നൂലുകെട്ട്
Story written by അരുൺ നായർ
അച്ഛന്റെ ഫോട്ടോ നോക്കി അമ്മേ എനിക്കും അച്ഛനെ പോലെയാകണം എന്ന ഉണ്ണിക്കുട്ടന്റെ വാക്കുകൾ കേട്ടു ഉള്ളിൽ കടൽ തിര പോലെ വിഷമം കുതിച്ചു പൊങ്ങിയെകിലും മിഴികളിലൂടെ അധികം കണ്ണുനീർ വെളിയിൽ വരാനോ മകൻ അതു കാണാനോ അവസരം ഒരുക്കിയില്ല ഞാൻ ….
“” ആകാം മോനെ…. അച്ഛനെ പോലെ നല്ലൊരു ദേശാഭിമാനി ആവണം എന്റെ മകനും…. അച്ഛനെ പോലെ വലിയ ആളാകാൻ മോൻ ചോറ് മുഴുവൻ കഴിക്കു….. “”
ചോറ് മുഴുവൻ കഴിച്ചു അവന്റെ കളിതോക്കും എടുത്തു അപ്പുറത്തെ വീട്ടിലെ പിള്ളേരുടെ അടുത്തേക്ക് അവൻ കളിക്കാൻ പോകുന്നത് ഞാൻ നോക്കി നിന്നു….അവൻ പോകുന്നതും നോക്കി തിരിഞ്ഞതും ഞാൻ കണ്ടു തന്റെ പ്രിയതമന്റെ ചിരിക്കുന്ന ഫോട്ടോ…. ആ ഫോട്ടോയിൽ നോക്കി നിന്നപ്പോൾ എനിക്കു തന്റെ പഴയ കാലം ഓർമ്മ വന്നു…..
പോസ്റ്റ് ഗ്രാജുയേഷൻ കഴിഞ്ഞു നിൽകുമ്പോൾ ആണ് മഹിയേട്ടനുമായുള്ള വിവാഹാലോചന വരുന്നത്….. പട്ടാളക്കാരൻ ആണെന്നു പറഞ്ഞപ്പോൾ ആദ്യം എനിക്കു വലിയ താല്പര്യം ഇല്ലായിരുന്നുവെങ്കിലും മഹിയെട്ടൻ പെണ്ണ് കാണാൻ വന്നപ്പോൾ എനിക്കു കാഴ്ച്ചയിൽ ഇഷ്ടമായി…. സംസാരിച്ചപ്പോൾ മനസ്സിലായി പട്ടാളക്കാരൻ ആണെങ്കിലും ആളൊരു ഹൃദയം ഉള്ളവൻ ആണെന്ന്…… ഞങ്ങൾക്ക് രണ്ടിനും, കൂടെ ഞങ്ങളുടെ വീട്ടുകാർക്കും ഇഷ്ടമായതുകൊണ്ട് കല്യാണം പിന്നെ അധികം താമസിക്കാതെ തന്നെ നടന്നു….
കല്യാണത്തിന് ശേഷം മഹിയെട്ടനെ ഒന്നു കണ്ടു കൊതി തീരും മുൻപ്, ഒന്നു ആ നെഞ്ചിന്റെ ചൂടിൽ കിടന്നേനെൻറെ തണുപ്പ് മാറും മുൻപ്, ആ കൈകൾ കോർത്തു പിടിച്ചു നടന്നു ഇനി ഞാൻ ഒറ്റക്കല്ല എന്നു ഈ ലോകത്തോട് വിളിച്ചു പറയും മുൻപ്, ആ സ്നേഹം ഒന്നു അനുഭവിച്ചു തുടങ്ങിയപ്പോൾ ക്യാമ്പിൽ നിന്നുമുള്ള വിളി എന്റെ മഹിയെട്ടനെ തേടിയെത്തി…. ആ ബുള്ളറ്റിൽ കെട്ടിപിടിച്ചു യാത്ര ചെയ്തു കൊതി തീർന്നിട്ടില്ലായിരുന്നു…. എന്നാലും രാജ്യം അല്ലേ വലുത് പോയിട്ടു വരട്ടെ എന്നോർത്ത് ഞാൻ സമാധാനിച്ചു…..
