എന്തൊക്കെ പറഞ്ഞാലും ഞാൻ ഇങ്ങനെ ഒന്നും അറിയാത്ത പോലെ ചിരിച്ചു തന്നെ നിൽക്കും…

എഴുത്ത്: വൈശാഖൻ

ചിന്നമ്മ ചേച്ചീ ,കുറച്ചു ചാണകം തരാമോന്നു അമ്മ ചോദിച്ചു..

അതെന്നാടാ കിച്ചു ,നിങ്ങളിപ്പോ ചാണകം ആണോ തിന്നുന്നത് ? ഇടയ്ക്കിടയ്ക്ക് വന്നു വാങ്ങിക്കൊണ്ടു പോകുന്നുണ്ടല്ലോ!! ഉറക്കെ പറഞ്ഞു സ്വയം ചിരിച്ചു ആസ്വദിക്കുകയാണ് ചിന്നമ്മ ചേച്ചിയുടെ ഭർത്താവ് മാർട്ടിൻ ചേട്ടൻ.

നിങ്ങളിത് എന്തോന്നാ മനുഷ്യാ, ചെറിയ പിള്ളേരോട് പറയാൻ പറ്റിയ തമാശയാണോ ഇത്.

ഭർത്താവ് ക്രൂരമായ തമാശകൾ പറഞ്ഞു വേദനിപ്പിക്കുമെങ്കിലും ചിന്നമ്മ ചേച്ചി അങ്ങനെയല്ല.എന്തെങ്കിലുമൊക്കെ ഉണ്ടാക്കുമ്പോൾ ഇടയ്ക്കു വിളിച്ചു ആരും കാണാതെ തരും.അവിടുത്തെ പിള്ളേരുടെ പഴയ ഉടുപ്പുകൾ ,പുസ്തകങ്ങൾ അങ്ങനെ എന്തൊക്കെ പഴയ സാധനങ്ങൾ ഉണ്ടോ അതെല്ലാം മിക്കവാറും എനിക്ക് തന്നെ കിട്ടും.

ചിന്നമ്മ ചേച്ചിയുടെ ആങ്ങള ഗൾഫിൽ ആയിരുന്നത് കൊണ്ട് ഇടയ്ക്കു അവരുടെ മോൻ എൽദോസിനു ഫാഷൻ ഡ്രസ്സ് ഒക്കെ കൊണ്ട് പോയി കൊടുക്കുമായിരുന്നു. അങ്ങനെ തെങ്ങിന്റെ പടം ഉള്ള ഒരു ഫാഷൻ ഷർട്ട് ചേച്ചി എനിക്കും തന്നു.

അതിട്ടു നടന്ന എന്നെ കണ്ട മാർട്ടിൻ ചേട്ടൻ അന്ന് രാത്രി ആ വീട്ടിൽ ഉണ്ടാക്കിയ പുകിൽ കേട്ടതിൽ പിന്നെ പഴയതായാലും പുതിയതായാലും ഉടുപ്പൊന്നും വേണ്ടെന്നു ഞാൻ പറയും.

ഉടുപ്പായത് കൊണ്ടല്ലേ മറ്റുള്ളോർ കാണുന്നെ.വേറെ ഒന്നും പുറത്തു കാണില്ലല്ലോ!!

മഴക്കാലം ആയാൽ പിന്നെ വീടിന്റെ അകം മുഴുവൻ വെള്ളമായിരിക്കും.ഇളകി നിൽക്കുന്ന ഓടിൽ നിന്ന് കുത്തി ചാടുന്ന വെള്ളം ചാണകം മെഴുകിയ തറ തുളക്കും. കുതിർന്നു കിടക്കുന്ന തറ പെട്ടെന്ന് ഇളകി പോകുകയും ചെയ്യും.അതാണ് ഇടയ്ക്കിടെ വന്നുള്ള ഈ ചാണകം വാങ്ങൽ.

