ആ വിരലിൽ ന്റെ കൈ വിരലുകൾ ചേർത്ത് പിടിച്ചു നടന്നു തുടങ്ങിയതല്ലേ നമ്മൾ…..

കൃഷ്ണവേണി

Story written by NANDHA NANDHITHA

::::::::::::::::::::::::::::::

“എന്നേ… എന്നേ ഒന്നും ചെയ്യല്ലേ അനിലേട്ടാ… പ്ലീസ്… എന്നേ വെറുതെ വിട്ടേക്ക് പ്ലീസ്‌…”

അവൾ കരഞ്ഞു കൊണ്ട് അയാൾക്ക് നേരെ കൈകൂപ്പി…

“ഹേയ്…ഞാൻ… ഞാൻ നിന്നെ ഒന്നും ചെയ്യില്ലടാ… ഒന്നും ചെയ്യില്ല… പക്ഷെ…എനിക്ക്… എനിക്ക് നിന്നെ വേണം… ഈ ഒരു നിമിഷത്തേക്കല്ല… ഈ ജീവിതകാലം മുഴുവനും…!!പറ…ഒരു വട്ടം…ഒരു വട്ടം പറയ്… എന്നേ ഇഷ്ടാണെന്ന്… ന്നെ വിവാഹം ചെയ്യാൻ സമ്മതം ആന്നെന്നു പറ…”

അയാൾ അവളെ നോക്കി കെഞ്ചി…

“ക ള്ള് കുടിച്ചു, ഭ്രാന്ത് കാട്ടാതെ… എന്നേ വിട് അനിലേട്ടാ… എനിക്ക് പോകണം… വാതിൽ തുറക്ക്…”

“മോളെ… വേണി… ഞൻ പറയണത് ഒന്ന് കേൾക്ക്… നീ… നീ എന്റെ ജീവനാ… “

“അനിലേട്ടാ നിക്ക് പേടിയാ…അനിലേട്ടനെ ഇങ്ങനെ കാണാൻ എനിക്ക് പേടിയാ…..”

അവൾ കരഞ്ഞുകൊണ്ട് നിലത്തേക്ക് ഊർന്നു വീണു….

“ഞാനൊന്നും ചെയ്തില്ലല്ലോ എന്റെ വേണി…!!! എനിക്ക് നിന്നെ ഇഷ്ടമാണ്….വെറുമൊരു ഇഷ്ടമല്ലെടി നീയില്ലാതെ ജീവിക്കാൻ പറ്റാത്തൊരവസ്ഥ…നീയില്ലെങ്കിൽ ന്റെ ജീവൻ പോകുമെന്നൊരു ഭയം….വീട്ടിൽ കല്യാണമൊക്കെ ആലോചിക്കുവല്ലേ… ഇനിയും നിന്നോടിതൊക്കെ പറഞ്ഞില്ലെങ്കിൽ എനിക്ക് നിന്നെ നഷ്ടപ്പെട്ടാലോ എന്നൊരു പേടി….

ന്റെ ഓർമകൾ തുടങ്ങുന്ന കാലംമുതൽ നീയും ഉണ്ടായിരുന്നു കൂടെ…

ആ വിരലിൽ ന്റെ കൈ വിരലുകൾ ചേർത്ത് പിടിച്ചു നടന്നു തുടങ്ങിയതല്ലേ നമ്മൾ…..ഒരു മിഠായി കിട്ടിയാൽ പോലും നിനക്ക് തരാതെ ഞാൻ കഴിച്ചിട്ടുണ്ടോ…ഞാനില്ലാത്തൊരു ദിവസം നിനക്ക് ഉണ്ടായിട്ടുണ്ടോ….

പക്ഷെ അതൊക്കെ വിട്ട് വീട്ടുകാർ പറഞ്ഞുറപ്പിച്ച ഒരാളോടൊപ്പം നീ പോകുന്ന കാണാൻ എനിക്ക് പറ്റില്ല വേണി….

കരഞ്ഞുകൊണ്ടവൻ അവളുടെ ചാരെയിരുന്നു….

ഒരു നേരം പോലും നിന്നെ കാണാതിർക്കാൻ പറ്റില്ലെടി…അത്രയ്ക്ക് ഭ്രാന്തമായാണ് ഞാൻ….ഞാൻ…നിന്നെ സ്നേഹിക്കുന്നത്.

“എന്നെയൊന്ന് മനസിലാക്ക് അനിലേട്ടാ….ഏട്ടനെ അങ്ങനൊന്നും കാണാൻ എനിക്ക് കഴിയില്ല….ന്റെ കൈ പിടിച്ചു കൊടുക്കുമ്പോ എന്റെ ഏട്ടന്റെ സ്ഥാനത്ത് അനിലേട്ടൻ വേണമെന്ന എന്റെ ആഗ്രഹം…!!”

“പക്ഷെ ഞാനിപ്പോ ഏട്ടനെ കാണാൻ വന്നത് മറ്റൊരു കാര്യം പറയാൻ വേണ്ടിയാ…. ഇപ്പൊ വരണ്ടായിരുന്നുന്ന് തോനുന്നു അനിലേട്ടാ…!!!””

“പറ…എന്താണേലും പറ… നിന്റെ ആഗ്രഹങ്ങൾ ഒക്കെ എപ്പോഴും ഞാനല്ലേ വേണി സാധിച്ചു തരാറുള്ളത്…!! എന്താണെങ്കിലും ഇതും ഞാൻ സാധിച്ചു തരും…”

അവന്റെ ചുവന്ന കണ്ണുകളിലേക്ക് വേണി നോക്കി…നിയന്ത്രണമില്ലാതെ അവ ചലിക്കുന്നുണ്ട്… കണ്ണുനീരിൽ കുഴഞ്ഞു മറിഞ്ഞിട്ടുണ്ട്….

വിറയാർന്ന അവന്റെ കൈകളിലേക്ക് അവൾ കൈകൾ ചേർത്ത് പിടിച്ചു…

“എനിക്ക്… എനിക്ക്… അനിലേട്ട… എനിക്ക് ഒരാളെ ഇഷ്ട….!!”

കൺ പീലിയിൽ ഒളിച്ചു നിന്ന ഒരിറ്റ് കണ്ണുനീർ തുള്ളി പെട്ടെന്നു കവിളിലൂടെ ഒഴുകിയിറങ്ങി…..

അനിലിന്റെ മുഖത്തേക്ക് നോക്കാതെ നിലത്തേക്ക് മാത്രം അവളുടെ കണ്ണുകൾ അലസമായി നോക്കിക്കൊണ്ടിരുന്നു…..

അനിലിന്റെ കയ്യിൽനിന്ന് മെല്ലെ കൈ വിടുവിച്ചുകൊണ്ടവൾ എഴുന്നേക്കാൻ ശ്രമിച്ചപ്പോഴേക്കും അനിൽ അവളെ മുറുകെ പിടിച്ചിരുന്നു…..

“ഓരോ നിമിഷവും ഞാൻ ചേർത്ത് പിടിക്കാൻ ശ്രമിക്കുമ്പോഴും നീ എന്നിൽ നിന്നകന്നുകൊണ്ടിരിക്കയാ ല്ലേ…??”

“അനിലേട്ടാ ഞാൻ പൊയ്ക്കോട്ടേ…സഹായിച്ചില്ലെങ്കിലും ന്നെ ദ്രോഹിക്കാതിരുന്നൂടെ…?”