മഹിയേട്ടൻ പോയതിനു ശേഷം ആ ഓർമകളെ താലോലിച്ചു ഞാൻ ജീവിച്ചു….പെട്ടന്ന് ഒരു ദിവസം തലകറങ്ങി വീണു ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തപ്പോൾ പ്രെഗ്നന്റ് ആണെന്നും അറിഞ്ഞു…. ആ സന്തോഷം ഞാൻ എന്റെ മഹിയെട്ടനെ അറിയിച്ചു…. അദ്ദേഹവും ഒരച്ഛൻ ആകുന്നതിൽ അതീവ സന്തുഷ്ടൻ ആണെന്ന് എനിക്കു മനസ്സിലായി…. ഇപ്പോൾ എന്റെ മഹിയേട്ടൻ എന്റെ അടുത്തു ഉണ്ടെങ്കിൽ എന്നെ പൊക്കിയെടുത്തു ഉമ്മ വെച്ചേനെ…. എന്തു ചെയ്യാൻ ഒരു പട്ടാളക്കാരന്റെ ഭാര്യ ആയാൽ ഇതൊക്കെ അനുഭവിക്കാൻ ബാധ്യസ്ഥ ആണ്…. ഞങ്ങളുടെ സുഖങ്ങളെക്കാൾ ആവശ്യം രാജ്യത്തിന്റെ സുരക്ഷ തന്നെയാണ്…. വയറ്റിൽ കിടക്കുന്ന കുഞ്ഞിനോട് ഞാൻ പറയുമായിരുന്നു മോന്റെ അച്ഛൻ ഈ രാജ്യത്തു ഉള്ള എല്ലാവർക്കും കാവൽ നിൽക്കുകയാണ് അതുകൊണ്ടാണ് അടുത്തു ഇല്ലാത്തതെന്ന്….. അടുത്തില്ല എങ്കിലും ആ മനസ്സിൽ ഞാനും എന്റെ മോനും എപ്പോളും നിറഞ്ഞു നില്കുന്നുണ്ടെന്നു സംസാരത്തിലെ സ്നേഹത്തിൽ തന്നെ നമുക്ക് അറിയാൻ പറ്റുന്നുണ്ടല്ലോ മോനെ….
മാസങ്ങൾ ഒച്ച് ഇഴയും പോലെ പോകുന്നതായാണ് എനിക്കു തോന്നിയത്…. എല്ലാ സ്ത്രീകളും ഭർത്താവിനോട് ഇഷ്ടം ഉള്ള സാധങ്ങൾ വേണമെന്ന് പറഞ്ഞു മേടിച്ചു കഴിക്കുന്ന സമയം എന്തോ എന്റെ മഹിയേട്ടൻ അടുത്തു ഇല്ലാത്തതുകൊണ്ട് ആണോ എന്നു അറിയില്ല എനിക്കു അങ്ങനെ ഉള്ള മോഹങ്ങൾ ഒന്നും ഇല്ലായിരുന്നു….. എന്തായാലും മാസങ്ങൾ മുൻപോട്ടു പോയി ഒരു ആൺകുഞ്ഞിന് ഞാൻ ജന്മം നൽകി…. പെട്ടന്ന് തന്നെ മഹിയെട്ടനെ അറിയിച്ചു…. കുഞ്ഞിന്റെ നൂല് കെട്ടിന് അവിടെ ഉണ്ടാകുമെന്നു ഉറപ്പും ഞങ്ങൾക്ക് എന്റെ മഹിയേട്ടൻ നൽകി…..
