അടുത്ത മാസം ഞങ്ങളുടെ കല്യാണമാണ്. കല്യാണ കത്ത് വരെ അടിച്ചു. നിനക്കറിയുന്നതല്ലേ എല്ലാം…

ആത്മിക

Story written by RIVIN LAL

“മാമാ… ദേ മാമന്റെ ഫോൺ കുറേ നേരമായി ബെല്ലടിക്കുന്നു. ഏതോ ഒരു ആത്മിക ആന്റി വിളിക്കുന്നു” എട്ടു വയസായ പെങ്ങളെ മോളുടെ ശബ്ദം കേട്ടാണ് പത്ര വായന നിർത്തി ഞാൻ ഹാളിലേക്ക് ഫോൺ എടുക്കാൻ ചെന്നത്.

സ്റ്റാൻഡിൽ വെച്ച ഫോൺ എടുക്കാൻ നേരം അടുക്കളയിൽ നിന്നും അമ്മയൊന്നു എന്നെ എത്തി നോക്കാൻ മറന്നില്ല, മോന്റെ കാമുകിയാവും എന്ന് അമ്മ കരുതി കാണും. അതാണ്‌ ആ നോട്ടത്തിന്റെ ഉദ്ദേശ്യം എന്നെനിക്കു മനസിലായി.

ഞാൻ ഫോൺ എടുത്തു സംസാരിച്ചു “ഹലോ ആത്മിക.. എന്താ വിളിച്ചേ…?”

“ഡാ നക്ഷക്… ഞാൻ പെട്ടെടാ… അവൻ എന്നെ ചതിച്ചു..!” അവൾ കരഞ്ഞു കൊണ്ടാണത് പറഞ്ഞത്.

“പെട്ടൂന്നോ..?? എങ്ങിനെ പെട്ടൂന്ന്..?? ആര് ചതിച്ചൂന്ന്…?” ഞാൻ ആകാംഷഭരിതനായി അവളോട്‌ ചോദിച്ചു.

“ആ നൈവിക് ചതിച്ചെടാ.. എന്റെ വിരലിൽ മോതിരം ഇട്ടവൻ. അടുത്ത മാസം ഞങ്ങളുടെ കല്യാണമാണ്. കല്യാണ കത്ത് വരെ അടിച്ചു. നിനക്കറിയുന്നതല്ലേ എല്ലാം. അവന്റെ കാമുകിയാണെന്നും പറഞ്ഞു ഇന്നൊരു പെൺകുട്ടി എന്നെ വിളിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി അവർ പ്രണയത്തിൽ ആണത്രേ. അവർ തമ്മിലുള്ള കുറേ ഫോട്ടോസും ചാറ്റ് മെസ്സേജും അവൾ എനിക്ക് അയച്ചു തന്നെടാ. എന്നിട്ടു ലാസ്റ്റ് ഒരു ഡയലോഗും, ഞാൻ വിവാഹത്തിൽ നിന്നും അവനെ ഇഷ്ടമായില്ല എന്ന് പറഞ്ഞു പിന്മാറണം എന്ന്. അത് ചെയ്‌തില്ലേൽ കല്യാണത്തിന്റെ അന്ന് അവനെ താലി കെട്ടാൻ വരുത്തിക്കില്ല എന്നാ അവൾ പറയുന്നേ. എനിക്കെല്ലാം കൂടി കേട്ടത്തോടെ ഭ്രാന്തു പിടിച്ചിരിക്കാണെടാ. നീയൊരു പോം വഴി പറഞ്ഞു താ.” അവൾ കെഞ്ചി.

“ആത്മിക.. നീയൊരു കാര്യം ചെയ്യ്. എല്ലാം വീട്ടിൽ പറയൂ ഇപ്പോൾ തന്നെ. കാരണവർമാർ എടുക്കട്ടെ തീരുമാനം. എന്നിട്ടു നീ എന്നെ വിളിക്കൂ, നിന്റെ അച്ഛനോട് ബാക്കി ഞാൻ പറയാം. അങ്കിൾനു എന്നെ നല്ലോണം അറിയുന്നതല്ലേ. ഞാൻ പറഞ്ഞാൽ മനസിലാവും. നീ സമാദാനമായിരിക്ക്. നമുക്കു തീരുമാനമാക്കാം, പേടിക്കേണ്ട” ഞാനവളെ സമാദാനിപ്പിച്ചു.

