തന്നോടവൾ വളരെ വേഗം ഇണങ്ങി. അത് കുറെ നാൾ ഒരു അത്ഭുതം ആയിരുന്നു

മഴ പോലെ ഒരു പെണ്ണ്

Story written by AMMU SANTHOSH

സിവിൽ സർവീസ് വിജയികളെ പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്ത കാണുകയായിരുന്നു ഗൗരി

രണ്ടാംറാങ്ക്.” വർഷ മാത്യൂസ്” വർഷയുടെ ഫോട്ടോ ടീവി സ്‌ക്രീനിൽ തെളിഞ്ഞു

“ചേട്ടാ വർഷ ” ഗൗരി അടുത്തിരുന്ന നവീനിന്റെ കൈയിൽ തൊട്ടു. അവന്റെ കണ്ണിൽ നീർത്തിളക്കംണ്ടാകുന്നത് അവൾ വ്യക്തമായി കണ്ടു നവീൻ അവളുടെ കൈ പിടിച്ചു മാറ്റി മുറിയിലേക്ക് നടന്നു അവൻ നടക്കുമ്പോൾ പൊയ്ക്കാലുകളുടെ ചുവടൊച്ച മുറിയിൽ മുഴങ്ങി

ഗൗരി ഭിത്തിയിലേക്കു ചാരി കണ്ണുകൾ അടച്ചു

“വർഷ”

നന്നേ വെളുത്തു മെലിഞ്ഞു വെള്ളാരം കണ്ണുള്ള സ്വര്ണമുടിയുള്ള സുന്ദരി കുട്ടി. ഡോക്ടർ ദമ്പതികളായ അനിൽ മാത്യൂസിന്റെയും ഡെയ്സിയുടെയും ഏക മകൾ. തന്നോടവൾ വളരെ വേഗം ഇണങ്ങി .അത് കുറെ നാൾ ഒരു അത്ഭുതം ആയിരുന്നു .

ഒരു മഴയുള്ള വൈകുന്നേരം അവൾ ആ രഹസ്യം പറയും വരെ . ‘ഗൗരികുട്ടി എനിക്ക് നിന്റെ ചേട്ടനെ വലിയ ഇഷ്ടമാണ് കേട്ടോ ഒന്ന് പറയു ഫേസ് ബൂകിലെന്റെ റിക്വസ്റ്റ് അക്സെപ്റ് ചെയ്യാൻ”

“അത് ശരി അതായിരുന്നല്ലേ ഈ കൂട്ടിനു പിന്നിൽ?’ താൻ അവളെ ഒരു പാട് കളിയാക്കി

“അയ്യോ അല്ലടാ ..അത് വേറെ ഇത് വേറെ തന്റെ ചേട്ടൻ എന്ത് നന്നായിട്ട കഥ എഴുതണേ ..he is a wonderful guy “

“ഓ അപ്പോൾ കഥകൾ ആണ് ആകർഷണം എടീ പോത്തേ,എന്റെ ചേട്ടൻ ഈ കോളേജിൽ തന്നെ പഠിക്കുന്നത് കൊണ്ടും കക്ഷി ആർട്സ് ക്ലബ് സെക്രട്ടറി ആയതു കൊണ്ടും കാണാൻ നല്ല സുന്ദരനായത് കൊണ്ടും ..ഇഷ്ടം പോലെ ആരാധികമാർ ഉണ്ട് …ഞാനീ ബ്രോക്കർ പണി തുടങ്ങിട് കുറെ നാളായി ..ചേട്ടനെന്നെ കൊല്ലും ..നീ വെറുതെ ചെരുപ്പ് തേയ്ക്കണ്ട നടക്കുകേല” വര്ഷയെ നിരുത്സാഹപ്പെടുത്താൻ താൻ ഒരു പാട് ശ്രമിച്ചു .ചേട്ടനോട് അതെ കുറിച്ച് സൂചിപ്പിച്ചപ്പോൾ ഉഗ്ര നോട്ടം ആരുന്നു മറുപടി

“വർഷ പാവമാണ് ചേട്ടാ “

“അതിനു? ഫേസ് ബുക്ക് എനിക്ക് പെണ്പിള്ളേരുമായിട്സൊള്ളാനുള്ളതല്ല, എനിക്കറിയാത്ത ഒരാളേം ഞാൻ ആഡ് ചെയ്യില്ല താനും ഇനി മേലിൽ ശുപാര്ശയുമായിട്ടു വന്നാലുണ്ടല്ലോ ” താൻ തോറ്റു പിന്മാറി.

