ഉണ്ണിമായയുടെ കണ്ണുകൾ നൊടിനേരം അതിൽ പതിഞ്ഞു, അതെ സമയം തന്നെ ആ വലിയ ഭംഗിയുള്ള കണ്ണുകൾ നിറയുകയും ചെയ്തു…

അച്ഛനെന്ന ആഴക്കടൽ

Story written by AMMU SANTHOSH

……………………………..

‘അമ്മ വാങ്ങി കൊടുത്ത വൈഡൂര്യ കല്ല് പതിച്ച നെക്‌ലെസ് ഉണ്ണിമായയുടെ കഴുത്തിൽ ഒരു തീക്കനൽ പോലെ ശോഭിച്ചു.അവളുടെ അഴകിനെ ഇരട്ടിയാക്കും വിധം അതിന്റെ ശോഭ മിന്നൽ പോലെ കാഴ്ചക്കാരുടെ കണ്ണിലടിക്കുകയും ചെയ്തു..

“ഭാഗ്യം ചെയ്ത കുട്ടിയ നീ ?നിന്റെ ‘അമ്മ എന്ത് മാത്രം സമ്മാനങ്ങളാണ് നിനക്കു വാങ്ങി തരുന്നത് ?”

ഉണ്ണിമായ നേർത്ത ചിരിയോടെ തന്റെ ഐ ഫോണിലേക്കു നോക്കി ഇതും തലേ ദിവസം വാങ്ങി തന്നതാണ്.പിറന്നാളിന് .കൂട്ടുകാരുടെ അസൂയ നിറഞ്ഞ കണ്ണുകൾ അവളുടെ വിലപിടിപ്പുള്ള ഉടയാടകളിൽ ഇഴഞ്ഞു നടന്നു .ക്ലാസ്സിനു സമയം ആയപ്പോൾ ലൈബ്രറിയിൽ നിന്നവർ ക്ലാസ്സിലേക്കു നടന്നു തുടങ്ങി.

മൈതാനത്തിനരികിൽ വാക പൂത്തു നിൽക്കുന്നു.ഉണ്ണിമായയുടെ കണ്ണുകൾ നൊടിനേരം അതിൽ പതിഞ്ഞു അതെ സമയം തന്നെ ആ വലിയ ഭംഗിയുള്ള കണ്ണുകൾ നിറയുകയും ചെയ്തു.

പൂത്ത വാകമരങ്ങളുള്ള തറവാട്ട് വളപ്പിൽ അച്ഛന്റെ കൈ പിടിച്ചു കൊഞ്ചുന്ന കുഞ്ഞു ഉണ്ണിമായയുടെ ചിത്രം അവളുടെ ഉള്ളിൽ തെളിഞ്ഞു

“വാകപ്പൂ കാണാനെന്താ അച്ഛാ ഇത്ര ഭംഗി ?”

“അതോ അപൂർവമായി കാണുന്ന കാഴ്ചയല്ലേ മായ കുട്ടി? അപൂർവമായി കാണുന്നതെന്തിനും ഭംഗി കൂടും .”

“അപൂർവം എന്ന് വെച്ചാൽ എന്താ അച്ഛാ ?”

അച്ഛൻ തന്നെ എടുത്തുയർത്തി കുടയുന്നു .അച്ഛന്റെ ചിരി …അച്ഛന്റെ ഗന്ധം .

“അപൂർവം എന്ന് വെച്ചാല് എപ്പോളും കാണാൻ സാധിക്കാത്തതു .എന്റെ മായകുട്ടിയെ പോലെ “

മുകളിലേക്ക് തല ഉയർത്തിയാൽ കാറ്റത്തുലയുന്ന പനകൾ കാണാം .കൊച്ചു ഉണ്ണിമായ കൗതകത്തോടെ നീലാകാശത്തെയും പനയോലകളെയും തല ഉയർത്തി നോക്കുമ്പോളെക്ക് അച്ഛൻ താഴെ നിർത്തി നടപ്പു തുടങ്ങിയിരിക്കും .

അച്ഛന്റെ വാക്ക് പോലെ താൻ അച്ഛന് അപൂർവ കാഴ്ച തന്നെയായി..

സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യാനിഷ്ടപ്പെട്ടിരുന്ന സാധാരണക്കാരനായിരുന്ന ശരത് മേനോനെ, പ്രശസ്തനായ കാർഡിയോളജിസ്റിനെ ,തറവാട് വക മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് പറിച്ചു നടാമെന്ന ഡോക്ടർ പ്രിയയുടെ (,ഉണ്ണിമായയുടെ അമ്മയുടെ) മോഹം വെറും മോഹം മാത്രമായപ്പോൾ അത് വിവാഹമോചനത്തിൽ കലാശിച്ചു .ഉണ്ണിമായയെ കോടതി അമ്മയ്‌ക്കൊപ്പം വിട്ടു . അച്ഛന്റെ നിറകണ്ണുകളുടെ തിളക്കം അവളിലിന്നുമുണ്ട് . ശിരസ്സിലരിച്ചിറങ്ങുന്ന നേർത്ത വിരലുകൾ .നിറുകയിൽ നനുത്ത ചുംബനം .അച്ഛന്റെ ചന്ദന ഗന്ധം .

അവളുടെ ഹൃദയം നിറയെ അച്ഛനായിരുന്നു. പത്രമാസികകളിൽ വരുന്ന അച്ഛന്റെ മെഡിക്കൽ ലേഖനങ്ങൾ അവൾ വെട്ടി ഫയൽ ആയി സൂക്ഷിക്കും .അമ്മ കാണാതിരിക്കാൻ വസ്ത്രങ്ങൾക്കിടയിലാണ് അവളതു ഒളിപ്പിക്കാറ്

അമ്മ തരുന്നത് സ്നേഹമാണോ എന്നവൾക്കറിയില്ല . അമ്മ ഒരിക്കലും അച്ഛനെ പോലെ ചേർത്തണച്ചു ഉമ്മ വെക്കാറില്ല. ഉറങ്ങുമ്പോൾ തന്റെ അരികിൽ വരാറില്ല. തനിക്കെന്തെങ്കിലും വേണമോ എന്ന് ചോദിക്കാറില്ല

തന്റെ നെറ്റിയില്ലെങ്കിലും ഒന്ന് തൊട്ടിരുന്നെങ്കിൽ!

സ്വപ്നം കണ്ടു ഞെട്ടിയുണരുന്ന രാത്രികളിൽ അച്ഛന്റെ ഫോട്ടോ എടുത്തു നോക്കി കിടക്കും .അപ്പോൾ അച്ഛൻ പതിഞ്ഞ ശബ്ദത്തിൽ പാട്ടു പാടി തരാറുണ്ടെന്നു തോന്നും .അഞ്ചു വയസ്സിന്റെ അച്ഛന്റെ ഓർമ്മകളാണ് അവൾക്കു എന്നും ധൈര്യം

അച്ഛനെന്താണ് പിന്നീടൊരിക്കലും തന്നെ തേടി വരാഞ്ഞതെന്നു അവൾ ഓർക്കാറുണ്ട് . ഒരിക്കൽ പോലും ഫോൺ ചെയ്യാതിരുന്നത് ? ഒരു എഴുത്തു പോലും അയക്കാതിരുന്നത് ? ഒരു ദൂതനെ പോലും അയക്കാതിരുന്നത് ?

വീട് ഒരു ബോർഡിങ് സ്കൂൾ പോലെയാണ് .കൃത്യമായ നേരത്തു ഉറക്കം,ഭക്ഷണം,ഉണർവ്വ് …യന്ത്രങ്ങളെ പോലെയുള്ള മനുഷ്യർ. .അവൾക്കു ചിരി വരും .എന്ത് ധൃതിയാണ് ഓരോരുത്തർക്കും ?എന്തിനാവോ ഈ ധൃതി?

ആരുമില്ലാത്തപ്പോൾ അവൾ തൊടിയിലെ പൂക്കളോടു സംസാരിക്കും .പൂമ്പാറ്റകളെ തൊട്ടു നിറം കവിളിൽ തേയ്ക്കും.അഞ്ചുവയസ്‌സിന്റെ ഓർമ്മത്താളുകളിൽ അതൊക്കെയുണ്ട്. അച്ഛൻ പഠിപ്പിച്ചതാണ് അതൊക്കെ .

പതിനെട്ടു വയസ്സായിട്ടും അഞ്ചു വയസ്സിന്റെ അച്ചൻകുട്ടിയാകാൻ അവൾ മോഹിച്ചു കൊണ്ടേയിരുന്നു .