അവൾ ഞാൻ പറഞ്ഞത് പോലെ ചെയ്തു. അവളുടെ വീട്ടുകാർ ചെറുക്കന്റെ വീട്ടിൽ പോയി അന്വേഷിച്ചപ്പോൾ അവർ ആദ്യം എതിർത്തെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. “മോനു പണ്ടൊരു ഇഷ്ടം ഉണ്ടായിരുന്നു. അതൊക്കെ നിർത്തി എന്നാ അവൻ പറഞ്ഞിരുന്നത്. ഇപ്പോളും തുടരുന്ന കാര്യം ഇപ്പോളാ ഞങ്ങൾ അറിഞ്ഞേ. അവൻ ചെയ്ത തെറ്റിന് ഞങ്ങൾ മാപ്പ് പറയുന്നു. അവന്റെ അച്ഛൻ അവളുടെ അച്ഛന്റെ കാൽക്കൽ വീഴാൻ ഒരുങ്ങി.

“വേണ്ട.. അവളുടെ അച്ഛൻ അവരെ തടഞ്ഞു. കാൽക്കൽ ഒന്നും വീഴണ്ട. നിശ്ചയം നടത്തിയ നഷ്ട പരിഹാരം തന്നേക്കൂ. കൂടെ ഞങ്ങൾക്കുണ്ടായ അപമാനം…!!! അതൊരിക്കലും മാറില്ല. എന്റെ മോളുടെ ജീവിതം തകർത്ത അവനെ വെറുതെ വിടുമെന്നും നിങ്ങൾ വിചാരിക്കണ്ട ഈ ബന്ധം ഇവിടെ തീർന്നു.” അവളുടെ അച്ഛന്റെ സ്വരം കടുത്തതായിരുന്നു. അത്രയും പറഞ്ഞു നിറ കണ്ണീരോടെ ആ അച്ഛൻ അവിടുന്നിറങ്ങി.

ആ സംഭവത്തോടെ ആത്മിക ആകെ വിഷമത്തിലായിരുന്നു. പുറത്തിറങ്ങിയാൽ എല്ലാരുടെയും ചോദ്യം “മോളുടെ കല്യാണം മുടങ്ങിയല്ലേ..? ചെക്കന് വേറെ ബന്ധം ഉണ്ടായിരുന്നല്ലേ. കഷ്ടമായി പോയി കേട്ടോ. എന്തായാലും കല്യാണത്തിന് മുൻപേ അറിഞ്ഞത് നന്നായി. അല്ലെങ്കിൽ ന്റെ കുട്ടിയുടെ ജീവിതം ഇല്ലാണ്ടായേനെ”. ഇത്രയും പറഞ്ഞു ഒരു നെടു വീർപ്പോടെ പലരും അവളെ നോക്കാൻ തുടങ്ങിയപ്പോൾ സമൂഹത്തിനോട് തന്നെ അവൾക്കു വെറുപ്പ്‌ തോന്നി തുടങ്ങി. എല്ലാരുടെയും ഒരു സഹതാപവും കളിയാക്കലുകളും അവൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അത് കൊണ്ട് തന്നെ കുറച്ചു കാലത്തേക്ക് ഒരു ഫാമിലി ഫങ്ഷനും പോവാതെയായി. പുറത്ത് തന്നെ ഇറങ്ങാതെയായി. ജീവിതം മടുത്തു പോകുന്നൊരു അവസ്ഥ.

ഒരു മാസത്തിനു ശേഷം അവളെന്നെ വീണ്ടും വിളിച്ചു.

“ഡാ നക്ഷക്.. നീ ബാംഗ്ലൂർക്ക് പോവല്ലേ. ഞാനും കൂടി വരട്ടെ. എനിക്ക് നീ അവിടെയൊരു ജോലി ശരിയാക്കി തരുമോ..? ഒന്നല്ലേലും നമ്മൾ ഒരുമിച്ചു പഠിച്ചതല്ലേ. എന്തേലും കിട്ടാതിരിക്കില്ല. ഞാൻ ജോലി കിട്ടിയാൽ വേറെ താമസം നോക്കിക്കൊള്ളാം. ഇവിടെ മടുത്തെടാ. ആളുകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും. എനിക്കൊരു മാറ്റം വേണം. അതിനാണ്. നീയെന്നെ സഹായിക്കില്ലേ..?”

