അവളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി കൊടുക്കാൻ വീട്ടിൽ എല്ലാവരും ക്യു ആണ്…

നൊമ്പരത്തിപ്പൂവ്

Story written by MANJU JAYAKRISHNAN

“കുഞ്ഞീ നമ്മുടെ പിഞ്ച് പോയെടീ… നീ വേഗം വാ”

ഫോണിലൂടെ കേട്ടപ്പോൾ തന്നെ എന്റെ സപ്ത നാഡികളും തളരാൻ തുടങ്ങി…

ചേച്ചിയുടെ ഏക മോളാണ് ‘പിഞ്ച്’ എന്നു വിളിക്കുന്ന രാഗപ്രിയ… എല്ലാവരുടെയും കണ്ണിലുണ്ണി….എല്ലാവരെയും കയ്യിലെടുക്കാൻ പ്രത്യേക മിടുക്ക് അവൾക്കുണ്ട്.

അവളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി കൊടുക്കാൻ വീട്ടിൽ എല്ലാവരും ക്യു ആണ്…

‘ചിറ്റമ്മ’ എന്നാണ് എന്നെ വിളിക്കാറ്…

അവൾക്ക് ഏറ്റവും അലർജി ആണ് കുളി… കുളിപ്പിക്കാൻ ചേച്ചി ചെല്ലുമ്പോൾ അവൾ പറയാൻ തുടങ്ങും.. ‘അമ്മേ കൊണ്ട് കളഞ്ഞേക്കാം എന്ന് “…ഉടനെ നിന്നെ ആര് നോക്കും എന്ന ചേച്ചിയുടെ ചോദ്യത്തിനു ഉത്തരമായി അവൾ പറയും ‘എന്റെ ചിറ്റമ്മ ഉണ്ടെന്ന് ‘

അഞ്ചു വയസ്സ് ആയതേ ഉള്ളൂ എങ്കിലും പ്രായത്തിനേക്കാൾ വളർച്ച അവൾക്കുണ്ടായിരുന്നു…

എല്ലാവരോടും പെട്ടെന്ന് കൂട്ട് ആവും… യാതൊരു അപരിചിതത്വവും അവൾക്കില്ല..

ഒരുവിധത്തിൽ ബസിൽ കയറി ഞാൻ സ്റ്റോപ്പിൽ ഇറങ്ങി… കുറച്ചു ദൂരം നടന്നാലെ വീടെത്തു… അലമുറയിട്ടുള്ള കരച്ചിൽ എനിക്ക് കേൾക്കാം… കണ്ണുനീർ പലപ്പോഴും എന്റെ കാഴ്ചയെ മറച്ചു… ഒരുവിധത്തിൽ ഞാൻ വീടെത്തി

വീട്ടിലെ ഏറ്റവും സ്ട്രോങ്ങ്‌ ആയ ജയേട്ടൻ എല്ലാം തകർന്നവനെ പോലെ വേലിയോട് ചേർന്ന് നിൽക്കുന്നുണ്ട്

“മോളേ………. അവൾ പോയി”………..

എന്ന് പറഞ്ഞു തോർത്തുമുണ്ട് കൊണ്ട് കണ്ണുനീരൊപ്പുന്നുണ്ട്

എന്താ പറ്റിതു …………….കരഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു…..

മുകളിൽ നിന്നും വീണതാണെന്ന്..

മുകളിൽ നിന്നോ?…..

ചിന്നു തുണി വിരിക്കാൻ മുകളിൽ പോയപ്പോൾ പിഞ്ചും പോയി.. അവൾ പോന്നു കഴിഞ്ഞു കുഞ്ഞ് വീണ്ടും പോയെന്ന്….

നനച്ചു കഴിഞ്ഞു ഉടനെ ചിന്നു കുളിക്കാൻ പോയി…. ശബ്ദം കേട്ടു നോക്കുമ്പോൾ ….. ജയേട്ടൻ മുഴുമിച്ചില്ല..

ജയേട്ടാ…. അവൾ അങ്ങനെ ഒറ്റയ്ക്ക് പോകില്ല… എനിക്ക് ഉറപ്പാണ്… ഒറ്റക്ക് ഒരു സ്ഥലത്ത്‌ അവൾ നിൽക്കില്ല… ചേച്ചി പോന്നു കഴിഞ്ഞു അവൾ ഒരിക്കലും അവിടെ പോവില്ല..

ജയേട്ടൻ കണ്ണു തുടച്ചു.. നീ പറഞ്ഞു വരുന്നത്….

ചേച്ചി അല്ലാതെ ആ വീട്ടിൽ വേറെ ആരൊക്കെ ആ സമയത്ത്‌ ഉണ്ടായിരുന്നു?

അവർ മാത്രം…….ജയേട്ടൻ പറഞ്ഞു

അല്ല…. മാധവേട്ടനും ഉണ്ടായിരുന്നു..