അവൾ എഴുന്നേറ്റു വാതിലിനടുത്തേക്ക് നടന്നു…

“ഇല്ല…. നീ എന്റെയാ എന്റെ മാത്രം ആരും ആരും നിന്നെ ഇഷ്ടപ്പെടണ്ട…!! നീയും ആരെയും ഇഷ്ടപ്പെടണ്ട…!! സമ്മതിക്കില്ല ഞാൻ….!!

അവൻ എഴുന്നേറ്റ് അവളുടെ പിന്നാലെ ചെന്നു. കൈകൊണ്ടവളുടെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു….

“വിട്… എന്താ കാണിക്കണേ… ന്നെ വിട് അനിലേട്ടാ …..ന്നെ ഉപദ്രവിക്കല്ലേ…” പൊട്ടികരഞ്ഞുകൊണ്ടവൾ കേണു…

കുതറി മാറാൻ ശ്രമിച്ച അവളിലേക്ക് ശക്തിയിൽ ഞെരിഞ്ഞമർന്ന അനിലിന്റെ കരവലയത്തിൽ അവൾ തളർന്നു പോയിരുന്നു….

അതിക്രമമെന്ന പോലെ അവളുടെ ഉടയാടകൾ അഴിച്ചു മാറ്റുമ്പോഴും ചുണ്ടുകളിൽ മതി മറന്നു ചുംബിക്കുമ്പോഴും മാറിടങ്ങളിലേക്ക് വിരലുകൾ ഞെരിഞ്ഞമരുമ്പോഴും…. ഇനി… ഇനി നീ എന്റെ മാത്ര മാണെന്നോർത്ത് അവൻ ഭ്രാന്തമായി പൊട്ടിച്ചിരിച്ചു….

മദ്യത്തിന്റെ ആസക്തിയിൽ ഒരു ഭ്രാന്തനപോലെ അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ… നിസ്സഹായയായി കരയാൻ മാത്രേ അവൾക്കായുള്ളു…ഒടുവിൽ എപ്പോഴോ നീറി പുകയുന്ന വേദനയിൽ അവൾക്ക് ബോധം നഷ്ടമായിരുന്നു…

ആവേശങ്ങൾക്കൊടുവിൽ അവളിലേക്ക് തളർന്നു വീഴുമ്പോൾ… യഥാർഥ്യത്തിന്റെ നേരിയ വെളിച്ചം… അവന്റെ നെഞ്ചിലേക്ക് ഒരു മിന്നൽപിണർപ്പ് കണക്കെ പതിച്ചിരുന്നു…

കുടിച്ച മദ്യത്തിന്റെ കെട്ടടങ്ങി സ്വബോധത്തിലേക്ക് എത്തുമ്പോൾ… തന്റെ പരാക്രമങ്ങൾക്ക് ബലിയാവേണ്ടി വന്നവൾ നിസ്സഹായയായി ഏങ്ങലടിച്ചു കൊണ്ട് മതിലിൽ ചാരി ഇരിക്കുന്നതാണ് അവൻ കണ്ടത്…

പൂർണ നഗ്നയായിരുന്ന അവളെ കണ്ടപ്പോൾ ഒരു നിമിഷം ഞെട്ടലോടെ അവൻ വേണിയെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ വിറ കൊണ്ടു…

പെട്ടന്ന് നിലത്തു കിടന്ന തന്റെ മുണ്ട് കയ്യിലെടുത്തു അവളുടെ നഗ്നത മറക്കാൻ വേണിയുടെ അരികിലേക്ക് അനിൽ ചെന്നു..

“വേണി… ” ശബ്ദമുയർത്താതെ അവൻ അവളെ വിളിച്ചു…

നിറ കണ്ണുകളോടെ അവൾ തലയുയർത്തി…

കലങ്ങി മറിഞ്ഞ കണ്ണുകൾ നോക്കി നിക്കുവാൻ അവന് കഴിയുമായിരുന്നില്ല….

“സന്തോഷായോ…?? തൃപ്തിയായോ…..?? എന്തിനായിരുന്നു എന്നോടീ…!!! എന്റെ ഇഷ്ടം പിടിച്ചു പറ്റാനോ…? അതോ എന്നെ നഷ്ടപ്പെടാതിരിക്കാനോ…??? എന്തിനാ അനിലേട്ടാ എന്നെ…?”

കണ്ണുനീരിൽ മുങ്ങിയ മുഖമുയർത്തി അവളുടെ ചോദ്യങ്ങൾക്ക് മുട്ടുകുത്തി അവളുടെ കാലുകളിലേക്ക് കൈകൾ ചേർത്ത് പിടിച്ചവനിരുന്നു….

“മാപ്പ്…. എന്നോട് ക്ഷമിക്ക് വേണി…”

അനിൽ അവളോട് കേണുകൊണ്ടവിടേക്ക് കിടന്നു…

“ഈ വൃത്തികെട്ട കൈകൊണ്ടെന്റെ ദേഹത്തു തൊട്ട് പോകരുത് നീ…”

അനിലിന്റെ കൈ തട്ടിമാറ്റിക്കൊണ്ടവൾ എഴുന്നേറ്റു…

എന്റെ കൈ വിരലിൽ പിടിച്ച ഓർമകളുടെ കാര്യം പറഞ്ഞന്റെ പ്രീതി പിടിച്ചു പറ്റിയത് ഇതിനായിരുന്നല്ലേ….?നിന്നെ ഞാൻ മനസ്സിൽ വച്ച് സ്നേഹിച്ചിരുന്നു….പക്ഷെ ആ കൈകൾ ഇന്നെന്നിലേറ്റവും വലിയ മുറിവായി അനിലേട്ട….നന്ദിയുണ്ട്….

നീ പറഞ്ഞതൊക്കെ ശരിയാ എന്റെ കുഞ്ഞാഗ്രഹങ്ങൾ ഒക്കെ പറഞ്ഞത് നിന്നോടാ….

എനിക്കൊരു ജേഷ്ഠനില്ലാത്ത വിഷമം ഞാൻ അറിഞ്ഞിട്ടില്ല…എന്തും ഓടി വന്ന് ഞാൻ നിന്നോട് ചോദിക്കുന്നത് നിന്നോട് ചോദിച്ചാ എനിക്കത് കിട്ടുമെന്നുറപ്പുള്ളോണ്ടാ…

പക്ഷെ എനിക്ക് തെറ്റ് പറ്റി…!!”

അവൾ കരഞ്ഞുകൊണ്ട് വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങി….

“എന്നെ നഷ്ടപ്പെടാതിരിക്കാണല്ലേ നീ ഇങ്ങനെ ചെയ്തത്….നിനക്ക് ഇന്നുമുതൽ നിന്നെത്തന്നെ നഷ്ടമായെന്ന് കൂട്ടിക്കോ…!!

“അനിലേട്ടാ ന്ന് വിളിച്ചു ഇവിടേക്കോടി വരാൻ ഞാനിനി ഉണ്ടാവില്ല..!!”

അവൾ പോകുന്നത് കണ്ടവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി….

“എത്ര വലിയ തെറ്റാണ് ഞാൻ ചെയ്തത്…??

ചെയ്തുപോയ തെറ്റ് മായ്ക്കുവാനോ മറക്കുവാനോ കഴിയാത്തതാണ്…അവളെ ഒരിക്കലും നഷ്ടമാകാതിരിക്കാൻ ചെയ്ത ശരി ആയിരുന്നു എനിക്കതെന്ന് തോന്നിപ്പോയ നിമിഷത്തെ ഞാൻ വെറുക്കുന്നു…!!”