ഞാൻ കുറച്ചു സമയം ആലോചിച്ചു. എന്നിട്ടു പറഞ്ഞു “നീ വാ.. നമുക്കു എല്ലാം ശരിയാക്കാം…”

എന്റെയാ ഉത്തരം അവൾക്കൊരു പ്രതീക്ഷ നൽകിയ പോലെ എനിക്കും തോന്നി.

അടുത്ത ദിവസം തന്നെ ഞങ്ങൾ ബാംഗ്ലൂർക്കു പുറപ്പെട്ടു. അവളുടെ വീട്ടുകാർക്കും സമ്മതമായിരുന്നു. അവളുടെ അച്ഛനും അമ്മയും തന്നെയാണ് അവളെ എന്റെ വീട്ടിൽ കൊണ്ടെത്തിച്ചത്.

“മോനെ.. ന്റെ കുട്ടിയെ നന്നായി ശ്രദ്ധിക്കണേ. അല്പം എടുത്തു ചാട്ടം ഉണ്ടെന്നേ ഉള്ളൂ. ആള് പാവമാ കേട്ടോ.” അവളുടെ അമ്മ എന്നോടായി പറഞ്ഞു.

“ആന്റി പേടിക്കേണ്ടേന്നെ.. ഒന്നല്ലേലും ഞാനും അവളെ ഹൈ സ്കൂൾ മുതൽ ബി ടെക് വരെ ഒരുമിച്ചു പഠിച്ചവരല്ലേ. എനിക്കെല്ലാം അറിയാം. ആന്റി ഹാപ്പി ആയിരുന്നോളൂ. ഞാൻ ഉണ്ട് എല്ലാത്തിനും.” ഞാൻ അവളുടെ അമ്മയ്ക്കു ധൈര്യം കൊടുത്തു.

അങ്ങിനെ എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ കാറുമെടുത്തു ബാംഗ്ലൂർക്കു ഇറങ്ങി.

വയനാട് ചുരം കഴിഞ്ഞു അതിർത്തി കടക്കുമ്പോൾ ഭയങ്കര ബ്ലോക്ക്‌ ആയിരുന്നു. ഒരു ലോറി മറിഞ്ഞു ബ്ലോക്ക്‌ ആയതാണ്. കൂടെ നല്ല തകർത്തു പെയ്യുന്ന മഴയും.

സമയം ഇരുട്ടി തുടങ്ങിയിരുന്നു. ഞാൻ വണ്ടിയുടെ ഗ്ലാസ് പൊക്കി ബ്ലോക്ക് തീരാൻ ഞങ്ങളും കാത്തിരുന്നു.

“ഡാ നക്ഷക്.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ. നീ സത്യം പറയുമോ..?” അവളെന്നോട് ചോദിച്ചു.

“ഞാൻ എപ്പോളും സത്യമേ പറയൂ.. നീ ധൈര്യമായി ചോദിച്ചോളൂ..” ഞാൻ മറുപടി പറഞ്ഞു.

“ഞാൻ അറിയാതെ നീ ആരെയേലും പ്രേമിച്ചിട്ടുണ്ടോ..??” അവൾ ആകാംഷയോടെ ചോദിച്ചു.

സത്യം പറഞ്ഞാൽ ഞാൻ പെട്ടെന്ന് അറിയാതെ ചിരിച്ചു പോയി ആ ചോദ്യം കേട്ടപ്പോൾ. “എന്താ നീയിപ്പോൾ അങ്ങിനെ ചോദിച്ചേ..?” ഞാൻ ചിരിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു.