മാർട്ടിൻ ചേട്ടൻ കാണാതെ പുറകിലൂടെയാണ് ചെന്നത്.അങ്ങേരെ കണ്ടാൽ എന്തെങ്കിലുമൊക്കെ പറഞ്ഞു വിഷമിപ്പിക്കും.കഴിഞ്ഞ തവണ കണ്ടപ്പോൾ ചേച്ചിയോട് വിലപിടിപ്പുള്ള പാത്രങ്ങളൊന്നും പുറത്തു വെക്കേണ്ട ,കള്ളന്മാർ ഉള്ള കാലമാണ് ,കള്ളന്മാർക്കിപ്പോ പ്രായോ കാലമോ ഒന്നും ഇല്ല.കിട്ടിയതും കൊണ്ട് പോകും.ഒടുക്കം ഞാൻ പണിയെടുക്കുന്നത് വല്ലവരും കൊണ്ട് പോയി തിന്നും.എന്നും പറഞ്ഞു ചിന്നമ്മ ചേച്ചിയെ കുറെ ചീത്ത.

പൊതുവായി പറഞ്ഞത് പോലെ പറഞ്ഞതാണെങ്കിലും അതിലെ ധ്വനി എന്നെ തന്നെയാണ് ഉദ്ദേശിച്ചിരുന്നത് എന്ന് എനിക്ക് മനസ്സിലായിരുന്നു.

ഞാൻ കാരണം ഇനി ചേച്ചി ചീത്ത കേൾക്കണ്ട എന്നോർത്താണ് പിന്നെ അയാളുള്ളപ്പോൾ അങ്ങോട്ട് പോകാത്തത്.

എന്തൊക്കെ പറഞ്ഞാലും ഞാൻ ഇങ്ങനെ ഒന്നും അറിയാത്ത പോലെ ചിരിച്ചു തന്നെ നിൽക്കും. ഉള്ളു നീറി പുകയുകയാണെങ്കിലും അത് പുറമെ കാണിക്കില്ല.പറയുന്നത് കേട്ട് ഞാൻ വിഷമിച്ചു എന്ന് അയാൾക്ക്‌ മനസ്സിലായാൽ അയാളുടെ സന്തോഷം കൂടുമല്ലോ.അത് വേണ്ട.എന്റെ വിഷമിച്ച മുഖം കണ്ട് അയാൾ അങ്ങനെ സന്തോഷിക്കണ്ട.

അവിടെ നിന്നാണ് വാശി ആരംഭിക്കുന്നത്.ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആവണം എന്നുള്ള വാശി.ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ആളുകളുടെ പേരുകൾ ചോദിക്കുമ്പോൾ ഞാൻ മാർട്ടിൻ ചേട്ടൻ എന്ന് പറയും.

പഠനത്തോടൊപ്പം തന്നെ പറ്റുന്ന പണികൾക്കൊക്കെ പോയും ,കിട്ടുന്ന പൈസ സ്വരുക്കൂട്ടി വെച്ചും ആദ്യം ഓടിട്ട വീട് മാറ്റി ഞാൻ ഷീറ്റ് ആക്കി.ചാണകം മാറി തറ പരുക്കൻ ആയി.അങ്ങനെ കാലങ്ങൾ കഴിയുന്തോറും ഞാൻ വളർന്നു കൊണ്ടിരുന്നു..

ഭർത്താവൊരു ദുഷ്ടൻ ആയിരുന്നെങ്കിലും അങ്ങേരറിയാതെ ഇടക്കൊക്കെ ചെറിയ സാമ്പത്തിക സഹായങ്ങളും ചേച്ചി എനിക്ക് ചെയ്ത് തന്നിരുന്നു.പറ്റുന്നത് പോലൊക്കെ ഞാൻ സ്വയം ഉണ്ടാക്കുന്നുണ്ടെങ്കിലും ഇടയ്ക്കു വീട്ടിൽ വന്നു കയ്യിൽ നിർബന്ധിച്ചു വെച്ച് തന്നിട്ട് പോകും.വീട്ടമ്മ മാത്രമായ ചേച്ചിക്ക് എങ്ങനെ പൈസ കിട്ടുന്നു എന്നതിലും,ഇത്ര ക്രൂര മനസ്സുള്ള ഒരാളെ ഇത്ര പാവമായ ചേച്ചി എങ്ങനെ സ്നേഹിച്ചു കല്യാണം കഴിച്ചു എന്നതിലുമായിരുന്നു എനിക്കത്ഭുതം.

