ഭാര്യ ~ ഭാഗം 02, എഴുത്ത്: Angel Kollam

മുൻഭാഗം

ശീതൾ തന്റെ മനസ്സിൽ പല കണക്ക് കൂട്ടലുകളും നടത്തി.താൻ ആഗ്രഹിച്ചത് പോലെ എല്ലാം നടക്കുമെന്നോർത്തപ്പോൾ ശീതൾ ആഹ്ലാദവതിയായി. അവൾ തന്നെയാണ് അവനു വിവാഹം കഴിക്കാൻ വേണ്ടി പെണ്ണ് അന്വേഷണം തുടങ്ങിയതും. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് അവൾ തന്റെ മനസിലുള്ള കാര്യം അവതരിപ്പിക്കുകയും ചെയ്തു. എത്രയും പെട്ടന്ന് ഹരീഷിന് പറ്റിയ പെൺകുട്ടിയെ കണ്ടു പിടിക്കാൻ കഴിയുമെന്ന് അവൾ വെറുതെ ആഗ്രഹിക്കുകയും ചെയ്തു.

ഒന്നു രണ്ടു മാസം കടന്നു പോയി, താൻ മനസ്സിൽ ഉദേശിച്ചത്‌ പോലെ ഒരു പെൺകുട്ടിയെ കണ്ടു പിടിക്കാനാകാതെ നിരാശയിൽ ശീതൾ ഓഫീസിൽ ഇരിക്കുമ്പോളാണ്, മാനേജരുടെ ക്യാബിനിൽ ഒരു പെൺകുട്ടിയെ കണ്ടത്, നരച്ചു തുടങ്ങിയ ചുരിദാറും അവളുടെ മുഖത്തെ ദൈന്യതയും കാണുമ്പോൾ തന്നെ,ഏതോ പാവപെട്ട വീട്ടിലെ കുട്ടിയാണെന്ന് മനസ്സിലാകും. ശീതൾ മാനേജരുടെ ക്യാബിനിലേക്ക് ചെന്നു. ശീതളിനെ കണ്ടപ്പോൾ അവൾ ബഹുമാനപൂർവ്വം എഴുന്നേറ്റു. ശീതൾ മാനേജരോട് ചോദിച്ചു.

“ഏതാ ഈ പെൺകുട്ടി? “

“നമ്മുടെ ഓഫീസിൽ സെക്യൂരിറ്റി ആയിരുന്ന രവിയെ ഓർമയില്ലേ, രവിയുടെ മകളാണ് ദീപ്തി, ഡിഗ്രി കഴിഞ്ഞു നിൽകുവാ, ഇവിടെ എന്തെങ്കിലും ജോലി തരുമോ എന്ന് ചോദിച്ചു വന്നതാണ് “

ശീതൾ ദീപ്തിയുടെ മുഖത്തെക്കു നോക്കി ചോദിച്ചു

“വല്ല പ്രേമവും ഉണ്ടോ നിനക്ക്? “

ജോലി തേടി വന്നപ്പോൾ അപ്രതീക്ഷിതമായി ആ ചോദ്യം കേട്ടപ്പോൾ ദീപ്തി തെല്ലൊന്നമ്പരന്നു, മാനേജരും അമ്പരപ്പോടെ ശീതളിനെ നോക്കി

“ഇല്ല മേഡം ” അവൾ പെട്ടന്ന് പറഞ്ഞു

“വീട്ടിൽ ആരൊക്കെയുണ്ട് “

“അമ്മയും അനിയത്തിയും ഞാനും”

“സഹായത്തിനു നിന്റെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കൾ ആരുമില്ലേ? “

“അച്ഛന്റെയും അമ്മയുടെയും വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള പ്രണയവിവാഹം ആയിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ മരണ സമയത്തു പോലും ആരും വന്നില്ല”

ദീപ്തി നിറകണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു

“ഒക്കെ, നീ നെക്സ്റ്റ് വീക്ക്‌ ജോയിൻ ചെയ്തോളു, റിസപ്ഷനിസ്റ്റ് ആയിട്ട്, പിന്നെ വരുമ്പോൾ വൃത്തിയായി അണിഞൊരുങ്ങി വരണം”

അവൾ ദീപ്തിയെ തന്റെ ക്യാബിനിലേക്ക് കൂട്ടികൊണ്ട് വന്നു. പിന്നെ പേഴ്സിൽ നിന്നും രണ്ടായിരത്തിന്റെ രണ്ടുമൂന്നു നോട്ടുകൾ ദീപ്തിയുടെ നേർക്ക് നീട്ടി. അവൾ മടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ശീതൾ നിർബന്ധിച്ചു.