കുറ്റപ്പെടുത്തലുകൾ മ ദ്യക്കുപ്പികളെ ആശ്രയിക്കാൻ തുടങ്ങി….

പിന്നീടവളെ കാണാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു…

**********************

“എടി..കുടുംബത്തിന്റെ മാനം കളഞ്ഞല്ലോടി മഹാപാപി… പറയടി അസത്തെ… ഏതാവനാടി… ഈ കൊച്ചിന്റെ തന്ത… പറയടി…!!”

അമ്മയുടെ ശാപവാക്കുകൾ കേട്ട്… വേണി മൗനമായി ഇരുന്നു…

“ഈശ്വരാ…ഇതേപോലൊരുത്തിയേ ആണല്ലോ… ഞാൻ പെറ്റ് വളർത്തിത്…?? നാട്ടുകാരുടേം വീട്ടുകാരുടേം മുഖത്ത് ഇനി എങ്ങിനെ നോക്കും…?? എല്ലാം തുലച്ചു കളഞ്ഞല്ലോടി ദ്രോഹി…”

സുലോചന തലയിൽ കൈവെച്ചു കരഞ്ഞു കൊണ്ടിരുന്നു…

“തൃപ്തി ആയില്ലെടി നിനക്ക്… പെണ്മക്കളെ മര്യാദക്ക് വളർത്താണോടി… ഇല്ലെങ്കിൽ ഇങ്ങിനെ ഇരിക്കും… തള്ള മാര പെങ്കൊച്ചുങ്ങളെ നോക്കേണ്ടത്…പ്രായായ പെണ്ണിനെ കയറൂരി വിട്ടപ്പോൾ ഓർക്കണമായിരുന്നെടി… ഞാൻ അന്നേ പറഞ്ഞതായിരുന്നു… കെട്ടിച്ചു വിടാന്ന്… അപ്പൊ അമ്മയ്ക്കും മോക്കും എന്തായിരുന്നു…?? പഠിക്കണം.. പഠിപ്പ് കഴിഞ്ഞു ജോലി കിട്ടിട്ട് മതീന്ന്… കണ്ടില്ലെടി നിന്റെ മോക്കടെ പഠിപ്പ്… എല്ലാം പഠിച്ചു.. നിന്റെ മോള്…പഠിച്ചത് പാസ്സായത വയറ്റി കിടക്കണേ…ഇനി അത് ഏതവന്റെ ആണെന്നെങ്കിലും വാ തുറന്ന് പറയടി അസത്തെ…”

അച്ഛന്റെ വാക്കുകൾ കേട്ട്… ഒന്നും മിണ്ടാതെ വേണി തളർന്നിരുന്നു…

പതിയെ… സുലോചന അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു…

“മോളെ… അമ്മ പറയണത് ന്റെ മോള് കേൾക്കണം… ഈ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് പറ നമുക്ക് ഇതങ്ങു നടത്താം…!!”

“അച്ഛൻ നേരത്തെ പറഞ്ഞില്ലേ… ന്റെ പഠിപ്പിനെ കുറിച്ച്… അങ്ങിനെ ഉണ്ടായത ഇത്… പലരും പഠിപ്പിച്ചു… കൂട്ടത്തിൽ ആരുടേ ആണെന്ന് ചൂണ്ടി കാട്ടാൻ എനിക്ക് വേണ്ടത്ര നിശ്ചയില്യ…”

“ടീ…”

വിളിക്കൊപ്പം അവളുടെ രണ്ട് കവിളിലും സുലോചനയുടെ കൈകൾ പതിഞ്ഞിരുന്നു…

“നീ…നീ ഇത്ര…??? ഛീ…!!!”

അവർ അവൾക്ക് നേരെ കാർക്കിച്ചു തുപ്പി…

“നീ റെഡി ആക്… നമുക്ക് ഇപ്പൊ തന്നെ ഇതിനെ കളയാം… ഹോസ്പിറ്റലിൽ പോകാം…”

അവർ വേഗം എഴുന്നേറ്റു… ഭർത്താവിന്റെ അരികിലേക്ക് നടന്നു..

അല്പ നേരത്തിനു ശേഷം സുലോചനയും, സഹദേവനും മുറിയിലേക്ക് വന്നു… അപ്പോഴും അവൾ നിലത്തു അതെ പടി ഇരിക്കുകയായിരുന്നു…

“നീ എണീറ്റില്ലേ…?? വാ ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ പോകാം…!!”

“ഇല്ല… ഞൻ വരില്ല…!!”

“പിന്നെ… പിന്നെ എന്താ നിന്റെ ഉദ്ദേശം…?? പറയെടി…??”

“ഞാൻ…ഞാൻ വളർത്തും ഈ കുഞ്ഞിനെ…”

“നീ എന്നിട്ട് നാട്ടുകാർക്കും വീട്ടുകാർക്ക് മുന്നിൽ ആരെ ചൂണ്ടി കാട്ടും…?? കൊച്ചിന്റെ തന്തയായിട്ട്…?? അതുടെ പറയടി…!!”

“ന്റെ കുഞ്ഞ് തന്ത ഇല്ലാത്തതായി തന്നെ വളർന്നാൽ മതി…!!”

അവളുടെ വാക്കുകൾ കേട്ട്… സഹദേവന് ദേഷ്യം വന്നു…

അവളെ അയാൾ ക്രൂരമായി തല്ലി… അവളുടെ തലയിൽ നിന്ന് രക്തം വന്നുകൊണ്ടിരുന്നു…

“പിഴച്ചു പെറ്റതിനേം കൊണ്ട് ഇവിടെ കഴിയാം എന്ന് നീ കരുതേണ്ട…!!ഇപ്പോ ഇറങ്ങിക്കോണം എവിടുന്ന്…”

അതും പറഞ്ഞു… അയാൾ അവളെ പിടിച്ചു വലിച്ചു മുറ്റത്തേക്ക് കൊണ്ടുപോയി… വാതിൽ പടിയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടു…

“നിന്നെ പോലുള്ള വേ ശ്യകൾക്ക് പറഞ്ഞിട്ടുള്ളത്… പെരുവഴിയാടി… ഇനി ഈ പടി കേറിപ്പോകരുത്…”

അയാൾ വാതിൽ കൊട്ടിയടച്ചു…

അവൾ പതിയെ മുറ്റത്തു നിന്നു എഴുന്നേറ്റു… വേച്ചു വേച്ചു നടന്നു… നെറ്റിയിലെ മുറിവിൽ നിന്ന് ചോര ഒഴുകി പടർന്നിരുന്നു…

പെട്ടന്ന് അവളുടെ അരികിലേക്ക് അനിൽ ഓടിയെത്തി…

“മോളെ… വേണി…”

“വിളിക്കരുത് എന്നേ അങ്ങിനെ… ന്റെ കണ്മുന്നിൽ പോലും വന്നു പോകരുത് നീ…”

“എന്റെ വേണി ഞാൻ പറയുന്ന ഒന്ന് കേൾക്ക്….”