പട്ടാളക്കാരന്റെ ചിട്ട ആയതുകൊണ്ട് ആവും നൂല് കെട്ടിന് ഒരു ദിവസം മുൻപ് എന്റെ മഹിയേട്ടൻ എന്റെയും മോന്റെയും അടുത്തേക്ക് സ്വതവേയുള്ള ആ നിഷ്കളങ്ക ചിരിയുമായി എത്തി….. ഞാനും എന്റെ മഹിയെട്ടനും ഞങ്ങളുടെ മോനും മാത്രമുള്ള ആ സുന്ദര നിമിഷങ്ങളിൽ ഞങ്ങളുടെ മനസ്സിൽ തൃശൂർ പൂരത്തിന്റെ അമിട്ട് പൊട്ടുകയായിരുന്നു .. ഞങ്ങളുടെ മനസ് അങ്ങനെ ഞങ്ങളുടെ മകനെയും നോക്കി കിടന്നു ആനന്ദത്തിൽ ആറാടി കൊണ്ടേയിരുന്നു…. മകന് എന്തു പേരാണ് കണ്ടുവെച്ചത് എന്നുള്ള എന്റെ ചോദ്യത്തിൽ അതു സസ്പെൻസ് ആണ് വീട്ടിൽ നമുക്ക് ഉണ്ണിക്കുട്ടൻ വിളിക്കാം….. പേര് ഞാൻ പറയുമ്പോൾ നീയും അറിഞ്ഞാൽ മതിയെന്ന് എന്റെ മഹിയേട്ടൻ എന്റെയും കുഞ്ഞിന്റെയും കവിളിൽ നുള്ളി പറഞ്ഞപ്പോൾ അതു അതീവസന്തോഷത്തോടെ അനുസരിക്കാൻ മാത്രമേ എനിക്കു ആയുള്ളൂ ……
സന്ധ്യ മയങ്ങി തുടങ്ങി…. വഴിയിൽ എന്തൊക്കെയോ നടക്കുന്നുണ്ടായിരുന്നു….വാർത്തകളിൽ എന്തൊക്കെയോ കേൾക്കുന്നുണ്ടായിരുന്നു…. അതൊന്നും ശ്രദ്ധിക്കാതെ ഞാനും എന്റെ മഹിയേട്ടനും കുഞ്ഞും കൂടി സുഖമായി കിടന്നപ്പോൾ പെട്ടെന്ന് വെളിയിൽ കുറച്ചുപേരുടെ ശബ്ദം കേട്ടു….. അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു…….
“”ടാ കൂട്ടുകാർ വന്നിട്ടുണ്ട് നീ വന്നു അറിഞ്ഞു…. കുപ്പിക്ക് ആകും…. അതങ്ങു എടുത്തു കൊടുത്തിട്ട് ഇങ്ങു പോരണം…… “””
എന്നെയും അമ്മയെയും നോക്കി ഒരു വളിച്ച ചിരിയും ചിരിച്ചുകൊണ്ട് കുഞ്ഞിനൊരു ഉമ്മയും കൊടുത്തു മഹിയേട്ടൻ ബാഗിൽ നിന്നൊരു കുപ്പിയുമെടുത്തുകൊണ്ട് വെളിയിലേക്കു ഇറങ്ങി പോയി….. ചെന്നതും ആരോ പറയുന്നത് കേട്ടു
“” ടാ മഹി,, കുപ്പിയൊക്കെ നമുക്ക് പിന്നെ അടിക്കാം…. ഇപ്പോൾ നീ ഞങ്ങളുടെ കൂടെ അമ്പലത്തിന്റെ അടുത്തുള്ള ആൽ തറയിലേക്ക് വാ, അവിടെ ആകെ പ്രശ്നം ആണ്… ജാതി പറഞ്ഞു സുമേഷും രതീഷും കൂടി…. നീ കൂട്ടുകാരൻ മാത്രം അല്ലല്ലോ ഒരു പട്ടാളക്കാരൻ കൂടിയല്ലേ… നീ പറഞ്ഞാൽ അവർ കേൾക്കും…. “”
“” ഒന്നു പോടാ രണ്ടും, അവന്മാർ കുറച്ചു കഴിയുമ്പോൾ ഓക്കേ ആയിക്കോളും, നമുക്ക് അറിയാവുന്നതല്ലേ രണ്ടിനെയും….. ഞാൻ ഒരു വർഷം കൂടിയിട്ട് എന്റെ ഭാര്യയെയും മകനെയും കാണുന്നത്…. ഇപ്പോൾ വരാൻ എനിക്കൊന്നും മേല… നീ ഈ കുപ്പി കൊണ്ടേ കാണിക്കു അപ്പോൾ രണ്ടും ഒന്നായിക്കോളും….. “”
മഹിയെട്ടന്റെ വാക്കുകൾ എനിക്കു മുറിയിൽ കേൾക്കാമായിരുന്നു…. എന്റെ മനസ്സിൽ സന്തോഷം പൂത്തുലഞ്ഞു… മഹിയേട്ടൻ കൂട്ടുകാരുടെ കൂടെ പോകുന്നില്ല അപ്പോൾ….
