ഓളങ്ങൾ ~ ഭാഗം 02, എഴുത്ത്: ഉല്ലാസ് OS

ഭാഗം 1 വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ശേഖരന്റെ മുഖത്ത് അന്നും നിരാശ നിഴലിച്ചു നിന്നു.

പരീക്ഷ എളുപ്പം ആയിരുന്നോ മോനേ..? സുമിത്ര മകനെ നോക്കി.

എളുപ്പം ആയിരുന്നു അമ്മേ…ഞാൻ കാര്യായിട്ട് പറഞ്ഞതാ, ഇത് എല്ലാതവണത്തേയും പോലെ അല്ല… വൈശാഖ് അതു പറയുമ്പോൾ അച്ഛന്റെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ചിരി ആയിരുന്നു.

അയാൾ അടുക്കളയിൽ നിന്ന് പിൻവാങ്ങി.

ഉള്ളതാണോ മോനേ, ഈ തവണ എങ്കിലും നീ എവിടെ എങ്കിലും കയറി പറ്റുമോ… അമ്മയുടെ മുഖത്തു നോക്കി ഒരു മറുപടി കൊടുക്കുവാൻ വൈശാഖന് കഴിഞ്ഞിരുന്നില്ല..

ഒരു കഷ്ണം മീനും കൂടി താ അമ്മേ… അവൻ അമ്മയോട് പറഞ്ഞു.

നിന്നോട് ഞാൻ ചോദിച്ചതിന്റെ ഉത്തരം ആണോടാ ഇതു… അവർ അവനോട്‌ ദേഷ്യപ്പെട്ടു.

എന്റെ അമ്മേ… ഈ ജോലി എന്നു പറയുന്നത് ഒക്കെ ഒരു തലേവര ആണ്.. എനിക്ക് ഒന്നും ആ വര ഉള്ള ലക്ഷണം ഇല്ലാ…. മീൻചാറിൽ തൊട്ടുനക്കികൊണ്ട് അവൻ നിസാരമട്ടിൽ പറയുക ആണ്.

നാളെ, നീ ശാസ്താവിന്റെ അമ്പലത്തിൽ പോയി നീരാഞ്ജനം കഴിപ്പിക്കണമ് കെട്ടോ…തടസം എല്ലാം വേഗം മാറും, സുമിത്ര മകനോട് പോംവഴി പറഞ്ഞു കൊടുക്കുക ആണ്.

എന്തോ…. വല്ലതും പറഞ്ഞോ…. എന്റെ അമ്മേ… എള്ളുതിരിയും നീരാഞ്ജനവും ശാസ്‌താവിനു, പിൻവിളക്കും പശുപതമന്ത്രർ ചനയും മഹാദേവന് ഉണ്ണിക്കണ്ണന് തൃകൈ വെണ്ണ നിവേദ്യം, സരസ്വതിക്ക് താമരമൊട്ടുമാല… ഇങ്ങനെ എത്രമാത്രം വഴിപാട് ആയിരുന്നു…. മതിയായില്ലേ സുമിത്രേ…. അവൻ ഊണുകഴിച്ചു കൊണ്ട് എഴുനേറ്റു…

അമ്മേ…. എനിക്ക് ഇതിൽ ഒന്നും വിശ്വാസം ഇല്ലാ അമ്മേ…. ഒക്കെ ഞാൻ നിർത്തി… ഇനി കിട്ടുമ്പോൾ കിട്ടട്ടെ…കൈ കഴുകി തുടച്ചു കൊണ്ട് വൈശാഖൻ സ്വീകരണമുറിയിലേക്ക് പ്രവേശിച്ചു.

“അങ്ങേലെ പാടത്തു വിത്ത് വിതച്ചേ….

തക തക… തെയ്യാരെ..

നങ്ങേലി പെണ്ണാള് കറ്റ മറിച്ചേ…

തക തക തെയ്യാരെ…

കാക്കാലി പൊൻകിളി നൃത്തം ചവിട്ടി..

തക തക തെയ്യാരെ… നാരായണൻ ഉഷാറാണ്…

അമ്മാവൻ സംഗീതം പഠിച്ചിട്ടുണ്ടോ… സത്യം പറയു…. വൈശാഖൻ അമ്മാവന്റെ അടുത്തേക്ക് ചെന്നു..

ഈ എട്ടനിത്‌ എന്തിന്റെ കേടാണ്…ഇനി ഇപ്പോൾ അമ്മാവൻ ജോറാകും, ഇല്ലെങ്കിൽ കണ്ടോളു, വീണമോൾ ദേഷ്യപ്പെട്ടു കൊണ്ട് ഉണ്ണിമോളേ നോക്കി.

ഹാവൂ… ന്റെ വൈശാഖൻ വന്നോ.. എങ്ങനെ ഉണ്ടായിരുന്നു മോനേ പരീക്ഷ…..

നാരായണൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റു.

കിടന്നോ കിടന്നോ… എഴുനേൽക്കേണ്ട അമ്മാവാ… അവൻ നാരായണനെ പിടിച്ചു കട്ടിലിൽ ഇരുത്തി… ഇല്ലെങ്കിൽ പണി പാളും എന്നു അവനു അറിയാമായിരുന്നു.

ഓഹ്… വല്യ കാര്യം ഒന്നും ഇല്ലാ എന്റെ അമ്മാവാ… ഒരു ഭാഗ്യം ഇല്ലാത്തവൻ ആണ് ഞാൻ… വൈശാഖൻ അമ്മാവന്റെ അടുത്തു കിടക്കുന്ന കസേരയിൽ വന്നു ഇരുന്നു…

അങ്ങനെ ഒന്നും പറയേണ്ട കുട്ടാ… നിന്റെ സമയം തെളിയണത് എപ്പോൾ ആണെന്ന് അറിയാമോ… നാരായണൻ അവന്റെ മുഖത്തേക്ക് നോക്കി…നിന്റെ കല്യാണം കഴിയണം വൈശാഖ…. കൃഷ്ണൻ കണിയാൻ നിന്റെ ജാതകം വായിച്ചത് ഞാൻ ഇപ്പോളും ഓർക്കുന്നുണ്ട്… അയാൾ എന്തോ വല്യ കാര്യം പറഞ്ഞത് പോലെ ഇരിക്കുക ആണ്..

നല്ല ചെത്തുകള്ളിന്റെ മണം അമ്മാവനിൽ നിന്നും ഒഴുകി എത്തി ആ മുറിയിൽ ആകമാനം നിറഞ്ഞു ഇരിക്കുക ആണ്.

അമ്മാവൻ എന്നാൽ കിടന്നോളു, നാളെ കാലത്തെ കാണാം… വൈശാഖൻ അതും പറഞ്ഞു എഴുനേറ്റു. അല്ലെങ്കിൽ ഇനി കണിയാനെ പിടിച്ചു അമ്മാവൻ തുടങ്ങും എന്ന് അവൻ മനസിലാക്കി.

ഓഹ്… എനിക്ക് ഉറക്കം വരത്തില്ലെടാ നി ഇരിക്ക്‌…. അമ്മാവൻ അവനെ നോക്കി, ഒരുപാടു കാര്യങ്ങൾ പറയുവാൻ ഉണ്ടെന്നു വൈശാഖനു അറിയാം,, പക്ഷേ ഇവിടെ നിന്നും എസ്‌കേപ്പ് ആകണമല്ലോ… അവൻ ആലോചിച്ചു.

അമ്മാവാ… നാളെ കാലത്തെ കാണാം… അമ്മാവൻ എന്തായലും കുറച്ചു ദിവസം ഇവിടെ ഉണ്ടല്ലോ, പിന്നെന്താ… അവൻ പറഞ്ഞു.

ശരി, ശരി… എന്നാൽ നി പോയി കിടന്നോ… അതും പറഞ്ഞു കൊണ്ട് അയാൾ കട്ടിലിലേക്ക് ചെരിഞ്ഞു.

“എന്തിനാണമ്മേ അമ്മാവൻ ഈ തവണ ഉടക്കി വന്നത് “ഒരു ഗ്ലാസ്‌ വെള്ളം കുടിയ്ക്കാനായി അടുക്കളയിൽ വന്നതായിരുന്നു അവൻ.

“മാളു എന്നെ വിളിച്ചായിരുന്നു,, അച്ഛൻ ഇവിടെ വന്നോ എന്നു ചോദിച്ചു… ആ കുട്ടി പറഞ്ഞത് ദേവകി ഊണ് എടുത്തു കൊടുക്കാൻ വൈകിയതിന് ആണെന്ന്..”. സുമിത്ര അടുക്കളയുടെ വാതിൽ അടച്ചു ബോൾട്ടിട്ടു…

അമ്മാവന്റെ ഓരോരോ ലീലാവിലാസങ്ങൾ….. വൈശാഖൻ അവന്റെ മുറിയിലേക്ക് പോയി..

വൈശാഖൻ കട്ടിലിൽ വെറുതെ കിടക്കുകയാണ്..

ഈ തവണയും ഒരു ജോലി ആയിട്ടില്ലലോ ദൈവമേ..എന്തൊക്കെ പ്രതീക്ഷയോടെ പോയതാരുന്നു… അവനിൽ ആകെ നിരാശ ആയിരുന്നു.