ഒരു രാത്രി ചിന്നമ്മ ചേച്ചിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് ഞാൻ ഉറക്കമുണർന്നത്.മാർട്ടിൻ ചേട്ടൻ നെഞ്ച് പൊത്തി പിടിച്ചു കിടക്കുന്നു.വായിൽ നിന്ന് രക്തം വരുന്നുണ്ട്.പൊക്കിയെടുത്തു അവരുടെ വണ്ടിയിൽ കയറ്റി .എൽദോ വണ്ടി ഓടിക്കുകയാണ് .മാർട്ടിൻ ചേട്ടൻ എന്റെ മടിയിൽ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു ,തന്നെ കൊണ്ട് പോകാൻ വരുന്ന മരണത്തിനു വിട്ടു കൊടുക്കല്ലേ എന്ന് അപേക്ഷിക്കും പോലെ എന്നെ കണ്ണിൽ നോക്കി കരഞ്ഞു കൊണ്ട്..

ആശുപത്രി എത്തും മുൻപ് ആ കൈകളിലെ സ്പന്ദനം നിലച്ചത് ഞാൻ അറിഞ്ഞു. തുറന്നിരിക്കുന്ന കണ്ണുകൾ എന്നെ തന്നെ നോക്കി…ആ കണ്ണുകളിൽ എന്താണ് ഭാവം..ആദ്യമായി സ്നേഹത്തിന്റെ മുഖം ആ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു.

അടക്കൊക്കെ കഴിഞ്ഞു ഒരു ദിവസം ചേച്ചി എന്നെ വിളിപ്പിച്ചു.കിച്ചു കരുതും പോലെ ഞാനല്ല നിനക്ക് എല്ലാം ചെയ്തു തന്നിരുന്നത്.ചേട്ടൻ തന്നെയാണ്.നീ വളർന്നു വന്ന സാഹചര്യത്തിൽ കൂടി ഇതിനു മുൻപ് വന്ന ആൾ ആണ് ചേട്ടൻ.ജീവിതത്തിൽ വിജയിക്കാൻ ആരോടെങ്കിലും ഉള്ള വാശി വേണം എന്ന് ഇടയ്ക്കിടെ പറയും. അങ്ങനെ ഒരു വാശിയിലൂടെ ആണ് അദ്ദേഹവും വളർന്നു വിജയിച്ചതും എന്നെ കല്യാണം കഴിച്ചതും.

സ്വന്തം മകനോട് എന്നും ഉപദേശിക്കുമായിരുന്നു നിന്നെ കണ്ടു പഠിക്കണമെന്ന് .കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്നു വരുന്നവർ ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും തളരില്ലെന്നു.ഊതിക്കാച്ചിയ പൊന്നായി അവൻ എന്നും കരുത്തോടെ നില നിൽക്കുമെന്ന്.

ആരുടെ പേര് ഓർത്താണോ ഞാൻ എന്റെ മനസ്സിനെ ശക്തിപ്പെടുത്തിയിരുന്നത് ആ പേര് ഇന്നെന്നെ തളർത്തിയിരിക്കുന്നു.കണ്ണിന്റെ മുന്നിൽ കാണുന്നത് മാത്രമല്ല യാഥാർഥ്യം എന്നെ പഠിപ്പിച്ചിട്ടു എന്റെ കൈകളിൽ കിടന്നു തന്നെ അദ്ദേഹം വിട പറഞ്ഞു പോയിരിക്കുന്നു.ആ കണ്ണുകളിൽ ഞാൻ അവസാനം കണ്ടത് സ്നേഹത്തിന്റെ ,വാത്സല്യത്തിന്റെ ,കരുതലിന്റെ മുഖമായിരുന്നു.

കല്ലറയിൽ പുഷ്പങ്ങൾ അർപ്പിച്ചു ഞാൻ തിരികെ നടന്നു.മനസ്സിൽ ആയിരം വട്ടം മാപ്പെന്ന് ഉരുവിട്ട് കൊണ്ട് ,തളർന്നു പോകില്ലെന്ന് ദൃഢ നിശ്ചയം എടുത്തുകൊണ്ട് ,ആ കുടുംബത്തെ എന്റെ കുടുംബമായി ഏറ്റെടുത്തു കൊണ്ട്………….

ശുഭം

വൈശാഖൻ

Image courtesy