“” മഹി നീ വിചാരിക്കും പോലെ അല്ല…. അവർ രണ്ടും തുടങ്ങി… ഇപ്പോൾ രണ്ടു വശത്തും ആൾകാരായി… ഞങ്ങൾ വിചാരിച്ചാൽ നടക്കില്ല അതാണ് നിന്നേ വിളിച്ചത്…. “”
“” ഞാൻ വരാം, നിങ്ങൾ അങ്ങോട്ട് വിട്ടോ…. “”
അതും പറഞ്ഞു മഹിയേട്ടൻ മുറിയിലേക്ക് വന്നു…. എനിക്കും മോനും മഹിയെട്ടന്റെ അമ്മയ്ക്കും ഒരു ഉമ്മ തന്നു സോപ്പ് ഇട്ടിട്ടു ഇപ്പോൾ വരാം എന്നും പറഞ്ഞു മഹിയേട്ടൻ ഇറങ്ങി…… ഇറങ്ങിയതും കാതുകളെ പ്രകമ്പനം കൊള്ളിക്കുന്ന മഹിയെട്ടന്റെ ബുള്ളറ്റിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി…..
മഹിയേട്ടൻ തിരിച്ചു വരുന്നതും കാത്തു ഞാനും അമ്മയും ഇരുന്നു…. കുഞ്ഞു നല്ല ഉറക്കം ആയിരുന്നു….. പെട്ടെന്ന് ഒരു കൂട്ടുകാരൻ വന്നു പറഞ്ഞു മഹിക്ക് ചെറിയ ഒരു അപകടം… പേടിക്കാൻ ഒന്നും ഇല്ല…. ഇപ്പോൾ ആശുപത്രിയിൽ പോയിട്ട് ഇങ്ങോട്ട് വരും…. പക്ഷെ മഹിയെട്ടന്റെ വരവും പ്രതീക്ഷിച്ചു ഇരുന്ന ഞങ്ങളുടെ വീട്ടിലേക്കു പിന്നെ അയൽക്കാരും ബന്ധുക്കളും ആണ് വന്നത്….. അവസാനം എന്റെ മഹിയെട്ടന്റെ ശരീരവും കൊണ്ടുള്ള ആംബുലൻസ് വീട്ടിലേക്കു വന്നപ്പോൾ എന്റെ ശരീരം തളർന്നു ഞാൻ തല കറങ്ങി താഴോട്ടു വീണു…. ബോധം വീണപ്പോൾ കുഞ്ഞിന്റെ കൂടെ കിടക്കുകയായിരുന്നു ഞാൻ…. കുഞ്ഞിനേയും എടുത്തുകൊണ്ട് ഓടി ചെന്നു ഒരിക്കലും ഉറങ്ങാത്ത ഉറക്കം ഉറങ്ങി കിടക്കുന്ന മഹിയെട്ടനോട് ഞാൻ പറഞ്ഞു
“” മോനെ പേര് ചൊല്ലി വിളിച്ചിട്ട് പൊ മഹിയെട്ട…. ആ ഭാഗ്യം എങ്കിലും അവനു കൊടുക്ക്…. “”
പക്ഷെ എന്റെ കരച്ചിലൊന്നും മഹിയെട്ടനെ ഉണർത്തിയില്ല…. എല്ലാവരും പോകും പോലെ എന്റെ മഹിയെട്ടനും എന്റെ അടുത്തു നിന്നും യാത്രയായി….. ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അറിഞ്ഞു ആരെയൊക്കെയോ പോലീസ് അറസ്റ്റ് ചെയ്തെന്നു….. അവസാനമായി എന്റെ മഹിയെട്ടന്റെ ബുള്ളറ്റും കൊണ്ടു വന്ന കൂട്ടുകാരനോട് ഞാൻ ചോദിച്ചു….
“” എന്തിനാ എന്റെ പാവം മഹിയെട്ടനെ വിളിച്ചുകൊണ്ടു പോയി കൊന്നത്….ആർക്കാണ് അത്രക്കും ക്രൂരത കാണിക്കാൻ തോന്നിയത്….എന്റെ കുഞ്ഞിന് മഹിയേട്ടൻ കണ്ടുവെച്ച പേര് പോലും കേൾക്കാൻ സാധിച്ചില്ല….എന്തിനാണ് അത്രയും വലിയ ക്രൂരത ആ കുഞ്ഞിനോട് കാണിച്ചത്….ഇനി എന്റെ മകൻ അവന്റെ അച്ഛൻ വീട്ടിൽ വിളിക്കാൻ മനസ്സിൽ ഉറപ്പിച്ച ഉണ്ണിക്കുട്ടൻ ആയി ലോകം അറിഞ്ഞാൽ മതി…. “”
തലകുമ്പിട്ടു നിന്നു കൊണ്ടും കരഞ്ഞുകൊണ്ടും മാത്രമേ ആ കൂട്ടുകാരന് എന്നോട് മറുപടി പറയാൻ കഴിഞ്ഞുള്ളു….