എന്നും ഇങ്ങനെ കൈയിൽ നിന്നും വണ്ടിക്കൂലി മേടിച്ചു കൊണ്ട് പോകുന്ന ഏർപ്പാട് ഇനി നിർത്തണം… സ്വന്തമായി വരുമാനം ഇല്ലാത്ത ഒരു ചെറുപ്പക്കാരന്റെ വേദന…. അതു അനുഭവിച്ചവർക്കേ മനസിലാകൂ..

എന്റെ മോൻ, എം എസ് സി മാത്‍സ്… അതും ഡിസ്റ്റിങ്ക്ഷനിൽ പാസ്സ് ആയത് വെറുതെ തെണ്ടി തിരിഞ്ഞു നടന്നിട്ടല്ല. രാത്രിയിൽ ഭർത്താവിനോട് തർക്കിച്ചു കൊണ്ട് സുമിത്ര പറഞ്ഞു.

ഓഹ്… വല്യ കാര്യം ആയി പോയി…. അതും തലയിൽ വെച്ചു നടക്കെടി നീയും നിന്റെ മോനും…. ശേഖരൻ പല്ലിറുമ്മി കൊണ്ട് പറഞ്ഞു.

************************

വൈശാഖേട്ട… ഏട്ടാ….വല്യേട്ടാ.. എഴുനേൽക്കുന്നില്ലേ… വീണമോൾ ഏട്ടനെ പിടിച്ചു കുലുക്കി.

എന്താടി നിനക്ക്… അവൻ ഉറക്കച്ചടവോടെ എഴുനേറ്റു.

ഏട്ടാ… ഞാൻ പറഞ്ഞ സാധനം മേടിച്ചോ…?. അവൾ അവന്റെ ബാഗ് എവിടെ ആണെന്ന് തിരഞ്ഞു.

ഓഹ് പിന്നെ… പരീക്ഷയും പാടായിട്ട് വിഷമിച്ചു വരുമ്പോൾ ആണ് അവളുടെ ഓരോരോ…

വൈശാഖൻ കട്ടിലിൽ നിന്നു എഴുന്നേറ്റിട്ട് വാഷ്‌റൂമിലേക്ക് പോയി.

ഈ സമയം കൊണ്ട് വീണയും ഉണ്ണിമോളും കൂടി അവിടമാകെ നിരീക്ഷണം നടത്തിയിരുന്നു.

എടി, ഞാൻ നാളെ ടൗണിൽ പോകുന്നുണ്ട്, അപ്പോൾ മേടിക്കാം.. അതും പറഞ്ഞു കൊണ്ട് അവൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.

പിറകെ വീണയും ഉണ്ണി മോളും കൂടി ഇറങ്ങി പോയി.

അമ്മേ…. കാപ്പി താ…. പത്രവും എടുത്തു വായിച്ചു നോക്കികൊണ്ട് അവൻ വിളിച്ചു പറഞ്ഞു.

സുമിത്ര മകനുള്ള കട്ടൻകാപ്പി കൊടുത്തിട്ട് ഒരു വെട്ടരുവായും ആയിട്ട് മുറ്റത്തേക്ക് ഇറങ്ങി.

അവൻ കാപ്പി എടുത്തു ചുണ്ടോടടിപ്പിച്ചു..

“നല്ല വിളവ് ആണല്ലെടി”….. ശേഖരൻ സുമിത്രയെ നോക്കി..

“അതുപിന്നെ അങ്ങനെ അല്ലേ വരൂ ” അവർ ഭർത്താവിനെ അഭിനന്ദിച്ചു.

“അളിയോ… കൊള്ളാലോ…” നാരായണൻ മുറ്റത്തേക്ക് ഇറങ്ങി വന്നപ്പോൾ കപ്പയും ആയിട്ട് കയറി വരുന്ന ശേഖരനെ ആണ് കണ്ടത്.

“വരാല് കറിയും കപ്പയും കൂടി കഴിക്കണം എന്നു വീനമോൾക്ക് ഒരു ആഗ്രഹം.. എങ്കിൽ പിന്നെ അതങ്ങ് നടത്തിക്കളയാം എന്നു ഇവളും പറഞ്ഞു “ശേഖരൻ ചിരിച്ചു.

“നന്നായി അളിയാ, എന്തായാലും തരക്കേടില്ല “നാരായണൻ കുറച്ചു ഉമ്മിക്കരിയും കുരുമുളക് പൊടിയും ഉപ്പു പൊടിയും കൂട്ടി യോജിപ്പിച്ചുകൊണ്ട് നിൽക്കുക ആണ്.

നല്ല പുട്ടുപോലെ വേകുന്ന കപ്പയാണല്ലോടി…. നാരായണൻ പെങ്ങളെ നോക്കി പറഞ്ഞു കൊണ്ട് കപ്പയും മീൻ കറിയും കഴിക്കുക ആണ്.

പിള്ളേരെന്ത്യേ…? ശേഖരൻ അകത്തേക്ക് നോക്കി..

