ഞാൻ ഗീതുവിനോട് കണ്ണുകൾ കൊണ്ട് എന്താണ് കാര്യം ചോദിച്ചുവെങ്കിലും അച്ഛൻ പെട്ടെന്നു…

പെണ്ണ്….

എഴുത്ത്: അരുൺ നായർ

“”നീയും അപ്പുറത്തെ വീട്ടിലെ ആ മരം കയറി പെണ്ണും തമ്മിൽ എന്താണ് ബന്ധം…….നാട്ടുകാർ പലതും പറയുന്നുണ്ടല്ലോ,,,അതാണ് ചോദിക്കേണ്ടി വന്നത്….. “”

രാവിലെ വെളിയിലേക്കു ഇറങ്ങാൻ തുടങ്ങിയതും ഒരു മതിലു പോലെ മുൻപിൽ നിന്നു കൊണ്ടുള്ള അച്ഛന്റെ ചോദ്യം തന്നെ എന്തോ വെറുപ്പ്‌ കലർന്നതായിരുന്നു….. എന്തായാലും ഒന്നു പൊട്ടൻ കളിക്കാൻ ഞാൻ തീരുമാനിച്ചു…..

“”ഏത് മരംകയറി പെണ്ണിന്റെ കാര്യമാണ് അച്ഛൻ പറയുന്നത്…. എനിക്കു അങ്ങനെ ആരുമായും ഒരു ബന്ധവുമില്ല…. “”

“”അച്ഛനെ നീ പൊട്ടൻ ആക്കുക ആണോടാ…. അപ്പുറത്തെ ഗീതുവുമായുള്ള ബന്ധം ആണ് ഞാൻ ചോദിച്ചത്……””

“”ഗീതു നല്ല കൊച്ചു അല്ലേ, അച്ഛാ…. നല്ല വിദ്യാഭ്യാസവും സൗന്ദര്യവും പണവും എല്ലാം ഉണ്ട്…… പിന്നെ എന്തിനാണ് അച്ഛൻ ഇങ്ങനെയോക്കെ പറയുന്നത്……””

“”അതേടാ, വയസ്സ് ഇരുപത്തിരണ്ടു കഴിഞ്ഞിട്ടും ഇപ്പോളും കൊച്ചു പിള്ളേരുടെ കൂടെ മാങ്ങാ പെറുക്കാൻ പോകുകയും തരം കിട്ടിയാൽ നമ്മുടെ ജാതിയിൽ വലിഞ്ഞു കയറി ജാതിക്ക മോഷ്ടിച്ചു ഈ നാട്ടിലെ പിള്ളേർക്ക് മുഴുവനും കൊടുക്കുകയും അതും പോരാഞ്ഞിട്ട് ഇപ്പോളും ആൺപിള്ളേരുടെ കൂടെ ശരീരം ഒതുങ്ങാത്ത തുണിയുമുടുത്തു ക്രിക്കറ്റ്‌ കളിച്ചു നടക്കുകയും ചെയ്യുന്ന അവൾ ആണോ നിൻറെ നോട്ടത്തിൽ നല്ല പെണ്ണ്……””

“”അതൊക്കെ അച്ഛൻ പഴഞ്ചൻ ആയതുകൊണ്ട് തോന്നുന്നതാണ്…. അവൾ കുറച്ചു കമ്പനി ആണ് അതുപോലെ എല്ലാവരോടും നല്ല സ്നേഹവും ഉണ്ട്…. അതുപോലെ ധൈര്യവും…. ഇന്നത്തെ കാലത്തെ പെണ്ണുങ്ങൾക്ക്‌ അതൊക്കെ വേണ്ടേ അച്ഛാ…. അല്ലെങ്കിൽ എങ്ങനെയാണു ജീവിക്കുന്നത്….. “”