“ഇവിടെ ജോലിക്ക് വരുമ്പോൾ കുറച്ചു കൂടി സ്റ്റാൻഡേർഡ് ആയിട്ട് വരണം, നീ ഈ പൈസ കൊണ്ട് നല്ല രണ്ടു മുന്ന് ജോഡി ഡ്രസ്സ്‌ എടുക്കു, കേട്ടോ “

ശീതൾ നിർബന്ധിച്ചപ്പോൾ ഗത്യന്തരമില്ലാതെ ഒടുവിൽ ദീപ്തി അതു വാങ്ങി.

“ബയോഡേറ്റ കയ്യിൽ ഉണ്ടോ? “

ദീപ്തി തന്റെ കൈവശമിരുന്ന ഫയലിൽ നിന്ന് ഫോട്ടോ പതിച്ച ഒരു ബയോഡേറ്റ എടുത്ത് നൽകി. ശീതളിന്റെ കണ്ണുകൾ വന്യമായി തിളങ്ങി. ആ ഫോട്ടോയിലേക്ക് നോക്കി ഗൂഢമായി പുഞ്ചിരിച്ചു കൊണ്ട് അവൾ ദീപ്തിയോട് പറഞ്ഞു.

“നീ ഒന്നുകൊണ്ടും വിഷമിക്കണ്ട, ഇനി മുതലുള്ള നിന്റെ ജീവിതം എന്റെ കൈകളിൽ ഭദ്രമായിരിക്കും “

ദീപ്തി നന്ദിപറഞ്ഞിട്ട് അവിടുന്ന് പോയി. ശീതൾ ആ ഫോട്ടോയിലേക്ക് നോക്കി.

‘തന്നേക്കാളും സുന്ദരിയാണ്, ഇനി ഇവളെ കാണുമ്പോൾ അവന്റെ മനസ് മാറുമോ? ഹേയ് !അവന്റെ ജീവിതത്തിന്റെ കടിഞ്ഞാൺ തന്റെ കയ്യിലായിരിക്കുമല്ലോ, പിന്നെന്തിനാ പേടിക്കുന്നത്”

ശീതൾ ആ ഫോട്ടോ തന്റെ ഫോണിൽ പകർത്തി ഹരീഷിനു വാട്ട്‌സപ്പിൽ അയച്ചു കൊടുത്തു.

“പകരക്കാരിയെ ഞാൻ കണ്ടെത്തി”

എന്ന് മെസ്സേജ് അയച്ചു. ഹരീഷ് ആ ഫോട്ടോ കണ്ടപ്പോൾ, അവളുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ, ഒരു പാവം പെൺകുട്ടിയുടെ ജീവിതം തകർത്തു വേണമല്ലോ തന്റെ ആഗ്രഹം യഥാർത്ഥമാക്കാൻ എന്ന് ഒരു നിമിഷം ചിന്തിച്ചു. എന്നാൽ കോടീശ്വരിയായ ശീതളിനെ പറ്റി ആലോചിച്ചപ്പോൾ ആ കുറ്റബോധം മാഞ്ഞുപോയി.

തിങ്കളാഴ്ച മുതൽ ദീപ്തി ശീതളിന്റെ ഓഫീസിൽ ജോലിക്ക് വന്നു തുടങ്ങി. അവളുടെ സൗന്ദര്യം ശീതളിനെ അസൂയപെടുത്തി.

‘വിടരുന്നതിനു മുൻപ് കൊഴിയാൻ വിധിക്കപ്പെട്ട പൂവാണല്ലോ ‘

എന്നോർത്തു ശീതൾ സ്വയം സമാധാനിച്ചു. സ്നേഹപൂർവ്വമായ പ്രവർത്തികൾ കൊണ്ട് ശീതൾ, ദീപ്തിയുടെ വിശ്വാസം പിടിച്ചു പറ്റി. ഒടുവിൽ ഒരു ദിവസം ഹരീഷിന്റെ ഫോട്ടോ കാണിച്ചു കൊടുത്തിട്ട് ചോദിച്ചു.

