പെണ്ണ്…
എഴുത്ത്: സി. കെ
നീയാ പാത്രങ്ങളൊക്കെ അവിടെവെച്ച് മോന്റെ അടുത്തേക്ക് ചെല്ലാൻ നോക്ക്…അമ്മേടെ മടീന്നു കരഞ്ഞിട്ടു പാടില്ല അവൻ…
ചേട്ടനൊന്നു അവന്റെ അടുത്തേക്ക് ചെല്ലു…ഞാനീ കറിയൊന്നു വാങ്ങിവെച്ചിട്ട് അങ്ങോട്ടു വന്നോളാം….
എന്താ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നെ… സുഖല്യായ്മ വല്ലതും ണ്ടോ….
അതീ പുകേടെ മുന്നിലിങ്ങനെ നിന്നിട്ട് മുഖമൊക്കെ ഒരുജാതി കോലായോണ്ട് ചേട്ടന് തോന്നുന്നതാ…
ആഹാ ഇന്ന് കറികളെല്ലാം എന്റെ സ്പഷ്യൽആണല്ലോ
ഏതായാലും ഇതെല്ലാം റെഡിയാക്കീട്ടു വേഗം ഊണെടുത്തുവെക്ക് അപ്പോഴേക്കും ഞാനൊന്നു കുളിച്ചുവരട്ടെ…
മഹേഷേട്ടൻ അടുക്കളവിട്ടു പോയതും കയ്യിൽകരുതിയ ഇളം മഞ്ഞ നിറത്തിലുള്ള ആ മരുന്ന് ഞാനാ കറികളിലേക്ക് സമമായി ഒഴിച്ചു ചേർത്തു…
ഇന്നത്തോടുകൂടി ഞാൻ പൂർണമായും സ്വതന്ത്രയാവുകയാണ്…എനിക്കും അവനും ഒരുമിച്ചു ജീവിക്കണം… കല്യാണം കഴിഞ്ഞു ഒരു ഭാര്യേടെ ഇഷ്ടങ്ങളെന്തെന്നുപോലും അറിയാൻ ശ്രമിക്കാത്ത ഇയാളുടെ കൂടെ ജീവിതകാലം മുഴുവൻ കഴിയുന്നതിലും നല്ലത് ഇവരെയെല്ലാം ഇന്ന് രാത്രിയോടുകൂടി അവസാനിപ്പിച്ചു അവനോടൊപ്പം സുഖമായി മറ്റെവിടെയെങ്കിലും പോയി ജീവിക്കുന്നതുതന്നെയാണ്…
മോളെ നീയവിടെ എന്തെടുക്കുവാ….മോനിതാ കരയുന്നു…
ദാ വരണു അമ്മേ….
ഉണ്ടാക്കിയ ഭക്ഷണമെല്ലാം എടുത്തു മേശപ്പുറത്തേക്കു വെച്ച് മോനെ അമ്മേടെ കയ്യീന്നും വാങ്ങി തിരിച്ചു ഇടനാഴികയിലേക്കു നടന്നുനീങ്ങി….
ഊണ്മേശക്കു അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന അമ്മയ്ക്കും മകനും ഇടയിൽ എനിക്കായി ഒരു കസേര മാറ്റിവെക്കുക പതിവാണ്…ഇന്നും അതിനു മുടക്കം വന്നിട്ടില്ല…
നീ വന്ന് ഇവിടെ ഇരിക്ക്…എനിക്ക് ഏറ്റവും പ്രിയപ്പെട്ടതുണ്ടാക്കിത്തന്ന ഭാര്യക്ക് എന്റെ കൈകൊണ്ടാവട്ടെ ഊണു വിളമ്പുന്നത്….
(ചേട്ടന്റെ സംസാരംകേട്ടു അമ്മ ഒന്നു കളിയായി ചിരിച്ചു….)
അതുവേണ്ടാ..ഞാൻ മോനു ചോറുകൊടുത്തിട്ട് അതിന് ശേഷം കഴിച്ചോളാം ട്ടോ….