“അല്ലാ.. നീ പണ്ടെപ്പോളോ എന്നോട് പറഞ്ഞിരുന്നു, നിനക്ക് ആരെയോ ഇഷ്ടമാണ്. സമയമാകുമ്പോൾ പറയാം എന്നൊക്കെ. പിന്നെ ഞാനും അത് ചോദിക്കാൻ മറന്നു. ആരാടാ അത്..????” അവൾ ആ ആളെയറിയാൻ എന്റെ കണ്ണിലേക്കു നോക്കി.

ഞാൻ മറുപടി പറയാൻ പോകുമ്പോളാണ് പിന്നിൽ നിന്നുമൊരു ലോറിക്കാരൻ ശക്തിയായി ഹോൺ അടിച്ചത്. ഞങ്ങളുടെ രണ്ടാളുടെയും ചെവി പൊട്ടുന്ന ശബ്ദം. അവൾ രണ്ടു ചെവിയിൽ കൈ വെച്ചതും പോലീസുകാരൻ കുട ചൂടി വന്നു വണ്ടി എടുക്കു എടുക്കു എന്ന് പറഞ്ഞു ബ്ലോക്ക്‌ നീക്കി തുടങ്ങി.

ഞാൻ വണ്ടിയെടുത്തു. ബ്ലോക്ക്‌ വിട്ട് ഞങ്ങൾ കാട്ടിലേക്കു കയറി തുടങ്ങി. നല്ല മഴയത്തു വണ്ടി ഓടിക്കുന്നത് കൊണ്ടാവണം അവളും പിന്നെ എന്റെ ശ്രദ്ധ തെറ്റിക്കാതിരിക്കാൻ ആ ചോദ്യം പിന്നീട് ചോദിച്ചില്ല. ഞാൻ മറുപടി കൊടുത്തതുമില്ല.

മൈസൂർ എത്തിയപ്പോൾ ഞങ്ങൾ ഒരു മലയാളി ഹോട്ടലിനു മുന്നിൽ കാർ നിർത്തി രാത്രി ഭക്ഷണം കഴിച്ചു. അവിടുന്ന് 10 മണി കഴിഞ്ഞു നേരെ ബാംഗ്ലൂർക്ക് വിട്ടു. കുറേ ദൂരം യാത്ര ചെയ്തത് കാരണം കാറിലെ നേർത്ത സംഗീതം കൂടി കേട്ടത്തോടെ അവൾ ഉറങ്ങി തുടങ്ങിയിരുന്നു.

അവളുടെ ഉറക്കം കളയാതിരിക്കാൻ ഞാൻ വളരെ സൂക്ഷിച്ചു സോഫ്റ്റ്‌ ആയിട്ടാണ് കാർ ഓടിച്ചിരുന്നത്.

രാത്രി ഒരു മണിക്ക് മുമ്പേ ബാംഗ്ലൂർ എത്തി. ഞാനവളെ തോളിൽ തട്ടി വിളിച്ചു. അവൾ ഉണരുന്നുണ്ടായിരുന്നില്ല. ഉറക്ക ചടവിൽ മൂളൽ മാത്രം. ഡോർ തുറന്നു ഞാനവളെ തോളിൽ പിടിച്ചു ഇറക്കി. അപ്പോളവൾ ഉറക്ക പിച്ചിൽ പിറു പിറുത്തു പറഞ്ഞു

“എന്നെ എടുത്തോണ്ട് പോടാ മാക്രി.. എനിക്ക് നടക്കാൻ വയ്യ ഇനി..!” എനിക്കതു കേട്ടപ്പോൾ ചിരി അടക്കാൻ പറ്റിയില്ല.

അവളനങ്ങുന്നില്ല എന്ന് കണ്ടപ്പോൾ എനിക്കാ സാഹസം ചെയ്യേണ്ടി വന്നു. “രണ്ടു കയ്യും കൂട്ടി സകല ദൈവങ്ങളെയും വിളിച്ചു അവളെ പൊക്കിയെടുത്തു എന്റെ ഫ്ലാറ്റിലേക്ക് നടന്നു. ദൈവമേ.. ഈ പോത്തിന് എന്ത് വെയ്റ്റാണ്. നാളേക്ക് എന്റെ നടു ഉളുക്കാഞ്ഞാൽ മതിയായായിരുന്നു” ഞാൻ മനസ്സിൽ വിചാരിച്ചു.