“”മോനെ പെൺപിള്ളേരെ അങ്ങനെയല്ല വളർത്തേണ്ടത്…… മോന്റെ അനുജത്തിയെ ഞങ്ങൾ വളർത്തുന്നത് കണ്ടിട്ടുണ്ടോ…. എപ്പോളും അവരിൽ നമ്മുടെയൊരു കണ്ണ് ഉണ്ടാകണം…… നല്ല അടക്കവും ഒത്തുക്കവും ഉണ്ടാകണം പെണ്ണുങ്ങൾക്ക്‌….. അല്ലാതെ ഇങ്ങനെ കണ്ടടം നിരങ്ങി നടക്കുന്ന സാധനങ്ങളെ നല്ല പെണ്ണുങ്ങളുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല…. അതുകൊണ്ട് അങ്ങനെ വല്ല മോഹങ്ങളും ഉണ്ടെങ്കിൽ മോൻ അങ്ങു മറന്നേക്കൂ….. “”

അച്ഛനോട് കൂടുതൽ തർക്കിച്ചിട്ടു കാര്യമില്ല എന്നുള്ളതുകൊണ്ടും കൂട്ടുകാരുടെ കൂടെ രണ്ടെണ്ണം അടിക്കാനുള്ള പുറപ്പാട് ആയതിനാലും ഞാൻ കൂടുതലൊന്നും അച്ഛനോടു പറയാൻ നിന്നില്ല……. പോകും വഴി ഞാനോർത്തു അച്ഛൻ പറഞ്ഞ കാര്യങ്ങളൊക്കെ ശരി തന്നെയാണ്…… അങ്ങനെ ആണല്ലോ എനിക്കു അവളെ കിട്ടിയതും….. ഓർക്കുമ്പോൾ തന്നെ കുളിരാണ് ആ ദിവസം….

ആ ദിവസം അച്ഛനുമമ്മയും അനുജത്തിയും കൂടെ ആരുടെയോ കല്യാണത്തിന് പോയേക്കുകയായിരുന്നു……ഞായറാഴ്ച ആയതുകൊണ്ട് പതിവ് പോലെ രണ്ടെണ്ണം കൂട്ടു കൂടി അടിച്ചിട്ട് വന്നു ഞാൻ ടീവി കണ്ടു ഇരിക്കുമ്പോൾ വെളിയിൽ എന്തോ ശബ്ദം കേട്ടു…… ഓടി ചെന്നപ്പോൾ ജാതി മരത്തിൽ ആരോ ഇരിക്കുന്നു എന്നെ കണ്ടതും താഴെയുള്ള വാനര പടകൾ എല്ലാം ഓടി മറഞ്ഞു…… വെപ്രാളത്തിനു മുകളിൽ ഇരുന്ന ഗീതു ചാടിയത് എന്റെ ദേഹത്തേക്കും….. അവളു വന്നു വീണതുകൊണ്ട് ഞാനുമൊന്നു വീണു അവൾ എന്റെ ദേഹത്തേക്കും…. സിനിമയിൽ കാണുന്നത് പോലെ കെട്ടിമറിയാൻ തോന്നിയെങ്കിലും ഞാൻ അവളെ ഒരുനിമിഷത്തേക്കു വരിഞ്ഞു മുറുകി പിടിച്ചു പോയി…… അത്രക്കും സുഖം ഉണ്ടായിരുന്നു പഞ്ഞി പോലെയുള്ള അവളുടെ ശരീരം എന്റെ ദേഹത്ത് പതിച്ചപ്പോൾ……. ഒരു നിമിഷം ഞങ്ങൾ അങ്ങനെ കിടന്നു പോയി…… പെട്ടെന്ന് എന്തോ ഓർമ്മ വന്നത് പോലെ അവൾ എഴുന്നേറ്റു ഓടിയെങ്കിലും ആ ഓട്ടത്തിൽ തന്നെ എനിക്കു അവൾ എന്റെ വഴിക്കു വരുമെന്നുള്ള സൂചന നൽകി….. പിന്നെ കുറച്ചു കാലം കൊണ്ടു ഞങ്ങൾ പിരിയാൻ പറ്റാത്ത അത്രക്കും അടുത്തു പോയി……

അവളുടെ കാര്യങ്ങൾ ആലോചിച്ചതു കൊണ്ട് കൂട്ടുകാരുടെ അടുത്തു വരെ എത്തിയത് അറിഞ്ഞില്ല…… ചെന്നതും അവർ പറഞ്ഞു കൂട്ടത്തിൽ ഒരാൾ ഗൾഫിൽ പോകുകയാണ് ഇന്നു ഒരുപാട് ഉണ്ട് അളിയാ അടിക്കാൻ…… നമുക്കിന്നു പൊളിക്കണം…… ഞാനും അവരോടു തകർക്കാം പറഞ്ഞു കൂടെ കൂടി……