സ്നേഹത്തോടെയുള്ള എന്റെ വാക്കുകേട്ടപ്പോൾ എന്തോ മറുത്തൊന്നും പറയാതെ അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി….
സ്ലോ പോയിസൻ ആണ് പതുക്കെപ്പതുക്കെ ഞരമ്പുതളർന്നു രണ്ടുമൂന്നു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും എന്നാണ് അവൻ പറഞ്ഞത്… ആദ്യത്തെ സ്റ്റെപ്പ് കഴിഞ്ഞു ഇനി മൂന്നുമണിക്കൂർ കാത്തിരിക്കണം എന്നും ചിന്തിച്ചുകൊണ്ടു ചേട്ടന്റെ കൈകൊണ്ടുതന്നെ മോന്റെ വായിലേക്ക് രണ്ടുരുള ചോറ്‌വെപ്പിച്ചു കൊടുത്തു….
പഠിക്കണ കാലത്തു മനസ്സിൽകൊണ്ടുനടന്ന ഇഷ്ടങ്ങളെല്ലാം കല്യാണം കഴിഞ്ഞതോടെ മനസ്സിൽ താഴിട്ടുപൂട്ടിയിരുന്നു…രണ്ടുമാസം മുന്നേ കൂട്ടുകാരിയുടെ കല്യാണവീട്ടിൽവെച്ചാണ് അരുണിനെ വീണ്ടും കണ്ടുമുട്ടുന്നത്…ദാമ്പത്യ ജീവിതം ശരിക്കും ഒരു പരാജയത്തിന്റെ വക്കിൽ മുനതെറ്റിയൊടിഞ്ഞു കിടക്കുന്നതിനിടക്കാണ് തീർത്തും മനസ്സിന്റെ താളം തെറ്റിപ്പോകുന്നത്… ആ സമയത്തു താങ്ങായിരിക്കാൻ അരുണിന്റെ കരങ്ങൾക്കു കഴിയുമെന്നുള്ള തോന്നലാണ് വീണ്ടും പഴയ ബന്ധം തുടരാൻ എന്നെ പ്രേരിപ്പിച്ചതും…
ഞങ്ങളടുത്തു വേർപിരിയാനാകാത്തവിധം മാനസികമായും ശാരീരികമായും…എങ്ങനെ ഒരുമിക്കുമെന്നുള്ള ചിന്തയിൽ മോനും ചേട്ടനും അവരുടെ അമ്മയും ഒഴിയാബാധയാകുമെന്ന തോന്നാലിലാണ് അരുണിന്റെ ഈ തീരുമാനത്തിന് ഞാൻ കൂട്ടുനിന്നത്…
എന്റെ ഭാര്യേടെ കൈപ്പുണ്യം അസ്സലാട്ടോ…നിറവയറോടുകൂടി ഒരു ഏമ്പക്കം വിട്ടു ചേട്ടൻ അമ്മയോട് പറയുന്നുണ്ട്…
ഇതിന്റെയൊക്കെ പിറകിൽ അമ്മേടെ കയ്യും ണ്ടെടാ….വന്നുകേറിയ പെണ്കുട്ടികളെ മക്കളെപ്പോലെ നോക്കാൻ പഠിക്കണം… അപ്പോ അമ്മായിയമ്മമാർക്കു അമ്മയിലേക്കൊക്കെ സ്ഥാനക്കയറ്റം കിട്ടും….
എന്താ മോളെ മോനൊരു ക്ഷീണം പോലെ…
ഉറക്കം വന്നിട്ടാവും… ചേട്ടാ അവനെ ആ കട്ടിലിൽ കൊണ്ടോയി കിടത്തോ…ഞാനിതെല്ലാം കഴുകിവെച്ചിട്ടു വരാം..