“ഇതെന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, ഇവനു വേണ്ടി ഞാൻ നിന്റെ വീട്ടിൽ വന്നു കല്യാണം ആലോചിക്കട്ടെ “

“കല്യാണമോ, എനിക്കോ, മാഡം എന്താ ഈ പറയുന്നത്, കല്യാണത്തെ പറ്റി ഒന്നും ഞാൻ ചിന്തിക്കുന്നത് പോലുമില്ല “

“അങ്ങനെ പറയരുത് ദീപ്തി, ഹരീഷ് നിന്നെ ഇവിടെ വച്ചു കണ്ടു ഇഷ്ടപ്പെട്ടുപോയി, അവനു വേണ്ടി നിന്നോട് സംസാരിക്കാൻ എന്നോടാവശ്യപെട്ടതാണ് “

“അതിനു ഞാൻ ഇദ്ദേഹത്തെ ഇതിനുമുൻപ് കണ്ടിട്ടില്ലല്ലൊ “

“അവൻ ഇവിടെ വന്നപ്പോൾ നീ ബിസി ആയിരുന്നു അതായിരിക്കും ശ്രദ്ധിക്കാൻ പറ്റാഞ്ഞത്, അല്ലാതെ ഞാൻ നിന്നോട് കള്ളം പറയുമെന്ന് തോന്നുന്നുണ്ടോ? നിനക്ക് ദോഷം വരുന്നതെന്തെങ്കിലും ഞാൻ ചെയ്യുമെന്ന് തോന്നുന്നുണ്ടോ ദീപ്തി? “

ശീതളിന്റെ മധുരം പുരണ്ട വാക്കുകൾ നിഷേധിക്കാൻ അവൾക് കഴിഞ്ഞില്ല.

“എന്റെ വിവാഹം തീരുമാനിക്കേണ്ടത് എന്റെ അമ്മയല്ലേ മാഡം, ഈ കാര്യത്തിൽ ഞാൻ എങ്ങനെ അഭിപ്രായം പറയും? അദ്ദേഹo എന്റെ അമ്മയോട് വന്നു സംസാരിക്കാൻ പറയൂ “

“അതൊക്കെ ഞങ്ങൾ സംസാരിക്കാം, അതിനുമുൻപ് നിന്റെ സമ്മതം കൂടി വേണമല്ലോ “

ദീപ്തി മറുപടി ഒന്നും പറഞ്ഞില്ല, പിറ്റേന്ന് തന്നെ ശീതൾ ദീപ്തിയുടെ വീട്ടിൽ വന്നു സംസാരിച്ചു, അമ്പാടിയിലെ ചെക്കന്റെ കല്യാണ ആലോചന വന്നപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാതെ ആ അമ്മ സമ്മതിച്ചു.

അമ്പാടിയിൽ വിഷയം അവതരിപ്പിക്കുന്നതിന് മുൻപ് ഇനിയും ചിലത് ചെയ്തു തീർക്കാനുണ്ടെന്നു ശീതളിനു അറിയാമായിരുന്നു. തന്റെ പരിചയത്തിൽ ഉള്ള ഒരു ജ്യോത്സനെ കണ്ടു കുറച്ചു പണം കൊടുത്തു അവൾ ദീപ്തിയുടെ ജാതകം ആരുമറിയാതെ തിരുത്തി, ഹരീഷിന്റെ ജാതകത്തിനോട് ഏറ്റവും യോജിച്ച രീതിയിലാക്കി. ഞായറാഴ്ച അമ്പാടിയിൽ എല്ലാവരും ഉള്ള നേരം നോക്കി ശീതൾ എത്തി. മുഖവുര ഒന്നും കൂടാതെ പറഞ്ഞു.

“കല്യാണകാര്യത്തെ പറ്റി സംസാരിക്കാനാണു ഞാൻ വന്നത് “

“പണിക്കർ പറഞ്ഞത് ധിക്കരിച്ചു ജീവിക്കാനാണ് നിങ്ങളുടെ ഇഷ്ടമെങ്കിൽ അങ്ങനെ ആയിക്കോ. ഞങ്ങളുടെ അനുവാദം ഒന്നും കാര്യമാക്കണ്ട “

“അയ്യോ !അച്ഛൻ എന്നെ തെറ്റിദ്ധരിച്ചു, നിങ്ങളുടെ സമ്മതമില്ലാതെ ഞങ്ങൾക്ക് എന്തിനാ ഒരു ജീവിതം? പണിക്കർ അങ്ങനെ പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ മാറി ചിന്തിച്ചു, അതുകൊണ്ടാണല്ലോ എന്റെ ഓഫീസിൽ പുതിയതായി വന്ന റിസെപ്ഷനിസ്റ്റിനെ കണ്ടപ്പോൾ ഇവന്റെ മനസ്സിളകിയത്, അല്ലെങ്കിലും പണിക്കരുടെ കയ്യിലെ കവടിയിൽ അവസാനിക്കാനാണല്ലോ പല പ്രണയങ്ങളുടെയും വിധി “

“വെറും രണ്ടു മാസം കൊണ്ട് ഇവൻ നിന്നെ മറന്നു മറ്റൊരാളെ പ്രണയിച്ചോ? അതു വിശ്വസിക്കാൻ പ്രയാസമുണ്ട് “

“ആരു കണ്ടാലും ഇഷ്ടപ്പെട്ടു പോകുന്ന സുന്ദരിയാണ് അവൾ “..