ചേട്ടൻ എത്രയധികം അവളെ അവഗണിച്ചോ അത്രയധികം അവൾ ചേട്ടനോടടുക്കാൻ ശ്രേമിച്ചു കൊണ്ടിരുന്നു.ഒടുവിൽ അവളോട് തനിക്കു പിണങ്ങേണ്ടി വന്നു

*********

നവീൻ ഡയറിയുടെ താളുകൾ മെല്ലെ മറിച്ചു കൊണ്ടിരുന്നു.പഴയ കാലത്തേ ശേഷിപ്പുകളുടെ പുസ്തകങ്ങൾ. ഒരു താൾ കൈയിൽ തടഞ്ഞു

“വർഷ” വർഷയെ തനിക്കു ഭയമാണോ ? ഒറ്റപ്പെണ്ണിലും പതറാതെ നിന്നിട്ടു ഇപ്പോൾ….വീണ് പോയേക്കുമോ ? ആകുലതകൾ നിറഞ്ഞ അക്ഷരങ്ങൾ, വർഷ …മഴ പോലെ…….. തോരാതെ പെയ്യുന്ന മഴ പോലെ ..

അന്നും മഴ പെയ്തിരുന്നു ഗൗരി പിണങ്ങിയ നാളുകൾ.. കണ്ണീരോടെ വർഷ മുന്നിൽ നിന്ന ആ ദിവസം

“എനിക്ക് നവിനിനോട് കൂട്ടു കൂടണ്ട ,ഇഷ്ടം വേണ്ട പക്ഷെ എന്റെ ഗൗരിയോട് പിണങ്ങരുത് എന്ന് പറയ് ആ കൂട്ടു തട്ടി കളയരുത് .. ഞാനിനി ശല്യമാവില്ല “

വർഷയ്ക്കു മുന്നിൽ നിൽകുമ്പോൾ ഹൃദയം പിടഞ്ഞടിക്കുന്നതു തനിക്കറിയാം, പക്ഷെ തോറ്റു കൊടുക്കാൻ വയ്യ.

“നീ വർഷയോടു എന്റെ പേരിൽ പിണങ്ങേണ്ട ..”താൻ ഗൗരിയോട് പറഞ്ഞു പക്ഷെ
വർഷ വാക്ക് പാലിച്ചില്ല ഗൗരിയെ കാണാൻ വരുന്നത് തന്നെ കാണാൻ ആണെന്ന് വ്യക്തമായിരുന്നു ..

“ഇഷ്ടം വേണ്ടെന്നു പറഞ്ഞിട്ടു?’ ഒരിക്കൽ ചോദിച്ചു. കള്ള ചിരി ചിരിച്ചു അവൾ.

“വർഷ, ജീവിതം തമാശ അല്ല”

“എനിക്ക് നവീൻ തമാശ അല്ല “ഇക്കുറി ആ മുഖത്ത് ഗൗരവം നിറഞ്ഞു

“നവീൻ എന്റേതാവുമോ എന്ന് എനിക്കറിയില്ല പക്ഷെ ഞാൻ നവീനിന്റെ ആണ്.അത് ഒന്ന് മനസ്സിൽ വെച്ചോളൂ.”

ആൾക്കാർ ഓരോന്ന് പറഞ്ഞ തുടങ്ങി ..വീട്ടിൽ അറിഞ്ഞു പദ്മനാഭൻ നായരുടെ മകൻ ഒരു നസ്രാണി പെണ്ണിനെ …അവളുടെ വീട്ടിലും ഒരു കോളിളക്കം നടന്നു

“നവീൻ ഒരു തവണ പറയാമോ ഇഷ്ടാണെന്നു ഞാൻ കാത്തിരിക്കാം..? അവൾ പറഞ്ഞു

“എനിക്ക് ഇഷ്ടമല്ല വർഷ “അന്ന് താൻ എടുത്തണിഞ്ഞ മുഖം മൂടി ഒരു ജേഷ്ഠന്റെ ആയിരുന്നു. ഗൗരി ,അവളുടെ ജീവിതം…. താൻ മൂലം തകരരുത്.

വര്ഷയെ പഠനം മതിയാക്കി വീട്ടുകാർ ഡൽഹിക്കു കൊണ്ട് പോയി. വർഷ തന്റെ ഹൃദയത്തിനുള്ളിലായിരുന്നു വസിച്ചിരുന്നത് എന്ന തിരിച്ചറിവ് വന്നപ്പോളേക്കും വർഷ പോയി.