അമ്മയ്‌ക്കൊപ്പം എപ്പോളും വരുന്ന വിവേക് അങ്കിളിനെ അവൾക്കു ഇഷ്ടമേയല്ല .പുഞ്ചിരിക്കുമ്പോളും സംസാരിക്കുമ്പോളും അയാളുടെ കണ്ണുകൾ അവളുടെ ഉടലിലൂടെ ഇഴഞ്ഞു നടക്കും .അമ്മയെന്താ അതൊന്നും ശ്രദ്ധിക്കത്തതു എന്ന് അവൾക്കു തോന്നാറുണ്ട് .ഈയിടെയായി അയാൾ വരുമ്പോൾ അവൾ മുറിയടച്ചിട്ട് ഉള്ളിൽ തന്നെയിരിക്കും .

കോളേജ് വിട്ടു വരുമ്പോൾ ശ്രദ്ധിച്ചു .വീട്ടിൽ വല്ലാത്ത നിശബ്ദത .ആരും പരസപരം മിണ്ടുന്നില്ല .

വൈകിട്ടു ഭക്ഷണം കഴിക്കുമ്പോൾ അവൾക്കു അതിനുള്ള ഉത്തരം കിട്ടി .

അച്ഛൻ കേസ് കൊടുത്തിരിക്കുന്നു

“മകളെ വിട്ടു കിട്ടണം “

“പന്ത്രണ്ടു വർഷമായി തിരിഞ്ഞു നോക്കാത്തവന് ഇപ്പൊ മകളെ വേണം പോലും സുപ്രീം കോടതീന്ന് വക്കിലിനെ ഇറക്കും ഞാൻ ..അത്രയ്‍ക്കയോ ?”

മുത്തച്ഛന്റെ കണ്ണുകൾ ചുവക്കുന്നു

ഉണ്ണിമായ ഭക്ഷണം പാതിയിൽ നിർത്തി എഴുനേറ്റു . അവളുടെ മനസ് നിറഞ്ഞിരുന്നു .മിഴികളും .

പതിവില്ലാതെ അമ്മ രാത്രി അരികിൽ വന്നു .

“കോടതിയിൽ പറയേണ്ടതെല്ലാം അഡ്വക്കേറ്റ് പറഞ്ഞുതരും ,അത് പോലങ്ങു പറയുക ! ഇത്രനാളും തിരിഞ്ഞു നോക്കിയില്ലല്ലോ നിന്റെ അച്ഛൻ ..ഈ അനുഭവിക്കുന്ന സുഖ സൗകര്യങ്ങളൊക്കെ അച്ഛനൊപ്പം നിന്നാൽ കിട്ടില്ല എന്ന് നിനക്ക് അറിയാമല്ലോ ?”

വീണ്ടും വാക്കുകൾ കാറ്റിൽ പറക്കുന്ന കടലാസ്സ് തുണ്ടുകൾ പോലെ അവൾക്കു ചുറ്റും പാറി നടന്നു

ഉണ്ണിമായ കണ്ണുകളടച്ചു .

അകക്കണ്ണിൽ ഒരു രൂപം

“അച്ഛൻ “

“മായക്കുട്ടി അച്ഛൻ വരികയാണ് കേട്ടോ “

അച്ഛൻ നന്നേ ക്ഷീണിച്ചിരിക്കുന്നു .തല നരച്ചു.വൃദ്ധനെ കണക്കായി.അച്ഛന്റെ ദീപ്തമായ കണ്ണുകളിലെ തിളക്കത്തിന് മാറ്റമൊന്നുമില്ല .കോടതി നടപടികൾ ആരംഭിച്ചു .അവളുടെ മുന്നിൽ നിന്ന് കോടതിയും അമ്മയും മറ്റെല്ലാരും മാഞ്ഞു പോയി .ഒറ്റ ഓട്ടത്തിന് അവൾ അച്ഛന്റെ നെഞ്ചിൽ പറ്റിച്ചേര്ന്നു

കോടതി പൊടുന്നനെ നിശബ്ദമായി .വാദപ്രതിവാദങ്ങളുടെ പ്രസക്തി നഷ്ടമായ നിമിഷം . ശരത് മകളെയും കൊണ്ട് മെല്ലെ നടന്നു