വീണ്ടും പിന്നാലെ വന്നുകൊണ്ട് അനിൽ പറഞ്ഞു…

“എന്നെ ഭ്രാന്തനാക്കല്ലേ നീ….ഞാനീ ലോകത്തോട് വിളിച്ചു പറയാൻ പോകുവാ… എന്റെയാ… എന്റെ കുഞ്ഞാണ് നിന്റെ വയറ്റിൽ വളരുന്നതെന്ന്…!! കിട്ടാവുന്ന ശിക്ഷ ഞാൻ വാങ്ങിക്കൊള്ളാം കൺ മുന്നിൽ വരാതിരുന്നൊളാം….നീ വാ… എന്റെ കൂടെ വാ…”

വേണിയെ തടഞ്ഞു നിർത്തിക്കൊണ്ടവൻ പറഞ്ഞു.

കാറ്റും പേമാരിയും എങ്ങുനിന്നോ എത്തി….

തല ഉയർത്തി അവന്റെ കണ്ണുകളിലേക്ക് അവൾ നോക്കി…

ഇരുട്ട് നിറഞ്ഞ വഴിയോരത്തേക്ക് പെട്ടെന്നൊരു മിന്നൽ പ്രകാശം, അതിലവളുടെ രക്തം നിറഞ്ഞ മുഖം കണ്ടവൻ പേടിച്ചു കണ്ണ് പൊത്തി….

“എന്റെ കുഞ്ഞിന്റഛൻ താനാണെന്ന് ആരെങ്കിലും അറിയുന്ന ദിവസം അന്ന് നിങ്ങളുടെ മുന്നിൽ തീർക്കും ഞാൻ എന്റെ ജീവിതം…!!”

കയ്യിൽ മുറുകെ പിടിച്ചൊരു കത്തി ഉയർത്തി അവൾ കഴുത്തിലേക്ക് ചേർത്ത് വച്ചു….

“എല്ലാം ഉറച്ചുറപ്പിച്ചുകൊണ്ടാ ഇനി എന്റെ ജീവിതം…!! മാറി നിക്ക് മുന്നിൽ നിന്ന്…”

“വേണി…എന്നോട്… എന്നോട് ക്ഷമിക്കെടി… അറിയാതെ എന്ന് പറയണില്ല ഞാൻ… പക്ഷെ… ചെയ്‌തുപോയൊരു തെറ്റ്… ആ തെറ്റ് തിരുത്താൻ…!!”

“വേണ്ട… ഇതിനു വേണ്ടി… ഇതിനു വേണ്ടി അല്ലേടാ നീ ഇതൊക്കെ ചെയ്തത്…?? ന്റെ മാനം രക്ഷിക്കാൻ…ഞാൻ നിന്റെ മുന്നിൽ വന്നു കെഞ്ചും എന്ന് കരുതിയല്ലേ… നീ ഇങ്ങനെ ചെയ്തത്…??

സ്വന്തം കുടുംബത്തിന്റെ മാനം രക്ഷിക്കാൻ നിന്റെ മുന്നിൽ ന്റെ വീട്ടുകാര് വരുന്നു കരുതിയോ…?? അതോ… എന്നേ കൈവിടല്ലെന്ന് കെഞ്ചി ഞാൻ വരുമെന്ന് കരുതിയോ…?? എങ്കിൽ നിനക്ക് തെറ്റി…!! നിന്റെ ആ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല അനിലേട്ടാ…

മനപ്പൂർവം… മനഃപൂർവാ ഇത്രയൊക്കെ ആയിട്ടും ഞാൻ ന്റെ വീട്ടുകാരുടെ മുന്നിൽ നിന്നെ കാട്ടികൊടുക്കാതിരുന്നത്… നീ കാരണം… ഈ വേണി ഇന്ന് സ്വയം വേ ശ്യ ആയി…!!”

“വേണ്ടാ… വേണ്ട… പറയരുത്… പറയരുത് അങ്ങിനെ… ന്റെ വേണി അങ്ങിനെ അല്ല…!!അല്ല…!!!

ഞാനാ… ഞാനാ ന്റെ വേണിയെ… ഞാൻ ആ ന്റെ വേണിയെ അങ്ങിനെ ആക്കിയേ… ഈശ്വരാ എന്തൊരു മഹാപാപിയാ ഞാൻ…?? ഞാൻ എന്ത് ശിക്ഷയും ഏറ്റുവാങ്ങാം…പക്ഷെ… നിന്നെ എനിക്ക് ഇങ്ങനെ കാണാൻ വയ്യ… വയ്യ… ന്റെ കൂടെ വാ… വാ വേണി പ്ലീസ്… “

“മരണം പോലും നിനക്കുള്ള ഏറ്റവും ചെറിയ ശിക്ഷയാണ്… ജീവിതകാലം മുഴുവൻ എരിഞ്ഞു തീരണം നീ…ഇനിയുള്ള ന്റെ ജീവിതം ആണ് നിനക്കുള്ള ന്റെ ശിക്ഷ…!!സ്വയം എരിഞ്ഞു കൊണ്ട്… നിന്നെ ദഹിപ്പിക്കാൻ ഉള്ള അഗ്നിയാവും ഞാൻ….!!”

അവൾ ഉറച്ച കാലടികളോടെ മുന്നോട്ട് നടന്നു..

**********************

അനിലിനോടുള്ള വാശി അവളെ ജീവിക്കാൻ പ്രേരിപ്പിച്ചു… ആ നാട്ടിൽ തന്നേ ഒരു വീട് വാടകയ്‌ക്കെടുത്തു…പട്ടണത്തിലെ ഒരു കടയിൽ സെയിൽസ്ഗേൾ ആയി…ജോലിക്ക് പോയി തുടങ്ങി…

നാട്ടിൽ അവളെ കുറിച്ച് പലരും പലതും പറഞ്ഞു… പല രാത്രികളിലും… പലരും അവളുടെ വാതിൽ മുട്ടി… അവരെ ഒക്കെ ധൈര്യപൂർവം അവൾ നേരിട്ടു…

കവലയിലൂടെ നടക്കുമ്പോൾ… അവളെ നോക്കി അടക്കം പറഞ്ഞു ചിരിക്കുന്നവരെ….കാര്യമാക്കാതെ അവൾ നടന്നു…

“എവിടെ ആടി… ഉടുത്തോരുങ്ങി പോകുന്നേ…??”

ഒരു ദിവസം അവൾ ജോലി കഴിഞ്ഞു വരുമ്പോൾ…കവലയിലെ പീടികയിൽ ഇരുന്ന ജോൺസൻ ഉറക്കെ വിളിച്ചു ചോയ്ച്ചു…

“അവൾക്ക് നാട്ടുകാരെ ഒന്നും പറ്റത്തില്ല ജോൺസാ…പുറത്തുള്ളോരേയ പിടുത്തം…അല്ലിയോടി…??” ടോമിച്ചന്റെ ഉഴിഞ്ഞുള്ള നോട്ടവും… വഷളൻ ചിരിയും അവൾ കണ്ടില്ലെന്ന് നടിച്ചു…അവൾ മുന്നോട്ട് നടന്നു…

“ഹാ… അങ്ങിനെ അങ്ങ് പോകല്ലെടി കൊച്ചേ…പണ്ടേ ഒത്തിരി മോഹിപ്പിച്ചിട്ടുള്ളതാ നീ എന്നേ… അന്നൊക്കെ നിലത്തു നോക്കി നടക്കുന്ന കണ്ടപ്പോ… നമുക്ക് ഒന്നും കിട്ടുകേലെന്ന കരുതിയെ… ഇതിപ്പോ നീ അങ്ങ്… മോഹിപ്പിക്കുവല്ലേ…?? പറ കൊച്ചേ… എങ്ങിനാ നിന്റെ റേറ്റ്…?? ഒരു രാത്രിക്ക് ആണോ…?? അതോ…??