അവർ മൂന്നുപേരും അടുക്കളയിൽ ഇരുന്നു കഴിക്കുന്നുണ്ട്, അതു പറഞ്ഞു കൊണ്ട് സുമിത്ര അടുക്കളയിലേക്ക് പോയി.

അമ്മേ…. ഇന്നലത്തെ കഞ്ഞി ഇരുപ്പുണ്ടോ…. വീണ, സുമിത്രയെ നോക്കി.

യു മീൻ പഴേങ്കഞ്ഞി…. വൈശാഖൻ വീണയോട് ചോദിച്ചു.

“അല്ല, ബിരിയാണി…. വീണക്ക് ദേഷ്യം വന്നു… ഏട്ടനോട് പറഞ്ഞുവിട്ട ത് എന്തോ അവൻ മേടിച്ചു കൊണ്ട് വരാതിരുന്നത് കൊണ്ട് അവൾക്കു അവനോട് പിണക്കം ആണ്.

കുറച്ചേ ഒള്ളു മോളേ… ഇതാ…. സുമിത്ര മകളുടെ നേർക്ക്, ഒരു പാത്രം നീട്ടിക്കൊണ്ട് പറഞ്ഞു.

വീണ അതു മേടിക്കുവാൻ ആയി എഴുന്നേറ്റതും, വൈശാഖൻ ഓടിച്ചെന്ന് ആ പാത്രം കൈക്കലാക്കി. എന്നിട്ട് അവന കഴിച്ചുകൊണ്ടിരുന്ന പാത്രത്തിലേക്ക് ആ കഞ്ഞി മുഴുവനും ഒഴിച്ചു. അമ്മേ ലേശം കട്ടത്തൈരും കൂടി എടുത്തോ. ഒരു കാന്താരിമുളകും കൂടി ആയിക്കോട്ടെ, വൈശാഖൻ എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ ആയിരുന്നു.

കപ്പയും കഞ്ഞിയും വരാല് മീൻകറിയും, കട്ടത്തൈരും കാന്താരിമുളകും ഒക്കെ കൂട്ടി ഒരു പിടുത്തം പിടിക്കുകയാണ് വൈശാഖൻ, കണ്ടു നിൽക്കുന്നവരുടെ വായിൽ പോലും കപ്പലോടും. വേണോ ടി…. അവൻ ഉണ്ണി മോളുടെ നേർക്ക് ചോദിച്ചു.

അയ്യോ വേണ്ടായേ….. ഉമിനീർ ഇറക്കികൊണ്ട് അവൾ പറഞ്ഞു.

വീണയ്ക്ക് വേണോ…. അവൻ സഹോദരിയെ നോക്കി.

അവൾ മുഖം വീർപ്പിച്ച് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

ഒരു ഏമ്പക്കവും വിട്ടു അവൻ എഴുനേറ്റു..

അസ്സലായി….. വൈശാഖൻ അമ്മയോട് പറഞ്ഞുകൊണ്ട് അവന്റെ മുറിയിലേക്ക് പോയി.

വീണമോളെ….. വൈശാഖൻ നീട്ടി വിളിച്ചു.

എന്താ ഏട്ടാ…. ഉണ്ണിമോൾ ആണ് വിളി കേട്ടത്..

നിന്നെ അല്ലല്ലോ ഞാൻ വിളിച്ചത്, വീണയെ ഇങ്ങോട്ട് വിളിക്കൂ.. വൈശാഖൻ ഇളയ അനുജത്തി യോട് പറഞ്ഞു.

കുറച്ചു കഴിഞ്ഞതും വീണ വൈശാഖിന്റെ മുറിയിലേക്ക് കയറി വന്നു.

എന്താ ഏട്ടാ വിളിച്ചത്, അവൾ താല്പര്യം ഇല്ലാത്ത മട്ടിൽ ചോദിച്ചു,

ഇതാണോ നീ പറഞ്ഞ ലാക്മെ ഐകോണിക് കാജൽ…. വൈശാഖൻ ഒരു കവർ എടുത്തുകൊണ്ടു ചോദിച്ചു..

വീണക്കും ഉണ്ണിമോൾക്കും സന്തോഷം ആയി…

ഏട്ടാ… ഇതന്നെ ആണ്… വീണ ആഹ്ലാദത്തോടെ പറഞ്ഞു.

അയ്യെടി… ഒരു സന്തോഷം കണ്ടില്ലേ… നിനക്ക് ഇത്തിരി കൂടുന്നുണ്ട് കെട്ടോ… വൈശാഖൻ കൃത്രിമം ആയി ഒരു ഗൗരവം പുറത്തെടുത്തു..

കി.. കി… ബൈക്കിന്റെ ഹോൺ കേട്ടതും വൈശാഖൻ വേഗം റോഡിലേക്ക് ചെന്നു.