ഗൗരിയുടെ വിവാഹം കഴിഞ്ഞെങ്കിലും അത് നീണ്ടില്ല ..ഒരു അപകടത്തിൽ അയാൾ മരിച്ചു. തനിക്കു കാൽ നഷ്ടപ്പെട്ടു. ദുരിതങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു പിന്നീട് അവൻ കണ്ണടച്ച് അവളുടെ മുഖം ഓർത്തു “നവീൻ”എന്ന വിളിയൊച്ച….

***********

ഇളകി കിടക്കുന്ന ഒതുക്കുകല്ലുകൾ ചവിട്ടി വർഷ വന്നപ്പോളും മഴയുണ്ടായിരുന്നു. ഗൗരി മുന്നോട്ടാഞ്ഞു അവളെ ചേർത്ത് പിടിച്ചു

“നിന്റെ ചേട്ടൻ എവിടെ?വിശ്വാമിത്രൻ?”

ഗൗരി ചിരിയോടെ നവീനിന്റെ മുറി ചൂണ്ടി കട്ടി

“ഹലോ എഴുത്തുകാര” നവീൻ ഒന്ന് ഞെട്ടി തിരിഞ്ഞു.

അതെ വർഷ…..തോളറ്റം വെട്ടിയ മുടി ഉയർത്തി കെട്ടി മുട്ടിനു താഴെ ജീൻസ്‌ മടക്കി വെച്ച് ഇളം റോസ് നിറത്തിലെ കുർത്ത അണിഞ്ഞു ……ചുമലിൽ ഒരു ബാഗ്

“വരുന്ന വഴിയാണ്.. നല്ല ഗ്ലാമർ ആയല്ലോ മാഷ് “? നവീൻ മുഖം തിരിച്ചു മേശപ്പുറത്തു ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ അടുക്കി വെച്ചു

“എന്താ ജാഡ” ഇതിനു മാത്രം ഒരു കുറവും വന്നിട്ടില്ല..അതേയ് ഞാനിപ്പോളും വെയ്റ്റിംഗ് ആണ് കേട്ടോ “

“നിനക്ക് വട്ടാ…”

“അതേല്ലോ അതാണല്ലോ ഈ ഏഴു വർഷവും ഞാൻ…” വെള്ളാരംകണ്ണുകൾ നിറയുന്നത് കണ്ടു അവൻ മുഖം തിരിച്ചു. നവീനിന്റെ ഉള്ളു കത്തുന്നുണ്ടായിരുന്നു. തൊട്ടു മുന്നില് മുഖം

“ഇഷ്ടമാണോ മാഷെ ?” പഴയ വർഷ ..അതെ ചോദ്യം ഇഷ്ടമാണോ

“അല്ല ” അവൻ വേഗം തിരികെ നടന്നു

പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട അവൻ ഭിത്തിയിലേക്കു ചാരി. വർഷ ആ കൈയിൽ മുറുകെ പിടിച്ചു

“മറക്കാൻ പറ്റണില്ല …ഒരു പാട് നോക്കി …വേറെ വഴിയില്ല മുന്നിൽ…… .വേറെ ഒരാളെ എനിക്ക് പറ്റില്ലാഞ്ഞിട്ടാ.എനിക്ക് അത്ര ഇഷ്ടാണ് നവീൻ”

“തരാൻ ഒന്നുമില്ല കൊച്ചെ ഇപ്പൊ”

അവന്റെ ശബ്ദം ഒന്ന് അടച്ചു. അൽപനേരം സ്തംഭിച്ചെന്നോണം നിന്നിട്ടു വർഷ അവനെ ഇറുകെ പുണർന്നു നെഞ്ചോടു ചേർന്ന് നിന്നു

“ഒന്നും വേണ്ട നവീൻ ..എന്റെ അരികിൽ ഉണ്ടായാൽ മതി …എന്നും ..എനിക്ക് കണ്ടാൽ മതി “

നവീനിന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി ഇറ്റു അവളുടെ നിറുകയിൽ വീണു ..ഇതെന്തു തരം സ്നേഹമാണ് ?അവനു അവളെ മനസിലാകുന്നിലായിരുന്നു…എന്തുറപ്പിലാണ് ഇവൾ കാത്തിരുന്നത് ?ഇന്ന് എത്രയോ ഉയരത്തിൽ നിൽകുമ്പോൾ ഇവൾ എന്തിനാണ് ഈ വാശി കാണിക്കുന്നത് ?പെണ്ണ് ഒരു അത്ഭുതമാണ് ചിലപ്പോളെങ്കിലും…പുറത്തു മഴ കനത്തു …വർഷയെ നവീൻ ഒന്ന് ചേർത്ത് പിടിച്ചു .