അല്ലെങ്കിൽ എന്തൊന്നിനാ ഒരു രാത്രി… നിന്നെ പോലൊരുത്തിയെ എങ്ങിനാടി മടുക്കുന്നെ… നിന്നെ ഞാൻ നോക്കിക്കോളാടി കൊച്ചേ…”

അയാളുടെ വാക്കുകൾ കേട്ടതും…അവൾക്ക് ആ നിമിഷം മരിച്ചു പോയിരുന്നെങ്കിലോ എന്ന് തോന്നി…

പക്ഷെ ആ നിമിഷം എല്ലാം കേട്ട് നിൽക്കുന്ന അനിലിന്റെ മുഖം ആ വേദനയിലും സുഖമുള്ളതായി അവൾക്ക് തോന്നി…

അവൾ ഒന്നും മിണ്ടാതെ അനിലിനെ നോക്കി… കടന്നു പോയി…

പിന്നീടുള്ള ദിവസങ്ങൾ.. പോരാട്ടത്തിന്റെതായിരുന്നു…ഗർഭിണിയായ ഒരു പെണ്ണ് ഒറ്റക്ക് നേരിടേണ്ടി വന്ന എല്ലാ ബുദ്ധിമുട്ടുകളും അവൾക്ക് അനുഭവിക്കേണ്ടി വന്നു… സഹായിക്കാൻ എത്തിയവർക്കൊക്കെ അവളുടെ ശരീരത്തിൽ ആണ് കണ്ണെന്ന് അറിഞ്ഞതും അവളെ ആകെ തളർത്തി…

**********************

“ന്റെ വാവേ… പതിയെ ചവിട്ടൂട്ടോ… അമ്മക്ക് വേദനിക്കുന്നെ…!!” അവൾ വീർത്ത വയറിൽ പതിയെ തലോടി…

“എന്നാ… എന്നാ ന്റെ വാവ അമ്മേടെ അടുത്തേക്ക് വരുന്നേ…??ആ കുഞ്ഞ് മുഖമൊന്ന് കാണാൻ അമ്മക്ക് കൊതിയാവ…വേഗം വാ ന്റെ മോള്… ഈ ലോകത്ത് ഈ അമ്മക്ക് സ്വന്തമെന്ന് പറയാൻ മറ്റാരും ഇല്ല…!!

മോൾക്ക് ന്നോട് ദേഷ്യം തോന്നുവോ…?? ഓരോ തവണ മോളുടെ അച്ഛൻ ഈ അമ്മേ കാണാൻ വരുമ്പോഴും അമ്മ അച്ഛനെ ആട്ടി ഇറക്കി വിട്ടു…ഇപ്പൊ… ഇപ്പൊ ഒന്നും വേണ്ടാരുന്നുന്നു തോന്നാ അമ്മയ്ക്ക്…ഇത്രയും നാള് വാശി ആയിരുന്നു… അച്ഛനോട്, പക്ഷെ ഇപ്പൊ സ്വന്തം നിഴലിനോട് പടവെട്ടുന്ന പോലെ തോന്നുന്നു അമ്മക്ക്…

ഒറ്റക്കായി പോയില്ലേ ഈ അമ്മ മടുത്തു ഈ ജീവിതം…!!ന്റെ കുഞ്ഞിനെ ഓർത്തിട്ട.. അല്ലെങ്കിൽ എന്നേ അവസാനിപ്പിച്ചേനെ എല്ലാം…!!

ഇനി നിന്റെ അച്ഛൻ വന്ന് വിളിച്ച ഞാൻ ഇറങ്ങി കൂടെ പോകൂട്ടോ…ഒറ്റക്ക് ഈ അവസ്ഥ അമ്മക്ക് വയ്യ…!!

ഒന്നോർത്ത അനിലേട്ടൻ എനിക്ക് വേണ്ടിയാ ഇങ്ങനൊക്കെ ചെയ്തേ…അതിനാമനുഷ്യനെ ഞാൻ വേണ്ടുവോളം ഉപദ്രവിച്ചു…എന്നോട് ചെയ്തതിനൊക്കെ ആ പാവം വേണ്ടുവോളം അനുഭവിക്കാണുണ്ട്…!! ഇനിയും വേണ്ട…!! ഒരിക്കൽ കൂടെ വരാൻ ന്റെ അനിലേട്ടൻ വന്നു വിളിച്ച അതെവിടെ വച്ചാണെങ്കിലും ഞാൻ പോകും…!!

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് മെല്ലെ തുടച്ചപ്പോഴാണ് കതവിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്….

“ഓഹ്…നാശം ആരാവോ ഈ പാതിരാത്രി…?”

തലയണയോട് ചേർന്നിരുന്ന കൊടുവാൾ എടുത്ത് മുറുകെ പിടിച്ചു പിനിലേക്ക് മറച്ചുവച്ചുകൊണ്ട് കതവിനരികിലേക്ക് അവൾ നടന്നു.

വാതിൽ തുറന്നപ്പോ തന്റെ മുന്നിൽ നിന്ന രൂപം കണ്ടവൾ അമ്പരന്നു.

“അനിലേട്ടൻ…!!”

“ഇറക്കി വിടരുത്…. പറയാൻ വന്നത് പറഞ്ഞിട്ട് പൊയ്ക്കോളാം…!!”

അനിൽ പറയുന്ന കേട്ട് അവൾ തല താഴ്ത്തി നിന്നു.

“ന്റെ വിവാഹം ഉറപ്പിച്ചു…!!വരുന്ന ആഴ്ചയാ…!!”

നെഞ്ചിലൂടെ എന്തോ ഒരു മിന്നൽ കടന്നുപോയപോലെ അവൾക്ക് തോന്നി…. ഞെട്ടലോടെ അവൻ പറയുന്ന കേട്ട് അവൾ അവനെ നോക്കി…

“വീട്ടിൽ എനിക്ക് സൊര്യം തരണില്ല…ഞാൻ വിവാഹം കഴിക്കണമെന്ന അവരൊക്കെ നിർബന്ധിക്കുന്നു…എന്ത് വേണമെന്ന് എനിക്ക് അറിയില്ല….!! വിളിച്ചാൽ വരില്ലെന്ന് അറിയാം…പൊറുക്കാൻ കഴിയാത്ത തെറ്റാ ഞാൻ ചെയ്തത്… പക്ഷെ അത് നിന്നെ നഷ്ടപ്പെടാതിരിക്കാൻ മാത്രമായിരുന്നു…!! ഞാൻ പോകുവാ…”

