അവൾടെ തറവാട് പലിശക്കാർ കൊണ്ട് പോയില്ലെങ്കിൽ എപ്പോ ചെന്നാലും കൊച്ചും തള്ളേം അവിടെ തന്നെ കാണും…

അമ്മക്കിളി

Story written by Indu Rejith

ടാ മോനേ വണ്ടി ഒന്ന് നിർത്തിക്കെ… ദേ ആ ഹോട്ടലിന്റെ അടുത്തോട്ട്…ഒരു ബിരിയാണി വേണം…

ചാടിയിറങ്ങുന്നോ…ഞാൻ നിർത്താന്ന്…അല്ല..അമ്മ ഇത് എന്തിനുള്ള പുറപ്പാടാ…

ആർക്കാ ബിരിയാണി…എനിക്ക് വിശക്കുന്നില്ലെന്ന്…

എയർപോർട്ടിൽ നിന്ന് വന്നിറങ്ങിയപ്പോ നാട്ടിൽ കിട്ടാവുന്ന മുള്ളിക്ക മുതൽ മൂവാണ്ടൻ മാങ്ങ വരെ മേശയിൽ നിരത്തി ഒറ്റ ഇരുപ്പിന് എന്നേ തീറ്റിച്ചതേ ഉള്ളു…അമ്മയ്ക്കിനിയും മതിയായില്ല അല്ലേ… രണ്ടു മാസം ഞാൻ നാട്ടിലുണ്ടല്ലോ…

ഇപ്പോ നമുക്ക് നേരെ അമ്മുനേം കുഞ്ഞിനേം കാണാൻ പോവാം…

എന്റെ പൊടിക്കുപ്പിയെ കാണാഞ്ഞിട്ട് എനിക്ക് സഹിക്കണില്ലെന്നു കൂട്ടിക്കോ…

ഓഹ് എന്തായാലും അവൾ പ്രസവിച്ചു കഴിഞ്ഞില്ലേ…ഒന്നുടെ ചെന്ന് പേറീപ്പിക്കണോ… വേണ്ടല്ലോ…ഭൂമിയിൽ നിന്റെ പെണ്ണുമ്പുള്ള മാത്രേ പെറ്റിട്ടുള്ളല്ലോ…

അവൾടെ തറവാട് പലിശക്കാർ കൊണ്ട് പോയില്ലെങ്കിൽ എപ്പോ ചെന്നാലും കൊച്ചും തള്ളേം അവിടെ തന്നെ കാണും…നാലണയ്ക്ക് ഗതിയില്ലാത്തവളെ പ്രേമിച്ചു കെട്ടിയില്ലേ അനുഭവിച്ചോ നീ..

എന്റെ കൊച്ചുമോനെ കുളിപ്പിച്ച് ഏത് കോലത്തിൽ ആക്കീന്ന് ഞാനൊന്നു നോക്കട്ടെ…നല്ല പതിച്ചിയെ വിളിച്ച് കുളിപ്പിക്കണേ കൈയിൽ ചക്രം വേണം…നിന്റെ ചിലവിലാണല്ലോ ആ അനാഥ പ്രേതങ്ങൾ കഞ്ഞി കുടിച്ചു കിടക്കണേ… എല്ലാം ഞാൻ അറിയണുണ്ട്…നന്ദികെട്ട ജാതികൾ…

പാരമ്പര്യമായിട്ട് നല്ല നീളൻ മൂക്കാ നിന്റെ അപ്പൂപ്പനും അച്ഛനും നിനക്കും…ഇനി അതെങ്ങാനം പതുക്കി വെച്ചിട്ടുണ്ടേ എന്റെ വിധം മാറും…

അതെങ്ങനാ മരുന്നിനു പോലും നല്ല കോലം എന്ന് പറയാവുന്ന ഒരു മോന്ത അവളുടെ കുടുമത്ത്‌ ഉണ്ടോ…