അമ്മക്കും നിന്നെ സഹായിക്കാൻ വരണം ന്നുണ്ട് ..ന്തോ ഒരു വല്ലായ്ക..പ്രഷറിന്റെ ഗുളിക തീർന്നെപ്പിന്നെ ഇങ്ങാനാ..ഇടക്കൊരു ക്ഷീണം വരും….
ഞാൻ കഴുകിക്കോളാം… അമ്മപോയി കിടന്നോളൂ….
രണ്ടുപേരെയും അവിടെനിന്നും പറഞ്ഞു വിട്ട് ഞാൻ അടുക്കളയിലേക്കു പാത്രവുമെടുത്തു നടന്നു….
എല്ലാം വൃത്തിയായി കഴുകിവെച്ചു അടുക്കള വാതിലും ചാരിയിട്ടു ഞാൻ അമ്മേടെ റൂമിലേക്ക് നടന്നു…ഭാഗ്യം..മരുന്ന് ഏറ്റിട്ടുണ്ട്…മലർന്നുകിടക്കുന്നത് കണ്ടാൽ അറിയാം….
അതുകണ്ടതും നേരെ ചേട്ടന്റെ അടുത്തേക്ക് പോയി നോക്കി…
അച്ഛനും മോനും പറ്റിപ്പിടിച്ചു കിടക്കാണ്…ഞരക്കമൊക്കെ കേൾക്കുന്നുണ്ട്… ഇനി ആരും ഉണരില്ല….
അരുൺ കൃത്യം ഒന്നരക്കുള്ള ട്രെയിൻ കണക്കാക്കി പോകണം ..അതിനുമുന്നേ റെഡിയായി നിക്കണം എന്നു പറഞ്ഞതാ..ഡ്രെസ് എല്ലാം പാക്‌ചെയ്തു വെച്ചില്ലേൽ ആ നേരത്തു ഒന്നും നടക്കുകയില്ല….
ചിന്തിച്ചതിലും വേഗത്തിൽ കാര്യങ്ങളൊക്കെ നടന്നു…
അമ്മ…വന്നുകയറിയ വീട് സ്വർഗ്ഗമാക്കാൻ മോൾക്ക് കഴിയും എന്നു പലപ്പോഴും പറയുമായിരുന്നു..എന്റെ കാലംകഴിഞ്ഞാലും നീയാ ഈ വീട് കൊണ്ടുനടക്കേണ്ടതും അവനു കൂട്ടാകേണ്ടതും.. പാഴ്ചെലവ് ഒരുപാടുണ്ട് അവന്റെ കയ്യിൽ .അതുകൊണ്ട് ഇനി എല്ലാ കാര്യങ്ങളും നല്ലപോലെ ശ്രദ്ധിക്കണം ട്ടോ…
ചേട്ടന് എത്ര ദേഷ്യമുണ്ടേലും എന്നോട് പ്രകടിപ്പിക്കില്ല…നിന്നെപ്പോലെ ഒരു പെണ്കുട്ടിയെ കിട്ടിയത് എന്റെ ഭാഗ്യാ…അവസ്ഥയറിഞ്ഞു ജീവിക്കാൻ ഇന്നത്തെ കാലത്തു പലർക്കും പറ്റാത്തതുകൊണ്ടാ ജീവിതത്തോട് മത്സരിക്കാൻ യോഗ്യതയില്ലാതെ തോറ്റുപോകുന്നത്….. ഇനികൂടെ നിക്കാൻ ഒരാളായില്ലേ…മരണംവരെ പരാതിയും പരിഭവവും ഇല്ലാതെ പോവാം നമുക്ക്…
മോന്റെ കാര്യം ചിന്തിച്ചാൽ… അവൻ വന്നേപ്പിന്നെ ജീവിതംശരിക്കും മാറിപ്പോയി..ഇടയ്ക്കിടെ ഉമ്മറത്തെ കുഞ്ഞുപല്ലുകൊണ്ടു ഇളിച്ചുകാട്ടി “മ്മ’എന്നൊരു വിളിയുണ്ട്… നമ്മളങ്ങു ഇല്ലാണ്ടാവും…
എന്തുണ്ടായിട്ടെന്താ എന്റെ ആഗ്രഹത്തിനും സുഖത്തിനും ആരും ഒരു വിലയും കല്പിച്ചില്ല…അതു നേടിത്തരാൻ ദൈവം എനിക്ക് തന്നതാ എന്റെ അരുണിനെ…അവനുവേണ്ടി എന്തും ചെയ്യും ഞാൻ..ഞങ്ങൾക്ക് ജീവിക്കണം യാതൊരുവിധ ബാധ്യതകളുമില്ലാതെ….
