അവൾ നിറഞ്ഞ കണ്ണുകളാൽ അയാളെ ദയനീയമായി നോക്കുമ്പോൾ അവളുടെ മനസ്സിന്റെ പിടപ്പും വേദനയും…

എഴുത്ത്: മഹാ ദേവൻ

“എന്തിനാടി ഇങ്ങനെ ആർക്കും വേണ്ടാത്ത ശവം പോലെ മനുഷ്യനെ ബുദ്ധിമുട്ടിക്കാനായി സ്ഥലം മുടക്കി കിടക്കുന്നത്. ചാവേം ഇല്ല, ജീവിച്ചിട്ട് ഒരു കാര്യവും ഇല്ല… എത്രയെണ്ണം വെറുതെ ഇടിവെട്ടി ചാവുന്നു. ഈ ജനൽ വഴി ഒരു ഇടി ഇവളുടെ തലയിൽ വെട്ടുന്നില്ലല്ലോ. സ്ഥലം മുടക്കാൻ ആയിട്ടൊരു ജന്മം “

അച്ഛനും അമ്മയും ആക്സിഡന്റിൽ മരിക്കുമ്പോൾ ജീവനോട് തിരികെ കിട്ടിയത് ജാനകിയെ മാത്രമായിരുന്നു. പക്ഷെ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന അവസ്ഥയിലേക്ക് അവളുടെ ബാക്കി ജീവിതം ഒതുങ്ങുമ്പോൾ ആരുമില്ലാത്ത അവളെ ഉപേക്ഷിക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ട് അമ്മാവൻ അവളെ ഏറ്റെടുക്കുമ്പോൾ അയാൾക്ക് പിന്നിൽ മുറുമുറുപ്പുകൾ ഉയർന്നുതുടങ്ങിയിരുന്നു.

“നിങ്ങൾക്കിത് എന്തിന്റെ കേടാണ് മനുഷ്യാ…ആ ശവത്തിനെ ഇങ്ങോട്ട് കെട്ടിയെടുത്തിട്ട് അതിന്റ മ ലവും മൂ ത്രവും ആര് കോരും. നിങ്ങൾക്ക് പറ്റോ… എന്നെ കണ്ടിട്ടാണെങ്കിൽ വേണ്ട. എനിക്ക് വയ്യ ഇത്രേം വലുതായ ഒന്നിന്റെ അപ്പി കോരാനും അവളെ ശിശ്രുഷിക്കാനും.. നോക്കാൻ കഴിയുമെന്ന് ഉണ്ടെങ്കിൽ മാത്രം ഏറ്റെടുത്താൽ മതി. അല്ലെങ്കിൽ അവിടെ കിടന്ന് ചത്തോടെ.. ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് അതാണ് “

ലേഖ അയാളുടെ സൽപ്രവർത്തി കണ്ട് ഉറഞ്ഞുതുള്ളുമ്പോൾ ഒന്നും എതിർത്തു പറഞ്ഞില്ല സതീശൻ..പക്ഷെ ഈ അവസ്ഥയിൽ മരുമകളെ ഉപേക്ഷിക്കാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ട് അയാൾ അവളെ ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിക്കുമ്പോൾ അവൾക്കുള്ള മുറി പുറത്ത് നിന്ന് പൂട്ടിയിരുന്നു ലേഖ.

“ഇത് എന്റെ മോൻ വരുമ്പോൾ കിടക്കുന്ന മുറിയാ.. ഈ പെണ്ണിനെ ഇതിന്റെ ഉള്ളിൽ കിടത്തിയാൽ പിന്നെ അവൻ എവിടെ കിടക്കും.. പിന്നെ ഇവൾ തൂ റിനാറ്റിച്ച മുറിയിൽ എന്റെ കുട്ടിയെ കിടത്താൻ പറ്റോ? എണീക്കാൻ വയ്യാതെ കേറിവന്നാലും വന്നപ്പഴേ എന്റെ മകന്റെ മുറി കയ്യടക്കാൻ ആണ് ശ്രമം.വേണേൽ ആ ചായ്പ്പിലെങ്ങാനും കൊണ്ട് കിടത്ത്‌. അവിടെ ആകുമ്പോൾ ഉമ്മറത്തേക്ക് അല്പം നാറ്റം കുറയുമല്ലോ. “