എന്റെ മരുമോളെ കണ്ടാൽ സൂര്യൻ ഉദിച്ചു വരണപോലാന്ന് ഇന്ന് രാവിലെ കൂടെ പറഞ്ഞ അതേ വാ…

കളർ ആയിട്ടുണ്ട്…എന്റെ കൂടെ വരാനുള്ള അടവാരുന്നല്ലേ അപ്പോ…

അതവിടെ നിക്കട്ടെ…നീ ആ ഹോട്ടലിൽ കേറി ഒരു കോഴിബിരിയാണി ഇങ്ങ് വാങ്ങിച്ചേ…

ഇല്ലെങ്കിൽ…

ഇല്ലെങ്കിൽ ഞാൻ ഇവിടെ തന്നെ നിക്കും നട്ടുച്ചയ്ക്ക് ചുട്ടെടുത്ത സീറ്റിമ്മേൽ ഇരുന്ന് നിന്റെ ആസനം പൊള്ളും അത്രന്നെ…നീ എന്നേ വീട്ടീന്ന് ഇറക്കി വിട്ടതാ എന്നുടെ പറയും…ഇത് നോക്കേ പേഴ്സിൽ നിന്ന് രണ്ടു കഷ്ണം കൊച്ചുള്ളി എടുത്തെന്റെ നേർക്ക് നീട്ടി… ഞാൻ കരുതി കൂട്ടി തന്നെയാടാ…തള്ളേ കളഞ്ഞിട്ട് പോയവനെന്ന് വിശ്വസിക്കണേ നാഴി കണ്ണീരുടെ വേണം…

ഈ അമ്മയ്ക്ക് ഇത്തരത്തിൽ ഉള്ള സൂക്കേടൊന്നും ഇത് വരെ ഇല്ലാരുന്നു…അമ്മു എന്ന് പറഞ്ഞാൽ ജീവനാരുന്നു…അമ്മയ്ക്കിതെന്താ പറ്റിയെ… രാവിലെ കണ്ട ആളെ അല്ല ഇപ്പോ… പുറപ്പെടാൻ നേരവും നല്ല മൂഡിൽ തന്നെ ആയിരുന്നു…ഒരു ബിരിയാണിയ്ക്ക് വേണ്ടി ഇത്രയും പൊല്ലാപ്പോ… എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ…

.കണ്ട സീരിയൽ എല്ലാം കഷായത്തിന്റെ കൂടെ വിഴുങ്ങണേന്റെ ഗുണം കാണാൻ ഉണ്ടെന്നല്ലാതെ എന്ത് പറയാൻ…

അമ്മുനേം അവളുടെ വീട്ടുകാരേം കുറിച്ച് പറയുമ്പോ നൂറു നാവായിരുന്നു…ഇന്ന് അവരുടെ നാവ് പിഴാനും ആള് റെഡി ആണെന്ന് തോന്നണ്…

ഹ്മ്മ് ആരെങ്കിലും വിഷം കുത്തി വെച്ചിട്ടുണ്ടാവും… ഒരു കുടുംബം നേരെ ചൊവ്വേ പോണത് സഹിക്കൂലാല്ലോ…

ഒരു പൊതി ബിരിയാണി പോരെ….

അത്‌ ഞാൻ വാങ്ങിതരാം അതിനെന്തിനാ അമ്മേ ഈ അങ്ക പുറപ്പാട്…പോയി വരുമ്പോ വാങ്ങിക്കാം… പോരെ…

നീ പോടാ അച്ചികോന്താ…റോഡിൽ കൂടെ പോയ ചേച്ചി എന്നേ നോക്കി ഇളിക്കുന്നു…

ഉടയ തമ്പുരാനെ കൈവിട്ട് പോവാണല്ലോ…പിന്നെ ഒന്നും പറയാനുള്ള ത്രാണി എനിക്കില്ലായിരുന്നു…ബൈക്കിൽ നിന്നറങ്ങി ഹോട്ടലിൽ പോയി പാർസൽ വാങ്ങി….