അച്ചൂ…..
പെട്ടന്നുള്ള വിളിയിൽ ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നു….
മോനെത്ര നേരായി കരയുന്നു..നീയവന് പാലുകൊടുത്തെ….
കണ്ണു തിരുമ്മിക്കൊണ്ടു ഞാൻ അദ്ദേഹത്തെയൊന്നു നോക്കി..കൂട്ടത്തിൽ അടുത്തുകിടന്നു കരയുന്ന മോനേയും…
വേഗം അവനേം വാരിയെടുത്തു പാലുകൊടുക്കാൻ തുടങ്ങി…വയറുനിറഞ്ഞതും അവനൊന്നു തലകുടഞ്ഞു…
നീയത് ഏതുലോകത്താ അച്ചൂ.. വിശന്നിട്ടു എപ്പോ കരയാൻ തുടങ്ങീട്ടുണ്ട് അവൻ…
ഇന്ന് രാവിലത്തെ ആ മഴകൊണ്ടു ജലദോഷം പിടിച്ചെന്നു തോന്നുന്നു…കിടന്നപ്പോൾവല്ലാത്തൊരു ക്ഷീണം…കൂട്ടത്തിൽ ഒരിക്കലും കാണാൻ മനസുകൊണ്ടാഗ്രഹിക്കത്തൊരു ദുസ്വപ്നോം….
എന്താ സ്വപ്നം കണ്ടത്…ഒന്നു പറഞ്ഞേ….
ഒന്നും ല്യാ…അന്ന് കൂട്ടുകാരിയുടെ കല്യാണത്തിന് പോയസമയത്ത് അരുണിനെ കണ്ടിരുന്നു പോരുന്ന സമയത്തു അവൻ മൊബൈൽ നമ്പറും വാങ്ങിച്ചു. ഈയിടെയായി അവന്റെ സംസാരത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതുപോലെ പരിധിവിട്ടപ്പോൾ ഇനി വിളിക്കരുതെന്നും പറഞ്ഞു ഫോൺ ഓഫാക്കി.. ഇപ്പൊ ഉറക്കത്തിൽ വേണ്ടാത്ത സ്വപ്നങ്ങളൊക്കെ കാണാൻ തുടങ്ങിയിട്ടുമുണ്ട്…
അതിനാണോ ഇങ്ങനെ പേടിക്കുന്നെ….നീ ചിന്തിക്കുന്നപോലെ ഒന്നും സംഭവിക്കില്ലട്ടോ….എനിക്ക് വല്ലാണ്ട് വിറക്കുന്നുണ്ട്…ചേട്ടനെന്നെയൊന്നു പറ്റിപ്പിടിക്കോ……
മഴകൊള്ളരുതെന്നു പറഞ്ഞാൽ കേൾക്കില്ലല്ലോ… ഞാനാ വിക്‌സ് എടുത്തു നെറ്റിയിൽ തേച്ചു തരാം.. രാവിലെയാകട്ടെ…പോയി ഒന്നു ഡോക്ടറെ കാണിച്ചിട്ട് വരാം …
NB: പെണ്ണ്…താലിക്കു താഴിട്ടുപൂട്ടുന്നവൾ…അതിനി ജീവൻ പോയാലുംജീവിതം കൈവെടിയാത്തവരുമുണ്ട്…..
സി കെ