ലേഖ മുറി പൂട്ടി ചാവി കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു ക്രൂരമായ വാക്കുകൾ കൊണ്ട് കുത്തുമ്പോൾ ഒന്നും പ്രതികരിക്കാൻ കഴിയാത്ത ജാനകിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“വേണ്ട, മാമാ,, എന്നെ വേറെ എവിടേലും ആക്കിയാൽ മതി. ഞാൻ കാരണം ആർക്കും… ഇനി എന്നെ കൊണ്ട് എല്ലാവർക്കും ഉപദ്രവമേ ഉണ്ടാകൂ… ഒന്ന് അനങ്ങാൻ പോലും കഴിയാത്ത ഞാൻ…. എന്നെ തിരികെ കൊണ്ട് വിട്ടേക്ക് മാമാ…. “

അവൾ നിറഞ്ഞ കണ്ണുകളാൽ അയാളെ ദയനീയമായി നോക്കുമ്പോൾ അവളുടെ മനസ്സിന്റെ പിടപ്പും വേദനയും സതീശന്റെ നെഞ്ചിലെരിയുന്നുണ്ടായിരുന്നു.

“ലേഖേ, നീ ആ റൂമിന്റെ വാതിൽ തുറക്ക്.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ. ഇവിടെ എന്ത് ചെയ്യണം, ചെയ്യണ്ട എന്നൊക്കെ തീരുമാനിക്കാൻ ഞാൻ ഉണ്ട്. നീ കുറെ നേരമായല്ലോ ഈ കുട്ടിയെ ഇങ്ങനെ വിഷമിപ്പിക്കുന്നു. ഒന്നല്ലെങ്കിൽ നീയും ഒരു പെണ്ണല്ലെടി.. ഇവളെ പോലെ നിനക്കാണ് സംഭവിച്ചതെങ്കിലോ. മനുഷ്യനായാൽ ഇച്ചിരി വകതിരിവ് വേണം.. വീണുപോവുന്നവരെ വീണ്ടും വീണ്ടും വീണിടത്തു കിടത്തി ചവിട്ടാതെ കുറച്ചെങ്കിലും ആശ്വാസം നൽകാൻ ശ്രമിക്കണം. സ്നേഹത്തോടെ ഒരു നോട്ടം… അതുപോലും നൽകാൻ അറപ്പ് കാണിക്കുന്ന നിന്നെ ഒക്കേ…..

പറഞ്ഞിട്ട് കാര്യമില്ല… നിന്റ ഒക്കെ സ്വഭാവം നായുടെ വാല് പോലെയാ..എത്ര കുഴലിലിട്ടാലും നിവരില്ല.. അതുപോലെ നിന്റ സ്വഭാവവും. ഇവൾ എന്റെ പെങ്ങളുടെ കുട്ടിയാ… എന്റെ കുട്ടി… അവളെ എവിടെ കിടത്തണം, എങ്ങനെ നോക്കണം എന്നൊക്കെ എനിക്ക് അറിയാം.. അതോർത്തു നീ തല പുകക്കണ്ട. കേട്ടല്ലോ “

അതും പറഞ്ഞ് അവളുടെ കയ്യിൽ നിന്നും താക്കോൽ ബലം പിടിച്ചു വാങ്ങി വാതിൽ തുറന്ന് ജാനകിയെ മെല്ലെ ബെഡിലേക്ക് കിടത്തി. പിന്നെ അവളെ കൊണ്ട് വന്ന ആംബുലൻസ് പറഞ്ഞ് വിട്ടതിനു ശേഷം തിരികെ ജാനകിക്കരികിലെത്തുമ്പോൾ അവൾ സ്വന്തം അവസ്ഥയോർത്ത്‌ കരയുകയായിരുന്നു.

“മോള് എന്തിനാ കരയുന്നെ.. അമ്മായിയുടെ സ്വഭാവം മോൾക്ക് അറിയാലോ… ആ തള്ളേടെ സ്വഭാവമാ അവൾക്കും… അതിപ്പോ എന്ത് ചെയ്താലും മാറില്ല…അതുകൊണ്ട് മോള് വെറുതെ അതോർത്തു വിഷമിക്കണ്ട.. പിന്നെ ഞാൻ ഇവിടെ ഇല്ലാത്തപ്പോൾ അവൾ കുത്തുവാക്കുകളുമായി വരും.. വെറുതെ കണ്ണടച്ച് കിടന്നേകക്കണം.. മടുക്കുമ്പോൾ നിർത്തിക്കോളും എന്ന് കരുതിയാൽ മതി, കേട്ടല്ലോ.. അപ്പൊ ഇനി മാമന്റെ കുട്ടി വിഷമിക്കരുത്.. “

അതും പറഞ്ഞ് സതീശൻ അവളുടെ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുമ്പോൾ അവൾ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി.

