ഉള്ളിൽ എപ്പോഴോ ഇഷ്ടം മുളപൊട്ടി എങ്കിലും സ്വന്തം വിശ്വാസങ്ങളെ തള്ളിപ്പറയേണ്ടി വന്നെങ്കിലോ എന്നോർത്തു…

Story written by MANJU JAYAKRISHNAN

“ദൈവത്തിനെ അമ്മ കണ്ടിട്ടുണ്ടോ… ഇല്ലല്ലോ?…കാണാൻ പറ്റാത്തത്തിനെ വിശ്വസിക്കാൻ എന്നെക്കൊണ്ട് പറ്റില്ല.. “

അവളുടെ ആക്രോംശം കേട്ട് ദേവകി മൂക്കത്തു വിരൽ വെച്ചു..

ഇവൾ രാധ…..നാഴികക്ക് നാൽപതു വട്ടം കണ്ണനെ ധ്യാനിച്ചു നടന്ന പെണ്ണാണ്…ദിവസവും അമ്പലത്തിൽ പോയി ദീപാരാധന കണ്ടു നടന്ന തനി അമ്പലവാസിപ്പെണ്ണ്

“നിന്റെ ദേഹത്ത് വല്ല ചെകുത്താനും കൂടിയോ “

ദേവകി ചോദിച്ചു

“എന്റെ അച്ഛൻ നിരീശ്വര വാദി അല്ലേ…ഞാൻ അച്ഛന്റെ മോളാ..ദൈവവും ഇല്ല ഒരു മണ്ണാംകട്ടിയുംഇല്ല..ചുമ്മാ തട്ടിപ്പ് “

രാധ പറഞ്ഞു…..

അകത്തു ദേഹം തളർന്നു ഒരു വാക്ക് ഉരിയാടാതെ കിടക്കുന്ന കാണാരേട്ടനെ ദേവകി നോക്കി

ശരിയാണ്… അവളുടെ അച്ഛന് ഈശ്വരനിൽ വിശ്വാസം ഇല്ല..

പക്ഷെ തന്റെ വിശ്വാസത്തിന് ഒരിക്കലും എതിർപ്പ് പറഞ്ഞിട്ടില്ല… അമ്പലത്തിൽ കയറില്ലെങ്കിലും കൊണ്ടാക്കി പുറത്തു നിൽക്കും…

“എന്താ കണാരാ…. നാട്ടുകാരെ മുഴുവൻ നന്നാക്കാൻ നടന്നിട്ട് സ്വന്തം കുടുംബത്തെ നേരെയാക്കാൻ പറ്റിയില്ലല്ലോ “

ഇങ്ങനെയുള്ള കളിയാക്കലുകൾ കേട്ടിട്ടും കണാരേട്ടൻ ചിരിച്ചു.

കവലയിലെ ഒരു പ്രസംഗത്തിനിടയിൽ ആണ് താൻ കാണാരേട്ടനെ കാണുന്നത്…നാട്ടിലെ അറിയപ്പെടുന്ന നിരീശ്വര വാദി….ഈശ്വരനെ അധിക്ഷേപിച്ചു സംസാരിച്ചപ്പോൾ ഉള്ളം പൊള്ളിയിരുന്നു.. അതുകൊണ്ട് തന്നെ പിന്നീട് കണ്ടപ്പോൾ മുഖം തിരിച്ചു നടന്നു

പിന്നീട് കണ്ടപ്പോൾ ദേഷ്യം സഹിക്കവയ്യാതെ താൻ ചോദ്യം ചെയ്തു

“അല്ല മാഷേ ദൈവം എന്നത് ഒരു പ്രതീക്ഷ ആണ്… നാളെക്കുള്ള ഒരു പ്രതീക്ഷ.. അത് തല്ലിക്കെടുത്തിയിട്ട് മാഷിന് എന്ത് കിട്ടും…”

ഉത്തരം ഒരു ചിരിയിലൊതുക്കി എങ്കിലും പിന്നീട് എനിക്കായി ഒരു നോട്ടമെറിയും

ഉള്ളിൽ എപ്പോഴോ ഇഷ്ടം മുളപൊട്ടി എങ്കിലും സ്വന്തം വിശ്വാസങ്ങളെ തള്ളിപ്പറയേണ്ടി വന്നെങ്കിലോ എന്നോർത്തു ഭാവിച്ചില്ല… മണ്ണോടു ചേരും വരെ എന്റെ വിശ്വാസങ്ങളും കൂടെ ഉണ്ടാവും… അന്ന് അതായിരുന്നു മനസ്സിൽ

“ഒരിക്കലും നിന്റെ വിശ്വാസങ്ങളെ എനിക്ക് വേണ്ടി ഉപേക്ഷിക്കേണ്ട..”

എന്നു പറഞ്ഞപ്പോൾ ആണ് ആശ്വാസം ആയത്…

ഈ ഒരു കാര്യത്തിലൊഴികെ തനിക്കും കണാരേട്ടനും ഒരേ മനസ്സ് ആയിരുന്നു..

മോള് ഈശ്വര വിശ്വാസി ആയപ്പോഴും ഒരു നീരസവും അദ്ദേഹം കാണിച്ചില്ല..

ഉറക്കത്തിനിടയിൽ എപ്പഴോ ആണ് ആ പതിഞ്ഞ സംസാരം ദേവകിയുടെ കാതിൽ വീണത്..