അനൂപും, വിഷ്ണുവും ആയിരുന്നു..എടാ അളിയാ… നി ഇന്നലെ എപ്പോൾ ആണ് വന്നത്….? അനൂപ് ചോദിച്ചു.

കുറച്ചു നേരം വൈകിയിരുന്നു… ഇന്നലെ എങ്ങനെ ഉണ്ടായിരുന്നു… വിഷ്ണു… സാധനം കിട്ടിയാരുന്നോടാ.. വൈശാഖൻ കുട്ടുകാരെ രണ്ടാളെയും നോക്കി.

“മ്.. ഉണ്ടായിരുന്നു…ഒലക്ക…. അപ്പൻ മറ്റേ പണി കാണിച്ചു…. “…ചെത്തുകാരൻ ദാമുവിന്റെ മകൻ ആണ് വിഷ്ണു.

അവൻ വല്ലപ്പോളും ഒക്കെ നല്ല ചെത്തുകള് കൊണ്ടുവന്നു കൂട്ടുകാർക്കു കൊടുക്കും. അതുവെച്ചുകൊണ്ട് ചോദിച്ചതാണ് വൈശാഖൻ..

ഹോ രക്ഷപെട്ടു… എനിക്ക് യോഗം ഉണ്ട്… വൈശാഖൻ ചിരിച്ചു..

എടാ…. എനിക്ക് പേടിയാ…. നിന്റെ അച്ഛൻ എങ്ങാനും അറിഞ്ഞാൽ എന്റെ കാര്യം ഗോവിന്ദാ…. വിഷ്ണു വൈശാഖനോടായി പറഞ്ഞു.

എടാ.. ഇതിനു മുൻപും നി എനിക്ക് കൊണ്ടുവന്നു തന്നിട്ടുള്ളത് അല്ലേ, എന്നിട്ട് ആരെങ്കിലും അറിഞ്ഞോ, എന്റെ അച്ഛൻ നിന്നോട് എത്ര തവണ ചോദിക്കുവാൻ വന്നു…. വൈശാഖൻ പരിഭവപെട്ടു.

നോക്കട്ടെ… അച്ഛൻ തരുവാണെങ്കിൽ ഞാൻ റെഡിയാക്കാം.. അതും പറഞ്ഞു കൊണ്ട് വിഷ്ണു ബൈക്ക് സ്റ്റാർട്ട് ചെയ്തു. താമസിയാതെ കൂട്ടുകാർ രണ്ടാളും യാത്ര പറഞ്ഞു പോയി.

ആരായിരുന്നു മോനെ അത് അമ്മാവൻ വൈശാഖിന്റെ അടുത്തേക്ക് നടന്നു വന്നു.

“എന്റെ ഫ്രണ്ട്സ് ആണ് അമ്മാവാ, ഇന്നലത്തെ പരീക്ഷ എളുപ്പം ആയിരുന്നോ എന്നറിയുവാൻ വന്നതാണ്… വൈശാഖൻ പറഞ്ഞു.

ഇങ്ങോട്ട് ആണല്ലോ ആ കാർ വരുന്നത്… നാരായൺ റോഡിലേക്ക് വിരൽ ചൂണ്ടി…

ആഹ്ഹാ… വിജിയും അളിയനും ആണല്ലോ.. അമ്മേ… ദേ വിജി വരുന്നുണ്ട് കെട്ടോ… അവൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു ..

വിജി ചേച്ചി സുന്ദരി ആയിരിക്കുന്നു, കാതിൽ ഒരു വെള്ള മുത്തു കമ്മലും നെറ്റിയിൽ ഒരു കുഞ്ഞ് വട്ടപ്പൊട്ടും, കഴുത്തിൽ ഒരു ചെറിയ മാലയും…. ഇത്രയും ഒള്ളു മേക്കപ്പ്.. വിജി ചേച്ചിയെ ആദ്യമായി കാണുന്നത് പോലെ നോക്കി കാണുക ആണ്…എത്ര നാളായി ചേച്ചി വന്നിട്ട്… അനുജത്തിമാർ രണ്ടാളും മുഖം വീർപ്പിച്ചു.

ഗോപേട്ടന് സമയം ഇല്ലത്തത് കൊണ്ട് അല്ലേ മക്കളെ… വിജി അവരെ രണ്ടാളെയും കെട്ടിപിടിച്ചു.

ഓഹ്… അമ്മക്ക് എന്താ വിഷമം എന്നു അറിയാമായിരുന്നോ ചേച്ചി… മീൻകറി ആണെങ്കിൽ അമ്മ കരഞ്ഞുകൊണ്ടാണ് വെച്ചത്… വീണ കളിയാക്കി കൊണ്ട് പറഞ്ഞു.