അയാൾ സ്നേഹത്തോടെ അവളുടെ തലയിലൊന്ന് തലോടിക്കൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ എല്ലാം ശ്രദ്ധിച്ചുകൊണ്ട് പുച്ചത്തോടെ പുറത്ത് നിൽപ്പുണ്ടായിരുന്നു ലേഖ.

“എന്താ നിങ്ങടെ ഉദ്ദേശം? നിങ്ങൾ ജോലിക്ക് പോകുമ്പോൾ ഇവളെ ആര് നോക്കും.. എന്നെ കണ്ടിട്ട് ആണെങ്കിൽ വെറുതെ കിനാവ് കാണണ്ട… ഞാൻ തൊടില്ല അതിനെ… മുള്ളി തൂ റി കിടന്നാൽ പോലും ഞാൻ തിരിഞ്ഞുനോക്കില്ല.. ഉള്ള കാര്യം പറഞ്ഞേക്കാം.. “

അവൾ അവളുടെ തീരുമാനം പിന്നെയും വാക്കുകൾ കൊണ്ട് ഊട്ടിയുറപ്പിക്കുമ്പോൾ അവളിലെ അതെ പുച്ഛമായിരുന്നു സതീശന്റെ മുഖത്ത്‌.

“അല്ലെങ്കിൽ തന്നെ നീ മനസ്സ് മാറി കുട്ടിയെ നോക്കുമെന്ന സ്വപ്നം കണ്ടല്ല ഞാൻ ഇതൊക്കെ ചെയ്തത്. അവളെ ഇവിടെ കൊണ്ട് വന്നെങ്കിൽ ഇങ്ങനെ അവളുടെ കാര്യങ്ങൾ നോക്കണമെന്നും എനിക്ക് അറിയാം… നീ ഇതുപോലെ കിടന്ന് ചിലച് ആ പെണ്ണിനെ വേദനിപ്പിക്കാതിരുന്നാൽ മതി, നിന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു വലിയ കാര്യം ആണത്.. “

അതും പറഞ്ഞയാൾ അവൾക്ക് നേരം മുഖം കോട്ടികൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു ദേവകിയമ്മ മുറ്റത്തേക്ക് കയറിയത്..

അവരെ കണ്ടതും അതിയായ സന്തോഷത്തോടെ സതീശൻ അകത്തേക്ക് ക്ഷണിക്കുമ്പോൾ ഈ തള്ള ഇതിപ്പോ എന്തിന് വന്നതാ എന്ന ചിന്തയിൽ ആയിരുന്നു ലേഖ.

“ദേവകിയമ്മയെ കണ്ടല്ലോ. ഇനി മുതൽ ഇവർ നോക്കിക്കോളും ജാനകിയുടെ കാര്യം.. നീ ആ റൂമിന്റെ അടുത്ത് കൂടി പോയേക്കരുത്. കേട്ടല്ലോ..” എന്നും പറഞ്ഞ് ലേഖയെ രൂക്ഷമായി ഒന്ന് അടിമുടി നോക്കികൊണ്ട് അയാൾ ദേവകിക്ക് നേരെ തിരിഞ്ഞു.

“ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ദേവകിയമ്മക്ക്.. ജാനകിക്ക് ഒരു കുറവും ഉണ്ടാകരുത്. അത് മാത്രമാണ് ദേവകിയമ്മയുടെ പണി… അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുക. അവൾക്കൊപ്പം ആ റൂമിൽ ഒരു വിളിപ്പുറത് ഇപ്പോഴും ഉണ്ടാകണം.. നിങ്ങളെ കാണുമ്പോൾ ചിലപ്പോൾ ഇവൾക്ക് തോന്നും ഈ വീട്ടിലെ പണിയൊക്കെ എടുപ്പിക്കാൻ. ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകപോലും ചെയ്യരുത്. “

ആ വാക്കുകളിലെ ഊന്നൽ തന്നെ ഉദ്ദേശിച്ചു മാത്രമാണെന്ന് മനസ്സിലായപ്പോൾ ലേഖ രണ്ട് പേരെയും നോക്കികൊണ്ട് ചാടിത്തുള്ളി അകത്തേക്ക് പോയി.

അന്ന് മുതൽ ജാനകിയുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നോക്കിയത് ദേവകിയമ്മ ആയിരുന്നു. അത്രേം സൗകര്യത്തോടെ ജാനകി കിടക്കുന്നത് പലപ്പോഴും ചൊടിപ്പിക്കുന്നുണ്ടായിരുന്നു ലേഖയെ.. അതുകൊണ്ട് തന്നെ തരം കിട്ടുമ്പോൾ എല്ലാം കുത്തുവാക്കുകൾ കൊണ്ട് ജാനകിയെ വേദനിപ്പിക്കുമ്പോൾ അത് കണ്ട് സന്തോഷിക്കുകയായിരുന്നു ലേഖ.