അവൻ ഇരുട്ടിലൂടെ മുന്നോട്ട് നടന്നു…

വാതിൽ പെട്ടെന്ന് ചാരി പൊട്ടികരഞ്ഞുകൊണ്ടവൾ വാതിലിന് പിന്നിലേക്ക് ചാരി നിന്നു…

മനസ്സിൽ വലിയൊരു ഭാരം കയറ്റി വെച്ചത് പോലെ അവൾക്ക് അനുഭവപെട്ടു…

“ഒരിക്കൽ കൂടെ എന്നേ…. തോൽപ്പിച്ചു കളഞ്ഞല്ലോ അനിലേട്ടാ.. നീ…!! സാരില്യ … സാരില്യ… അത്രേ… അത്രേം ഞാൻ തിരിച്ചു വേദനിപ്പിച്ചില്ലേ…?? പക്ഷെ ഒരിക്കെ… ഒരിക്കെ കൂടെ എന്നെ ഒന്ന് വിളിക്കരുന്നില്ലേ…?? നാണം കെട്ട് മതിയായിട്ടുണ്ടാവും അല്ലേ…?? മ്മ്… സാരില്ലാട്ടോ… നിക്ക് വിഷമൊന്നും ഇല്ല…എനിക്ക് ജീവിക്കാൻ കൂട്ടിനു നമ്മുടെ കുഞ്ഞുണ്ടല്ലോ… അത് മതി… അത് മതി…പറഞ്ഞുപോയ ശാപവാക്കുകൾ ഭലിക്കാതിരിക്കാൻ പ്രാർത്ഥിക്കാറുണ്ട് ഞാൻ… ഇനിയും പ്രാർത്ഥിച്ചോളാം ഞാൻ… എവിടെ ആയിരുന്നാലും…സുഖായിട്ട് ഇരുന്നാൽ മതി… അത് മതി എനിക്ക്… ന്റെ അനിലേട്ടനോട് എനിക്ക് ഇപ്പൊ ദേഷ്യൊന്നും ഇല്ലാട്ടോ… ഇല്ല… ഇല്ല…!!”

സ്വയം പറഞ്ഞു കൊണ്ടവൾ… നിലത്തേക്ക് ഊർന്നിരുന്നു…

******************

വീടിന്റെ ഉമ്മറത്തു നിൽക്കുമ്പോഴേ കണ്ടു… കല്യാണ വണ്ടികൾ പോകുന്നത്… അനിലിനെ കാണാൻ അവൾ…വഴിയിലേക്ക് തന്നേ കണ്ണ് നട്ടിരുന്നു…

കാറിൽ മറ്റൊരു പെണ്ണിനോട് ചേർന്നിരിക്കുന്ന തന്റെ അനിലേട്ടനെ ഒന്നേ നോക്കിയുള്ളു…

അവന്റെ കണ്ണും വീട്ടിലേക്ക് നീളുന്നതവൾ അറിഞ്ഞു… പെട്ടന്ന് കരഞ്ഞു കൊണ്ട് വേലിയിലേക്ക് അവൾ മറഞ്ഞു നിന്നു…

നിമിഷനേരം കൊണ്ട് വഴിയും…. അവളുടെ മനസ്സും ശൂന്യമായത് പോലെ തോന്നി അവൾക്ക്…!!

മനസ്സ്‌ പിടഞ്ഞത് അറിഞ്ഞിട്ടാവും… വയറ്റിലെ കുഞ്ഞ് കാലുകൾ അവളെ സമാധാനിപ്പിക്കാൻ എന്നോണം വയറിൽ പതിയെ ചവിട്ടിയത് അവൾ അറിഞ്ഞു…

പതിയെ അവൾ വയറിലേക്ക് കൈ ചേർത്തു വേച്ചു..

“അച്ഛനെ കണ്ടുട്ടോ… സുന്ദരനായിട്ടുണ്ട്… ആ വേഷത്തിൽ കാണാൻ… കൂടെ ഉള്ള കുട്ടിയും… അച്ഛന് നന്നായി ചേരും…ഇനി അവര് ജീവിച്ചോട്ടെ…അല്ലേ വാവേ…അമ്മയും അമ്മേടെ വാവയും ഇനി അച്ഛന്റെ ജീവിതത്തിൽ ഒരു ബാധ്യത ആവരുത്…!!”

അവൾ വീടിന്റെ പടികൾ കയറിയതും… അടിവയറ്റിൽ നിന്ന് കൊളുത്തി വലിക്കും പോലെ ശക്തമായ വേദന അനുഭവപെട്ടു…വയർ താങ്ങി പിടിച്ചു കൊണ്ടവൾ അകത്തേക്ക് നടക്കാൻ ഒരുങ്ങിയെങ്കിലും… വേച്ചു കൊണ്ട് നിലത്തേക്ക് വീണു… വേദനയുടെ ശക്തി കൂടി കൂടി വന്നു…ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായായി അവൾ…

നിമിഷങ്ങൾ കഴിയുംതോറും വേദനയിൽ അവൾ അലമുറയിട്ടു…അത് കേട്ട് ആരെക്കെയോ ഓടിയെത്തി… അവളെ ആശുപത്രിയിൽ കൊണ്ടുപോയി…ഒടുവിൽ…ജീവിക്കാനുള്ള അവസാന പ്രതീക്ഷയെന്നവണ്ണം ഒരു പെൺകുഞ്ഞിന് അവൾ ജന്മം നൽകി…

ദിവസങ്ങൾക്കു ശേഷം… ഒരു രാത്രി.. അവളുടെ വീട്ടിലേക്ക് ഒരിക്കൽ കൂടെ അനിൽ വന്നു.

വാതിലെ ശക്തമായ മുട്ട് കേട്ട്… അവൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അരിവാളുമായി കതക് തുറന്നു…

മുന്നിൽ നിൽക്കുന്ന അനിലേനെ കണ്ടവൾ ഒരുമാത്ര സന്തോഷിച്ചു… പക്ഷെ അടുത്ത നിമിഷം… ഇന്ന് അനിലേട്ടന് മറ്റൊരു കുടുംബമുണ്ടെന്ന ചിന്ത വീണ്ടും പഴയ വേണിയാവാൻ അവളെ പ്രേരിപ്പിച്ചു…

“വേണി… ന്റെ കുഞ്ഞ്… എനിക്ക് ഒന്ന് കാണണം… ഒന്ന് കണ്ടോട്ടെ ഞാൻ അവളെ… പ്ലീസ്…”

അയാളുടെ ഇടറിയ സ്വരവും… തന്റെ മുന്നിൽ കൂപ്പി നിന്ന കൈകളും കണ്ടില്ലെന്ന് നടിച്ചു… ഒരക്ഷരം മിണ്ടാതെ വാതിലുകൾ കൊട്ടിയടച്ചു…

നിസ്സഹായനായി പടിയിറങ്ങി പോകുന്ന അനിലിനെ നെഞ്ച് പൊടിയുന്ന വേദനയിലും അവൾ നോക്കി നിന്നു…

********************

“ഇനിയും ആ നാട്ടിൽ നിന്നാൽ… ഈ അമ്മക്ക് എന്നേ തന്നേ നഷ്ട്ടാകും എന്ന് തോന്നി… ഇനിയും ഞാനും മോളും അവിടെ നിന്നാൽ… ന്റെ അനിലേട്ടനും നല്ലൊരു ജീവിതം ഉണ്ടാവില്ലെന്ന് തോന്നി… അത് കൊണ്ട്… ന്റെ മോളെയും കൊണ്ട്…പോകാൻ പറ്റാവുന്ന ദൂരത്തേക്ക് ഞാൻ പോയി…

അങ്ങിനെ ഈ നാട്ടിൽ വന്നു…M. com വരെ പഠിച്ച എനിക്ക് ഒരു ജോലി കിട്ടാൻ ഈ നാട്ടിൽ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല…പിന്നീടുള്ള ജീവിതം നിനക്ക് വേണ്ടിയായിരുന്നു… ഒരാളുടെ മുന്നിലും പതറാതെ… തല ഉയർത്തി പിടിച്ചു അമ്മ ജീവിച്ചു… ന്റെ മോളെ പഠിപ്പിച്ചു… ഇതുവരെ മോളുടെ അച്ഛനെ കുറിച്ച് അമ്മ ഒന്നും പറഞ്ഞില്ല… ഇനിയെങ്കിലും എല്ലാം നീ അറിയണമെന്ന് തോന്നി… കുറച്ചു ദിവസങ്ങൾ കൂടെ കഴിഞ്ഞാൽ ന്റെ മോൾടെ വിവാഹാ… അതിനു മുന്നേ അച്ഛനെ പോയി കാണണം… അനുഗ്രഹം വാങ്ങണം…!!”