മര്യാദക്ക് പറഞ്ഞപ്പോഴേ അങ്ങ് പോകണ്ടതാരുന്നു…ഇത്രയും സീൻ ഉണ്ടാവില്ലായിരുന്നു…എന്തായാലും അമ്മേടെ മനസ്സിലിരുപ്പ് പിടികിട്ടിയല്ലോ…

ഇനി അമ്മുന്റെ വീട്ടുകാരോട് തട്ടി കേറുമോ ആ പൊട്ടി പെണ്ണ് നിന്ന് മോങ്ങുവേം ചെയ്യും…വയർ കുത്തി കീറിയ വേദന… പോരാത്തേന് ഇതുടെ ആയാൽ.. ഹോ എനിക്ക് വയ്യാ…അമ്മയ്ക്ക് തലയ്ക്ക് എന്തെങ്കിലും സൂക്കേടോ മറ്റോ..

ഹേയ്…

പ്രായായി വരല്ലേ… സംസാരത്തിന് വകതിരിവ് നഷ്ടപെട്ട പോലെ…കുഴപ്പെന്നു കണ്ടാൽ ഇന്നന്നെ വൈദ്യനെ കാണിക്കണം… അല്ലെങ്കിൽ അമ്മ ഇങ്ങനൊന്നും പെരുമാറില്ല…

ചുമ്മാ..പാവം…..

അമ്മു പ്രസവത്തിനിങ്ങു പോന്നപ്പോ വീട്ടിൽ ഒറ്റയ്ക്കായത് ചെറിയ ഷോക്ക് ആയിട്ടുണ്ടാവും.. അച്ഛൻ മരിച്ചപ്പോഴും ഏകദേശം ഇത് പോലെ ആയിരുന്നു പിന്നീട് മാറി.

അമ്മയ്ക്ക് എന്തേലും വയ്യാഴിക മറ്റോ ഉണ്ടോ…ഇല്ല മോനേ അമ്മയ്ക്ക് ഒന്നുല്ല ഒന്ന് വേഗം പോടാ പെണ്ണിനേം കുഞ്ഞിനേം കാണാൻ കൊതിയാവാണ്…

അമ്മ അന്യത്തി കളിക്കുവാണോ… സെക്കന്റിന് സെക്കന്റിന് ആള് മറുവാണല്ലോ…എന്തെക്കെയോ പന്തി കേട് എനിക്ക് മണക്കുന്നുണ്ടായിരുന്നു…

എങ്ങനെയോ ബൈക്ക് ഓടിച്ച് അമ്മുന്റെ വീട്ടു പടിക്കലെത്തി…

അമ്മേ…കൊച്ചിനി എങ്ങനെ ഇരുന്നാലും എന്റെ കൊച്ചാണ്…ഉള്ള സൗന്ദര്യം മതിയെന്നെ… ദൈവത്തെ ഓർത്ത് എന്നേ നാറ്റിക്കരുത്.. കണ്ണും കാലും എത്താത്ത നാട്ടീന്ന് ഇല്ലാത്ത ലീവ് ഒപ്പിച്ചെടുത്തു വന്നത് അമ്മേം അവളേം കുഞ്ഞിനേം കാണാനാ അത് ഓർമ വേണം…

ഹാ തുഫ്ഫ്…

ഇവരിത് നശിപ്പിച്ചേ അടങ്ങു…

നീയാ പൊതി അങ്ങ് മാറ്റി വെക്ക് പച്ച വെള്ളത്തിനു പോലും കൊതി വിടണ ജാതികളാ…

എന്താമ്മേ ഇങ്ങനെ…

നീ പോടേറുക്കാ…

ബാലുന്റമ്മേ എന്ത് പറ്റി??