“വേണേൽ കുറച്ചു വിഷം വാങ്ങിത്തരാം.. അത് കഴിച്ചെങ്കിലും ഈ കിടക്ക് ഒഴിഞ്ഞൂടെടി ശവമേ. ആർക്കും വേണ്ടാത്ത ഒരു ജന്മം പിന്നേം അട്ടയെ പോലെ കടിച്ച് തൂങ്ങി കിടക്കുവാ…നീ ഒറ്റ ഒരുത്തി കാരണം ഇപ്പോൾ ഈ വീട്ടിൽ സമാധാനം പോലുമില്ല.. മുടിപ്പിക്കാൻ ഇറങ്ങിത്തിരിച്ച വിത്ത്.. തന്റെം ചത്തു തള്ളേം ചത്തു..നിന്നെ മരണത്തിനു പോലും വേണ്ടല്ലോടി അശ്രീകരമേ “

എല്ലാം നെഞ്ചിലേക്ക് ആണ് കുത്തിയിറങ്ങുന്നതെങ്കിലും പുഞ്ചിരിക്കാൻ ശ്രമിക്കുകയായിരുന്നു ജാനകി. അമ്മായി പറഞ്ഞതിൽ വലിയ തെറ്റൊന്നും ഇല്ലല്ലോ എന്ന് പലപ്പോഴും തോന്നിയിട്ടിട്ടുണ്ട്. മരണത്തിനു പോലും വേണ്ടാത്ത അശ്രീകരം….അവൾ പുഞ്ചിരിക്കാൻ ശ്രമിച്ച ചുണ്ടുകൾ ഇടക്കൊന്നു വിറച്ചു..പക്ഷെ,പുഞ്ചിരി കൊണ്ട് അതിനെ മറയ്ക്കാൻ ശ്രമിക്കുകയായിരുന്നു അവൾ..

ആ ഇടക്കായിരുന്നു അമലിന്റെ വരവ്.

അവൻ വന്നത് വല്ലാത്തൊരു ആശ്വാസമായി തോന്നിയത് ലേഖക്ക് ആയിരുന്നു. ഇനി ജോലിക്കായി ബാംഗ്ലൂരിൽ പോകുന്നില്ല എന്ന് കൂടി അറിഞ്ഞതോടെ ആ സന്തോഷം ഇരട്ടിയായി.. വന്നു കേറി കിടന്നവൾക്കും ഭർത്താവിനും എതിരെ പ്രതികരിക്കാൻ മകനെ കൂടി ചട്ടം കെട്ടുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുംപോലെ ലേഖ പറയുന്നുണ്ടായിരുന്നു

“കണ്ടില്ലേ, വലിഞ്ഞു കേറി വന്നു കിടക്കുന്നത്. വന്ന പാടെ നിന്റ മുറി കയ്യടക്കി, ഇപ്പോൾ നിന്റ അച്ഛന്റെ സഹതാപം കൂടി പിടിച്ചുപറ്റി സുഖിച്ചു കിടക്കുവാ ആ ഒരുമ്പട്ടവൾ. അമ്മക്ക് എത്ര പറയാൻ പറ്റും.. എല്ലാവരേം അവൾ വശത്താക്കി, ഇപ്പോൾ അമ്മ ഒറ്റക്കായി.. മോൻ വന്നപ്പോഴാ ഒരു സമാധാനം ആയത്. ഇനി നീ വേണം ആ അശ്രീകരത്തെ എടുത്ത് പുറത്തേക്കിടാൻ. എന്നിട്ട് ഈ വീടൊന്ന് അടിച്ചുതെളിച്ചു ശുദ്ധിയാക്കണം.. ശവം. നീണ്ടു കിടക്കുവാ, ചാവാതെ “

അമ്മയുടെ വാക്കുകൾ കേട്ട് അവൻ മൗനം പാലിക്കുമ്പോൾ മനസ്സിൽ ഒരു തീരുമാനം എടുത്തിരുന്നു അമൽ..

