ആവശ്യത്തിലധികം പണവും നല്ല ജോലിയും ഉള്ള താന്‍, രേണു ഒരു രീതിയിലും വഴങ്ങാത്തതിനാല്‍ മാത്രമാണ് കല്യാണം കഴിക്കേണ്ടി വന്നത്..

രേണുക…

Story written by Deepthy Praveen

” ഞാന്‍ പോകുകയാണ്‌.. ഇനി എന്റെ ആവശ്യം ഇവിടെയുണ്ടെന്നു തോന്നുന്നില്ല.. ”

അവസാനമായി രേണുക പറഞ്ഞ വാക്കുകള്‍ ചുറ്റും അലയടിക്കുന്നതു പോലെ തോന്നി..

എന്നായിരുന്നു അത്.. ഏകദേശം ഇരുപത് വര്‍ഷം ആയിട്ടുണ്ടാകും. സ്റ്റെഫിയെയും തന്നെയും ഒരുമിച്ചു ഒരു മുറിയില്‍ കണ്ടപ്പോഴാണ് രേണു അങ്ങനെയൊരു അവസാന തീരുമാനം എടുത്തത്. ഒട്ടും കുറ്റബോധം തോന്നാതെ അവളെ പുച്ഛിച്ചു നിന്ന തന്റെ മുന്നിലൂടെ അവള്‍ പെട്ടിയും എടുത്തിറങ്ങുമ്പോള്‍ , കല്ലു പോലെ കഠിനമാക്കിയിരുന്ന ആ മുഖത്ത് രണ്ടു അരുവികള്‍ ഒഴുകുന്നുണ്ടായിരുന്നു.. സ്റ്റെഫി പോയി മീരയും ദുര്‍ഗയും അഞ്ജൂവും അങ്ങനെ പേരു മറന്ന പലരും വന്നു.. എല്ലാവരും മടുക്കുമ്പോള്‍ ഇറങ്ങിപ്പോയി.. താനും അതായിരുന്നു ആഗ്രഹിച്ചിരുന്നത്. നല്ല സ്വതന്ത്രമായ ജീവിതം.എവിടേയും ബാധ്യത കൊടുക്കാതെ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജീവിതം ആഘോഷിക്കുന്നതിന് ബാധ്യതയൊക്കെ തടസ്സമാണ്. ഒരു കുഞ്ഞിന്റെ കാര്യം പറഞ്ഞാണ് താനും രേണുവും എന്നും വഴക്കിട്ടിരുന്നത്.. മക്കളെന്ന ഉത്തരവാദിത്വത്തില്‍ അവളെന്നെ തളയ്ക്കാന്‍ നോക്കി. ആവശ്യത്തിലധികം പണവും നല്ല ജോലിയും ഉള്ള താന്‍ രേണു ഒരു രീതിയിലും വഴങ്ങാത്തതിനാല്‍ മാത്രമാണ് കല്യാണം കഴിക്കേണ്ടി വന്നത്.. മടുത്തപ്പോള്‍ ഒഴിവാക്കാന്‍ പല പണിയും നോക്കി.. പക്ഷേ അവള്‍ വഴങ്ങിയില്ല. അങ്ങനെയാണ് അന്യ സ്ത്രീകളുമായി വീട്ടില്‍ വരാന്‍ തുടങ്ങിയത്‌ . രേണുവിനെ പോലെ ഒരു ഭാര്യ ഒരിക്കലും അതൊന്നും അംഗീകരിക്കില്ലെന്നു തനിക്ക് ഉറപ്പായിരുന്നു..

അവള്‍ നന്നായി ജീവിക്കുന്നുണ്ടാകും . അതോ തന്നെ മാത്രം ഓര്‍ത്തു ജീവിതം തള്ളി നീക്കുകയാണോ. അതോര്‍ത്തപ്പോള്‍ നെഞ്ചിലൊരു തണുപ്പ് അരിച്ചിറങ്ങുന്നതു പോലെ.

അടുത്തില്ലെങ്കിലും തന്നെ മാത്രം ചിന്തിച്ചു ഒരാള്‍ ജീവിക്കുന്നു എന്ന ചിന്ത പോലും മനുഷ്യരില്‍ പോസ്റ്റീവ് വെബ് ഉണ്ടാക്കും.