ശീതൾ മൊബൈൽ എടുത്ത് ദീപ്തിയുടെ ഫോട്ടോ കാണിച്ചു കൊടുത്തു. അമ്പാടിയിൽ എല്ലാവർക്കും അവളെ ഇഷ്ടമായി.

“എന്തൊക്കെ പറഞ്ഞാലും ജാതകം നോക്കിയിട്ട് മതി വിവാഹം “

രാമചന്ദ്രൻ തറപ്പിച്ചു പറഞ്ഞു, ശീതൾ ഊറിയ ചിരിയോടെ തന്റെ പക്കലുള്ള ജാതകം കൊടുത്തു

“എന്നാലും ഇത്ര പെട്ടന്ന് അവൻ ശീതളിനെ മറക്കുമെന്ന് ഞാൻ കരുതിയില്ലടി “

രാമചന്ദ്രൻ രാത്രിയിൽ ഭാര്യയോട് പറഞ്ഞു

“ദീപ്തിയെ കണ്ടാൽ ആർക്കാണ് ഇഷ്ടപ്പെടാത്തത്, എന്തായാലും നമ്മുടെ മോന്റെ സെലെക്ഷൻ കൊള്ളാം”

“നാളെ നമുക്ക് പണിക്കരെ കൊണ്ട് ജാതകം നോക്കാം, ചേർച്ചയുണ്ടെങ്കിൽ നാളെത്തന്നെ ആ പെൺകൊച്ചിന്റെ വീട്ടിലും പോയി സംസാരിക്കാം “

പിറ്റേന്ന് തന്നെ പണിക്കർ ജാതകം നോക്കി, പത്തിൽ പത്തു പൊരുത്തം തികഞ്ഞ ഉത്തമജാതകം എന്ന് പറഞ്ഞു, അടുത്ത മാസത്തിലുള്ള നല്ല മുഹൂർത്തങ്ങൾ കുറിച്ച് കൊടുത്തു. രാമചന്ദ്രൻ അല്പം സംശയത്തോടെ ചോദിച്ചു.

“ഹരീഷിന്റെ ജാതകത്തിൽ രണ്ടു വിവാഹത്തിന് യോഗം ഉണ്ടെന്ന് അന്ന് പണിക്കർ പറഞ്ഞിരുന്നല്ലോ?”

“ശീതളുമായുള്ള ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടാകില്ലെന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ ഈ ജാതകങ്ങൾ തമ്മിൽ പത്തു പത്തു പൊരുത്തങ്ങളും ഉണ്ട്. മരണത്തിനല്ലാതെ മറ്റൊന്നിനും ഇവരെ വേർപിരിക്കാൻ കഴിയില്ല “

പണിക്കരുടെ വാക്കുകൾ കേട്ടപ്പോൾ രാമചന്ദ്രൻ സന്തോഷവാനായി.

വൈകുന്നേരം, രാമചന്ദ്രനും ഗീതയും ദീപ്തിയുടെ അമ്മയെ കണ്ടു സംസാരിച്ചു. പിന്നീട് എല്ലാ കാര്യങ്ങളും ശരവേഗത്തിൽ മുന്നേറി. ഫോര്മാലിറ്റിക്ക് വേണ്ടി ഒരു പെണ്ണ്കാണൽ ചടങ്ങ് നടത്തി.

‘ചെക്കൻ സുന്ദരനാണ്’ എന്ന് അനിയത്തി ദീപ്തിയുടെ കാതിൽ പറഞ്ഞപ്പോൾ അവളുടെ മുഖം നാണത്തിൽ വിടർന്നു.

ഹരീഷ് എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.. എല്ലാ കാര്യങ്ങളുടെയും കടിഞ്ഞാൺ തന്റെ കയ്യിലാണല്ലോ എന്നോർത്ത് ശീതൾ രഹസ്യമായി ആഹ്ലാദിച്ചു.

തുടരും…..