വൈകുന്നേരം ആയപ്പോൾ അമ്മയുടെ നിർത്താതെയുള്ള ഫോൺ വിളി സഹിക്കാൻ വയ്യാതെയാണ് എട്ടു കാലിയെ പോലെ ബൈക്കിൽ പോയി കയറി വീട്ടിലേക്കു പോകാൻ തീരുമാനിച്ചത്……എനിക്കു മനസ്സിലായി എന്നെ കാണാഞ്ഞിട്ട് അച്ഛൻ കാള കയറു പൊട്ടിക്കാൻ നോക്കും പോലെ കിടന്നു കയറു പൊട്ടിക്കൽ ആയിരിക്കുമെന്ന്…… പെട്ടന്ന് തന്നെ വണ്ടിയും എടുത്തു കൂട്ടുകാരോട് ബാക്കി അടുത്ത ആഴ്ചയിൽ എന്നും പറഞ്ഞു ഞാൻ വീട്ടിലേക്കു മടങ്ങി…….

വീടിന്റെ മുൻപിൽ എത്തിയപ്പോൾ നാട്ടുകാരു കൂടി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു കുഴിയിലേക്ക് കാലും നീട്ടി കാലന്റെ അനുഗ്രഹത്തിനായി ഇരിക്കുന്ന അമ്മുമ്മയെ കാലൻ അനുഗ്രഹിച്ചു കാണുമെന്നു….. പോട്ടെ എത്ര നാൾ ആണ് ഇങ്ങനെ ഒറ്റയ്ക്ക് രാമ നാമവും ജപിച്ചു ഞാൻ മനസ്സിൽ പറഞ്ഞു…… വണ്ടി കൊണ്ടേ വെച്ചിട്ട് നോക്കിയപ്പോൾ ഗീതുവും എന്റെ വീട്ടിൽ ഇരിക്കുന്നു…… അപ്പോൾ ആണ് എനിക്കു അമളി മനസ്സിലായത്…….മിക്കവാറും ഞായറാഴ്ച ദിവസങ്ങളിൽ ഞങ്ങൾ ഉച്ചക്ക് കാണാറുണ്ട് ഇന്നു എന്നെ കാണാതെ അവൾ വീട്ടിലേക്കു വന്നു കാണും വീട്ടിലെ പാഷാണം ഷാജി കയ്യോടെ പിടിച്ചും കാണും…….എന്ത് പറയണമെന്നോ ചെയ്യണമെന്നോ മനസ്സിലാകാതെ ഞാൻ എട്ടു കാലി മാമൂഞ്ഞിനെ മനസ്സിലോർത്തു അകത്തേക്ക് കയറി…….

കയറിയതും ഞാൻ ഗീതുവിനോട് കണ്ണുകൾ കൊണ്ട് എന്താണ് കാര്യം ചോദിച്ചുവെങ്കിലും അച്ഛൻ പെട്ടെന്നു എന്റെ അടുത്തേക്ക് വന്നത് കൊണ്ട് എനിക്കു കഥകളി നടത്തി കാര്യം അറിയാനുള്ള പരുപാടി നടത്താൻ സാധിച്ചില്ല…….ദൈവമേ എന്താണോ കാര്യം… ഇനിയിപ്പോൾ ചവിട്ടു നാടകം ഇവിടെ നടക്കേണ്ടെങ്കിൽ ഓട്ടം തുള്ളൽ ഞാൻ ഇപ്പോൾ നടത്തേണ്ടി വരുമോ…… പക്ഷെ എന്റെ ശ്വാസകോശത്തിന് പകരം കാലുകൾ സ്പോഞ്ജ് പോലെ ആയതുകൊണ്ട് എനിക്കു ഇറങ്ങി ഓടാനും കഴിയുമായിരുന്നില്ല….. അച്ഛൻ എന്റെ അടുത്തേക്ക് വന്നു എന്നോടു എന്തിനാടാ കിടന്നു ആടുന്നത് ചോദിച്ചിട്ട് ഒരു ചിരി അങ്ങു പാസ് ആക്കി……ദൈവമേ ഇങ്ങേർക്ക് ചിരിക്കാൻ ഒക്കെ അറിയുമോ ഞാൻ ഞെട്ടി പോയി…..

