നാഗരാജാവ്
Story written by NAVAS AMANDOOR
ജെസ്സി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുന്ന ഇടവഴിൽ പലപ്പോഴും ആരും ഉണ്ടാവാറില്ല. കുറച്ചു ദൂരം കൂട്ടുകാരി കൂടെയുണ്ടാവും. അവളുടെ വീട് എത്തിയാൽ പിന്നെ ഒറ്റക്കാണ് നടത്തം.
ഒറ്റക്ക് മിണ്ടിയും കാഴ്ചകൾ കണ്ടും ഇടവഴിയിലൂടെ ബാഗും തൂക്കിയുള്ള നടത്തം ഒരിക്കൽ പോലും ബുദ്ധിമുട്ടായി അവൾക്ക് തോന്നിയിട്ടില്ല.കുറേ ദൂരം.. ഒറ്റക്ക്.
അഞ്ചു മണിക്ക് ശേഷം ആണ് ട്യൂഷൻ കഴിയുക. കൂട്ടുകാരിയോട് യാത്രപറഞ്ഞു തനിച്ച് നടക്കുമ്പോൾ ഒരിക്കലും പേടി തോന്നിയിട്ടില്ല. വയലിന്റെ അരികിലൂടെ നടക്കുമ്പോൾ അസ്തമയ നേരത്തിൽ കൂടണയാൻ പറന്നകലുന്ന പക്ഷികളെ കാണുന്നത് സന്തോഷമാണ്.
കുറച്ചു കൂടി നടന്നാൽ കല്ലുപാകിയ ചെറിയ റോഡാണ്. റോഡിന്റെ സൈഡിൽ പൊളിഞ്ഞ തറയോടു കൂടിയ നാഗക്കാവ്. നാഗക്കാവിൽ വളർന്നു വലുതായ ഒരു പാലമരം. അവിടെ എത്തുമ്പോൾ ഒരു പേടി തോന്നാറുണ്ട്. അവൾക്ക് നന്നായി അറിയാം.. ഒരിക്കലും കണ്ടിട്ടില്ലാത്ത നാഗരാജാവ് അവളുടെ കണ്ണെത്തും ദൂരത്ത് ഉണ്ടെന്ന്.
എന്നും ഭയഭക്തിയോടെ നാഗക്കാവിലേക്ക് നോക്കിക്കൊണ്ടല്ലാതെ ആ വഴിയിലൂടെ അവൾ പോയിട്ടില്ല.
നാഗക്കാവ് കഴിഞ്ഞാൽ ഒരു വളവാണ്. അതുകഴിഞ്ഞ് പതിനഞ്ചു മിനിട്ടോളം നടന്നാൽ വീടെത്തും. വാച്ച് നോക്കാതെ അമ്മക്കറിയാം അവൾ എത്തുന്ന സമയം. ആ സമയം അവളെയും കാത്തു അമ്മയുടെ കണ്ണുകൾ ഉണ്ടാവും.
ഇടവഴികൾ നാടിന്റെ നന്മയുടെ കഥകൾ പറയുന്ന ഇന്നലകളുടെ ഓർമ്മകളാണ്.
പണ്ടൊക്കെ ഇടവഴികളിൽ എപ്പോഴും ആളുകൾ ഉണ്ടായിരുന്നു. ഇടവഴിയുടെ ഓരത്ത് തൊട്ടാവാടിയും കാശിത്തുമ്പയും മുക്കുറ്റിപ്പൂവും..
ഓല കൊണ്ട് കെട്ടിയ വേലികൾ ഇടവഴിയെ മനോഹരമാക്കി..സ്നേഹവും പുഞ്ചിരിയും കൈമാറിയ ഇടവഴികൾ ഇല്ലാതായ കാലത്ത് മനുഷ്യൻ മനുഷ്യനെ തന്നെ മറന്നുപോകുന്നു.