നെഞ്ചില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു ചുമ ആ സുഖമുള്ള ഓര്‍മ്മയെ വിഴുങ്ങി.. വല്ലാത്ത ചുമയും പനിയും ആണ്.. തീര്‍ത്തും അവശനായപ്പോള്‍ ഈ വീട്ടില്‍ താനും വേലക്കാരിയും മാത്രമായി..

രണ്ടു മൂന്നു ദിവസമായി രേണു ഇങ്ങനെ മനസ്സില്‍ കിടന്നു ശ്വാസം മുട്ടിക്കുന്നു. ശരിക്കും പറഞ്ഞ രണ്ടു മൂന്ന് ദിവസമല്ല ഡിവോഴ്സ് വാങ്ങി പോയ അന്നു മുതല്‍ അവള്‍ ഇങ്ങനെ മനസ്സിനെ നോവിച്ചു തുടങ്ങിയതാണ് . പക്ഷേ അവളുടെ മുന്നില്‍ താഴാനുള്ള മടിയും തന്റെ ശീലങ്ങളെ ഉപേക്ഷിക്കാന്‍ കഴിയാതെ ഇരുന്നതെല്ലാം അവളിലേക്കുള്ള വഴിയെ തടസ്സപെടുത്തി..

കഴിഞ്ഞ ദിവസങ്ങളില്‍ ഉറ്റസുഹൃത്ത് രമേശ് അവളെ കണ്ട കാര്യം പറഞ്ഞപ്പോഴാണ് അവളെ പറ്റിയുള്ള ചിന്തകള്‍ തീവ്രമായത്‌

” ഞാനിന്നു മാളില്‍ പോയപ്പോള്‍ രേണുവിന്റേ കണ്ടിരുന്നു .. ഒരു മാറ്റവും ഇല്ല. ”

വൈകുന്നേരത്തെ സൗഹൃദസംഭാഷണത്തില്‍ ആയിരുന്നു രമേശ് അത് പറഞ്ഞത്..

”എന്നിട്ട് .., കൂടെ ആര് ഉണ്ടായിരുന്നു.. ” അത് അറിയാന്‍ ആയിരുന്നു ആകാംക്ഷ.

”എന്നിട്ട് എന്താ.. നിന്നെ പറ്റി ചോദിച്ചു നിനക്കു സുഖമാണോന്ന് ചോദിച്ചു..പുള്ളിക്കാരി ഒറ്റയ്ക്കായിരുന്നു… അന്നത്തെ പോലെ തന്നെ ഇരിക്കുന്നു. ”

തന്നെ പറ്റി അന്വേഷിച്ചു എന്നു പറഞ്ഞപ്പോള്‍ ഒരു തണുപ്പ് നെഞ്ചില്‍ പടര്‍ന്നു….. ഇപ്പോഴും അവള്‍ തന്നെ തേടുന്നു.. അതിനര്‍ത്ഥം തന്നെ സ്നേഹിക്കുന്നു എന്നല്ലേ. ?

” വേറൊന്നും പറഞ്ഞില്ലേ.. ? ”..

അവളെ പറ്റി കൂടുതല്‍ അറിയാന്‍ തോന്നി..

” ഒന്നും പറഞ്ഞില്ല.. നമ്പര് തന്നു പോയി..” ,രമേശ് പറഞ്ഞു നിര്‍ത്തി.

ആ നമ്പര്‍ തനിക്കു വേണ്ടി തന്നത് ആയിരിക്കില്ലേ. അവള്‍ തന്നെ മാത്രം ഓര്‍ത്ത് ഇരിക്കുകയാകും..

അപ്പോള്‍ തന്നെ നമ്പരു വാങ്ങി വെച്ചതാണ് വിളിക്കാന്‍ മടി.., അല്ലെങ്കിലും എന്തു പറഞ്ഞ് അവളെ വിളിക്കും. തെറ്റുകള്‍ എല്ലാം തന്റേത് മാത്രം ആയിരുന്നെല്ലോ. അവള്‍ പാവമായിരുന്നു.

അവളെ പറ്റി ഓര്‍ക്കുമ്പോഴെല്ലാം തന്റെ നെഞ്ചിലൊരു മഞ്ഞു മല ഉരുകുന്ന സുഖം.. പ്രണയത്തിന് ഇത്ര ശക്തി ഉണ്ടോ… താന്‍ ഇത്രയും നാളുകള്‍ കണ്ടതും അനുഭവിച്ചതും കാ മം മാത്രമായിരുന്നു .. കാ മത്തിന് വേണ്ടിയുള്ള പ്രണയം..