നി പോടീ… പെറ്റമ്മയുടെ വില മനസ്സിലാകണമെങ്കിൽ നീയും ഒരമ്മ ആകണം…. സുമിത്ര സ്വയം ന്യായികരിക്കാൻ ശ്രെമിച്ചു..

ഇങ്ങനെ ഇവിടെ നിർത്തിയാൽ അമ്മ ആകാൻ പറ്റുമോ?? വീണ ചിരിച്ചു.

നിനക്ക് ഇത്തിരി കൂടുന്നുണ്ട് കേട്ടോ, ആഹ് തൊടിയിൽ നിന്നു കുറച്ചു അച്ചിങ്ങ ഓടിച്ചോണ്ട് വാ… ഒരു ഉപ്പേരി കൂടി വെയ്ക്കാം… സുമിത്ര വീണയോട് പറഞ്ഞു.

അമ്മേ…. ഞാൻ വന്നത് ഒരു പ്രേത്യേക കാര്യം ഇവിടെ എല്ലാവരോടും സംസാരിക്കാനാണ് ബിജി അമ്മയോടും സഹോദരിമാരോട് മായി അടക്കം പറഞ്ഞു.

“എന്താ മോളെ” എല്ലാവരും ആകാംക്ഷയോടെ വിജിയെ നോക്കി

അമ്മേ ലക്ഷ്മിവിലാസം എന്നുപേരുള്ള ഒരു രണ്ടുനില വീട് അമ്മ, ഗോപേട്ടന്റെ വീട്ടിൽ വരുമ്പോൾ കണ്ടിട്ടില്ലേ? വിജി അമ്മയെ നോക്കി.

ഏതാ മോളെ ആ പടിഞ്ഞാറുവശത്തുള്ള ആ വീടാണോ.. സുമിത്ര മകളോട് ആരാഞ്ഞു.

അതല്ല അമ്മേ, അവിടെനിന്നും കുറച്ചുകൂടി പിറകോട്ട് പോകണം, അവിടെ ആണ് ഞാൻ പറഞ്ഞ വീട്. വിജി അവരെ മനസിലാക്കി കൊടുത്തു.

ആഹ് വല്യേച്ചി കാര്യം പറയു… വെറുതെ സസ്പെൻസ് ഇടാതെ… വീണ മോൾ വിജിയോട് കല്പ്പിച്ചു.

പറയാടി… അതിനല്ലേ ഞാൻ വന്നത്… വിജി കസേരയിൽ നിന്ന് എഴുനേറ്റു.

അമ്മേ… ആ വീട്ടിൽ രണ്ട് പെൺകുട്ടികൾ മാത്രം ആണ് ഉള്ളത്, മൂത്ത കുട്ടിയെ കെട്ടിച്ചു അയച്ചതാണ്.. ആ ചെറുക്കൻ എൻജിനിയർ ആണ്… രണ്ടാമത്തെ മകൾ ശ്രീലക്ഷ്മി….. ലക്ഷ്മി എന്ന് വിളിക്കും.. ആ കൂട്ടി ബികോം ഫസ്റ്റ് ഇയർ ആണ്, വിജി വിശദീകരിച്ചു kഒണ്ട് ഇരുന്നപ്പോൾ വൈശാഖൻ അകത്തേക്ക് വന്നു.

ഓഹ്… എന്താ ഇവിടെ ഒരു ചർച്ച… അവൻ അമ്മ ചിരകി വെച്ചിരുന്ന കുറച്ചു നാളികേരം എടുത്തു വായിലേക്ക് ഇട്ടു..

നി മിണ്ടാതിരിക്കെടാ… അവൾ പറയട്ടെ… സുമിത്ര മകന്റെ കൈക്കിട്ട ടിച്ചു.

മ്…. പറയെടി…. വിജിയെ വൈശാഖനും പിന്താങ്ങി..

അമ്മേ… ആ കുട്ടിക്കും പന്ത്രണ്ടിൽ ചൊവ്വ ആണ്…. ഈ വർഷം തന്നെ കല്യാണം നടത്തണം എന്നു…. നമ്മുടെ വൈശാഖന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു, കേട്ടപാതി കേൾക്കാത്തപാതി അമ്മ (അമ്മായിമ്മ )അതു അവരോട് പോയി പറഞ്ഞു…. അവർക്കപ്പോൾ ഇവൻ വന്നു പെണ്ണ് കാണാൻ പറയുക ആണ്.. വിജി പറഞ്ഞു നിർത്തി.

നിനക്ക് തലയ്ക്കു ഭ്രാന്ത്‌ ആണോ… വൈശാഖൻ പെങ്ങളുടെ അടുത്തേക്ക് നടന്നു.