പതിവുപോലെ ജെസ്സി നാഗക്കാവിന്റെ അടുത്തെത്തി. അവൾ നാഗത്തറയിലേക്ക് നോക്കി. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത സർപ്പരാജാവ് അവിടെത്തന്നെയുണ്ട് എന്ന് ഉറപ്പിച്ചു കൊണ്ടാണ് അവളുടെ നോട്ടം. ഒരുപക്ഷേ നാഗരാജാവ് അവളെ കാണുന്നുണ്ടാവും. അവളുടെ അമ്മയെ പോലെ എന്നും അവളുടെ വരവിനുവേണ്ടി അവളുടെ നോട്ടത്തിന് വേണ്ടി നാഗരാജാവും കാത്തിരിക്കുന്നുണ്ടാവും.
നാഗത്തറ കഴിഞ്ഞ് ഒരു വളവ് ഉണ്ട്. ആ വളവിൽ ഒരാളെ കണ്ടപ്പോൾ പെട്ടന്ന് ഞെട്ടിയെങ്കിലും ആ ഞെട്ടൽ പുറത്തുകാണിക്കാതെ ജെസ്സി മുന്നോട്ടു നടന്നു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരാൾ. എണ്ണമയമില്ലാത്ത മുടികൾ അനുസരണയില്ലാതെ നിൽക്കുന്നു.. അയാളുടെ പഴയ മഞ്ഞ ഷർട്ടിൽ എന്തൊക്കെയോ കറകൾ. നിറം മാറിയ വെള്ളമുണ്ട് മടക്കികുത്തി ഒരുകാൽ ഇടവഴിയിലെ മരത്തിനു മുകളിലേക്ക് പൊക്കിവച്ച് നിൽക്കുന്ന അയാളുടെ മുമ്പിലൂടെ ജെസ്സി നടന്നു.
കുറച്ചു മുന്നോട്ടു നടന്നപ്പോൾ ജെസ്സി തിരിഞ്ഞു നോക്കി.. അയാൾ പിന്നാലെയുണ്ട്.
ജെസ്സി നടത്തത്തിന് വേഗത കൂട്ടി.
ജെസ്സിയുടെ നടത്തത്തിന്റെ വേഗതക്കൊപ്പം അയാൾ നടന്നു.
“പെട്ടെന്ന് ആരെങ്കിലും ഒന്ന് ഈ വഴിയിൽ വന്നിരുന്നെങ്കിൽ… “
അവളുടെ മനസ്സ് പ്രാർത്ഥനയോടെ മന്ത്രിച്ചു.
അയാൾ ജെസ്സിയുടെ നടത്തത്തിനേക്കാളും വേഗതയിൽ നടന്നു മുന്നേറി. കുറച്ചു നേരം കൊണ്ട് അയാൾ ജെസ്സിയുടെ അരികിലൂടെ അവളുടെ മുൻപിൽ എത്തി.
ജെസ്സി കിതക്കുന്നുണ്ട്..
സാധാരണയിൽ നിന്നും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്.
നെറ്റിയും മൂക്കും വിയർപ്പുതുള്ളികൾ നിറഞ്ഞിട്ടുണ്ട്.
ആ വിയർപ്പുതുള്ളികൾ നെറ്റിത്തടത്തിലൂടെ കഴുത്തിലൂടെ ഒലിക്കുന്നുണ്ട്.
ജെസ്സിയുടെ മുമ്പിൽ നിന്ന് അയാൾ ജെസ്സിയെ നോക്കി പുഞ്ചിരിച്ചു.
ബീഡി വലിച്ചു കറപുരണ്ട ചുണ്ടും പല്ലും.
ജെസ്സി മുഖംതിരിച്ചു.
” മോളെ നിന്നെ കാണാൻ എന്തു ഭംഗിയാണ്.. “
“മാറി നിൽക്ക്.. എനിക്ക് പോണം.”
“അങ്ങനങ്ങ് പോയാലോ എന്നെ കൊതിപ്പിച്ചിട്ട്”
അവൾ മുന്നോട്ടു നടക്കാൻ തുനിഞ്ഞപ്പോൾ അയാൾ ജെസ്സിയുടെ കയ്യിൽ കയറിപ്പിടിച്ചു.