അന്ന് സതീശൻ ജാനകിക്കൊപ്പം ഇരിക്കുമ്പോൾ അമൽ ലേഖയെയും കൂട്ടി മുറിയിലേക്ക് വന്നിരുന്നു. അവനെ കണ്ട് പുഞ്ചിരിക്കാൻ ശ്രമിച്ച സതീശനെയും ജാനകിയേയും കണ്ടില്ലെന്ന് നടിച്ച് അവിടെ വൃത്തിയാക്കുന്ന ദേവകിയമ്മയെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു

“നാളെ മുതൽ ഇവളെ നോക്കാൻ വേണ്ടി ദേവകിയമ്മ വരണമെന്നില്ല. ഇതുവരെ നോക്കിയതിന്റെ എന്താണെന്ന് വെച്ചാൽ ഞാൻ തന്നേക്കാം.. ” എന്ന്..

അത് കേട്ട് എല്ലാവരും അമ്പരപ്പോടെ അവനെ നോക്കുമ്പോൾ ലേഖയുടെ മനസ്സിൽ മാത്രം സന്തോഷം ആയിരുന്നു.. തന്റെ വഴിക്ക് മകൻ വന്നെന്ന സന്തോഷംപുറത്ത് കാണിക്കാതെ അവൾ സങ്കടം കാണിച്ചുകൊണ്ട് അമലിന്റെ കയ്യിൽ പിടിച്ചു.

“അയ്യോ, നീ എന്താ മോനെ ഈ പറയുന്നത്. പിന്നെ ഈ പെണ്ണിന്റ കാര്യം ആര് നോക്കും.. പാവം കുട്ടി.. ഇവർ കൂടി പോയാൽ.. പിന്നെ വല്ല അനാഥാലയത്തിലും കൊണ്ടാക്കേണ്ടി വരും. പാവം കിടക്കുന്ന കിടപ്പ് കണ്ടില്ലേ “

എല്ലാവരെയും ഒന്ന് ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് സങ്കടം അഭിനയിക്കുമ്പോൾ അമൽ അമ്മയെ ഒന്നു നോക്കി. പിന്നെ എല്ലാവരും കേൾക്കാനെന്നോണം പറയുന്നുണ്ടായിരുന്നു

“കണ്ടില്ലേ, ഇവളെ ആരും നോക്കാനില്ലെന്ന് കണ്ടപ്പോൾ എന്റെ അമ്മയുടെ സങ്കടം. ഇവരെ ആണ് നിങ്ങളെല്ലാവരും കൂടി ഈ വീട്ടിൽ ഒറ്റപ്പെടുത്തിയത്. ഞാൻ ഉള്ളപ്പോൾ അത് നടക്കില്ല… അതുകൊണ്ട് എന്റെ തീരുമാനത്തിൽ മാറ്റമില്ല.. ദേവകിയമ്മക്ക് നാളെ പോകാം “

അവൻ ഉറച്ച തീരുമാനം പോലെ പറഞ്ഞ വാക്കുകൾ കേട്ട് എല്ലാവരും എന്ത് പറയണമെന്ന് അറിയാതെ നിൽകുമ്പോൾ അവൻ പിന്നെ പറഞ്ഞ വാക്കുകൾ കേട്ട് അമ്പരന്നത് ലേഖയായിരുന്നു.

“എന്റെ അമ്മയുടെ സ്നേഹം നിങ്ങളും കണ്ടില്ലേ ഇപ്പോൾ..ആ മനസ്സ് വിഷമിപ്പിച്ച നിങ്ങളോട് എനിക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ദേവകിയമ്മയെ പറഞ്ഞ് വിടുക എന്നത്.. എന്നിട്ട് ജാനകിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുവാ.. എന്റെ ഭാര്യയെ നോക്കേണ്ടത് എന്റെ കടമയല്ലേ.. അതുകൊണ്ട് നാളെ മുതൽ ഇവളെ ഞാൻ നോക്കിക്കോളാ. ഇവൾക്ക് തണലാകാൻ ഞാൻ മതി. ശരീരം തളർന്നാലും തളരാത്ത ഇവളുടെ മനസ്സ് മാത്രം മതി എനിക്ക്. പിന്നെ എന്റെ അമ്മ ഉണ്ടല്ലോ എല്ലാത്തിനും കൂടി.. ദേവകിയമ്മയെ പറഞ്ഞ് വിടാന് പറഞ്ഞപ്പോൾ കണ്ടില്ലേ അമ്മയുടെ സങ്കടം. അത്രയ്ക്ക് ഇഷ്ട്ടമാ അമ്മക്ക് ജാനകിയെ “

…എന്നും പറഞ്ഞ് അവൻ ചിരിച്ചുകൊണ്ട് അമ്മയെ നോക്കുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ ശ്വാസം നിലച്ചു നിൽക്കുകയായിരുന്നു ലേഖ..