അതിനപ്പുറം പ്രണയമെന്നൊരു വികാരം ഉണ്ടെന്ന വൈകിയ തിരിച്ചറിവാണ് രേണുവിന്റെ ഓര്‍മ്മകള്‍ സമ്മാനിക്കുന്നത്.. പ്രണയം എന്നത് തളര്‍ന്നു വീഴുമ്പോള്‍ താങ്ങാണ്. ഒരാളിലേക്ക് മറ്റൊരാളിന്റെ അദൃശ്യമായ മാറ്റമാണ്. ശിവപാര്‍വ്വതിമാരെ പോലെ പരസ്പരം ലയനമാണ്… ഓര്‍ക്കും തോറും രേണുവിന്റെ പുഞ്ചിരിക്കുന്ന മുഖം ഉള്ളില്‍ തെളിഞ്ഞു..

ഡയറിയില്‍ മടക്കി വെച്ചിരുന്ന കടലാസ് തുണ്ട് നിവര്‍ത്തി. അതില്‍ രമേശ് എഴുതി തന്ന രേണുവിന്റെ നമ്പര്‍..

ഡയല്‍ ചെയ്തൂ പതിയെ ചെവിയോട് ചേര്‍ക്കുമ്പോഴും പ്രതികരണം എങ്ങനെ ആയിരിക്കും എന്ന അങ്കലാപ്പില്‍ ആയിരുന്നു..

ആദ്യത്തെ പ്രാവശ്യം ബെല്ലടിച്ചു നിന്നു..വീണ്ടും വിളിക്കാന്‍ മടിച്ചു ഫോണ്‍ വെച്ചപ്പോഴാണ് കോള്‍ തിരിച്ചു വന്നത്.. അതേ നമ്പര്‍..വിറയലോടെയാണ് ഫോണ്‍ എടുത്തത്..

” ഹലോ.. ” .

രേണു..അവള്‍..

ആ ശബ്ദം കേട്ടപ്പോഴേ നഷ്ടപെട്ട പ്രിയപ്പെട്ടത് തിരികെ കിട്ടിയതു പോലെ ഉള്ളില്‍ ഒരു കുട്ടി തുള്ളിക്കളിച്ചു.. ശ്വാസം എടുക്കാന്‍ പാടുപെട്ടു..

” രേണു .. ഞാനാ …” ശബ്ദം വിറച്ചിരുന്നു..

” ശിവേട്ടന്‍.. ” രേണുവിന്റെ ശബ്ദത്തില്‍ സന്തോഷവും കണ്ണീരും തൊട്ടറിഞ്ഞു..

” രമേശ് നമ്പര് തന്നതാണ്..തനിക്ക് ബുദ്ധിമുട്ട് ആയോ.”

”ഇല്ല ശിവേട്ടാ.. ശിവേട്ടന്‍ സുഖമായി ഇരിക്കുന്നുവോ ..” ആ ശബ്ദം നനഞ്ഞിരുന്നു.

” എനിക്കു സുഖമാണ്. കുറച്ചു ആരോഗ്യപ്രശ്നങ്ങള്‍.. ആയ കാലത്തെ ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാതെ നടന്നതല്ലിയോ.. അതിന്റെയാണ്…

തനിക്ക് സൂഖമായിരിക്കുമെല്ലോ..ല്ലേ…? തന്നെയൊന്നു കണ്ടാല്‍ കൊള്ളാമെന്നുണ്ട്.. ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഇവിടേ വരെ വരുമോ.. ” മടിച്ചു മടിച്ചാണ് ചോദിച്ചത്.

മറുവശത്തെ ,മൗനം നിമിഷനേരം കൊണ്ട് പൊള്ളിച്ചു കൊണ്ടിരുന്നു …

” ഞാന്‍ നാളെ വരാം ശിവേട്ടാ.. ” ഇതും പറഞ്ഞു കോള്‍ കട്ട് ചെയ്തപ്പോള്‍ നഷ്ടപെട്ട ജീവിതം കൈവെള്ളയില്‍ എത്തിയതു പോലെ തോന്നി. തന്നോട് ദേഷ്യം ആണെങ്കില്‍ അവള്‍ വരാമെന്നു സമ്മതിക്കില്ലല്ലോ..

