എഴുത്ത്: മഹാ ദേവൻ
വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം വൃന്ദയെ തിരികെ അവളുടെ വീട്ടിൽ തന്നെ കൊണ്ട് വിടുമ്പോൾ എല്ലാവരുടെയും മുഖത്ത് അമ്പരപ്പായിരുന്നു.
ഉമ്മറത്ത് കാർ വന്ന് നിൽക്കുമ്പോൾ നാലാം വിരുന്നിനു മുന്നേ മരുമകനും മോളും ഒരു ദിവസം നേരത്തെ തന്നെ വീട്ടിലേക്ക് വന്നതിന്റെ സന്തോഷവും അത്ഭുതവുമായിരുന്നു ആദ്യം എല്ലാവരിലും..പക്ഷെ, കാറിന്റെ ഡോർ തുറന്ന് കരഞ്ഞുകൊണ്ട് ഇറങ്ങുന്ന മോളെ കണ്ടപ്പോൾ ആ അത്ഭുതം അമ്പരപ്പായി മാറി.
വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ, അതിനിടക്ക് ഇതെന്ത് സംഭവിച്ചു എന്നറിയാതെ പരസ്പ്പരം നോക്കുന്ന വീട്ടുകാരുടെ മുഖത്തു പോലും നോക്കാതെ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയ വൃന്ദക്കൊപ്പം ധൃതിയിൽ അമ്മയും അകത്തേക്ക് ആധിയോടെ പോകുമ്പോൾ കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും മുഷിച്ചിലൊന്നും കാണിക്കാതെ അച്ഛൻ ഉമ്മറത്തു നിന്ന് അവനെ ചിരിയോടെ അകത്തേക്ക് ക്ഷണിച്ചു.
” മോനെ വാ.. ” എന്നും പറഞ്ഞ് ചിരിക്കുന്ന അച്ഛന്റെ മുഖത്തേക്ക് ഈർഷ്യത്തോടെ നോക്കുന്ന ഹരിയുടെ ഭാവം കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി എന്തോ കാര്യമായി തന്നെ സംഭവിച്ചിട്ടുണ്ടെന്ന്. അല്ലെങ്കിൽ നല്ല രീതിയിൽ നടന്ന കല്യാണത്തിന്റെ മൂന്നാം ദിവസം ഇങ്ങനെ ഒരു വരവ് ഉണ്ടാകില്ലല്ലോ.
” എന്ത് പറ്റി മോനെ.. അവളെന്തിനാ കരയുന്നത്” എന്ന് തെല്ല് സംശയത്തോടെ ചോദിക്കുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കികൊണ്ട് ദേഷ്യത്തോടെ അവൻ പറയുന്നുണ്ടായിരുന്നു,
” ഒരു ഭ്രാന്തിപെണ്ണിനെ എന്റെ തലയിൽ കെട്ടി വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ചോദിക്കുന്നത് കേട്ടില്ലേ…നിങ്ങൾക്ക് നാണമുണ്ടോ? ഒരാൾ വിവാഹം കഴിക്കുന്നത് ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ്.ഒറ്റ രാത്രികൊണ്ട് അതെല്ലാം പാഴ്ക്കിനാവ് പോലെ വീണുടമ്പോൾ ഉളള വേദന ഉണ്ടല്ലോ.. അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഒന്നുമില്ലെങ്കിൽ നിങ്ങൾക്ക് നേരത്തെ വാ തുറന്നു പറയാമായിരുന്നല്ലോ ഇങ്ങനെ ഒരു ഫ്ളാഷ്ബാക് നിങ്ങളുടെ മോൾക്ക് ഉണ്ടെന്ന്. ഇതിപ്പോ വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ഒരു ഒരു രാത്രി കൂടെ കിടന്ന പെണ്ണിന് ഭ്രാന്ത് ആയിരുന്നുവെന്ന് അറിയുന്ന എന്റെ അവസ്ഥ നിങ്ങൾ ചിന്തിച്ചു നോക്കിയോ. നാളെ ഇത് പത്താൾ അറിയുമ്പോൾ ഉണ്ടാകുന്ന നാണക്കേട്. ഹോ..”