അവൾ വല്ലാതെ പേടിച്ചു പോയി. അവൾ പെട്ടെന്ന് തിരിഞ്ഞുനോക്കി.പേടിയുടെ ആ നോട്ടം ചെന്നെത്തിയത് ഇടവഴിയുടെ വളവിന്റെ അടുത്തുള്ള നാഗത്തറയിലേക്ക്.
അയാൾ രണ്ടു കൈകൾ കൊണ്ട് അവളുടെ കൈകളെ പിടിച്ചു. അവളുടെ ബേഗ് അയാൾ വലിച്ചെടുത്തെറിഞ്ഞു. എന്നിട്ട് ജെസ്സിയെ ചുറ്റിപ്പിടിച്ചു.
ബീഡിക്കറയുള്ള കറുത്ത ചുണ്ടുകൾ അവളുടെ കവിളിൽ മുത്തമിടാൻ വേണ്ടി അയാൾ മുഖം താഴ്ത്തിയപ്പോൾ അയാളുടെ കോളറിൽ പിടിച്ചു വലിച്ച ആളെ കണ്ടപ്പോൾ ജെസ്സിക്ക് സമാധാനമായി.
“അച്ഛാ ഇയാള്…”
അയാളുടെ പിടി അയഞ്ഞപ്പോൾ അവൾ അച്ഛന്റെ പിന്നിലേക്ക് മാറിനിന്നു.
അച്ഛൻ കൈ വീശി അയാളുടെ മുഖത്തടിച്ചു.
“അച്ഛൻ എപ്പോ വന്നു..?”
“മോള് വീട്ടിലേക്ക് പൊക്കോ.. അച്ഛൻ വന്നോളാം.”
താഴെ നിന്നും ബാഗ് എടുത്ത് ജെസ്സി മുന്നോട്ട് നടന്നപ്പോൾ തല്ല് കൊണ്ട് താഴെ കിടക്കുന്ന അയാളെ അച്ഛൻ വീണ്ടും വീണ്ടും ചവിട്ടുന്നുണ്ടായിരുന്നു.
“നീ എന്താ വൈകിയത്.. മോളെ “
“അച്ഛൻ എപ്പോഴാ വന്നത്…?”
“അച്ഛൻ വന്നില്ല ല്ലോ.. അച്ഛൻ ഇനി അടുത്ത മാസമല്ലേ വരൂ..”
“ഞാൻ ഇപ്പൊ കണ്ടതല്ലേ അമ്മേ അച്ഛനെ.”
അമ്മയോട് ജെസ്സി നടന്നതല്ലാം പറഞ്ഞു.അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ അമ്മ അമ്പരന്നു നിന്നു.
ജെസ്സി അമ്മയെ കൂട്ടി ഇടവഴിലേക്ക് നടന്നു.
അവർ അവിടെ എത്തിയപ്പോൾ ആരും ഇല്ലാത്ത ഇടവഴിയിൽ നിറയെ ആളുകൾ.
ആൾക്കൂട്ടത്തിൽ ആരോ പറയുന്നത് ജെസ്സിയും കേട്ടു.
“ഏതോ ഒരാൾ നാഗത്തറയിൽ വിഷം തീണ്ടി മരിച്ചു കിടക്കുന്നു.”
അമ്മ അവളെ കൈ പിടിച്ചു വീട്ടിലേക്ക് തിരിഞ്ഞു നടന്നപ്പോൾ അവൾ അമ്മയോട് പറയുന്നുണ്ടായിരുന്നു.
“എന്റെ അച്ഛനെ പോലെ വന്ന്.. എന്നെ രക്ഷിച്ചതും ..അയാളെ കൊന്നതും നാഗരാജാവാണ് അമ്മേ..”
പ്രാർത്ഥനയോടെ ആരാധിക്കുന്നവർക്ക് കാവലാകുന്ന ഇടവഴിയിലെ സർപ്പക്കാവിലെ നാഗരാജവിന് മനസ്സ് കൊണ്ട് നന്ദി പറഞ്ഞൂ അമ്മയും മകളും വീട്ടിലേക്ക് നടന്നു.