എടാ….. മൂത്ത മകൾക്ക് അവർ 101പവൻ കൊടുത്തു ആണ് കെട്ടിച്ചു വിട്ടത്. ഈ കുട്ടിക്ക് അതിലും കൊടുക്കും.. മിടുക്കി പെണ്ണാണ്..പ്രായവും കുറവ്.. വീണമോളെ കാട്ടിലും ഇളയതാണ്… വിജിയുടെ വിശദീകരങ്ങൾ നീണ്ടു..

കാര്യം ഒക്കെ ശരിയാണ്, പക്ഷെ ഇവന് സ്വന്തം ആയിട്ട് ഒരു ജോലി ഇല്ലാതെ എങ്ങനെ ആണ് മോളേ .. സുമിത്ര മകളോട് ചോദിച്ചു.

എം എസ് സി മാത്‍സ് ആണ് ഇവൻ പാസ്സ് ആയത്… ഇപ്പോൾ ബാങ്ക് ടെസ്റ്റും പി എസ് സി ടെസ്റ്റും എഴുതുന്നു.. ഉടൻ തന്നെ ജോലിക്ക് കയറും എന്നാണ് ഞാൻ പറഞ്ഞത്, പിന്നെ നല്ല ഒന്നാംതരം ഒരു വീടും 12ഏക്കർ നിലവും ഇല്ലേ അമ്മേ… ഇതൊക്കെ മോശമാണോ….വിജി ന്യായീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

.അമ്മേ…. ഈ നാള് ദോഷം ഉള്ളത്കൊണ്ട് ആണ് ഇത്രയും നല്ല ബന്ധം ഇവന് ആലോചിച്ചത്..അല്ലെങ്കിൽ ഏതെങ്കിലും കൊമ്പത്തെ ചെറുക്കൻ വന്നു കെട്ടിക്കൊണ്ട് പോയേനെ.. . അവർ നല്ല മനുഷ്യർ ആണ് അമ്മേ..ഇത് നടന്നാൽ നല്ല ബന്ധം ആണ്… വിജി എല്ലാവരോടും ആയി പറഞ്ഞു.

എന്തായാലും വൈശാഖൻ ഒന്നു പോയി കാണുന്നതിൽ തെറ്റൊന്നും ഇല്ലാ…വിജിയുടെ ഭർത്താവ് ഗോപൻ ശേഖരനോട് അഭിപ്രായപ്പെട്ടു.

എന്റെ ഗോപാ…. ഇവന്റെ വിവാഹം ഇപ്പോൾ നടത്തിയാൽ പിന്നെ,,,, ഇളയത് രണ്ട് പെൺകുട്ട്യോൾ കൂടി ഉള്ളതല്ലേ.. തന്നെയുമല്ല സ്വന്തം ആയിട്ട് ഒരു ജോലി പോലും ഇവനായിട്ടില്ല.. ശേഖരൻ ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു.

അച്ഛാ…. അതൊക്കെ ശരിയാണ്, ഇപ്പോൾ ഈ കല്യാണം നടക്കുമോ എന്നു പോലും അറിയില്ല, അതൊരു കാര്യം, പിന്നെ ഒരുപക്ഷെ വിവാഹത്തോട് കൂടി നല്ല ജോലി കിട്ടുമായിരിക്കും… ആ കുട്ടിയുടെ അച്ഛൻ ആണെങ്കിൽ എന്നെ രണ്ടു പ്രാവശ്യം വിളിക്കുകയും ചെയ്ത്.. ഗോപൻ അയാളെ നോക്കി.

അതു ശരിയാ അളിയാ… അവന്റെ ജാതകത്തിൽ ഉണ്ട്, വിവാഹത്തോടെ ആണ് അവന്റെ സമയം തെളിയുന്നത് എന്നു… നാരായണനും ഗോപന്റെ പക്ഷം ചേർന്ന്..

എന്തായാലും ഒന്നുപോയി പെണ്ണ് കാണട്ടെ എന്നു അവസാനം എല്ലാവരും കൂടി തീരുമാനിച്ചു.

അങ്ങനെ വിജിയും ഭർത്താവും കൂടിഗ്രഹനിലയും മേടിച്ചുകൊണ്ട് യാത്ര പറഞ്ഞു പോയി.

എന്താടാ നിന്റെ അഭിപ്രായം… വൈകിട്ട് ശേഖരൻ മകനേ നോക്കി ചോദിച്ചു.

എന്റെ അച്ഛാ… എനിക്ക് ജോലി ഒന്നും ആയില്ലെന്നു അറിയുമ്പോൾ ആ പെണ്ണിന്റെ വീട്ടുകാർ ഇത് വേണ്ടെന്നു വെയ്ക്കും…മൂത്ത മരുമകൻ ആണെങ്കിൽ എൻജിനീയർ ആണ്.. വൈശാഖൻ ഉദാസീനനായി ഇത്രയും പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

അതു ശരിയായിരിക്കും എന്നു ശേഖരന് തോന്നി.