ഫ്ലാറ്റ് തുറന്നു അവളെ ഞാൻ ബെഡിൽ കിടത്തി പുതപ്പ് കൊണ്ട് മൂടി കൊടുത്തു. ഒരു കൊച്ചു കുഞ്ഞിനെ പോലെയവൾ പുതപ്പു കഴുത്തിലേക്കു വലിച്ചു കൊണ്ട് നീണ്ട ഉറക്കത്തിലേക്കു വഴുതി വീണു. ഞാൻ കുളിച്ചു വന്നു ഹാളിൽ സോഫയിൽ ഒന്ന് കിടന്നതും ഞാനും പെട്ടെന്ന് മയങ്ങി പോയി.

രാവിലെ തോളിൽ തട്ട് കേട്ടപ്പോളാണ് ഞാൻ ഉണർന്നത്. കണ്ണ് തുറന്നപ്പോൾ നല്ല ചൂട് കോഫിയുമായി അവൾ മുന്നിൽ നിൽക്കുന്നു.

“എണീക്ക് മോനെ.. എന്തൊരു ഉറക്കമാണ്.. സമയം ഒമ്പതു ആവാനായി” അവളത് പറഞ്ഞതും ക്ലോക്കിൽ ഒമ്പതിന്റെ മണിയടിച്ചു.

ബ്രേക്ക്‌ ഫാസ്റ്റും അവൾ ഉണ്ടാക്കിയിരുന്നു. കഴിക്കുമ്പോൾ അവൾ പറഞ്ഞു “സ്ഥലം മാറി കിടന്നതു കൊണ്ടാവണം ഇടക്കിടെ ഞാൻ ഉണർന്നു. അതോണ്ടാ ഞാൻ നേരത്തെ എണീറ്റെ.അടുക്കളയിൽ പോയപ്പോൾ എല്ലാമുണ്ട്. അപ്പോൾ കഴിക്കാനുണ്ടാക്കി. എങ്ങിനെയുണ്ട് എന്റെ പാചകം..?” അവൾ ചോദിച്ചു.

വെജിറ്റബിൾ പുലാവ് ആയിരുന്നു ഭക്ഷണം. എനിക്കതു ഇഷ്ടമാണെന്നു അവൾ എങ്ങിനെ മനസിലാക്കി എന്നാണ് ഞാനപ്പോൾ ഓർത്തത്‌. “നന്നായിട്ടുണ്ട്. എനിക്കിഷ്ടായി” ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. അത് കേട്ടപ്പോൾ അവളുടെ മുഖത്തു ഒരു സംതൃപ്തിയുടെ പുഞ്ചിരി വിടർന്നു.

പിന്നീടുള്ള ദിവസങ്ങൾ അവൾക്കൊരു ഒരു ജോലി വാങ്ങുന്ന തിരക്കിൽ ആയിരുന്നു രണ്ടു പേരും. നീണ്ട ഒരു മാസത്തിനു ശേഷം അവൾക്കു നല്ലൊരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി കിട്ടി. പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു. കഴിഞ്ഞതൊക്കെ അവൾ മറന്നു തുടങ്ങി.

എന്നോടുത്തുള്ള നിമിഷങ്ങൾ അവൾക്കൊരുപാട് സന്തോഷം നൽകുന്നുണ്ട് എന്ന് എനിക്കും പലപ്പോഴും തോന്നി. ഒഴിവു സമയങ്ങളിൽ പുറത്ത് പോയും അവൾക്കിഷ്ടമുള്ള ഭക്ഷണം കഴിച്ചും ദിവസങ്ങൾ നീക്കി.

മൂന്ന് മാസത്തോളം ഞങ്ങൾ ഒരുമിച്ചു എന്റെ ഫ്ലാറ്റിൽ രണ്ടു മുറികളിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. അങ്ങിനെ അവൾക്കു വീണ്ടുമൊരു കല്യാണ ആലോചന വന്നു.

എല്ലാം അറിഞ്ഞാണ് ആ വീട്ടുകാർ ഈ ആലോചന മുന്നോട്ടു വെച്ചത്. അത് കൊണ്ട് തന്നെ അവളുടെ വീട്ടുകാർക്കും ഒരുപാട് സന്തോഷമായിരുന്നു. പക്ഷെ ചെറുക്കന്റെ ഫോട്ടോ കണ്ടത് മുതൽ അവൾ നിരാശയായിരുന്നു.