“അമ്മേ…”

ഒക്കെ കേട്ടുകഴിഞ്ഞതും ആവണി അമ്മേ കെട്ടിപിടിച്ചു കരഞ്ഞു…

“നമുക്ക്… നാളെ തന്നേ അമ്മേടെ നാട്ടിലേക്ക് പോകണം…”

മോളുടെ വാക്കുകൾ കേട്ട് വേണിയുടെ കണ്ണുകൾ നിറഞ്ഞു… മനസ്സും…!!

*********************

കാർ ഇരുനില വീടിന്റെ മുന്നിൽ വന്നു നിന്നു… പഴയ ഓടുംപേരയിൽ നിന്നു പുതിയ വലിയ ഇരുനില മാളികയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു… അച്ഛൻ ഇറക്കിവിട്ട മണ്ണിൽ ചവിട്ടിയപ്പോൾ അവളുടെ കാലുകൾ വിറച്ചു… നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി…

അവൾ മകളുടെ കയ്യിലേക്ക് ഒന്നുടെ മുറുകെ പിടിച്ചു…പതിയെ പടികൾ കയറി കാളിങ്ബെൽ അടിച്ചു…

അകത്തു നിന്നൊരു സ്ത്രീ കതക് തുറന്നു…

“ആരാ… എന്തേ…??”

അവരുടെ ചോദ്യം കേട്ട്… എന്ത് പറയണം എന്നറിയാതെ വേണി നിന്നു…

“ആരാ ചേച്ചി പുറത്ത്…?? “

അകത്തു നിന്നു വേഗം ഒരു മറ്റൊരു പെണ്ണ് ഇറങ്ങി വന്നു…

“വീണ…!!”

ആ വിളി കേട്ടതും… ചേച്ചി എന്ന് വിളിച്ചു കൊണ്ട് അവൾ ഓടിവന്നു… വേണിയെ കെട്ടിപിടിച്ചു…

“എവിടായിരുന്നു… ചേച്ചി… ഇത്രനാൾ… എവിടൊക്കെ തിരക്കി… പക്ഷെ… “

അവളുടെ കണ്ണുകൾ സന്തോഷത്തോടെ നിറഞ്ഞൊഴുകി…

“വാ… അകത്തേക്ക് വാ…”

വീണ… അവരെ അകത്തേക്ക് ക്ഷണിച്ചു… വേണി തന്റെ മകളെ അവർക്ക് പരിചയ പെടുത്തി…ഒത്തിരി സ്നേഹ പ്രേകടനങ്ങൾക്കൊടുവിൽ… ചുമരിൽ തൂക്കിയിട്ട അച്ഛന്റേം അമ്മേടേം ചിത്രത്തിലേക്ക് കണ്ണീരോടെ അവൾ നോക്കി നിന്നു…

“അച്ചനും അമ്മയും ഒത്തിരി സങ്കടപ്പെട്ട പോയത്… ചേച്ചിയെ ഇറക്കി വിട്ടതിൽ അച്ഛൻ ഒത്തിരി വിഷമിച്ചിരുന്നു… ചേച്ചിയെയും കുഞ്ഞിനേം കാണാൻ ഒത്തിരി ആഗ്രഹിച്ചു… പക്ഷെ….”

വീണയുടെ വാക്കുകൾ കേട്ട്… വേണി നിറകണ്ണുകളോടെ നിന്നു.

“വീണേ… അനിലേട്ടൻ…?? അനിലേട്ടൻ എവിടെയാ…??”

“അനിലേട്ടന്റെ കാര്യം ഒന്നും പറയാതിരിക്ക ചേച്ചി നല്ലത്…ചേച്ചിയോടായിരുന്നില്ലേ അനിലേട്ടന് എന്നും കൂട്ട്…ചേച്ചി ഇങ്ങനെ ആയതിൽ ഏറ്റവും കൂടുതൽ വിഷമം അനിലേട്ടാനായിരുന്നു…”

“അനിലേട്ടന്റെ ഭാര്യ…?കുടുംബം…??”

“വിവാഹം കഴിഞ്ഞു ഒരു കൊല്ലം തികച്ചില്ല… ആ പെണ്ണ് ഇട്ടേച്ചു പോയി…!! ആ അല്ലെങ്കിലും ഇങ്ങിനെ പോകാതിരിക്കും…?? നല്ലൊരു ജോലി ഉണ്ടായിട്ട് അതിനും പോകാതെ… ഉള്ള ജോലിയും കളഞ്ഞെടുത്തു… കള്ളും കുടിച്ചു…നടക്കുന്ന ഒരാളുടെ കൂടെ സഹിക്കാൻ പറ്റിട്ടുണ്ടാവില്ല…ഒടുവിൽ അനിലേട്ടന്റെ അമ്മയും കൂടെ പോയതോടെ ആ വീട്ടിൽ തനിച്ചായി… കുറെ നാളൊക്കെ വീണ്ടും പഴയ പടി തന്നേ ആയിരുന്നു… പിന്നെ പിന്നെ ആരോടും മിണ്ടാതായി…ആ തെക്കേ മുറിയില്ലേ അവിടുത്തെ… അവിടെന്ന് ഇറങ്ങാറേ ഇല്ല… ഏതു നേരവും അതിനുള്ളിൽ ആ… ഭ്രാന്തായിന്നൊക്കെ ആളുകൾ പറയണ കേട്ടു… നേരാണോന്ന് ഒക്കെ ആർക്കറിയാം…ഇപ്പൊ ആ വടക്കേലെ സതിയേച്ചിടെ മോൻ കഴിക്കാൻ എന്തെകിലും കൊണ്ട് കൊടുക്കും…!!”

വീണയുടെ വാക്കുകൾ കേട്ട്… നെഞ്ച് പൊട്ടും പോലെ തോന്നി വേണിക്ക്…അവൾ വേഗം… പുറത്തേക്ക് ഇറങ്ങി… അനിലിന്റെ വീട്ടിലേക്ക് നടന്നു…

ആ വീടിന്റെ അവസ്ഥ കണ്ട് അവളുടെ ഉള്ള് വിങ്ങി… കാട് പിടിച്ചു… കരിയിലകൾ നിറഞ്ഞു… ശെരിക്കും ഒരു ഭ്രാന്തലയം…!!

അവൾ പതിയെ പടിക്കെട്ടുകൾ കയറി… വാതിൽ പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു…

“അനിലേട്ടാ…അനിലേട്ടാ…. അവൾ ഒത്തിരി നേരം വിളിച്ചു… ജനലുകൾ എല്ലാം കൊട്ടി അടച്ചിരിക്കുന്നു…അവൾ വീടിനു ഒരു ചുറ്റും നടന്നു വിളിച്ചു… മറുപടി ഒന്നും ഉണ്ടായില്ല…

“വീണ പറഞ്ഞ ‘തെക്കേ മുറി’… തന്റെയും അനിലേട്ടന്റെയും ജീവിതം മാറ്റിമറിച്ച ആ മുറി…ആ വരാന്തയിലെ തൂണിൽ ചാരി വേണി ഇരുന്നു… അല്പ നേരത്തിനു ശേഷം… ഒരു പയ്യൻ അവിടേക്കു വന്നു… കയ്യിൽ ഒരു പൊതിയും…

അവനെ കണ്ടതും അവൾ വേഗം എഴുന്നേറ്റു.