അവൻ ദേഷ്യത്തോടെ തല കുടയുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു അച്ഛൻ. മറുത്തൊരു വാക്ക് പറയാൻ കഴിയാതെ മരുമകന് മുന്നിൽ തല കുനിച്ചു നിൽക്കുമ്പോൾ അയാളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു,
” മോനെ ഹരി, എന്തായാലും നമുക്ക് ഉള്ളിൽ ഇരുന്ന് സംസാരിക്കാം.. ഇതിപ്പോ നാലുപാടും ആളുകൾ നോക്കുന്നുണ്ട്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാംനാൾ പെണ്ണിനെ വീട്ടിൽ കൊണ്ട് വിട്ടെന്ന് നാട്ടുകാർ അറിഞ്ഞാൽ പിന്നെ നാണക്കേട് കാരണം പുറത്തിറങ്ങാൻ കഴിയില്ല. കാര്യം മുഴുവൻ അറിയാതെ നാട്ടുകാർ പലതും പറഞ്ഞുണ്ടാകും. പെണ്ണിന്റ സ്വഭാവമഹിമ കൊണ്ടാണെന്നും പെണ്ണ് ശരിയെല്ലെന്നും, അതുകൊണ്ടാണ് ചെക്കൻ മൂന്ന് ദിവസം തികച്ചു കൂടെ നിർത്താതെ കൊണ്ട് വിട്ടതെന്നുമൊക്ക നാക്കിനു ലൈസൻസ് ഇല്ലാത്ത നാട്ടുകാർ പറയും. ഒരു അച്ഛന് മകളെ കുറിച്ച് അങ്ങനെ ഒന്നും കേൾക്കാനുള്ള ശക്തി ഇല്ല. അതുകൊണ്ട് മോന് ഉള്ളിലേക്ക് വാ… എന്നിട്ട് നമുക്ക് സംസാരിക്കാം. മറ്റുള്ളവരെ എന്തിനാ ഇതൊക്കെ അറിയിക്കുന്നത് “
അച്ഛന്റെ കലങ്ങിയ കണ്ണുകളുമായി ഇടറുന്ന വാക്കുകൾക്ക് മുന്നിൽ ഹരി പുച്ഛത്തോടെ മുഖം കോട്ടി, ” എന്തിനാ ഞാൻ ഉള്ളിലേക്ക് വരുന്നത്. എല്ലാവരും അറിയട്ടെ കാര്യങ്ങൾ. മകളുടെ അസുഖം മറച്ചുവെച്ച് എന്റെ പെടലിക്ക് കെട്ടിവെക്കുമ്പോൾ ഓർത്തില്ലേ ഇതൊന്നും..? എന്നിട്ടിപ്പോൾ നാട്ടുകാർ കേട്ടാൽ മാനക്കേട്. അപ്പൊ എന്റെ മാനക്കേടോ? അതിന് ആര് സമാധാനം പറയും . എന്തായാലും ഈ ബന്ധം ഇവിടെ തീർന്നു. നിങ്ങൾ നിങ്ങടെ മകളെ എന്താച്ചാ ചെയ്തോ. ഞാൻ പോകുന്നു. “
എന്നും പറഞ്ഞ് ഹരി കാറിൽ കയറി പുറത്തേക്ക് പോകുമ്പോൾ മുകളിലെ ജനലഴികളിലൂടെ നിറഞ്ഞ് തൂവുന്ന രണ്ടു കണ്ണുകൾ അവന്റെ പോക്കും നോക്കി നിർവ്വികാരമായി ഇരിക്കുന്നുണ്ടായിരുന്നു.
” മോളെ.. എന്താടി ഉണ്ടായേ.. ഈ രണ്ട് ദിവസം കൊണ്ട് തന്നെ…. “
അടുത്തിരുന്ന് മുടിയിൽ പതിയെ തലോടുന്ന അമ്മയുടെ വിഷമം നിറഞ്ഞ ചോദ്യത്തിന് മുന്നിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പുഞ്ചിരിക്കുമ്പോൾ വൃന്ദ അമ്മയോട് പറയുന്നുണ്ടായിരുന്നു ” ഞാൻ ഭ്രാന്തി അല്ലെ അമ്മേ എല്ലാവർക്കും. ഒരിക്കൽ വീണ പേര് പിന്നെ ജീവിതാവസാനം വരെ കൂടെ തന്നെ ഉണ്ടാകും… ഭ്രാന്തി ” അതും പറഞ്ഞവൾ ചിരിക്കുമ്പോൾ കണ്ണുകൾ തുടക്കുന്ന അമ്മക്ക് അറിയാമായിരുന്നു ആ ചിരിക്ക് പിന്നിൽ ഒരുപാട് സങ്കടങ്ങൾ ഒളിപ്പിക്കുന്നുണ്ട് തന്റെ മോൾ എന്ന്.