ഞാൻ ചോദിച്ചു “എന്ത് പറ്റീ മോളേ..? ചെക്കൻ സൂപ്പറല്ലേ.. ജോലി ജർമനിയിലാ. നിനക്കും പോകാം അവിടേക്കു അടുത്ത് തന്നെ..!”

എന്റെ ചോദ്യം കേട്ടതും അവൾ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.

“അവന്റെയൊരു ജർമ്മനി… ജർമ്മനിയല്ല.. ഫ്രാൻ‌സാ.. അല്ല പിന്നെ..” അവൾ ദേഷ്യത്തോടെ എന്നോട് പറഞ്ഞു.

“നീയെന്തിനാ ചൂടാവുന്നെ അതിനു.. ” ഞാൻ പൊട്ടിച്ചിരിച്ചാണ് അവളുടെ തോളിൽ കൈ വെച്ചു പറഞ്ഞെ.

“നിനക്കെല്ലാം തമാശയാണ് നക്ഷക്.. എല്ലാം.. ഈ ഞാനും.. അതോണ്ടല്ലേ നീയിങ്ങിനെയൊക്കെ പറയുന്നേ. എന്നെ പലപ്പോഴും നീ മനസിലാക്കുന്നില്ല. അതോണ്ടാ എനിക്ക് ദേഷ്യം വരുന്നേ..!” അവളുടെ കണ്ണുകൾ നിറഞ്ഞു.

ഞാനവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു. എന്നിട്ടവളുടെ താടി പിടിച്ചു മുകളിലേക്കു ഉയർത്തി. എന്നിട്ടു അവളുടെ നിറഞ്ഞ കണ്ണിലേക്കു നോക്കി പറഞ്ഞു “ഒക്കെ നല്ലതിനാണ്. അത്രയും കരുതിയാൽ മതി. നിന്നെ ഏതേലും ഒരുത്തന്റെ കയ്യിൽ സേഫ് ആയി ഏല്പിച്ചിട്ടു വേണം എനിക്കീ ബാംഗ്ലൂർ നഗരം വിടാൻ. “

“അപ്പോൾ നിനക്ക് ഞാനൊരു ഒഴിയാ ബാധയാണല്ലേ. അതോണ്ടല്ലേ നീയിപ്പോൾ അങ്ങിനെ പറഞ്ഞെ..?” അവൾ പരിഭവിച്ചു.

“എന്റെ ആത്മിക മോളേ.. ഞാൻ അങ്ങിനെ ഉദ്ദേശിച്ചതല്ല. എല്ലാത്തിനും അതിന്റെതായ സമയമുണ്ട്. ഇപ്പോൾ ആണ് ആ സമയം. നമ്മൾ പിരിയാൻ ഉള്ള സമയം.” ഞാൻ അത് പറഞ്ഞു മുഴുമിപ്പിക്കുമ്പോളേക്കും അവൾ എന്നെ ഇറുക്കി പുണർന്നു കരഞ്ഞു. “എനിക്കറീല നക്ഷക്. എനിക്കയാളെ ഉൾകൊള്ളാൻ കഴിയുന്നില്ല. അയാൾ എന്റെ സങ്കല്പത്തിൽ ഉള്ള ആളല്ല. എനിക്കയാളുടെ കൂടെ ജീവിക്കാൻ കഴീല..!”

ഞാനവളെ സമാദാനിപ്പിച്ചു. “എല്ലാം മാറും.. എല്ലാം.. നീയിപ്പോൾ നാട്ടിലേക്കു പോണം. കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാവും. ഞാനപ്പോളേക്കും എത്തിക്കോളാം”

അവൾ കണ്ണ് നീർ തുടച്ചു കൊണ്ട് ശരിയെന്ന മട്ടിൽ റൂമിലേക്ക്‌ പോയി.