നാളെ കുറ്റങ്ങളൊക്കെ ഏറ്റു പറഞ്ഞു അവളെ ചേര്‍ത്തു പിടിക്കണം.. ഇനിയങ്ങോട്ട് അവള്‍ മാത്രം മതി…. കുറേ നാളുകള്‍ കൂടി മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി

സമയം പോകാന്‍ വളരെ താമസം പോലെ തോന്നി…എത്രയും പെട്ടെന്ന് നാളെ ആയാല്‍ മതിയാരുന്നു ..മനസ്സ് ആഹ്ലാദത്തിമര്‍പ്പില്‍ ആയിരുന്നു…

രാത്രിയില്‍ ,വെറൂതെ ആകാശം നോക്കി കിടന്നു.. നിലാവിനൊക്കെ ഇത്രയേറേ ഭംഗിയോ… നിലാവില്‍ മരങ്ങളുടെ ഇരുണ്ട രൂപങ്ങളെ തന്റെ ജീവീതവുമായി വെറൂതെ താരതമ്യം ചെയ്തു നോക്കി.. ഒടുവില്‍ താന്‍ ആ ഇരുണ്ട രൂപങ്ങളെയൊക്കെ വെട്ടിമാറ്റി നിലാവിലേക്ക് എത്തിയിരിക്കുന്നു.. നിലാവിന് അപ്പോള്‍ രേണുവിന്റെ മുഖമായിരുന്നു.. അവളുടെ നിറഞ്ഞ ചിരിയുള്ള മുഖത്തിന് മുന്നില്‍ നിലാവ് പോലും തോല്‍ക്കും..

ജീവിതത്തില്‍ ആദ്യമായി ഒരാളോട് പ്രണയം തോന്നുകയാണ്…അതിങ്ങനെ മനസ്സ് തുളുമ്പി പരന്നൊഴുകുന്നത് പോലെ..

രാവു പുലരാന്‍ ഒരുപാട് സമയമെടുത്തു..പുതിയ സ്വപ്നങ്ങളും നെയ്തു അവയ്ക്ക് കൂട്ടിരിക്കുമ്പോള്‍ പ്രണയം മനോഹരമായ വികാരം ആണെന്നു ഒരിക്കല്‍ കൂടി ഉറപ്പിച്ചു..

അടുത്ത ദിവസം നേരത്തെ എഴുന്നേറ്റു ഷേവൊക്കെ ചെയ്തു , കുളിച്ചു വെട്ടാതെ ലേശം വളര്‍ന്നിറങ്ങിയ മുടിയിഴകളെ ഒതുക്കി വെച്ചു പുതിയ ഉടുപ്പൊക്കെയിട്ടു റെഡിയായിരുന്നു..

രേണുവിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന ഭയം ഉള്ളിലുണ്ടായിരുന്നെങ്കിലും തന്നോടുള്ള സ്നേഹം അവളില്‍ അവശേഷിക്കുന്നു എന്നത് ഒരു ആശ്വാസം ആയിരുന്നു…

പതിനൊന്നു മണിയായപ്പോള്‍ പുറത്തൊരു വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം കേട്ടപ്പോള്‍ നെഞ്ചു പടപടാ മിടിക്കാന്‍ തുടങ്ങി..

ഒരു പതിഞ്ഞ കാലടി അടുത്തു വരുന്നു.. അവള്‍ രേണു..പണ്ടും ഭൂമിക്ക് നോവാതെ ആയിരുന്നു നടന്നിരുന്നത്‌..

” ശിവേട്ടാ… ” .ഹാളിന്റെ വാതിലില്‍ എത്തിയ അവള്‍ കസേരയിലേക്ക് നോക്കി വിളിച്ചു..

” വരൂ രേണു..നിനക്കു ഇവിടെ കയറി വരാന്‍ അനുവാദം വേണോ.. ”.പുഞ്ചിരിയോടെ അതു പറഞ്ഞപ്പോള്‍ അവളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങള്‍ മിന്നിമാഞ്ഞു പോയി..