“”ടാ മോനെ നീ ഇന്നു നടന്ന കാര്യങ്ങൾ വല്ലതും അറിഞ്ഞോ……അതോ എല്ലാ ഞായറാഴ്ചത്തെയും പോലെ ഊത്തു കഴിഞ്ഞു ഇങ്ങു കയറി വന്നതാണോ…. “”

എന്ത് പറയണം അറിയാതെ ഞാൻ അമ്മയെയും അനുജത്തിയേയും ഗീതുവിനെയും മാറി മാറി നോക്കി…… എന്റെ നോട്ടത്തിന്റെ ഭാവം കണ്ടിട്ട് അച്ഛൻ പറഞ്ഞു

“” നീ പേടിക്കുകയൊന്നും വേണ്ട…. പേടിക്കേണ്ടി വന്നെന്നെ നിൻറെ ഈ മരംകയറി പെണ്ണ് ഇല്ലെങ്കിൽ……”” കഥ അറിയാതെ ഞാൻ അച്ഛന്റെ മുൻപിൽ നല്ലൊരു കഥകളി ആസ്വാദകനായി നിന്നു മടുത്തു കഴിഞ്ഞപ്പോൾ ഞാൻ ഗീതുവിനോട് ചോദിച്ചു… …

“”എന്താണ് ഗീതു…. എന്താണ് കാര്യം…. “”

ഗീതു ഒന്നു ചിരിച്ചുകൊണ്ട് പറഞ്ഞു

“”നമ്മുടെ മാളൂനെ ഇന്നു കുറെ അവന്മാർ ട്യൂഷൻ കഴിഞ്ഞു വരും വഴി പിടിച്ചു വണ്ടിയിൽ കയറ്റാൻ തുടങ്ങി…. “”

“”എന്നിട്ടു നീ അവരുടെ വണ്ടിയുടെ നമ്പർ എടുത്തിട്ടുണ്ടോ…. “” എനിക്കു എന്റെ സിരകളിലെ രക്തത്തോട്ടം വർദ്ധിച്ചു കൂടെ ക ള്ളും കൂടി ഉണ്ടായിരുന്നതുകൊണ്ട് അതു ഇരട്ടി ആയി…..

“”ഏട്ടനൊന്നു അടങ്ങു ഞാൻ മുഴുവൻ പറയട്ടെ…. ഭാഗ്യത്തിന് ഞാൻ ആ സമയത്തു അതു വഴി ടൗണിൽ പോകാൻ ഇറങ്ങി…. അതുകൊണ്ട് ഒന്നും സംഭവിക്കാതെ ഞാൻ അവളെയും രക്ഷിച്ചു ഇങ്ങു കൊണ്ടു വന്നു……. “”

“”അവർ എത്ര പേര് ഉണ്ടായിരുന്നു ഗീതു… നീ സത്യം പറ മാളുവിനോടും നിന്നോടും എന്തെങ്കിലും അവർ ചെയ്തോ…. “” ഞാൻ തികച്ചും അക്ഷമൻ ആയിരുന്നു….

പെട്ടന്ന് എന്റെ പെങ്ങൾ മാളു ഇടയിൽ കയറി പറഞ്ഞു…..

“”എന്റെ പൊന്നു ചേട്ടാ അവരു നാലു പേര് ഉണ്ടായിരുന്നു പക്ഷെ നമ്മുടെ ഗീതു ചേച്ചി ആളു കരോട്ട അല്ലേ നാലിനെയും ഇടിച്ചു പറത്തി……വണ്ടിയുടെ നമ്പറും നോട്ട് ചെയ്തു പോലീസിലും പിടിപ്പിച്ചു….””

“”നാല് പേരെ ഗീതു ഒറ്റയ്ക്ക് ഇടിച്ചു ഇട്ടെന്നോ….. എനിക്കു വിശ്വസിക്കാൻ കഴിയുന്നില്ല മാളു…. “”

“മോളെ ഇവനെ നിങ്ങളുടെ കല്യാണം കഴിഞ്ഞു അച്ഛൻ പറഞ്ഞ കാര്യം നടക്കാൻ വേണ്ടി മോളുടെ കരോട്ട കഴിവ് ഒന്നു കാണിച്ചു കൊടുക്കണേ അപ്പോൾ അവനു വിശ്വാസം ആയിക്കോളും….. “”

അച്ഛന്റെ വായിൽ നിന്നാണ് മറുപടി കിട്ടിയത്….