സംസാരത്തിൽ നിന്നും തന്റെ മകളുടെ പ്രണയത്തെ പറ്റിയും പെട്ടെന്നുള്ള മാറ്റത്തെ പറ്റിയും ഒക്കെ ദേവകിക്ക് മനസ്സിലായി…

“ആർക്കോ വേണ്ടിയാണ് ഇത്രയും നാൾ വിശ്വസിച്ചവയെ തള്ളിക്കളഞ്ഞത്…

” ചേർത്തു പിടിക്കുമ്പോൾ അവരുടെ ഇഷ്ടങ്ങളെയും കൂടി നെഞ്ചോട് ചേർക്കണം അല്ലെങ്കിൽ അതെന്തു ഇഷ്ടം ആണ് “

സ്വന്തം അച്ഛനും അമ്മയും കണ്മുന്നിൽ ഉണ്ടായിട്ടും അവൾക്കതു മനസ്സിലായില്ലലോ ദേവകി ഓർത്തു

തിരുത്താൻ ചെന്നാൽ അവൾ ഒരിക്കലും കേൾക്കില്ല….

ദേവകി ഓർത്തു..

അപ്പോഴേക്കും മകൾ അവരെ വിട്ടുപോകാനുള്ള തീരുമാനം എടുത്തത് അവർ അറിഞ്ഞിരുന്നില്ല…

സ്വന്തം കാമുകൻ തന്നെ കൊണ്ട് പോകുന്നത് ചതിക്കുഴിയിലേക്ക് ആണെന്ന് അറിയാതെ അവൾ അവനൊപ്പം യാത്ര തിരിച്ചു..

താൻ അപകടത്തിൽ ആണെന്ന് വൈകാതെ അവൾക്ക് മനസ്സിലായി…

അവനൊപ്പം കൂട്ടുകാരെ കണ്ട അവൾ നിലവിളിച്ചു…

അതിൽ അച്ഛന്റെ ഉറ്റ കൂട്ടുകാരനും യുക്തിവാദി സംഘടന യുടെ പ്രസിഡന്റും ഉണ്ടായിരുന്നു…. തനിക്കൊപ്പം പണ്ട് അമ്പലത്തിൽ മാല കെട്ടിയിരുന്ന ഉണ്ണി ഉണ്ടായിരുന്നു….

എല്ലാത്തരം മനുഷ്യനിലും ചെകുത്താൻ ഉണ്ട്.. അതു ഈശ്വര വിശ്വാസി ആയാലും യുക്തിവാദി ആയാലും

അവരെ തിരിച്ചറിഞ്ഞപ്പോൾ തന്നെ താൻ കൊല്ലപ്പെടുമെന്നും അവൾക്ക് ഉറപ്പായിരുന്നു

അവൾ മനസ്സറിഞ്ഞു വിളിച്ചു ” എന്റെ കണ്ണാ “

തനിക്ക് നേരെ തിരിഞ്ഞ അവർക്കിടയിലേക്ക് തീഗോളം പോലെ ഒരു വടി ചീറിപ്പാഞ്ഞു വന്നു

തിരിഞ്ഞു നോക്കിയ എല്ലാരും പേടിച്ചു ആ പേര് വിളിച്ചു “കാണാരേട്ടൻ “

എല്ലാവരും നാലുപാടും ചിതറി ഓടി…

അവൾ വിശ്വസിക്കാനാവാതെ നിന്നു

അച്ഛൻ….. അച്ഛന്റെ അസുഖം ഒക്കെ മാറിയോ… ഈശ്വരാ…

” മോള് വേഗം വാ… അമ്മ നിന്നെ കാണാതെ വിഷമിച്ചു ഇരിക്കാ “

അവൾ ചോദിച്ചതിനൊന്നും മറുപടി കൊടുക്കാതെ അയാൾ അവളെപ്പിടിച്ചു മുന്നോട്ട് നീങ്ങി..

“അച്ഛന്റെ കൈകൾക്ക് എന്ത് തണുപ്പാ “

അവൾ മനസ്സിലോർത്തു…

“അച്ഛന് ഒരു സ്ഥലം വരെ പോണം… മോള് നടന്നോ “

വീടെത്താറായപ്പോൾ അവളോട്‌ പറഞ്ഞു.

തനിക്കൊപ്പം വരാൻ നിർബന്ധിച്ചു എങ്കിലും ..വീട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് തന്നെ കാണാത്തത് കൊണ്ടാണെന്നു ഓർത്തു അങ്ങോട്ടേക്ക് പാഞ്ഞു

ചെന്ന ഉടനെ വെള്ളപുതപ്പിച്ച ആ ശരീരം കണ്ട് അവൾ ഞെട്ടി വിറച്ചു..

അടുത്തിരുന്നു കരയുന്ന അമ്മയെക്കണ്ടു അവൾക്ക് കാര്യങ്ങൾ ഒക്കെ മനസ്സിലായി

“നീ എവിടായിരുന്നു…. അച്ഛൻ പോകുമ്പോഴും രാധേ എന്ന് വിളിച്ചാ…”

വാക്കുകൾ മുഴുവനാക്കാതെ അമ്മ അലറിക്കരഞ്ഞു….

അച്ഛന്റെ അരികിൽ ചെന്ന് ആ കൈകളിൽ തൊട്ടപ്പോഴും അതേ തണുപ്പ് ആയിരുന്നു…

കുറച്ചു നാളുകൾക്കു ശേഷം ക്ഷണിക്കാൻ വന്ന യുക്തിവാദി സംഘടനയിലെ ആൾക്കാരോടായി അവൾ പറഞ്ഞു

“ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കുന്നു എങ്കിൽ അതു ഒരു ശക്തി കാരണം ആണ്…. ഒരു പ്രപഞ്ച ശക്തി….ചിലർക്ക് അത് ഈശ്വരൻ ആണ്…. ഞാൻ കണ്ടു.. അനുഭവിച്ചു… ഞാൻ വിശ്വസിക്കുന്നു…