അന്ന് വൈകിട്ട് ഹരിയെ കാണാൻ ഒരാൾ വന്നിരുന്നു. വൃന്ദയുടെ അമ്മാവൻ രവീന്ദ്രൻ. പുറത്ത് കോളിങ്ബെൽ അടിച്ചു കാത്തുനിക്കുന്ന അയാളെ കണ്ടപ്പോൾ മുഖത്തുലൊരു താല്പര്യകുറവ് ഉണ്ടായിരുന്നെങ്കിലും അതൊന്നും പുറത്ത് കാണിക്കതെ ഹരി അയാളെ ഉള്ളിലേക്ക് ക്ഷണിച്ചിരുത്തുമ്പോൾ ഉമ്മറത്ത് വന്നത് ആരെന്ന് അറിയാൻ അവന്റ അച്ഛനും അമ്മയും പുറത്തേക്ക് വന്നിരുന്നു.
രവീന്ദ്രനെ കണ്ടപ്പോൾ അവരിലും വലിയ താല്പര്യമൊന്നും ഇല്ലായിരുന്നുവെങ്കിലും മരുമകളെ കുറിച്ച് പറയാൻ ആണ് ആ വരവെന്ന് എല്ലാവർക്കും അറിയാമായിരുന്നു.
ഹരി അയാളോട് ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മുന്നിലെ സോഫയിലേക്ക് ഇരിക്കുമ്പോൾ ഭാര്യയോട് ചായ എടുക്കാൻ പറഞ്ഞുകൊണ്ട് ഹരിയുടെ അച്ഛനും അവരോടൊപ്പം സോഫയിലേക്ക് ഇരുന്നു.
എങ്ങിനെ പറഞ്ഞ് തുടങ്ങണം എന്നറിയാതെ മൗനം പാലിച്ചുകൊണ്ട് കുറച്ച് നേരം അതേ ഇരിപ്പ് ഇരിക്കുമ്പോൾ എന്തിനാണ് ഇയാൾ വന്നതെന്ന് അറിയാനുള്ള ആകാംഷ മറ്റു മുഖങ്ങളിൽ ഉണ്ടായിരുന്നു.
കുറച്ച് നേരത്തെ ആ മൗനത്തിനു ശേഷം രവീന്ദ്രൻ തന്നെ ആയിരുന്നു സംസാരിച്ചുതുടങ്ങിയത്. ” ഹരി… ഞാൻ ഇപ്പോൾ വന്നത് എന്തിനായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. വൃന്ദയുടെ വക്കാലത്തുമായിട്ടു തന്നെ ആണ്. ഈ കാര്യവുമായി ഞാൻ ഇവിടെ വന്നതിൽ നിങ്ങൾക്ക് തീരെ താല്പര്യം ഇല്ലെന്ന് അറിയാം. പക്ഷേ, ഇപ്പോൾ ഞാൻ വന്നില്ലെങ്കിൽ… !
ഹരി, അവളൊരു പാവം കുട്ടിയാണ്. ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഒരിക്കലും ഹരിയെ ചതിക്കണമെന്ന് കരുതിയല്ല ഒന്നും പറയാതിരുന്നത്. ചിലത് മറ്റുള്ളവർ അറിയാതിരിക്കാൻ ഇത്ര കാലം ഒരുപാട് കഷ്ട്ടപ്പെട്ടു. ഇനിയും ആർക്കു മുന്നിലും അതൊന്നും വിവരിക്കാൻ അവൾ സമ്മതിക്കാറില്ല. അതുകൊണ്ട് മാത്രമാണ് ഒന്നും പറയാതിരുന്നത്. “
അയാൾ പറഞ്ഞ് തുടങ്ങിയ വാക്കുകൾ കേട്ടപ്പോൾ അവന്റെ മുഖത്തു പുച്ഛം തന്നെ ആയിരുന്നു, ” പിന്നെ ഇത് ചതിയല്ലാതെ എന്താണ്. വിവാഹം എന്നത് രണ്ട് മനസ്സുകൾ തമ്മിലുള്ള പൊരുത്തം ആണ്. ഇങ്ങനെ ഒരു ട്രാജഡി ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ എങ്കിലും രക്ഷപ്പെട്ടേനെ. ഇതിപ്പോൾ എല്ലാം മറച്ചുവെച്ചു വിവാഹം നടത്തിയിട്ട് ന്യായീകരിക്കുവാണോ നിങ്ങൾ ? ഇതെല്ലാം ഒരു നിമിഷം അറിയുമ്പോൾ എന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചോ ? ഇനി മനസ്സിൽ തട്ടി എനിക്ക് അവളെ സ്നേഹിക്കാൻ കഴിയുമോ ? ചെറിയ ചെറിയ സന്തോഷങ്ങൾ കൊതിക്കുന്ന ഒരാൾ ആണ് ഞാൻ. അതും കൂടി ഇല്ലാതാകാൻ നോക്കുകയല്ലേ നിങ്ങള് ഒക്കെ കൂടി ചെയ്തത് ? “
അവന്റ വാക്കുകളിൽ രോഷം ഉണ്ടായിരുന്നു.