അടുത്ത ദിവസം ഞാൻ തന്നെ അവളെ ബസ് സ്റ്റാൻഡിൽ കൊണ്ട് വിട്ടു. നാട്ടിലേക്കുള്ള ബസ് കയറ്റി വിട്ട് റൂമിൽ തിരിച്ചു എത്തിയപ്പോൾ ആകെ ഒരു ശൂന്യത. ജീവന്റെ പാതി പോയ ഒരു തരം ഫീൽ. അന്ന് രാത്രി എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി.

അടുത്ത ദിവസം ഞാൻ ഫോൺ നമ്പർ മാറ്റി. എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടും ഡീ ആക്ടിവേറ്റ് ചെയ്തു. നീണ്ട ആറ് മാസം ആരുമായും കോൺടാക്ട് വെച്ചില്ല. അത് കഴിഞ്ഞു ഒരിക്കൽ അമ്മ എന്നെ എന്റെ സുഹൃത്ത്‌ മുഖേന വിളിച്ചു. അത്യാവശ്യമായി നാട്ടിലേക്കു ചെല്ലാൻ പറഞ്ഞു.

കാരണം പറഞ്ഞില്ലേലും എനിക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല. വീട്ടിലെത്തിയപ്പോൾ എല്ലാ കാരണവർമാരും ഉണ്ട്. ഒരു നീണ്ട ചർച്ച അവിടെ നടന്നു എന്നെനിക്കു മനസിലായി.ആരും എന്നോടൊന്നും പറഞ്ഞില്ല. നാളെ ഒരിടം വരെ പോകണം എന്ന് മാത്രം അച്ഛൻ പറഞ്ഞു.

രാവിലെ എല്ലാവരുമൊത്തു ഞാനും യാത്ര പോയി. “നിന്റെ ആത്മികയുടെ കല്യാണം കഴിഞ്ഞു. പോണ വഴിക്കു അവിടെയൊന്നു കേറീട്ടു പോകാം” അമ്മയാണത് പറഞ്ഞത്.

“വേണ്ട.. വേണ്ട.. അവിടെയൊന്നും പോകണ്ട.. എനിക്കാരെയും കാണ്ടണ്ട” ഞാൻ വിക്കി വിക്കി പറഞ്ഞു.

“നീ ടെൻഷൻ ആവാതെടാ..ഒന്ന് മുഖം കാണിക്കുള്ളു.. നിന്റെ പഴയ ക്ലാസ്മേറ്റ് അല്ലേ അവൾ. ഒന്ന് കണ്ടു പോകാം. അവൾക്കു “വിശേഷം” ഉണ്ട് എന്നും കൂടി കേട്ടു. ആ തറവാട്ടിലേ ഇഷ്ടം പോലെ വേറെയും കല്യാണ പ്രായമായ പെൺകുട്ടികൾ ഉണ്ട്. അതും കൂടി ഒന്ന് അന്വേഷിക്കലോ.” അമ്മ എല്ലാം തയ്യാറായ മട്ടാണ്.

മനസില്ലാ മനസോടെ ആ വീട്ടിലേക്കു ഞാൻ കയറി ചെന്നു. എന്നെ കണ്ടതും അവളുടെ വീട്ടിലെ എല്ലാർക്കും നല്ല സന്തോഷമായി. അവളുടെ അമ്മ എന്റെ അടുത്തേക്ക് വന്നു കൈ പിടിച്ചു പറഞ്ഞു “മോൻ ഉള്ളോണ്ടാ അവൾ ഇന്ന് ഇത്ര സന്തോഷവതി ആയിരിക്കുന്നെ. ഒക്കെ നിന്റെ സാമിപ്യം കൊണ്ട പഴയ മുടങ്ങിയ ആലോചനയൊക്കെ അവൾ മറന്നത്. മോൻ അകത്തേക്ക് ചെല്ല്. അവളും ഭർത്താവും മുകളിലെ ഹാളിൽ ഉണ്ട്”

അവളുടെ അമ്മയോട് ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ മുകളിലേക്കു ഓരോ പടിയും കയറി. ഹാളിൽ നോക്കിയപ്പോൾ സുമുഖനായ ഒരു യുവാവ് ഫോണിൽ സംസാരിക്കുന്നത് കണ്ടു. അതവളുടെ ഭർത്താവാണെന്ന് എനിക്ക് മനസിലായി. അയാൾ എന്നോട് റൂമിലേക്ക് ചെല്ലാൻ ആംഗ്യം കാണിച്ചു.