“ആരാ… എന്താ ഇവിടെ…??”

“അനിലേട്ടൻ…”

അത് കേട്ടതും ഒന്നും മിണ്ടാതെ അവൻ വാതിൽ തുറന്നു അകത്തേക്ക് കയറി..പുറകെ വേണിയും…

മുറിയിലേക്ക് ചെന്നതും കണ്ടു… നരവീണു…ക്ഷീണിച്ചൊരു രൂപം…അപ്പോഴേക്കും ഭക്ഷണപൊതി മേശയിലേക്ക് വച്ചു.. ആ പയ്യൻ പുറത്തേക്ക് പോയി…

“അനിലേട്ടാ…”

വേണിയുടെ ശബ്ദം കേട്ട്.. പെട്ടന്ന് അയാൾ എഴുന്നേറ്റ് തിരിഞ്ഞു നോക്കി…

അപ്പോഴേക്കും അവൾ ഓടി ചെന്നാ കാലുകളിലേക്ക് വീണിരുന്നു…

“വേണി… മോളെ…”

അപ്രതീക്ഷിതമായി അവളെ കണ്ടപ്പോൾ സന്തോഷമോ.. സങ്കടമോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു അനിൽ…

“എന്നോട്… എന്നോട് ക്ഷമിക്ക് അനിലേട്ടാ…”

വേണിയുടെ കണ്ണുനീർ… ആ കാലുകളിലേക്ക് വീണു…

മാപ്പു പറയേണ്ടത് ഞാൻ അല്ലേ വേണി… നിന്നോട് ചെയ്‌തുപോയ മഹാപാപങ്ങൾക്ക്….

ഒരിക്കലും മാപ് പറഞ്ഞാൽ തീരുന്നതല്ല ഞാൻ ചെയ്തത്… പക്ഷെ നിന്നെ ആ നിമിഷത്തേക്ക് വേണ്ടി ആയിരുന്നില്ല… ജീവിതകാലം മുഴുവൻ കൂടെ നിർത്താൻ ആയിരുന്നു… പക്ഷെ… ഒരു പെണ്ണിന്റെ മാനത്തെക്കാൾ ആത്മാഭിമാനവും വലുതാണെന്ന് നീ എനിക്ക് കാട്ടി തന്നു…

എനിക്ക് നിന്നെ അത്ര ഇഷ്ടായിരുന്നടി… എന്നേ വിട്ട് പോകാതിരിക്കാനാ ഞാൻ അന്ന് അങ്ങിനെ ഒക്കെ… മദ്യത്തിന്റെ ലഹരികൂടെ ആയപ്പോൾ… എപ്പോഴോ എനിക്ക് എന്നേ തന്നേ നിയന്ത്രിക്കാൻ കഴിയാതെ വന്നു… പക്ഷെ… അതിനു നീ എനിക്ക് തന്ന ശിക്ഷ… ഈ 24 വർഷവും ഞൻ അനുഭവിച്ചു…!!

ആ കാലുപിടിച്ചൊന്ന് മാപ്പ് പറയാൻ… ഞൻ ആയിരുന്നു എല്ലാത്തിനും കാരണക്കാരൻ എന്ന് നീ ഒന്ന് പറഞ്ഞിരുന്നെങ്കിൽ…!! എന്നൊക്ക ഞൻ ആഗ്രഹിച്ചിട്ടുണ്ട്… മറ്റുള്ളവർ എന്നേ വെറുത്തിരുന്നെങ്കിൽ…!! പക്ഷെ… എല്ലാവരുടെയും മുന്നിൽ എന്നേ നീ നല്ലവനാക്കി… കുഞ്ഞിന്റെ അച്ഛൻ ആരെന്ന് അറിയില്ലെന്ന് പറഞ്ഞു നീ, സ്വയം മോശപ്പെട്ടവളായി… സ്വയം താഴ്ന്നു കൊടുക്കുമ്പോൾ… തോറ്റു കൊടുക്കുമ്പോൾ… ശരിക്കും തോറ്റത് ഞാൻ ആയിരുന്നില്ലേ???

എന്നിട്ടും മതിയാവാഞ്ഞിട്ടാണോ…നമ്മുടെ മോളെയും കൊണ്ട് നീ,ഞാൻ തേടിവരാത്ത ദൂരം പോയത്???

അത്രയും… വലുതായിരുന്നോ ഞാൻ ചെയ്ത തെറ്റ്…?? ആയിരുന്നുലെ…?? അതോണ്ട് അല്ലേ… ഇത്രയും നാൾ എന്നേ തേടി വരാതിരുന്നത്…??

എങ്കിലും ന്റെ വേണിയോട് എനിക്ക് പിണക്കം ഇല്ലാട്ടോ… ന്നെ തേടി വന്നില്ലേ…?? എന്നേ അനിലേട്ടന്ന് വിളിച്ചില്ലേ…?? അത് മതി… അത് മതി എനിക്ക്…!!”

അയാൾ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു…

“ചേച്ചി…ചേച്ചി…”

വിളി കേട്ടാണ് വേണി കണ്ണ് തുറന്നത്…

“ആരാ…എന്താ ഇവിടെ ഇരിക്കുന്നെ…??”

പെട്ടന്നാണ് അവൾക്ക് കുറച്ചു മുന്പേ കണ്ടത് സ്വപ്നം ആയിരുന്നുന്ന മനസ്സിലായത്…

അവൾ ഒന്നുടെ ശരിക്കും നോക്കി.. അതെ… കുറച്ചു മുന്നേ താൻ സ്വപ്നത്തിൽ കണ്ട അതെ പയ്യൻ.. കയ്യിൽ ഒരു പൊതിയും ഉണ്ട്…

“അനിലേട്ടൻ… അനിലേട്ടൻ എവിടെ…??

അവളുടെ ചോദ്യത്തിന് മറുപടി പറയാതെ ആ പയ്യൻ വാതിൽ തുറന്നു…

അവൾ ആ പയ്യന്റെ കൂടെ അകത്തേക്ക് ചെന്നു…

മുറിക്കുള്ളിൽ… കസേരയിൽ.. മേശയിലേക്ക് തലവെച്ചു കിടക്കുന്ന… നരച്ച രൂപം…താൻ കുറച്ചു മുന്നേ കണ്ട തന്റെ അനിലേട്ടൻ. അവൾ ഓടി ചെന്നു… ആ തോളിൽ പിടിച്ചു…

അനിലേട്ടാ… ഞാൻ ആ വേണിയാ…!!”

അവൾ പതിയെ ആ തോളിൽ പിടിച്ചു കുലിക്കി… അപ്പോഴേകും ആ ശരീരം…അവളുടെ കയ്യിലേക്ക് വീണിരുന്നു…

മരണം എന്ന സത്യം അയാളെ പുൽകിയിട്ട് നിമിഷങ്ങൾ മാത്രം ആയിരുന്നുള്ളുവെന്ന്… അയാളുടെ ശരീരത്തിലെ ചൂടിൽ നിന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷം… ഭ്രാന്തിയെ പോലെ അവൾ അലറി വിളിച്ചു.

അവസാനിച്ചു