ചേച്ചിയുടെ ഭർത്താവിന്റെ അച്ഛൻ ആണ്.. എനിക്ക് അയാളെ ഇഷ്ടമല്ല… സ്നേഹം കൊണ്ടാണ് എന്ന രീതിയിൽ പലപ്പോഴും അറിയാത്ത രീതിയിൽ പല ഭാഗങ്ങളിലും അയാൾ തൊടാൻ ശ്രമിക്കാറുണ്ട്

ചേച്ചി ഒരു പൊട്ടിപെണ്ണ് ആണ്… പറഞ്ഞാൽ പേടിച്ചു ഹാർട്ട്‌ അറ്റാക്ക് വരും….മാത്രവുമല്ല ഭർത്താവിനെയും വീട്ടുകാരെയും പേടിയും ഭയഭക്തി ബഹുമാനവും ആണ്. ഭർത്താവിന് ആണെങ്കിൽ അച്ഛൻ എന്നാൽ കാണപ്പെട്ട ദൈവവും

ഒരിക്കൽ പിഞ്ചിന്റെ നെഞ്ചിൽ ഇക്കിളി ഇട്ടപ്പോൾ അവൾ പറഞ്ഞു

“അപ്പൂപ്പൻ അവിടെ പിടിക്കുമ്പോൾ അവൾക്കു വേദന ആണ് എന്ന്…. “

ചിന്നുവിനോട് പറഞ്ഞപ്പോൾ തന്നെ അവൾ എനിക്കു നേരെ തിരിഞ്ഞു.

“എട്ടും പൊട്ടും തിരിച്ചറിയാത്ത കുഞ്ഞ് കൊച്ചിന്റെ മനസിൽ ഞാൻ വിഷം കുത്തി വയ്ക്കുവാണ് എന്ന് “

ഒരുപാട് നാൾ അവളെന്റെ മുഖത്തു പോലും നോക്കിയില്ല. വീട്ടിലേക്കുള്ള വരവും ഒഴിവാക്കി…

കുഞ്ഞിന്റെ പോസ്റ്റ്‌മാർട്ടം ഒഴിവാക്കാൻ കരുക്കൾ നീക്കുന്നതായി ഞാൻ അറിഞ്ഞു. അഥവാ ചെയ്യേണ്ടി വന്നാൽ അയാൾ നിർദേശിച്ച ഹോസ്പിറ്റലിൽ ചെയ്യാണമെന്നും

“പോകേണ്ടത് പോയി.. കീറി മുറിച്ചിട്ട് എന്തിനാണ് എന്ന് “

അയാൾക്ക്‌ എല്ലായിടത്തും നല്ല പിടിപാട് ആണ്… ബോധം പോയും വന്നും ഇരിക്കുന്ന ചിന്നുവിനെ നോക്കി ഞാൻ പറഞ്ഞു…

“കുഞ്ഞിനോട് കുറച്ചു സ്നേഹം ഉണ്ടെങ്കിൽ നീ ഒരിക്കലും അവർ പറയുന്നതിന് വഴങ്ങരുത്.ഒരു തരത്തിൽ അവളുടെ ഈ അവസ്ഥക്കു കാരണം നീയാണ് ” എന്നും മനസ്സു കല്ലാക്കി ഞാൻ പറഞ്ഞു.

കാര്യങ്ങൾ കൈവിട്ടു പോകുന്നത് അയാൾ അറിഞ്ഞു…

“ഒരു കൈയബദ്ധം പറ്റിയത് ആണത്രേ”..

കുടുബത്തിന്റെ പേരിനും ചേച്ചിയുടെ ജീവിതത്തിനും വേണ്ടി ഈ മനസാക്ഷി മരവിപ്പിക്കുന്ന കാര്യത്തിനു കൂട്ടു നിൽക്കാൻ ചേച്ചിയുടെ ഭർത്താവ് കൂടി പറഞ്ഞപ്പോൾ ഞാൻ വിറങ്ങലിച്ചു പോയി.ജയേട്ടൻ അയാളുടെ കോളറിനു കുത്തിപ്പിടിച്ചു.

” ഇറങ്ങി പോ ഇവിടെ നിന്ന് ” എന്ന് അലറിക്കൊണ്ട് അപ്പോഴേക്കും ചേച്ചി വന്നു…

കുഞ്ഞി പറഞ്ഞിട്ടും നിങ്ങളെ ഒക്കെ വിശ്വസിച്ചതിന്റെ ഫലമായാണ് എനിക്കെന്റെ മോളേ നഷ്ടമായതു എന്ന് അവൾ പറഞ്ഞു. ഒരു പട്ടിയുടെ വിലയില്ലാതെ അവരെ ഒക്കെ നോക്കിയത് മതിയായി എന്നും അവൾ കൂട്ടിചേർത്തു.

“ഇതു കൂടെ കൊണ്ടു പോ “…..

എന്നും പറഞ്ഞു അവൾ പോന്നു പോലെ കരുതുന്ന താലിമാല അയാൾക്കു നേരെ വലിച്ചെറിഞ്ഞു

“എന്തൊക്കെ നഷ്ടപ്പെട്ടാലും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന അവളോട്‌ എനിക്ക് ബഹുമാനം തോന്നി “

അന്വേഷണത്തിനോടുവിൽ അയാളുടെ അച്ഛൻ ജയിലിൽ അടക്കപ്പെട്ടു….

അവളിന്ന് പ്രൈമറി സ്കൂൾ ടീച്ചർ ആണ്… കുട്ടികൾക്കെതിരെ നടക്കുന്ന പീ ഡനങ്ങൾക്കെതിരെ പോരാടുന്ന സംഘടനയിൽ അംഗവും ആണ്.അവൾ ഈ നിലപാട് പണ്ട് എടുത്തിരുന്നു എങ്കിൽ ഞങ്ങളുടെ പിഞ്ച് ഞങ്ങൾക്കൊപ്പം ഉണ്ടായേനെ എന്ന് വേദനയോടെ ഞാൻ ഓർത്തു…..