വല്ലാത്ത ഒരു നഷ്ടബോധം ഉണ്ടായിരുന്നു. ജീവിതത്തോട് തന്നെ വെറുപ്പുള്ള പോലെ ആയിരുന്നു ഓരോ വാക്കും.
” ഹരി, ചെയ്തത് തെറ്റാണ്, സമ്മതിച്ചു. അതിന്റ കാരണവും ഞാൻ പറഞ്ഞു. അത് ഒരു എക്സ്ക്യുസ് അല്ലെന്ന് അറിയാം..പക്ഷേ, ഒന്ന് മാത്രം.. അവളെ ഇനിയും ഭ്രാന്തി എന്ന് വിളിക്കരുത്. പുറംലോകമറിയാതെ കൊണ്ട് നടന്ന ചില സത്യങ്ങൾ ഉണ്ട്. അതിൽ നിന്നും ആരോ ചുരണ്ടിയെടുത്ത കുറച്ചു ഭാഗം മാത്രമേ ഹരി അറിഞ്ഞിട്ടുള്ളൂ. അതിനപ്പുറം അറിയാൻ ഒരുപാട് ഉണ്ട്. അതും കൂടി അറിഞ്ഞിട്ട് തീരുമാനിക്ക് എന്റെ മോൾ ഭ്രാന്തിയാണോ എന്ന്.
രവീന്ദ്രൻ അല്പം ദേഷ്യം കലർന്ന ഭാഷയിൽ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അയാൾ പറഞ്ഞതിന്റെ അർത്ഥം എന്തെന്ന് അറിയാനുള്ള ആകാംഷ ഹരിയുടെയും അവന്റെ അച്ഛന്റയും മുഖത്തുണ്ടായിരുന്നു.
“ഹരി.. ഇത് ഒരാൾ പോലും അറിയരുതെന്ന് കരുതിയതാണ്. പക്ഷേ, എന്റെ മോളുടെ ഭാവിയാണ് ഇതിന്റെ പിന്നിൽ തൂങ്ങിക്കളിക്കുന്നത്. അതുകൊണ്ട് മാത്രം ഹരിയെങ്കിലും ഈ സത്യം അറിയണമെന്ന് തോന്നി. “
അയാൾ മുഖവുരയോടെ പറഞ്ഞുതുടങ്ങുമ്പോൾ ആകാംഷയോടെ അത് കേൾക്കുകയായിരുന്നു ഹരിയും അച്ഛനും.
” ഹരിക്ക് അറിയാലോ വൃന്ദയുടെ അനിയത്തി ശ്രദ്ധയെ.
അനിയത്തിയെ ഒരുപാട് ഇഷ്ട്ടമായിരുന്നു അവൾക്ക്. അന്ന് വൃന്ദ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ഒരു ദിവസം വീട്ടിൽ എത്തുമ്പോൾ ശ്രദ്ധയുടെ മുറിയിൽ നിന്നും കരച്ചിൽ കേൾക്കുന്നത്. കയ്യിലെ ബാഗ് സോഫയിലേക്ക് എറിഞ്ഞുകൊണ്ട് കരച്ചിൽ കേട്ട ഭാഗത്ത് ഓടിയെത്തുമ്പോൾ അനിയത്തിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവനെ ആണ് കണ്ടത്. അന്ന് ആ പതിനേഴു വയസ്സ്കാരിയുടെ ധൈര്യം അനിയത്തിക്ക് തുണയാകുമ്പോൾ നിലത്തു ചോരയിൽ കുളിച്ച് കിടപ്പുണ്ടായിരുന്നു ഒരുവൻ. മുന്നിൽ കണ്ട കാഴ്ചയിൽ ആദ്യത്തെ പാതാർച്ചയിൽ നിന്നും മോചിതനായി പുറത്തെ ചായ്പ്പിൽ ഇരിക്കുന്ന കോ ടാലി കൊണ്ട് അവൾ അവനെ വെ ട്ടുമ്പോൾ മുന്നിൽ പ്രിയപ്പെട്ട അനിയത്തിയുടെ മാനവും കരച്ചിലും മാത്രമായിരുന്നു. ചാരി ത്ര്യം നഷ്ടപ്പെടാതെ അനിയത്തിയെ ചേർത്തുപിടിക്കുമ്പോൾ മരണത്തിനും ജീവിതത്തിനും ഇടയിൽ താഴെ കിടപ്പുണ്ടായിരുന്നു ഒരാൾ. പക്ഷേ, ആ കാഴ്ചകളെല്ലാം അവളെ എത്തിച്ചത് മാനസികമായ തകർച്ചയിലേക്ക് ആയിരുന്നു.