“” അതു പറ്റി പോയി പെങ്ങളെ…. രാഷ്ട്രീയകാർ ഉയർത്തി വിടുന്ന ജാതി ഭ്രാന്ത് ഇത്രക്കും വലുതാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു…… കഴിഞ്ഞ ദിവസങ്ങളിൽ വരെ തോളിൽ കയ്യിട്ടുകൊണ്ടു നടന്ന കൂട്ടുകാർ ആണെല്ലാം…. പെട്ടന്ന് കൂട്ടുകാർ എന്ന ഒരു വിഭാഗം മാറി അവർണനും സവർണനുമായി…. മഹി ഒരു പട്ടാളക്കാരൻ ആയതുകൊണ്ട് അവൻ പറഞ്ഞാൽ കേൾക്കും കരുതിയ ഞാൻ ആണ് പെങ്ങളെ മണ്ടൻ ആയതു…… രാഷ്ട്രീയകാരാൽ കൊളുത്തി വിട്ട ജാതി ഭ്രാന്തിനു രാജ്യം കാക്കുന്ന പട്ടാളക്കാരനെയും തിരിച്ചറിയാൻ കഴിഞ്ഞില്ല….. “”
അത്രയും പറഞ്ഞുകൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളും തുടച്ചുകൊണ് ആ കൂട്ടുകാരൻ പടി ഇറങ്ങി പോയി…..
അന്നേരം അവിടെ നിന്നുകൊണ്ട് ഞാൻ മനസ്സിൽ ഉറപ്പിച്ചു….
എന്റെ മകനെ സ്വജാതിയിൽ അന്തസായി തന്നെ വളർത്തും…. അതു മറ്റുള്ളവരോട് വഴക്ക് ഉണ്ടാക്കാൻ പറഞ്ഞല്ല…. എല്ലാവരും നിൻറെ സഹോദരങ്ങൾ ആണെന്ന സന്ദേശം പകർന്നു നൽകികൊണ്ട്,, ഈശ്വര ഭക്തിയിൽ വളരണം അവൻ…… അതു ഞാൻ പഠിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ രാഷ്ട്രീയകാർ പഠിപ്പിക്കുമ്പോൾ അവനൊരു മനുഷ്യ മൃഗമായി മാറും…. കാരണം വെളിയിൽ മനുഷ്യനെ മനുഷ്യൻ ആയി കാണാൻ പഠിപ്പിക്കുമ്പോളും ഉള്ളിൽ അവർ കൊടിയുടെ നിറം നോക്കി സ്നേഹിക്കാൻ അല്ലേ പഠിപ്പിക്കുന്നത്….. എന്റെ മകന് രാഷ്ട്രീയം വേണ്ട….. പാർട്ടി നോക്കാതെ രാജ്യത്തിന്റെ നന്മക്കു ആര് വേണം എന്നു അവൻ തീരുമാനിക്കട്ടെ…..
എന്റെ മഹിയെട്ടന്റെ ഫോട്ടോയും നോക്കി ഓർമകളിൽ ഞാൻ ഇങ്ങനെ നീറി ഇരിക്കുമ്പോൾ അവന്റെ അച്ഛന്റെ ബുള്ളറ്റിൽ കയറി ഇരുന്നുകൊണ്ടു എന്റെ ഉണ്ണിക്കുട്ടന്റെ വിളി വന്നു….
“” അമ്മേ അമ്മ എന്തിനാണ് കരയുന്നത്….മോനും അച്ഛനെ പോലെ വലിയ പട്ടാളക്കാരൻ ആകും…. മോനും സേവിക്കണം ഈ രാജ്യത്തെ….. അമ്മ ഒന്നും ഓർത്തു സങ്കടപെടണ്ട കേട്ടോ…. “”
കണ്ണുകൾ തുടച്ചുകൊണ്ട് അവന്റെ സംസാരം കേട്ടു ചിരിച്ചു ഞാൻ ബുള്ളറ്റിൽ ഇരിക്കുന്ന ഉണ്ണിക്കുട്ടനെ നോക്കുമ്പോൾ എനിക്കു തോന്നി എന്റെ മഹിയേട്ടൻ കുഞ്ഞായി ആ ബുള്ളറ്റിൽ കയറി ഇരിക്കുക ആണെന്ന്….. അല്ലേലും നല്ല മനുഷ്യർ അങ്ങനെ ആണ് മരിച്ചാലും ഒരു ചിരിയായും സ്നേഹമായും മനസ്സിലേക്ക് ഓടി എത്തും…..