ഞാൻ റൂമിലേക്ക്‌ കയറി ചെന്നപ്പോൾ ജനലിനരികിൽ പുറത്തേക്കു നോക്കി നിൽക്കുന്ന പട്ടു സാരിയുടുത്ത ആത്മികയെ കണ്ടു. അവളുടെ അടുത്ത് ചെന്നു പിന്നിൽ നിന്നും ഞാനവളെ വിളിച്ചു.

“ആത്മികാ…!”

ആ വിളി കേട്ടതും അവൾ തിരിഞ്ഞു ആഞ്ഞൊരടി ആയിരുന്നു എന്റെ കവിളത്തു.

ഒരു പതിനഞ്ചു സെക്കന്റ്‌ വേണ്ടി വന്നു എനിക്കെന്താ സംഭവിച്ചേ എന്ന് മനസിലാക്കാൻ.

“ആറ് മാസം കഴിഞ്ഞു വന്നിരിക്കുന്നു അവൻ.. കെട്ടു കഴിഞ്ഞു പ്രസവിക്കാൻ നിൽക്കുന്ന എന്നെ കാണാൻ.. നാണം ഉണ്ടോടാ നിനക്ക് എന്നോടിത് ചെയ്യാൻ..?” അവളുടെ കണ്ണുകളിൽ നിരാശയും ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.

അപ്പോളാണ് പിന്നിൽ നിന്നും ഒരു ക്ലാപ് സൗണ്ട് ഞാൻ കേൾക്കുന്നത്. നോക്കിയപ്പോൾ എല്ലാവരും ഉണ്ട്.

അവളുടെ അച്ഛൻ ആ കൂട്ടത്തിൽ നിന്നും മുന്നോട്ടു വന്നു എന്നോട് പറഞ്ഞു. “അവളുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല നക്ഷക്. അന്ന് വന്ന ചെക്കനെ അവൾ സോപ്പ് പൊടിയിട്ട ചായ കൊടുത്തു ഓടിച്ചു വിട്ടു. നിന്നെയെ കെട്ടൂ എന്നും പറഞ്ഞു ആറ് മാസമായി അവൾ കാത്തിരിക്കായിരുന്നു. പിന്നെ നിന്റെ മനസിലുള്ളത് ഇവളാണെന്ന് നിന്റെ കൂട്ടുകാരനോട് ഇവൾ കുത്തി കുത്തി ചോദിച്ചപ്പോളാ അറിയാൻ കഴിഞ്ഞത്. നിന്നെ എങ്ങിനെ നോക്കീട്ടും വരുത്താൻ കഴിഞ്ഞില്ല. അതാ ഈ അറ്റ കൈ പ്രയോഗം. ഇതും അവളുടെ ബുദ്ധി തന്നെയാ കേട്ടോ. പിന്നെ നീ കണ്ട ഈ സുന്ദരൻ പയ്യൻ എന്റെ ഏട്ടന്റെ മോനാ. അവളുടെ ഏട്ടനായി വരും” അപ്പോൾ ഇനി എങ്ങിനെയാ ബാക്കി കാര്യങ്ങൾ..??

ഞാൻ അവളെ നോക്കി.. എനിക്ക് ഒന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. “ആത്മിക.. എന്നാലും നീ.. എന്നെ… എനിക്ക് വിശ്വസിക്കാൻ പറ്റണില്ല…” എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഞാനവളെ നെഞ്ചോടു ചേർത്തു പിടിച്ചു.

“നക്ഷക്.. ഞാൻ ശ്രമിച്ചു കുറേ… പക്ഷെ എനിക്ക് നീയില്ലാതെ എത്രയായിട്ടും പറ്റുന്നില്ല.. അതാ ഞാൻ…. ഇങ്ങിനെയൊക്കെ…!!! അവളുടെ വാക്കുകൾ മുറിയുമ്പോളും ആ കണ്ണുനീരിന്റെ നനവുകൾ എന്റെ നെഞ്ചിൽ പൊടിയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…!”.

അവസാനിച്ചു

റിവിൻ