പരസ്പരം മിണ്ടാതെ കുറേ നിമിഷങ്ങള്‍… അവള്‍ പിന്നെ എന്തൊക്കെയോ ചോദിച്ചു.. അവള്‍ക്ക് മറുപടി നല്‍കുമ്പോഴും അവളെ വീണ്ടും ജീവിതത്തിലേക്കു എങ്ങനെ വിളിക്കുമെന്നാണ് ഓര്‍ത്തത്..അവള്‍ അംഗീകരിച്ചില്ലെങ്കില്‍..?

ചിലപ്പോള്‍ അവള്‍ അത് കേള്‍ക്കാന്‍ കൊതിക്കുന്നുണ്ടെങ്കിലോ..?

മനസ് രണ്ടു ചേരിയിലായി..

”ശിവേട്ടന്‍ എന്താ ആലോചിക്കുന്നത്.. ” .ചായ കപ്പ് കൈയ്യിലെടുത്ത് അവളൊന്നു മൊത്തി കുടിച്ചു…

” ഒന്നുമില്ല.. വെറുതെ… രേണു എന്തു ചെയ്യുന്നു…? ഞാന്‍ ജോലിയൊക്കെ എഴുതീ കൊടുത്തു വീട്ടില്‍ ആണ്….”

” ഇവിടുന്നു പോയ ശേഷം ഞാന്‍ ജോലിക്ക് ശ്രമിച്ചിരുന്നു ..വിവാഹമോചിതയായ ഒരു സ്ത്രീക്ക് വരുമാനമില്ലാതെ തനിച്ചു ജീവിക്കാന്‍ ബുദ്ധിമുട്ട് ആണെന്നൂ ശിവേട്ടന് അറിയില്ലെ..”

അവളുടെ ശബ്ദത്തില്‍ കുറ്റപെടുത്തല്‍ ഉണ്ടായിരുന്നോ.. അവള്‍ ഡിവോഴ്സ് ചെയ്തപ്പോള്‍ ഒന്നും ചോദിച്ചിരുന്നില്ല.. താന്‍ ഒന്നും കൊടുത്തതും ഇല്ല..തല താഴ്ത്തി ഇരിക്കാനേ കഴിഞ്ഞുള്ളു ..

” ഈശ്വരാനുഗ്രഹത്താല്‍ ഒരു ജോലി കിട്ടി.. അങ്ങനേ കഴിയുന്നു.. ”

” രേണു..തെറ്റൂകള്‍ എല്ലാം എന്റെ ഭാഗത്താണ്… ക്ഷമ ചോദിക്കാന്‍ പോലൂം അര്‍ഹതയില്ല.. നീ അന്നു എനിക്കു തന്ന പ്രണയം ഉപദേശങ്ങള്‍ എല്ലാത്തിന്റെയും വില ഈ വൈകിയ അവസരത്തിലാണ് തിരിച്ചറിയുന്നത്.. പ്രായത്തിന്റെ തിളപ്പില്‍ കാട്ടി കൂട്ടിയതൊക്കെ മണ്ടത്തരം ആയിരുന്നു.. ”

പശ്ചാത്താപത്തോടെ അവളുടെ മുന്നില്‍ മനസ് തുറന്നു..

” അതൊക്കെ കഴിഞ്ഞില്ലേ ശിവേട്ടാ… ഇനി പറഞ്ഞിട്ടെന്താ.. ”

വേദനയോടെ അവള്‍ പറഞ്ഞു..

ആ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ ഒരു ഊര്‍ജ്ജം..

” വൈകിപ്പോയി .. എങ്കിലും ചെയ്ത തെറ്റു തീരുത്താന്‍ നീ എനിക്കു ഒരു അവസരം തരുമോ രേണു.. ”

പ്രതീക്ഷയോടെ ആ കണ്ണുകളിലേക്ക് നോക്കി..

കാര്യം അറിയാതെ അവള്‍ പകച്ചിരുന്നു ..

തന്നെ ഉള്ളില്‍ സൂക്ഷിക്കുന്നവള്‍ തന്റെ ആവശ്യത്തെ തള്ളികളയില്ലെന്നു ഉറപ്പ് ഉണ്ടായിരുന്നു….

” ശിവേട്ടന്‍ എന്താ പറഞ്ഞു വരുന്നത്..? . ”’

” അത്.. ഒരിക്കല്‍ കൂടി നിനക്കു എന്റേത് ആയിക്കൂടേ.. ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍….