വെട്ടിയത് താൻ ആണെന്ന് ശ്രദ്ധ ഏറ്റുപറയുമ്പോൾ ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ ഓർത്ത് അവളിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു. എല്ലാവരും ആ സംഭവത്തെ പുറംലോകമറിയാതെ മറച്ചുപിടിച്ചപ്പോൾ വെട്ട് കൊണ്ടവനെ ആരും അറിയാതെ വെല്ലൂരിലേക്ക് മാറ്റി. ദൂരെ ജോലിക്ക് പോയതാണെന്ന് മാറ്റിയുള്ളവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്.
ആ സംഭവത്തോടെ മാനസികമായി തകർന്ന വൃന്ദ കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു എന്നത് സത്യമാണ്.. പക്ഷേ, അവളുടെ ആ അവസ്ഥ ഭ്രാന്തമല്ലായിരുന്നു..
ഭ്രാന്തിനോളം എത്താത്ത അവളെ ഭ്രാന്തിയെന്നു വിളിക്കുമ്പോൾ…..
അത് വളരെ പെട്ടന്ന് തന്നെ മാറി അവൾ പഴയ പോലെ ജീവിതത്തിലോട്ട് വന്നതുമാണ്.
പിന്നീട് ഒരിക്കലും അവൾക്ക് മുന്നിൽ അങ്ങനെ ഒരു വിഷയം ആരും സംസാരിച്ചിട്ടില്ല.. പക്ഷേ, ഇപ്പോൾ ആരോ പറഞ്ഞ വാക്ക് കേട്ട ഹരി.. “
രവീന്ദ്രന്റെ വാക്കുകൾ ഓരോന്നും ആകാംഷയോടെ കേൾക്കുമ്പോൾ അവന് ചോദിക്കാനുണ്ടായിരുന്നത് ഒന്ന് മാത്രമായിരുന്നു.
” ശ്രദ്ധയെ അന്ന്…….. ആരായിരുന്നു അത്. “
അവന്റെ ചോദ്യം കേട്ട് രവീന്ദ്രൻ കൈകൊണ്ട് ഒന്ന് മുഖം തുടച്ചു. പിന്നെ വിഷമത്തോടെ പറയുന്നുണ്ടായിരുന്നു ” അത്.. അത് എന്റെ മോൻ ആയിരുന്നു. അവനായിരുന്നു ശ്രദ്ധയെ… അതിന്റ ശിക്ഷ അവൻ ഇപ്പോഴും അനുഭവിക്കുന്നു. അന്നത്തെ വൃന്ദയുടെ ആ വീട്ടിൽ…..ഇപ്പോൾ എഴുനേൽക്കാൻ പോലും കഴിയാതെ…നാട്ടുകാരുടെ കണ്ണിൽ ജോലിസ്ഥലത്തു നിന്നും പറ്റിയ ആക്സിഡന്റ. “
അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
” ഇത് ഇപ്പോൾ പറഞ്ഞില്ലെങ്കിൽ എന്റെ മോളുടെ ജീവിതം കൂടി ഇതിന്റെ പേരിൽ ഇല്ലാതാകും എന്ന് തോന്നിയത് കൊണ്ടാണ്.
അവൾക്ക് ഭ്രാന്തില്ല മോനെ.. ആ പേരിൽ എന്റെ മോളെ ഉപേക്ഷിക്കരുത്. ഇനി എല്ലാം ഹരിയുടെ തീരുമാനം പോലെ…ഇനിയും തുറന്ന് പറയാത്തതിന്റെ നീരസം ഉണ്ടെങ്കിൽ ക്ഷമിക്കണം. ഇനി ഹരിയുടെ തീരുമാനം എന്ത് തന്നെ ആയാലും ഇങ്ങനെ ഒരു കാര്യം ഹരി അറിഞ്ഞതായി ഭാവികരുത്. ഒരിക്കലും ഞാൻ ഇവിടെ വന്ന് ഇത് പറഞ്ഞതായും. “
അത്രയും പറഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ പടിയിറങ്ങുമ്പോൾ വല്ലത്ത ഒരു സങ്കടം തോന്നി ഹരിക്കും.
