾ അവരാ കണ്ണിൽ കാണും”

“ഒന്ന് പോടീ… നീ എന്താ വിചാരിച്ചത്… അ ജീന പറയുന്ന പോലെ ആണെന്നോ എല്ലാ ആണുങ്ങളും… ആൺകുട്ടികളിലും ഉണ്ടെടീ സ്വന്തം പെങ്ങളെപ്പോലെ സുഹൃത്തുക്കളെ കൊണ്ട് നടക്കുന്നവർ… അതിന് രക്തബന്ധം വേണമെന്നില്ല… നീ വിഷമിക്കാതിരിക്ക്.. “

അശ്വതി അത് പാതി മനസ്സോടെ ആണെങ്കിലും സമ്മതിച്ചു…

സമയം കടന്ന് പോകും തോറും അശ്വതിക്ക് ടെൻഷൻ കൂടിക്കൊണ്ടിരുന്നു…

അന്ന് രാത്രിയോടെ അശ്വതിക്ക് ഗ്രീഷ്മയുടെ കോൾ വന്നു…

“ഡീ… അവളെ കിട്ടിയിട്ടുണ്ട്… അവളെ ഒരു ടീമിനോടൊപ്പം പോലീസ് പൊക്കിയതായിരുന്നു… നമ്മുടെ അരുണിന്റെ ഫ്രണ്ടിന്റെ ഫാദർ ആണ് അവിടെ ചാർജ്ജിലുള്ളത്.. കുറെ കഷ്ടപെട്ടി ട്ടാണെങ്കിലും അവർ അവളെ അവിടന്ന് രക്ഷപെടുത്തി കൊണ്ട് വന്നിട്ടുണ്ട്… ഞങ്ങൾ അവളെക്കൊണ്ട് ഉടൻ റൂമിലേക്ക് വരാം”

അത് കേട്ടതും അശ്വതിക്ക് ആശ്വാസമായി…

അല്പസമയത്തിന് ശേഷം അവർ അവളെ റൂമിലേക്ക് കൊണ്ട് വന്നു…

അശ്വതിയെ കണ്ടതും അവൾ ഓടി വന്ന് അവളെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി..

“എന്താ ജീന ഇത്… വിഷമിക്കാതിരിക്ക് ഞങ്ങളില്ലേ നിനക്ക്?”

അവൾ അശ്വതിയെ ഒന്നു കൂടെ മുറുകെ കെട്ടിപിടിച്ചു.. അവൾക്ക് സങ്കടം സഹിക്കുന്നില്ലായിരുന്നു…

“എന്നാ ഞങ്ങളിറങ്ങട്ടെ അശ്വതി…?” അരുണാണ് അത് പറഞ്ഞത്…

അത് കേട്ടതും ജീന കണ്ണുകൾ തുടച്ച് കൊണ്ട് അരുണിനെ നോക്കി പറഞ്ഞു…

“താങ്ക്സ് അരുൺ… എങ്ങനെ നന്ദി പറയണമെന്നറിയില്ല… ഒരു പക്ഷെ എന്റെ വീട്ടുകാർ ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ ജീവനൊടെ ഉണ്ടാവില്ലായിരുന്നു… എല്ലാം എന്റെ തെറ്റാണ്”…

അത് കേട്ട് അവൻ ചിരിച്ചതേയുള്ളൂ…

“ജെന്നി ഞങ്ങളോട് കാര്യങ്ങളൊക്കെ പറഞ്ഞു.. സത്യം പറഞ്ഞാ നിന്നോട് ഞങ്ങൾക്ക് വെറുപ്പാണ് തോന്നിയത്… അന്തസ്സുള്ള ആണുങ്ങളെ നീ കണ്ടിട്ടില്ല…സ്വന്തം പെങ്ങളെ പോലെ സുഹൃത്തുക്കളെ കാണുന്ന ഒരുപാട് ആണുങ്ങളുണ്ട് ഈ ലോകത്ത്… പെണ്ണിന്റെ വിശുദ്ധിയിലാണ് ആണിന്റെ അഭിമാനം… ബ ലാത്സംഗം ചെയ്യപെട്ട ഒരു പെണ്ണിനെ വരെ അവന് സ്നേഹിക്കാനാകുമെങ്കിലും അറിഞ്ഞ് കൊണ്ട് തെറ്റ് ചെയ്ത ഒരു പെണ്ണിനെ അവനൊരിക്കലും മനസ്സ് കൊണ്ട് സ്വീകരിക്കില്ല.. അത് മനസ്സിലാക്കാനായാൽ നന്ന്….പോട്ടെ പെങ്ങളെ”

അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല.. എന്താണ് അവൾ ചെയ്ത തെറ്റ് എന്ന് അവൾക്ക് ബോധ്യമായിരുന്നു.. അവൾ കണ്ണുകൾ തുടച്ച് കൊണ്ട് അശ്വതിയെ നോക്കി പറഞ്ഞു…

“നീയാണ് ശരി.. “

പ്രവീൺ ചന്ദ്രൻ