ഒന്നുല്ല അമ്മുന്റെ മുത്തശ്ശിയെ ഒരു പ്രാണി വന്നു വായിൽ കേറി അത്രന്നെ…എന്നേ നോക്കി ഒന്ന് പുച്ഛിച്ച് ഉള്ളിലേക്ക് കേറി പോണ കണ്ടു… പോയവഴി എന്തൊക്കെയോ പറഞ്ഞ് രണ്ടാളും ചിരിക്കണുണ്ട്…ഉല്ലസിച്ചാണ് പോക്ക് തള്ള ഇടത്തോട്ട ഇന്നെഴുനേറ്റേ എന്ന് ഇവരുണ്ടോ അറിയുന്നു…

പിന്നാലെ ഞാനും ഉള്ളിലേക്ക് കേറി… കുഞ്ഞിനെ കണ്ട സന്തോഷത്തേക്കാളേറെ അമ്മ വയലന്റ് ആകുന്നോ എന്നതായിരുന്നു എന്റെ വിഷയം….മോനേ മടിയിലിരുത്തി കണ്ണട ഒന്ന് തുടച്ച് വ്യക്തമായി ഓരോ ഭാഗവും നിരീക്ഷിക്കുന്നു…

തേവർക്ക് ശയന പ്രദക്ഷിണം ചെയ്തേക്കാം..അരുതാത്തതൊന്നും എന്റമ്മേനെ കൊണ്ട് എഴുന്നള്ളിപ്പിച്ച് നല്ല രീതിയിൽ പോകുന്ന ഒരു കുടുംബ ജീവിതം തകർക്കല്ലേ…

പെറ്റു കിടക്കണ പെണ്ണിന്റെ മനസ്സ് നോവിച്ചെന്ന പാപം എന്റമ്മയ്ക്ക് ഉണ്ടാവല്ലല്ലോ…

ആകെ ബേബി പൗഡർ മണക്കണ അന്തരീക്ഷം ആണെങ്കിലും ഒരു മനസുഖം കിട്ടുന്നില്ലെന്നു വേണം പറയാൻ…അമ്മയുടെ മനസ്സിൽ പഴയ അമ്മു ഇല്ല… പിന്നെ എന്തിനാണ് ഈ അഭിനയം…അമ്മയുടെ ചോദ്യങ്ങൾക്ക് നിഷ്കളങ്കമായ സ്നേഹത്തോടെ മറുപടി പറയുന്ന അമ്മുനെ കണ്ടപ്പോ ഒരു സങ്കടം…നമ്മടമ്മ ആകെ മാറിയെടാ എന്ന് പറയണം എന്നുണ്ടായിരുന്നു പക്ഷേ സാധിച്ചില്ല….തൊടിയിൽ നിന്ന് ഒരു പഴുത്ത ചക്ക അടർത്തി തരോ കഴിച്ചിട്ട് കുറേ ആയി…അമ്മ ചോദിച്ചു മുഴുപ്പിക്കുന്നതിനു മുൻപ് മുത്തശ്ശിയും അച്ഛനും മുളം തോട്ടിയെടുത്ത്‌ മുറ്റത്തേക്കിറങ്ങി… കൂടെ എന്റമ്മയും…

വാവേ ഇഷ്ടായോ ഏട്ടാ… അമ്മയ്ക്ക് ഒത്തിരി ഇഷ്ടായിന്ന് തോന്നണ് അല്ലേ…

പാവം ഞാൻ ഒന്നും മറുപടി പറഞ്ഞില്ല….

സാധനം എവിടെ ഒരു കണ്ണ് ഇറുക്കി അമ്മു ഒരു ചോദ്യം…

നിനക്ക് എന്ത് സൂക്കേടാ അമ്മു??പെറ്റു കിടക്കുന്ന പെണ്ണാ നീ മറക്കണ്ടാട്ടോ…

എന്തോന്നാ നിങ്ങളീ പറയണേ…

അമ്മ നൈസ് ആയിട്ട് എല്ലാരേം മാറ്റിയത് കണ്ടില്ലേ…വേഗം പോയി ബിരിയാണി എടുക്ക് ടപ്പേന്നു തിന്നിട്ട് വേസ്റ്റ് തരാം…