എങ്ങനെ എങ്കിലും നടന്നാൽ മതി എന്നായി സഹോദരിമാർ രണ്ടുപേരും… ഏട്ടന്റെ വിവാഹത്തെ കുറിച്ച് സ്വപ്നം കാണുക ആണ് അവർ രണ്ടാളും..

രാത്രിയിൽ വൈശാഖൻ കിടക്കുക ആണ്..

ഒന്നു മയങ്ങി വന്നതേ ഒള്ളു അവൻ..

പെട്ടന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു.

നോക്കിയപ്പോൾ ഗോപൻ കാളിങ്…

ഹെലോ അളിയാ.. വൈശാഖൻ ഫോൺ എടുത്തു ഉറക്കച്ചടവോടെ കാതിൽ വെച്ചു.

എടാ ഞാൻ ആണ്… അവർക്ക് സമ്മതം ആണെടാ… നിന്നോട് വന്നു പെണ്ണിനെ കാണാൻ പറഞ്ഞു.പത്തിൽ എട്ടു പൊരുത്തം ഉണ്ടെന്ന് വിജി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

എടി… നി എന്താ ഒന്നും അറിയാത്തത് പോലെ.. നമ്മുടെ കാര്യങ്ങൾ എല്ലാം നിനക്ക് അറിയാവുന്നത് അല്ലേ.. അവന്റെ ഉറക്കം എല്ലാം അപ്പോളേക്കും പോയിരുന്നു.

എല്ലാം അറിയാം… അതുകൊണ്ട് അല്ലേടാ ഞാൻ ആലോചിച്ചത്.. ഇത് നടക്കും വൈശാഖ… വിജി വാചാലയായി..

എടാ പിന്നേയ് , നാളെ മാടപ്പാട്ടെ കൃഷ്ണൻ കോവിലിൽ ഉത്സവം ആണ്, ആ പെൺകുട്ടി താലം എടുക്കാൻ വരുന്നുണ്ട് എന്ന് അവളുടെ അമ്മ പറഞ്ഞു. നീയും കൂടി വരാമോ… നി ഒന്നു കണ്ടു നോക്ക്. ആരും അറിയേണ്ട…വിജി സഹോദരനോട് പറഞ്ഞു.

നി ഒന്നു മിണ്ടാതെ ഇരിക്ക്‌ എന്റെ വിജി… വൈശാഖന് ദേഷ്യം വന്നു.

ഞാൻ മിണ്ടണോ വേണ്ടയോ എന്നു നി പറയേണ്ട.. ഞാൻ പറയുന്നത് നി തല്ക്കാലം കേൾക്കു.. നാളെ കൃഷ്ണൻ കോവിലിൽ വരണം, നമ്മുടെ വീട്ടിൽ ആരും അറിയേണ്ട, നിനക്ക് ഇഷ്ടപെട്ടാൽ മാത്രം നമ്മൾക്ക് മുന്നോട്ട് ആലോചിക്കാം. വിജി ഫോൺ വെച്ചു.

അളിയനും കൂടി ഇടപെട്ടതുകൊണ്ട് ആണ്, ഇല്ലെങ്കിൽ,, കോപ്പ്, എന്തേലും പറഞ്ഞു ഒഴിവാക്കാമായിരുന്നു..

വൈശാഖൻ തിരിഞ്ഞും മറിഞ്ഞും കിടക്കുക ആണ്..എപ്പോളോ കണ്ണുകൾ അടഞ്ഞു.

***************************

കാലത്തെ മുതൽ കണ്ണാടിടെ മുന്നിൽ ആണല്ലോ ഏട്ടാ, ഇനി ഇന്നാണോ പെണ്ണ് കാണൽ… ഉണ്ണിമോൾ വൈശാഖനെ കളിയാക്കി കൊണ്ട് ചോദിച്ചു.

പോടീ അവിടെന്നു…. നി മേടിക്കും കെട്ടോ.. അവൻ അനുജത്തിയെ കണ്ണുരുട്ടി കാണിച്ചു.

എന്തായാലും നമ്മൾക്ക് ഒന്നു പോയി നോക്കാം, നടക്കുവാണെങ്കിൽ ലോട്ടറി അല്ലേടാ… അനൂപും വിഷ്ണുവും വൈശാഖനെ പ്രോത്സാഹിപ്പിച്ചപ്പോൾ അവൻ ഫ്ലാറ്റ് ആയി പോയി.

ഒടുവിൽ അവനും കൂട്ടുകാരും കൂടി അമ്പലത്തിൽ ഉത്സവത്തിന് പുറപ്പെട്ടു.

തുടരും…..

(ഹായ്…. പുതിയ കഥ ഇഷ്ടമാകുന്നുണ്ടോ കുട്ടുകാരെ,,, എല്ലാവരും ലൈക്കും കമന്റും തരണേ )

Ullas OS.