പ്രിയയുടെ അരികിലെത്തിയപ്പോൾ മാത്രം ഒന്ന് നിന്നു

“വര്ഷങ്ങളുടെ ദൈർഘ്യമല്ല പ്രിയേ സ്നേഹത്തിന് ആഴം നിശ്ചയിക്കുക..കുന്നികുരുവോളം മതി …ഉള്ളിൽ നിന്നുണ്ടായാൽ അത്ര മതി “

അയാൾ മെല്ലെ പറഞ്ഞു

“നീ എന്റെ കുഞ്ഞിനെ എന്നിൽ നിന്നകറ്റിയതു പോലെ, കാണാൻ വന്നാൽ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയത് പോലെ, ഒരു ദ്രോഹവും ഞാൻ ചെയ്യില്ല. നിനക്ക് ..എപ്പോൾ വേണമെങ്കിലും വരാം…കാണാം ..അവിടെ അത് അവസാനിക്കും …ഇനി തിരികെ തരില്ല ഒരിക്കലും ..”

അച്ഛന്റെ ശബ്ദം പതിവില്ലാതെ ദൃഢമായി. ആ കണ്ണുകളിൽ നിന്ന് തീ പാറുന്നതു ഉണ്ണിമായ കണ്ടു.

സന്ധ്യയായി തുടങ്ങിയിരുന്നു

.തറവാട്ട് വളപ്പിൽ വാകമരങ്ങൾ പൂത്തു നിൽക്കുന്നതവൾ കണ്ടു .

“വാക പൂത്തല്ലോ അച്ഛാ ?”

അയാൾ മടിയിൽ കിടക്കുന്ന ഉണ്ണി മായയുടെ ശിരസ്സിൽ മെല്ലെ തലോടി

“അച്ഛാ അച്ഛനറിയാമായിരുന്നോ ഞാൻ വരുമെന്ന് ?അച്ഛനെന്ത് ധൈര്യത്തിലാണ് കേസ് കൊടുത്തത്?”‘

അച്ഛൻ അകലേക്ക് നോക്കി

വർഷങ്ങൾ ….ആരും കാണാതെ കരഞ്ഞു തീർത്ത പതിമൂന്നു വർഷങ്ങൾ..ലോകത്തു മറ്റൊന്നിനും ആ ഓർമകളെ മായ്ക്കാനോ മറക്കാനോ കഴിഞ്ഞിരുന്നില്ല ..അമ്മയ്‌ക്കൊപ്പം പോകുമ്പോളുള്ള വാവിട്ടു കരച്ചിൽ …അച്ഛാ എന്ന നീണ്ട വിളിയൊച്ച .നന്നായി ഉറങ്ങിയിട്ട് നാളുകളെത്ര !

“അച്ഛനെന്നത് ഒരു കടലാണ് മോളെ. സ്നേഹത്തിന്റെ ആഴക്കടൽ. പത്തു മാസം ചുമക്കുന്ന മാത്രത്വത്തിന്റെ മഹത്വത്തിന് മുന്നിൽ ജന്മം മുഴുവൻ ഹൃത്തിൽ ചുമക്കുന്ന അച്ഛനെ സൗകര്യപൂർവം മറക്കുന്നതാണ് “

അയാൾ മുഖം കുനിച്ചു അവളുടെ നെറ്റിയിൽ ചുണ്ടമർത്തി

“അച്ഛന്റെ മകളാണ് നീ .അത് മാത്രമായിരുന്നു ധൈര്യം ..”

അയാളുടെ കണ്ണീർ മഴ പെയ്യുമ്പോലെ അവളുടെ നിറുകയിലേക്കു വീണു തുടങ്ങി .. കരഞ്ഞു തീരട്ടെ ചില വേദനകൾ…

ഉണ്ണിമായ ആ കണ്ണുകൾ തുടച്ചു പുഞ്ചിരിച്ചു.

“ഞാൻ ഇനി ഒരിക്കലും എന്റെ അച്ഛനെ വിട്ടു പോവില്ലല്ലോ…. പിന്നെന്താ ?”

അവളുടെ നിറനിലാവ് പോലെയുള്ള ചിരിയിൽ സപ്ത വർണ്ണവും ജീവിതത്തിലേക്ക് നിറയുന്നതയാൾ അറിഞ്ഞു..