എനിക്കു അറിയാം നിന്റെ ഉള്ളില്‍ ഞാനുണ്ടെന്ന്. ഇല്ലെങ്കില്‍ നീ ഓടി വരില്ലല്ലോ… ”

” ശിവേട്ടാ.. ഞാനെന്താ പറയുക…

വിവാഹമോചിതയായ ഒരു സ്ത്രീക്ക് ഈ സമൂഹത്തില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ട് ആണ്.. അതുകൊണ്ട് ആണ് ഞാന്‍ പുനര്‍വിവാഹത്തിന് ശ്രമിച്ചത്..പക്ഷേ കല്യാണം കഴിഞ്ഞപ്പോഴാണ് അശോകേട്ടനെ പോലെ എന്നെ മനസ്സിലാക്കുന്ന മറ്റൊരാള്‍ എന്റെ ജീവിതത്തില്‍ കിട്ടിയിട്ടില്ലെന്നു മനസ്സിലായത്.. ഞങ്ങള്‍ രണ്ടു മക്കളും ഉണ്ട്..

എന്നു കരുതി ശിവേട്ടനോട് ദേഷ്യമോ വൈരാഗ്യമോ ഒന്നും ഇല്ല..ഓരോരുത്തരുടെയും സാഹചര്യങ്ങള്‍ അല്ലേ..അന്നത്തെ ശിവേട്ടന്‍റെ സാഹചര്യം അതായിരുന്നു.. ”

രേണു പറഞ്ഞതൊന്നും വിശ്വസിക്കാന്‍ കഴിയാതെ തകര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലെന്ന വണ്ണം അവളെ കേട്ടു കൊണ്ടേയിരുന്നു …

” അശോകേട്ടനും മക്കളുമാണ് എന്റെ ലോകം.. വൈകി ആണെങ്കിലും ശിവേട്ടന്‍ കാര്യങ്ങളൊക്കെ മനസ്സിലാക്കിയെല്ലോ….. പ്രായമേറിയിട്ടൊന്നും ഇല്ല.. മറ്റൊരു വിവാഹം കഴിക്കണം.. കാമുകിമാരും ഭാര്യയും രണ്ടും രണ്ടാണ്‌.ഒന്നു ഭാവനയും ഒന്നു സത്യവും..സത്യമേ എന്നും കൂടെയുണ്ടാകൂ…”

കണ്ട സ്വപ്നങ്ങളൊക്കെ കണ്‍മുന്നില്‍ തകര്‍ന്നടിയുന്നു… ശബ്ദിക്കാനാവാതെ ഇരുന്നു പോയി..

”നല്ലയൊരു സുഹൃത്തായി ശിവേട്ടനൊപ്പം ഞങ്ങള്‍ ഉണ്ടാകും..ഞാനിറങ്ങട്ടെ.. ”

അവള്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മൗനാനുവാദം നല്‍കാനേ കഴിഞ്ഞുള്ളു…

നിന്നെ പോലെ ഇനി ആരെയും എന്നില്‍ നിറയ്ക്കാന്‍ വയ്യ പെണ്ണേ…ല.

നീയാണ് എന്നില്‍ ലയിച്ച എന്റെ പ്രണയം…

നിന്നില്‍ തുടങ്ങിയ പ്രണയം നിന്നില്‍ മാത്രമേ നിലനില്‍ക്കൂ….

നഷ്ടപെടുമ്പോഴാണ് അവയ്ക്ക് എത്ര മൂല്യമുണ്ടായിരുന്നെന്നു ഞാന്‍ തിരിച്ചറിയുന്നത്… എങ്കിലും പിന്‍വിളി വിളിക്കില്ല.. ഒരിക്കല്‍ നിന്നോട് ചെയ്ത തെറ്റുകള്‍ക്ക് ഈ നഷ്ടപ്രണയത്താല്‍ ഞാന്‍ പ്രായശ്ചിത്തം ചെയ്തോളാം…. നിന്റെ ഓര്‍മ്മകളില്‍ ഞാന്‍ ഉരുകി തീര്‍ന്നോളാം…

ഒരായിരം നിലവിളികള്‍ ഉള്ളില്‍ അലയടിക്കുമ്പോഴും നിശബ്ദനായി അവള്‍ പോകുന്നതും നോക്കി നിന്നു..

©