ചിട്ടയ്ക്ക് പ്രസവം എടുത്ത് മെഡൽ വാങ്ങാൻ ഇരിക്കുന്ന എന്റെ മുത്തശ്ശി ഇതൊന്നും സമ്മതിക്കില്ല… മുത്തശ്ശിയേ പേടിച്ച് അച്ഛനും വാങ്ങില്ല…എനിക്ക് അമ്മയില്ലല്ലോ…അമ്മയോട് പറഞ്ഞാൽ എന്റമ്മയോട് പറയണപോലെയാ അതാ ഇന്നലെ വിളിച്ചപ്പോൾ ഞാൻ…

ഹോ കേട്ടപ്പോൾ എന്റെ നെഞ്ചിൽ കുളിർ മഴ പെയ്യുണ്ടായിരുന്നു…അമ്മ എന്നേ ആകെ വട്ടാക്കിയെടി…

എന്നോട് പറഞ്ഞിരുന്നു ഒന്ന് കറക്കുമെന്ന്…

പാവം ആർത്തിയോടെ അത്‌ വാരി കഴിക്കുന്ന കണ്ടപ്പോൾ എന്തോ ഒരു ആനന്ദം…കുറേ ആയി വായിക്കു രുചിയായി എന്തേലും കഴിച്ചിട്ട്…

സന്തോഷയോ… നിനക്ക്…

മ്മ്മ് ആയല്ലോ… അവളുടെ വയറു നിറഞ്ഞപ്പോ നിറഞ്ഞതെന്റെ മനസ്സായിരുന്നു…ഈ സന്തോഷം തരനായിരുന്നല്ലോ ഒരാളെന്നെ ചുറ്റിച്ചത്…നിറഞ്ഞ മനസ്സോടെ അപ്പോഴാണ് കുഞ്ഞിനെ ഒന്നെടുത്തത്…

നിങ്ങടെ അതേ മൂക്കാ ഏട്ടാ…

എനിക്ക് ചിരി വന്നു…

എന്തേ…

ഒന്നുല്ലാ…

തിരിച്ചു പോരാൻ നേരമാണ് ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കിയത്…എന്റെ മൂക്കിൽ പിടിച്ചൊന്ന് കുലുക്കീട്ട് പറഞ്ഞു…അവന് നിന്റെ മൂക്കായോണ്ട് ഇത്തവണ ഞാൻ വെറുതെ വിടുന്നു…

ഉവ്വെ നമ്മളെല്ലാം അറിയുന്നുണ്ടേ…

നീ പോടാ ചെക്കാ…

എന്നേ മുറുക്കെ പിടിച്ചിരുന്നോ… ഭൂമിയിലെ തന്നെ റെയർ പീസ് ആണ്…എന്തേലും പറ്റിയാൽ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല…അമ്മ പൊട്ടിചിരിക്കുന്നുണ്ടായിരുന്നു…പ്രാണന്റെ പളുങ്കു കിലുങ്ങുന്ന ചിരി..

വീട്ടിൽ നിന്ന് തിരിയുമ്പോ..ഒരു കൈ കൊണ്ടമ്മ എന്നേ ചുറ്റിപിടിച്ചിരിക്കുന്നു..മറുകൈയിൽ ആരും കാണാതെ അവൾ തിന്നു തീർത്ത സ്നേഹപൊതിയുടെ കടലാസ്സിൽ പൊതിഞ്ഞ അവശേഷിപ്പുകളും…

ശുഭം

ഇങ്ങനെ അമ്മായിഅമ്മമാരുണ്ടാവുമോ… ഉണ്ടന്നെ …തെളിവ് വേണോന്നുണ്ടോ…ഒരെണ്ണം നമ്മുടെ കൈയിൽ ഉണ്ട്ട്ടോ…ചോദിച്ചു വരണ്ട ആർക്കും തരൂല❤❤??❤❤