“‘അച്ഛൻ ഞങ്ങളുടെ കല്യാണം ഉറപ്പിച്ചോ…. “” ഞാൻ ഞെട്ടി തെറിച്ചു കൊണ്ടു ചോദിച്ചു പോയി….

“”ഞാൻ മാത്രമല്ല ഞങ്ങൾ എല്ലാം കൂടി ചേർന്നാണ് ഉറപ്പിച്ചത്…. ഇത്രയും നല്ലൊരു മരുമകൾ മുൻപിൽ നിൽക്കുമ്പോൾ ഞങ്ങൾ എന്തിനാണ് വേറെ തേടുന്നത്… പിന്നെ നിന്നേ പോലെ ഉള്ളവന് രണ്ടു ഇടി കിട്ടിയാലേ നന്നാക്കത്തൊള്ളൂ….. “”

അതും പറഞ്ഞു ചിരിച്ചു അച്ഛൻ അകത്തേക്ക് കയറി പോയി….

“”അച്ഛൻ നല്ല സന്തോഷത്തിൽ ആണല്ലോടി…. നീ എന്ത് മറിമായം ആണ് ചെയ്തത് സത്യം പറഞ്ഞോ….. നീ തന്നെ വീട്ടുകാരെ ഇമ്പ്രെസ്സ് ചെയ്യാൻ ഏർപ്പാട് ആക്കിയത് ആണോ അവന്മാരെ…..””

ഗീതുവിന്റെ അടുത്ത് ചെന്നു സ്നേഹവും തമാശയും കലർന്ന രീതിയിൽ ഞാൻ ചോദിച്ചു….

“”ദേ മര്യാദക്ക് സംസാരിച്ചില്ല എങ്കിൽ ഞാൻ കല്യാണം കഴിക്കാൻ പോകുന്നവൻ ആണെന്ന് ഒന്നും നോക്കില്ല…. കാലിൽ പൊക്കി നിലത്തടിക്കും പറഞ്ഞേക്കാം….. “”

“”ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ ഗീതു…. അല്ല അച്ഛൻ എന്ത് കാര്യം നടക്കാൻ വേണ്ടിയാണു എന്നെ ഇടിച്ചോളാൻ പറഞ്ഞത്…. “”

“”അതൊരു സിമ്പിൾ കാര്യം അല്ലേ…. നിങ്ങളുടെ ഈ കള്ള് കുടി നിർത്തിക്കുന്ന കാര്യം….. നിർത്തുന്നില്ല എങ്കിൽ മുഞ്ഞിക്കിട്ടു തന്നോളാൻ ആണ് അച്ഛൻ പറഞ്ഞേക്കുന്നത്….വെറുതേ എന്നെകൊണ്ട് കരോട്ട ആദ്യ രാത്രിയിൽ തന്നെ വെളിയിൽ എടുപ്പിക്കരുത്….. “”

അതും പറഞ്ഞവൾ വീട്ടിലേക്കു ഓടി പോയി…. അവൾ ഓടി പോകുന്നത് നോക്കി നിന്നപ്പോൾ എനിക്കു തോന്നി അച്ഛൻ രാവിലെ പറഞ്ഞതിൽ കുറച്ചു കാര്യങ്ങൾ ഉണ്ടെന്നു….. അവളൊരു മരം കയറി ആണെന്ന്…….

ഇനിയൊരു പ്രാർത്ഥനയെ മനസ്സിലുള്ളു അവൾ മരത്തിൽ മാത്രം കയറിയാൽ മതിയായിരുന്നു കല്യാണം കഴിഞ്ഞെന്റെ തോളിൽ കയറി ഇരുന്നു ചെവി കടിക്കാതെ ഇരുന്നാൽ,,,,, അതു തന്നെ എന്റെ ഏറ്റവും ഭാഗ്യം…..

ഇഷ്ടം ആയാൽ എനിക്കായി ഒരു വാക്ക് നൽകണേ….