ജീവച്ഛവമായി കിടക്കുന്ന മകന് വേണ്ടി കരഞ്ഞും സഹോദരിയുടെ മകൾക്ക് വേണ്ടി യാചിച്ചും ഒരു മനുഷ്യൻ. എന്തൊരു വിധിയാണ് അയാളുടെ എന്ന് ചിന്തിച്ചുകൊണ്ട് തിരിയുമ്പോൾ പിറകിൽ ഹരിയുടെ അച്ഛൻ നിൽപ്പുണ്ടായിരുന്നു,
” നീ എന്ത് തീരുമാനിച്ചു ഹരി. അവളെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാനോ..? ” അയാളുടെ ഗൗരവം നിറഞ്ഞ ചോദ്യത്തിനു മുന്നിൽ എന്ത് പറയണം, എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ഹരിയുടെ തോളിൽ കൈ വെച്ചുകൊണ്ട് അപ്പോൾ അച്ഛൻ പറയുന്നുണ്ടായിരുന്നു, “മോനെ, ഇനി കൂടുതൽ ഒന്നും ആലോചിക്കണ്ട. അവളെ വിളിച്ചുകൊണ്ടുവാ… അവർ മാത്രമല്ല ഇപ്പോൾ തെറ്റുകാർ. കാര്യം മുഴുവൻ അറിയുന്നതിന് മുന്നേ എടുത്തുചാടിയ നമ്മളും തെറ്റുകാർ ആണ്. ഒരു കാര്യത്തിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടാകുമെന്ന് ചിന്തിക്കാത്തിടത്താണ് നമുക്ക് തെറ്റുപറ്റിയത്. അതുകൊണ്ട് നീ പോയി അവളെ വിളിച്ചുകൊണ്ടു വാ. ആരും അറിയാത്ത ആ കാര്യങ്ങൾ അങ്ങനെ തന്നെ ഇരിക്കട്ടെ. ഒരു ഓർമ്മയായി പോലും അവളിൽ അത് അവശേഷിക്കാതിരിക്കാൻ ഇപ്പോൾ നീ അവളെ ചേർത്തുപിടിച്ചാൽ മതി.”
അച്ഛന്റെ ചിരിച്ചുകൊണ്ടുള്ള വാക്കുകൾക്ക് മുന്നിൽ തലയാട്ടുമ്പോൾ അവനും തിരിച്ചറിയുകയായിരുന്നു അച്ഛന്റെ വാക്കുകൾ ആണ് ശരി എന്ന്. ഒരു നിമിഷത്തിൽ എടുത്തു ചാടുന്ന തീരുമാനങ്ങൾക്ക് പിറകിൽ മറഞ്ഞിരിക്കുന്ന ഒരുപാട് സത്യങ്ങൾ ഉണ്ടാകും. അതിലേക്ക് ഒന്നെത്തിനോക്കാൻ പോലും കൂട്ടാക്കാതെ എടുക്കുന്ന പല തീരുമാനങ്ങളും തെറ്റാണെന്ന് തിരിച്ചറിയുമ്പോൾ ചിലപ്പോൾ വൈകും. ഇവിടെ ഇങ്ങനെ ഒരു അമ്മാവൻ ഉണ്ടായത് കൊണ്ട് എല്ലാം അറിഞ്ഞു..അല്ലായിരുന്നെങ്കിൽ അവൾ എപ്പോളും മനസ്സിൽ തന്നെ വഞ്ചിച്ചവൾ ആയേനെ…അവളെ വെറുക്കാൻ മാത്രം മനസ്സിനെ പാകപ്പെടുത്തിയേനെ…. !
അച്ഛന്റെ വാക്കുകൾക് മറുത്തൊന്നും പറയാതെ പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോൾ അമ്മയോട് അവൻ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
” അമ്മേ, ഞാൻ ഭാര്യവീട്ടിലോട്ടാ.. അവർക്ക് പ്രശ്നം ഒന്നുമില്ലെങ്കിൽ അവിടെ വിരുന്നും കൂടിയിട്ട് രണ്ടു ദിവസം കഴിഞ്ഞേ വരൂ ” എന്ന്.